ബഗ്ദാദിലെ ഗവര്‍ണറായ ഇസ്ഹാഖ് ബിന്‍ ഇബ്റാഹീമിന്റെ ശബ്ദം കനത്തു: “ഖുര്‍ആന്‍ സൃഷ്ടിവാദം സകല പണ്ഡിതരും അംഗീകരിച്ചേ പറ്റൂ.’

അയാളുടെ വാക്കുകള്‍ക്ക് വജ്രത്തേക്കാള്‍ കാഠിന്യമുണ്ടായിരുന്നു.

“എന്റെ റബ്ബേ, തുണയേകണേ.’

വിസമ്മതിച്ച പണ്ഡിതരെല്ലാം ദൈന്യതയാര്‍ന്ന സ്വരത്തില്‍ വിളിച്ചു.

കാത്തുനില്‍ക്കാന്‍ സമയമില്ല. മഅ്മൂന്‍ ചക്രവര്‍ത്തിയുടെ ഉത്തരവാണ്. നടപ്പാക്കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കും. ഇസ്ഹാഖിന്റെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിഞ്ഞു. ആശങ്കയിലായ പണ്ഡിത കേസരികള്‍ ഉരുകിയൊലിക്കുന്ന മെഴുകുതിരിനാളം പോലെയായി. നെഞ്ചിന്‍കൂട് വിങ്ങി.

“അംഗീകരിക്കാത്തവര്‍ എത്ര വലിയവരാണെങ്കിലും ജയിലിലടക്കുവാനും ചമ്മട്ടി കൊണ്ടടിക്കുവാനുമാണ് ഉത്തരവ്. വേണമെങ്കില്‍ വധിച്ചുകളയാനും’ ഇസ്ഹാഖിന്റെ ഭീഷണി.

തികഞ്ഞ ആശങ്കയോടെ പല പണ്ഡിതരും അതംഗീകരിച്ചു. ജീവനില്‍ ഭയന്ന അവര്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്ന ന്യായത്തില്‍ ആശ്വാസം കൊണ്ടു. പക്ഷേ, ആന കുത്തിയാലും കുലുങ്ങാത്ത ഉറച്ച മനോധൈര്യത്തിലായിരുന്നു ഇമാം അഹ്മദുബിന്‍ ഹമ്പല്‍(റ)വും മുഹമ്മദ് ബിന്‍ നൂഹ്(റ)വും.

ജീവന്‍ പോയാലും സത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. സ്വപ്നത്തിലെ തിരുനബി(സ്വ)യുടെ ഉപദേശം ഇമാമിന് ആവേശം പകര്‍ന്നു: “വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വചനങ്ങള്‍ അല്ലാഹുവിന്റെ വിശേഷണമാണ്. സൃഷ്ടിയല്ല. സൃഷ്ടിയാണെങ്കില്‍ അതിന് അക്ഷരവും വചനങ്ങളും ശബ്ദവുമൊക്കെ ഉണ്ടാകണം. അല്ലാഹുവിന്റെ കലാം അങ്ങനെയല്ല. സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണത്.’

അന്തരീക്ഷം ഭേദിക്കുമാര്‍ ശബ്ദത്തില്‍ ഇരുവരും വിളിച്ചുപറഞ്ഞു. നൂറുനൂറ് ചോദ്യങ്ങളും സംശയങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിച്ചു തന്നെയാണ് ഇമാം ഇത് പ്രഖ്യാപിച്ചത്. ഒളിച്ചോടാന്‍ തയ്യാറല്ല. എന്തിനെയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇസ്ഹാഖ് ചെരിഞ്ഞൊന്നു നോക്കി. പകയും ക്രൗര്യവും കൊണ്ട് അയാളുടെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിച്ച് അയാള്‍ ആക്രോശിച്ചു:

“നിങ്ങളുടെ ആയുസ്സെത്തീന്ന് കരുതിക്കോ. ഒന്നുകില്‍ അഹ്മദ്, അല്ലെങ്കില്‍ ചക്രവര്‍ത്തി. രണ്ടാളും കൂടി ഒരുമിച്ച് ഭിന്നചേരിയായി ഈ ഭൂമിയിലുണ്ടാകില്ല.’

പിടികൂടാനുള്ള ഉത്തരവെത്തി. ഇരുവരെയും അറസ്റ്റ് ചെയ്ത് ചങ്ങലയില്‍ ബന്ധിച്ച് ഒരൊട്ടകപ്പുറത്തേറ്റി ഖലീഫയുടെ ചാരത്തേക്കയച്ചു. പെട്ടെന്നാണ് പിന്നില്‍ നിന്നൊരു സലാമിന്റെ ശബ്ദം കേട്ടത്. ഇമാം വെട്ടിത്തിരിഞ്ഞു നോക്കി. മുടികള്‍ക്കിടയില്‍ രജതരേഖ പോലെ നര കടന്നുകൂടിയ ഒരു ഗ്രാമീണ വൃദ്ധന്‍. മുഖത്ത് ദുഃഖഛായ നിഴലിച്ചുകണ്ടു.

ഇമാം അപരിചിതനെ കണ്ണിമവെട്ടാതെ നോക്കി. എവിടെയും കണ്ടുമറന്ന മുഖമായിരുന്നില്ല അത്. യാചകനല്ലെന്ന് ഇമാമിന് ബോധ്യമായി. അയാള്‍ ഇമാമിന്റെ അരികില്‍ വന്നുനിന്നു. മരവിച്ച ആ മിഴികളില്‍ ദീനത തളംകെട്ടി നില്‍ക്കുന്നു.

“ആരാ, എന്താ?’ ഇമാം ചോദിച്ചു.

അയാളുടെ കരുവാളിച്ച അധരങ്ങള്‍ ഒന്നു പിടഞ്ഞു. കണ്ണുകള്‍ നിറഞ്ഞു.

“അബൂ അബ്ദുല്ല’ ഒരു വിലാപം പോലെ അയാള്‍ വിളിച്ചു. ഉച്ചിയില്‍ അടികിട്ടിയ പോലെ ഇമാം ശബ്ദം കേട്ട് വിറച്ചുപോയി.

“ഞാനാണ് ജാബിര്‍ ബിന്‍ ആമിര്‍’ ആഗതന്‍ പേരുപറഞ്ഞു.

“താങ്കള്‍ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. അവര്‍ താങ്കളിലേക്കാണുറ്റു നോക്കുന്നത്. നിങ്ങള്‍ ചെയ്യുന്നതാണ് പൊതുജനങ്ങള്‍ അനുധാവനം ചെയ്യുക. അതിനാല്‍ ഖലീഫയുടെ മുന്നില്‍ നിങ്ങള്‍ മുട്ടുമടക്കരുത്. ഖുര്‍ആന്‍ വിവാദത്തില്‍ അവരുടെ പക്ഷത്ത് ചേര്‍ന്നാല്‍ പൊതുജനങ്ങളുടെ പാപവും കൂടി നിങ്ങള്‍ പേറേണ്ടിവരും. നന്നായി സൂക്ഷിക്കണം. അല്ലാഹുവിനും സ്വര്‍ഗത്തിനും വേണ്ടി സകലതും ക്ഷമിക്കണം. ഒരു പക്ഷേ താങ്കളെ അവര്‍ വധിച്ചേക്കാം. ഓര്‍ക്കുക, അവര്‍ കൊന്നില്ലെങ്കിലും താങ്കള്‍ ഒരുനാള്‍ മരിച്ചുപോകുമല്ലോ. അതല്ല താങ്കള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയാല്‍ സ്തുത്യര്‍ഹനായി ജീവിക്കുകയുമാകാം.’

ജാബിറിന്റെ ഉപദേശം ഇമാമിന് ഒന്നുകൂടി ധ്യൈവും സ്ഥ്യൈവും നല്‍കി. ഒട്ടകം മുന്നോട്ടു കുതിച്ചു. ത്വര്‍സൂസിലാണ് എത്തേണ്ടത്. യുദ്ധസന്നാഹങ്ങളുമായി അവിടെയാണ് മഅ്മൂന്‍ ചക്രവര്‍ത്തിയുള്ളത്. ത്വര്‍സൂസിലെത്താറായപ്പോള്‍ കൊട്ടാരസേവകരിലൊരാള്‍ ഇമാമിന്റെ മുന്നിലെത്തി. കണ്ണീര്‍ ചാലിട്ടൊഴുകുന്ന കണ്ണുകള്‍. ഉടുമുണ്ടിന്റെ തുമ്പുകൊണ്ട് കണ്ണുതുടച്ചു കൊണ്ടദ്ദേഹം പറയാന്‍ തുടങ്ങി:

“അബൂ അബ്ദുല്ലാ, ജീവിതത്തില്‍ ഇന്നോളം ഉപയോഗിച്ചിട്ടില്ലാത്ത മൂര്‍ച്ചയേറിയ കരവാള്‍ മഅ്മൂന്‍ താങ്കള്‍ക്കായി കരുതിവെച്ചിരിക്കുന്നു. ഖുര്‍ആന്‍ സൃഷ്ടിവാദം നിങ്ങളംഗീകരിച്ചില്ലെങ്കില്‍ കണ്ഠനാളിയില്‍ അത് താഴ്ന്നിറങ്ങും; തീര്‍ച്ച. നബികുടുംബത്തെ പിടിച്ച് ആണയിട്ടാണ് ചക്രവര്‍ത്തി അത് പ്രഖ്യാപിച്ചത്.’

മരണത്തില്‍ ഭയമില്ലാത്ത ഇമാം ഖലീഫയുടെ ധാര്‍ഷ്ട്യം അറിഞ്ഞപ്പോള്‍ കുപിതനായി. ദൃഷ്ടികള്‍ ആകാശത്തേക്ക് ഉയര്‍ത്തി ഇരുകൈകള്‍ പൊക്കി മനമുരുകി പ്രാര്‍ത്ഥിച്ചു: “നാഥാ, നിന്റെ കാരുണ്യത്തില്‍ വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന്‍ നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. റബ്ബേ, ഖുര്‍ആന്‍ നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില്‍ ഇയാളുടെ ഉപദ്രവത്തെ തൊട്ട് നീ വേണ്ടതു ചെയ്തു തരേണമേ.’

അധികം താമസിച്ചില്ല. ചക്രവര്‍ത്തിക്കൊരു പനി. അതു വേഗം മൂര്‍ച്ചിച്ചു. ശരീരം പൂക്കുല കണക്കെ ആടിയുലഞ്ഞു. വേദനകൊണ്ട് സഹികെട്ട അദ്ദേഹം മുരളാന്‍ തുടങ്ങി. ദീനരോധനം ആര്‍ത്തനാദത്തിനു വഴിമാറി. തനിക്ക് ഏറെ പ്രിയങ്കരമായ ത്വര്‍സൂസിലെ ബന്‍ദൂന തടാകത്തില്‍ നിന്ന് വല വീശിപ്പിടിച്ച മത്സ്യം പൊരിച്ചത് മുന്നില്‍വെച്ച് ഒരുനുള്ള് ഭക്ഷിക്കാന്‍ പോലും കഴിയാതെ ആ മോഹം ബാക്കിയാക്കി അദ്ദേഹം മരിച്ചുവീണു.

മരണവാര്‍ത്ത ഇമാമിന്റെ കാതിലെത്തുമ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. വനാന്തരത്തില്‍ നിന്നും മൃഗങ്ങള്‍ ഗര്‍ജിക്കുന്നത് കേള്‍ക്കാമായിരുന്നു അപ്പോള്‍. ധിക്കാരിയുടെ മരണത്തില്‍ സന്തോഷിച്ചുവെങ്കിലും പിന്നീടുള്ള വാര്‍ത്ത നടുക്കമുണര്‍ത്തി. ഭരണസാരഥ്യം മുഅ്തസിം ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആന്‍ വിവാദം ഒന്നുകൂടി കാര്‍ക്കശ്യത്തില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി ഇബ്നു അബീദുആദിനെ ചുമതലപ്പെടുത്തി.

രക്തദാഹിയും ക്രൂരനുമായ ഇബ്നു അബീദുആദിന്റെ നിര്‍ദേശാനുസാരം ഇമാമിനെ കുറേ തടവുകാരുടെ കൂടെ ബഗ്ദാദ് ജയിലിലേക്കയച്ചു. വഴിമധ്യേ സഹപണ്ഡിതനായ മുഹമ്മദ് ബിന്‍ നൂഹ്(റ) പരലോകം പൂകി. അദ്ദേഹത്തിന്റെ ജനാസ ഇമാം നിസ്കരിച്ചു. പിന്നീട് നീണ്ട ഇരുപത്തിയെട്ട് മാസം ബഗ്ദാദിലെ തടവറയില്‍ കിടന്നു ഒറ്റക്കു യാതന അനുഭവിക്കാനായിരുന്നു വിധി. ജയില്‍വാസം കൊണ്ട് മാത്രം തൃപ്തിവരാത്ത ധിക്കാരികള്‍ ഇമാമിനെ ചോദ്യം ചെയ്തു ഭേദിക്കാനായി മുഅ്തസിം ചക്രവര്‍ത്തിയുടെ മുന്നില്‍ ഹാജറാക്കാന്‍ കൊണ്ടുപോയി.

* * *

ഒരു മധ്യാഹ്നം, മുഅ്തസിം രാജധാനി.

“നിങ്ങളല്ലേ പറഞ്ഞത് ഇദ്ദേഹം വൃദ്ധനാണെന്ന്. ആരോഗ്യവാനായ യുവാവാണല്ലോ ഇയാള്‍.’ ഇബ്നു ദുആദിന്റെ നേരെ തിരിഞ്ഞുകൊണ്ട് ഖലീഫ മുഅ്തസിം പരിഹാസത്തോടെ ചോദിച്ചു.

“ഇങ്ങോട്ടടുത്തുവരൂ’ ഖലീഫ ഇമാമിന്റെ നേരെ നോക്കി കല്‍പ്പിച്ചു. ഇമാം മുന്നോട്ടാഞ്ഞു ഖലീഫക്കു സലാം പറഞ്ഞു.

“വരൂ, എന്റെ അടുത്തേക്കു വന്നിരിക്കൂ’ ഖലീഫ സ്നേഹമസ്രേണ വിളിച്ചു.

ഇമാം അഹ്മദ്(റ) തന്നെ പറയട്ടെ:

ചങ്ങല കൊണ്ടെന്നെ വരിഞ്ഞതിനാല്‍ ഭാരം താങ്ങാനാകുമായിരുന്നില്ല. നന്നെ പാടുപെട്ട് ഞാനവിടെ ഇരുന്നു. അല്‍പനേരം അവിടെ മൗനം തളംകെട്ടി. രണ്ടും കല്‍പിച്ച് ഞാന്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു:

“അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് നബി(സ്വ)യുടെ സന്ദേശത്തിനാണോ എന്നെ ഇവിടെ ഹാജറാക്കിയത്?

ഖലീഫ: “തൗഹീദിന് സത്യസാക്ഷിയാവാന്‍’

“ഞാന്‍ അല്ലാഹുവിലും തിരുദൂതരിലും വിശ്വസിക്കുന്ന ആളാണ്. ശഹാദത്ത് കലിമ അത്യുച്ചത്തില്‍ ചൊല്ലുന്നു.’

“എന്റെ മുന്‍ഗാമികള്‍ കൈകാര്യം ചെയ്ത ഒരു കേസ് ആയതുകൊണ്ടാണ് താങ്കളെ ഞാനിവിടെ ഹാജറാക്കിയത്. ഓ അബ്ദുറഹ്മാന്‍, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ജനദ്രോഹം അവസാനിപ്പിക്കണമെന്ന്. എന്നിട്ടെന്തുകൊണ്ട് നിറവേറ്റിയില്ല?  ഖലീഫയുടെ ചോദ്യത്തില്‍ ആക്രോശം നിഴലിച്ചു.

അല്ലാഹു അക്ബര്‍… ഖലീഫയുടെ ഹൃദയത്തില്‍ ഏതോ കോണില്‍ അലിവിന്റെ നീരുറവ പൊട്ടി. നാട്ടില്‍ സമാധാനം കൈവരാന്‍ പോകുന്നുവോ.

ഖലീഫ: “അബ്ദുറഹ്മാന്‍, ഇമാമിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സംവാദം നടത്തുക.’

കല്‍പന അനുസരിച്ച് അബ്ദുറഹ്മാന്‍ ഇമാമിന്റെ നേരെ തിരിഞ്ഞു. സ്ഫുരിക്കുന്ന സ്വരത്തില്‍ ചോദ്യങ്ങള്‍ തുടങ്ങി.

ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ പറ്റി താങ്കളെന്തു പറയുന്നു?

മൗനം. ഇമാം മറുപടി ഒന്നും പറയാതെ സമയം നീണ്ടപ്പോള്‍ ഖലീഫ ഇടപെട്ടു: “എന്തെങ്കിലും ഒരു മറുപടി പറയൂ.’

“ഇല്‍മിനെ സംബന്ധിച്ച് താങ്കളെന്തു പറയുന്നു? ഇമാം തിരിച്ചു ചോദിച്ചു.

മറുപടിക്കായി അബ്ദുറഹ്മാന്‍ വാക്കുകള്‍ പരതി. ഇമാം വിട്ടില്ല: “ഖുര്‍ആന്‍ അല്ലാഹുവിന്റെ ഇല്‍മാകുന്നു. അല്ലാഹുവിന്റെ ഇല്‍മ് സൃഷ്ടിയാണെന്ന് വാദിക്കുന്നവര്‍ സത്യനിഷേധികളായ കാഫിറുകളാകുന്നു.’ ഇമാമിന്റെ സ്വരം കനത്തു. ചുട്ടുപഴുത്ത ലോഹത്തിന്റെ തീക്ഷ്ണതയോടെ വാക്കുകള്‍ പുറത്തേക്കുവന്നു.

“അമീറുല്‍ മുഅ്മിനീന്‍, ഇദ്ദേഹം താങ്കളെയും ഞങ്ങളെയും കാഫിറാക്കിയിരിക്കുന്നു. ഇയാളെ വെറുതെ വിടരുത്.’ മുറിവായില്‍ മുളക് തേക്കുംവിധം അവര്‍ എരിവുകൂട്ടി. ഖലീഫ അത് ശ്രദ്ധിച്ചതേയില്ല.

അല്ലാഹു പണ്ടേ ഉണ്ടായിരുന്നു. അന്ന് ഖുര്‍ആന്‍ ഇല്ലല്ലോ. അതിനാല്‍ പിന്നീടുണ്ടായ സൃഷ്ടിയല്ലേ? അബ്ദുറഹ്മാന്‍ സംവാദം തുടര്‍ന്നു.

“അല്ലാഹു പണ്ടേ ഉണ്ട്. അന്നവന്റെ ഇല്‍മില്ല എന്നാണോ വാദം? ഇമാം തിരിച്ചു ചോദിച്ചു.

ഉത്തരം മുട്ടിയപ്പോള്‍ ചുറ്റും കൂടിയവര്‍ ബഹളം വെക്കാന്‍ തുടങ്ങി.

“അമീറുല്‍ മുഅ്മിനീന്‍, ഇതുകൊണ്ട് കാര്യമില്ല. ഖുര്‍ആനോ സുന്നത്തോ ഈ വാദത്തിന് തെളിവ് നിരത്താനാകുമോ? സകല ധ്യൈവും സംഭരിച്ച് ഇമാം ചോദിച്ചു.

ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് ഇബ്നു അബീദുആദ് രംഗം ചൂടാക്കി.

“ഖുര്‍ആന്‍, സുന്നത്ത് കൊണ്ടാണ് ഇസ്‌ലാമിന്റെ നിലനില്‍പ്; അവയാണ് ആദ്യ പ്രമാണങ്ങള്‍’ ഇമാം വിടാനൊരുക്കമില്ല. ന്യായത്തില്‍ മുട്ടിയ കൊട്ടാര പണ്ഡിതര്‍ വീണ്ടും ബഹളം വെച്ചു.

“ഇദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമായ പുത്തനാശയക്കാരനാണ്. തക്ക ശിക്ഷ കൊടുത്ത് ഇയാളെ പിന്തിരിപ്പിക്കണം.’ അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു.

ശാന്തത കൈവിടാതെയും സ്വരം താഴ്ത്താതെയും ഇമാം നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് തന്റെ വാദം സ്ഥാപിച്ചുകൊണ്ടിരുന്നു. ഇമാമിന്റെ സുദൃഢതയില്‍ ആകൃഷ്ടനായി ഖലീഫയുടെ മനസ്സ് മാറിപ്പോകുമോയെന്ന് ഭയന്ന ബഗ്ദാദ് ഗവര്‍ണര്‍ ഇസ്ഹാഖ് ബിന്‍ ഇബ്റാഹിം നല്ലൊരു കമന്‍റ് പാസ്സാക്കി:

“അമീറുല്‍ മുഅ്മിനീന്‍, ഇമാമിനെ വെറുതെ വിടുകയും താങ്കളെയും മുന്‍ ഖലീഫയെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയും ചെയ്യുകയെന്നത് ഭരണപ്രക്രിയയുടെ സുരക്ഷക്ക് നിരക്കുന്നതല്ല.’

അതോടെ രംഗം ചൂടായി. ഖലീഫ പെട്ടെന്ന് ക്ഷുഭിതനായി. ക്ഷോഭം കൊണ്ട് ഖലീഫയുടെ നാസിക വിറച്ചു. “പിടിക്കൂ അയാളെ. വിവസ്ത്രനാക്കി വലിച്ചുകൊണ്ടുവരൂ’ ഖലീഫ ഗര്‍ജ്ജിച്ചു. അയാളുടെ നെറ്റിയില്‍ ഞരമ്പുകള്‍ തിടംവെച്ചു നിന്നു. പാതാളത്തിലേക്കാണ് ഓരോ ചുവടുവെപ്പുമെന്ന് ഇമാമിന് ബോധ്യമായി. കണ്ണില്‍ അന്ധകാരം പരക്കുന്നു. തിരുനബി(സ്വ)യുടെ സ്വപ്നം അദ്ദേഹം ഓര്‍ത്തു, സാന്ത്വനപ്പെട്ടു. ഇമാം ശാഫിഈ(റ) കൊടുത്തയച്ച കത്ത് തികട്ടിവന്നു. എല്ലാം സഹിക്കാന്‍ തീരുമാനിച്ചു. ബറകത്തിനുവേണ്ടി നബി(സ്വ)യുടെ തിരുകേശം ഇമാമിന്റെ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ അതെല്ലാം വലിച്ചുകീറിക്കളഞ്ഞു. ചാട്ടവാറുമായി രണ്ടു ഭാഗത്ത് രണ്ടാള്‍ നിന്ന് പൊതിരെ അടിക്കാന്‍ തുടങ്ങി. അടിയേറ്റ് ഇമാമിന് ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ബോധം തെളിയുമ്പോള്‍ അടി തുടര്‍ന്നു. അതിനിടെ ഒന്നുരണ്ടു തവണ ഖലീഫ നേരിട്ടെത്തി അവരുടെ പക്ഷം ചേരാനാവശ്യപ്പെട്ടു. ഇമാമത് പുഛിച്ചു തള്ളി. മര്‍ദനങ്ങള്‍ക്കു മുന്നില്‍ പതറില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ഇമാമിനെ വിട്ടയച്ചു. അടികൊണ്ട് പൊട്ടിപ്പൊളിഞ്ഞ മുറിവുകളില്‍ നിന്ന് ചൂടുരക്തം വാര്‍ന്നൊഴുകുന്നു. പച്ചമാംസത്തിന്റെ രൂക്ഷഗന്ധം. വിരിഞ്ഞ ചെമ്പരത്തി പോലെ മുറിവായ്കള്‍ ചെമന്നിരുന്നു. ഇടക്ക് ഭിഷഗ്വരന്മാര്‍ ഇമാമിന്റെ വീട്ടിലെത്തി മരുന്നു പുരട്ടും. തുറിച്ചുനില്‍ക്കുന്ന മാംസക്കഷ്ണങ്ങള്‍ മുറിച്ചുകളഞ്ഞു. പതിയെപ്പതിയെ മുറിവുകളുണങ്ങി. എത്രയൊക്കെ പീഡിപ്പിക്കപ്പെട്ടാലും അവസാനം സത്യം ജയിച്ചു. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം തരിപ്പണമായി.

ഇമാമിനെ അടിച്ചു പീഡിപ്പിച്ചതില്‍ മനം നൊന്ത് ഖലീഫ പില്‍ക്കാലത്ത് ഇമാമിനോട് മാപ്പ് ചോദിക്കുകയുണ്ടായി.

 

പിഎസ്കെ മാടവന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ