ഹിജ്‌റ 909-ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന പ്രദേശത്താണ് ഇമാം ഇബ്‌നുഹജറിൽ ഹൈതമി(റ) ജനിച്ചത്. ബദ്‌റുദ്ദീൻ മുഹമ്മദ്ബ്‌നു ശംസുദ്ദീൻ മുഹമ്മദ്ബ്‌നു ഹജർ(റ) ആണ് പിതാവ്. പിതാമഹൻ ശംസുദ്ദീൻ എന്നവർ 120 വയസ്സിലധികം ജീവിച്ച സാത്വികനാണ്. ഇബ്‌നുഹജർ(റ) കുട്ടിയായിരിക്കെ തന്നെ പിതാവ് വഫാത്തായി. അനാഥത്വം പേറിയ കുട്ടിയെ പിതാമഹനാണ് പിന്നീട് സംരക്ഷിച്ചത്.

ഇബ്‌നുഹജർ(റ)യുടെ കുടുംബം താമസിച്ചിരുന്നത് സൽമുൻത് എന്ന ഈജിപ്ഷ്യൻ പ്രവിശ്യയിലായിരുന്നു. നല്ലവർക്ക് താമസിക്കാനാവാത്ത വിധം പ്രദേശത്തെ സ്ഥിതി അവതാളത്തിലായപ്പോൾ കുടുംബം അബുൽ ഹൈതമിലേക്ക് താമസം മാറ്റി. സജ്ജനങ്ങളും പണ്ഡിതരും നിറഞ്ഞ അവിടം ആത്മീയവും സാംസ്‌കാരികവുമായി നിലവാരം പുലർത്തി. ശംസുദ്ദീൻ മുഹമ്മദ് എന്ന ഇമാമിന്റെ വല്യുപ്പ അവിടെ വെച്ചാണ് ആത്മീയമായി ഔന്നത്യം പ്രാപിച്ചത്.

ബദ്‌റുദ്ദീൻ(റ)

സന്തതികൾക്ക് ആത്മീയ പരിചരണവും വിജ്ഞാനവും പകരാൻ യോഗ്യരായ പണ്ഡിതരെ പിതാമഹൻ കണ്ടെത്തുകയുണ്ടായി. പുത്രൻ ബദ്‌റുദ്ദീനെ പ്രദേശത്തെ ഗുരുവര്യന്മാരായ ശംസുബ്‌നു അബുൽ ഹമാഇൽ(റ), ശിഷ്യൻ ശംസുശ്ശന്നാവീ എന്നറിയപ്പെടുന്ന അഹ്മദുബ്‌നു അലിയ്യിൽ മിസ്‌രി അൽമദനി(റ) എന്നിവരുടെ ശിക്ഷണത്തിലാക്കി. അവരുടെ പരിചരണത്തിൽ വളർന്നയാളാണ് ഇമാമിന്റെ പിതാവ് ബദ്‌റുദ്ദീൻ(റ).

ബദ്‌റുദ്ദീൻ വിവാഹിതനായി, രണ്ടു മക്കൾ തുടരെ മരണപ്പെട്ടു. ദുഃഖിതനായിരിക്കുന്ന ശിഷ്യന് ഗുരു ശംസുബ്‌നു അബിൽ ഹമാഇൽ തന്റെ ഒരു താടിരോമം നൽകിക്കൊണ്ട് പറഞ്ഞു: ‘ഇതു കൊണ്ടുപോയി വീട്ടിൽ പുകയിപ്പിക്കുക.’

അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് പിറന്ന സന്തതിയാണ് ഇമാം ഇബ്‌നുഹജർ(റ). തന്റെയും പിതാവിന്റെയും പേരുകൾ മുഹമ്മദ് എന്നായതിനാലാണ് മകന് അഹ്മദ് എന്നദ്ദേഹം നാമകരണം ചെയ്തത്. അധികം താമസിയാതെ പിതാവ് ബദ്‌റുദ്ദീൻ വഫാത്തായി. പിതാമഹൻ സംരക്ഷണമേറ്റെടുത്തു. അദ്ദേഹത്തിന്റെ വിയോഗ ശേഷം പിതാവിന്റെ ഗുരുനാഥന്മാരായ ശംസുബ്‌നു അബിൽ ഹമാഇൽ(റ)വും ശംസുശ്ശന്നാവീ(റ)യുമാണ് ഇമാമിനെ സംരക്ഷിച്ചത്.

വല്യുപ്പയുടെ സംരക്ഷണത്തിലായിരിക്കെയാണ് അദ്ദേഹം ഖുർആൻ മനഃപാഠമാക്കുന്നത്. ഇമാം നവവി(റ)യുടെ മിൻഹാജും അക്കാലത്തു പഠിച്ചു. ഗുരുവര്യന്മാരുടെ അടുത്തെത്തിയ ശേഷം വൈജ്ഞാനികമായ നല്ല പരിചരണമാണ് ഇമാമിനു ലഭിച്ചത്. ആദ്യം തൻത്വായിലെ അഹ്മദുൽ ബദവി(റ)യുടെ മഖാമിനോടനുബന്ധിച്ചുള്ള പാഠശാലയിൽ ചേർന്നു. ഉസ്താദ് ശംസുശ്ശന്നാവിയാണ് ചേർത്തിയത്.

പ്രമുഖരായ രണ്ടു ഗുരുവര്യന്മാരിൽ നിന്ന് അവിടെ വെച്ചു വിജ്ഞാനമാർജിച്ചു. പ്രാഥമികമായ പാഠങ്ങൾ കരഗതമാക്കിയ ശേഷം 15-ാം വയസ്സിൽ ഉസ്താദ് ശംസുശ്ശന്നാവി, ഇമാമിനെ ജാമിഉൽ അസ്ഹറിലാക്കി. ചെറുപ്രായത്തിൽ തന്നെ ഈജിപ്തിലെ മഹാഗുരുവര്യന്മാരുടെ ശിഷ്യത്വ സൗഭാഗ്യം അതുവഴി നേടാനായി. വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടാൻ അദ്ദേഹം കഠിന യത്‌നം തന്നെ നടത്തി. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യിൽ നിന്നും ധാരാളം പഠിച്ചു. പ്രിയ ശിഷ്യന് വേണ്ടി നന്നായി പ്രാർത്ഥിക്കുമായിരുന്നു ഉസ്താദ്.

ഗുരുവിന്റെ മോഹം

സകരിയ്യൽ അൻസ്വാരി(റ) ശിഷ്യന്റെ കാര്യത്തിൽ വളരെ പ്രതീക്ഷ പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാവി ദീർഘദർശനം ചെയ്തും പ്രവചന സ്വഭാവമുള്ളതുമായ പ്രാർത്ഥന ഇങ്ങനെ: ദീനിൽ നിനക്ക് ഫിഖ്ഹും അറിവും നൽകാൻ ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു.’ പ്രാർത്ഥന പോലെ ഫിഖ്ഹിൽ ഇമാം പ്രസിദ്ധനായി. ധാരാളം ഗ്രന്ഥങ്ങളും ഉന്നത ശിഷ്യന്മാരുമുണ്ടായി.

പഠനകാലത്ത്, പ്രത്യേകിച്ച് ജാമിഉൽ അസ്ഹറിലെ പഠനകാലത്ത് വളരെയേറെ പ്രയാസങ്ങളും പട്ടിണിയും നേരിട്ടു അദ്ദേഹം. വിജ്ഞാന ദാഹത്തിന് മുമ്പിൽ അവയെയെല്ലാം കീഴ്‌പ്പെടുത്തുന്നതിൽ ഇമാം വിജയിച്ചു. അതിനെക്കുറിച്ച് ഇമാമിന്റെ വിവരണം ശിഷ്യൻ രേഖപ്പെടുത്തുന്നു: ‘ജാമിഉൽ അസ്ഹറിലെ നാലു വർഷങ്ങളിൽ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ മറ്റൊരാൾക്ക് 20 വർഷം അനുഭവിക്കേണ്ടി വരാത്തത്ര ഭീകരമാണ്’ (നഫാഇസുദ്ദുറർ).

പഠനത്തിലും മനഃപാഠത്തിലും മുന്നിലായതിൽ അസന്തുഷ്ടിയുള്ള ചില സതീർത്ഥ്യരിൽ നിന്നുണ്ടായ വിഷമതകൾ ഇതിനെല്ലാം പുറമെയായിരുന്നു. ഇമാം പീഡിപ്പിക്കപ്പെടുന്നത് മനസ്സിലാക്കിയ ഗുരുവര്യൻ ഇബ്‌നു അബിൽ ഹമാഇൽ(റ) ചില ഘട്ടങ്ങളിൽ അസൂയാലുക്കളെ ശിക്ഷിക്കുകയുണ്ടായി. ഒരിക്കൽ ഇത്തരക്കാരായ രണ്ടാളുകൾക്ക് അഹ്മദുൽ ബദവി(റ)യുടെ മഖാമിനടത്തുവെച്ചു കഠിന പ്രഹരമേറ്റു (നഫാഇസ്).

ഗ്രന്ഥങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത് നശിപ്പിക്കുന്ന ചിലരുമുണ്ടായിരുന്നു. അതൊക്കെ കാരണമായാണ് ജന്മം കൊണ്ട് ഈജിപ്തുകാരനായ ഇബ്‌നുഹജർ(റ) മക്കയിൽ സ്ഥിരതാമസമാക്കിയത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവരോടാരോടും പകവെക്കാതെ മാപ്പ് നൽകി പ്രാർത്ഥിച്ചത് ഇമാമിന്റെ മഹാമനസ്‌കത കാണിക്കുന്നു. ഉസ്താദുമാരുടെ പൊരുത്തവും അദ്ദേഹത്തിന് വലിയ വെളിച്ചമായി. ക്രമേണ ഉന്നതിയുടെ പടവുകൾ കേറിക്കൊണ്ടിരുന്നു.

രചനാലോകത്തേക്ക്

ധാരാളം പ്രഗത്ഭ പണ്ഡിതരിൽ നിന്നും ഫിഖ്ഹ് നേടിയ ഇമാമിന് 20 വയസ്സുള്ളപ്പോൾ തന്നെ ഗുരുനാഥന്മാർ ഫത്‌വ നൽകാനും ദർസിനും രചന നടത്താനും അനുമതി നൽകി. അദ്ദേഹം ആവശ്യപ്പെടാതെയായിരുന്നു ഇത്.

24 വയസ്സുള്ള സമയത്ത് ആദ്യമായി ഹജ്ജിനു പോയി. അപ്പോഴാണ് ഗ്രന്ഥരചന നടത്തുന്നതിനെ കുറിച്ച വിചാരമുണ്ടായത്. പക്ഷേ, അതനിശ്ചിതമായി നീണ്ടു. അങ്ങനെയിരിക്കെ സാത്വികനായ ഹാരിസുൽ മുഹാസിബി(റ)യെ സ്വപ്നത്തിൽ കാണുകയും ഗ്രന്ഥരചന നടത്താൻ ഇമാമിനോട് മഹാൻ നിർദേശിക്കുകയുമുണ്ടായി.

ഗ്രന്ഥരചനയിൽ താൽപര്യം വർധിപ്പിക്കുന്നതിന് സഹായകമായ മറ്റൊരു സ്വപ്ന ദർശനം കൂടി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. സുന്ദരിയായ ഒരു യുവതി മഹാന്റെ സദസ്സിൽ പ്രത്യക്ഷപ്പെട്ട് പറയുകയുണ്ടായി; നീ വ്യാഖ്യാനവും മൂലകൃതികളും എഴുതുക. അങ്ങനെ അദ്ദേഹം ഒരു വരി ചുകന്ന മഷികൊണ്ടും അടുത്ത വരി കറുത്ത മഷികൊണ്ടും എഴുതിയതാണ് സ്വപ്ന ദർശനം. ഇതിന്റെ വ്യാഖ്യാനം ചിലർ നൽകിയതിങ്ങനെ: നിങ്ങൾ സന്തോഷിക്കുക, നിങ്ങളുടെ ഗ്രന്ഥങ്ങൾ ലോകപ്രശസ്തമായി നിലനിൽക്കും.

ഹിജ്‌റ 926-ൽ വഫാത്തായ ഗുരുനാഥൻ സകരിയ്യൽ അൻസ്വാരി(റ)യെ മറ്റൊരിക്കൽ അദ്ദേഹം സ്വപ്നത്തിൽ കാണുകയുണ്ടായി. ഗുരു തന്റെ തലപ്പാവഴിച്ച് ഇമാമിന്റെ തലയിൽ ധരിപ്പിക്കുന്നതായാണ് കണ്ടത്. ഈ സ്വപ്നത്തിലെ ശുഭസൂചന ഇമാമിന് ബോധ്യപ്പെട്ടു. സകരിയ്യൽ അൻസ്വാരിയോടൊപ്പം അദ്ദേഹമെത്തുമെന്നതിന്റെ സൂചനയായി അത്.

ഇതെല്ലാം മക്കയിലുള്ള സന്ദർഭത്തിലാണ് നടക്കുന്നത്. വളരെ പ്രയാസപ്പെട്ട് നേടിയ വിജ്ഞാനം കാലാകാലം നിലനിർത്തുന്നതിനുള്ള രചനകൾക്ക് ഇവ പ്രചോദനമായി. അങ്ങനെ മക്കയിൽ നിന്നുതന്നെ ശറഹുൽ ഇർശാദ് എഴുതിത്തുടങ്ങി.

പിന്നീട് ഈജിപ്തിൽ വെച്ചും മക്കയിൽ സ്ഥിരതാമസമാക്കിയതിന് ശേഷവും വ്യത്യസ്ത വിഷയങ്ങളിൽ അവലംബ യോഗ്യമായ കൃതികൾ രചിക്കുകയുണ്ടായി. ഇസ്‌ലാമിന്റെ മൂന്ന് പ്രധാന ഭാഗങ്ങളായ വിശ്വാസം, കർമം, സ്വഭാവ ശീലങ്ങൾ എന്നിവയിലെല്ലാം ഗ്രന്ഥങ്ങൾ പൂർത്തീകരിച്ചു. ഫിഖ്ഹിൽ തുഹ്ഫത്തുൽ മുഹ്താജ് അടക്കം എഴുപതിലധികം ഗ്രന്ഥങ്ങൾ മഹാന്റേതായുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശാഫിഈ ധാരയിലെ പ്രധാനാവലംബമായ തുഹ്ഫതുൽ മുഹ്താജ് മാത്രം മതി ഇബ്‌നുഹജർ(റ)ന്റെ വൈജ്ഞാനികാവഗാഹമറിയാൻ. തുഹ്ഫയെ വിശദീകരിച്ചും ടിപ്പണി ചെയ്തും ഉപജീവിച്ചും ധാരാളം പണ്ഡിതർ ശാഫിഈസരണി പ്രചരിപ്പിച്ചു. തുഹ്ഫയുടെ 27 രചനാ സേവനങ്ങൾ കണ്ടെത്തി ദക്തൂർ അംജദ് മുഹമ്മദ് അലി തന്റെ ഗവേഷണ പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാമിന് ഫിഖ്ഹിൽ മാത്രമുള്ള 78 രചനകൾ അവയുടെ പേരുകൾ സഹിതം ഈ പ്രബന്ധത്തിൽ കാണാം.

120 ഗ്രന്ഥങ്ങളെക്കുറിച്ചാണ് ഇമാമവർകളുടെ ചരിത്രത്തിൽ പൊതുവെ പരാമർശിക്കപ്പെടുന്നത്. അതിനെക്കുറിച്ച് ദക്തൂർ അംജദ് അലി ഇങ്ങനെ കുറിച്ചു: ഇബ്‌നു ഹജർ(റ)യുടെ ഗ്രന്ഥങ്ങളെ കുറിച്ച് പഠിതാക്കളും ഗവേഷകരും പറയുന്ന എണ്ണം ശരിക്കുള്ളതിനേക്കാൾ വളരെ കുറവാണ്. ദക്തൂറ ലംയാഅ് അഹ്മദ് ശാഫിഇയ്യ തന്റെ ഇബ്‌നു ഹജറിൽ മക്കിയ്യു വജുഹൂദുഹു ഫിൽ കിതാബി താരീഖിയ്യയിൽ 117 ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ട്. അതിൽ നാലു ഗ്രന്ഥങ്ങൾ ആവർത്തനമാണ്. അതു കിഴിച്ചാൽ 113 ഗ്രന്ഥങ്ങളുണ്ടാവും. എന്നാൽ ഇതിനു പുറമെ 35 ഗ്രന്ഥങ്ങൾ കൂടി എനിക്ക് കണ്ടെത്താനായിട്ടുണ്ട്. ഫിഖ്ഹ് 78, ഹദീസ് 16, ഉസ്വൂലുൽ ഫിഖ്ഹ് 1, ഇൽമുത്തൗഹീദ്, ഇൽമുൽ കലാം 13, തസ്വവ്വുഫ് 18, സീറതുതാരീഖ് 16, ഗോളശാസ്ത്രം 1, മറ്റുള്ളവ 3 (അൽ ഇമാം ഇബ്‌നുഹജറിൽ ഹൈതമി-റ, അസറുഹു ഫിൽ ഫിഖ്ഹിശ്ശാഫിഈ).

തുഹ്ഫതുൽ മുഹ്താജ്

ശാഫിഈ മദ്ഹബിൽ അവലംബ യോഗ്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങളാണ് ഇമാമിന്റേത്. മിൻഹാജിന്റെ വ്യാഖ്യാനമായ തുഹ്ഫതുൽ മുഹ്താജ് അവയിൽ ഒന്നാം സ്ഥാനത്താണ്. ധാരാളം ഇമാമുകൾ വലിയ സേവനം ചെയ്ത ഗ്രന്ഥമാണിത്. ഇമാമുമാരായ ശർവാനി, ഇബ്‌നു ഖാസിം എന്നിവരുടെ ടിപ്പണിയോടു കൂടിയാണ് നമ്മുടെ നാട്ടിൽ തുഹ്ഫ വ്യാപകമായി പ്രിന്റ് ചെയ്തുവരുന്നത്. രണ്ടു വാള്യങ്ങളിലായി ക്രോഡീകരിക്കപ്പെട്ട ഈ വ്യാഖ്യാനം മിൻഹാജിന്റെ ഇതര ശറഹുകളിൽ വ്യക്തമാക്കാത്ത കാര്യങ്ങളടക്കം വിവരിക്കുന്നതാണ്. ശറഹുൽ മഹല്ലിക്ക് അദ്ദേഹത്തിന്റെ ഗുരുനാഥൻ ഇബ്‌നു അബ്ദിൽ ഹഖ് തയ്യാറാക്കിയ ടിപ്പണി ഇമാമിന് കൂടുതൽ സഹായകമായിട്ടുണ്ട്. അതിന്റെ സ്വീകാര്യതയും വർധിച്ചതാണ്.

ഗ്രന്ഥങ്ങളിൽ രണ്ടാം സ്ഥാനം ഫത്ഹുൽ ജവാദിനാണ്. മൂന്ന്-അൽഇംദാദ്, നാല്-ശറഹു മുഖദ്ദിമത്തിൽ ഹള്‌റമിയ്യ, അഞ്ച്-ഫതാവാ, ആറ്-ഈആബ് എന്നിങ്ങനെയാണ് ക്രമം നിശ്ചയിക്കപ്പെട്ടത്.

ഫത്ഹുൽ ജവാദും അൽഇംദാദും അൽ ഇർശാദിന്റെ വ്യാഖ്യാനങ്ങളാണ്. ഫത്ഹുൽ ജവാദ് വിശാലമാണ്. അൽ ഇംദാദ് അതിന്റെ സംക്ഷിപ്തവും. തൊണ്ണൂറായിരം മസ്അലകൾ പ്രത്യക്ഷമായും പരോക്ഷമായും അൽ ഇർശാദിലടങ്ങിയിട്ടുണ്ട് (അദ്ദലീലു ഇലൽ മുതൂനിൽ ഇൽമിയ്യ).

അൽമുഖദ്ദിമതുൽ ഹള്‌റമിയ്യ എന്നും മുഖ്തസ്വറ് ബാഫള്ൽ എന്നുമെല്ലാം അറിയപ്പെടുന്ന അൽമിൻഹാജുൽ ഖവീം ബി ശർഹി മബാഇലിത്തഅ്‌ലീം എന്ന കൃതി വളരെ സ്വീകാര്യതയുള്ളതാണ്. ശറഹു ബാഫള്‌ലിന് അല്ലാമാ സുലൈമാനുൽ കുർദി(റ) തന്നെ ചെറുതും വലുതും മധ്യാവസ്ഥയിലുള്ളതുമായ മൂന്ന് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഇവ കൂടാതെ എട്ട് ഹാശിയകൾ കാണാനായത് അംജദ് അലി രേഖപ്പെടുത്തിക്കാണാം.

ഫതാവൽ കുബ്‌റാ

ഫതാവൽ കുബ്‌റാ അൽ ഫിഖ്ഹിയ്യ ഇമാമിന്റെ ഫത്‌വകളുടെ സമാഹാരമാണ്. കർമശാസ്ത്ര വിഷയത്തിലുള്ളവ നാലു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇന്നും പല പ്രശ്‌നങ്ങൾക്കും നേരിൽ ഉത്തരം ലഭിക്കുന്ന പ്രതീതി ഫതാവൽ കുബ്‌റയിലെ ഫത്‌വകൾക്കുണ്ട്. മലബാറിൽ നിന്നും ഹറമിലെത്തി ഇബ്‌നുഹജർ(റ)ന്റെ ശിഷ്യനായിത്തീർന്ന മഖ്ദൂം (റ) ചോദിച്ചതാണെന്ന് അനുമാനിക്കുന്ന ചില ചോദ്യങ്ങൾക്കു നൽകിയ മറുപടികളും ഇതിലുണ്ട്. ഉദാഹരണമായി, കിതാബുത്വഹാറത്തിൽ എലിക്കാഷ്ഠം കൊണ്ട് വിഷമം നേരിടുന്നതിനെ കുറിച്ചൊരു ചോദ്യമുണ്ട്. കിതാബുസ്വലാത്തിൽ സ്ത്രീകൾ മുടി കൂട്ടി യോജിപ്പിക്കുന്നതിനെക്കുറിച്ചും കിതാബുസ്വലാത്തിൽ ജമാഅത്തിൽ കസവുള്ള വസ്ത്രധാരണത്തെ കുറിച്ചും കിതാബുന്നികാഹിൽ ത്വലാഖിന്റെ പദങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. മലയ്ബാർ എന്ന പദത്തോട് ചേർത്തിയുള്ള പ്രയോഗങ്ങൾ പലതും ഫതാവയിൽ കാണാം. ഫിഖ്ഹ് മാത്രമല്ലാത്ത ഫത്‌വകളുടെ മസ്അലകൾ പരാമർശിച്ചു രചിച്ചതാണ് അൽ ഫതാവൽ ഹദീസിയ്യ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗ്രന്ഥം.

അൽഈആബ്

ഖാളി സ്വഫിയുദ്ദീൻ അൽ മുസയ്യദുൽ യമനി(റ)യുടെ അൽ ഉബാബ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അൽ ഉബാബുൽമുഹീത്വ് ബി മുഅ്‌ളമിനുസ്വൂസ്വിശ്ശാഫിഈ വൽ അസ്വ്ഹാബ് എന്ന ഗ്രന്ഥത്തിന്റെ ശർഹാണിത്. മദ്ഹബിൽ ഏറെ പ്രാബല്യമുള്ള ഗ്രന്ഥമാണിത്. ഈ ഗ്രന്ഥങ്ങളും അവയുടെ മൂലകൃതികളും കർത്താക്കളും അവലംബങ്ങളും ഏറെ പ്രധാനപ്പെട്ടതും ആശയസമ്പുഷ്ടവുമാണ്. അതിനാൽ തന്നെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇവ മുൻഗണന നേടുകയുണ്ടായി.

സമൃദ്ധമായ ജീവിതം

ഇബ്‌നുഹജർ(റ)യുടേത് ഏറെ ബറകത്തുള്ള ജീവിതമായിരുന്നു. മുകളിൽ വിവരിച്ച ഗ്രന്ഥങ്ങൾ പലതും ചെറിയ കാലയളവിലാണ് രചിച്ചത്. തുഹ്ഫ പത്തര മാസം കൊണ്ടാണ് രചിച്ചത് (ഹിജ്‌റ 958 മുഹർറം 12-ദുൽഖഅ്ദ് 28). ശമാഇലുത്തുർമുദിയുടെ വ്യാഖ്യാനം തയ്യാറാക്കിയത് 25 ദിവസം കൊണ്ടും (ഹിജ്‌റ 949 റമളാൻ 3-28) ഇത്ഹാഫു അഹ്‌ലിൽ ഇസ്‌ലാം ഒരു മാസത്തിനിടക്ക് പൂർത്തിയാക്കിയ ഗ്രന്ഥമാണ് (ഹിജ്‌റ 952 റമളാൻ). അദ്ദുർറുൽ മൻളൂദ് ഫിസ്വലാത്തി വസ്സലാം ഏതാനും ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത് (ഹിജ്‌റ 951-ലെ സ്വഫറിലെ അവസാനത്തിൽ തുടങ്ങി റബീഉൽ അവ്വൽ ആദ്യത്തിൽ പൂർത്തീകരിച്ചു). ഇങ്ങനെ അത്ഭുതകരമായ ബറകത്താണ് മഹാനവർകളുടെ സമയത്തിനുണ്ടായിരുന്നത്.

ബിദഇകൾക്കെതിരെ

ബിദഇകൾക്കും അവരുടെ അബദ്ധ വാദങ്ങൾക്കുമെതിരെ ഇമാം കടുത്ത നിലപാടെടുത്തു. നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ചെയ്തതും ആചരിച്ചതുമായ കാര്യങ്ങളെ എതിർത്തും ശിർക്കും കുഫ്‌റുമാക്കി ചിത്രീകരിച്ചും രംഗത്തുവന്നവരെ നിശിതമായിത്തന്നെ സമീപിച്ചു. തവസ്സുലും ഇസ്തിഗാസയും സിയാറത്തും ചോദ്യം ചെയ്ത ഇബ്‌നുതൈമിയ്യയോട് സഹിഷ്ണുവാകാൻ ഇമാം തയ്യാറായില്ല. അദ്ദേഹം എഴുതി: ഇബ്‌നു തൈമിയ്യയുടെയും ശിഷ്യൻ ഇബ്‌നുൽ ഖയ്യിമിന്റെയും സ്വന്തം താൽപര്യമനുസരിച്ച് മതമുണ്ടാക്കുന്നവരുടെയും ഗ്രന്ഥങ്ങളിലുള്ളത് കേൾക്കുന്നത് സൂക്ഷിക്കണം. വിവരമുണ്ടായിട്ടും അല്ലാഹു അദ്ദേഹത്തെ ദുർമാർഗത്തിലാക്കി. ഹൃദയത്തിനും കാതിനും സീൽ വെക്കുകയും കണ്ണിനു മീതെ മറയിടുകയും ചെയ്തിരിക്കുന്നു. അല്ലാഹു കയ്യൊഴിഞ്ഞവനെ എങ്ങനെ ഹിദായത്താക്കാനാണ്? (ഫതാവൽ ഹദീസിയ്യ). അല്ലാഹു പരാജയപ്പെടുത്തി ദുർമാർഗത്തിലാക്കിയ, സത്യം കാണാൻ കഴിയാതെ നിന്ദ്യനായവനാണ് ഇബ്‌നുതൈമിയ്യ. അദ്ദേഹത്തിന്റെ കുഴപ്പവും വാക്കുകളിലെ കളങ്കവും പണ്ഡിതർ വ്യക്തമാക്കിയതാണ്. അതിനാൽ തന്നെ ഇബ്‌നുതൈമിയ്യയുടെ വാക്കുകൾക്കൊരു വിലയുമില്ല. അയാൾ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (ഫതാവൽ ഹദീസിയ്യ). ശറഹുൽ ഈളാഹിലും അൽജൗഹറുൽ മുനള്ളമിലും തദ്വിഷയകമായി ഗൗരവ പരാമർശങ്ങൾ ഇമാം കുറിച്ചിട്ടുണ്ട്.

മുസ്‌ലിം സമൂഹത്തിൽ അനാവശ്യമായ തർക്കത്തിനിട വരുത്തി മാർഗഭ്രംശം സംഭവിച്ചവർ ഉന്നയിച്ച വികല വാദങ്ങളെയും ന്യായങ്ങളെയും അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ശരിയായ ആദർശവും ആത്മീയതയും സംസ്‌കാരവും പ്രമാണ സഹിതം സമർത്ഥിക്കുന്നതിലും ഇമാം വിജയിച്ചു. വിരോധികളും അനുകൂലികളും ഒരുപോലെ അവലംബിക്കുന്ന ജ്ഞാന സ്രോതസ്സുകളാണ് ഇമാമിന്റെ പാഠങ്ങളും ഗ്രന്ഥങ്ങളും. ശറഹുൽ ഈളാഹിനെ ഉപജീവിച്ചാണ് പല എതിരാളികൾ പോലും ഹജ്ജ് സംബന്ധമായ ഗ്രന്ഥരചന നടത്തിയത്.

വിശ്വാസത്തിനും കർമങ്ങൾക്കും ആത്മീയതക്കും കോട്ടം തട്ടുന്നതൊന്നും വിശ്വാസിയിലുണ്ടാവരുതെന്ന നിർബന്ധ ബുദ്ധി ഇമാമിനുണ്ടായിരുന്നു. നബി(സ്വ)യുടെ മഹത്ത്വവും ചരിത്രവും വിവരിക്കുന്നിടത്ത് പിശുക്കും പരിഷ്‌കാര ഭ്രമവും പിടികൂടിയവർക്ക് അൽമിനഹുൽ മക്കിയ്യ അടക്കമുള്ള കൃതികൾ പരിഹാരമാണ്.

തന്റെ ആയുഷ്‌കാലം വൈജ്ഞാനിക ആത്മീയ സേവന സപര്യയാക്കി മാതൃക തീർത്തു ഇമാം. ശാഫിഈ സരണിയുടെ ജ്ഞാനവഴിയിലെ കെടാവിളക്കുമാടമാണ് അദ്ദേഹം. അന്ത്യമടുത്ത ദിവസങ്ങളിൽ പോലും വിജ്ഞാനവുമായാണ് മഹാൻ കെട്ടുപിണഞ്ഞത്. ഹിജ്‌റ 924 റജബ് 23-ന് തിങ്കളാഴ്ച അദ്ദേഹം പരലോകം പൂകി. അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ ചാരത്താണ് വൻജനാവലി അദ്ദേഹത്തെ ഖബറടക്കിയത്.

(അവലംബം: നഫാഇസുദ്ദുറർ, ജവാഹിറുദ്ദുറർ, ഇബ്‌നുഹജറിൽ ഹൈതമിൽ മക്കിയ്യി വ അസറുഹു ഫിൽ ഫിഖ്ഹിശ്ശാഫിഈ, ആറാഉബ്‌നു ഹജറിൽ ഹൈതമി, അൽ ഇഅ്തിഖാദിയ്യ, ഇബ്‌നുഹജറിൽ ഹൈതമി അൽ മക്കിയ്യ വ ജുഹൂദുഹൂ ഫിൽ കിതാബത്തിത്താരീഖിയ്യ, അന്നൂറുസ്സാഫിർ, റയ്ഹാനതുൽ അലിബ്ബാഅ്).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ