കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്ലിംകൾ. തിന്മകൾ നിറഞ്ഞ ആസുര കാലത്ത് ഇതു പോലൊരു റബീഉൽ അവ്വൽ മാസത്തിൽ നന്മയുടെ നറു വസന്തമായി അവിടുന്ന് പിറന്നു. തമസ്സ് നിറഞ്ഞാടിയ ലോകത്ത് സ്നേഹദൂതർ വെളിച്ചവുമായി വന്നു. തിന്മകൾ വകഞ്ഞ് മാറ്റി. ഇരുട്ടു വഴിമാറി. അക്രമങ്ങളും അനീതികളും അവസാനിച്ചു. പകയും ദുരയും നാടു നീങ്ങി. മതത്തിന്റെ, ജാതിയുടെ, വർണത്തിന്റെ, വർഗത്തിന്റെ, ദേശത്തിന്റെ, പേരിൽ പരസ്പരം കൊലവിളിക്കുകയും ആർത്തിയും കാമവും നാടുവാഴുകയും ചെയ്യുന്ന വർത്തമാന കാല സന്ധിയിൽ മത ഭേദമന്യെ തിരുനബിയുടെ സാമൂഹ്യ പാഠങ്ങൾ ഏറെ പ്രസക്തമാണ്.
മനുഷ്യർ ഒരു പിതാവിന്റെയും ഒരു മാതാവിന്റെയും മക്കളാണെന്നും അവർക്ക് മേൽവിലാസം ഉണ്ടാവാനാണ് അവരെ വിവിധ ഗോത്രങ്ങളും വർഗങ്ങളുമാക്കിയതെന്നും തിരുനബി പഠിപ്പിച്ചു. മനുഷ്യർക്കിടയിൽ അവൻതന്നെ ഉണ്ടാക്കിവെച്ച ഉച്ചനീചത്വങ്ങളുടെ വൻ മതിലുകൾ അവിടുന്ന് പൊളിച്ചുനീക്കി.
ചീർപ്പിന്റെ പല്ലുകൾ
പോലെ എല്ലാവരും തുല്യരാണെന്ന് അവിടുന്ന് പഠിപ്പിച്ചു. വിടവാങ്ങൽ പ്രഭാഷണത്തിൽ തിരുനബി പ്രഘോഷിച്ചു: മനുഷ്യരേ, നിങ്ങളുടെ നാഥൻ ഒന്നാണ്. നിങ്ങളുടെ പിതാവുംഒന്നാണ്. അറിയുക. അറബിക്ക് അനറബിയെക്കാൾ മഹത്ത്വമില്ല. അനറബിക്ക് അറബിയെക്കാളും മഹത്ത്വമില്ല. ചുവന്നവന് (വെളുത്തവൻ) കറുത്തവനെക്കാളും മഹത്ത്വമില്ല. കറുത്തവന് വെളുത്തനെക്കാളും മഹത്ത്വമില്ല. ഭയഭക്തികൊണ്ടല്ലാതെ.കൊള്ളയും കൊലയും ഗോത്രമഹിമയും വർഗീയതയും തിരുനബി(സ്വ) അവസാനിപ്പിച്ചു. വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയതക്ക് വേണ്ടി പോരടിക്കുന്നവനും വർഗീയതക്ക് വേണ്ടി മരിക്കുന്നവനും നമ്മിൽ പെട്ടവനല്ലെന്ന് അവിടുന്ന് പഠിപ്പിച്ചു. തന്റെ ജനതയെ അക്രമത്തിനു വേണ്ടി സഹായിക്കുന്നതാണ് വർഗീയതയെന്ന് അവിടുന്ന് നിർവചിച്ചു. മനുഷ്യരുടെ അടിമത്വത്തിൽ നിന്ന് സ്രഷ്ടാവിന്റെ അടിമത്വത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. തിരുനബിയുടെ സാമൂഹിക പാഠങ്ങൾ ഏട്ടിൽ കിടന്ന് വിശ്രമിക്കുകയായിരുന്നില്ല. മറിച്ച് പ്രയോഗ ജീവിതത്തിൽ അതിന് എമ്പാടും ആവിഷ്കാരങ്ങളുണ്ടായി. മാനവികതയുടെ മഹോന്നത പാഠങ്ങൾ നെഞ്ചിലേറ്റിയ സമുദായം സഹോദര സ്നേഹത്തിന്റെ മഹത്തായ മാതൃകകൾ സൃഷ്ടിച്ചു.
തീവ്രവാദവും ഭീകരവാദവും തിരുനബിയുടെ പാഠശാലയിലില്ല. അകാരണമായി ഒരു ജീവിയെയും വേദനിപ്പിക്കരുതെന്നാണ് ഇസ്ലാമിക പാഠം. ഭൂമിയിൽ വിനാശം വിതക്കുകയോ ആളെ കൊല്ലുകയോ ചെയ്തതിന് ഭരണകൂടങ്ങളുടെ നിയമങ്ങൾക്ക് വിധേയമായിട്ടല്ലാതെ കൊന്നുകഴിഞ്ഞാൽ കൊലയാളി മനുഷ്യരാശിയെ മൊത്തം കൊന്നതുപോലെയാണെന്നാണ് ഖുർആൻ പ്രസ്താവം. മോഷണവും പിടിച്ചുപറിയും മതം വിലക്കി. കൊള്ളക്കും കൊലക്കും കവർച്ചക്കും കടുത്ത ശിക്ഷകളാണ് ഇസ്ലാമിക കോടതി നൽകുന്നത്. പാരത്രിക ലോകത്തെ അതികഠിനമായ ശിക്ഷയെ കുറിച്ച് അത് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. മതം ബലാൽക്കാരമായി അടിച്ചേൽപിക്കുകയല്ല ഇസ്ലാം. വിശ്വസിച്ചവർക്ക് സ്വർഗവും അവിശ്വസിച്ചവർക്ക് നരകവും എന്നാണ് അത് മുന്നോട്ടുവെക്കുന്ന ആശയം. ഇസ്ലാം മാത്രമേ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതമുള്ളൂ എന്നു പറയുമ്പോഴും ഇസ്ലാം സ്വീകരിക്കാത്തവരെയൊക്കെ നിഷ്കാസനം ചെയ്യുക എന്ന നിലപാട് അതിനില്ല. മതത്തിന്റെ കാര്യത്തിൽ ബലാൽക്കാരമില്ല. സത്യം അസത്യത്തിൽ നിന്ന് വേർതിരിഞ്ഞിരിക്കുന്നു എന്ന ഖുർആനിക സൂക്തം (അൽബഖറ:256) ഏറെ വിശ്രുതമാണല്ലോ. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരുടെ ആരാധ്യ വസ്തുക്കളെ ചീത്തപറയരുതെന്നാണ് ഖുർആനികാധ്യാപനം (അൻആം:108). ഇസ്ലാമിക പ്രമാണങ്ങളും പാരമ്പര്യ മുസ്ലിം സമൂഹങ്ങളും ഉയർത്തിപ്പിടിച്ച ഈ സംസ്കാരത്തിനെതിരെ ചിലരുന്നയിക്കുന്ന ഒറ്റപ്പെട്ട വാദങ്ങൾ ഇസ്ലാമല്ല.
അധികാരവും ഭരണവുമെല്ലാം ലഭിച്ചതിനു ശേഷവും നബി(സ്വ) തങ്ങളുടെ ഇസ്ലാമിക സാമ്രാജ്യത്തിൽ അമുസ്ലിംകൾക്ക് ജീവിക്കാനും മുസ്ലിംകളുമായി വിനിമയം നടത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇഹലോകവാസം വെടിയുമ്പോൾ തിരുനബിയുടെ പടയങ്കി ഒരു ജൂതന്റെ അടുക്കൽ പണയത്തിലായിരുന്നു എന്ന ചരിത്ര സംഭവം ഈ വസ്തുതക്ക് അടിവരയിടുന്നു. തിരുനബിയുടെ കാലത്തു മാത്രമല്ല ഇസ്ലാമിക സാമ്രാജ്യം കൂടുതൽ വികസിതമായ ഖുലഫാക്കളുടെ കാലത്തും സഹോദര സമുദായങ്ങൾ വിസ്മയകരമായ മതസ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. മരണത്തോട് മല്ലിടുന്ന സമയത്ത് ഭാവി ഭരണാധികാരികൾക്ക് നൽകിയ നിർദേശത്തിൽ പോലും അമുസ്ലിംകളുടെ അവകാശങ്ങളെ കുറിച്ച് ഖലീഫാ ഉമർ(റ) പറയുന്നുണ്ട്. ആഗോള തലത്തിൽ, ഇന്ത്യയിൽ വിശേഷിച്ചും ഇസ്ലാം ഏറെ വ്യാപിച്ചത് സ്വൂഫികളിലൂടെയാണ്. സഹോദര സമുദായങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് സ്വൂഫികൾ പുലർത്തിയത്. സ്വൂഫീ മന്ദിരങ്ങൾ ഹിന്ദുവിനും മുസ്ലിമിനും അഭയകേന്ദ്രമായിരുന്നു. ഇതേ സംസ്കാരമാണ് കേരളത്തിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂമും ഖാളി മുഹമ്മദും മമ്പുറം തങ്ങളുമൊക്കെ കാഴ്ചവെച്ചത്. തിരുനബി മുന്നോട്ട് വെച്ച സുപ്രധാന മൂല്യങ്ങളാണ് സ്നേഹം, ദയ, സഹിഷ്ണുത, കാരുണ്യം എന്നിവ. മക്കളോട്, കുടുംബത്തോട്, അയൽവാസികളോട്, സമുദായത്തോട,് സമൂഹത്തോട്, സഹോദര സമുദായങ്ങളോട്, സഹജീവികളോട്, ജന്തുക്കളോട് എല്ലാം സ്നേഹ മസൃണമായി പെരുമാറാനും അവരോട് കാരുണ്യം ചെയ്യാനും അവിടുന്ന് പഠിപ്പിച്ചു. കരുണ ചെയ്യുന്നവർക്ക് മഹാകാരുണ്യവാനായ അല്ലാഹു കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ എങ്കിൽ ആകാശത്തിന്റെ അധിപൻ നിങ്ങൾക്കും കരുണ ചെയ്യും. എന്നൊക്കെയാണ് തിരുനബിയുടെ അധ്യാപനങ്ങൾ. പത്ത് മക്കളുണ്ടായിട്ട് ഒരാളെപ്പോലെയും ഞാൻ ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞ അനുചരനോട് കരുണ ചെയ്യാത്തവന് കാരുണ്യം ലഭിക്കുകയില്ല എന്ന് തിരുനബി പ്രതിവചിച്ചു. അവിടുന്ന് ജനങ്ങളിൽ വെച്ചേറ്റവും ഉദാരനായിരുന്നു. പൂച്ചയെ കെട്ടിയിടുകയും അതിന് ഭക്ഷണം കൊടുക്കുകയോ സ്വയം ഭക്ഷണം കഴിക്കാൻ അനുവദിക്കുകയോ ചെയ്യാതിരുന്നവൾ ആരാധനകൾ നിർവഹിക്കുന്നവരായിട്ട് പോലും നരകം പ്രഖ്യാപിച്ച തിരുനബി, കിണറ്റിൽ ഇറങ്ങി ഷൂവിൽ വെള്ളം എടുത്ത് അതു വായ കൊണ്ട് കടിച്ച് പിടിച്ച് പുറത്ത് കയറി ദാഹിച്ച പട്ടിക്ക് കുടിപ്പിച്ച സ്ത്രീക്ക് സ്വർഗം വാഗ്ദാനം ചെയ്തു; അവൾ ദുർനടപ്പുകാരിയായിട്ട്പോലും. പച്ചക്കരളുള്ള (ജീവനുള്ള) എന്തിന്റെ കാര്യത്തിലും പ്രതിഫലമുണ്ടന്ന് അവിടുന്ന് തുടർന്ന് പഠിപ്പിച്ചു.
തിരുനബി ദുർബലരുടെ പക്ഷത്ത് നിന്നു. എന്നെ ദുർബലർക്കിടയിൽ നിങ്ങളന്വേഷിക്കുക എന്നാണ് അവിടുന്ന് പറഞ്ഞത്. നിങ്ങളിലെ ദുർബലരെക്കൊണ്ടാണ് നിങ്ങൾക്ക് സഹായവും അന്നവും ലഭിക്കുന്നതെന്ന് പഠിപ്പിച്ച് ദുർബലരോട് ചേർന്നു നിൽക്കാനും അവർക്ക് കൈത്താങ്ങ് നൽകാനും പ്രചോദിപ്പിക്കുന്ന തത്ത്വശാസ്ത്രം മനസ്സുകളിൽ അവിടുന്ന് കൃഷി ചെയ്തു. ഇരകളുടെയും ആലംബഹീനരുടെയും പക്ഷത്തു നിൽക്കുന്നതിന് മലമ്പാത താണ്ടിക്കടക്കുന്നതായി ഖുർആൻ പരിചയപ്പെടുത്തി. അനാഥകൾക്ക് അത്താണിയാവാനും ഏഴകൾക്ക് തോഴനാവാനും അശരണർക്ക് ശരണമാകാനും രോഗികളുടെ ശുശ്രൂഷകനാകാനും പൊതു ജനസേവകനാകാനും തിരുനബി ഏറെ പ്രോത്സാഹനം നൽകി.
പാവങ്ങളെ പരിഗണിക്കാത്തവനെ മതത്തെ നിഷേധിക്കുന്നവനായി അവിടുന്ന് പരിചയപ്പെടുത്തി. തിരുനബി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: രണ്ടു പേർക്കിടയിൽ നീതി ചെയ്യുന്നത് ദാനമാണ്, ഒരാളെ വാഹനത്തിന്റെ കാര്യങ്ങളിൽ സഹായിക്കുന്നതും അയാളെ അതിൽ കയറ്റുന്നതും അയാളുടെ ഭാരങ്ങൾ അതിലേക്ക് എടുത്ത് വെച്ചുകൊടുക്കുന്നതും ദാനമാണ്, നല്ല വാക്ക് ദാനമാണ്, നിസ്കാരത്തിലേക്കുള്ള ഓരോ ചുവടുകളും ദാനമാണ്, വഴിയിലെ തടസ്സങ്ങൾ നീക്കുന്നതും ദാനമാണ്.
വിട്ടു വീഴ്ചയും സഹനവും സഹിഷ്ണുതയും മാപ്പ് നൽകലുമൊക്കെ തിരുനബിയുടെ പൈതൃകമാണ്. സൃഷ്ടികളോട് നാം മാപ്പ് ചെയ്താൽ സ്രഷ്ടാവായ ഉടമ നമ്മോടും മാപ്പ് ചെയ്യും. അല്ലാഹുവേ, നീ ധാരാളമായി മാപ്പ് നൽകുന്നവനാണ്. (ഞങ്ങൾ പരസ്പരം) മാപ്പ് നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ ഞങ്ങൾക്ക് മാപ്പാക്കേണമേ എന്ന് പ്രാർത്ഥിക്കാനാണ് അവിടുന്ന് പഠിപ്പിച്ചത്. ത്വാഇഫിൽ വെച്ച് ശത്രുക്കൾ തിരുനബിയെ അപമാനിച്ചു, കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, കാലിൽ നിന്ന് നിണമൊലിച്ചിട്ടും ആക്ഷേപങ്ങളെമ്പാടും കോരിച്ചൊരിഞ്ഞിട്ടും അവിടുന്ന് മാപ്പ് നൽകി. മക്കാ ഫതഹ് വേളയിൽ കൊടുംകുറ്റവാളികൾ മുഴുവൻ തന്റെ മുമ്പിൽ ഹാജറാക്കപ്പെട്ടിട്ടും കാരുണ്യത്തിന്റെ പ്രവാചകൻ അവർക്കെല്ലാം മാപ്പരുളി. ആരെയും ബന്ധിയാക്കിയില്ല, ആരെയും വധിച്ചില്ല, ആരോടും പക വീട്ടിയില്ല, ഒരു വാക്കുകൊണ്ടു പോലും വേദനിപ്പിച്ചില്ല. തന്റെ താങ്ങും തണലുമായിരുന്ന പിതൃവ്യനെ കുത്തിമലർത്തി കരൾ പിഴുതെടുത്ത് ചവച്ചുതുപ്പിയവർക്ക് പോലുംഅവിടുത്തെ മാപ്പ് ലഭിച്ചു. എല്ലാവരോടുമായി അവിടുന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്റെ സഹോദരൻ യൂസുഫ്(അ) തന്നെ അക്രമിച്ചവരോട് പറഞ്ഞതു പോലെ ഞാനും പറയുന്നു: ഇന്ന് പ്രതികാരമില്ല. നിങ്ങൾക്കു പോകാം. നിങ്ങൾ സ്വതന്ത്രരാണ്.’
ജീവൻ നൽകുന്നത് അല്ലാഹുവാണ്. അതെടുക്കാൻ മനുഷ്യന് അവകാശമില്ല. ആത്മഹത്യ നിഷിദ്ധമാണ്. ചാവേറുകളാകരുത.് അന്നം നൽകുന്നത് അല്ലാഹുവാണ്. ദാരിദ്ര്യം ഭയന്ന് കുഞ്ഞുങ്ങളെ കൊന്നു കളയരുത്. ഗർഭഛിദ്രം പാടില്ല; ജീവിക്കുന്നവരുടെ സുഖ സൗകര്യത്തിന് വേണ്ടി വരും തലമുറയുടെ ജനനാവകാശം നിഷേധിക്കരുത.് രാത്രി മുഴുവൻ ഉറക്കമിളച്ച് നിസ്കരിച്ചും എല്ലാ പകലിലും നോമ്പു നോറ്റും ശരീരത്തെ ക്ഷീണിപ്പിക്കരുത്. ലൈംഗിക സന്ന്യാസം പാടില്ല. നിന്റെ ശരീരത്തിന് നിന്റെ മേൽ അവകാശങ്ങളുണ്ട്. നിന്റെ ഭാര്യക്ക് നിന്റെ മേൽ അവകാശങ്ങളുണ്ട്. എത്ര മനോഹരമാണ് തിരുനബിയുടെ പാഠങ്ങൾ. കുടുംബത്തിന് നന്മചെയ്യുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ എന്ന് പ്രഖ്യാപിച്ച പ്രവാചകർ(സ്വ) ഭാര്യമാരെ തല്ലരുതെന്നും അവർ ഭർത്താവിന്റെ വീട്ടിലെ കൈകാര്യകർത്താക്കളാണെന്നും പഠിപ്പിച്ചു. പ്രപഞ്ചം മുഴുവൻ വിഭവങ്ങളാണെന്നും അതിൽ ഏറ്റവും നന്മയുള്ളത് സദ്വൃത്തയായ സ്ത്രീയാണെന്നും അവിടുന്ന് അരുളി. ഇണകൾ പരസ്പരം ഉടയാടകളാണെന്ന് ഖുർആൻ പഠിപ്പിച്ചു. ദാമ്പത്യത്തിൽ ഉലച്ചിൽ വരാതെ നോക്കണം. അസ്വാരസ്യങ്ങൾ ഉണ്ടാകുന്നുവെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി അത് പരിഹരിക്കാൻ ശ്രമിക്കണം. എന്നിട്ടും പരിഹാരമായില്ലെങ്കിൽ രണ്ടു കുടുംബത്തിൽ നിന്നും ഓരോ വിധികർത്താക്കളെ വെച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. മുന്നോട്ടു നീങ്ങാൻ സാധ്യമല്ലാത്ത വിധം കലുഷിതമാണെങ്കിൽ ഒരു ത്വലാഖ് ചൊല്ലി വിവാഹ മോചനമാവാം. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലരുത്. ഇങ്ങനെയൊക്കെയാണ് നിയമം. പക്ഷേ, ഒരാൾ നിയമങ്ങളെല്ലാം കാറ്റിൽപറത്തി മൂന്നും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും പോകും. നിയമം ലംഘിച്ച് വെടിവെച്ചാലും കൊണ്ടവൻ മരിക്കുമല്ലോ.
തിരുനബി(സ്വ) അയൽവാസികളുടെ കാര്യം സഗൗരവം ഓർമപ്പെടുത്തി. തന്റെ ശല്യങ്ങളിൽ നിന്ന് അയൽവാസി നിർഭയനാവുന്നത് വരെ ഒരാൾ സത്യവിശ്വാസിയാവുകയിെല്ലന്ന് മൂന്നു വട്ടം ആവർത്തിച്ചു പറഞ്ഞു. അയൽവാസിയുടെ അവകാശങ്ങൾ തിരുനബി എണ്ണിയെണ്ണി പഠിപ്പിച്ചു. അവൻ രോഗിയായാൽ സന്ദർശിക്കണം. മരിച്ചാൽ അനന്തര കർമങ്ങൾ ചെയ്യണം. കടം ചോദിച്ചാൽ കൊടുക്കണം. അവന് വസ്ത്രം ഇല്ലെങ്കിൽ നൽകണം. അവന് നന്മകൾ ലഭിച്ചാൽ അഭിനന്ദിക്കണം. പ്രയാസങ്ങൾ വന്ന് ഭവിച്ചാൽ അവനെ ആശ്വസിപ്പിക്കണം. അവന്റെ വീടിനെക്കാൾ ഉയർന്ന വീടുണ്ടാക്കി അങ്ങോട്ടുള്ള കാറ്റ് തടയരുത്. നിന്റെ ചട്ടിയിലെ ഭക്ഷണത്തിന്റെ മണം കാരണമായി അവനെ പ്രയാസപ്പെടുത്തരുത്. നീ അവനു കൂടി അതിൽ നിന്ന് നൽകുന്നുണ്ടെങ്കിൽ ഒഴികെ. തനിക്ക് താൻ ഇഷ്ടപ്പെടുന്നത് സ്വന്തം അയൽവാസിക്കും ഇഷ്ടപ്പെടുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല എന്നും ഇസ്ലാം സിദ്ധാന്തിച്ചു. കറിയുണ്ടാക്കുമ്പോൾ സ്വൽപം നീട്ടിയുണ്ടാക്കി അയൽവാസിയെ കൂടി പങ്ക് ചേർക്കണം എന്ന് പഠിപ്പിച്ച തിരുനബി അമുസ്ലിമിനും അയൽവാസിയുടെ അവകാശങ്ങൾ ബാധകമാെണന്ന് മറ്റൊരു ഹദീസിലൂടെ ഉദ്ബോധിപ്പിച്ചു.
നീതിമാനായ ഭരണാധികാരിക്ക് അർശിന്റെ തണൽ വാഗ്ദാനം ചെയ്തു റസൂൽ(സ്വ). ഉണക്കമുന്തിരി പോലെ തലമുടിയുള്ള നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും അദ്ദേഹത്തെ ശ്രവിക്കുകയും അനുസരിക്കുകയുംവേണം എന്നാണ് തിരുമൊഴി. നിയമം കയ്യിലെടുക്കുന്നതും സമാധാനം തകർക്കുന്നതും കുറ്റകരമാണ്. അതോടൊപ്പം തെമ്മാടിയായ ഭരണാധികാരിക്കുമുമ്പിൽ നീതിക്കുവേണ്ടി വാദിക്കുന്നത് വലിയ ധർമസമരമാണെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു.അതേ, സ്വന്തത്തിനും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും പ്രകൃതിക്കും ദോഷം ചെയ്യുന്നതെല്ലാം ഇസ്ലാം നിരാകരിച്ചു. മദ്യപാനം, വ്യഭിചാരം, ആഭിചാരം, കളവ്, വഞ്ചന, ഏഷണി, പരദൂഷണം, വഴക്ക്, പലിശ, ചൂതാട്ടം, ചൂഷണം, കവർച്ച എല്ലാം നിഷിദ്ധമാക്കി. തിരുനബി പറഞ്ഞു: മദ്യത്തെ അല്ലാഹു ശപിച്ചു. അത് വാറ്റുന്നവനെയും വാറ്റാൻ ആവശ്യപ്പെടുന്നവനെയും അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും അത് വിൽക്കുന്നവനെയും വാങ്ങുന്നവനെയും അത് വഹിക്കുന്നവനെയും വഹിക്കപ്പെടുന്നവനെയും അതിന്റെ പണം തിന്നുന്നവനെയും (ത്വബ്റാനി). എല്ലാ ലഹരി പദാർത്ഥങ്ങളും നിഷിദ്ധമാണ്. അവിടുന്ന് പറഞ്ഞു: വിശ്വാസിയായിക്കൊണ്ട് ഒരാൾ വ്യഭിചരിക്കുകയില്ല, മദ്യപിക്കുകയില്ല, മോഷണം നടത്തുകയില്ല. തെറ്റായ ധാരണകൾ നിങ്ങൾ സൂക്ഷിക്കുക. ഏറ്റവും വലിയ കളവാണ് ധാരണകൾ. നിങ്ങൾ ചാരപ്പണിയെടുക്കരുത്. കുറ്റങ്ങൾ ചികയരുത്. അസൂയപ്പെടരുത്. പിണങ്ങരുത്. പണത്തിന്റെ പളപളപ്പിൽ പാവങ്ങളെ പരിഹസിക്കുന്ന ധനാഢ്യർക്കുള്ള ശിക്ഷയെക്കുറിച്ച് ഒരു അധ്യായം തന്നെ തിരുനബിക്ക് അവതരിക്കപ്പെട്ടു. അനീതിക്കെതിരെ ശബ്ദിച്ചു. കുബേരൻ മോഷണം നടത്തിയാൽ അവനെ വെറുതെ വിടുകയും ദുർബലൻ മോഷണം നടത്തിയാൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന സാംസ്കാരിക വൃത്തികേടാണ് മുൻകഴിഞ്ഞ സമുദായങ്ങളെ നശിപ്പിച്ചത്. അല്ലാഹുസത്യം, മുഹമ്മദിന്റെ മകൾ ഫാത്വിമ കട്ടാലും അവളുടെ കൈ ഞാൻ മുറിക്കുക തന്നെ ചെയ്യും എന്ന തിരുവചനം സ്വജന പക്ഷപാതത്തിനെതിരെയുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു.
സാമ്പത്തിക രംഗത്ത് കൃത്യത പാലിക്കാൻ അവിടുന്ന് പഠിപ്പിച്ചു. വിശ്വസ്തത പുലർത്താൻ ആഹ്വാനം ചെയ്തു. വിശ്വസ്തരായ കച്ചവടക്കാർക്ക് പരലോകത്ത് ഉന്നത പദവികൾ വാഗ്ദാനം ചെയ്ത നബി, വഞ്ചകരായ വ്യാപാരികളെ പരലോകത്ത് തെമ്മാടികളായാണ് ഒരുമിച്ചുകൂട്ടപ്പെടുക എന്നും പഠിപ്പിച്ചു. അങ്ങാടിയിലൂടെ നടന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വിലക്കി. കള്ളസാക്ഷി പറയുന്നതും കബളിപ്പിക്കുന്നതും നിരോധിച്ചു. കാടുകളെ ഭൂമിയുടെ ജീവനായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. അന്ത്യനാളിനോടടുത്തു മരം വെച്ചുപിടിപ്പിക്കുന്നവനുപോലും തിരുനബി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. താൻ വെച്ചുപിടിപ്പിക്കുന്ന മരത്തിൽ നിന്ന് പക്ഷികൾ തിന്നതും കള്ളന്മാർ കൊണ്ടുപോയതും അവന് ദാനമാണെന്ന് അവിടുന്ന് പഠിപ്പിച്ചു. ശുചീകരണത്തിന് ഇസ്ലാം ഏറെ പ്രാധാന്യം കൽപിച്ചു. ഇസ്ലാമിന്റെ അർധ ഭാഗമായാണ് തിരുദൂതർ ശുദ്ധിയെ പരിചയപ്പെടുത്തുന്നത്. ശുദ്ധീകരണത്തിന്റെ അതിസൂക്ഷ്മമായ തലങ്ങൾ വ്യക്തമായും കൃത്യമായും പഠിപ്പിച്ചു. ഫലം നൽകുന്ന മരച്ചുവടുകളിലും വഴിയോരങ്ങളിലും മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ ഇസ്ലാം വിലക്കി. ആളുകളുടെ ശാപം വരുത്തിവെക്കുന്ന മലിനീകരണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി. ജലം അമൂല്യമായ ദൈവിക ദാനമാണെന്നും സൂക്ഷിച്ചു മാത്രമേ വ്യയം ചെയ്യാവൂ എന്നുമാണ് ഇസ്ലാമിക പാഠം. സമുദ്രത്തിൽ നിന്ന് അംഗസ്നാനം ചെയ്യുകയാണെങ്കിൽ പോലും അമിതമാക്കരുതെന്ന് നബി(സ്വ) പഠിപ്പിച്ചു. അതേ! മുഹമ്മദ് നബി(സ്വ) പഠിപ്പിക്കാത്തതായി ഒരു സുകൃതവും ബാക്കിയില്ല. ഇസ്ലാം വിലക്കാത്തതായി ഒരു തിന്മയും.
വരൂ.. നാട്ടിൽ നന്മകൾ നട്ടു പിടിപ്പിക്കാൻ നമുക്കും ആ പാഠശാലയിലേക്കു പോകാം. ആ അനുഗൃഹീത ജന്മ ദിനം സാഘോഷം കൊണ്ടാടാം.