ആശയങ്ങളുടെ കൈമാറ്റമാണല്ലോ പ്രബോധനം. അതിന് മാർഗങ്ങൾ പലതുമുണ്ട്. പ്രഭാഷണം, വഅള്, ക്ലാസ്, ഉപദേശം, മുഖാമുഖം, സംവാദം തുടങ്ങിയ വാചിക സംവേദനങ്ങളും, എഴുത്തുപോലെയുള്ള വരമൊഴികളും ഇതിൽ ചിലതുമാത്രം. എന്നാൽ പ്രബോധനം ചെയ്യാൻ ഉദേശിക്കുന്ന കാര്യം ജീവിതത്തിലൂടെ പ്രയോഗ വൽക്കരിച്ചു കാണിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിഫലനം അൽഭുതകരമായിരിക്കും. ഒരു വ്യക്തിയുടെ മാതൃകാജീവിതം ആയിരം പ്രഭാഷണങ്ങളേക്കാൾ ജന ഹൃദയങ്ങളെ സ്വാധീനിക്കും.
ജനങ്ങളെ സൻമാർഗത്തിലേക്ക് നയിക്കാൻ സ്രഷ്ടാവ് നിയോഗിച്ച രണ്ടു വിഭാഗമുണ്ട്. ഒന്ന്: മുർസലുകൾ. ഇവർ 313 പേർ മാത്രമായിരുന്നു. ലഭിച്ച സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം അതു ജനങ്ങളെ പറഞ്ഞുപഠിപ്പിക്കാനും ഇവർക്ക് കൽപ്പനയുണ്ട്. എന്നാൽ ലക്ഷത്തിൽപരം വരുന്ന രണ്ടാമത്തെ വിഭാഗം നബിമാരാണ്. ഇവർക്ക് ലഭിച്ച ദിവ്യസന്ദേശങ്ങൾ ജീവിതത്തിൽ അനുഷ്ടിച്ചാൽ മാത്രം മതിയായിരുന്നു. ജനങ്ങൾക്ക് പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ടിയിരുന്നില്ല. അവരുടെ വിശുദ്ധ ജീവിതം കണ്ട് ജനങ്ങൾ നന്നായി തീരുക എന്നതാണ് അല്ലാഹുവിന്റെ താൽപര്യം.
അധ്യാപകർ, മാതാപിതാക്കൾ, നേതാക്കൾ, മുതിർന്ന വിദ്യാർത്ഥികൾ, കുടുംബത്തിലെയും മഹല്ലത്തിലെയും കാരണവന്മാർ തുടങ്ങിയവരെ സമൂഹം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞ് മാതൃകാ ജീവിതം നയിച്ച് പ്രബോധന ദൗത്യം നിർവഹിക്കാനായാൽ വലിയ ഫലമുണ്ടാകും. ഒരു ഗുരുവിന്റെ പ്രഭാതം മുതലുള്ള ദിനചര്യകൾ ശിഷ്യഗണങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുക സ്വാഭാവികമാണ്. തസ്വവ്വുഫിന്റെ ഒരു കെട്ട് ഗ്രന്ഥങ്ങൾ ഓതി കൊടുക്കുന്നതിനേക്കാൾ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നതും അവരുടെ ജീവിതത്തെ സംസ്കരിക്കുന്നതും ഗുരുവിന്റെ ഈ മാതൃകയായിരിക്കും.
വാങ്ക് വിളിക്കുമ്പോൾ അതു ശ്രദ്ധിച്ചു കേൾക്കുകയും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏറ്റുചൊല്ലുകയും വേണമെന്നും, അപ്പോൾ ഭൗതിക സംസാരത്തിൽ ഏർപ്പെട്ടാൽ മരണ സമയത്ത് കലിമ ചൊല്ലാൻ സാധിക്കാതെ വരുമെന്നുമെല്ലാം ഗുരു ശിഷ്യൻമാരെ പഠിപ്പിക്കുന്നു. എന്നാൽ ഇതേ ഗുരു തന്നെ വാങ്ക് കൊടുക്കുമ്പോൾ ഫോൺ ചെയ്യുകയോ, പ്രസംഗിക്കുകയാണെങ്കിൽ അതു നിർത്തിവെച്ച് സ്റ്റേജിലുള്ളവരോട് കുശലം പറയുകയോ ചെയ്യുന്നുവെങ്കിൽ ഉപദേശം ശിഷ്യന്മാരിൽ വിപരീത ഫലമാണുണ്ടാക്കുക. എന്നാൽ വാങ്കിനെ ആദരിക്കുന്ന ഒരാളുടെ പെരുമാറ്റം മാത്രം മതി മറ്റുള്ളവരെ സ്വാധീനിക്കാൻ, ഉപദേശം അനിവാര്യമല്ല.
കുട്ടികൾ എന്നും വിശുദ്ധ ഖുർആൻ പാരായണം ചെയ്യണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കളാണുനാം. ഇക്കാര്യം നാമവരെ നിരന്തരം ഉപദേശിക്കുകയും ചെയ്യും. ഉപദേശത്തോടൊപ്പം തന്നെ പ്രഭാതത്തിലും മഗ്രിബിനു ശേഷവും നാം പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ കൂടി തയ്യാറായാൽ പറയാതെ തന്നെ മക്കൾ അതു ശീലിക്കും. മരണാനന്തരം നമ്മെ ഓർക്കുന്ന, നമുക്കുവേണ്ടി പ്രാർത്ഥിക്കുകയും സ്വദഖ ചെയ്യുകയും ഖബറിങ്ങൽ വന്ന് സിയാറത്ത് നടത്തുകയും ചെയ്യുന്ന മക്കളെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതിന് ജീവിതകാലത്ത് നാം മാതൃക പകരണം. ഇക്കാര്യം പറഞ്ഞ് മക്കളെ ഉപദേശിക്കുന്നതിനേക്കാൾ ഫലപ്രദം വെള്ളിയാഴ്ചകളിൽ അവരെ നമ്മുടെ മാതാ പിതാക്കാളുടെ ഖബറിടത്തിൽ കൊണ്ടുപോയി സിയാറത്ത് നടത്തുകയും വെള്ളിയാഴ്ച രാവുകളിൽ വീട്ടിൽ വെച്ച് ബന്ധുക്കളുടെ പേരിൽ യാസീൻ ഓതുകയും, മക്കൾ അറിഞ്ഞുകൊണ്ട് തന്നെ അവരുടെ പേരിൽ ദാന ധർമങ്ങൾ നൽകുകയും ചെയ്താൽ അവർക്ക് മികച്ച മാതൃകയാണ് ലഭിക്കുക. നമ്മുടെ പേരിലും മരണാനന്തരം ഇവ ചെയ്യാൻ സന്നദ്ധരാവും വിധം ഇതവരെ സ്വാധീനിക്കും.
റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകം പ്രവാചക പ്രകീർത്തനങ്ങൾ നടത്തുക ഒരു പ്രബോധകന്റെ താൽപര്യമാണല്ലോ. ഇതു പ്രയോഗവൽകരിക്കാൻ ഒരു സംവാദം സംഘടിപ്പിക്കുന്നതിനേക്കാൾ ഫലപ്രദം സ്വന്തം വീടുകളിലും കേന്ദ്രങ്ങളിലും പ്രകീർത്തന സദസ്സുകൾ ഒരുക്കുക എന്നതാണ്.
ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന പ്രാർത്ഥന, ദിക്ർ, ഖുർആൻ പാരായണം, മറ്റു സ്വദഖകൾ തുടങ്ങിയവ സമൂഹത്തിൽ നടപ്പിലാക്കാൻ ഉത്തമ മാർഗം മരണവീടു സന്ദർശിക്കുന്നവർ അവിടെ വെച്ച് ഖുർആൻ ഓതി ദുആ ചെയ്യുകയും ദാനധർമങ്ങൾ നടത്തുകയും ചെയ്യുന്നതാണ്. ഖണ്ഡന പ്രസംഗങ്ങളേക്കാൾ (ആവശ്യമുള്ളിടത്ത് അത് വേണ്ടന്നല്ല) ഫലപ്രദമായ പ്രായോഗിക/വ്യക്തിഗത ദഅ്വക്ക് നാം അർഹിക്കുന്ന പ്രാധാന്യം നൽകിയേ പറ്റൂ.
ബഹളങ്ങളും ആൾക്കൂട്ടങ്ങളുമില്ലാതെ നിർവഹിക്കാവുന്ന സാമ്പത്തിക ബാധ്യതയില്ലാത്തതും ഫലവത്തുമായ സൽകർമമാണത്. സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളുമൊക്കെ അനിവാര്യവും അത്യാവശ്യവുമായ സാഹചര്യങ്ങളിൽ മാത്രമേ ദഅ്വാമാർഗങ്ങളായി സ്വീകരിക്കേണ്ടതുള്ളൂ. ഖുർആൻ നിർദേശിച്ച മുൻഗണനാക്രമവും ഇതാണല്ലോ.
റഹ്മതുല്ലാഹ് സഖാഫി എളമരം