മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കന്‍മേഖലയിലും അറബ് ലോകത്താകെയുമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍മിക്കതും ഇന്ന് സംഘര്‍ഷങ്ങളിലും ആഭ്യന്തര പ്രതിസന്ധികളിലും അകപ്പെട്ട് ഗുരുതരമായ രാഷ്ട്രീയ അസ്ഥിരതയുടെ വക്കിലാണ്. ഈ സ്ഥിതി വിശേഷം തെല്ലൊന്നുമല്ല സാമ്രാജ്യത്വ ചേരിയെ സന്തോഷിപ്പിക്കുന്നത്. ഒരു വശത്ത് പ്രശ്നങ്ങള്‍മൂര്‍ച്ഛിപ്പിക്കുന്നതിനായി മാരകമായി പക്ഷം ചേരുകയും മറു വശത്ത് പല തലങ്ങളില്‍ഇടപെട്ട് കുത്തിത്തിരിപ്പുകള്‍സൃഷ്ടിക്കുകയും ചെയ്യുന്നു. സി ഐ എ, മൊസാദ് തുടങ്ങിയ ചാര സംഘടനകളെല്ലാം ലഭ്യമായതില്‍വെച്ച് ഏറ്റവും നല്ല ചാരന്‍മാരെ തന്നെ ഈ മേഖലയില്‍നിയോഗിക്കുന്നതും അവര്‍ക്ക് വനിതകളടക്കമുള്ള സംഘത്തെ കൂട്ടിന് നല്‍കുന്നതും അത്കൊണ്ടാണ്. രാഷ്ട്രീയ അതിര്‍ത്തി വ്യാപനമെന്ന പഴയ കൊളോണിയല്‍അജണ്ടയില്‍നിന്ന് സാമ്പത്തിക, സാംസ്കാരിക, വ്യാപാര അധിനിവേശത്തിലേക്ക് സാമ്രാജ്യത്വം ചുവട് മാറ്റിയിട്ട് കാലമേറെയായി. പണ്ട്, വ്യാവസായിക വിപ്ലവ കാലത്ത് സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന ആവശ്യം അസംസ്കൃത വസ്തുക്കളും വിപണിയുമായിരുന്നു. അത്കൊണ്ട് അന്ന് അവര്‍രാഷ്ട്രീയമായ പ്രത്യക്ഷ അധിനിവേശത്തിന് തന്നെ മുതിര്‍ന്നു. ഇന്ന് അവരുടെ പ്രശ്നം സാമ്പത്തിക മേല്‍ക്കോയ്മയുടെ നിതാന്തമായ സംരക്ഷണവും ആയുധ കച്ചവടവും ഊര്‍ജ്ജ സ്വയംപര്യാപ്തതയുമാണ്. ക്രിസ്ത്യന്‍, ജൂത അപ്രമാദിത്വവും അജണ്ടയിലുണ്ട്.

ഡോളര്‍ഇന്നത്തെ പ്രഹര ശേഷി നിലനിര്‍ത്തുന്നത് ആരാന്റെ ചെലവിലാണല്ലോ. അറബ് രാജ്യങ്ങളടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍അവരുടെ നീക്കിയിരുപ്പ് പണം ഡോളറില്‍സൂക്ഷിക്കുന്നില്ലെങ്കില്‍എന്നേ ഡോളര്‍അസ്തമിച്ചേനെ. പൗരസ്ത്യ രാജ്യങ്ങള്‍അവരുടെ സാമ്പത്തിക ദാസ്യം മറികടക്കാന്‍തയ്യാറായാല്‍സര്‍വ മേല്‍ക്കോയ്മകളും അവസാനിക്കും. എണ്ണ സമ്പന്ന രാജ്യങ്ങള്‍അവരുടെ സമ്പത്ത് യുക്തി പൂര്‍വം വിനിയോഗിച്ചാല്‍വലിയ പ്രതിസന്ധിയിലേക്കായിരിക്കും അമേരിക്കയും കൂട്ടാളികളും കൂപ്പുകുത്തുക. അത്കൊണ്ട് മുസ്‌ലിം രാഷ്ട്രങ്ങളിലും പൗരസ്ത്യ, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍രാഷ്ട്രങ്ങളിലും സംഘര്‍ഷം തുടര്‍ന്നു കൊണ്ടേയിരിക്കണമെന്നത് സാമ്രാജ്യത്വത്തിന്റെ നിശ്ചയമാണ്. അതാണ് ഇന്ന് ഇറാഖിലും സിറിയയിലും ലബനാനിലും ഫലസ്തീനിലും യമനിലും ഈജിപ്തിലും ബഹ്റൈനിലും സഊദിയില്‍പോലും പുലരുന്നത്. ആഫ്രിക്കന്‍രാജ്യങ്ങളിലെ തീവ്രവാദി ആക്രമണങ്ങളുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും അര്‍ത്ഥം മറ്റൊന്നല്ല.

ഈ പ്രതിസന്ധികളെയാകെ പരിശോധിച്ചാല്‍ഒരു കാര്യം വ്യക്തമാകും. സാമ്രാജ്യത്വത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട് ആളിക്കത്തിക്കുന്നത് ശിയാ തീവ്രവാദവും രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളുമാണെന്ന വസ്തുതയാണ് അത്. സുന്നി ശിയാ സംഘര്‍ഷമെന്നും മുസ്‌ലിം വംശീയ ഏറ്റുമുട്ടലെന്നും ഇത്തരം പ്രതിസന്ധികളെ ചുരുക്കിക്കെട്ടാന്‍പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് പഴുതൊരുക്കുകയാണ് ഈ രണ്ട് കൂട്ടരും ചെയ്യുന്നത്. 1979ലെ ഇസ്‌ലാമിക വിപ്ലവമെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയ മാറ്റത്തിന് ശേഷം ഇറാന്റെയും മറുപുറത്ത് സഊദി അറേബ്യയുടെയും നേതൃത്വത്തില്‍മുസ്‌ലിം ലോകം രണ്ടായി പിളര്‍ന്നിരിക്കുന്നുവെന്ന തീര്‍പ്പിലെത്താന്‍വിശകലനക്കാര്‍ക്ക് അവസരം നല്‍കുന്ന നിരവധി വിഡ്ഢിത്തങ്ങള്‍നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു.

ശിയാ എന്നതിന് വിപരീതമായി “സുന്നി’ എന്ന് പ്രയോഗിക്കുന്നതിലെ വൈരുധ്യം കൂടി ഈ പശ്ചാത്തലത്തില്‍പ്രസക്തമാണ്. ശിയാ തീവ്രവാദം എങ്ങനെയാണോ സാമ്രാജ്യത്വത്തിന് പഴുതൊരുക്കുന്നത് അതിനേക്കാള്‍പതിന്‍മടങ്ങ് മാരകമായാണ് സുന്നികളായി വിവക്ഷിക്കപ്പെടുന്ന ഇസ്‌ലാമിസ്റ്റുകള്‍മുസ്‌ലിം രാഷ്ട്രങ്ങളെ ശിഥിലമാക്കുന്നത്. മതത്തെ മൗലികമായി സ്വീകരിച്ചവരാണ് യഥാര്‍ത്ഥ സുന്നികള്‍. എല്ലാ ജീവിത വ്യവഹാരങ്ങളിലും മതത്തെ അടിസ്ഥാനപരമായ നിഷ്കര്‍ഷയായി മുന്‍നിര്‍ത്തുന്നതിനെയാണ് മതമൗലികവാദമെന്ന് വിളിക്കേണ്ടത്. കൃത്യമായ അതിര്‍വരമ്പുകള്‍ക്കകത്ത് നില്‍ക്കുകയെന്ന മഹത്തായ ധ്യാനമാണത്. എന്നാല്‍, ലോകത്താകെ ഇസ്‌ലാമിസ്റ്റുകള്‍എന്ന് സ്വയം വിശേഷിപ്പിക്കുകയും പലയിടങ്ങളില്‍പല പേരില്‍അറിയപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം സംഘടനകള്‍പറയുന്നത് തങ്ങള്‍മതത്തെ മൗലികമായി കാണുന്നുവെന്നാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പ്രയോഗമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി പാശ്ചാത്യ മൂല്യ ബോധത്തിന് ബദല്‍ഒരുക്കുകയാണ് തങ്ങള്‍ചെയ്യുന്നതെന്നും അവര്‍അവകാശപ്പെടുന്നു. ആധുനിക കാലത്ത് ഇസ്‌ലാമിന്റെ സമഗ്രത തങ്ങള്‍മാത്രമേ ഉയര്‍ത്തിപ്പിടിക്കുന്നുള്ളൂവെന്നും അവര്‍വാദിക്കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍മുസ്‌ലിമീന്‍), അന്നഹ്ദ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി അല്‍ഖാഇദ, അല്‍ശബാബ് മുതലായ ഭീകര സംഘടനകള്‍വരെ ഈ ഗണത്തിലാണ് വരുന്നത്. തുര്‍ക്കിയിലെ എ കെ പാര്‍ട്ടി നേതാവ് ത്വയ്യിബ് ഉര്‍ദുഗാനും സുഡാനിലെ ഭരണാധികാരി ഉമര്‍അല്‍ബാശിറും ഇസ്‌ലാമിസ്റ്റുകളാണ്. ജമാഅത്തുദ്ദഅ#്വ മേധാവിയും ലശ്കറെ ത്വയ്യിബ സ്ഥാപകനുമായ ഹാഫിസ് സഈദിനെയും ഈ പട്ടികയില്‍പെടുത്താം. ഇവര്‍ക്ക് രാഷ്ട്രീയ അധികാരം കൈവരുന്പോള്‍എങ്ങനെയാകും പെരുമാറുകയെന്നതിന് മാതൃകയായി ആഗോള പൊതുബോധം ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നു. എവിടെയൊക്കെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടോ അവിടെയെല്ലാം പാരമ്പര്യ ശേഷിപ്പുകള്‍തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍നടന്നിട്ടുണ്ട്. ബിദ്അത്തിന്റെ വ്യാപനവും നടക്കുന്നു. ഈ “സുന്നി’കള്‍ഒരു വശത്തും ശിയാ രാഷ്ട്രീയം മറുവശത്തും നിലയുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍രാഷ്ട്രീയ മേല്‍ക്കൈക്കും അദൃശ്യവും ദൃശ്യവുമായ ഇടപെടലുകള്‍ക്കും ശ്രമിക്കുന്നതാണ് ആധുനികകാലത്തെ പ്രതിസന്ധികളുടെ അടിസ്ഥാന ഹേതു. സൂക്ഷ്മ വിശകലനത്തില്‍, ഈ രണ്ട് കൂട്ടരും അമേരിക്കയോടും സഖ്യശക്തികളോടും തരാതരം കൂട്ടുചേരുന്നുവെന്ന് വ്യക്തമാകും. പരോക്ഷ പ്രയോജനമാണ് കണക്കിലെടുന്നതെങ്കില്‍ഇക്കൂട്ടര്‍സാമ്രാജ്യത്വത്തിന്റെ മച്ചുനന്‍മാരാണെന്ന് തീര്‍ത്ത് പറയാനുമാകും.

ആണവ പരീക്ഷണത്തിന്റെയും സയണിസ്റ്റ് ശത്രുതയുടെയും പേരില്‍അമേരിക്കന്‍ചേരിയുടെ നോട്ടപ്പുള്ളിയായ ഇറാന്‍ഇത്തരം അവിശുദ്ധ സഹകരണത്തിന് മുതിരുമോയെന്ന് സന്ദേഹിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇപ്പോള്‍ഇറാഖിലും സിറിയയിലും വന്‍ആള്‍നാശത്തിന് വഴിവെച്ചുകൊണ്ട് അരങ്ങേറുന്ന ഇസില്‍വിരുദ്ധ സൈനിക ഇടപെടല്‍. ഇറാഖിന്റെ വടക്കന്‍പ്രവിശ്യകള്‍ഒന്നൊന്നായി പിടിച്ചടക്കി ശിഥിലീകരണത്തിന്റെ മാരകമായ തലം സൃഷ്ടിക്കുകയും സിറിയയില്‍അസദ് ഭരണകൂടത്തിന് വന്‍ഭീഷണിയായിത്തീരുകയും ചെയ്ത ഇസില്‍സംഘം ഇറാഖ് മുന്‍പ്രസിഡന്‍റ് നൂരി അല്‍മാലിക്കി നടത്തിയ ശിയാവത്കരണത്തിന്റെ ഉപോത്പന്നമാണ്. സദ്ദാമിനെ വധിച്ച് പക തീര്‍ത്തിട്ടും ഇറാഖില്‍നിന്ന് പിന്‍വാങ്ങാന്‍കൂട്ടാക്കാത്ത അമേരിക്ക തന്നെയാണ് ഈ സംഘത്തെ വളര്‍ത്തിക്കൊണ്ടു വന്നത്. ഒരു വശത്ത് മാലിക്കിയുടെ ശിയാവത്കരണ നടപടികളെ അമേരിക്ക പിന്തുണച്ചു. മറുവശത്ത് ഇസില്‍അടക്കമുള്ള “സുന്നി’ സംഘങ്ങളെ വളര്‍ത്തി കൊണ്ടു വന്നു. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ഇറാന്‍കൈകൊണ്ടത് ഇരുതല മൂര്‍ച്ചയുള്ള സമീപനമായിരുന്നു. തീര്‍ച്ചയായും വംശീയ പ്രചാരണത്തില്‍കുടുങ്ങിപ്പോയ നിരവധി മനുഷ്യരുടെ പിന്തുണ ഇസില്‍സംഘത്തിന് ഉണ്ട്. ഇത്തരമൊരു സംഘം ഇറാഖിലെ നിര്‍വീര്യമാക്കപ്പെട്ട സൈന്യത്തിന് മേല്‍നിര്‍ണായക വിജയങ്ങള്‍നേടുമെന്ന് ഉറപ്പായിരുന്നു. ഇവിടെ പാശ്ചാത്യ ഇടപെടല്‍ചെറുക്കാനും മേഖലയില്‍സമാധാനം പുനഃസ്ഥാപിക്കാനും പര്യാപ്തമായ പരിപക്വ സമീപനം പുലര്‍ത്തുകയാണ് ഇറാന്‍ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ഇറാഖിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുകയും അതിനനുസരിച്ച് കരുക്കള്‍നീക്കുകയുമാണ് ഇറാന്‍ചെയ്തത്. “സുന്നീ വിഭാഗ’ത്തെ അടിച്ചമര്‍ത്തുകയെന്ന വംശീയ അജണ്ടയുടെ ഭാഗമായിരുന്നു അത്. ആധുനിക ഇറാഖിന്റെ സുശക്തമെന്ന് വിശേഷിപ്പിക്കപ്പെട്ട സൈന്യത്തിന് ആക്രമണത്തിന്റെ പോയിട്ട്് ചെറുത്തു നില്‍പ്പിന്റെ പോലും മണിക്കൂറുകള്‍കാഴ്ചവെക്കാന്‍സാധിക്കാത്തത് അതിന് ദേശീയ സ്വഭാവം ഇല്ലാതായത് കൊണ്ടാണെന്ന് ഇറാന്‍മനസ്സിലാക്കണമായിരുന്നു. ഇത്തരമൊരു സൈന്യത്തിന് എത്ര ആയുധമെത്തിച്ചിട്ടും കാര്യമില്ല. ഇറാഖ് അഖണ്ഡമായി നിലനില്‍ക്കണമെന്ന് ഇറാന്‍ആഗ്രഹിച്ചിരുന്നെങ്കില്‍ചെയ്യേണ്ടിയിരുന്നത് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഭരണ സംവിധാനത്തിന് നൂരി അല്‍മാലിക്കിയെ പ്രേരിപ്പിക്കുകയായിരുന്നു. കാരണം അമേരിക്കയേക്കാള്‍മാലിക്കിക്ക് മേല്‍സ്വാധീനമുള്ളത് ഇറാനായിരുന്നു. പക്ഷേ എ്യെ സര്‍ക്കാര്‍വല്ലാതെ വൈകി. ഒടുവില്‍അമേരിക്കയും സഖ്യശക്തികളും പോര്‍വിമാനങ്ങളുമായി ഒരിക്കല്‍കൂടി രംഗപ്രവേശം ചെയ്തു. അറബ് ഭീതി കുറേക്കൂടി ആളിക്കത്തിക്കാന്‍യു എസിന് സാധിച്ചു. അതുവഴി സഊദിയടക്കമുള്ളവരെ കുറേക്കൂടി അടുപ്പിച്ച് നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. ഇനിയും ഏറെക്കാലം മധ്യപൗരസ്ത്യ ദേശത്ത് ആയുധക്കച്ചവടം നടത്താനും എണ്ണ സമ്പത്ത് കൊള്ളയടിക്കാനുമുള്ള അവസരവും പാശ്ചാത്യര്‍ക്ക് കൈവന്നു.

ഇസിലിനെതിരെ അമേരിക്കയുമായി സഹകരിക്കാന്‍തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇറാന്‍. എന്നുവെച്ചാല്‍ആണവ പ്രശ്നമടക്കമുള്ള വിഷയങ്ങളില്‍അമേരിക്കയുമായുള്ള അകല്‍ച്ച ഇസില്‍വിരുദ്ധ സൗഹൃദം കൊണ്ട് പരിഹരിക്കാമെന്ന ലാക്കായിരുന്നു അവര്‍ക്ക്. മാത്രമല്ല, അറബ് ലോകത്തെ പ്രമുഖര്‍അമേരിക്കയുമായി പിണങ്ങിക്കിട്ടുമെങ്കില്‍അതും ബോണസെന്ന് ഇറാന്‍കരുതി. ഈ കണക്ക് കൂട്ടലെല്ലാം ചേര്‍ന്നപ്പോള്‍നൂരി അല്‍മാലിക്കിക്ക് അക്രമാസക്ത പിന്തുണ പ്രഖ്യാപിക്കുകയാണ് ഇറാന്‍ചെയ്തത്. ഇത് വംശീയ സ്പര്‍ധ ആളിക്കത്തിച്ചു. സായുധ സംഘത്തിന് കൂടുതലിടങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചു. സിറിയയില്‍കൂടി ആക്രമണം ശക്തമാക്കാന്‍അവര്‍മുതിര്‍ന്നു. കുര്‍ദുകള്‍സന്പൂര്‍ണമായി വേര്‍പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഇറാഖിലെ കുര്‍ദുകള്‍തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദ് സൈന്യത്തോട് ചേരുകയാണ്. സിറിയന്‍അതിര്‍ത്തി നഗരമായ കൊബാനി ഇസില്‍കീഴടക്കുന്നത് തടയാനുള്ള ഉദ്യമത്തിലാണ് കുര്‍ദുകള്‍. അവര്‍ക്ക് ആകാശത്ത് നിന്ന് അമേരിക്ക ആയുധം വര്‍ഷിക്കുന്നു. തുര്‍ക്കിക്ക് എന്നും തലവേദനയായിരുന്ന കുര്‍ദ് വിമതര്‍ക്ക് വന്‍ആയുധ ശേഖരം കൈവരുന്നതിലായിരിക്കും ഇത് കലാശിക്കുക. അസ്ഥിരത തുര്‍ക്കിയിലേക്കും വ്യാപിക്കുമെന്ന് ചുരുക്കം.

ഇനി സിറിയയിലേക്ക് വരാം. ന്യൂനപക്ഷ അലവി ശിയാ വിഭാഗത്തില്‍പെട്ട ബശര്‍അല്‍അസദിനെ സംരക്ഷിക്കുന്ന നയമാണ് ഇറാന്‍എക്കാലവും കൈകൊണ്ടത്. പെട്രോ സഹകരണത്തിന്റെ പേരില്‍റഷ്യയുമായി ഉണ്ടാക്കിയ ബാന്ധവം അവര്‍അസദിനെ സംരക്ഷിക്കാന്‍ഉപയോഗിച്ചു. അസദിനെതിരെ ആയുധമെടുത്തവരെ ശിഥിലമാക്കുന്നതില്‍ഇറാന്‍വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലെബനാനിലെ ഹിസ്ബുല്ലയും സമാന ഗ്രൂപ്പുകളും അസദിന് കവചമൊരുക്കിയപ്പോള്‍ഇറാന്റെ രാഷ്ട്രീയ ശക്തി തന്നെയാണ് അവര്‍ക്ക് തുണയായത്. സിറിയന്‍പ്രശ്നത്തിന് പുറത്തു നിന്നുള്ള പരിഹാരം വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞിരുന്ന ഇറാന്‍ഇപ്പോള്‍സ്വരം മാറ്റിയിരിക്കുന്നു. ഇസില്‍സംഘത്തെ തകര്‍ക്കാന്‍സിറിയയില്‍അമേരിക്ക ഇറങ്ങുന്പോള്‍അസദ് ഭരണകൂടം തത്കാലം രക്ഷപ്പെടുമെന്ന് ഇറാന്‍കണക്കു കൂട്ടുന്നു. സിറിയയിലെ രാസായുധങ്ങള്‍നശിപ്പിക്കാനായത് വന്‍മുന്നേറ്റമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി പ്രതികരിച്ചത് ഈ പശ്ചാത്തലത്തില്‍ഏറെ പ്രസക്തമാണ്.

ബഹ്റൈനില്‍ശിയാ പ്രക്ഷോഭകര്‍നടത്തിയ നീക്കങ്ങളെ അടിച്ചമര്‍ത്തുന്നതില്‍അറബ് രാജ്യങ്ങള്‍ഒറ്റക്കെട്ടായത് ഇറാന്റെ സ്വാധീനം വ്യാപിക്കുന്നത് കണ്ട് കൊണ്ടു തന്നെയാണ്. പ്രക്ഷോഭകര്‍തമ്പടിച്ച പേള്‍ചത്വരം തന്നെ പൊളിച്ചു മാറ്റി. പല പ്രക്ഷോഭകരെയും ഇനിയും കണ്ടു കിട്ടിയിട്ടില്ല. തങ്ങളുടെ സൈനിക താവളം സ്ഥിതി ചെയ്യുന്ന ബഹ്റൈനില്‍സംഘര്‍ഷം വളരുന്നത് അമേരിക്കക്ക് സഹിക്കാനാകില്ല എന്നതായിരുന്നു ആ സത്വര നടപടിയുടെ അടിസ്ഥാനകാരണം. ശിയാ ഭൂരിപക്ഷ പ്രദേശമാണ് ബഹ്റൈന്‍എന്നു കൂടി ഓര്‍ക്കണം. യമനില്‍ഹൂത്തി തീവ്രവാദികള്‍ക്ക് പിന്നില്‍ഇറാനാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അവിടെയും അമേരിക്കന്‍ഡ്രോണ്‍ആക്രമണങ്ങള്‍നിര്‍ബാധം തുടരുന്നതിന് കാരണം ഹൂത്തി ഗ്രൂപ്പിന്റെയും അല്‍ഖാഇദയുടെയും വിനാശകരമായ സാന്നിധ്യം തന്നെ.

ഇറാന്‍അതിന്റെ ഭരണകൂട ശക്തി ഉപയോഗിച്ച് ഇളക്കി വിടുന്ന ശിയാ വികാരത്തെ വരും കാലങ്ങളില്‍സാമ്രാജ്യത്വം വലിയ തോതില്‍ഉപയോഗിക്കുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഹസന്‍റൂഹാനി പ്രസിഡന്‍റായ ശേഷം ഇതിന്റെ സൂചനകള്‍ദൃശ്യമായി തുടങ്ങിയിരിക്കുന്നു. മുസ്‌ലിം ലോകം എന്നും അശാന്തമായി തുടരാന്‍അമേരിക്ക തരാതരം പക്ഷം പിടിക്കും. ഇസ്റാഈലിന്റെ കരുനീക്കവും ഇതിന് പിന്നിലുണ്ടാകും. അരക്ഷിതാവസ്ഥയിലാകുന്ന അറബ് രാജ്യങ്ങള്‍അമേരിക്കയോട് കൂടുതല്‍ആശ്രിതരാകുകയും ശിയാ വിരുദ്ധ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുകയും ചെയ്യും. ഇറാനില്‍നടന്ന രാഷ്ട്രീയ മാറ്റത്തെ “ഇസ്‌ലാമിക വിപ്ലവ’മെന്ന് വിളിക്കുന്നതിന് എന്തെങ്കിലും അര്‍ത്ഥം കൈവരണമെങ്കില്‍ഇറാന്‍അതിന്റെ നിലപാടില്‍സമൂലമായ മാറ്റം വരുത്തിയേ തീരൂ. ലാറ്റിനമേരിക്കന്‍രാജ്യങ്ങളുമായി ചേര്‍ന്ന് ഇറാന്‍പടുത്തുയര്‍ത്തിയ ബദല്‍ചേരിയും സര്‍വ ഉപരോധങ്ങളും അവഗണിച്ച് ആ രാജ്യം നേടിയെടുത്ത സാമ്രാജ്യത്വവിരുദ്ധ പ്രതിച്ഛായയും സംരക്ഷിച്ച് നിര്‍ത്തണമെങ്കില്‍നിഴല്‍യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. ശിയാ തീവ്രവാദി ഗ്രൂപ്പുകള്‍ക്കുള്ള സഹായം അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള രാഷ്ട്രമാകാന്‍അതിന് സാധിക്കണം.

ഇസ്‌ലാമിക സമൂഹത്തെ ശിഥിലമാക്കാന്‍ഇറങ്ങിപ്പുറപ്പെട്ട, ഇസ്‌ലാമിസ്റ്റുകളുടെയും പരിഷ്കരണവാദികളുടെയും വിവിധ വകഭേദങ്ങളെ തുറന്ന് കാണിക്കാന്‍പാരമ്പര്യത്തിലൂന്നി മുന്നോട്ട് നീങ്ങുന്ന യഥാര്‍ഥ സുന്നി പണ്ഡിതരും ജനസാമാന്യവും തയ്യാറാകുകയും വേണം.

 

മുസ്തഫ പി എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ