മാനവികതയുടെയും നന്മയുടെയും പാഠങ്ങൾ ചിത്രീകരിക്കുന്നു എന്ന പരിവേഷത്തിലാണ് ഹോം സിനിമകൾ മലയാളികളെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമാക്കിയിട്ടുള്ളത്. ഗൾഫ് കഥകളിലൂടെയാണ് അത്തരം സിനിമകൾ പലപ്പോഴും പ്രേക്ഷക മനസ്സുകൾ കീഴടക്കുന്നത്. സ്ത്രീധനം, കുടുംബ കാര്യങ്ങൾ, പ്രവാസ ദുരിതം തുടങ്ങിയവ തന്നെയാണ് സ്ഥിരം വിഷയങ്ങൾ. പഴയ കാലത്ത് സ്ത്രീകളും കുട്ടികളുമെല്ലാം അത്യപൂർവമായും അതീവ രഹസ്യമായും ആസ്വദിച്ചിരുന്ന സിനിമയെന്ന കലാരൂപം ഇന്ന് കുട്ടികൾ മുതൽ പടുവൃദ്ധർ വരെ വിനോദോപാധിയാക്കി മാറ്റാൻ ഇത്തരം മതപശ്ചാത്തലമുള്ള വീടക സിനിമകൾ കാരണമായിയിരിക്കുകയാണ്. സിനിമ താരങ്ങളും ഹാസ്യ നടന്മാരും കുടുംബാംഗങ്ങളെ പോലെയായ കാലമാണിത്.
ഒരു തിയറ്ററിലും റിലീസ് ചെയ്യുന്നില്ലെങ്കിലും ഹോം സിനിമകൾക്ക് വീടുകളിൽ ഏറെ സ്വീകാര്യതയാണ്. ഗൾഫാണ് ഇവയുടെ പ്രധാന മാർക്കറ്റ്. ഗൾഫിലുള്ള ഭർത്താവിനും വീട്ടിലുള്ള ഭാര്യക്കും ഒരു പോലെ താൽപര്യം തോന്നുന്ന വിധത്തിലാണ് ഇത്തരം സിനിമകളുടെ സംവിധാനം. തമാശയിൽ പൊതിഞ്ഞാണ് ഇവ പ്രേക്ഷകരെ തേടിയെത്തുന്നത്. സിനിമ ഹറാമാണെന്ന് അറിയാവുന്നവർ ചിലർ തന്നെ ഹോം സിനിമ അത്ര മാരകമല്ലെന്ന് ചിന്തയുള്ളവരാണെന്നതാണു ദുഃഖ സത്യം. അത്ര ആഴത്തിൽ മലയാളികളുടെ മനസ്സിൽ ഹോം സിനിമകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ലഹരിയെന്ന പോലെ അവയുടെ ഉപഭോക്താക്കളായിത്തീരുന്ന പ്രേക്ഷകരുടെ മസ്തിഷ്കങ്ങളിൽ സിനിമാ ജ്വരം കുടിയിരുത്താൻ ഇത്തരം സിനിമകൾ വഴിമരുന്നാകുന്നുണ്ട്. ഇതുമൂലം നിസ്കാരാദി കർമങ്ങളിൽ ബദ്ധശ്രദ്ധ പുലർത്തുന്നവരും ഇസ്ലാമികാധ്യാപനങ്ങൾ ജീവിതത്തിൽ മുറുകെ പിടിക്കുന്നവരും വരെ സിനിമകളുടെ ഉപാസകരായി മാറിയിരിക്കുന്നു. ജീവിതത്തിലൊരിക്കലും സിനിമ കാണാത്തവർ പോലും കോമഡിയുടെ പേരിൽ സിനിമയുടെ അടിമകളായി മാറിയിട്ടുണ്ടെന്നു ചുരുക്കം.
സാമൂഹിക പ്രശ്നങ്ങളും മാനസിക വിഷമങ്ങളും പ്രമേയമാക്കിയതു കൊണ്ടോ നർമം അകമ്പടി ചേർത്തതു കൊണ്ടോ കുടുംബ പ്രശ്നങ്ങളും സാമ്പത്തികമായ മറ്റു വിഷയങ്ങളും അവതരിപ്പിച്ചതു കൊണ്ടോ തിന്മകളിലേക്ക് വഴിതെറ്റുന്നവർക്കു ബോധവൽക്കരണം നൽകുകയാണെന്നു പരസ്യം നൽകിയതു കൊണ്ടോ ഹറാമായ സിനിമകൾ ഒരിക്കലും ഹലാലാകുന്നില്ല. ആധുനിക സിനിമയുടെ സാംസ്കാരികവും കലാപരവുമായ വശങ്ങൾ ഇസ്ലാമിക ചട്ടക്കൂടിൽ നിന്നും ബഹുദൂരം അകലെയാണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവുന്നതാണ്. അയാഥാർത്ഥ്യത്തിലധിഷ്ഠിതമായ അഭിനയത്തിനോ നാട്യങ്ങൾക്കോ ഇസ്ലാമിക ചരിത്രത്തിൽ യാതൊരു മാതൃകയുമില്ല. നിർമാണത്തിലും ആവിഷ്കാരത്തിലും നിഷിദ്ധമായ പ്രവർത്തനങ്ങളും പ്രകടനങ്ങളുമടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതും അവ വീക്ഷിക്കുന്നതുമെല്ലാം ഹറാം തന്നെ. കേവല വിനോദത്തിനപ്പുറം സിനിമ ഇന്ന് ആശയ പ്രകാശനത്തിന്റെ ഏറ്റവും സംവേദനക്ഷമതയുള്ള മാധ്യമമായി പരിണമിച്ചിട്ടുണ്ടെന്ന വാദം മൂലം ബഹുഭൂരിപക്ഷവും സിനിമയുടെ പക്ഷം ചേർന്നിട്ടുണ്ടെന്നതും നിഷിദ്ധമായ സിനിമ അനുവദനീയമാകാനുള്ള തെളിവല്ല. അല്ലാഹു താത്ത്വികമായി പറയുന്നതു കാണുക:
‘ഭൂമിയിലുള്ളവരിൽ ബഹുഭൂരിപക്ഷത്തെയും അനുസരിച്ചാൽ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അവർ താങ്കളെ പിഴപ്പിച്ചു കളയും. ഊഹത്തെ മാത്രമാണ് അവർ പിന്തുടരുന്നത്. അനുമാനിച്ചു പറയുക മാത്രമാണവർ ചെയ്യുന്നത്’ (വിശുദ്ധ ഖുർആൻ 6/116).
അസംഖ്യം നിഷിദ്ധ കർമങ്ങളുടെ സംഗമസ്ഥലിയാണ് ഹോംസിനിമയും. ആനന്ദത്തിനും ആകർഷണത്തിനും വേണ്ടി അന്യ സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിക്കുന്നത് സിനിമയിൽ വ്യാപകമാണ്. പരപുരുഷ സാന്നിധ്യത്തിൽ മുസ്ലിം സ്ത്രീകൾ ശരീരം മുഴുവൻ മറക്കണമെന്ന മതനിയമത്തെ കാറ്റിൽ പറത്തുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. ആസ്വാദനത്തിനു വേണ്ടി കണ്ണാടി പോലുള്ളതിൽ സ്ത്രീകളുടെ പ്രതിബിംബം കാണുന്നതു പോലും നിഷിദ്ധമാണെന്നാണ് കർമശാസ്ത്ര പണ്ഡിതർ പ്രസ്താവിക്കുന്നത്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: ‘പുരുഷൻ, ആകർഷണം തോന്നുന്ന സ്ത്രീയുടെ ശരീരത്തിന്റെ അൽപഭാഗം പോലും ബോധപൂർവം നോക്കുന്നത് ഹറാമാണ്. അവൻ പടുവൃദ്ധനാണെങ്കിലും അവൾ സ്വതന്ത്രയോ അടിമസ്ത്രീയോ വിരൂപിയോ പടുവൃദ്ധയോ ആണെങ്കിലും നിയമം ഇതു തന്നെ. വിപത്ത് ഭയക്കാതെയോ വികാരമില്ലാതെയോ ആണെങ്കിലും പരസ്പര ദർശനം നിഷിദ്ധമാണ്. സ്ത്രീകൾ പുരുഷന്മാരെ നോക്കലും ഹറാം തന്നെ’ (ഫത്ഹുൽമുഈൻ/341). ആസ്വാദനത്തിനു വേണ്ടിയാവുമ്പോൾ പരസ്ത്രീ ദർശനം മാത്രമല്ല, അവരുടെ ശബ്ദം കേൾക്കുന്നതും ഹറാമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
കോമഡിയാണല്ലോ സിനിമകളിലെ പ്രധാന ചേരുവ. ഹോം സിനിമകളിൽ വിശേഷിച്ചും. അതാവട്ടെ നിഷിദ്ധവുമാണ്. ചിരിപ്പിക്കാൻ വേണ്ടി മാത്രം കഥകളും വാർത്തകളും മെനഞ്ഞുണ്ടാക്കുന്നത് കുറ്റകരമാണ്. നുണയോ അശ്ലീലമോ പറഞ്ഞു സദസ്യരെ ചിരിപ്പിക്കുന്നതും അത്തരം സദസ്സുകളിൽ പങ്കെടുക്കുന്നതും ഹറാമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ /380).
മുആവിയത്തുബ്നു ഹയ്ദ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ്വ) പ്രസ്താവിക്കുന്നതു കാണുക: ‘ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരിച്ചു നുണ പറയുന്നവനു നാശം. അവനു നാശം, അവനു നാശം’ (മുസ്നദു അഹ്മദ്).
ഇമാം നവവി(റ) എഴുതുന്നു: ‘പതിവായോ അമിതമായോ നടത്തുന്ന ഫലിതം നിരോധിക്കപ്പെട്ടതാണ്. അത് അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിൽ നിന്നും മനുഷ്യനെ അശ്രദ്ധനാക്കും (മിർഖാത്ത് 9/171).
തമാശക്കു വേണ്ടി ഇസ്ലാമിന്റെ കാതലായ നിയമങ്ങളെ പോലും പരിഹസിക്കുകയും വ്യാജ മസ്അലകളുണ്ടാക്കുകയും പലപ്പോഴും മതപരിത്യാഗത്തിനു തന്നെ നിദാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന സമകാലിക ഹോം സിനിമകൾ മുസ്ലിമിന്റെ മതകീയ അടിത്തറയിളക്കുന്ന പൈശാചികതയായി മാറുന്നുണ്ടെന്ന യാഥാർത്ഥ്യം ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ടതാണ്.
സിനിമയിൽ സർവസാധാരണമായ പ്രഛന്ന വേഷവും ഇൻസ്ട്രുമെന്റൽ മ്യൂസിക്കും മറ്റും ഹറാം തന്നെയാണ്. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ പ്രഛന്നവേഷം കെട്ടുന്നവർ അഭിശപ്തരാണെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകളുടെയും യാചകരുടെയും കള്ളന്മാരുടെയും നാടോടികളുടെയും വേഷം കെട്ടുന്നതും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി വേദികളൊരുക്കുന്നതും നിഷിദ്ധ കർമങ്ങളിൽ പെട്ടതാണ്. അത്തരം പ്രഛന്ന വേഷ ധാരികളെ ഇസ്ലാമിക ഭരണാധികാരിയായ ഇമാം നാടുകടത്തണമെന്നാണ് കർമശാസ്ത്ര വിഷാരദന്മാരുടെ അഭിപ്രായം (ശർവാനി 9/178 നോക്കുക).
അല്ലാഹുവും അവന്റെ റസൂലും നിപുണരായ പണ്ഡിതന്മാരും തീർപ്പു കൽപ്പിച്ച മതവിധികൾക്കപ്പുറം നിയമങ്ങളുണ്ടാക്കുകയും അവ പ്രവർത്തി പഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവർ ശരീരേച്ഛയെ ദൈവമാക്കുന്നവരാണ്. അതിനെയാണ് അവർ അനുസരിക്കുന്നതും ആരാധിക്കുന്നതും. വിശുദ്ധ ഖുർആൻ ചോദിക്കുന്നു: ‘തന്റെ ദേഹേച്ഛയെ ദൈവമാക്കി മാറ്റിയവനെ താങ്കൾ കണ്ടുവോ? അപ്പോൾ അവന്റെ ചുമതലയേറ്റെടുത്തവരാകുവാൻ താങ്കൾക്കു സാധിക്കുമോ? അതല്ല അധിക പേരും കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്ന് താങ്കൾ കരുതുന്നുവോ? അവർ കാലികളെപ്പോലെ തന്നെയാണ്. അല്ല, അവയേക്കാൾ മാർഗച്യുതി പ്രാപിച്ചവരാണ്’ (ഖുർആൻ 25/43-44).
വിശുദ്ധ ഖുർആനിന്റെ മറ്റൊരു പ്രസ്താവന കാണുക: ‘അല്ലാഹുവും അവന്റെ ദൂതരും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ സത്യ വിശ്വാസികളായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ വ്യക്തമായ ദുർമാർഗത്തിലകപ്പെട്ടവരാണ് (33/36).
സൈനുദ്ദീൻ ഇർഫാനി മാണൂർ