1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിന് മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി മൊയ്തീൻ ഹാജിയുമായി അറുത്തുമാറ്റാനാവാത്ത ബന്ധമുണ്ട്. യുദ്ധത്തിന്റെ കെടുതിയും ആനുകൂല്യവും പാസ്‌പോർട്ട് പോലുമില്ലാതെ ലോഞ്ചിൽ അറേബ്യയിലേക്ക് കടക്കാൻ തുനിഞ്ഞ ആ യുവാവിനും സഹയാത്രികർക്കും അനുഭവിക്കാനായി. ഇന്ത്യ പാകിസ്ഥാനുമായി കൊമ്പുകോർത്തത് ബംഗ്ലാദേശിന്റെ വിമോചനത്തിനായിരുന്നെങ്കിൽ, ഒറ്റ എഞ്ചിനുള്ള ലോഞ്ചിൽ ജീവനു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇവർ എന്ന വ്യത്യാസം മാത്രം. ഫലം, 71 ഡിസംബർ 16-ന് പാകിസ്ഥാൻ ഇന്ത്യയോട് അടിയറവു പറഞ്ഞു. ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി. പിറ്റേ ദിവസം ലോഞ്ച് ദുബൈയോട് അടുത്ത കൽബ എന്ന തീരത്ത് നങ്കൂരമിട്ടു.
യുദ്ധഭീതി നിലനിൽക്കുന്നതിനാൽ പുറം കടലിലും യു.എ.ഇ തീരത്തോടു ചേർന്നും സുരക്ഷാ സേനയുടെ നിരീക്ഷണം ഉറപ്പ്. അവരുടെ കണ്ണിൽ പെടാതിരിക്കാൻ ലോഞ്ച് തീരത്തു നിന്ന് കുറെ അകലെയാണ് നിറുത്തുക. പിന്നെ നിലയില്ലാ വെള്ളത്തിലേക്ക് എടുത്തു ചാടി നീന്തി വേണം നുഴഞ്ഞു കയറ്റക്കാർ കടൽതീരമണയാൻ. ആയുസ്സിന് ബലവും നീന്തൽ വശവുമുള്ളവർ കൂരിരുട്ടിനോടും കൊടും തണുപ്പിനോടും എതിരിട്ട് കാണാകര പ്രാപിക്കും. എഴുപതുകളിൽ ഈ ദൂരം താണ്ടുന്നതിനിടെ ജീവിതം കൈവിട്ട മലയാളികൾ അനവധിയാണ്. ‘അനധികൃത കുടിയേറ്റക്കാർ’ എന്ന കുറ്റകരമായ മുദ്രയുള്ളതിനാൽ മാതൃരാജ്യത്തിനോ ശരീരമടിഞ്ഞ ഗൾഫിനോ അവർ അഭിമതരല്ല. അജ്ഞാതമായ മൃതദേഹം ഖബറടക്കുമ്പോൾ കാണാപൊന്നു തേടി പോയ പിതാവിനെ, മകനെ, ഭർത്താവിനെ പ്രതീക്ഷിച്ച് മലയാള നാട്ടിൽ അനേകം കുടുംബങ്ങൾ ആധിപ്പെടുന്നുണ്ടാവും. പഴയ കത്തുപാട്ടിലെ ‘എത്രയും ബഹുമാനപ്പെട്ടുള്ള എൻ പ്രിയ…’ വരികൾ ഹൃദയ മഷിയിൽ താളുകളിലേക്ക് പകരുന്നുമുണ്ടാവും. വ്യഥയുടെ, പ്രതീക്ഷയുടെ, ദുരിത ലോഞ്ച് യാത്രയുടെ അത്തർ മണമില്ലാത്ത സ്വന്തം കഥ തിരുനാവായ മൊയ്തീൻ ഹാജി സുന്നിവോയ്‌സിനോടു പങ്കു വെക്കുകയാണ്.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധത്തിന് ഓങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് ഞാൻ നാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുന്നത്. ഒരു പരിചയക്കാരനാണ് ഗൾഫ് ജോലിയെ കുറിച്ചും ഉയർന്ന ശമ്പളത്തെ കുറിച്ചുമൊക്കെ പറഞ്ഞത്. എല്ലാവരും പോകുന്നുണ്ട്, നിനക്കും രക്ഷപ്പെടണ്ടേ? എന്നാണു ചോദ്യം. നാട്ടിൽ കൃഷിയും അല്ലറ ചില്ലറ പണിയുമൊക്കെയായി കഴിയുകയായിരുന്നു ഞാൻ. വീട്ടിലാണെങ്കിൽ വലിയ കഷ്ടപ്പാടും. യാത്രയും ജോലി കണ്ടെത്തലുമൊക്കെ ബുദ്ധിമുട്ടാണ് എന്നറിഞ്ഞു തന്നെയാണ് ലോഞ്ച് ഏജന്റിന് 800 രൂപ കടത്തുകൂലി നൽകുന്നത്. പോകാൻ നിശ്ചയിച്ച സമയമടുത്തപ്പോൾ ഇന്ത്യ-പാക് പ്രശ്‌നം ഏറെ രൂക്ഷമായിരുന്നു.’
ഇനി ഒരു ഫ്‌ളാഷ് ബാക്ക്: 1970-ൽ കിഴക്കൻ പാകിസ്ഥാനിൽ ഷെയ്ഖ് മുജീബ് റഹ്മാന്റെ അവാമിലീഗ് പാർട്ടി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയെങ്കിലും തങ്ങളുടെ ഭരണപ്രദേശമായതിനാൽ പാകിസ്ഥാൻ അതംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് അവിടെ ആഭ്യന്തര സംഘർഷം ഉടലെടുത്തു. 1947-ൽ ഇന്ത്യയോടൊപ്പം പാകിസ്ഥാനും സ്വതന്ത്രമായപ്പോൾ കിഴക്കൻ ബംഗാൾ പ്രദേശം പാകിസ്ഥാന്റെ ഭരണപ്രവിശ്യയായി ബ്രിട്ടീഷുകാർ നിശ്ചയിക്കുകയായിരുന്നു. 71-ലെ ലഹളയിൽ ഒരു ലക്ഷത്തോളം ബംഗ്ലാദേശുകാർ കൊലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. പത്തു ലക്ഷത്തോളം അഭയാർത്ഥികളെക്കൊണ്ട് ഇന്ത്യ വീർപ്പുമുട്ടി. ഉപ ഭൂഖണ്ഡത്തിൽ ഇന്ത്യ-പാക് സംഘർഷാവസ്ഥ മുറുകുകയും 71 ഡിസംബർ 4-ന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പക്ഷേ ഗത്യന്തരമില്ലാതെ ഡിസംബർ 16-ന് പാകിസ്ഥാൻ കീഴടങ്ങി. സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശ് പിറവിയെടുത്തു.
‘ഇപ്പോൾ പോകേണ്ട, യുദ്ധഭീതി ഒന്നു മാറിയിട്ടു പോകാം എന്ന് പലരും പറഞ്ഞതാണ്. എങ്കിലും പുറപ്പെട്ടു. ഡിസംബർ 2-ന് രാത്രിയാണ് കോഴിക്കോട്ട് നിന്ന് ഞങ്ങളുടെ ലോഞ്ച് പുറപ്പെടുന്നത്. 50 ഓളം മലയാളികളുണ്ടായിരുന്നു അതിൽ. നാലു പേർ എന്റെ നാടിന്റെ പരിസരത്തു നിന്നുള്ളവരാണ്. പരപ്പിൽ ഇബ്രാഹീം, പരപ്പിൽ മുഹമ്മദ്, സി.വി. സൈതാലിക്കുട്ടി, തിരുത്തി അലവിക്കുട്ടി എന്നിവർ.
ആദ്യമായാണ് കടലിൽ യാത്ര ചെയ്യുന്നത്. അനധികൃത കടത്തായതിനാൽ ലോഞ്ച് ഉടമകളായ ഗുജറാത്തികൾ നല്ല ഭീതിയിലായിരുന്നു, ഞങ്ങളും അതേ. സംഘർഷം ബംഗാൾ ഉൾക്കടലിലാണെങ്കിലും സൈനിക നിരീക്ഷണം അറബിക്കടലിലും ഉണ്ടാവാനിടയുണ്ടായിരുന്നു. അതു കാരണം ഗുജറാത്തികൾ കുറേ നിബന്ധനകൾ മുന്നോട്ട് വെച്ചു. ലോഞ്ചിൽ വെച്ച് രാത്രി സിഗിരറ്റ് വലിക്കുകയോ തീ കൊളുത്തുകയോ അരുത്, തരുന്ന ഭക്ഷണം കഴിക്കുക, കൂടുതൽ ആവശ്യപ്പെടരുത്. രണ്ടു നേരം അൽപം ചോറാണ് ലഭിച്ചിരുന്നത്.
രാത്രികൾ, പകലുകൾ മാറി മറിഞ്ഞു. ഇതിനിടെ ലോഞ്ച് വഴിതിരിച്ചു വിടേണ്ടി വന്നതായറിഞ്ഞു. അധികൃതരുടെ പരിശോധന പേടിച്ചായിരുന്നു ഇത്. അതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. സാധാരണ അഞ്ചോ ആറോ ദിവസം കൊണ്ട് കരയിലെത്താറുണ്ട്. പത്തു പതിനൊന്നു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമേ ലോഞ്ചിലുള്ളൂ. യാത്രയാണെങ്കിൽ അനന്തമായി നീളുകയാണ്. ഭക്ഷണം അമ്പതാളുകൾക്ക് നൽകുകയും വേണം. മനസ്സു മടുത്ത നിമിഷങ്ങൾ. നടുക്കടലിൽ അന്നപാനാദികളില്ലാതെ ഒടുങ്ങാനാവുമോ വിധിയെന്ന ഉൾഭീതിയോടെ ഞങ്ങൾ പരസ്പരം നോക്കി. ഭക്ഷണത്തിന്റെ അളവ് പിന്നെയും കുറഞ്ഞു. അവസാനം ഒരു നേരത്തെ കഞ്ഞിപ്പാർച്ചയായി. രണ്ടു നേരം ഒരൗൺസ് വീതം വെള്ളവും. ജീവൻ ബാക്കിയാവാൻ ഇതു മതിയെന്നായി ലോഞ്ചിക്കാർ. ഒരു ദിവസം ഞാൻ ബോധം കെട്ടു വീണു. മരിക്കാൻ പോവുകയാണെന്നു തന്നെ എനിക്കു തോന്നി. എന്നാണ് കര തൊടുക എന്നത് അനിശ്ചിതമായതിനാൽ ഗുജറാത്തികളോട് സഹകരിക്കാതെ വയ്യ.
ഞങ്ങളിൽ കുറച്ചു പേർക്കൊഴികെ ഹിന്ദി വശമുണ്ടായിരുന്നില്ല. ഭാഷയറിയുന്നവർ ഗുജറാത്തികളുമായി സൗഹൃദത്തിലായി. ആവശ്യത്തിന് ഭക്ഷണവും മറ്റാനുകൂല്യങ്ങളും അവർ കൈപ്പറ്റി കൊണ്ടിരുന്നു. ഇത് ചിലരിൽ നീരസമുണ്ടാക്കി. ഇതിനെ ചൊല്ലി വാഗ്വാദമായപ്പോൾ ലോഞ്ച് ഉടമകൾ ശാരീരികാക്രമണത്തിനു മുതിർന്നു. അതു ഞങ്ങൾ യാത്രികർക്കിടയിൽ ചേരി തിരിവിനിടയാക്കി. കരയിലിറങ്ങിയ ശേഷം നിങ്ങളെ കണ്ടോളാം എന്ന് ഹിന്ദിയറിയുന്നവരെ മറ്റുള്ളവർ ഭീഷണിപ്പെടുത്തി. യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന പരസ്പര ഐക്യവും സ്‌നേഹവും യാത്ര അവസാനിക്കാറായപ്പോഴേക്ക് നഷ്ടപ്പെട്ടെന്നു ചുരുക്കം.
ഏതായാലും 16 ദിവസത്തിന് ശേഷം കരയുടെ ചില ലക്ഷണങ്ങൾ കണ്ടു. അപ്പോഴുണ്ടായ ആഹ്ലാദത്തിനും ആശ്വാസത്തിനും അതിരില്ല. പോലീസിന്റെയും കോസ്റ്റൽഗാർഡിന്റെയും ശ്രദ്ധയിൽ പെടാതിരിക്കാൻ രാത്രി വരെ പുറം കടലിൽ കാത്തിരുന്നു. ഇരുട്ടു പരന്നപ്പോൾ കര ഭാഗത്തേക്ക് ലോഞ്ച് കുറെക്കൂടി അടുപ്പിച്ചു. ചെറിയൊരു തുരുത്താണ് മുന്നിൽ. അതിൽ നിന്ന് കുറച്ചകലെയാണ് ലോഞ്ച് നങ്കുരമിട്ടത്. തീരദേശ സുരക്ഷാഭടൻമാരുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവിടെ നിന്നു നീന്തി കര പിടിക്കാനായിരുന്നു ഗുജറാത്തികളുടെ നിർദേശം. എനിക്കു നീന്താൻ അറിയാമായിരുന്നു. എന്നാൽ കൂടെയുള്ള പലർക്കും നീന്തൽ വശമുണ്ടായിരുന്നില്ല.
കര കാണാറായെന്നായപ്പോൾ ലോഞ്ചിലെ വാട്ടർ ടാങ്കിൽ ശേഷിക്കുന്ന വെള്ളം ഗ്ലാസിന് ഒരു രൂപ നിരക്കിൽ വിൽക്കാൻ ഗുജറാത്തികൾ തുനിഞ്ഞു. ഹിന്ദിയറിയുന്നവരെ മറ്റുള്ളവരിൽ നിന്നുള്ള പ്രതികാരം ഭയന്ന് മറ്റൊരുസ്ഥലത്താണ് ലോഞ്ചിക്കാർ ഇറക്കിക്കൊടുത്തത്. രാത്രി രണ്ട് മണിക്കു ശേഷം ലോഞ്ചിൽ നിന്ന് ഓരോരുത്തരെയായി കടലിലേക്ക് എടുത്തു ചാടാൻ നിർബന്ധിച്ചു. വഴങ്ങാത്തവർക്ക് തോണിക്കോലു കൊണ്ടാണ് അടി. അതു ഭയന്ന് കയ്യിലുള്ള ചെറിയ പെട്ടിയുമായി വെള്ളത്തിലേക്കു ചാടി. കടലിന്റെ ഇരുളും വെള്ളത്തിന്റെ തണുപ്പും. നിലയില്ലാത്ത വെള്ളത്തിൽ ആവും വിധം നീന്തി. നാട്ടു വെളിച്ചം തുണയായി. യു.എ.ഇയിലെ കൽബയാണ് എത്തിച്ചേർന്ന തുരുത്ത്. ഈ തുരുത്തിൽ ഒരു തോണിക്കാരനുണ്ടായിരുന്നു. അറബി പൗരൻ. ഇങ്ങനെ വരുന്നവരെ കൽബ തുറമുഖത്തെത്തിക്കുക ഇദ്ദേഹമാണ്. കടത്തുകൂലിയായി അഞ്ച് ഇന്ത്യൻ രൂപ അദ്ദേഹത്തിനു കൊടുത്തു. പിന്നെ എന്റെ കയ്യിൽ നയാ പൈസ ഉണ്ടായിരുന്നില്ല’.
സമ്പന്നതയുടെ ലോക മേൽക്കൂരയാണ് ഇന്ന് ദുബൈ. കൽബ സിറ്റിയും ഏറെ മാറി. അംബര ചുംബികളായ സൗധങ്ങൾ ഉയർന്നു. ടൂറിസവും വ്യവസായവും റിയൽ എസ്റ്റേറ്റ് ബിസിനസും ഒപ്പം പെട്രോളും ദുബൈയെ പുരോഗതിയിലേക്കു നയിച്ചു. ഭരണാധികാരികളുടെ ദീർഘ വീക്ഷണമാണ് ഇന്നത്തെ അഭിമാനാവസ്ഥയിലേക്ക് ഈ നാടിനെ നയിച്ചത്. എന്നാൽ നാലു പതിറ്റാണ്ടിനപ്പുറം കൽബ എങ്ങനെയായിരുന്നു? മൊയ്തീൻ ഹാജി പറയുന്നതിങ്ങനെ:
‘അഞ്ചാറ് പീടികകൾ മാത്രമേ അവിടെ അന്നുള്ളൂ. ചെറിയൊരു അങ്ങാടി. തോണിക്കാരൻ ഞങ്ങളെ തുറമുഖത്തെത്തിച്ചു. ശേഷം ഏതാണ്ട് 14 കിലോമീറ്റർ നടന്നാണ് കൽബ ടൗണി ലെത്തിയത്. അവിടെ ഒരു ഹോട്ടലുണ്ട്. തലശ്ശേരിക്കാരാണ് ഉടമകൾ. എന്റെ കയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അവർ കിടക്കാൻ റൂമും ഭക്ഷണവും തന്നു. അഞ്ചു ദിവസം അവിടെ താമസിച്ചു. ഇതിനിടയിൽ കൂടെയുള്ള ചിലരുടെ പരിചയക്കാർ ദുബൈയിലുള്ളതായി വിവരം കിട്ടി. ഉള്ള പൈസ എല്ലാവരും സ്വരുക്കൂട്ടി രണ്ടു പേരെ അങ്ങോട്ടയച്ചു. അവരിൽ നിന്നു വിവരമറിഞ്ഞപ്പോൾ ഞാനടക്കം മൂന്ന് പേർക്കുള്ള വണ്ടിക്കൂലി അവർ കൊടുത്തയച്ചു. അങ്ങനെയാണ് ദുബൈയിലേക്ക് എത്തുന്നത്.
ദുബൈയിലെ കഥ പറയാതിരിക്കുന്നതാണ് ഭേദം. ആയിരക്കണക്കായ മലയാളികളാണ് ജോലിയില്ലാതെ വിഷമിക്കുന്നത്. ജോലി അന്നന്നു തിരഞ്ഞു കണ്ടു പിടിക്കണം, അതിനു ഭാഷയറിയണം. രാവിലെ താമസ സ്ഥലത്തു നിന്ന് ടൗണിലേക്കിറങ്ങും. അറബികളോ പ്രതിനിധികളോ വന്ന് ചിലരെ കൊണ്ടു പോകും. സാമർത്ഥ്യമുള്ളവർക്ക് ജോലി കിട്ടും. ബാക്കിയുള്ളവർ നിരാശരായി റൂമിലേക്ക് പോരും. ജോലിയില്ലാത്തവർ മെസ്സിൽ നിന്ന് ഭക്ഷണം കടം പറഞ്ഞു കഴിക്കും. എന്നെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ തൊഴിൽ കിട്ടിയാൽ മെസ്സിലെ ‘പറ്റ്’ തീർക്കാനേ ഒക്കൂ. നാട്ടിലേക്ക് അയക്കാൻ ഒന്നുമുണ്ടാകില്ല. ഈ കാലത്ത് എനിക്ക് ബിൽഡിംഗ് സൈറ്റിൽ ഒരു ജോലി ലഭിക്കുകയുണ്ടായി. സിമന്റും കല്ലും കടത്തലാണു പണി. കുറച്ചു നാൾ അതിനു പോയി.
നിർവാഹമില്ലാത്തതു കൊണ്ടു പോയതാണ്. കാരണം വളരെ ശോഷിച്ച ശരീരമാണ് എന്റേത്. പക്ഷേ അതു പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ. അങ്ങനെയിരിക്കെ കപ്പലിൽ ജോലിയുണ്ടെന്നു കേട്ടു ദുബൈ തുറമുഖത്തു ചെന്നു. ചരക്കുകൾ കയറ്റുകയും ഇറക്കുകയുമാണ് ജോലി. ബിൽഡിംഗ് പണിയെ അപേക്ഷിച്ച് ഭാരം കുറവായതിനാൽ ഒന്നര വർഷത്തോളം അതെടുത്തു.’
ഖൈമകൾ അറേബ്യൻ പൈതൃകത്തിന്റെ മുഖമുദ്രയാണ്. സമ്പന്ന കുടുംബങ്ങൾ അവരുടെ സംഗമങ്ങൾക്കായി ഇത്തരം കൂടാരങ്ങൾ വീടുകൾക്കു മുമ്പിലും മറ്റും സ്ഥാപിക്കാറുണ്ട്. സംസാരവും സംഗീതവും അന്നപാനാദികളുമായി അവർ ഒഴിവു നേരങ്ങൾ അവിടെ ചെലവഴിക്കും. ഇത്തരം ആർഭാടങ്ങൾക്കല്ലെങ്കിലും ഖൈമ എന്ന, ചെറുകൂടാരത്തിന് ഹാജിയുടെ പ്രവാസ ജീവിതത്തിൽ ഏറെ സ്ഥാനമുണ്ട്. അക്കഥ കേൾക്കുക:
‘തുറസ്സായ സ്ഥലങ്ങൾ ചില അറബികൾ പാട്ടത്തിനെടുക്കും. അവിടെ ചെറു കൂടാരങ്ങൾ നിരനിരയായി കെട്ടും. നാലും അഞ്ചും ആളുകൾ ചേർന്ന് ഇവയിൽ ഓരോന്ന് വാടകക്കെടുക്കും. അതിലായിരുന്നു അന്ന് താമസം. സൗകര്യപ്രദമായ റൂമെടുക്കാനുള്ള പൈസ കയ്യിലുണ്ടായിരുന്നില്ല. ഒന്നര വർഷം ഇത്തരം തമ്പുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്.
പിന്നീട് ഒരു പാകിസ്ഥാനിയുടെ ഹോട്ടലിൽ കിച്ചൺ ബോയിയായി ജോലികിട്ടി. മാസം 250 ദിർഹമായിരുന്നു ശമ്പളം. അന്ന് ഒരു ദിർഹമിന് രണ്ടര ഇന്ത്യൻ രൂപ കിട്ടും. ഒരു സ്ഥിരം ജോലി ആയല്ലോ. അന്നന്നത്തെ പണിക്കായി ഇനി തെണ്ടേണ്ടതില്ലെന്നത് ചെറിയ ആശ്വാസമല്ല. 12 മണിക്കൂർ നീളുന്ന ജോലിയാണ്. കിച്ചണിലെ ചൂടത്ത് നന്നായി അധ്വാനിക്കണം. 73-ലാണ് ഹോട്ടലിൽ കയറിയത്. പിന്നെ മറ്റെവിടെയും ജോലി തേടി പോയില്ല. നീണ്ട പതിനാലു വർഷം ആ അടുക്കളയായിരുന്നു എന്റെ ലോകം. ഒരു ജീവപര്യന്ത കാലയളവ് ആ നാലു ചുവരുകൾക്കുള്ളിൽ ഉരുകിയൊലിച്ചു. ഏഴു കൊല്ലം കിച്ചൻ ബോയിയായും, ഏഴു കൊല്ലം കുക്കായും.’
1971-ൽ അബൂദാബി, ദുബൈ, ഷാർജ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ ആറു രാഷ്ട്രങ്ങൾ ചേർന്ന് യുഎഇ (യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്) എന്ന ഫെഡറേഷന് രൂപം നൽകി. അബൂദാബി ഭരണാധിപൻ ശൈഖ് സാഇദ് ബിൻ സുൽത്താൻ അൽ നഹ്‌യാനാണ് ഇതിനു മുൻകൈ എടുത്തത്. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ സ്റ്റേറ്റായി റാസൽ ഖൈമയും ചേർന്നു. മേഖലയുടെ സമൂല വളർച്ചക്ക് ഈ ഐക്യം സഹായകമായി. 84-ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദർശിച്ച് ശൈഖ് സാഇദുമായി ചർച്ച നടത്തി. ഇരു നേതാക്കളും ചില കരാറുകളിൽ ഏർപ്പെട്ടു.
യുഎഇയിലെ അനധികൃത കുടിയേറ്റക്കാർക്ക് ഏറെ ആശ്വാസമായിത്തീർന്ന ഈ സന്ദർശനത്തെപ്പറ്റി ഹാജി പറയുന്നതിങ്ങനെ: ‘അക്കാലത്തു കേട്ട ഒരു കാര്യമാണ്. ഇന്ദിരാഗാന്ധിയോട് ശൈഖ് പറഞ്ഞത്രേ; നിങ്ങളുടെ രാജ്യത്തു നിന്നുള്ള കുറേ പേർ രേഖകളൊന്നുമില്ലാതെ ഇവിടെ കഴിയുന്നുണ്ട്. നിങ്ങൾ അവർക്കു പാസ്‌പോർട്ടു കൊടുക്കുകയാണെങ്കിൽ ഞങ്ങൾ വിസ കൊടുക്കാം. ഏതായാലും പാസ്‌പോർട്ടില്ലാത്തവർ മൂന്നു മാസത്തിനകം അപേക്ഷിക്കണമെന്ന് എംബസിയിൽ നിന്ന് അറിയിപ്പു വന്നു. ഞാനും പോയി അപേക്ഷിച്ചു. ഫോട്ടോയെടുക്കാനും മറ്റും അവിടെ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. പാസ്‌പോർട്ട് കയ്യിൽ കിട്ടിയപ്പോൾ നാട്ടിൽ പോകണമെന്നു തോന്നി. അങ്ങനെ ആദ്യമായി നാട്ടിൽ വന്നു.
പാകിസ്ഥാനിയായ ഹോട്ടൽ ഉടമ ശുഐബ് അബ്ദുൽ ഖാലിക് മാന്യനാണ്. മുടങ്ങാതെ ശമ്പളം തരും. ഇടക്കു വർധിപ്പിക്കുകയും ചെയ്യും. തൊഴിലുടമയിൽ നിന്നുണ്ടായ വിഷമതകൾ സുഹൃത്തുക്കൾ പറയുന്നത് കേട്ടപ്പോൾ ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ് എന്നാണെനിക്കു തോന്നിയത്. ആഴ്ചയിൽ ഒരു ലീവ് തരും. രണ്ട് വർഷം കൂടുമ്പോൾ നാട്ടിൽ പോകാം. ടിക്കറ്റ് ഫ്രീ. 14 വർഷത്തിനു ശേഷം അവിടെ നിന്നു പിരിഞ്ഞു പോരുമ്പോൾ 1500 ദിർഹമിലെത്തിയിരുന്നു ശമ്പളം. അന്നതൊരു വലിയ തുകയാണ്. നാട്ടിൽ വീടു വെച്ചു. കുറച്ചു നിലവും വാങ്ങി. ആഗ്രഹങ്ങൾ ലളിതമായത് കൊണ്ട് പ്രവാസം എന്നെ നിരാശപ്പെടുത്തിയിട്ടില്ല.
86-ൽ ഞാൻ പ്രവാസ ജീവിതത്തോട് വിടപറഞ്ഞു. രോഗങ്ങൾ, ഉമ്മ മരിച്ചപ്പോൾ വീട്ടിൽ ഭാര്യയുടെ ഏകാന്തത, പിന്നെ മക്കളില്ലാത്ത വിഷമവും. അങ്ങനെ മരുഭൂവാസത്തോട് വിടയോതി.’ മൊയ്തീൻ ഹാജി പറഞ്ഞു നിറുത്തി.
ഒരു ഘട്ടം കഴിഞ്ഞാൽ പ്രവാസം നിശ്ചലമാകുന്നു. സമ്പാദിച്ചു മതിയായിട്ടല്ല പാസ്‌പോർട്ടിൽ എക്‌സിറ്റ് പതിപ്പിക്കുന്നത്; മനസ്സിനൊപ്പം ഓടിയെത്താനാവാതെ ശരീരം തളരുമ്പോഴാണ്. ആ തളർച്ച ഒരു ദേശത്തിന്റെ കൂടി കിതപ്പായി മാറുന്നു. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എല്ലാം നാടിനും നാട്ടുകാർക്കും നൽകി തളരുന്ന ഗൾഫുകാരനോട് പോക്കു നിറുത്തിയത് പാപമാണെന്ന മനോഭാവത്തോടെ ചോദ്യങ്ങളുയരും: ‘ഇനി പോകുന്നില്ലേ? ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാണു ഭാവം?’
‘കടലിനക്കര പോണോരേ, കാണാ പൊന്നിനു പോണോരേ, പോയി വരുമ്പോൾ എന്തു കൊണ്ടു വരും? കൈനിറയെ, എന്തുകൊണ്ടു വരും?’. വയലാറിന്റെ ഈ വരികൾ മലയാളിയുടെ മനോഭാവം കൂടിയാണല്ലോ പ്രതിഫലിപ്പിക്കുന്നത്.
തയ്യാറാക്കിയത്: ഗഫൂർ മേൽമുറി