ഹിജ്‌റയുടെ പത്താം വർഷം തിരുനബി(സ്വ) ഒരു ലക്ഷത്തിലേറെ വരുന്ന സ്വഹാബികളുമായി ഹജ്ജ് കർമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ നിൽക്കവെ ജിബ്‌രീൽ(അ) ദിവ്യസന്ദേശവുമായി സമീപിച്ചു. ‘ഇന്നേ ദിവസം നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേൽ സമ്പൂർണമാക്കുകയും ചെയ്തു. നിങ്ങൾക്ക് മതമായിട്ട് ഇസ്‌ലാമിനെ ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ എന്ന വിശുദ്ധ ഖുർആനിലെ 5/3 വാക്യമാണ് ജിബ്‌രീൽ(അ) തിരുനബിക്ക് നൽകിയത്.

പതിവുപോലെ നബി(സ്വ) പ്രസ്തുത സന്ദേശം സ്വഹാബത്തിന് പാരായണം ചെയ്തുകൊടുത്തു. അതു ശ്രവിച്ച ഉമർ(റ)ന്റെ നയനങ്ങൾ നിറഞ്ഞു. തേങ്ങലിന്റെ ശബ്ദം ഉയർന്നു. നബി(സ്വ) അദ്ദേഹത്തെ അടുത്തുവിളിച്ചു കാര്യമന്വേഷിച്ചു. ‘നമ്മുടെ മതകാര്യങ്ങളും നിയമങ്ങളും ഇന്നോളം പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ അത് പൂർണമായിരിക്കുന്നു. ഏതൊന്നും പൂർണത പ്രാപിച്ചാൽ പിന്നീട് ന്യൂനതകൾ അതിനെ പിടികൂടുമല്ലോ.’ ഉമർ(റ) തന്റെ വ്യസനകാരണം വിശദീകരിച്ചു. തിരുനബി(സ്വ)യുടെ വഫാത്താണ് ഉമർ(റ) സൂചിപ്പിച്ച ഇസ്‌ലാമിനെ ബാധിക്കുന്ന പ്രധാന വിപത്ത്.

രണ്ടു ദിവസത്തിന് ശേഷം ദുൽഹജ്ജ് പതിനൊന്നിന് നബി(സ്വ)യും അനുചരന്മാരും ഹജ്ജ് കർമങ്ങളുടെ ഭാഗമായി മിനയിൽ താമസിക്കുകയാണ്. പിറ്റേദിവസം ഖുർആനിലെ 110-ാം അധ്യായം അവതരിച്ചു: ‘അല്ലാഹുവിന്റെ സഹായവും വിജയവും ലഭിക്കുകയും ജനങ്ങൾ കൂട്ടം കൂട്ടമായി അല്ലാഹുവിന്റെ മതം ആശ്ലേഷിക്കുന്നത് അങ്ങ് കാണുകയും ചെയ്താൽ രക്ഷിതാവിനെ അങ്ങ് സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യണം. പരലോകത്ത് അങ്ങയുടെ പദവി ഉയരുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയും രക്ഷിതാവിനോട് കൂടുതൽ വിനയാന്വിതനാവുകയും ചെയ്യുക. തീർച്ച, അവൻ അടിമയുടെ വിനയം സ്വീകരിക്കുന്നവനാണ്’ എന്നതാണ് പ്രസ്തുത അധ്യായത്തിന്റെ ഒരാശയം.

മക്കാ വിജയമാണ് ഇവിടെ പരാമർശിച്ച വിജയം കൊണ്ടുള്ള വിവക്ഷ. മക്കാ വിജയത്തിന് ശേഷം യമൻ ദേശക്കാരാണ് സംഘം സംഘങ്ങളായി ഇസ്‌ലാം ആശ്ലേഷിച്ചത്. നബി(സ്വ)യുടെ നിയോഗത്തിന് മുമ്പ് അബ്‌റഹത്ത് ആനപ്പടയുമായി വിശുദ്ധ മക്കയിൽ പ്രവേശിച്ച് കഅ്ബ പൊളിക്കാൻ നടത്തിയ ശ്രമം അല്ലാഹു അബാബീൽ പക്ഷികളെ അയച്ച് വിഫലമാക്കുകയും സൈന്യത്തെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബ്‌റഹത്ത് യമനിൽ നിന്നാണ് മക്ക കീഴടക്കാനായി വന്നത്. എന്നാൽ നബി(സ്വ) മക്ക കീഴടക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇത് അബ്‌റഹത്ത് അക്രമിയും മുഹമ്മദ്(സ്വ) നീതിമാനും സത്യസന്ധനുമാണെന്നതിന് തെളിവാണ്. ഇത് മനസ്സിലാക്കിയാണ് യമൻ ദേശക്കാർ സംഘം സംഘങ്ങളായി ഇസ്‌ലാം ആശ്ലേഷിച്ചത്.

ശത്രുക്കളുടെ പീഡനം ശക്തിയായപ്പോൾ ജന്മനാടു വിട്ടു പലായനം ചെയ്ത തിരുനബി(സ്വ)ക്കും അനുചരന്മാർക്കും വിശുദ്ധ മക്കയിൽ വിജയം വരിക്കാൻ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദിയായിട്ടാണ് രക്ഷിതാവിനെ സ്തുതിക്കാനും പുകഴ്ത്താനും അവനോട് കൂടുതൽ വിനയാന്വിതനാകാനും അല്ലാഹു ഈ അധ്യായത്തിലൂടെ കൽപ്പിച്ചത്. രണ്ടു ദിവസം മുമ്പ് അവതരിച്ച വാക്യങ്ങളിൽ തിരുനബി(സ്വ)യുടെ വഫാത്തിന്റെ സന്ദേശമുള്ളതു പോലെ തന്നെ ഈ അധ്യായവും വഫാത്തിനെ സ്ഥാപിക്കുന്നതായിരുന്നു. പ്രബോധന ദൗത്യം പൂർണവിജയം പ്രാപിച്ചതിനാൽ വിശ്രമജീവിതം നയിക്കാനും പരലോക യാത്രയുടെ അവസാന തയ്യാറെടുപ്പുകൾക്കുള്ള കൽപനയുമാണ് റസൂലിനോട് അല്ലാഹു നടത്തിയത്. ‘നിന്നെ സ്തുതിക്കുന്നതോടൊപ്പം വാഴ്ത്തുകയും ചെയ്യുന്നു. നീ എന്റെ പരലോക പദവി ഉയർത്തണം, അല്ലാഹ്’ എന്ന പ്രാർത്ഥന ഈ അധ്യായം അവതരിച്ചതു മുതൽ നടത്തത്തിലും കിടത്തത്തിലുമെല്ലാം തിരുനബി(സ്വ) വർധിപ്പിച്ചിരുന്നു. നിസ്‌കാരത്തിൽ റുകൂഇലും സുജൂദിലും നബി(സ്വ) അന്നുമുതൽ ചൊല്ലിയിരുന്നതിനാൽ അത് എല്ലാവർക്കും സുന്നത്താവുകയും ചെയ്തു.

തുടർന്ന് തിരുനബി(സ്വ) ഹജ്ജതുൽ വദാഇലെ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തി.

‘അല്ലാഹുവിന്റെ പക്കലുള്ള സ്വർഗീയ പ്രതിഫലമോ ഭൗതിക ജീവിതമോ തിരഞ്ഞെടുക്കാനുള്ള അവസരം അല്ലാഹു ഒരടിമക്ക നൽകിയിരിക്കുന്നു. ആ അടിമ അല്ലാഹുവിന്റെ പക്കലുള്ള പ്രതിഫലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു’ എന്ന് തിരുനബി(സ്വ) മറ്റൊരിക്കൽ പ്രസംഗിച്ചു. ഇതുകേട്ട് അബൂബക്കർ(റ) പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചിൽ കേട്ടു സദസ്യർ ഒന്നടങ്കം ആശ്ചര്യഭരിതരായി. അവർ കാര്യമന്വേഷിച്ചു. അവസരം നൽകപ്പെട്ട അടിമ നബി(സ്വ) തന്നെയാണെന്നും അവിടുത്തെ വഫാത്ത് അടുത്തിട്ടുണ്ടെന്നുമുള്ള സന്ദേശമാണ് ഇതെന്നും അബൂബക്കർ(റ) വിശദീകരിച്ചപ്പോൾ സദസ്സിനും സങ്കടം അടക്കാൻ കഴിഞ്ഞില്ല.

ഹജ്ജ് കഴിഞ്ഞ് മദീനയിൽ തിരിച്ചെത്തിയ തിരുനബി(സ്വ)ക്ക് തലവേദനയും ശാരീരിക ക്ഷീണവും തളർച്ച.യും അനുഭവപ്പെട്ടു. ഈ രോഗം അന്ത്യയാത്രയുടെ അനുബന്ധമായി കരുതപ്പെട്ടു. ശേഷം സ്വഫർ മാസം ഇരുപത്തിരണ്ടിന് ശനിയാഴ്ച നബി  (സ്വ)ക്ക് രോഗം കലശലായി. തളർച്ച, ക്ഷീണം, ഇടക്കിടെ ബോധക്ഷയം. തലവേദന കടുത്തു. ഭാര്യമാരുടെ സമ്മതത്തോടെ അവിടുന്ന് ആഇശ ബീവി(റ)യുടെ വീട്ടിൽ താമസിച്ചു. നബി(സ്വ)ക്ക് ആവശ്യമായ മുഴുവൻ ശുശ്രൂഷകളും അവർ അതീവ ശ്രദ്ധയോടെ നിർഹിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ നിർദേശപ്രകാരം ആഇശ(റ) ഇടക്കിടെ സൂറത്തുൽ ഇഖ്‌ലാസും മുഅവ്വിദതൈനിയും ഇരുകൈകൾ കൂട്ടിപ്പിടിച്ച് ഓതി ഊതി നബി(സ്വ)യുടെ ശരീരമാകെ തടവിക്കൊടുക്കും.

രോഗം തുടങ്ങിയ ശനിയാഴ്ച അർധരാത്രി അബൂമുവൈഹിബത്ത് എന്ന തന്റെ അടിമയെ വിളിച്ചുപറഞ്ഞു: ‘ജന്നതുൽ ബഖീഅ് (മദീനയിലെ ഖബർസ്ഥാൻ) സിയാറത്ത് ചെയ്യാൻ അല്ലാഹുവിന്റെ കൽപനയുണ്ട്. നീയും എന്നോടൊപ്പം വരൂ.’

രണ്ടുപേരും ജന്നത്തുൽ ബഖീഇലെത്തി. ഖബറാളികൾക്ക് സലാം പറഞ്ഞ ശേഷം അവരോടായി റസൂൽ(സ്വ) പറഞ്ഞു: ‘നിങ്ങളുടെ ദിനരാത്രങ്ങൾ ശുഭകരമായിരുന്നു. അല്ലാഹു നിങ്ങളെ സംരക്ഷിച്ചു. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. ഉരുളടഞ്ഞ രാത്രിപോലെ ലോകത്ത് തിന്മകൾ വ്യാപിച്ച് തുടങ്ങിയിരിക്കുകയാണ്. ഒന്നിനുപുറകെ മറ്റൊന്നായി തിന്മകൾ പ്രത്യക്ഷപ്പെടാനാരംഭിച്ചിരിക്കുന്നു. ആദ്യത്തേതിനേക്കാൾ കഠിനമായതാണ് പിന്നീട് ഉണ്ടാകുന്നത്.’ ശേഷം നബി (സ്വ) ദുആ ചെയ്ത് തിരിച്ചുപോന്നു.

രോഗവിവരം അറിഞ്ഞ അബൂബക്കർ(റ) തിരുനബി(സ്വ)യുടെ സന്നിധിയിലെത്തി രോഗശുശ്രൂഷ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും അതിനനുമതി ചോദിക്കുകയും ചെയ്തു. എന്റെ ഭാര്യമാർക്കും പെൺമക്കൾക്കും എന്നെ ശുശ്രൂഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടാൽ അത് അവർക്ക് താങ്ങാനാവാത്ത വ്യസനത്തിനു നിമിത്തമാവും. അതിനാൽ അത് അവർ തന്നെ നിർവഹിക്കട്ടെ. താങ്കളുടെ നല്ല നിയ്യത്തിനുള്ള പ്രതിഫലം അല്ലാഹുവിന്റെ പക്കൽ ഉറപ്പായിരിക്കുന്നു എന്നു പറഞ്ഞ് നബി(സ്വ) അദ്ദേഹത്തെ തിരിച്ചയച്ചു.

(തുടരും)

അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ