വിശ്വാസികളുടെ മാതാക്കളാണ് അസ്‌വാജുന്നബി അഥവാ തിരുനബി(സ്വ)യുടെ പ്രിയ പത്‌നിമാർ. പരിശുദ്ധ ഖുർആൻ അവരെപ്പറ്റി നടത്തിയ പ്രഖ്യാപനം പ്രസ്താവ്യമാണ്. സൂറതുൽ അഹ്‌സാബിലെ ആറാമത്തെ വാക്യത്തിൽ പറയുന്നതിങ്ങനെ: ‘തിരുപത്‌നിമാർ അവരുടെ ഉമ്മമാരാകുന്നു.’
ഇസ്മാഈലുൽ ഹിഖി കുറിക്കുന്നു: ‘ഈ ഖുർആൻ വാക്യത്തിന്റെ വിവക്ഷ നബിപത്‌നിമാർ നമ്മുടെ ഉമ്മമാർക്ക് സമാനമാണെന്ന് തന്നെയാണ്. ബഹുമാനാദരങ്ങൾ നിർബന്ധമാണെന്ന വിഷയത്തിലും നബിയുടെ വിയോഗാനന്തരം വിവാഹം നിഷിദ്ധമാണെന്ന കാര്യത്തിലുമാണത്. അല്ലാതെ കാണാനും തൊടാനും പറ്റുമെന്ന അർത്ഥത്തിലല്ല. അവരുമായി തനിച്ചാകലും മറയില്ലാതെ പ്രത്യക്ഷമാകലും അവർ മരിച്ചാൽ അനന്തരം എടുക്കലുമൊന്നും പാടില്ല. അവരോട് നിങ്ങൾ വല്ലതും ചോദിക്കുകയാണെങ്കിൽ മറക്കപ്പുറത്ത് നിന്ന് ചോദിക്കണമെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ…’
ഇമാം അബൂഹനീഫ(റ) പറഞ്ഞു: ‘ആഇശാ ബീവി ജനങ്ങളെ അന്യരുടെ ഹുക്മിൽ തന്നെയാണ് കണ്ടിരുന്നത്. അവർ ഉമ്മയാണെന്നതിന്റെ വിവക്ഷ നികാഹ് നിഷിദ്ധമാകുന്ന കാര്യത്തിൽ മാത്രമാണ് എന്നതാണ് ശരി’ (റൂഹുൽ ബയാൻ 7/139).
ഇമാം മുഹമ്മദ് ബിൻ യൂസുഫുശ്ശാമി(റ) എഴുതി: ‘തിരുപത്‌നിമാർ ഉമ്മമാരാകുന്നത് ആദരവിന്റെയും വൈവാഹിക നിഷിദ്ധത്തിന്റെയും പേരിലാകുന്നു. മറ്റു കാര്യങ്ങളിൽ അവർ അന്യർ തന്നെയാണ്. ഈ മാതൃത്വം മറ്റു ബന്ധങ്ങളിലേക്ക് പകരില്ല. അതുകൊണ്ടാണ് തിരുപത്‌നി മൈമൂനാ ബീവിയുടെ സഹോദരി ഉമ്മുൽ ഫള്‌ലിനെ അബ്ബാസ്(റ) വിവാഹം ചെയ്തത്. ഈ മാതൃത്വം മുസ്‌ലിം സ്ത്രീകൾക്ക് ബാധകമല്ല. ഇതിന് മസ്‌റൂഖ്(റ) തെളിവു പറയുന്നതിങ്ങനെ: ആഇശാ ബീവിക്കരികിൽ ഒരു യുവതി വന്നുവിളിച്ചു; ഉമ്മാ… ഉടൻ ബീവി പറഞ്ഞു: ഞാൻ നിനക്ക് ഉമ്മയല്ല, നിങ്ങളിലെ പുരുഷന്മാർക്കാണ് ഉമ്മയാകുക’ (സുബുലുൽഹുദാ 11/146).
നമ്മെ പ്രസവിക്കാത്ത നമ്മുടെ ഉമ്മമാരാണ് തിരുപത്‌നിമാരെന്ന് മേൽ വിശദീകരണത്തിൽ നിന്ന് ഗ്രാഹ്യമാകുന്നു. പത്‌നിമാരിൽ നബി(സ്വ)യുടെ സന്താനങ്ങൾക്ക് ജന്മമേകാൻ ഭാഗ്യം സിദ്ധിച്ചത് ഖദീജാ ബീവി(റ)ക്കാണ്. ബാക്കി പത്‌നിമാരിൽ റസൂലിന് സന്താനങ്ങൾ പിറന്നിട്ടില്ല. യൗവനയുക്തയായ ആഇശാ ബീവി(റ)ക്ക് പോലും സന്താനങ്ങൾ പിറന്നില്ല. ലോകപുരുഷാരത്തിന്റെ മൊത്തം മാതൃത്വത്തിന് നിയുക്തരായതിനാലാകാം ഇത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മാതാവിൽ നിന്ന് മക്കൾക്കു ലഭിക്കുന്ന സ്‌നേഹവായ്പ് തിരുപത്‌നിമാരിൽ നിന്ന് ഈ സമുദായത്തിന് വേണ്ടത്ര ലഭിച്ചിട്ടുണ്ട്. എങ്ങനെയെന്നാൽ അവർ തിരുനബി(സ്വ)ക്ക് തുണയാവുകയും നബി ജീവിതത്തെ സമൂഹത്തിന് പകർന്നുനൽകാൻ പ്രയത്‌നിക്കുകയും ചെയ്തു. അതിലൂടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃനിർവിശേഷമായ ഭാവം അവർ സഫലീകരിച്ചു. ഈ വിധം നമ്മുടെ ഉമ്മമാരാകാൻ സൗഭാഗ്യം സിദ്ധിച്ചവരെപ്പറ്റി അനസ്(റ)വും ഇബ്‌നു അബ്ബാസ്(റ)വും പറയുന്നതിങ്ങനെ: ‘നബി(സ്വ) പതിനഞ്ചു പത്‌നിമാരെ വരിച്ചിട്ടുണ്ട്. അതിൽ ബന്ധം നടന്നത് പതിമൂന്ന് പേരുമായിട്ടാണ്. പതിനൊന്ന് പേരാണ് നബിക്കൊപ്പം ജീവിതം നയിച്ചത്. വഫാത്തിന്റെ സന്ദർഭത്തിൽ ഒമ്പത് പേരായിരുന്നു ഉണ്ടായിരുന്നത്.’
തിരുപത്‌നിമാർ
പതിനൊന്ന് പത്‌നിമാരിൽ ആറുപേർ ഖുറൈശി കുലത്തിൽ പിറന്നവരാണ്. നാലുപേർ ഖുറൈശി കുലത്തിലല്ലെങ്കിലും അറബി വംശജർ തന്നെ. ഒരു ഭാര്യ അനറബിയും. സ്വഫിയ്യാ ബിൻത് ഹുയയ്യാണവർ. ബനൂ ഇസ്‌റാഈലുകാരിയാണ് ബീവി.
ഖുറൈശി തരുണികൾ ഇവരാണ്: ഖദീജ ബിൻത് ഖുവൈലിദ്, ആഇശാ ബിൻത് അബീബകർ, ഹഫ്‌സ്വ ബിൻത് ഉമർ, ഉമ്മു ഹബീബ ബിൻത് അബീസുഫ്‌യാൻ, ഉമ്മുസലമ ബിൻത് ഉമയ്യത് (ഹിന്ദ്), സൗദ ബിൻത് സംഅ. അറബി പത്‌നിമാരിൽ ശേഷിക്കുന്നവർ ഇനി പറയുന്നവരാണ്: സൈനബ് ബിൻത് ജഹ്ശ്, മൈമൂന ബിൻത് ഹാരിസ്, സൈനബ് ബിൻത് ഖുസൈമ, ജുവൈരിയ ബിൻത് ഹാരിസ്.
തിരുനബി(സ്വ) ജീവിച്ചിരിക്കെ പരലോകം പ്രാപിച്ചവർ ഖദീജ ബീവി(റ)യും ഖുസൈമയുടെ പുത്രിയായ സൈനബ ബീവി(റ)യുമാണ്. തിരുനബി(സ്വ) ആദ്യം വരിച്ചത് ഖദീജ(റ)യെയാണല്ലോ. ബീവി മരിക്കുന്നതു വരെ അവിടുന്ന് മറ്റു വിവാഹങ്ങൾ ചെയ്തിട്ടില്ല. തിരുപത്‌നിമാരിൽ അവസാനം മരിച്ചത് ഉമ്മുസലമ ബീവിയാണ്. അബൂഉബൈദ പറഞ്ഞതനുസരിച്ച് തിരുപത്‌നിമാരുടെ വിവാഹക്രമം ഇങ്ങനെ:
ഖദീജ, സൗദ, ആഇശ, ഉമ്മുഹബീബ, ഉമ്മുസലമ, ഹഫ്‌സ്വ, സൈനബ്, ജുവൈരിയ, മൈമൂന, സ്വഫിയ്യ, സൈനബ ബിൻത് ഖുസൈമ (റ).
ഖദീജ ബീവി(റ)
ഖുവൈലിദിന്റെ പുത്രി. മാതാവ് ബിൻത് സാഇദ. നേരത്തെ രണ്ടു പ്രാവശ്യം വിവാഹിതയായിരുന്നു. പ്രഥമമായി ഇസ്‌ലാം പുൽകിയത് ഖദീജ(റ)യാണെന്ന് ചരിത്രം. നബിതങ്ങൾക്കൊപ്പം 24 വർഷം ജീവിക്കാൻ മഹതിക്ക് സൗഭാഗ്യമുണ്ടായി. ബീവിയുടെ കാലത്ത് നബി(സ്വ)ക്ക് മറ്റൊരു പത്‌നിയുണ്ടായിരുന്നില്ല. സ്വർഗ സ്ത്രീകളിൽ ഉത്തമയാണ് അവരെന്ന് തിരുനബി(സ്വ) പറഞ്ഞതു കാണാം. ഹിജ്‌റക്ക് മുമ്പേ ബീവി വഫാത്തായി. നുബുവ്വത്തിന്റെ പത്താം വർഷം റമളാൻ 17-ന്. 65 വയസ്സായിരുന്നു അന്ന്. മറവുചെയ്യുമ്പോൾ നബി(സ്വ) ഖബ്‌റിൽ ഇറങ്ങി. അന്ന് ജനാസ നിസ്‌കാരം നിയമമായി വന്നിരുന്നില്ല.
ആഇശ ബീവി(റ)
അബൂബക്കർ സിദ്ദീഖ്(റ)ന്റെ മകൾ. മാതാവ് ഉമ്മുറുമാൻ ബിൻത് ആമിർ. ഉമ്മു അബ്ദില്ല എന്ന് ആഇശ(റ)നെ വിളിച്ചിരുന്നു. ബീവി ഹിജ്‌റയിൽ പങ്കുകൊണ്ടിട്ടുണ്ട്. ഏഴാമത്തെ വയസ്സിലാണ് നബി(സ്വ) നികാഹ് ചെയ്യുന്നത്. ഒമ്പതിലോ പത്തിലോ ഒന്നിച്ചു ജീവിതം തുടങ്ങി. 18-ാം വയസ്സിൽ നബി(സ്വ) ബീവിയെ വിട്ടുപിരിഞ്ഞു. 58-ാം വയസ്സിൽ റമളാൻ 17-ന് ചൊവ്വാഴ്ച രാത്രിയാണ് ബീവി വഫാത്തായത്. അബൂഹുറൈറ(റ) നിസ്‌കാരത്തിന് നേതൃത്വം നൽകി. ജന്നതുൽ ബഖീഇൽ വിശ്രമിക്കുന്നു. അബൂഹുറൈറ(റ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തത് മഹതിയാണ്.
ഹഫ്‌സ്വ ബീവി(റ)
ഉമറുബിൻ ഖത്വാബ്(റ)ന്റെ പുത്രിയാണ് ഇവർ. വിധവയായിരുന്ന ഇവരെ ഹിജ്‌റ രണ്ടാം വർഷം മദീനയിൽ വെച്ചാണ് പ്രവാചകർ വിവാഹം ചെയ്തത്. ഹിജ്‌റ 45-ൽ ശഅ്ബാനിൽ വഫാത്തായി. 60 വയസ്സാണ് പ്രായം. മദീനാ അമീർ മർവാനുബ്‌നു ഹകം ആണ് നിസ്‌കാരത്തിന് നേതൃത്വം നൽകിയത്. മയ്യിത്ത് ചുമന്നത് അബൂഹുറൈറ(റ)യായിരുന്നു. തിരുനബി(സ്വ)യിൽ നിന്ന് 60 ഹദീസുകൾ ബീവി ഉദ്ധരിച്ചിട്ടുണ്ട്.
ഉമ്മുസലമ ബീവി(റ)
ഉമയ്യത്തിന്റെ മകളാണ് ഉമ്മുസലമ(റ). ഉമ്മ ആതിഖ ബിൻത് ആമിർ. ആദ്യ ഭർത്താവ് അബൂസലമക്കൊപ്പം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിട്ടുണ്ട്. ബദ്ർ കഴിഞ്ഞ് രണ്ടാം കൊല്ലം ശവ്വാൽ മാസത്തിലാണ് നബി(സ്വ) ബീവിയെ ഇണയാക്കിയത്. ഹിജ്‌റ 61-ലാണ് വഫാത്തായത്. യസീദുബിൻ മുആവിയയാണ് അന്ന് ഭരണാധികാരി. 84 വയസ്സുണ്ടായിരുന്നു ബീവിക്ക്. നബി പത്‌നിമാരിൽ ഏറ്റവും അവസാനം വിടവാങ്ങിയത് ഇവരാണ്.
ഉമ്മു ഹബീബ(റ)
അബൂസുഫ്‌യാൻ(റ)ന്റെ പുത്രിയാണ് ഉമ്മു ഹബീബ(റ). മാതാവ് സ്വഫിയ്യ ബിൻത് അബിൽ ആസ്വ്. ഹിജ്‌റ ആറാം വർഷമായിരുന്നു ഈ വിവാഹം. റസൂലിന്റെ പ്രതിനിധിയായി നജ്ജാശി ചക്രവർത്തിയാണ് മഹ്ർ നൽകിയത്. ഹിജ്‌റ 44-ലാണ് ഇവർ വഫാത്തായത്. 42-ലാണെന്നും 55-ലാണെന്നും പക്ഷാന്തരമുണ്ട്.
സൗദ ബീവി(റ)
സംഅതിന്റെ മകളാണ് സൗദ(റ). മാതാവ് ശമ്മാസ് ബിൻത് ഖൈസ്. ഖദീജ(റ)യുടെ മരണാനന്തരമാണ് ബീവിയെ നബി(സ്വ) ഇണയാക്കിയത്. മക്കത്തു വെച്ചാണ് മണിയറ കൂടിയതും ഒന്നിച്ചു ജീവിച്ചതും. ഉമർ(റ)ന്റെ ഖിലാഫത്തിന്റെ അവസാനത്തിലായിരുന്നു വഫാത്ത്.
സൈനബ് ബിൻത് ജഹ്ശ്(റ)
മാതാവ് ഉമൈമയാണ്. ഹിജ്‌റ മൂന്നാം കൊല്ലം മദീനയിൽ വെച്ച് ഇണയാക്കി. വിവാഹ നാളിൽ ബീവിക്ക് 35 വയസ്സാണ്. ഉമർ(റ)ന്റെ ഖിലാഫത്ത് കാലത്താണ് വഫാത്തായത്. ഉമർ(റ) തന്നെയാണ് മയ്യിത്ത് നിസ്‌കരിച്ചതും.
സൈനബ് ബിൻത് ഖുസൈമ(റ)
ഉമ്മുൽ മസാകീൻ (പാവങ്ങളുടെ ഉമ്മ) എന്ന പേരിൽ പ്രശസ്തയാണ് ഇവർ. ഹിജ്‌റ 14-ന് റബീഉൽ അവ്വലിലാണ് ബീവി വഫാത്തായത്. ജന്നതുൽ ബഖീഇലാണ് ഖബ്ർ. മുപ്പതിനോടടുത്തായിരുന്നു പ്രായം.
മൈമൂന ബിൻത് ഹാരിസ്(റ)
ബർറ എന്നും ബീവിക്ക് പേരുണ്ട്. ഔഫിന്റെ പുത്രി ഹിന്ദാണ് മാതാവ്. ഹിജ്‌റ ഏഴാം വർഷമായിരുന്നു വിവാഹം. നബി(സ്വ) വിവാഹം ചെയ്ത അവസാന സ്ത്രീ ഇവരാണ്. സറഫിൽ വെച്ചാണ് വഫാത്താകുന്നത്. നബി(സ്വ) ബീവിയുമൊത്ത് പ്രഥമരാത്രി പങ്കിട്ട സ്ഥലമാണ് സറഫ്. അവിടെ തന്നെയാണ് അന്ത്യവിശ്രമവും. ഹിജ്‌റ 63-ലായിരുന്നു വിയോഗം.
ജുവൈരിയ ബീവി(റ)
ഹാരിസിന്റെ പുത്രിയാണ് ജുവൈരിയ(റ). നബി(സ്വ)യാണ് ആ പേര് നൽകിയത്. ബനുൽ മുസ്ഥലഖ് യുദ്ധത്തെ തുടർന്നാണ് ബീവിയെ നബി(സ്വ) ഇണയാക്കിയത്. ഹിജ്‌റ 50-ൽ റബീഉൽ അവ്വൽ മാസത്തിലാണ് വഫാത്ത്. മർവാനുബ്‌നു ഹകം മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. 70 വയസ്സായിരുന്നു അന്ന്.
സ്വഫിയ്യ ബിൻത് ഹുയയ്യ്(റ)
ബനുന്നളീർ ഗോത്രത്തലവനായിരുന്നു ബീവിയുടെ പിതാവ്. ബർറ ബിൻത് സംവാലാണ് മാതാവ്. ഹിജ്‌റ 50-നാണ് ബീവി വഫാതാകുന്നത്. ബഖീഇലാണ് ഖബ്ർ ശരീഫ്. മുആവിയ(റ)യായിരുന്നു അന്നത്തെ ഭരണാധിപൻ.
തിരുറസൂലിന്റെ കുടുംബ ജീവിത മാതൃകകളും സ്ത്രീസംബന്ധമായ മസ്അലകളും മുസ്‌ലിം ലോകത്തിന് കൈമാറിയതിൽ തിരുപത്‌നിമാരുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ട് അവരെ വിശ്വാസികളുടെ മാതാക്കളായി മുസ്‌ലിംകൾ ആദരിക്കുന്നു.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി