ഇസ്‌ലാമികാദര്‍ശം പ്രചരിപ്പിക്കുക, മുസ്‌ലിംകളില്‍ മത ബോധം നില നിര്‍ത്തുക, അവരുടെ ആരാധനാകാര്യങ്ങള്‍ക്ക് പള്ളികള്‍ സ്ഥാപിക്കുക, മതപഠനത്തിന് മദ്രസകളും. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക സാങ്കേതിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക, മുസ്‌ലിംകളെ മാതൃകാ സമൂഹമാകാന്‍ പരിശീലിപ്പിക്കുക, സമൂഹത്തിലെ അശരണര്‍ക്കും അഗതികള്‍ക്കും നിരാശ്രയര്‍ക്കും നിര്‍ധനര്‍ക്കും സഹായ സാന്ത്വനങ്ങള്‍ നല്‍കുക, രാഷ്ട്രത്തിനും സമൂഹത്തിനും സേവനവും ഗുണവും ചെയ്യാന്‍ പ്രചാരണം നടത്തുക. രാഷ്ട്രവിരുദ്ധ, സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവണതകള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുക, മതജാതി ചിന്തകള്‍ക്കതീതമായ പരസ്പര സൗഹാര്‍ദ്ദവും സഹിഷ്ണുതയും പാരസ്പര്യവും വളര്‍ത്തുക, അതിനുതകുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക, സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയാണ് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

ഈ ലക്ഷ്യങ്ങള്‍ക്കായി ബഹുമുഖ സ്ഥാപനങ്ങള്‍, പത്രങ്ങള്‍, സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കാസറ്റുകള്‍, ബ്രോഷറുകള്‍, പുസ്തക പ്രസിദ്ധീകരണം, ഭരണാധികാരികളുമായുള്ള കൂടികാഴ്ചകള്‍ തുടങ്ങിയ കാലോചിതമായ കാര്യങ്ങള്‍ എസ് വൈ എസ് ചെയ്തുവരുന്നു. സംഘടനയുടെ ഗള്‍ഫ് ഘടകമായി ഇസ്‌ലാമിക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്). അഖില്യോ തലത്തില്‍ ഇതര സ്റ്റേറ്റുകളില്‍ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എം.ഓ.ഐ)യും പ്രവര്‍ത്തിക്കുന്നു. ഇവയും വിവിധ പദ്ധതികള്‍ക്ക് കര്‍മ്മരൂപം നല്‍കി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

സാര്‍ത്ഥകം ഈ മുന്നേറ്റം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശ ലക്ഷ്യങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എസ്.വൈ.എസ് ആദര്‍ശ സംരക്ഷണത്തിനും സമസ്തയുടെ പ്രചാരണത്തിനുമാണ് മുഖ്യപരിഗണന നല്‍കുന്നത്. ദഅ്വ പ്രവര്‍ത്തന വേദി എന്ന നിലയില്‍ ഉണ്ടായിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് അതിന്റെ കര്‍മപദ്ധതി ആവിഷ്കരണം.

ഇസ്‌ലാമിക വ്യക്തിത്വം നിലനിര്‍ത്തി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് എസ്.വൈ.എസ് ലക്ഷ്യമാക്കുന്നത് എന്നതിനാല്‍ അതിനനിവാര്യമായ പ്രചാരണ പരിപാടികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ടല്ലോ. ആദര്‍ശവും ആത്മീയതയും ധാര്‍മികതയും ഒത്തുചേരുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് സമൂഹത്തില്‍ തന്റെ സാന്നിധ്യം ഗുണപരമായി അടയാളപ്പെടുത്താന്‍ സാധിക്കൂ. എസ്.വൈ.എസ് സമൂഹത്തില്‍ ഇവസ്ഥാപിക്കുന്നതിനായി വിവിധ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പരമ്പരാഗത സംവിധാനങ്ങളെ അവഗണിക്കാതെ അവയുടെ ഗുണഫലം കൂടുതല്‍ പ്രസരിപ്പിക്കുന്നവിധം ക്രമീകരിക്കാനാണ് എസ്.വൈ.എസ് ശ്രമിച്ചിട്ടുള്ളത്.

മഹല്ല് സമുദ്ധാരണം ഇതിന്റെ ഭാഗമാണ് കേരള മുസ്‌ലിംകള്‍ അവരുടെ വ്യക്തിത്വവും സാംസ്കാരവും സംരക്ഷിക്കുന്നതിനും സാമൂഹ്യ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനും പരമ്പരാഗതമായി സ്വീകരിച്ചു വരുന്ന കൂട്ടായ്മയാണ് മഹല്ല് സംവിധാനം. ഒരു പ്രദേശത്തെ മുസ്‌ലിം ജന സമൂഹത്തിന്റെ ആത്മീയതയും മതപരമായ അച്ചടക്കവും മത വിജ്ഞാനവും പരിശീലനവും കാലങ്ങളായി ഈ സംവിധാനത്തിന്റെ കീഴിലാണ് നിര്‍വ്വഹിച്ചു വന്നിട്ടുള്ളത്. അതിനാല്‍ തന്നെ പൂര്‍വ്വികര്‍ മതപരമായ വിഷയത്തിലവലംബിച്ച രീതിയും നിലപാടുകളും ഫലപ്രദമായി മുസ്‌ലിംകളില്‍ നിലനിര്‍ത്തേണ്ടതുണ്ട്. അത്വഴി അവരെ മാതൃകായോഗ്യരാക്കാന്‍ മഹല്ല് സംവിധാനങ്ങള്‍ സജീവമാകണമെന്ന് എസ്.വൈ.എസ് മനസ്സിലാക്കുകയും അതിനായി മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു.

സമൂഹവും സംസ്കാരവും നേരിടുന്ന ഏതുതരം വെല്ലുവിളികള്‍ക്കും മഹല്ല് സംവിധാനത്തില്‍ പരിഹാരം കാണാനും സമൂഹത്തെ നാണംകെടുത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കും അരുതായ്മകള്‍ക്കും ശമനം കാണാനും മഹല്ല് സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നത് അനുഭവമാണ്. പോയകാല സമൂഹത്തിന്റെ അച്ചടക്കം സ്വീകരിച്ച് ജീവിക്കാന്‍ വര്‍ത്തമാന കാല സമൂഹം പ്രചോദിതരാകുംവിധം മഹല്ല് സംവിധാനങ്ങള്‍ ആയിത്തീരേണ്ടതുണ്ട്. അതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ സംഘടന ആവിഷ്ക്കരിച്ച് നടപ്പാക്കുന്നു. മഹല്ല് സംവിധാനങ്ങള്‍ പള്ളി, മഖ്ബറ പരിപാലനത്തിലൊതുങ്ങാതെ സേവനപരമായ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. മഹല്ലില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ക്ക് ശക്തിയും പങ്കാളിത്തവും സാധ്യമായ വിധം നിര്‍വ്വഹിച്ച് കൊണ്ടാണ് സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നത്. മഹല്ലുകളില്‍ തലമുറ ബന്ധങ്ങള്‍ ഗുണപരമായി നിലനിര്‍ത്താനും അന്തര്‍ധാനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആചാരങ്ങളും നടപടികളും ആത്മീയമായ കൃത്യതയില്‍ സജീവമാക്കാനും ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുടുംബ സംസ്കരണം

സമൂഹത്തിന്റെ അടിസ്ഥാനമായ സ്ഥാപനമാണ് കുടുംബം. കുടുംബം സംഭാവന ചെയ്യുന്ന വ്യക്തികളാണ് സമൂഹമാകുന്നത്. അതിനാല്‍ സമൂഹം നന്നായിരിക്കാന്‍ കുടുംബതലത്തിലേ സംസ്കരണം വേണം. സമൂഹമായാലും കുടുംബമായാലും അതിലെ ഘടകങ്ങള്‍ മനുഷ്യരാണ്. വ്യക്തി സംസ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. മാര്‍ഗദര്‍ശനമില്ലെങ്കില്‍ പതനമായിരിക്കും ഫലം. കുടുംബസംസ്കരണത്തിനും അച്ചടക്കത്തിനും കുടുംബാന്തരീക്ഷത്തില്‍ ആത്മീയത സംരക്ഷിക്കുന്നതിനും വ്യത്യസ്ത പദ്ധതികള്‍ സംഘശക്തി നടപ്പാക്കുന്നു.

പരസ്പരമുള്ള കഴിവുകളും കടപ്പാടുകളും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന അംഗങ്ങളായിരിക്കണം കുടുംബത്തിലെ എല്ലാവരും. എല്ലാവരുടെയും ഏകോപനത്തിനും ഐക്യത്തിനും ഉപകരിക്കുക അവരുടെ ആത്മീയ ബോധമാണ്. ഓരോരുത്തരും അപരനോടുള്ള സമീപന രീതികള്‍ക്ക് കൃത്യമായ മാനദണ്ഡം ആവശ്യമത്രെ. അപരന്റെ അവകാശങ്ങളും സൗകര്യങ്ങളും അനുവദിക്കുകയും നല്ല നിലയില്‍ വര്‍ത്തിക്കുകയും വേണം. പ്രശ്നങ്ങള്‍ ഉണ്ടാവാതെ പരമാവധി സംരക്ഷിക്കുകയും ഉണ്ടായാല്‍ മാന്യമായി പരിഹരിക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്‌ലാമിനുള്ളത്. അതിനാല്‍ തന്നെ എസ്.വൈ.എസിന്റെ രീതിയും അതല്ല. കുടുംബത്തിന്റെ ഐക്യവും ഭദ്രതയും സംരക്ഷിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ പ്രായോഗികമായി സംഘടന നടത്തിക്കൊണ്ടിരിക്കുന്നു.

ഉപഭോഗ സംസ്കാരത്തിന്റെ ഉപോല്‍പന്നമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുടുംബ ശൈഥില്യം ഇന്നിന്റെ ശാപമാണ.് അത്തരം ഘട്ടത്തില്‍ പരിധിയില്‍പെട്ട അനുരജ്ഞന ശ്രമങ്ങള്‍ നടത്തുന്നു. ഫാമിലിസ്കൂള്‍, മോറല്‍ സ്കൂള്‍ തുടങ്ങിയവ വ്യവസ്ഥാപിതമായി പ്രാദേശിക തലങ്ങളില്‍ നടന്നുവരുന്നു. പ്രത്യേക ഘട്ടങ്ങളില്‍ കുടുംബാംഗങ്ങളില്‍ കാറ്റഗറി തിരിച്ച് മാതൃ സംഗമം, മദര്‍ ഇന്‍ലോമീറ്റ്, പ്രീ മാരിറ്റല്‍ ക്ലാസ്സ്, സഹോദരി സംഗമം തുടങ്ങിയവ നടത്തുന്നു.

ആദര്‍ശസംരക്ഷണം

ഇസ്‌ലാമികാദര്‍ശത്തെ അതിന്റെ ഉന്നതനും സവിശേഷവുമായ ദൈവികമെന്ന അവസ്ഥ യില്‍നിന്ന് ഇസങ്ങളുടെ സിദ്ധാന്തങ്ങളുടെയും കൂട്ടത്തില്‍ ഒന്നുമാത്രമായി തരം താഴ്ത്തുന്ന പ്രവണതകളെ സംഘടന ശക്തമായിത്തന്നെ പ്രതിരോധിച്ചിട്ടുണ്ട്. പ്രപഞ്ച നാഥനില്‍ നിന്നും ദാനമായി കിട്ടിയ ഒരാദര്‍ശത്തെയും അതിന്റെ ജീവിത വ്യവസ്ഥയെയും മൂല്യം ചോരാതെ നിലനിര്‍ത്താന്‍ കഴിയുന്നു എന്നത് സംഘടനയുടെ നേട്ടമാണ്.

ഇസ്‌ലാം മതത്തെ നവീകരിക്കാന്‍ പ്രപഞ്ചത്തിലാര്‍ക്കും അധികാരമില്ല. അതിന്റെ നവ്യത കല്‍പ്പിതവും സാഹചര്യപരവും കാലാധിഷ്ഠിതവുമല്ല. പ്രത്യുത സുസ്ഥിരമാണ്. ആ നവ്യഭാവത്തെ സംരക്ഷിക്കാനാണ് പ്രബോധകര്‍ ശ്രമിക്കേണ്ടത്. പുതുമ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന മതത്തിന്റെ താല്‍പര്യത്തെ, നവീകരിക്കലാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഇസ്‌ലാമിന്റെ പ്രചാരണ സാധ്യതക്ക് മുന്നില്‍ പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രസ്ഥാനത്തിന് ഇസ്‌ലാമികാദര്‍ശ സംരക്ഷണത്തിന്റെയും പ്രചാരണത്തിന്റെയും വഴിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്. ഖണ്ഡനങ്ങളും മുഖാമുഖങ്ങളും സംവാദങ്ങളും നടത്തേണ്ടി വന്നതങ്ങനെയാണ്. സംഘടനയുടെ പിന്നിട്ട ദശാബ്ദങ്ങളില്‍ ഇത്തരം വേദികള്‍ അനേകം സംഘടിപ്പിക്കുകയും ലക്ഷ്യം നേടുകയുമുണ്ടായി.

യൗവനസമര്‍പ്പണം

മതത്തെയും മത ചിഹ്നങ്ങളെയും മറയാക്കി തല്‍പര കക്ഷികള്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങളും സാമൂഹിക രംഗത്തെ ഇടപെടലുകളും മതത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുസ്‌ലിം സമൂഹത്തെ പ്രത്യേകിച്ച് യുവതയെ അത്തരത്തിലുള്ള പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും അകപ്പെടാതെ എസ് വൈ എസ് സംരക്ഷിക്കുന്നു. നാടിന്റെ അസ്തിത്വ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ നടത്തിയ ദേശീയ കാമ്പയിനും കോണ്‍ഫറന്‍സും തീവ്രവാദം പരിഹാരമല്ല എന്ന പ്രമേയത്തില്‍ നടത്തിയ കാമ്പയിനും വിരുദ്ധ പ്രവണതകള്‍ക്കെതിരെയുള്ള വ്യവസ്ഥാപിത പ്രചാരണമായിരുന്നു.

ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാന്നിധ്യം അനുഗ്രഹമായി അനുഭവപ്പെടുത്തിയ പൗരാണിക സമുദായ പാരമ്പര്യത്തെ തകര്‍ക്കുന്നതിന് ന്യായം കണ്ടെത്തുന്ന കാലമാണിത്. പോയകാല പ്രതാപത്തിന്റെ ചേരുവകളെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രയോഗികവും ഫലപ്രദവുമായ വിധം പുനസ്ഥാപിക്കാന്‍ സംഘടന എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. വിവിധ പ്രശ്നങ്ങളാല്‍ കലുഷമായ നിലങ്ങളില്‍ സമാധാനത്തിന്റെ ദൂതും സ്നേഹ സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായി സംഘടന കര്‍ത്തവ്യം നിര്‍വ്വഹിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും സുസ്ഥിതിയും അപകടപ്പെടുത്തുന്ന പ്രവണതകളോട് പ്രതിരോധത്തിലേര്‍പ്പെടുകയും തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയും ചെയ്യുന്നു. മനുഷ്യപ്രകൃതമായ സ്നേഹ സൗഹാര്‍ദങ്ങള്‍ കുത്സിത താല്‍പര്യങ്ങളുടെ പേരില്‍ സങ്കുചിതപ്പെടുത്തിക്കൂടെന്ന് പ്രസ്ഥാനം കരുതുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്ത മത ചിന്തക്കാരെയും വ്യത്യസ്ത മേഖലകളിലുള്ളവരെയും ഒന്നിപ്പിക്കുന്നതിനുള്ള വേദികളും അവസരങ്ങളുമൊരുക്കുന്നു.

തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, പ്രദേശികവാദം തുടങ്ങിയ സങ്കുചിത ചിന്തകളും വികാരങ്ങളും നാടിന്റെ ക്ഷേമത്തിനും ഉദ്ഗ്രഥനത്തിനും വിഘാതമാണെന്നതിനാല്‍ അവക്കെതിരെ ഫലപ്രദമായ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നു. ദേശ വിരുദ്ധമായ ചിന്തകളും സമീപനങ്ങളും ആരുടെ ഭാഗത്ത് നിന്നായാലും തുറന്നെതിര്‍ക്കുകയും രാജ്യസ്നേഹം വളര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ രംഗം

ജീവസ്സുറ്റ ഒരു സമൂഹത്തെ കര്‍മ്മസജ്ജരാക്കുന്നതിന് വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ലക്ഷ്യം നേടാനുപകരിക്കും വിധത്തില്‍ മൂല്യം ചോരാതെ വിദ്യാഭ്യാസത്തിനവസരമുമ്ടാവണം. നാമനുവര്‍ത്തിക്കുന്ന പൊതു സംവിധാനത്തില്‍ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. അത് പരിഹരിക്കണമെന്ന ആവശ്യം ഉന്നയിക്കാമെങ്കിലും നമ്മുടെ രാജ്യത്ത് പരിമിതികളുണ്ട് എന്ന സത്യം പ്രസ്ഥാനം മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ ധര്‍മ്മ വിചാരം വളര്‍ത്താനും ധര്‍മബദ്ധരായ സമൂഹത്തെ സൃഷ്ടിക്കാനും വിദ്യാഭ്യാസ രംഗത്ത് അനുപൂരക സംവിധാനം ആവശ്യമാണ്. മത ധാര്‍മിക മൂല്യങ്ങള്‍പൂരകമായി പകര്‍ന്നു നല്‍കാന്‍ സാധിക്കും വിധത്തില്‍ വിദ്യാഭ്യാസ സൗകര്യത്തെ പ്രയോജനപ്പെടുത്തുക എന്നത് പ്രധാനമാണ്.

മത ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസത്തിന് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ സംവിധാനങ്ങളേറെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറി തലമുതല്‍ പോസ്റ്റ് ഗ്രാജേഷന്‍ വരെ മാത്രമല്ല അഭിരുചിക്കനുസൃതമായി ഗവേഷണരംഗത്തും സര്‍വ്വീസ് മേഖലയിലും ഉന്നത പഠനത്തിന് സാഹചര്യങ്ങളൊരുക്കിക്കൊണ്ടിരിക്കുന്നു. മത ധാര്‍മ്മിക മൂല്യങ്ങള്‍ നിലനിര്‍ത്തിത്തന്നെ വിദ്യാഭ്യാസവും ഗവേഷണവും ഔദ്യോഗിക വൃത്തിയും ആവാമെന്ന് പ്രസ്ഥാനം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. ഭൗതികതയെ പൊലിപ്പിച്ച് കാട്ടി മത നിരാസത്തിന് കോപ്പ് കൂട്ടിയിരുന്നവരെ നിരാശരാക്കും വിധം പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനം വിജയകരമായിട്ടുണ്ട്.

മതവിദ്യാഭ്യാസം

വിദ്യാഭ്യാസബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ മത വിദ്യാഭ്യാസത്തിന് പലപ്രദമായ ചുവടുവെപ്പുകള്‍ നടന്നപ്പോള്‍ അതിനെ ജനങ്ങളിലെത്തിച്ച് മതപരമായ പ്രാഥമിക വിദ്യാഭ്യാസത്തിന് എസ് വൈ എസ് വിപുലമായ സൗകര്യങ്ങളൊരുക്കുകയുണ്ടായി. ഇപ്പോള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഭാഷകളില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസനുസരിച്ച് മത പാഠശാലകള്‍ നടത്തുന്നു. അനിവാര്യമായി വന്ന ഘട്ടത്തില്‍ വലിയ ത്യാഗവും ബാധ്യതയും ഏറ്റെടുത്ത് കൊണ്ടാണ് പ്രാദേശിക മദ്രസകള്‍ സ്ഥാപിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. മത പാഠശാലകളെയും മദ്രസകളെയും അപവാദം പ്രചരിപ്പിക്കാനും ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മതിപ്പുകുറക്കാനും കാരണമാകുംവിധം ദുരുപയോഗം ചെയ്യുന്നവരില്‍ നിന്നും ഇളം തലമുറയെ രക്ഷിക്കുന്നതിനായി പ്രസ്ഥാന പ്രവര്‍ത്തകര്‍ ധാരാളം മദ്രസകള്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ട്.

പള്ളിദര്‍സുകള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ദര്‍സ് പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും മത വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഭൗതിക വിദ്യാഭ്യാസത്തിന്റെ സമയക്രമവും കരിക്കുലവും മതവിദ്യഭ്യാസത്തിനും ധാര്‍മ്മിക ബോധം വളര്‍ത്തുന്നതിനും അവസരം ലഭിക്കാത്ത വിധം ആയിത്തീര്‍ന്നിട്ടുണ്ട് അതിനാല്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയമാര്‍ഗമായി ദഅ്വകോളേജുകള്‍ സ്ഥാപിച്ച് നടത്തപ്പെടുന്നു. ദഅ്വകോളേജുകളില്‍ നിന്നും പുറത്തിറങ്ങിയവര്‍ ഇസ്‌ലാമിക വേഷവും രൂപവും നിലനിര്‍ത്തിതന്നെ ഉന്നത തസ്തികകളില്‍ ഔദ്യോഗിക ജീവിതം നയിക്കുന്നു.

ഇസ്‌ലാമിന്റെ ആദര്‍ശാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകരിച്ചും അടിസ്ഥാനപ്പെടുത്തിയും അവയെ പരിപോഷിപ്പിച്ചുമാണ് പ്രസ്ഥാനത്തിന്റെ ചലനങ്ങള്‍. ആകര്‍ഷകമായ പ്രലോഭനക്കൊടുങ്കാറ്റിലും ആടിയുലയാതെ ആദര്‍ശജീവിത നൗകയെ മുന്നോട്ട് നയിക്കാന്‍ പ്രതിജ്ഞാബദ്ധരായി ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സമസ്തയുടെ ഉപദേശ നിര്‍ദേശങ്ങളും ലക്ഷ്യ നിര്‍ണയവും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മേല്‍ നോട്ടവും ഉപയോഗപ്പെടുത്തി സംഘകുടുംബത്തിലെ മറ്റെല്ലാ ഘടകങ്ങളെയും പങ്കാളികളാക്കി പ്രസ്ഥാനം അറുപതിലും നിറയൗവനം പ്രകടിപ്പിച്ച് ജീവസ്സുറ്റ കര്‍മ്മപരിപാടികളുമായി മുന്നേറുകയാണ്.

വളണ്ടിയര്‍ സേവനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ “സഹായി’ നേരത്തെ പ്രവര്‍ത്തന രംഗത്തുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ “സാന്ത്വനം മഹല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ “കനിവ്’ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ “സാന്ത്വനം’ തുടങ്ങിയവ പുതിയ പദ്ധതിക്കാലത്ത് സമാരംഭിച്ച് വിപുലവും പ്രശംസനീയവുമായി സേവനം നല്‍കിക്കൊണ്ടിരിക്കുന്നു.തിരുവനന്തപുരം ആര്‍.സി.സി കേന്ദ്രീകരിച്ച് നടന്നുവരുന്ന സാന്ത്വന പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കി നടത്തുന്നതിന്റെ ഭാഗമായി കോടികള്‍ ചെലവഴിച്ച് സൗകര്യപ്രദമായ സാന്ത്വനം ഭവനം സ്ഥാപിക്കുകയാണ്. സ്ഥലമെടുപ്പും പ്രാഥമിക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ജില്ല ആശുപത്രികള്‍ കേന്ദ്രീകരിച്ചും, ജനറല്‍ ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചും വിപുലമായ സാന്ത്വന വളണ്ടിയര്‍ സേവനം നടക്കുന്നുണ്ട്. വളണ്ടിയര്‍ സേവനത്തിന്റെ പുറമെ ഭക്ഷണവും മരുന്നും സഹായികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വിശ്രമ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ആശുപത്രി വാര്‍ഡ് നവീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആശുപത്രികളില്‍ അത്യാവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും ജീര്‍ണ്ണിച്ച വാര്‍ഡുകളുടെയും സൗകര്യങ്ങളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും സാന്ത്വനം പദ്ധതികളുടെ ഭാഗമായി നടക്കുന്നു. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിനും അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കുന്നതിനും സംവിധാനങ്ങളേര്‍പ്പെടുത്തുന്നു. ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ സാന്ത്വനം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.

മെഡിക്കല്‍ കാര്‍ഡ്

സ്ഥിരമായ ചികിത്സയും മരുന്നും വേണ്ടവര്‍ക്ക് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ആവശ്യവും അനുസരിച്ച് 10000, 5000, 3000 എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായി മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. രോഗിയുടെ പ്രദേശത്ത് ഒരു മെഡിക്കല്‍ സ്റ്റോറുമായി ധാരണയുണ്ടാക്കി അവര്‍ക്ക് പണം എത്തിച്ചാണിത് സാധിക്കുന്നത്. അടിയന്തിര പ്രാധാന്യമനുസരിച്ച് അത്യാഹിതങ്ങളിലും ദുരന്തങ്ങളിലും ചെലവേറിയ ചികിത്സകള്‍ക്കും 10000 മുതല്‍ സംഖ്യ അനുവദിക്കുന്നുണ്ട്.

സാന്ത്വനം ക്ലബ്ബുകളും കേന്ദ്രങ്ങളും

സാര്‍വ്വത്രികമായ സാന്ത്വന സേവന സമര്‍പ്പണത്തിനുള്ള സംവിധാനമാണ് സാന്ത്വനം ക്ലബുകളും സാന്ത്വനം കേന്ദ്രങ്ങളും. പ്രാദേശികമായി സജ്ജീകരിക്കപ്പെടുന്നതായതിനാല്‍ കൂടുതലാളുകള്‍ക്ക് ഇതിന്റെ ഗുണം നേരിട്ട് എത്തിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്നു. കിടപ്പിലായവരും സഞ്ചാര ശേഷിയില്ലാത്തവരുമായ രോഗികള്‍ക്കും അത്യാഹിതത്തില്‍ പെട്ടവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍, ഊന്നു വടികള്‍, വാട്ടര്‍എയര്‍ ബെഡുകള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുങ്ങിയവ നല്‍കുന്നതിനായി, അവ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് സാന്ത്വനം കേന്ദ്രങ്ങള്‍. പ്രാദേശികമായി സേവന സന്നദ്ധതയുള്ള യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി സേവനയോഗ്യരാക്കുന്നതിനും അവരെ സംഘടിപ്പിക്കുന്നതിനുമുള്ള സംവിധാനമാണ് സാന്ത്വനം ക്ലബ്ബുകള്‍.

സംസ്ഥാനത്ത് 37 ആംബുലന്‍സുകള്‍, 2346 സാന്ത്വനം ക്ലബുകള്‍, 2356 സാന്ത്വനം കേന്ദ്രങ്ങള്‍, 18 ട്രോമാ കെയര്‍ യൂണിറ്റുകള്‍, 6 മെഡിക്കല്‍ ഷോപ്പുകള്‍, 46 വളണ്ടിയര്‍ വിംഗുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.

വിവിധ പ്രദേശങ്ങളില്‍ എസ്.വൈ.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന സൗജന്യ റേഷന്‍ സംവിധാനങ്ങള്‍ ശ്രദ്ധേയമാണ്. സാന്ത്വനം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റമളാനില്‍ വ്യത്യസ്ത ആശുപത്രികളിലെ രോഗികള്‍ക്കും സഹായിക്കുന്നവര്‍ക്കും ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നു. റമളാനിലും ആഘോഷ ഘട്ടങ്ങളിലും ഭക്ഷ്യവിഭവ കിറ്റുകളും ധാരാളമായി വിതരണം ചെയ്യപ്പെടുന്നു.

പ്രാദേശിക യൂണിറ്റുകളിലൂടെയും പള്ളികളിലൂടെയും സംഭരിക്കുന്ന ചെറിയ തുകകള്‍ സ്വരൂപിച്ചാണ് വമ്പദ്ധതികള്‍ വിജയിപ്പിക്കുന്നത്. പ്രാദേശികമായ തനത് നിര്‍ദിഷ്ട പദ്ധതികള്‍ നടപ്പാക്കുന്നതിനും ഈ വഴിമാത്രമാണുള്ളത്. പ്രവാസികളായ സഹോദരങ്ങളുടെ നിര്‍ലോഭമായ സഹകരണവും ഉദാരമതികളുടെ സഹായവും എടുത്തു പറയേണ്ടതാണ്. ഐസിഎഫ് ഘടകങ്ങള്‍ പലതും ഭവന നിര്‍മാണം വിവിധ ധനസഹായ പദ്ധതികള്‍ തുടങ്ങിയ സ്വന്തമായി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു.

സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വലിയ തുകയാണ് ഓരോവര്‍ഷവും ചെലവഴിക്കുന്നത്. ഓഫീസില്‍ കൃത്യമായി ലഭിച്ച വിവരങ്ങളും നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളും തന്നെ കോടികള്‍ വരും. 2014ല്‍ 30 കോടി രൂപയാണ് ഈ ഇനത്തില്‍ വിനിയോഗിച്ചത്. വരുംവര്‍ഷത്തില്‍ 40 കോടിയുടേതാണ് പ്രതീക്ഷിക്കുന്നത്. കീഴ്ഘടകങ്ങള്‍ക്ക് വീതിച്ച് നല്‍കിയ പദ്ധതികളുടെ ഏകദേശ കണക്കാണിത്. പ്രാദേശികമായി നടപ്പാക്കപ്പെടുന്ന പദ്ധതിചെലവുകള്‍കൂടി പരിഗണിക്കുമ്പോള്‍ തുക ഇനിയും വര്‍ദ്ധിക്കും.

ഇങ്ങനെ സമൂലമായ അര്‍ത്ഥത്തിലും വ്യാപക മേഖലകളിലും എസ് വൈ എസ് കഴിഞ്ഞ ആറു പതിറ്റാണ്ടായി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇതേ മാര്‍ഗങ്ങളിലൂടെയാണ് മുന്നേറാനുള്ളതും. അതിന് പ്രബുദ്ധരും പ്രാപ്തരുമായ യൗവനത്തെ നിര്‍മിച്ചു സമര്‍പ്പിക്കുകയാണ് അറുപതാം വാര്‍ഷികത്തിന്റെ പ്രധാന സംരംഭം. നൂറു ശതമാനം സാര്‍ത്ഥകമാണ് ഈ മുന്നേറ്റം (അല്‍ഹംദുലില്ലാഹ്).

 

സാമൂഹ്യ തിന്മകള്‍ക്കെതിരെ

സമൂഹത്തില്‍ പെരുകിവരുന്ന ജീര്‍ണതകളും ആസുരതകളും ക്രമേണ ഇല്ലായ്മ ചെയ്യുന്നതിന് സദാചാരബദ്ധരും സമാധാന കാംക്ഷികളുമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. ലഹരികള്‍, ആഭാസങ്ങള്‍, അസഹിഷ്ണുതകള്‍, വര്‍ഗീയത തുടങ്ങി സമൂഹത്തെ ഗ്രസിക്കുന്ന തിന്മകള്‍ക്കും അരുതായ്മകള്‍ക്കുമെതിരെ ഫലപ്രദമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഫലംകാണാനായിട്ടുണ്ട്.

നാടിന്റെയും സമൂഹത്തിന്റെയും പൊതുവായ നന്മ ലക്ഷ്യമാക്കി നടത്തിയ എസ് വൈ എസ് കാമ്പയിനുകളും ചര്‍ച്ചകളും ശ്രദ്ധേയമായവയാണ്. കേരളത്തെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍, മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍, നാടിന്റെ അസ്തിത്വ വീണ്ടെടുപ്പിന്, തിന്മയുടെ വിപാടനം നന്‍മയുടെ വീണ്ടെടുപ്പ്, മാനവികതയെ ഉണര്‍ത്തുന്നു. സ്നേഹസമൂഹം സുരക്ഷിത നാട് , തീവ്രവാദം പരിഹാരമല്ല തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ നടത്തിയ കാമ്പയിനുകളും യാത്രകളും പ്രചാരണ പരിപാടികളും നാടിന്റെയും സമൂഹത്തിന്റെയും ഗുണമാണ് ലക്ഷ്യമിട്ടത്. ദുഷ്ടലാക്കുകളില്ലാതെ സദുദ്ദേശപരമായി നടത്തിയ പ്രചാരണപരിപാടികളെ കേരളീയ സമൂഹം ഏറ്റെടുത്തത് സംഘടനയുടെ ചരിത്രത്തില്‍ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്.

സമൂഹത്തെയും സംസ്കാരത്തെയും മലീമസമാക്കുന്ന ജീര്‍ണ്ണതകളും സാമൂഹ്യ ക്രമത്തെ തകരാറിലാക്കുന്ന പ്രശ്നങ്ങളെയും തിരിച്ചറിഞ്ഞ് ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം നടത്തിയ ചരിത്രമാണ് സംഘടനക്കുള്ളത്. മനുഷ്യനെ ഒന്നായി കാണുന്നതിന് തടസ്സമാകുന്ന വികാരവിചാരം വളരാനും പടരാനും അനുവദിക്കാതെ സമൂഹത്തിനും സംസ്കാരത്തിനും കവചവും കാവലാളുമായി സംഘടന വര്‍ത്തിക്കുകയുണ്ടായി.

 

രാഷ്ട്രീയമായ അവബോധം

നമ്മുടെ നാട്ടിലെ ജനാധിപത്യ സംവിധാനം അനുവദിക്കുന്ന കക്ഷിരാഷ്ട്രീയ സ്വാതന്ത്ര്യം രാജ്യത്തിന് ഉപകാരപ്പെടണമെന്നതാണ് സംഘടനയുടെ നിലപാട്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പൊതുവായ നന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിധം രാഷ്ട്രീയ പാര്‍ട്ടികള്‍ പരിവര്‍ത്തനം നേടേണ്ടതുണ്ടെന്ന് സംഘടന ആഗ്രഹിക്കുന്നു. രാഷ്ട്രീയമായി പുരോഗമന പരവും ദേശീയോദ്ഗ്രഥന പ്രധാനമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിനെയും സങ്കുചിത രാഷ്ട്രീയ മോഹങ്ങള്‍ക്ക് സമൂഹവും രാഷ്ട്രവും ഉപാധിയാക്കപ്പെടുന്നതിനെയും സംഘടന കൃത്യമായിത്ത ന്നെ നിരീക്ഷിച്ച് വിേവചിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഘടനയിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വത്തിന്റെ കാര്യത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സമ്മതിദാനാവകശാം രാഷ്ട്രത്തിനും സമൂഹത്തിനും ഗുണകരമായിത്തീരുന്നതിനുള്ള അവബോധം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു.രാഷ്ട്ര നിര്‍മ്മാണത്തിലും ദേശീയോദ്ഗ്രഥനത്തിലും കക്ഷിരാഷ്ട്രീയ രഹിതമായിത്തന്നെ ക്രിയാത്മക പങ്കാളിത്തം സാധിക്കുമെന്ന് പ്രസ്ഥാനം കരുതുന്നു. രാജ്യത്തെയും സമൂഹത്തെയും പൊതുവായി ബാധിക്കുന്ന വിഷയത്തില്‍ ബഹുജനത്തെ സ്വീകാര്യമാം വിധം ബോധവല്‍ക്കരിക്കുന്നതിന് സംഘടനയുടെ പ്രചാരണ പരിപാടികള്‍ ഉപകരിച്ചിട്ടുണ്ട്.

സമരവും പ്രതിഷേധവും സമൂഹത്തിന്റെ ചലനാല്‍മകതയുടെ ഭാഗമാണ്. പക്ഷേ, അത് നശീകരണത്തിന്റെയും വിധ്വംസനത്തിന്റെയും ഉപാധികളിലൂടെയാവരുത്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ശ്രദ്ധിക്കുംവിധത്തിലാണ് അവ ആവിഷ്ക്കരിക്കേണ്ടതും നടപ്പാക്കേണ്ടതും എന്ന് സംഘടന ഉറച്ച് വിശ്വസിക്കുന്നു. സംഘടനയുടെ ചരിത്രത്തില്‍ പ്രതിഷേധത്തിന്റെയും സമരത്തിന്റെയും രംഗങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടനയും സഹോദര സംഘടനകളും നശീകരണത്തിന്റെ രീതി സമരമുഖത്തുസ്വീകരിച്ചതായി ആരും ഇതുവരെ ആരോപിച്ചിട്ടില്ല. ഏതൊരു നീക്കവും നിര്‍മ്മാണപരമായിക്കണമെന്നതാണ് സംഘടനയുടെ നിലപാട്. അരാഷ്ട്രീയമായ ചിന്തകള്‍ വളരാതെ രാഷ്ട്രകാര്യങ്ങളിലും പ്രശ്നങ്ങളിലും അവബോധമുള്ള ഒരു പ്രവര്‍ത്ത വ്യൂഹത്തെയാണ് സംഘടന സൃഷ്ടിച്ചിട്ടുള്ളത്. രാഷ്ട്രത്തിനും സമൂഹത്തിനും ഗുണം ചെയ്യാനും ദേശവിരുദ്ധ സാമൂഹ്യ വിരുദ്ധപ്രവണതകള്‍ തിരിച്ചറിയാനും സന്നദ്ധതയുള്ള രാഷ്ടീയ അവബോധം പ്രവര്‍ത്തകരില്‍ എസ്.വൈ.എസ് വളര്‍ത്തിയിട്ടുണ്ട്.

തിന്‍മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ്, യൗവനം നാടിനെ നിര്‍മ്മിക്കുന്നു, സ്നേഹ സമൂഹം സുരക്ഷിതനാട് തുടങ്ങിയ പ്രമയങ്ങള്‍ യുവജനത്തിലെ കര്‍മ്മ ശേഷിസമൂഹത്തിനുപകാരപ്പെടും വിധം ക്രമീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു. വിശുദ്ധ റമളാനിലും റബീഉല്‍ അവ്വലിലും ഭക്തിയും ഖുര്‍ആന്‍ പഠനവും പ്രവാചക സ്നേഹപ്രകടനവും പ്രവാചക പഠനവും ലക്ഷ്യമാക്കി വിപുലമായ കര്‍മ്മ പദ്ധതികള്‍ വര്‍ഷംതോറും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. സ്കൂള്‍ ഓഫ് ഖുര്‍ആന്‍ എന്ന പേരില്‍ ഖുര്‍ആന്‍ അവലംബമാക്കി വ്യാപകമായ വാരാന്ത ദ്വൈവാര ക്ലാസുകള്‍ സര്‍ക്കിള്‍തലങ്ങളില്‍ നടത്തുന്നു.

 

കൈത്താങ്ങായി സാന്ത്വനം

സമൂഹ സേവന രംഗത്ത് എസ് വൈ എസിന് വളരെ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ഒരു ആദര്‍ശ പ്രസ്ഥാനമെന്നപോലെ എസ് വൈ എസ് ഒരു സേവന പ്രസ്ഥാനവുമാണ്. അതിന്റെ സാന്ത്വന സ്പര്‍ശമേറ്റ്കൊണ്ടിരിക്കുന്നവരേറെയാണ്. യൂണിറ്റ് തലംമുതല്‍ സംസ്ഥാന തലം വരെ ഉള്ള ഘടകങ്ങള്‍ ഒട്ടേറെ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

നിരാലംബരും നിര്‍ധനരും നിസ്സാഹായരുമായ ധാരാളമാളുകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനാവുന്നത് പുണ്യമാണെന്ന് മാത്രമല്ല ബാധ്യതയാണെന്നാണ് എസ്.വൈ.എസ് കരുതുന്നത്. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും വീട് നിര്‍മ്മിക്കുന്നതിനും ചെറുതും വലുതും ഭാഗികവും പൂര്‍ണ്ണവുമായ സഹായങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. നാല്‍പതാം വാര്‍ഷികവും അമ്പതാം വാര്‍ഷികവും ആഘോഷിക്കുന്ന ഘട്ടങ്ങളില്‍ നാല്‍പ്പതും അമ്പതും വിതം 90 പെണ്‍ കുട്ടികളെ സമൂഹ വിവാഹം നടത്താന്‍ എസ്.വൈ.എസിന് കഴിഞ്ഞത് മാതൃകാപരമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. സാന്ത്വനം പദ്ധതി കൂടുതല്‍ വ്യവസ്ഥാപിതമായി നടപ്പാക്കിത്തുടങ്ങിയതിന്റെ ശേഷം ഈ രംഗത്ത് കൂടുതലായി ശ്രദ്ധിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

ആകസ്മികമായ അപകടങ്ങള്‍ വരുത്തുന്ന ചെലവുകള്‍, ചികിത്സകള്‍ എന്നിവയും അത്തരക്കാര്‍ക്ക് അനിവാര്യമായ മറ്റു സാന്ത്വന സേവനങ്ങളും നല്‍കിവരുന്നു. നിത്യരോഗികളും മാരക രോഗികളും അംഗവിഹീനരും ആയവര്‍ക്ക് സഹായവും മരുന്നും അത്യാവശ്യപരിചരണങ്ങള്‍ക്കും സംവിധാനവുമുണ്ട.് മെഡിക്കല്‍ കോളേജുകള്‍, ജില്ല ഹോസ്പിറ്റലുകള്‍, ജനറല്‍ ഹോസ്പിറ്റലുകള്‍ ആര്‍.സി.സി തുടങ്ങിയവ കേന്ദ്രീകരിച്ച് സാന്ത്വന പ്രവര്‍ത്തനം വിപുലവും വ്യവസ്ഥാപിതവുമായി നടക്കുന്നു.

മുഷ്താഖ് അഹ്മദ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ