തന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമൊപ്പം നിൽക്കുന്ന മനസ്സിനിണങ്ങിയ സുന്ദരിയായ ഒരിഷ്ടപാതി ആരും ആഗ്രഹിച്ചുപോകും. നാഥന്റെ വരദാനമെന്നോണം അയാൾക്കതു ലഭിച്ചു. ദിവസങ്ങൾ പിന്നിട്ടു. സ്നേഹത്തിന്റെ ഇഴകൾ നെയ്തിടുന്ന ഒരു സ്വകാര്യ നിമിഷത്തിന്റെ അലിവിൽ അയാൾ അവളോടു പറഞ്ഞു:
‘പൊന്നു സഖീ, ഞാനൊരു യാത്ര പോകുന്നു. തിരിച്ചു വരുമ്പോഴേക്ക് നീ അതീവ സുന്ദരിയായിരിക്കണം. പതിനാലാം രാവിലെ പൂർണ ചന്ദ്രനേക്കാൾ സുന്ദരി. ഇല്ലെങ്കിൽ നിന്റെ ത്വലാഖ് (വിവാഹമോചനം) മൂന്നും സംഭവിക്കും.’
പറഞ്ഞതിന്റെ ഗൗരവം പിന്നീടാണയാൾക്ക് ബോധ്യമായത്. വാ വിട്ട വാക്ക് തിരിച്ചുപിടിക്കാനാവില്ലല്ലോ. ആ വിധം സുന്ദരിയായില്ലെങ്കിൽ ത്വലാഖ് സംഭവിച്ചതു തന്നെ!
പെണ്ണ് നല്ല ആഹാരം കഴിച്ച് ശരീരം പരമാവധി പുഷ്ടിപ്പെടുത്തി. ഭർതൃമോഹം യാഥാർത്ഥ്യമാക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു. സൗന്ദര്യം വർധിച്ചിരിക്കുന്നു. എത്രയായാലും ഒരു പെണ്ണിന് പതിനാലാം രാവിലെ പൂർണ ചന്ദ്രനേക്കാൾ സുന്ദരിയാകാനാവുമോ?
പ്രശ്നം പണ്ഡിതരുടെ മുന്നിലെത്തി. ചർച്ചകളായി. വിവാദങ്ങളും. ചിലർ ത്വലാഖായെന്ന് വിധിച്ചു. ദമ്പതികൾ വിഷണ്ണരായി. ഓരോ വാക്കും ചിന്തിച്ചേ പറയാവൂ. തോന്നുന്നത് വിളിച്ചു പറഞ്ഞാൽ ഖേദിക്കേണ്ടി വരും. പത്നിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കൊച്ചു കുട്ടിയെ പോലെ തേങ്ങി. ‘അങ്ങേക്കെന്നോട് ഒട്ടും സ്നേഹമില്ല’ അവൾ കണ്ണു തുടച്ചു.
‘അടക്കവയ്യാത്ത സ്നേഹമാണ് പൊന്നേ, എന്നെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്’ അയാൾ ആണയിട്ടു. അങ്ങനെ പറയാനിടയായ നിമിഷത്തെ ശപിച്ചു. പക്ഷേ, ഫലമില്ലല്ലോ.
ഒടുവിൽ പ്രശ്ന പരിഹാരത്തിനായി അവർ ഇമാം മാലിക്(റ)നെ സമീപിച്ചു. ഇനി ചെല്ലാൻ അദ്ദേഹമല്ലാതെ മറ്റൊരുന്നത പണ്ഡിതനില്ല. ഭാര്യയുമായി വഴിപിരിയാത്ത മതവിധി അവിടെനിന്നു കിട്ടിയിരുന്നെങ്കിലെന്ന് അയാൾ കൊതിച്ചു. ധാരാളം ശിഷ്യന്മാർ വിജ്ഞാനം നുകരുന്ന നേരത്താണ് ഇദ്ദേഹവും ബന്ധപ്പെട്ടവരും എത്തിച്ചേർന്നത്.
സംശയ നിവാരണത്തിനുള്ള അവസരം പ്രതീക്ഷിച്ച് അവർ നിൽപ്പായി. ശിഷ്യർ അവരെ ഗുരുസന്നിധിയിലെത്തിച്ചു. ഭർത്താവ് സംഭവം വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇമാമിന്റെ മുഖം മ്ലാനമാകുന്നത് അയാൾ കണ്ടു. ത്വലാഖ് സംഭവിച്ചു എന്നുതന്നെയായിരുന്നു വിധി. ദുർബല നിമിഷത്തിൽ സംഭവിച്ച ചിന്താശൂന്യമായ ജൽപനം വരുത്തിവെച്ച വിന അയാൾ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു. കരഞ്ഞു കലങ്ങിയ പ്രിയപ്പെട്ടവളുടെ വദനം അകതാരിൽ നൊമ്പരം പടർത്തി. അയാൾ ഗുരുസന്നിധിയിൽ നിന്നും പുറത്തിറങ്ങി.
ആ നിമിഷം ഒരു മുതഅല്ലിം എഴുന്നേറ്റു.
‘അങ്ങ് സംതൃപ്തനെങ്കിൽ ഞാനൊന്ന് പറഞ്ഞോട്ടെ?
ഗുരു സമ്മതം നൽകി.
ശിഷ്യൻ വിശദീകരിച്ചു: ‘നിശ്ചയം മനുഷ്യനെ ഏറ്റവും സുന്ദരമായ ഘടനയിൽ നാം സൃഷ്ടിച്ചിരിക്കുന്നു (ഖുർആൻ 95/4). ഈ സൂക്തം പ്രകാരം മുഴുവൻ മനുഷ്യരും പതിനാലാം രാവിലെ ചന്ദ്രനുൾപ്പെടെ എല്ലാ വസ്തുക്കളെക്കാളും സൗന്ദര്യമുള്ളവരാണെന്നു ഗ്രഹിക്കാം. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതനുസരിച്ച് പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യവതിയാണ്. അതുകൊണ്ട് വിവാഹമോചനം സംഭവിച്ചിട്ടില്ല.’
മുതഅല്ലിം ഇത്രയും പറഞ്ഞ് ഗുരുനാഥന്റെ പ്രതികരണം കാത്തു. തന്റെ അരുമ ശിഷ്യന്റെ വിധിയിൽ സംതൃപ്തനായ അദ്ദേഹം കുട്ടിയെ അനുമോദിച്ചു. വിധി പ്രസ്താവം തിരുത്തായി ആഗതനെ തെര്യപ്പെടുത്തി. ദമ്പതികൾ ആഹ്ലാദത്തിന്റെ കൊടുമുടിയിലായി. സ്നേഹത്തിന്റെ ഇഴകൾ തുന്നാൻ വീണ്ടും അവസരമൊരുക്കിയ നാഥനു നന്ദിയോതി. വിധി പറഞ്ഞ ആ ബാലനാണ് വിശ്വോത്തര പണ്ഡിതനായി ചരിത്രം അടയാളപ്പെടുത്തിയ ഇമാം ശാഫിഈ(റ).
വചനാമൃതങ്ങൾ
വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു മഹാന്റെ വചനാമൃതങ്ങൾ പ്രശസ്തമാണ്. ചില വരികൾ:
സ്വശരീരം മാന്താൻ സ്വന്തം നഖത്തേക്കാൾ മറ്റൊന്നും ഉപകാരപ്പെടില്ല. അതിനാൽ നിന്റെ എല്ലാ കാര്യങ്ങളും നീ തന്നെ ചെയ്യുക. വല്ല അത്യാവശ്യഘട്ടത്തിലും ആരുടെയെങ്കിലും സഹായം വേണ്ടിവന്നാൽ നിന്റെ വിലയും നിലയും അറിയുന്നവനെ മാത്രം അന്വേഷിക്കുക.
അധ്വാനിച്ച് വിദ്യ അഭ്യസിക്കുക, ആരും പണ്ഡിതനായി ജനിക്കുന്നില്ല. പണ്ഡിതനും പാമരനും ഒരു പോലെയല്ല. സമൂഹത്തിൽ എത്ര വലിയവനും വിദ്യാഭ്യാസമില്ലെങ്കിൽ ചെറിയവനാണ്. എത്ര ചെറിയവനും അറിവുണ്ടെങ്കിൽ വലിയവനും.
കഴുകൻ ശക്തനാണ്. അതിന്റെ ശക്തി ശവങ്ങളെ കൊത്തിത്തിന്നുന്നതിനു വിനിയോഗിക്കുന്നു. തേനീച്ച ബലഹീനമാണെങ്കിലും തേൻ ശേഖരിച്ചുതരുന്നു.
ജനം ദുഷിച്ചിരിക്കുന്നു. കുതന്ത്രം പ്രയോഗിക്കാനും മുഖസ്തുതി പാടാനും മാത്രമേ അവർക്കറിയൂ. കാഴ്ചക്ക് പൂക്കളും തൊട്ടാൽ മുള്ളുമാണവർ. അവരുമായി സഹവസിക്കേണ്ടി വരുമ്പോൾ നീ അഗ്നിയായിരിക്കണം. മുള്ളുകൾഅതിൽ കത്തിയെരിയട്ടെ.
ഒറ്റക്കിരിക്കുമ്പോൾ ഉപദേശിച്ചാൽ മതി. ആൾക്കൂട്ടത്തിൽ വെച്ച് ഉപദേശിക്കരുത്. പരസ്യ ഉപദേശം ഒരു തരം അപമാനമാണ്. ആരുമത് ഇഷ്ടപ്പെടില്ല.
നായകൾ ആട്ടിറച്ചി തിന്നു സുഖമായി കഴിയുമ്പോൾ ജനം പട്ടിണി കിടന്നു മരിക്കാറുണ്ട്. അടിമ പിള്ളേർ പട്ടുമെത്തയിൽ സുഖമായി കിടന്നുറങ്ങുന്നതും ഉന്നതകുല ജാതർ വെറും തറയിൽ അഭയം തേടേണ്ടി വരുന്നതും നാം കാണാറുണ്ട്.
ചിന്താർഹമാണ് ഇമാമിന്റ മൊഴിമുത്തുകൾ. ജീവിതകാലത്തും മരണശേഷവും നിരവധി കറാമത്തുകൾ മഹാനിൽ നിന്നും പ്രകടമായതായി പണ്ഡിതർ രേഖപ്പെടുത്തുന്നുണ്ട്.
‘പടച്ചവനേ, ഇമാം ശാഫിഈയെ നീ മരിപ്പിക്കേണമേ, അല്ലാത്തപക്ഷം മാലികി ഇമാമിന്റെ ഇൽമുകൾ നശിക്കും…’ എന്ന് അശ്ഹബ് എന്നുപേരായ ഒരാൾ പ്രാർത്ഥിക്കുന്നത് കേട്ട ഇബ്നു അബ്ദിൽ ഹകം ഇമാം ശാഫിഈ(റ)നെ വിവരം ധരിപ്പിച്ചു. ഇതുകേട്ട് ഇമാം, ഞാൻ മരിച്ചു കിട്ടാൻ ചിലർ കൊതിക്കുന്നു. പക്ഷേ, മരണം എന്ന വഴിയിൽ കടക്കാൻ നിങ്ങളും ഒരുങ്ങുക എന്നർത്ഥം വരുന്ന ഈരടി പാടി. ഇമാം ശാഫിഈ(റ) ഹിജ്റ 204-ന് വഫാത്തായി. അതിന്റെ പതിനെട്ടാം നാൾ തന്നെ ആ പ്രാർത്ഥന നടത്തിയയാളും മരണമടഞ്ഞു. ഇത് മഹാന്റെ കറാമത്താണ് (ശർവാനി 1/53).
നിങ്ങൾ എന്റെ ഗ്രന്ഥങ്ങളുടെ അഭയകേന്ദ്രമായിരിക്കും. ഇമാം ഒരിക്കൽ ഇഷ്ട ശിഷ്യൻ റബീഇ(റ)നോട് പറഞ്ഞു: പ്രവചനം പോലെ ഇമാമിന്റെ മരണശേഷം അദ്ദേഹം എഴുപതു വർഷത്തോളം ജീവിച്ചു. ശാഫിഈ ഗ്രന്ഥങ്ങൾ പഠിക്കാൻ വേണ്ടി നാനാ ദിക്കിൽ നിന്നും റബീഅ്(റ)ന്റെ അടുത്തേക്ക് ജനം ഒഴുകിക്കൊണ്ടിരുന്നു (മുഗ്നി 1/53).
ഇമാം ശാഫിഈ(റ) 54-ാം വയസ്സിൽ മിസ്റിൽ വഫാത്തായി. റജബ് മാസം അവസാന നാൾ വെള്ളിയാഴ്ച അസ്റിനു ശേഷം അദ്ദേഹത്തെ ഖബറടക്കി (ശറഹുൽ മുഹദ്ദബ് 1/87).
ഇമാമിന്റെ ഭൗതിക ശരീരം ഈജിപ്തിൽ നിന്ന് കാലങ്ങൾക്കു ശേഷം ബഗ്ദാദിലേക്ക് കൊണ്ടുപോകാൻ ചിലർ തീരുമാനിച്ചു. അവരാ ഖബർ തുറന്നു. അപ്പോൾ ഒരു പ്രത്യേക സുഗന്ധം ഖബ്റിൽ നിന്നും അടിച്ചുവീശി. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത വിധം അവർ സ്തബ്ധരായി. അങ്ങനെ അവർക്കു ശ്രമം ഉപേക്ഷിക്കേണ്ടി വന്നു (തുഹ്ഫ).
കുറിപ്പുകൾ
ഇമാം ശാഫിഈ(റ)യുടെ മൂന്നാമത്തെ പിതാമഹനായ ശാഫിഅ്(റ) ചെറുപ്പത്തിൽ തന്നെ തിരുനബി(സ്വ)യെ സമീപിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത സ്വഹാബിയാണ്. ഈ ശാഫിഈ(റ)ന്റെ പിതാവ് സാഇബ്(റ) ബദ്ർ യുദ്ധത്തിൽ ശത്രുപക്ഷത്ത് നിന്നും യുദ്ധത്തടവുകാരാക്കപ്പെട്ടവരിലുണ്ടായിരുന്നു. മോചനദ്രവ്യം നൽകി സ്വതന്ത്രനായ ശേഷം ഇസ്ലാം മതം സ്വീകരിച്ചു. പിന്നീടൊരിക്കൽ, ‘വിശ്വസിക്കാനുദ്ദേശിച്ചിരുന്നുവെങ്കിൽ എന്തിനാണ് മോചനദ്രവ്യം നൽകിയതെ’ന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെയാണ് മറുപടി നൽകിയത്: ‘സത്യവിശ്വാസികൾക്ക് ഞാൻ നിമിത്തം ലഭിക്കുമെന്നവർ പ്രതീക്ഷിച്ച നന്മ നഷ്ടപ്പെടുത്തിക്കൂടല്ലോ!’
ഇമാം ശാഫിഈ(റ)യുടെ മാതാവ് വളരെ ബുദ്ധി മതിയും തന്റേടിയും പണ്ഡിതയുമായിരുന്നു. ഫാത്വിമ(റ)യും മറ്റൊരു സ്ത്രീയും പുരുഷനും ഒരു വിഷയത്തിൽ സാക്ഷികളായി ഖാളിയുടെ മുന്നിൽ ഹാജരാക്കപ്പെട്ടു. ഖാളി സ്ത്രീകളെ രണ്ടുപേരെയും വെവ്വേറെയാക്കാൻ ശ്രമിച്ചപ്പോൾ ഫാത്വിമ(റ) ഇങ്ങനെ ഒരു ക്രമപ്രശ്നമുന്നയിച്ചു: നിങ്ങൾ അങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം അല്ലാഹു ഖുർആനിൽ പറയുന്നു; അവരിലൊരുവൾക്ക് ഓർമപിശക് പറ്റിയാൽ രണ്ടാംസ്ത്രീ അവരെ ഓർമപ്പെടുത്തിക്കൊടുക്കും (അൽ ബഖറ/282). ഇത് കേട്ട ഖാളി തീരുമാനം മാറ്റി. ഫാത്വിമ(റ)യുടെ തെളിവിലേക്ക് മടങ്ങി.
വിദ്യാഭ്യാസ കാലത്തെ ത്യാഗം ഇമാമവർകൾ അനുസ്മരിക്കുന്നു: ‘ഞാൻ മസ്ജിദുൽ ഹറാമിലെ പണ്ഡിതരുടെ സദസ്സുകളിൽ സംബന്ധിക്കും. അവരുടെ ക്ലാസുകളും ഹദീസ് വിവരണവും മനഃപാഠമാക്കും. അതെഴുതി വെക്കാനായി എന്തെങ്കിലും വസ്തുക്കൾ അന്വേഷിച്ചപ്പോൾ മാംസാവശിഷ്ടങ്ങളില്ലാത്ത വൃത്തിയുള്ള എല്ലുകൾ ലഭിച്ചു. ഞാനതിൽ ഹദീസുകളും മസ്അലകളും എഴുതി വെക്കും. വീട്ടിൽ പഴയ വലിയൊരു ചാക്കുണ്ടായിരുന്നു. എഴുതിത്തീർന്ന എല്ലുകൾ അതിലാണ് നിക്ഷേപിച്ചിരുന്നത്.’
ഇമാം അഹ്മദ്ബ്നുൽ ഹമ്പൽ(റ) പ്രഗൽഭരായ മറ്റു പണ്ഡിതന്മാരുടെ ദർസ് ഒഴിവാക്കി ഇമാം ശാഫിഈ(റ)യുടെ ദർസിൽ ഇരിക്കുന്നത് കണ്ട് ‘സുഫ്യാനുബ്നു ഉയൈന(റ) അതാ പള്ളിയുടെ ഒരു ഭാഗത്ത് ഹദീസ് വിവരിക്കുന്നു, എന്നിട്ടെന്താ നിങ്ങളിവിടെ’ എന്ന് ചിലർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ഇദ്ദേഹത്തെ ഇനി ലഭിച്ചെന്നുവരില്ല. എന്നാൽ അദ്ദേഹത്തെ ഇനിയും ലഭിക്കും.’
ഇമാം ശാഫിഈ(റ)യുടെ വാഹനത്തിന്റെ പിറകെ നടക്കുകയായിരുന്ന അഹ്മദ്(റ)നോട് യഹ്യബ്നുമഈൻ(റ)താങ്കളെന്താണീ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഇമാം ശാഫിഈ(റ)യുടെ കഴുതയുടെ കൂടെ നടന്നാൽ പോലും എനിക്കുപകാരം കിട്ടും.
എല്ലാ നൂറ്റാണ്ടുകളുടെയും ആദ്യത്തിൽ ജനങ്ങൾക്ക് നബി(സ്വ)യുടെ ചര്യ പഠിപ്പിക്കുകയും പ്രവാചകരെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നത് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഒരു മുജദ്ദിദിനെ അല്ലാഹു നിശ്ചയിക്കും. ആദ്യ നൂറ്റാണ്ടിൽ അത് ഉമറുബ്നു അബ്ദിൽ അസീസ്(റ) ആയിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ(റ)യും, മൂന്നാം നൂറ്റാണ്ടിൽ ഇബ്നുസുറൈജ്(റ). നാലാം നൂറ്റാണ്ടിൽ സഹ്ലുബ്നു അബൂ സഹ്ലുസ്സഅ്ലൂകി(റ), അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി(റ), ആറാം നൂറ്റാണ്ടിൽ ഫഖ്റുദ്ദീനുർറാസി(റ), ഏഴാം നൂറ്റാണ്ടിൽ ഇബ്നുദഖീഖിൽ ഈദ്(റ). ഇവരിൽ ഇമാം ശാഫിഈ(റ)ക്ക് ശേഷമുള്ളവർ ഖുറൈശികളല്ലെങ്കിലും ശാഫിഈ മദ്ഹബിലെ പ്രമുഖരും പ്രശസ്തരുമാണ്. ഇബ്നു സുറൈജ് അല്ലാത്തവരുടെയെല്ലാം പേരുകൾ മുഹമ്മദ് എന്നാണ്. ഇബ്നുസുറൈജ്(റ)ന്റെ നാമം അഹ്മദ് എന്നും.
ഇമാം ശാഫിഈ(റ) തന്റെ ലക്ഷണ ശാസ്ത്ര വിജ്ഞാനമനുസരിച്ച് പറഞ്ഞവയെല്ലാം അക്ഷരാർത്ഥത്തിൽ പുലർന്നിട്ടുണ്ട്. ഒരിക്കൽ ഒരു ഈജിപ്തുകാരൻ നല്ല വസ്ത്രം ധരിച്ച് ജുമുഅക്ക് വന്നപ്പോൾ ഇമാം ശാഫിഈ(റ) അദ്ദേഹത്തോട് ചോദിച്ചു: നീ നെയ്ത്തുകാരനല്ലേ? അതു ശരിയായിരുന്നു.
ഇൽമുന്നുജൂ(നക്ഷത്രശാസ്ത്ര)മിലും ഇമാം ശാഫിഈ(റ) ഗ്രന്ഥങ്ങൾ തേടിപ്പിടിച്ചിരുന്നു. അതദ്ദേഹം പഠിക്കുകയും ചെയ്തു. പക്ഷേ പിന്നീടാ ഗ്രന്ഥങ്ങളെല്ലാം കത്തിച്ച് നശിപ്പിക്കുകയുണ്ടായി.
ഫിത്യാൻ എന്നയാൾ ഇമാമവർകളോട് സംവാദം നടത്തി പരാജയപ്പെട്ടു. ക്രുദ്ധനായ അയാൾ ഇമാമിനെ അസഭ്യംപറഞ്ഞു. ഇത് ഭരണാധികാരി അറിഞ്ഞപ്പോൾ ഫിത്യാനെ ശിക്ഷക്ക് വിധേയനാക്കി. ഇതിൽ കുപിതരായ ഫിത്യാൻ അനുകൂലികൾ ഒരു ദിനം ഇമാം ശാഫിഈ(റ)യുടെ ദർസ് പിരിയുന്നതുവരെ കാത്തിരുന്നു. എല്ലാവരും പിരിഞ്ഞുപോയി എന്നുറപ്പായപ്പോൾ അവർ ഇമാമിനെ അടിച്ചുപരിക്കേൽപ്പിച്ചു.
‘ഞാനീലോകത്തുനിന്നും യാത്രയാവുകയാണ്. എന്റെ സഹോദരങ്ങളെ ഞാൻ പിരിയുകയാണ്. മരണത്തിന്റെ പാനപാത്രം നുകരാനടുത്തിരിക്കുന്നു. അല്ലാഹ്, എന്റെ ആത്മാവ് സ്വർഗത്തിലേക്കാണോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾ അതിന് ആശംസ നേരുക. നരകത്തിലേക്കാണോ എന്നെനിക്കറിയില്ല. എങ്കിൽ നിങ്ങൾ അതിന് സാന്ത്വനമോതുക.’
‘എന്റെ ആത്മാവ് ഈജിപ്തിലെത്താൻ തുടിക്കുകയാണ്. ഈജിപ്തിനേക്കാൾ താഴ്ന്നതും ദാരിദ്ര്യവും ദുരിതവും നിറഞ്ഞ നാട്ടിൽനിന്നു വിജയത്തിനും ഐശ്വര്യത്തിനും വേണ്ടിയാണോ ഈ യാത്ര, അതോ മരണത്തിലേക്കായിരിക്കുമോ.’
റബീഅ്(റ) പറയുന്നു: ‘ഞാനും ബുവൈത്വിയും മുസ്നിയും മുഹമ്മദും ഇമാമിന്റെ അന്ത്യസമയമടുത്തപ്പോൾ അവിടെ സന്നിഹിതരായിരുന്നു. അൽപം ദീർഘമായി അവിടുന്ന് ഞങ്ങളെ നോക്കിയിട്ട് പറഞ്ഞു: അബൂയഅ്ഖൂബ് (ബുവൈത്വി) അങ്ങ് ചങ്ങലയിൽ ബന്ധനസ്ഥനായി മരണം വരിക്കും. മുസ്നീ, അങ്ങ് ഈജിപ്തിലെ ഉന്നതപണ്ഡിതനായിത്തീരും. മുഹമ്മദ്, നീ നിന്റെ പിതാവിന്റെ മദ്ഹബിലേക്കു തന്നെ മടങ്ങും. റബീഅ്, എന്റെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിൽ എനിക്കേറ്റവും ഉപകരിക്കുക നിങ്ങളാണ്.’ എല്ലാം അതേപടി യാഥാർത്ഥ്യമായി.
മഹാനായ ആത്മീയാചാര്യനായിരുന്നു അസീസി. ഇമാമവർകൾ വഫാതായ രാത്രിയിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. നബി(സ) വഫാതാവുന്നതും കുളിപ്പിക്കുന്നതും അസ്വറ് നിസ്കാരാനന്തരം ജനാസ കൊണ്ടുപോവുന്നതുമായിരുന്നു അത്. നേരം പുലർന്നപ്പോൾ ശാഫിഈ(റ) വഫാതായെന്നും ജുമുഅക്ക് ശേഷം ജനാസയെടുക്കുന്നവിവരവും അറിഞ്ഞു. അപ്പോഴദ്ദേഹം തന്റെ സ്വപ്നവും അസ്വ്റിനുശേഷം ജനാസയെടുക്കുന്നതായിട്ടുള്ള വിവരവും അറിയിച്ചു. അങ്ങനെ ഭരണാധികാരി, ജനാസയെടുക്കുന്നത് അസ്റിനുശേഷത്തേക്ക് മാറ്റാൻ നിർദേശിച്ചു.
ഇമാം ശാഫിഈ(റ)യെ മറവ് ചെയ്തശേഷം ഈജിപ്തിലെ വിശ്വാസികൾ നാൽപതു ദിനരാത്രങ്ങൾ നിരന്തരം അവിടെ സിയാറത്ത് നടത്തി.വലിയ തിരക്കനുഭവപ്പെട്ടതിനാൽ, വളരെ കഷ്ടപ്പെട്ട് മാത്രമേ അങ്ങോട്ടെത്തിച്ചേരാൻ സാധിക്കുമായിരുന്നുള്ളൂ.
മുജ്തഹിദുകൾ കർമശാസ്ത്ര ശാഖയെ ധന്യമാക്കി. പലരും മദ്ഹബുകൾ ക്രോഡീകരിച്ചു. പക്ഷേ, അവയിൽ നിലനിന്നതും സർവാംഗീകൃതമായതും ഹനഫി, മാലികി, ശാഫിഈ, ഹമ്പലി മദ്ഹബുകളാണ്. ഏറ്റവും വിശ്വസനീയമായി ക്രോഡീകരിച്ച് അനേക സഹസ്രങ്ങൾ തലമുറയായി ചർച്ച ചെയ്തും പഠിച്ചും പഠിപ്പിച്ചും കൈമാറി വന്ന ഈ നാലു മദ്ഹബുകളാണ് ശരിയായ ഇസ്ലാമിക കർമശാസ്ത്ര സരണികൾ. ശാഫിഈ(റ)യുടെ ശിഷ്യർ ലോകത്തു വ്യാപിച്ചു. ഇറാഖ്, നൈസാപൂർ, ഖുറാസാൻ, സിറിയ, ഈജിപ്ത്, യമൻ, പേർഷ്യ മുതൽ ചൈനയിലും ഇന്ത്യയിലും വരെ ശാഫിഈ പണ്ഡിതർ സ്വാധീനം നേടിയിട്ടുണ്ട് (ത്വബഖാത്, ഇമാം സുബ്കി 1/324-328).
ഹിജാസിൽ ശാഫിഈ മദ്ഹബ് പ്രത്യക്ഷപ്പെട്ടതു മുതൽ അനേക കാലം ഖാളി, ഖത്വീബ്, ഇമാം പദവികൾ ശാഫിഇകൾക്കായിരുന്നു. മക്ക, മദീന പട്ടണങ്ങളിൽ പ്രത്യേകിച്ചും. യമൻകാരിൽ ബഹുഭൂരിപക്ഷവും ശാഫിഇകളാണ്. ഈമാൻ യമനിയാണെന്നും വിജ്ഞാനം യമനിയാണെന്നും നബി(സ്വ) പറഞ്ഞിട്ടുള്ളതിനെ, യമൻകാർ ശാഫിഇകളാണ് എന്നതുമായി കൂട്ടി വായിച്ചാൽ ശാഫിഈ മദ്ഹബിന്റെ മഹത്ത്വം ഗ്രഹിക്കാം (ത്വബഖാതു സുബ്കി 1/324-28).
പത്തു ലക്ഷത്തോളം ഹദീസുകൾ മനഃപാഠമുള്ള ഇമാമുമാരെ തള്ളി പത്ത് ഹദീസുകൾ പോലും ശരിയായി ജ്ഞാനമില്ലാത്ത അഭിനവ ഇജ്തിഹാദ് വാദികളെ മുസ്ലിംകൾ തഖ്ലീദ് ചെയ്യണമെന്നു പറയുന്നത് ശുദ്ധ ഭോഷ്കാണ്. അന്ധമായ മദ്ഹബ് വിരോധം മാത്രമാണ് ഇവരുടെ മൂലധനം.
മദീനാ പള്ളിയിൽ നീണ്ട 563 വർഷമായി ജനങ്ങൾ ശാഫിഈ ഫിഖ്ഹ് പ്രകാരം ഖുതുബ നിർവഹിക്കുകയും നിസ്കരിക്കുകയും ചെയ്യുന്നു. സുബ്ഹി നിസ്കാരങ്ങളിൽ ബിസ്മി ഉച്ചത്തിൽ ഓതുന്നു. തിരുനബി(സ്വ) ഇതെല്ലാം കണ്ടും കേട്ടും അവിടുത്തെ ഖബ്റിൽ ഹാജറുണ്ടല്ലോ. ശാഫിഈ മദ്ഹബ് അല്ലാഹു അംഗീകരിച്ചുവെന്നതിന് അതുതന്നെ വലിയ തെളിവാണ് (ത്വബഖാത് 1/337).
ടിടിഎ ഫൈസി പൊഴുതന