അല്ലാഹുവിന്റെയും റസൂല്‍(സ്വ)യുടെയും പൊരുത്തം ലക്ഷ്യംവെച്ച് ഹിജ്റ പോകുന്നവന് അവരുടെ തൃപ്തി ലഭിക്കും. ഭൗതിക താല്പര്യമോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യണമെന്നോ ലക്ഷ്യം വെച്ചാല്‍ അവന് അതുമാത്രമാകും ലഭിക്കുക (ബുഖാരി).
ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം പല ചരിത്ര വിജയങ്ങളുടെയും മാസമാണ്. പ്രവാചകരുടെയും അനുയായികളുടെയും മദീനാ പലായനത്തെ ആധാരമാക്കിയാണ് ഹിജ്റ കാലഗണനക്ക് തുടക്കം കുറിക്കുന്നത്. വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്ന ആ ത്യാഗയാത്ര.
ഹിജ്റ ഉള്‍പ്പെടെ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള മുഴുവന്‍ ത്യാഗങ്ങളും അല്ലാഹുവിന്റെയും പുണ്യറസൂല്‍(സ്വ)യുടെയും തൃപ്തി ലക്ഷ്യമാക്കിയായിരിക്കണമെന്നതാണ് ഉപര്യുക്ത ഹദീസിന്റെ ഗുണപാഠം. അല്ലാഹുവിന്റെ കാരുണ്യമാണ് അവര്‍ ലക്ഷ്യമാക്കേണ്ടതെന്ന് വിശുദ്ധ ഖുര്‍ആനും (2/218) പഠിപ്പിക്കുന്നു. വിശുദ്ധ പലായനത്തിലേക്കെത്തിക്കുന്നത്ര കഠിനമായതോ അല്ലാത്തതോ ആയ ഏതു പീഡനങ്ങളുടെയും പേരില്‍ അസ്വസ്ഥനാകരുതെന്നും മറിച്ച് സഹനവും ക്ഷമയും അവലംബിക്കണമെന്നും അല്ലാഹുവില്‍ പ്രത്യാശ അര്പ്പിക്കണമെന്നുമാണ് ഖുര്‍ആന്‍ പല തവണ പഠിപ്പിക്കുന്നത്.
അല്ലാഹുവിന്റെയും പുണ്യറസൂല്‍(സ്വ)യുടെയും തൃപ്തി ലക്ഷ്യം വെച്ചും ക്ഷമയവലംബിച്ചും വിശുദ്ധ പലായനം നടത്തുന്നത് സ്വര്‍ഗപ്രാപ്തിക്ക് മതിയായ പുണ്യകര്‍മമാണ്. “വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും സ്വദേശത്ത് നിന്ന് പുറത്താക്കപ്പെടുകയോ ചെറുത്തുനിന്ന് കൊല്ലപ്പെടുകയോ ചെയ്തവര്‍ക്ക് നാം പൂര്ണമോക്ഷം നല്‍കുന്നതാണ്. വിവിധ തരം അരുവികള്‍ ഒഴുകുന്ന സുഖലോക സ്വര്‍ഗത്തില്‍ നാം അവരെ താമസിപ്പിക്കുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ പ്രതിഫലമാണ്. അല്ലാഹുവിന്റെ പക്കല്‍ ഉത്തമ പ്രതിഫലമാണുള്ളത്’ (ഖുര്‍ആന്‍ 3/195).
പരലോക പ്രതിഫലത്തിന് പുറമെ അവരുടെ ഭൗതിക ജീവിതത്തിലും പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം, ഉത്തമ ഭക്ഷണ പാനീയങ്ങളും അവശ്യവസ്തുക്കളും നല്‍കുക, ഭാവി ജീവിതത്തിലെ ഐശ്വര്യം തുടങ്ങി നിരവധി ഫലങ്ങള്‍ വിശുദ്ധ പലായനത്തെ തുടര്‍ന്ന് ഉണ്ടാകുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. ഉന്നത വിജയികള്‍, യഥാര്‍ത്ഥ വിശ്വാസികള്‍ എന്നൊക്കെയാണ് ഖുര്‍ആന്‍ അവരെ വിശേഷിപ്പിക്കുന്നതും.
ഇസ്ലാമിക കര്‍മശാസ്ത്രം വിശുദ്ധ പലായനത്തെ നാലിനമായി തിരിച്ചിട്ടുണ്ട്. ഒന്ന്: ഇസ്ലാം മതാനുഷ്ഠാനത്തിന് സ്വാതന്ത്ര്യമില്ലാത്ത ദേശത്ത് നിന്നും സ്വാതന്ത്ര്യമുള്ളിടത്തേക്കുള്ള പലായനം. ഇത് നിര്‍ബന്ധമാണ്.
രണ്ട്: മതാനുഷ്ഠാനത്തിന് സ്വാതന്ത്ര്യമുള്ള ദേശത്തുനിന്നും സ്വാതന്ത്ര്യമില്ലാത്തിടത്തേക്കുള്ള പലായനം. ഇത് നിഷിദ്ധമാണ്.
മൂന്ന്: മതസ്വാതന്ത്ര്യമുണ്ടെങ്കിലും മതചിട്ടയുള്ള സജ്ജനങ്ങളും പണ്ഡിതന്മാരും ഇല്ലാത്ത, മതവിജ്ഞാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ദേശത്ത് നിന്നും അവ ഉള്ള സ്ഥലത്തേക്കുള്ള പലായനം. ഇത് അഭികാമ്യമാണ്. നാല്: പ്രസ്തുത കാര്യങ്ങളുള്ള സ്ഥലത്തുനിന്നും അവ ഇല്ലാത്ത സ്ഥലത്തേക്കുള്ള പലായനം. ഇതനുചിതവും.
നബിമാതൃകകള്‍
ഇദ്രീസ്(അ), ഇബ്റാഹീം(അ), മൂസാ(അ), സകരിയ്യ(അ) എന്നിവര്‍ വിശുദ്ധ പലായനം നടത്തിയ പ്രവാചകന്മാരാണ്. ഇറാഖിലെ ബാബിലോണില്‍ നിന്നും ഈജിപ്തിലെ മനഫ് (ബാബില്യൂന്) ദേശത്തേക്കാണ് ഇദ്രീസ്(അ) വിശ്വാസികളെയുമായി പലായനം ചെയ്ത്. ബാബിലോണില്‍ നിന്നും ഹര്റാനിലേക്കും അവിടെ നിന്നും ഈജിപ്തിലേക്കും പിന്നീട് ഫലസ്തീനിലേക്കുമാണ് ഇബ്റാഹീം(അ) ഭാര്യ സാറയെയും കൊണ്ട് യാത്രയായത്. തന്റെ ബന്ധുവും പ്രവാചകനുമായ ലൂത്വ്(അ) പലായനവേളയില്‍ ഇബ്റാഹീം(അ)നെ അനുഗമിച്ചെങ്കിലും മഹാന് ഫലസ്തീനിലേക്ക് പോകാതെ ഇബ്റാഹിം(അ)ന്റെ അനുമതിയോടെ ജോര്‍ദ്ദാനിലെ മുഅ്തഫികത്തില് താമസമാക്കി. ഫിര്‍ഔനിന്റെയും പരിവാരത്തിന്റെയും പീഡനങ്ങളില്‍ പൊറുതിമുട്ടിയ മൂസാ(അ) തന്റെ അനുയായികളെയും കൂട്ടി ഈജിപ്തില്‍ നിന്നും ശാമിലേക്ക് തിരിച്ചു.
തന്നെ വധിക്കാനുള്ള ഇസ്റാഈല്യരുടെ ഗൂഢാലോചനയെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ സര്‍വസ്വവും ഉപേക്ഷിച്ച് പലായനം നടത്തിയ സകരിയ്യ(അ)നെ ഇസ്റാഈല്യര്‍ പിന്തുടര്ന്നു. അതിശീഘ്രം ഓടിമറഞ്ഞ സകരിയ്യാ(അ)ന് അഭയം പ്രാപിക്കാനായി ഒരു വൃക്ഷം സ്വയം പിളര്‍ന്ന് രണ്ടു ഭാഗങ്ങളായി വിധേയപ്പെട്ടു. പക്ഷേ, വിടവിലൂടെ പുറത്തേക്കുനീണ്ട സകരിയ്യ(അ)ന്റെ വസ്ത്രത്തലപ്പ് ശത്രുക്കള്‍ക്ക് പിടിവള്ളിയായി. വൃക്ഷം നബിയെ ഉള്ളിലൊതുക്കി പൂര്‍വസ്ഥിതി പ്രാപിച്ചെങ്കിലും പിശാചിന്റെ സഹായത്തോടെ ശത്രുക്കള്‍ സകരിയ്യ(അ)ന്റെ ഒളിസങ്കേതം മനസ്സിലാക്കി. അവര്‍ ഈര്ച്ചവാള് കൊണ്ട് വൃക്ഷം നെടുകെ അറുത്തുമാറ്റിയപ്പോള്‍ സകരിയ്യ(അ)ന്റെ പുണ്യശരീരം രണ്ടു കഷ്ണമായി രക്തസാക്ഷിത്വം വരിച്ചു.
ജൂതന്മാരുടെ കഠിനപീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന ഈസാ(അ) തന്റെ മാതാവിനെയും അനുയായികളെയും കൂട്ടി ജറുസലേമിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. സ്വദേശത്തുനിന്ന് പലായനം ചെയ്ത ഈസാ(അ)ന് പരദേശത്തും ശത്രുക്കള്‍ സ്വൈര്യം നല്‍കിയില്ല. ദമസ്കസിലെ രാജാവിനെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ ജറുസലേമിലെ ഗവര്‍ണര്‍ക്ക് ഈസാ(അ)നെ വധിക്കാനുള്ള നിര്‍ദേശം നല്കുന്നതില് ജൂതര്‍ വിജയിച്ചു. ഗവര്‍ണറെയും കൂട്ടി ജൂതര്‍ ഈസാ(അ)മും സംഘവും അഭയം പ്രാപിച്ച വീട് വളഞ്ഞു. തല്‍സമയം അല്ലാഹു ഈസാ(അ)നെ ആകാശത്തേക്ക് ഉയര്‍ത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു.
സ്വാലിഹ്(അ), ഹൂദ്(അ), ശുഐബ്(അ) എന്നിവക്കരും അനുയായികളും സ്വദേശംഉപേക്ഷിച്ച് വിശുദ്ധ മക്കയിലേക്ക് പലായനം ചെയ്തവരാണ്.
റസൂലിന്റെ ഹിജ്റ
അന്ത്യപ്രവാചകര് മുഹമ്മദ്(സ്വ)യുടെ ഹിജ്റ ചരിത്രപ്രസിദ്ധമാണ്. നാല്പത് വയസ്സ് പൂര്‍ത്തിയായതിന് ശേഷം പ്രവാചകത്വ ദൗത്യനിര്വഹണാര്ത്ഥം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തിരുനബി(സ്വ)ക്ക് മറ്റു പ്രവാചകന്മാരെപ്പോലെ തന്നെ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഗോത്ര തലവനായിരുന്ന തന്റെ പിതൃവ്യന് അബൂത്വാലിബിന്റെ സംരക്ഷണമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രവാചകര്‍(സ്വ) അക്രമത്തിന് കൂടുതല്‍ വിധേയരായിരുന്നില്ല. എന്നാല്‍ വിശ്വാസികള്‍ കഠിനമായി തന്നെ ദുരിതമനുഭവിച്ചു. ഖുറൈശി ഗോത്രത്തിലെ ഹാശിം, മുത്വലിബ് ഉപഗോത്രങ്ങള്‍ ഒഴികെയുള്ളവരായിരുന്നു പ്രധാനമായും ശത്രുപക്ഷത്ത്.
കൈകാലുകള്‍ ബന്ധിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മലര്‍ത്തിയും കമഴ്ത്തിയും കിടത്തി ശരീരം പൊള്ളിക്കുക, ചങ്ങലയില്‍ ബന്ധിച്ച് ശക്തമായി മര്‍ദിക്കുക, ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുക, അന്നപാനീയങ്ങള്‍ തടഞ്ഞ് പട്ടിണിക്കിടുക, തീ പൊള്ളലേല്‍പ്പിക്കുക, പഴുപ്പിച്ച കുന്തം ശരീര ഭാഗങ്ങളില്‍ കുത്തി ഇറക്കുക, സംഘം ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കുക തുടങ്ങി സാധ്യമായ പീഠനമുറകളെല്ലാം ശത്രുക്കള്‍ മുസ്ലിംകളില് നടത്തി. പക്ഷേ, അവരുടെ വിശ്വാസദാര്‍ഢ്യം പീഡനങ്ങള്‍ തരണം ചെയ്യാന്‍ കരുത്തുനല്കി. മുസ്ലിംകള് ഏല്ക്കുന്ന പീഡനങ്ങളില്‍ മനംനൊന്ത തിരുനബി(സ്വ) എത്യോപ്യയിലേക്ക് വിശുദ്ധ പലായനം ചെയ്യാന്‍ അവരോട് കല്പിച്ചു. ഇതനുസരിച്ച് പ്രബോധനം ആരംഭിച്ചതിന്റെ അഞ്ചാം വര്‍ഷം റജബ് മാസത്തില്‍ പത്ത് പുരുഷന്മാരും നാല് സ്ത്രീകളും പലായനം ചെയ്തു. ഇതാണ് ഇസ്ലാമിലെ പ്രഥമ ഹിജ്റ.
പ്രസ്തുത വര്‍ഷം റമളാന്‍ മാസത്തില്‍ പുണ്യ റസൂല്‍(സ്വ) സൂറത്തുന്നജ്മ് ഖുറൈശികള്‍ക്ക് പാരായണം ചെയ്തുകൊടുത്തു. അല്ലാഹുവിന് സാഷ്ടാംഗം ചെയ്യാന്‍ കല്പിക്കുന്ന അവസാന ഭാഗമെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്നവരില്‍ ഒരാളൊഴികെ അമുസ്ലിംകളടക്കം മുഴുവന്‍ ശ്രോതാക്കളും സുജൂദ് ചെയ്തു. മക്കയിലെ ഖുറൈശികളൊക്കെ ഇസ്ലാം സ്വീകരിച്ചു എന്നൊരു പ്രചാരണം വ്യാപിക്കാന്‍ പ്രസ്തുത സംഭവം നിമിത്തമായി. എത്യോപ്യയിലേക്ക് പലായനം ചെയ്തവരുടെ ചെവിയിലുമിതെത്തി. ഇത് സത്യമാണെന്നു നിനച്ച് ശവ്വാല്‍ മാസത്തില്‍ അവരില്‍ ചിലര്‍ മക്കയിലേക്ക് തിരിച്ചു. മക്കാ അതിര്‍ത്തിയിലെത്തിയപ്പോഴാണ് വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെട്ടത്. അവരോടൊപ്പം ഏതാനും മുസ്ലിംകള് കൂടി എത്യോപ്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എണ്‍പത്തിമൂന്ന് പുരുഷന്മാരും പതിനെട്ട് സ്ത്രീകളുമടങ്ങുന്ന സംഘം ജഅ്ഫര്‍(റ)ന്റെ നേതൃത്വത്തില്‍ എത്യോപ്യയിലേക്ക് രണ്ടാം പലായനം നടത്തി.
ഒരു ഭാഗത്ത് പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് മുസ്ലിംകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതാണു കണ്ടത്. എത്യോപ്യയില്‍ സുരക്ഷിത അഭയം ലഭിച്ച മുസ്ലിംകളെ അവിടെനിന്നും തിരിച്ചുകൊണ്ടുവന്ന് കൂടുതല്‍ പീഡിപ്പിക്കുന്നിനുള്ള ശ്രമത്തിലായി പിന്നീട് ഖുറൈശികള്‍. അംറുബിനില്‍ ആസ്വ്, അബ്ദില്ലാഹിബ്നി അബീ റബീഅ എന്നിവര്‍ ഈ ദൗത്യമേറ്റെടുത്ത് എത്യോപ്യന്‍ രാജാവിനെ സമീപിച്ച് മുസ്ലിംകളെ മക്കയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ടു. രാജാവ് മുസ്ലിം സംഘത്തലവനായ ജഅ്ഫര്‍(റ)നെ വിളിച്ചുവരുത്തി വിശദീകരമമാരാഞ്ഞു.
ജഅ്ഫര്‍(റ) പറഞ്ഞു: “തിന്മയിലും അന്ധവിശ്വാസത്തിലുമായിരുന്ന ഞങ്ങള്‍ക്ക് നന്മയും സത്യവിശ്വാസവും പഠിപ്പിക്കാന്‍ പ്രവാചകന് നിയോഗിതനായപ്പോള്‍ ഞങ്ങള്‍ പ്രവാചകനെ വിശ്വസിച്ചു. പക്ഷേ, ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.ശേഷം നിങ്ങളുടെ സാമ്രാജ്യത്തില്‍ അഭയം പ്രാപിച്ചതാണ്. അതിനാല്‍ താങ്കളില്‍ നിന്നും ഞങ്ങള്‍ നീതിയാണ് പ്രതീക്ഷിക്കുന്നത്.’ രാജാവ് ചോദിച്ചു: പ്രവാചകന്റെ വിശുദ്ധ വചനങ്ങള്‍ വല്ലതും നിങ്ങള്‍ക്ക് പറയാനാവുമോ? ജഅ്ഫര്‍(റ) സൂറതുമര്യമിന്റെ പ്രാരംഭം പാരായണം ചെയ്തു. സശ്രദ്ധം ശ്രവിച്ച രാജാവിന്റെയും പരിവാരത്തിന്റെയും നയനങ്ങള്‍ നിറഞ്ഞു. ശേഷം പറഞ്ഞു: “നിങ്ങള്‍ പാരായണം ചെയ്ത വിശുദ്ധ വചനങ്ങളും ഈസാ(അ) സമര്‍പ്പിച്ച വിശുദ്ധ വചനങ്ങളും ഒരേ ഉറവിടത്തില്‍ നിന്നുമള്ളതാണ്. അതിനാല്‍ മക്കക്കാരുടെ പ്രതിനിധികള്‍ മടങ്ങിപ്പോവുക. മുസ്ലിംകളെ നിങ്ങളോടൊപ്പം മക്കയിലേക്ക് വിട്ടയക്കുകയില്ല.’
രോഷാകുലരായ ഖുറൈശികള്‍ പ്രബോധനത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു. അബൂത്വാലിബിന്റെ ചേരിപ്രദേശത്ത് പുണ്യറസൂല്‍(സ്വ)ക്ക് ഹാശിം, മുത്വലിബ് വംശജര്‍ സംരക്ഷണം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണ പ്രഖ്യാപനം. ഹാശിം, മുത്വലിബ് വംശത്തെ മുസ്ലിംഅമുസ്ലിം ഭേദമന്യേ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. ഇതര ഖുറൈശി വംശജര്‍ അവരുമായി വ്യാപാരം, വിവാഹം എന്നിവ നടത്തരുതെന്നും അവരുമായി ചങ്ങാത്തം കൂടുകയോ കരാറില്‍ ഏര്‍പ്പെടുകയോ ആഹാരപാനീയങ്ങള്‍ നല്‍കുകയോ പോലും ചെയ്യരുതെന്നും പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം ബഹിഷ്കരണം വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നു. ഭക്ഷണം ലഭിക്കാതെ വിശന്ന് പരവശരായ ഹാഷിം, മുത്വലിബ് വംശജര്‍ പച്ചിലകളും മറ്റും ആഹരിച്ച് ജീവന് നിലനിര്‍ത്തി. വിശന്നുവലഞ്ഞുള്ള കുട്ടികളുടെ നിലവിളി ബഹിഷ്കരണ പ്രഖ്യാപനത്തില്‍ ഒപ്പിട്ട പല ഖുറൈശി നേതാക്കളെയും ദുഃഖിപ്പിച്ചു. ഒടുവില്‍ ചിലരെല്ലാം ബഹിഷ്കരണ കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു. പ്രബോധനത്തിന്റെ പത്താം വര്‍ഷമായിരുന്നു ഇത്. അവസാനം ബഹിഷ്കരണ കരാര്‍ ചിലര്‍ കഅ്ബയില്‍ നിന്ന് കീറിയെറിഞ്ഞതോടെയാണ് മോചനം ലഭിച്ചത്.
പത്താം വര്‍ഷം റമളാന്‍ പന്ത്രണ്ടിന് തിരുനബി(സ്വ)യുടെ സംരക്ഷകനായിരുന്ന പിതൃവ്യന് അബൂത്വാലിബ് മരണമടഞ്ഞു. തുടര്‍ന്ന് ശത്രുക്കള്‍ റസൂല്‍(സ്വ)യെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങി. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കഴുത്തില്‍ മുണ്ടുമുറുക്കി വധിക്കാന്‍ ശ്രമിച്ചു. സുജൂദിലായിരുന്ന തിരുനബി(സ്വ)യുടെ തലക്ക് ചവിട്ടാന്‍ ഉദ്യമിച്ചു. ഒട്ടകത്തിന്റെ അഴുകിത്തുടങ്ങിയ കുടല്‍മാല സൂജൂദിലായിരിക്കെ തിരുനബി(സ്വ)യുടെ തലയില്‍ വലിച്ചിട്ടു. കള്ളന്, കവി, മാരണക്കാരന് എന്നൊക്കെ പരിഹസിച്ചു കൂക്കിവിളിച്ചു.
പ്രബോധനത്തിന്റെ പതിനൊന്നാം വര്‍ഷം ഹജ്ജ് വേളയില്‍ മദീനയിലെ ഖസ്റജ് ഗോത്രത്തില്‍ പെട്ട ആറുപേരെ നബി(സ്വ) കണ്ടുമുട്ടി. മക്കക്കാരെ പോലെ മറുനാടന്‍ ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന തിരുനബി(സ്വ) ആ ആറുപേരെയും ക്ഷണിച്ചു. മദീനയിലെ ജൂതന്മാരില് നിന്നും വാഗ്ദത്ത പ്രവാചകനെ കുറിച്ച് മുമ്പുതന്നെ കേട്ടിട്ടുള്ള അവര്‍ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിക ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു അവരുടെ മതാശ്ലേഷം. സ്വദേശത്തേക്ക് മടങ്ങിയ അവര്‍ മദീനാ നിവാസികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചുതുടങ്ങി. പലരും ഇസ്ലാം സ്വീകരിച്ചു.
പന്ത്രണ്ടാം വര്‍ഷം പ്രസ്തുത സംഘത്തിലെ അഞ്ചു പേരടക്കം പന്ത്രണ്ടു പേര് ഹജ്ജിന് വേണ്ടി മക്കയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ധാരണ അനുസരിച്ച് തിരുനബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തുകയും ബഹു ദൈവാരാധന, മോഷണം, വ്യഭിചാരം, കൊലപാതകം, മറ്റു തിന്മകള് എല്ലാം ഉപേക്ഷിക്കുമെന്നും തിരുനബി(സ്വ)യുടെ കല്പന ഒന്നുപോലും ലംഘിക്കുകയില്ലെന്നും അവര്‍ തിരുനബി(സ്വ)യോട് പ്രതിജ്ഞ ചെയ്തു. മുസ്വ്അബുബ്നി ഉമൈര്‍(റ)നെ മദീനക്കാര്‍ക്ക് ദീന് പഠിപ്പിക്കുന്നതിനായി അവരോടൊപ്പം തിരുനബി(സ്വ) അയക്കുകയുമുണ്ടായി. അതോടെ ഇസ്ലാം മദീനയില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. മദീനയിലെ പൊതു ചര്‍ച്ചകള്‍ ഇസ്ലാമിനെക്കുറിച്ചും പ്രവാചകന്(സ്വ)യെ കുറിച്ചുമായിത്തീര്ന്നു.
പതിമൂന്നാം വര്‍ഷം ഹജ്ജിനെത്തിയത് രണ്ടു സ്ത്രീകളടക്കം എഴുപത്തിയഞ്ച് പേരായിരുന്നു. അയ്യാമുത്തശ്രീഖിന്റെ രണ്ടാം ദിവസം അര്‍ധരാത്രിയില്‍ കൂടിക്കാഴ്ചക്കു നബി(സ്വ) സമയം നല്കി. അവരോടൊപ്പമുണ്ടായിരുന്ന അമുസ്ലിംകള് സുഖനിദ്രയിലായപ്പോള്‍ സ്വന്തം ടെന്റുകളില്‍ നിന്നും പുറത്തിറങ്ങി തിരുനബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തി. റസൂല്‍(സ്വ) വാഗ്ദാനം ചെയ്ത സ്വര്ഗത്തിന് പകരമായി സ്വന്തം സന്താനങ്ങളെയും ഭാര്യമാരെയും സംരക്ഷിക്കുന്നതിന് തുല്യമായി നബി(സ്വ)യെയും അനുയായികളെയും സംരക്ഷിക്കുമെന്ന് അബ്ബാസ്(റ)ന്റെ സാന്നിധ്യത്തില്‍ അവര്‍ കരാര്‍ ചെയ്തു.
ആയിടക്ക് പ്രവാചകര്‍(സ്വ) ഒരു സ്വപ്നം കണ്ടിരുന്നു. തിരുനബി(സ്വ) പറഞ്ഞു: “മക്കയില്‍ നിന്നും പലായനം ചെയ്യുന്ന ദേശം ഞാന്‍ സ്വപ്നം കണ്ടു. ധാരാളം ഈത്തപ്പനയുള്ള നാടാണത്. യമനിലെ യമാമയോ ഹജറോ ആയിരിക്കും ആ ദേശമെന്നാണ് എനിക്ക് ആദ്യം തോന്നിയത്. യസ്രിബ് എന്ന പേരുള്ള മദീനയാണതെന്ന് പിന്നീട് ബോധ്യപ്പെട്ടു’ (ബുഖാരി).
പ്രവാചകന്മാരുടെ സ്വപ്നം പൈശാചിക സ്വാധീനത്തില്‍ നിന്നും മുക്തവും ദിവ്യസന്ദേശത്തിന്റെ ഭാഗവുമായതിനാല്‍ മദീനയിലേക്ക് വിശുദ്ധ പലായനം ചെയ്യാനുള്ള കല്പനയായിരുന്നു അത്.
മദീനക്കാരുടെ സംരക്ഷണക്കരാര്‍ മണത്തറിഞ്ഞ ഖുറൈശികള്‍ പീഡനങ്ങള്‍ ശക്തമാക്കി. അതിനെത്തുടര്‍ന്ന് മദീനയിലേക്ക് വിശുദ്ധ പലായനം നടത്താന്‍ നബി(സ്വ) മുസ്ലിംകളോട് ആഹ്വാനം ചെയ്തു. റസൂല്‍(സ്വ) പലായനത്തിനൊരുങ്ങുന്നെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ ദാറുന്നദ്വയില് സമ്മേളിച്ച് ഭാവി പദ്ധതികളെക്കുറിച്ചാലോചിച്ചു. രാത്രിയില്‍ വീട് വളഞ്ഞ് നബിയെ വധിക്കാനായിരുന്നു തീരുമാനം. പ്രസ്തുത തീരുമാനം അല്ലാഹു നബി(സ്വ)യെ അറിയിക്കുകയും മദീനയിലേക്ക് പോകാന്‍ പ്രത്യേക അനുമതി നല്‍കുകയും ചെയ്തു.
നബി(സ്വ)യോടൊപ്പം യാത്ര ചെയ്യാന്‍ കാത്തിരുന്ന അബൂബക്കര്‍(റ)നെയും കൂട്ടി പ്രസ്തുത വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിന് ശത്രുക്കളുടെ വധശ്രമം തന്ത്രപരമായി പരാജയപ്പെടുത്തി മദീനയിലേക്ക് പുറപ്പെട്ടു. ആമിറുബ്നു ഫുഹൈറത്(റ) എന്ന പരിചാരകന് ആയിരുന്നു അവരോടൊപ്പമുണ്ടായിരുന്ന മൂന്നാമന്. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഊഷ്മളവും നിസ്തുലവുമായ സ്വീകരണം നല്കി മദീനക്കാര്‍ നബി(സ്വ)യെ എതിരേറ്റു.
പീഡനത്തിന്റെ തീച്ചൂളയില്‍ വേവിച്ചെടുത്ത വിശുദ്ധ ഇസ്ലാമിന്റെ വിജയഗാഥയിലെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണ് വിശുദ്ധ പലായനം. ആത്മരക്ഷാര്‍ത്ഥം പ്രവര്‍ത്തിക്കുമ്പോഴും ആത്മാര്‍ത്ഥതയും സമര്‍പ്പണവും അനുപേക്ഷണീയമാണെന്നാണ് ഹിജ്റയുടെ പാഠം.
മദീനയിലേക്ക് പലായനം ചെയ്ത തിരുനബി(സ്വ)ക്ക് ഹിജ്റയുടെ എട്ടാം വര്‍ഷം വിശുദ്ധ മക്ക ശത്രുക്കളില്‍ നിന്നും മോചിപ്പിച്ച് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചു. “മക്കാ വിജയത്തിന് ശേഷം പലായനമില്ല’ (ബുഖാരി) എന്ന വചനം മക്കാ വിജയത്തിന്റെ പൂര്‍ണതയും അന്ത്യനാള്‍ വരെയുള്ള സ്ഥിരതയും പഠിപ്പിക്കുന്നു. അതായത് മക്കയില്‍ ഇനിയൊരിക്കലും ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടുകയില്ല. മുസ്ലിം പുതുവര്‍ഷാഘോഷ നിറവില്‍ ഓര്‍ക്കേണ്ട ത്യാഗനിര്‍ഭരമായ പലായനത്തിന്റെ വേദനയും അതുവഴി പിന്നീടുണ്ടായ മഹാ വിജയങ്ങളും എന്നും നമുക്ക് പാഠമായിരിക്കണം.
എഎ ഹകീം സഅദി