മുലപ്പാല്‍ ഒരു ഔഷധമാണ്. അത് കുട്ടികള്‍ക്ക് നന്നായി നല്‍കണം. എങ്കിലേ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ വളര്‍ച്ചയുണ്ടാകുകയുള്ളൂ. മുലയൂട്ടല്‍ സൗന്ദര്യം നശിപ്പിക്കും എന്നത് തെറ്റിദ്ധാരണയാണ്. അന്നേരം മാതാവ് അനുയോജ്യമായ ഭക്ഷണക്രമം പാലിച്ചില്ലെങ്കിലാണ് ശരീരത്തിന് പ്രതികൂലമാവുക. പോഷകത്തിന്റെ ലഭ്യതക്കുറവുമൂലം ക്ഷീണം ബാധിക്കുകയും ശരീരം മെലിഞ്ഞുപോവുകയും ചെയ്യും.
മുലയൂട്ടുന്ന സ്ത്രീകള്‍ പോഷകസമൃദ്ധമായ ഭക്ഷണം മിതമായി കഴിക്കണം. കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. മൈദ ഒട്ടും കഴിക്കാതിരിക്കുക. അരിഭക്ഷണങ്ങള്‍ മുന്‍ഗണന നല്‍കുക. അമിതമായി ഒന്നും കഴിക്കരുത്.
കുട്ടികളുടെ മുലകുടി നിര്‍ത്തുക എന്നത് ചില്ലറ ആശങ്കയുള്ള കാര്യമാണ്. ബലമായി മുലകുടി അവസാനിപ്പിക്കുന്നത് മാതാവിനും കുട്ടിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഘട്ടംഘട്ടമായി മുലകുടി കുറച്ച് കൊണ്ടുവന്ന് നിര്‍ത്തുകയാണ് വേണ്ടത്. പെട്ടെന്ന് വാശിപിടിച്ച് കുടി നിര്‍ത്തുന്നത് ശരിയല്ല. രണ്ടര വര്‍ഷം മുല കൊടുക്കുന്നത് നല്ലതാണ്. അതില്‍ കൂടുന്നത് ദോഷകരവും.
കുട്ടികള്‍ക്ക് രണ്ടുമണിക്കൂര്‍ കൂടുന്പോള്‍ മുലപ്പാല്‍ നല്‍കണം. മൂന്നുമാസം തികയുന്നത് വരെ ഇങ്ങനെ മുലപ്പാല്‍ കൊടുക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചക്ക് അനിവാര്യമാണ്. രണ്ടു മണിക്കൂര്‍ കൊണ്ട് കുട്ടിക്ക് ആവശ്യമായ മുലപ്പാല്‍ ലഭിക്കും. പ്രസവിച്ച് നാലു മണിക്കൂറിനുമുമ്പ്നിര്ബന്ധമായും കുട്ടിക്ക് മുലപ്പാല്‍ നല്‍കിയിരിക്കണം. ആദ്യം ചുരത്തുന്ന പാലിനു മഞ്ഞ നിറമുണ്ടാകും. ഇത് പിഴിഞ്ഞുകളയരുത്. ഏറെ ഔഷധ ഗുണമുള്ളതിനാല്‍ നിര്‍ബന്ധമായും കുട്ടിക്ക് നല്കുകയാണു വേണ്ടത്.
ആദ്യദിവസങ്ങളില്‍ വേണ്ടത്ര പാല് ലഭിച്ചുവെന്ന് വരില്ല. ആ സമയങ്ങളില്‍ കുട്ടിക്ക് ലഭിക്കുന്നതുതന്നെ ധാരാളമാണ്. കുട്ടിക്ക് തികഞ്ഞിട്ടുണ്ടാവില്ല എന്നുകരുതി വെള്ളവും ബേബി ഫുഡും നല്കാന് തുനിയുന്നത് ആപത്താണ്. ജനനസമയത്ത് കണ്ടതൂക്കം പിന്നീട് കുറഞ്ഞെന്നുവരാം. ആശങ്ക വേണ്ട, പത്തുദിവസം കഴിഞ്ഞാല്‍ പഴയപടി തിരിച്ചുകിട്ടും. മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ടാണ് ഭാരം കുറയുന്നത് എന്നുകരുതി ഡോക്ടറെ തേടിയെത്തുന്ന മാതാക്കളുണ്ട് നമുക്കിടയില്‍. കുട്ടിയുട ഭാരം കൂട്ടാനും മുലപ്പാല്‍ വര്‍ധിപ്പിക്കാനും മരുന്നുകയറ്റി കുഞ്ഞിന്റെയും തന്റെയും ശരീരം നശിപ്പിക്കേണ്ടതില്ല. സ്വാഭാവിക പ്രകൃതിയാണ് ഈ ഭാരം കുറയല്‍ എന്നോര്‍ക്കുക.
കുട്ടി കരയാതിരിക്കാന്‍ വേണ്ടി പലരും നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കരച്ചില് അനിവാര്യമാണ്. കരഞ്ഞ് ആവശ്യപ്പെടുന്പോള്‍ മാത്രമേ മുലയൂട്ടാവൂ എന്നാണ് ആരോഗ്യശാസ്ത്രം. കരച്ചില്‍കൊണ്ട് കുട്ടിക്ക് ഒരുപാട് നേട്ടങ്ങളുണ്ട്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും വികാസത്തിന് കരച്ചില് കാരണമാകുന്നു. ശരീരത്തിന്റെ മാലിന്യങ്ങളായ കാഷ്ഠവും മറ്റു അവശിഷ്ടങ്ങളും പുറത്തുവരും.
മുലകുടി നിര്‍ത്തിയും മുലകുടി കുറച്ചും മൃഗപ്പാലുകള്‍ കൊടുക്കുന്നത് നാട്ടുനടപ്പാണ്. ഇതുകൊണ്ട് കുട്ടിക്ക് ഒരു ഗുണവുമില്ല. ദോഷമുണ്ടുതാനും. മൃഗപ്പാലിനേക്കാള് ദോഷമാണ് പായ്ക്കറ്റ് പാലുകളും പാല്‍പ്പൊടിയും. മുലപ്പാലിന്റെ ഗുണം ഒന്നിലും ലഭിക്കുകയില്ല. വളര്‍ത്തുമൃഗങ്ങളായ ആട്ടിന്‍പാലും പശുവിന്‍പാലും മുലപ്പാലും തമ്മില്‍ ഗുണത്തില്‍ വലിയ അന്തരമുണ്ട്.
ആദ്യത്തെ ഒരു വര്‍ഷം മൃഗപ്പാല് നല്‍കുന്നത് നല്ലതല്ല. ചില കുട്ടികള്‍ക്കിത് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാക്കും. ഉപയോഗിച്ചാലേ പാലുണ്ടാകൂ എന്നത് മൃഗങ്ങളെപ്പോലെ മനുഷ്യനും ബാധകം. കൂടുതല്‍ മുല കൊടുക്കുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കും. മടികാണിക്കുന്നവരില് മുലപ്പാല്‍ കുറയുകയും ചെയ്യും. ടെന്‍ഷനില്ലാത്ത സ്ത്രീകളില്‍ പാലുല്പാദനം കൂടുതലായിരിക്കും എന്നാണ് പഠനം. മാനസിക പിരിമുറക്കത്തിന് സാധ്യതയുള്ള ഒരു പ്രവര്‍ത്തനത്തിലും മുലയൂട്ടുന്ന സ്ത്രീകള്‍ മുതിരരുത്. ജോലിയുള്ള മാതാക്കള്‍ ആദ്യത്തെ മൂന്നു മാസം ലീവെടുക്കണം. അല്ലെങ്കില്‍ ജോലിക്ക് പോകുന്പോള്‍ കുട്ടിയെ കൂട്ടണം. അഞ്ചുമണിക്കൂറില്‍ കൂടുതല്‍ മുലയൂട്ടാതെ കഴിഞ്ഞാല്‍ കുട്ടി തളര്‍ന്നുവീഴും. മുലപ്പാലില്‍ നിന്നും ലഭിക്കുന്ന ശുചിത്വം കുപ്പിപ്പാലില്‍ ലഭിക്കുകയില്ല. കുട്ടിയുടെ പല്ലിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കാനും കുപ്പികുടിക്കാവും.
നാലാം മാസം മുതല്‍ മറ്റു ഭക്ഷണം നല്കിത്തുടങ്ങാം. ബിസ്കറ്റ് ഭക്ഷണങ്ങള്‍ കുട്ടിയുടെ ആരോഗ്യത്തന് എതിരായി ഭവിക്കും. ചോറ് അരച്ചുകൊടുക്കുന്നതിനേക്കാള്‍ നല്ലത് കൈകൊണ്ട് ഞെക്കിപ്പിഴിഞ്ഞു കൊടുക്കുന്നതാണ്. അരച്ച് ജ്യൂസാക്കിയ ചോറ് ചവക്കാതെ തിന്നു ശീലിച്ചാല്‍ പിന്നീട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചവച്ചരച്ച് തിന്നാന്‍ കുട്ടികളെ പഠിപ്പിക്കണം. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി കുട്ടിക മരണപ്പെടുന്ന വാര്‍ത്തകള്‍ നാം നിരവധി കേട്ടതാണ്. ബേക്കറി വസ്തുക്കള്‍ വലിയവര്‍ക്ക് തന്നെ ഭൂഷണമല്ല. കുട്ടികള്‍ക്ക് നല്‍കുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ.
ഹാരിസ് കൊമ്പോട്