ഇന്ത്യൻ പട്ടാളത്തിൽ പ്രവർത്തിക്കുന്ന ഒരു മലപ്പുറത്തുകാരൻ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തി എന്നതായിരുന്നു ആദ്യവാർത്ത. അത് പത്രമാധ്യമങ്ങൾ ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു. പ്രതി മലപ്പുറത്തുകാരനാണല്ലോ? കറകളഞ്ഞ രാജ്യദ്രോഹി, ഒറ്റുകാരൻ, ദേശസ്നേഹമില്ലാത്ത വിദേശി, ഭീകരൻ ഇതിനൊക്കെയുള്ള ഒറ്റപ്പദമാണ് പലർക്കും മുസ്ലിമും മലപ്പുറവും. സംഗതിപൂർണമായി വെളിപ്പെട്ടപ്പോഴാണ് പലർക്കും നെറ്റിചുളിഞ്ഞത്-രഞ്ജിത്തെന്ന തനി ഭാരതമാതാവിന്റെ ഒറിജിനൽ പുത്രനാണ് സംഗതി ഒപ്പിച്ചിരിക്കുന്നത്. 30 വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ഒറ്റുകൊടുത്ത യൂദാസിനെ കുറിച്ചുള്ള ബൈബിൾ കഥകേട്ടിട്ടുണ്ട്. രഞ്ജിത്ത് പക്ഷേ, വെറും മുപ്പതിനായിരം ഉറുപ്പികക്ക് വേണ്ടി സർവ ഗരുക്കളെയും മാതാപിതാക്കളെയും സ്വന്തം രാജ്യത്തെ തന്നെയും തൂക്കിവിറ്റുകളഞ്ഞു. സമാനമായ മറ്റൊരു സംഭവം കൂടിയുണ്ടായി. പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിലേക്ക് മഹേഷ് എന്ന യുവാവ് ബാഗുമായി ഓടിക്കയറി. ഒരു ചെറിയ റിപ്പോർട്ടിലൊതുങ്ങിയ സംഭവത്തിന് പിന്നീട് എന്തുപറ്റിയെന്ന് എവിടെയും കണ്ടില്ല; ഒരു പത്രത്തിലും തുടർവാർത്തകൾ വന്നതുമില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുനർ നിർമിതിക്കുംവേണ്ടി രക്തവും വിയർപ്പും സമ്പത്തുമൊഴുക്കിയ ഒരു സമൂഹത്തിന്റെ ദുര്യോഗം നോക്കുക. ഇത്തരം പ്രശ്നങ്ങളിലെ പ്രതികളൊന്നും മുസ്ലിം പേരുള്ളവരാകാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കേണ്ടിവരുന്നു; എവിടെയെങ്കിലും പടക്കംപൊട്ടിയാൽ അതിനു തീകൊളുത്തിയത് ഇസ്ലാം പേരുള്ള ഒരു കുരുത്തംകെട്ടവനാവാതിരിക്കാൻ പ്രാർത്ഥിക്കാൻ നിർബന്ധിതരാകുന്നു!
ഈ സംഭവത്തിലെ പ്രതി മഹേഷിനു പകരം വല്ല മനാഫുമാണെങ്കിൽ ഉണ്ടാകാനിടയുള്ള ബഹളങ്ങൾ വെറുതെ സങ്കൽപിച്ചുനോക്കുക. വിദ്യാർത്ഥിയായ അവനിൽനിന്ന് ലോലിപോപ്പ് ബോംബ്, അച്ചാർബോംബ്, എറൈർ മിസൈൽ പോലുള്ളതെല്ലാം കണ്ടെടുക്കുമായിരുന്നു. അവന്റെ കോമ്പസും പൊട്ട്രാക്റ്ററും പഠനോപകരണം എന്നതലത്തിൽ നിന്നും മാറി വൻനാശകാരിയായ ആയുധങ്ങളായി പിടിച്ചെടുക്കപ്പെടുമായിരുന്നു. ശശികല, പ്രാചി, കുമ്മനാദികളൊക്കെ നാടു നിരങ്ങി വർഗീയ പ്രഭാഷണങ്ങൾ പൊടിപൊടിക്കുമായിരുന്നു. ഭാഗ്യം! അതിനൊന്നും അവസരം ആർക്കുമുണ്ടായില്ല. സംഗതി ഞമ്മന്റാളുതന്നെയാണല്ലോ? തീവ്രവാദത്തെയും ഭീകരതയെയും സാമൂഹികമായി പതിച്ചുനൽകാതെ യഥാർത്ഥ പ്രതിയിൽ നിലനിർത്താനാണ് പത്രമാധ്യമങ്ങൾ ശ്രമിക്കേണ്ടത്. അവിടെ മഞ്ഞക്കണ്ണ് തുറക്കരുത്. ഖുർആൻ പറഞ്ഞതുപോലെ ‘സമാധാനം, അതാണല്ലോ നല്ലത്.’