നബി(സ്വ) പറഞ്ഞു: ‘നാല് കാര്യങ്ങൾ വിജയങ്ങളിൽ പെട്ടതാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ വീട്, നല്ലവനായ അയൽവാസി, മനസ്സിനിണങ്ങിയ വാഹനം’ (ഇബ്നുഹിബ്ബാൻ)
താമസിക്കാൻ സൗകര്യമുള്ളൊരു വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. വീട് നിർമാണവും അലങ്കാരവും അതിര് കടക്കാറുണ്ട് പലപ്പോഴും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാ രംഗങ്ങളിലും മിതത്വം പാലിക്കണം. നാടോടുമ്പോൾ നടുവെ ഓടുന്ന രീതി അവനു പാടില്ല.
വീടു നിർമാണക്കാര്യത്തിൽ നബി(സ്വ)യുടെ മാതൃക, വാക്കിലും പ്രവൃത്തിയിലും അംഗീകാരത്തിലും കാണാവുന്നതാണ്. മക്കയിൽ നബി(സ്വ) പ്രധാനമായും മൂന്നിടങ്ങളിലാണ് വസിച്ചത്. പിതാമഹൻ അബ്ദുൽ മുത്ത്വലിബിന്റെ വീട്ടിൽ, പിതൃവ്യൻ അബൂത്വാലിബിന്റെ വീട്ടിൽ. വിവാഹം നടന്നതിന് ശേഷം താമസിച്ച വീട് ഖദീജ(റ)യുടേതായിരുന്നു. അത് നബി(സ്വ)യുടെ തന്നെ വീടാണ്. ഖദീജ(റ)യുമായുള്ള വിവാഹത്തിനു ശേഷം പൂർണമായും പ്രവാചകർ(സ്വ)യുടെ നിയന്ത്രണത്തിൽ വന്ന വീട്. അത്ര ചെറുതല്ലാത്ത ഈ വീടിന്റെ കാര്യത്തിൽ നബി(സ്വ)യിൽ നിന്നുള്ള മാതൃക അംഗീകാരത്തിന്റേതാണ്.
ഹിജ്റ വരെയുള്ള 28 വർഷക്കാലം തിരുനബി(സ്വ) താമസിച്ച വീട് ഖദീജ(റ) എന്ന കുലീനയും സമ്പന്നയുമായ മഹതിയുടേതാണ്. ഈ വീട് അവരുടെ കച്ചവടാവശ്യങ്ങൾക്കും മറ്റും സൗകര്യപ്രദമായ വിധത്തിലുള്ളതാണ്. നബി(സ്വ) ഭർത്താവായി വന്ന ശേഷം ഈ വീട് അവിടുത്തെ സൗകര്യാനുസരണമാണ് വിനിയോഗിക്കപ്പെട്ടത്. പ്രവാചകത്വ ലബ്ധിക്കു ശേഷം പ്രത്യേകിച്ചും. ഈ വീടിന്റെ ശരിയായ വിവരണം ചരിത്ര-സഞ്ചാര കൃതികളിൽ കാണാം.
മുഹമ്മദ് ലബിസുൽബത്താനസിയുടെ റിഹ്ലയിൽ ഖദീജ(റ)യുടെ വീടിന്റെ ശരിയായ ചിത്രമുണ്ട്. 19-ാം നൂറ്റാണ്ടിൽ മക്ക സന്ദർശിച്ചെഴുതിയതാണിത്. മക്കയിൽ സാധ്യമായ ഒരിടം നബി(സ്വ)ക്ക് പ്രബോധനപ്രവർത്തനങ്ങൾക്ക് ലഭിക്കാത്ത ആ കാലത്ത് ആ വീടും സൗകര്യവും നന്നായി ഉപയോഗപ്പെട്ടു. നാല് മുറികളുള്ള അതിന്റെ വിശാലതയും സൗകര്യങ്ങളും അനാവശ്യമായി കിടന്നിരുന്നില്ല. എന്നാൽ എല്ലായ്പ്പോഴും അവയെല്ലാം ഉപയോഗിച്ചതുമില്ല. അതിൽ മൂന്നെണ്ണം അകം ഭാഗത്തായിരുന്നു. ഒരു റൂം പെൺമക്കൾക്ക്. ഒന്ന് കിടപ്പറ. ഒരു മുറി ഇബാദത്തിന്. പുറത്തെ മുറി നബി(സ്വ)ക്കും അനുയായികൾക്കും ഒരുമിക്കാനും. ബത്താനസി രേഖപ്പെടുത്തുന്നു: ”ഇബാദത്തിനുള്ള മുറി ഏകദേശം മൂന്ന് സ്ക്വയർ മീറ്റർ വരുന്നതാണ്. അതിനോട് ചേർന്ന് വുളൂഇനും ശുദ്ധീകരണത്തിനുമുള്ള സ്ഥലമുണ്ട്. കിടപ്പുമുറിക്ക് ആറു മീറ്റർ നീളവും നാലു മീറ്റർ വീതിയുമുണ്ട്. മൂന്നാമത്തെ മുറി ഏഴര മീറ്റർ നീളവും നാലു മീറ്റർ വീതിയുമുള്ളതാണ്. ഈ മൂന്ന് റൂമുകളുടെയും നീളത്തിലും(പതിനാറു മീറ്ററിലധികം) 7 മീറ്റർ വീതിയിലും ഒരു ഹാളും മറ്റു അനുബന്ധങ്ങളും അടങ്ങിയതായിരുന്നു ഖദീജ(റ)യുടെ വീട്.
1300 വർഷക്കാലം നിലനിൽക്കുകയും പള്ളിയും മദ്രസയുമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്ന വീട് ഇപ്പോൾ കാണാൻ സാധിക്കില്ല. മക്കയിലെ വികസനത്തിന്റെ ഭാഗമായി അത് നാമാവശേഷമായി.
ഹിജ്റക്ക് ശേഷം മദീനയിലെത്തിയ നബി(സ്വ) ഭാര്യമാർക്കു വേണ്ടി നിർമിച്ച വീടുകളൊന്നും തന്നെ മത പ്രബോധന പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്നില്ല. മദീനയിലെ മസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു പണ്ട് ഖദീജ(റ)യുടെ വീട്ടിൽ വെച്ചു നടന്ന പ്രബോധനപരമായ കാര്യങ്ങളെല്ലാം നിർവഹിച്ചത്. മക്കയിൽ നിന്നു വ്യത്യസ്തമായി മദീനയിൽ അനുകൂല സാഹചര്യവുമുണ്ടായിരുന്നുവല്ലോ. മനോഹരമായ ഒരു വീട്ടിലെ താമസക്കാരൻ എന്ന മേൽവിലാസമോ അത്തരം സൗകര്യങ്ങളോ നബി(സ്വ) ഇഷ്ടപ്പെട്ടതുമില്ല. ഭാര്യമാർക്കു താമസിക്കാനുള്ള ഇടങ്ങളെന്നതിലുപരി ആ വീടുകൾക്ക് പ്രൗഢിയുമുണ്ടായിരുന്നില്ല. അതീവ ലളിതം. മദീന മസ്ജിദിന്റെ പരിസരത്തു തന്നെയായിരുന്നു അവ. പിൽക്കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളിൽ ആ ഭാഗങ്ങളെല്ലാം പള്ളിയിൽ ഉൾപ്പെട്ടു. വലീദ്ബ്നു അബ്ദുൽ മലിക്കിന്റെ കാലത്താണ് നബി(സ്വ)യുടെ വീടുകൾ പള്ളിയോട് ചേർന്നത്. അവ പൊളിച്ചപ്പോൾ വിശ്വാസികൾ വാവിട്ടു കരഞ്ഞുവെന്നു ചരിത്രം. അന്നു നിലവിലുണ്ടായിരുന്ന വീടുകളെക്കുറിച്ച് അബ്ദുല്ലാഹിൽ ഹുദലി(റ) പറയുന്നു: ആ ഒമ്പത് വീടുകളിൽ നാലെണ്ണം മൺകട്ട കൊണ്ട് നിർമിച്ചതായിരുന്നു. അവയിൽ ഓരോ കിടപ്പുമുറികളായിരുന്നു ഉണ്ടായിരുന്നത്. ഉമ്മുസലമ(റ)യുടെ വീടിന്റെ കിടപ്പുമുറി മാത്രമാണ് ചുമര് കൊണ്ട് വേർതിരിച്ചിരുന്നത്. മറ്റു മൂന്നെണ്ണം ഈത്തപ്പനപ്പട്ടകൊണ്ട് മറച്ച റൂമുകളായിരുന്നു. അഞ്ച് വീടുകൾ ഈത്തപ്പനപ്പട്ടയിൽ മണ്ണ് തേച്ച് പിടിപ്പിച്ച ചുമരുകളുള്ളവയും. രോമനിർമിതമായ വിരികളായിരുന്നു അവയുടെ വാതിലുകൾ(സീറതുൽ ഹലബിയ്യ).
വീടു നിർമാണത്തിലും വിശ്വാസിക്ക് അനുകരണീയമായ മാതൃക പ്രവാചകരിൽ കാണാം. വീടിന്റെ ലക്ഷ്യം അടിസ്ഥാനപരമായി സുരക്ഷിതമായ ജീവിതം ഒരുക്കുക എന്നതാണ്. അതിനാൽ തന്നെ സൗകര്യങ്ങൾ ആവശ്യത്തിന് ആകാവുന്നതാണ് എന്ന് ഉപര്യുക്ത ഹദീസ് വ്യക്തമാക്കുന്നു. വിശാലമായ വീട് എന്ന ഹദീസ് പ്രയോഗം ശ്രദ്ധേയം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിത നിയോഗത്തിന്റെ പൂർത്തീകരണത്തിന് വീടും മറ്റു സൗകര്യങ്ങളും അത്യാവശ്യങ്ങളും ഗുണപ്രദവുമാണ്. വീടിന്റെ വിസ്തൃതിയും സൗകര്യവും മുറികളുടെ എണ്ണവും ആവശ്യത്തിനനുസൃതമായിരിക്കണം. നബി(സ്വ)യുടെ മാതൃക ഇതിനെതിരാവുന്നില്ല.
പത്തു വയസ്സായ കുട്ടികളെ മാറ്റിക്കിടത്തണമെന്നാണ് മതശാസന. വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഇതു നടപ്പാവില്ലല്ലോ. വീട്ടിലെ പൊതു ആവശ്യത്തിനുള്ള സൗകര്യവും കിടപ്പറയും ഇബാദത്ത് മുറികളും ആകാമെന്നതിന് നബി(സ്വ)യുടെ വീട്ടിൽ തന്നെ മാതൃകയുണ്ട്. മദീന കാലഘട്ടത്തിൽ കുട്ടികളില്ലാത്ത ഉമ്മഹാത്തുൽ മുഅ്മിനീങ്ങൾക്ക് അവരെപ്പോലെയുള്ള സ്ത്രീകളെ മാത്രമാണ് സ്വീകരിക്കാനുണ്ടായിരുന്നത്. അവരുടെ ഇബാദത്തിനും റസൂൽ(സ്വ)യെ സ്വീകരിക്കാനും ലളിതമായ സൗകര്യം തന്നെ മതിയായിരുന്നു. അതിലധികം ആവശ്യമായിരുന്നെങ്കിൽ പ്രവാചകർ(സ്വ) അത് നിവർത്തിച്ച് നൽകുമായിരുന്നു. സുരക്ഷിതത്വത്തിന് അന്നത്തെ അവസ്ഥയിൽ കൂടുതൽ സംവിധാനങ്ങളാവശ്യമില്ലായിരുന്നു. അതിനാലാണ് വീടിനു ചുമര് കെട്ടിയപ്പോൾ ഉമ്മുസലമ(റ)യോട് നബി(സ്വ) നീരസമറിയിച്ചത്.
ആവശ്യത്തിനപ്പുറത്തുള്ളത് അമിതവ്യയത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നതിന് തെളിവുകളാവശ്യമില്ല. അത്തരം നിർമാണത്തെ തിരുനബി(സ്വ) നിരുത്സാഹപ്പെടുത്തി. മദീനയിൽ ഒരു വീടിനു മുന്നിൽ നന്നായി അലങ്കാര വേലകൾ ചെയ്ത ഒരു സ്തൂപം കണ്ടപ്പോൾ അവിടുന്ന് നീരസം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അത് പൊളിച്ചു കളയണമെന്നാവശ്യപ്പെട്ടില്ല. ഇതറിഞ്ഞ സ്വഹാബി സ്തൂപം നീക്കം ചെയ്യുകയും അതിനെ നബി(സ്വ) പ്രശംസിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തതു ഹദീസിലുണ്ട്.
ആവശ്യത്തിലപ്പുറമാണോ തന്റെ നിർമാണവും വീടുമെന്ന് വിശ്വാസി ആലോചനക്കു വിധേയമാക്കേണ്ടതാണ്. ഏതെങ്കിലും തരത്തിൽ ഇസ്ലാമിനെയോ സംസ്കാരത്തെയോ അവഗണിക്കാവതല്ല. അതിനെ കുറിച്ചെല്ലാം വിചാരണയുണ്ടാകുമെന്ന് മറക്കരുത്. ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെ കുറിച്ചല്ലാത്തതെല്ലാം വിചാരണ ചെയ്യപ്പെടുന്നതാണ് (തഫ്സീർ ഖുർത്വുബി).
സത്യവിശ്വാസിയുടെ സമ്പത്തിൽ നിന്ന് വിനിയോഗിക്കപ്പെടുന്നതിൽ ഏറ്റവും മോശമായത് കെട്ടിട നിർമാണത്തിൽ ഉപയോഗിക്കുന്നതാണ് (അബീദാവൂദ്). ചീത്തയല്ലാത്ത മാർഗങ്ങളിൽ വിനിയോഗിക്കപ്പെടുന്നതിനെല്ലാം നിയ്യത്തിനനുസരിച്ച് പ്രതിഫലം ലഭിക്കും. എന്നാൽ കെട്ടിട നിർമാണത്തിനു ചെവഴിക്കുന്നത് അതിൽ പെടില്ല (തുർമുദി). സമ്പത്ത് ആവശ്യമായ കാര്യങ്ങളിൽ വിനിയോഗിക്കുന്നതിന് പുണ്യമുണ്ട്. എത്ര ചെലവഴിക്കുന്നുവോ അതിനനുസരിച്ച് പുണ്യം കൂടും. എന്നാൽ വീടു നിർമാണത്തിലെ അധികച്ചെലവ് പ്രതിഫലമില്ലാത്തതാണ്. റസൂൽ(സ്വ) പറയുന്നു: ആവശ്യമായതിനപ്പുറമുള്ള വീട് നിർമിച്ചവൻ അന്ത്യനാളിൽ അത് ചുമക്കാനായി നിർബന്ധിപ്പിക്കപ്പെടും (ത്വബ്റാനി).
അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുകയും അത് അനുഭവിക്കുകയും ചെയ്യുന്നതിനോടൊപ്പം ആഖിറം നശിപ്പിക്കാനിടവരാതിരിക്കാനും ശ്രദ്ധിക്കണം. നാമൊരു വീട് നിർമിച്ച് അതിൽ അല്ലാഹുവിന്റെ വചനങ്ങളും നാമങ്ങളും ഉച്ചരിക്കുന്ന സാഹചര്യമില്ലാതെ അടച്ചിടുന്നതിൽ ഗുണമില്ല. ഭൂമിയിൽ എല്ലായിടത്തും സൈ്വരമായി അല്ലാഹുവിനെ സ്മരിക്കുന്ന സ്ഥിതിവരട്ടെ.