സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍. ഹളര്‍മൗത്തില്‍ നിന്നെത്തിയ ബാഅലവീ സാദാത്ത് കുടുംബത്തില്‍ പെട്ട സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളാണ് പിതാവ്. കോഴിക്കോട് പുതിയങ്ങാടി കേന്ദ്രമായി ദീനീ പ്രബോധനവും ആത്മീയ നേതൃത്വവും നിര്‍വഹിച്ച കുടുംബത്തില്‍ 1840-ലാണ് ജനനം.

മാതാപിതാക്കളുടെ സ്നേഹപരിലാളനകളും ആത്മീയ പരിചരണവും ഏറ്റുവളര്‍ന്നു. വിശുദ്ധ മദീനക്കാരനായ സയ്യിദ് അലി അബ്ബാസ് 21 വര്‍ഷത്തോളം വരക്കല്‍ തറവാട്ടില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് വരക്കല്‍ തങ്ങള്‍ തുടര്‍പഠനം നടത്തി. യമനില്‍ നിന്നെത്തിയ അബ്ദുല്ലാഹില്‍ മഗ്രിബി(റ) എന്ന പണ്ഡിതനും തങ്ങളുടെ പ്രധാന ഗുരുനാഥന്മാരില്‍ പെടുന്നു. വിവിധ വിജ്ഞാന ശാഖകളില്‍ പ്രമുഖരില്‍ നിന്നും പഠനം നടത്തി. മലയാളവും അറബിയും നന്നായി കൈകാര്യം ചെയ്തിരുന്ന തങ്ങള്‍ ഈ ഭാഷകള്‍ പഠിപ്പിച്ചുകൊടുത്ത് ഇതര ഭാഷകള്‍ പ്രമുഖരില്‍ നിന്നും പഠിച്ചു. ഉറുദു, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകള്‍ ഇങ്ങനെയാണ് സ്വായത്തമാക്കിയത്. ഇംഗ്ലീഷ് പ്രതിനിധികളുമായും ഉത്തരേന്ത്യന്‍ ഭരണാധികാരികളുമായും ബന്ധപ്പെടാന്‍ ഈ ഭാഷാ പരിജ്ഞാനം സഹായകമായി. മതപ്രബോധന വഴിയില്‍ ഭാഷാജ്ഞാനം പ്രധാനമാണല്ലോ.

സമൂഹത്തില്‍ സര്‍വാദരണീയനും സര്‍വസ്വീകാര്യനുമായിരുന്നു തങ്ങള്‍. അന്നു നിലവിലുണ്ടായിരുന്ന അറക്കല്‍ രാജകുടുംബവുമായി തങ്ങള്‍ അടുപ്പത്തിലായിരുന്നു. രാജാവും പത്നിയും പുതിയങ്ങാടി സന്ദര്‍ശിച്ചത് ഊഷ്മള ബന്ധത്തിന് തെളിവാണ്. അറക്കല്‍ രാജാവിനുവേണ്ടി, അറബ് രാജ്യങ്ങളുമായും ഉത്തരേന്ത്യന്‍ രാജാക്കളുമായും ബന്ധപ്പെടുന്നതില്‍ ഒരു അംബാസിഡറായി വര്‍ത്തിച്ചു അദ്ദേഹം. കേവലം പ്രതിനിധി എന്നതിലുപരി അദ്ദേഹത്തിന്‍റെ സ്ഥാനത്തിനും മഹത്ത്വത്തിനും മുന്തിയ പരിഗണന നല്‍കിയാണ് അറക്കല്‍ രാജാവ് തങ്ങളുമായി വര്‍ത്തിച്ചത്.

പൊതുജനങ്ങളും തങ്ങളെ ഏറെ ബഹുമാനിച്ചു. വരക്കലിനും പുതിയങ്ങാടിക്കുമിടയിലെ പാതയോരങ്ങളില്‍ തങ്ങള്‍ക്ക് കുടിക്കാനായി ഉടമസ്ഥര്‍ ഇളനീര്‍ ലഭ്യമാക്കിയിരുന്നു. യാത്രയില്‍ തെങ്ങുകളില്‍ നിന്നും ഇളനീര്‍ പറിച്ചെടുത്തുപയോഗിച്ചായിരുന്നു ദാഹവും ക്ഷീണവുമകറ്റിയിരുന്നത്. അന്നത്തെ ഒരു പ്രധാന രാജസ്വരൂപമായിരുന്നു ഹൈദരബാദിലെ നൈസാമിന്‍റേത്. നൈസാമും വരക്കല്‍ തങ്ങളുമായി അടുത്ത ബന്ധമായിരുന്നു. പണ്ഡിതോചിതവും രാജോചിതവുമായ പരിഗണന നല്‍കി അദ്ദേഹം തങ്ങളെ ആദരിച്ചു. തങ്ങള്‍ക്കു സഞ്ചരിക്കാനായി ഇരട്ടക്കുതിരകളുള്ള കുതിരവണ്ടി അദ്ദേഹം സമ്മാനിച്ചു. പിന്നീട് അതിലായിരുന്നു തങ്ങളുടെ യാത്രകള്‍.

മലബാറില്‍ ബ്രിട്ടീഷുകാരുടെ ആധിപത്യമായിരുന്നുവല്ലോ. ബ്രിട്ടീഷ് ഭരണാധികാരികളുമായി തങ്ങള്‍ സമുദായത്തിന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നു. ഭരണകൂടവും തങ്ങളെ ആദരിച്ചു. ബ്രിട്ടീഷ് പ്രതിനിധികള്‍ തങ്ങള്‍ വരുമ്പോള്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുമായിരുന്നു. വെസ്റ്റ് ഹില്ലിലെ അവരുടെ ആസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണു ലഭിച്ചിരുന്നത്. ഗാംഭീര്യം മുറ്റിയ അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ അവര്‍ അംഗീകരിച്ചു. തങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് ഒരു റോഡ് നിര്‍മിച്ച് നല്‍കി അവര്‍. കോയാന്‍റെ നിരത്ത് എന്നായിരുന്നു അതറിയപ്പെട്ടത്.

ഇംഗ്ലീഷ് ഭരണകൂടത്തിന്‍റെ പ്രതിനിധികളില്‍ ചിലര്‍ തങ്ങളില്‍ നിന്ന് അറബി ഭാഷയും സൈനുദ്ദീന്‍ മഖ്ദൂം(റ)ന്‍റെ തുഹ്ഫതുല്‍ മുജാഹിദീനും പഠിക്കുകയുണ്ടായി. ലോഗന്‍ വരക്കല്‍ തങ്ങളില്‍ നിന്ന് തുഹ്ഫതുല്‍ മുജാഹിദീന്‍ പഠിച്ചാണ് മലബാര്‍ മാന്വലിന്‍റെ രചനക്കുപയോഗപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

വരക്കല്‍ തങ്ങളില്‍ പ്രത്യേക സ്വാധീന ശക്തി പലരും അനുഭവിച്ചു. ബന്ധപ്പെടുന്നവര്‍ ആരായാലും അവര്‍ പിന്നീട് അദ്ദേഹത്തിന്‍റെ അനുയായിയോ ആദരിക്കുന്നവനോ ആയിത്തീരുന്ന അവസ്ഥയായിരുന്നു. മഹാനവര്‍കള്‍ നേടിയ അംഗീകാരവും പ്രശസ്തിയും ഉന്നതങ്ങളില്‍ മാത്രം കേന്ദ്രീകൃതമായിരുന്നില്ല.

ജനങ്ങളെ ആത്മീയമായി പരിചരിക്കുകയും മതപരമായി അവര്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുക എന്ന കുടുംബ പാരമ്പര്യം അവിടുന്ന് നിലനിര്‍ത്തി. മലബാറില്‍ നിന്നും പുറത്തുനിന്നും പുതിയങ്ങാടിയിലേക്ക് വിശ്വാസികള്‍ ധാരാളമായി വന്നുകൊണ്ടിരുന്നു. അവര്‍ക്ക് സാന്ത്വനവും ആത്മീയോപദേശ നിര്‍ദേശങ്ങളും തങ്ങള്‍ പകര്‍ന്നു. ഈ വിശ്വാസി സമൂഹത്തിന്‍റെ സൗകര്യം പരിഗണിച്ചാണ് പുതിയങ്ങാടിയില്‍ റെയില്‍വെസ്റ്റേഷന്‍ തന്നെ അനുവദിക്കപ്പെട്ടതെന്ന് പൂര്‍വികര്‍ പറയാറുണ്ട്. ആവശ്യങ്ങളും ആവലാതികളും ആശങ്കകളും തങ്ങളുടെ മുമ്പില്‍ നിരത്തി പരിഹാരവും ആശീര്‍വാദവും വാങ്ങി സന്തുഷ്ടരായാണ് വിശ്വാസികള്‍ തിരിച്ചുപോയിരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ കോഴിക്കോട് കേന്ദ്രമായി ആത്മീയ പ്രഭ പരത്തിയ പൊന്‍താരകമായിരുന്നു വരക്കല്‍ തങ്ങളെന്ന് ചുരുക്കം. ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല തങ്ങളുടെ മണ്ഡലം. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടു.

ബിദഇകളുടെ രംഗപ്രവേശം

കേരളത്തിലെ ഇസ്ലാമിക ചരിത്രത്തില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന കൊടുങ്ങല്ലൂരില്‍ നിന്നു തന്നെയാണ് വിശുദ്ധ മതത്തിന് എതിരായ ചില വാര്‍ത്തകള്‍ 1920-കളില്‍ കേള്‍ക്കാനായത്. മലബാര്‍ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ പങ്കാളിയായിരുന്ന കെഎം മൗലവിയും കൂട്ടാളികളുമായിരുന്നു ഇതിന്‍റെ പിന്നില്‍. മര്‍ഹൂം ആലി മുസ്ലിയാരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നെങ്കിലും ചില വക്രചിന്തകള്‍ ഉള്ളിലൊതുക്കിയായിരുന്നു അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍. സമര നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് വന്നപ്പോള്‍ തങ്ങള്‍ കീഴടങ്ങിയാലെങ്കിലും സമുദായം രക്ഷപ്പെടുമെന്ന് ആലി മുസ്ലിയാരടക്കം പലരും കരുതി. എന്നാല്‍ കെഎം മൗലവി ഒളിച്ചോടുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍ കെകെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതുന്നത്:

“തിരൂരങ്ങാടിയില്‍ കലഹം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കെഎം മൗലവി സാഹിബ് അവര്‍കള്‍ പരിഭ്രാന്തനായി കൊടുങ്ങല്ലൂരിലേക്ക് പോയി. ഏതാനും ആഴ്ചകളോളം അദ്ദേഹം മാതുലഗേഹത്തില്‍ താമസിച്ചു. പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുമെന്ന ഭീതി നിമിത്തം അദ്ദേഹം അവിടെ നിന്നും രഹസ്യമായ നിലയില്‍ കരിപ്പൂരംശത്തിലെ വെള്ളാര്‍ ദേശത്തിലെത്തിച്ചേര്‍ന്നു. ….പിന്നീട് മൗലവി സാഹിബ് കൊട്ടപ്പുറത്തേക്ക് പോയി ഏതാനും ദിവസം പിപി അഹ്മദ്കുട്ടി അധികാരി, പിപി ഹസ്സന്‍ ഹാജി എന്നിവരുടെ വീടുകളില്‍ രഹസ്യമായി താമസിച്ചു. ….കൊട്ടപ്പുറത്തുനിന്ന് മൗലവി സാഹിബ് പിന്നീട് പുളിക്കല്‍ പോയി. ….ജ. പിവി ഉണ്ണി മുഹ്യിദ്ദീന്‍ കുട്ടി മൗലവി സാഹിബിന്‍റെ വസതിയില്‍ ഒളിവില്‍ പാര്‍ത്തു. ….പുളിക്കല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് ജ. എംസിസി അബ്ദുറഹ്മാന്‍ മൗലവി സാഹിബിന്‍റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു.

‘ഉടനെ കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞുകൂടാം…’ കത്ത് കിട്ടിയ ഉടനെ കെഎം മൗലവി സാഹിബ് പുളിക്കല്‍ നിന്നു ഒരു ദിവസം അര്‍ധരാത്രിയില്‍ തിരൂരങ്ങാടിയിലെത്തിച്ചേര്‍ന്നു. അവിടെ നിന്ന് സ്മര്യപുരുഷന്‍ തന്‍റെ വിശ്വസ്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്ന മൗലവി സിഎ അബ്ദുറഹ്മാന്‍ ഹാജി, വലിയാട്ട് കുഞ്ഞിമൊയ്തീന്‍ സാഹിബ് എന്നിവരോടൊപ്പം കൊടുങ്ങല്ലൂരിലേക്ക് യാത്രയായി’ (കെഎം മൗലവി സാഹിബ്, കെകെ മുഹമ്മദ് അബ്ദുല്‍കരീം, പേ 129-133).

കെഎം മൗലവിയുടെ ധൈര്യത്തിന്‍റെ ഊക്ക് ഇതില്‍ കാണാം. സ്വന്തം അളിയന്‍ എംസിസി മൗലവിയുടെ ക്ഷണമനുസരിച്ച് മുതലാളിമാരുടെ കൂടെ സുഖജീവിതം നയിക്കാന്‍ അദ്ദേഹം കൊടുങ്ങല്ലൂരിലെത്തുകയായിരുന്നു. ഒരു പ്രഭാഷണത്തിനായി കൊടുങ്ങല്ലൂരിലെത്തിയ എംസിസി മലബാറില്‍ തിരിച്ചുചെന്നാല്‍ സമരത്തില്‍ പങ്കെടുക്കേണ്ടിവരുമെന്ന് ഭയന്ന് മുതലാളിമാര്‍ക്കൊപ്പം സുഖജീവിതം നയിക്കുകയായിരുന്നുവെന്നു കൂടി ചേര്‍ത്തുവായിക്കണം. ഇകെ മൗലവിയെപ്പോലെയുള്ള ചിലര്‍ നേരത്തെതന്നെ അവിടെയുണ്ടായിരുന്നു. എല്ലാവര്‍ക്കും സൗഖ്യജീവിതം നല്‍കിയത് കൊടുങ്ങല്ലൂരിലെ മുതലാളിമാരായിരുന്നു.

തങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് സന്തോഷവും നേതൃസ്ഥാനവും സ്വീകാര്യതയും നല്‍കാനും അവരെ പ്രീതിപ്പെടുത്താനും ഒളിച്ചോടിയവരെന്ന ആക്ഷേപം നീക്കുന്നതിനും ഇവരെല്ലാം ചേര്‍ന്നു തന്ത്രങ്ങളാവിഷ്കരിച്ചു. അതിനായി കൊടുങ്ങല്ലൂരുമായി ബന്ധമുണ്ടായിരുന്ന വക്കം മൗലവിയെ സ്വാധീനിച്ച ചില ഈജിപ്ഷ്യന്‍ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി. വക്കം മൗലവിയുമായും ഹമദാനിയുമായും ബന്ധപ്പെട്ടു. അങ്ങനെ നിഷ്പക്ഷ സംഘം എന്ന ഒരു സംഘടന രൂപീകരിച്ചു. മുതലാളിമാര്‍ക്കിടയിലെ വഴക്ക് പറഞ്ഞുതീര്‍ക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യമായി പുറമെ പറഞ്ഞിരുന്നത്.

വക്കം മൗലവി നേരത്തെതന്നെ പല പിഴച്ച വാദങ്ങളുമുള്ളയാളായിരുന്നു. ഈജിപ്തില്‍ നിന്നും പുറത്തിറങ്ങിയിരുന്ന റശീദ് രിളയുടെ അല്‍മനാര്‍ മാസികയും അദ്ദേഹത്തിന്‍റെ തന്നെ തഫ്സീറുല്‍ മനാറും അതിലെ വികല വീക്ഷണങ്ങളും മൗലവിയെ നന്നായി സ്വാധീനിച്ചിരുന്നു. മലബാറില്‍ പൊന്നാനി കേന്ദ്രീകരിച്ചും കോഴിക്കോട് കേന്ദ്രീകരിച്ചും നടക്കുന്ന മതവിജ്ഞാന പ്രചാരണ പ്രബോധന സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ പാകപ്പെടുത്തിയതാണെന്ന് സംശയിക്കണം. ഈജിപ്തില്‍ നിന്നും പുറംനാടുകളില്‍ നിന്നും അത്തരം പ്രസിദ്ധീകരണങ്ങള്‍ ബ്രിട്ടീഷുകാര്‍ വഴി എത്തുന്നതാകാനാണ് സാധ്യത. വക്കം മൗലവിയെ സംബന്ധിച്ചിടത്തോളം മലബാറില്‍ നിന്നുള്ളവരെ തന്നെ പാകത്തിന് ലഭിക്കുകയായിരുന്നു. അതു നന്നായി ഉപയോഗപ്പെടുത്തി എന്നത് പില്‍ക്കാല ചരിത്രത്തില്‍ നിന്നു വ്യക്തം.

നിഷ്പക്ഷ സംഘത്തിന്‍റെ രൂപീകരണത്തെക്കുറിച്ച് ഇകെ മൗലവി എഡിറ്ററായിരുന്ന അല്‍ ഇത്തിഹാദ് പത്രത്തിന്‍റെ 1954 ജൂണ്‍ ലക്കത്തില്‍ എഴുതുന്നു: ‘മുസ്ലിംകള്‍ക്ക് നല്ല പ്രാബല്യമുണ്ടായിരുന്ന ഒരു രാജ്യമാണ് കൊടുങ്ങല്ലൂര്‍. പ്രമാണികളായ മുസ്ലിംകള്‍ അധികപേരും അഴീക്കോട്, എറിയാട് വില്ലേജുകളിലാണ് താമസിച്ചിരുന്നത്. അവര്‍ തമ്മില്‍ ഏതവസരത്തിലും വഴക്കും വക്കാണവുമായി കഴിഞ്ഞുകൂടുകയാണ് പതിവ്. കുറച്ചുകാലം സമാധാനത്തില്‍ ജീവിച്ച ശേഷം 1922-ല്‍ വീണ്ടും വഴക്ക് തലപൊക്കി. ഈ അവസരത്തിലാണ് നിഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു സംഘം എടിയാട് വെച്ച് രൂപീകരിക്കപ്പെട്ടത്.’

പുറംനാട്ടുകാരായ മൗലവിമാര്‍ക്ക് അഭയവും സുഖജീവിതവും നല്‍കുന്ന മുതലാളിമാര്‍ക്കിടയിലുണ്ടാവുന്ന വഴക്ക് തങ്ങള്‍ക്ക് വിഷമം സൃഷ്ടിക്കുന്നതിനാല്‍ അതില്ലാതാക്കാനുള്ള ശ്രമമാണ് മൗലവിമാര്‍ നടത്തിയത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നിഷ്പക്ഷ സംഘം പിന്നീട് കേരള മുസ്ലിം ഐക്യസംഘമായി രൂപാന്തരപ്പെടുകയുണ്ടായി. പരിസര നാട്ടുകാരെ കൂടി ഉള്‍പ്പെടുത്താനായിരുന്നു ഇത്. ഇതോടെ അത് സംഘടിപ്പിച്ചവരുടെ ഉള്ളിലിരിപ്പ് പുറത്തായി. വക്കം മൗലവിയുടെ ചരിത്രമെഴുതിയ എ മുഹമ്മദ് കണ്ണ് രേഖപ്പെടുത്തുന്നത് കാണുക: ‘അങ്ങനെ നിഷ്പക്ഷ സംഘം നിലവില്‍ വന്നു. പിന്നീട് ഐക്യസംഘമായി മാറി. എന്നാല്‍ രൂപവത്കരണ ലക്ഷ്യമനുസരിച്ച് കൊടുങ്ങല്ലൂരിലെ മുസ്ലിം ഗോത്ര ഭിന്നിപ്പ് അവസാനിപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെ സംഘത്തിന്‍റെ വാര്‍ഷികം എറിയാട് ചന്തമൈതാനത്ത് നടന്നു. വക്കം മൗലവിയായിരുന്നു അധ്യക്ഷന്‍. മുസ്ലിംകള്‍ക്കിടയിലെ ശിര്‍ക്കിനെതിരെ പ്രവര്‍ത്തിക്കാന്‍ ആ യോഗം തീരുമാനമായി’ (വക്കം മൗലവി ജീവചരിത്രം, പേ 133).

പിഴച്ച വാദങ്ങളുടെ പ്രചാരണത്തിനു ഒരു വേദി ലഭിച്ചത് വക്കം മൗലവി നന്നായി ഉപയോഗപ്പെടുത്തി. മുതലാളിമാരുടെ സാന്നിധ്യത്തില്‍ മൗലവിയുടെ നിര്‍ദേശങ്ങള്‍ അപ്പടി ഏറ്റെടുത്ത് നടപ്പാക്കാന്‍ കെഎം മൗലവിയും സംഘവും തയ്യാറാകുന്ന സ്ഥിതിയായി. തുടര്‍ന്ന് വക്കം മൗലവിയുടെയും മുതലാളിമാരുടെയും താല്‍പര്യവും ആശയവും നടപ്പാക്കിയായിരുന്നു അവര്‍ ഐക്യസംഘത്തെ മുന്നോട്ടു നയിച്ചത്. ഹീലതുര്‍രിബാ എന്ന പലിശവാങ്ങല്‍ കുതന്ത്രവും രിസാലതുന്‍ ഫില്‍ ബങ്കി എന്ന കൃതിയും ഓരോ സമ്മേളനത്തിന്‍റെയും അജണ്ടകളും അങ്ങനെ രൂപപ്പെട്ടു വന്നതായിരുന്നു.

ഒന്നാം വാര്‍ഷികത്തോടെ പുറത്തുചാടിയ മത തിരുത്തല്‍വാദങ്ങളും നിലപാടുകളും സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം നേടണമെങ്കില്‍ പണ്ഡിതന്മാരുടെ പേരില്‍ ഇത് രംഗത്തിറക്കണമെന്നവര്‍ മനസ്സിലാക്കി. കാരണം സമൂഹം എന്നും പണ്ഡിതര്‍ക്കൊപ്പമായിരുന്നു. ഐക്യസംഘത്തിന്‍റെ രണ്ടാം വാര്‍ഷികം ആലുവായില്‍ വെച്ച് 1924-ല്‍ നടന്നു. അതില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്നൊരു പണ്ഡിതസഭ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 1925-ല്‍ ഐക്യസംഘത്തിന്‍റെ ഒരു സമ്മേളനം കോഴിക്കോട് നടത്തി. അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍, ഐക്യസംഘത്തിന്‍റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ആദര്‍ശ-ആത്മീയ വിരുദ്ധ നീക്കങ്ങളും പ്രചാരണങ്ങളും, മലബാറിലേക്കുള്ള അതിന്‍റെ വരവ് തുടങ്ങിയവയെക്കുറിച്ച് അന്നത്തെ പണ്ഡിതര്‍ ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്തു.

പണ്ഡിത ധര്‍മവിചാരം

അക്കാലത്ത് സുന്നി പ്രഭാഷണ രംഗത്ത് നിറഞ്ഞുനിന്നിരുന്ന പ്രഗത്ഭ പണ്ഡിതനും മുദരിസുമായിരുന്നു പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാര്‍. വരക്കല്‍ തങ്ങള്‍ പാങ്ങില്‍ ഉസ്താദുമായി ഈ വിപത്തിനെതിരെ കൂടിയാലോചിച്ചു. മലബാറില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സംഘടിത ബിദഈ പ്രചാരണത്തിന് തടയിടാനും സുന്നീ പണ്ഡിതരുടെ ഏകോപിത രൂപത്തിലുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കാനും തീരുമാനിച്ചു. അങ്ങനെ ഉന്നതശീര്‍ഷരായ പണ്ഡിതര്‍ അടുത്ത ദിവസം തന്നെ കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിയില്‍ സംഗമിച്ചു. അവിടെ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ തന്നെ ഒരു പണ്ഡിത കൂട്ടായ്മയുണ്ടാക്കി. കെപി മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ ചെയര്‍മാനും പാറോല്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായായിരുന്നു പ്രാഥമിക കമ്മിറ്റി രൂപീകൃതമായത്.

കേരളത്തില്‍ അങ്ങിങ്ങായി ദീനീരംഗത്ത് സേവനം ചെയ്യുന്നവരും പ്രഗത്ഭരുമായ ഒട്ടേറെ പണ്ഡിതര്‍ അന്നുണ്ടായിരുന്നു. അവരെയെല്ലാം നേരില്‍ കണ്ട് ക്ഷണിച്ച് വിപുലമായ ഒരു പണ്ഡിത സമ്മേളനം നടത്തി പണ്ഡിത സംഘടനയുടെ പ്രവര്‍ത്തനവും പ്രചാരണവും ബിദഈ പ്രതിരോധവും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ച് പിരിഞ്ഞു. കേരള മുസ്ലിം ചരിത്രത്തില്‍ പാരമ്പര്യത്തിനും പൈതൃകത്തിനും കരുത്തും സംരക്ഷണവുമായി സംഘരൂപത്തിലുള്ള മുന്നേറ്റത്തിനു നാന്ദികുറിക്കപ്പെട്ടു. സമസ്ത രൂപീകൃതമായി. 1925-ലായിരുന്നു ഇത്.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ