തിരുനബിയെ അറിയണം. ആ അറിവില്‍ നിന്നാണ് അവിടത്തോടുള്ള അനുരാഗം തുടങ്ങുന്നത്. അനുരാഗത്തിന്റെ ഹൃദയ രാഗമാണ് പ്രവാചക കീര്‍ത്തനങ്ങള്‍. അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും വിലങ്ങുകളില്‍ നിന്ന് മനുഷ്യനെ നൈതികതയുടെ അനന്ത വിഹായസിലേക്ക് വഴി നടത്തിയ തിരുനബി(സ്വ)യെ സ്നേഹ ഭാജനമായി സ്വീകരിച്ച വിശ്വാസിയുടെ ഹൃദയങ്ങള്‍ എങ്ങനെയാണ് പ്രവാചക കീര്‍ത്തനങ്ങളില്‍ ലയിക്കാതിരിക്കുക.
അല്ലാഹു പറഞ്ഞു: “അല്ലാഹുവും അവന്റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.’ നബി(സ്വ)യുടെ വ്യക്തിപ്രഭാവത്തെ നാം കാണുന്നത് അനശ്വരമായ പാരത്രിക ജീവിത വിജയത്തിന്റെ നിദാനമായിട്ടാണ്. സ്നേഹ കാവ്യങ്ങളാണ് മദ്ഹ്ഗീതങ്ങള്. പ്രേമത്തിന്റെ രുചിയറിഞ്ഞവര്ക്കേ അനുരാഗത്തിന്റെ ഗീതങ്ങള്‍ രചിക്കാന്‍ കഴിയൂ.
ശത്രുക്കളുടെ ആക്ഷേപങ്ങള്‍ക്ക് കാവ്യഭാഷയില്‍ മറുപടി പറയാന്‍ സ്വഹാബത്ത് പ്രത്യേകം വേദി ഒരുക്കിയിരുന്നു. കഅ്ബുബ്നു സുഹൈര്‍(റ) ബാനത്തുസ്സുആദ ആലപിച്ചപ്പോള്‍ നബി(സ്വ) പുതപ്പ് നല്കി ആദരിച്ചു. നാബിഗത്തുല്‍ ജഅ്ദി(റ)യുടെ ബലഗ്നസ്സമാഅ, അബ്ദുല്ലാഹിബ്നു റവാഹ(റ)ന്റെ ഖല്ലൂബനില് കുഫ്ഫാരി, ഹംസ(റ)ന്റെ ഹമിത്തുല്ലാ, ഇമാം ബൂസ്വീരിയുടെ ഖസ്വീദത്തുല്‍ ബുര്‍ദ, ഇമാമുല്‍ അഅ്ളം അബൂഹനീഫ(റ)ന്റെ ഖസ്വീദത്തുന്നുഅ്മാനിയ്യ, ഉമറുല്‍ ഖാഹിരി(റ)യുടെ അല്ലഫല്‍ അലിഫ്, ഖസ്വീദത്തുല്‍ ഉമരിയ്യ, വിത്രിയ്യ, ഹംസിയ്യ, മുഹമ്മദിയ്യ, മന്ഖൂസ് മൗലിദ് തുടങ്ങി പ്രവിശാലമാണ് പ്രകീര്‍ത്തന സാഹിത്യ പ്രപഞ്ചം. മലയാള സാഹിത്യത്തില്‍ വള്ളത്തോളിന്റെ പ്രവാചക കീര്‍ത്തനത്തിന്റെ സൗന്ദര്യാത്മക വേണ്ടുവോളം ആവാഹിച്ച രണ്ടു വരികള്‍ ഉദ്ധരിക്കാം.
അഹര്‍ മുഖപ്പൊന് കതിര് പോലെ
മുഹമ്മദ പേരിനിതാ നമശ്ശതാ“
അനുഭവവും അനുഭൂതിയും അനുരാഗത്തിന്റെ ചാറ്റല്‍ മഴക്ക് സൗരഭ്യവും അത്യാസ്വാദനവുമേകുന്നു. പ്രവാചക ജീവിതത്തെ അക്ഷരങ്ങള്‍ കൊണ്ട് കോറിയിടാന്‍ കഴിഞ്ഞില്ലെങ്കിലും ഹൃദ്യമായ ആവിഷ്കാരവും മൂര്ധന്യമായ മാതൃകാ ജീവിതവും ഇമാം ബൂസ്വീരി(റ) ബുര്‍ദാ വചനങ്ങളിലൂടെ ജനങ്ങളില്‍ കുടിയിരുത്തി.
ഫമബ്ലഗുല് ഇല്‍മി ഫീഹി അന്നഹു ബശറുന്‍ …
(അവിടുത്തെക്കുറിച്ച് പരമാവധി അറിയുന്നത് ഒരു മനുഷ്യനാണെന്നാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അത്യുത്തമനാണെന്നും).
നബി(സ്വ) സാധാരണ മനുഷ്യനല്ല. എല്ലാ സൃഷ്ടികള്‍ക്കും മുന്നില്‍ നിന്ന് നയിക്കുന്ന അമാനുഷ നേതാവാണ്. ജിബ്രീല്‍(അ)ന് പ്രവേശനമില്ലാത്ത സ്ഥലത്ത് പോലും അനുവാദമുള്ള ശ്രേഷ്ഠദൂതര്. മറ്റുള്ള പ്രവാചകന്മാര്ക്ക് ഭയമുള്ള സ്ഥലത്ത് നിര്‍ഭയത്വം പുലര്‍ത്തുന്ന, പുനര്ജന്മ നാളില്‍ ആദ്യം ഖബര്‍ വിട്ട് വരുന്ന സന്പൂര്‍ണ മനുഷ്യന്.
ഫഹുവല്ലദീ തമ്മ മഅ്നാഹു വസ്വൂറത്തുഹു….
മുത്തു നബിയുടെ രൂപവും ആശയവും സന്പൂര്ണമായിട്ടുള്ളതാണ്.
ചില മനുഷ്യര്‍ക്ക് രൂപസൗന്ദര്യമുണ്ടാവും. പക്ഷേ അകത്തളം മോശമായിരിക്കും. ചിലരുടെ അന്തരംഗം സൗന്ദര്യാത്മകവും ശരീരം വിരൂപവുമായിരിക്കും. എന്നാല്‍ ശരീരഭംഗി മോശമല്ലാത്ത അന്തരംഗമുള്ളവര് തന്നെ അതില്‍ പരിപൂര്‍ണരല്ല. നബി(സ്വ) ഈ രണ്ടിലും പൂര്‍ണത മാത്രമല്ല, സന്പൂര്ണതയുള്ളവരാണ്.
ഹുവല്‍ ഹബീബുല്ലദീ തുര്ജാ ശഫാഅതഹു …
തിരുദൂതര്‍ ഹബീബാണ്. എല്ലാ ആകസ്മിക ദുരന്ത ഘട്ടങ്ങളിലും അവിടുത്തെ ശിപാര്‍ശ പ്രതീക്ഷിക്കണം.
മുത്തുനബി(സ്വ) ഗവേഷണ വിധേയമാക്കാന്‍ പറ്റിയ വിഷയമാണ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര് ലോകത്തിലെ നാലുദിക്കുളില് പതിനാല് നൂറ്റാണ്ടുകളായി ചിന്താലോകത്ത് നബി(സ്വ) നിറസാന്നിധ്യമാണെന്നു നിരീക്ഷിച്ചു. ലോകത്തെ ഇന്നു ബാധിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ മുഹമ്മദ് നബി(സ്വ)യെ പോലുള്ള ഒരാള്‍ക്കേ കഴിയൂ എന്ന് ബര്‍നാഡ്ഷായും പറഞ്ഞുവെച്ചു.
അവിടുത്തെ പൂര്‍ണമായി പ്രകീര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ എന്നും വിഫലമായിട്ടേയുള്ളൂ. കാവ്യമായോ, ലിഖിതമായോ പോലും പൂര്‍ണ പ്രകീര്ത്തനത്തിന് ശേഷിയില്ലാതെ ഉഴറി അനുരാഗ വൃന്ദങ്ങള്‍. ഇമാം ബൂസ്വീരി(റ)യെ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം.
മാലയില്‍ കോര്‍ത്ത് മുത്തുകള്‍ എത്രെ മനോഹരം
എന്നാല്‍ കോര്ക്കാത്തവയോ… അതി മനോഹരം
മുഹമ്മദ് ഉവൈസ് പാലാട്