പണ്ഡിതരിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ മാവർദി(റ), ഇമാം ബദ്‌റുദ്ദീനുബ്‌നു ജമാഅ(റ), ഇമാം ആജുർറി(റ), ഖതീബുൽ ബഗ്ദാദി(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഇതുസംബന്ധമായി സ്വന്തം ഗ്രന്ഥം രചിച്ചവരോ വിവിധ ഗ്രന്ഥങ്ങളിൽ പ്രാധാന്യത്തോടെ വിശദീകരിച്ചവരോ ആണ്.
ബദ്‌റുദ്ദീനുബ്‌നു ജമാഅ അൽ കിനാനി(റ) ആലിമിന്റെയും മുഅല്ലിമിന്റെയും വ്യക്തിജീവിതത്തിൽ ഉണ്ടാകേണ്ടതും ഉണ്ടാക്കേണ്ടതുമായ മര്യാദകൾ പന്ത്രണ്ടു ഇനങ്ങളിലായി വിവരിച്ചിട്ടുണ്ട്. അവ ഹ്രസ്വമായി നമുക്കിവിടെ ചർച്ച ചെയ്യാം. ഒന്ന്: താൻ അല്ലാഹുവിന്റെ നിരീക്ഷണത്തിന് പുറത്തല്ലെന്ന വിചാരം സദാ ഉണ്ടായിരിക്കുക. അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം ജീവിതത്തിലെ ചലന നിശ്ചലനങ്ങൾ. അല്ലാഹു തന്നിൽ നിക്ഷേപിച്ച അമാനത്താണ് ഇൽമ്. അത് സംരക്ഷിക്കാനുള്ള ബാധ്യത തനിക്കുണ്ട്. അല്ലാഹുവിന്റെ ഔദാര്യമായ സംവേദന ഗ്രഹണശേഷികളും തന്റെ ഉത്തരവാദിത്തത്തിൽ സുരക്ഷിതമായിരിക്കണം. അല്ലാഹു പറയുന്നു: ‘വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കരുത്. അവൻ നിങ്ങളെ ഏൽപിച്ച അമാനത്തുകളിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് വഞ്ചന ചെയ്യരുത്’ (അൽ അൻഫാൽ 27).
‘അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏൽപിക്കപ്പെട്ടുവെന്ന കാരണത്താൽ അതിനെ സംരക്ഷിച്ചവരായിരുന്നു അവർ (പണ്ഡിതർ). അവരതിന് സത്യസാക്ഷികളുമായിരുന്നു. അതിനാൽ തന്നെ നിങ്ങൾ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക’ (അൽ മാഇദ 44).
കാരണമുണ്ടായാലും ഇല്ലെങ്കിലും പണ്ഡിതർ ദൗത്യത്തിൽ വീഴ്ച വരുത്തിക്കൂടാ എന്ന് ഈ സൂക്തത്തിൽനിന്ന് ഗ്രഹിക്കാം. ഇമാം ശാഫിഈ(റ) പറഞ്ഞു: ഇൽമ് എന്നാൽ മനഃപാഠമാക്കിയതല്ല. ഉപകാരപ്പെടുന്നതാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഒരു പണ്ഡിതൻ വിവരമില്ലാത്തവരേക്കാൾ പരിഗണിക്കാൻ ബാധ്യസ്ഥനായിരിക്കും. രഹസ്യപരസ്യങ്ങളുടെ മറയും തുറയും നമുക്ക് മാത്രമാണ്, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതില്ലല്ലോ.
ശാന്തതയും ഗാംഭീര്യവും ഭക്തിയും വിനയവും കീഴ്‌പ്പെടലുമെല്ലാം ഈ വിശേഷണത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തിൽ നിന്നും ഒഴിവാകുന്ന ഒരു രംഗമില്ല എന്ന വിചാരം അവനിഷ്ടപ്പെടും വിധത്തിൽ മാത്രം ജീവിക്കാൻ വിശ്വാസിയെ പാകപ്പെടുത്തും. പണ്ഡിതനിൽ അത് മുന്തിയ രൂപത്തിൽ ഉണ്ടാവണമെന്ന് പറയേണ്ടതില്ല.
ഇമാം മാലിക്(റ) ഖലീഫ ഹാറൂൻ റശീദിന് ഇങ്ങനെ കത്തെഴുതുകയുണ്ടായി: നിങ്ങൾ വല്ല ജ്ഞാനവും നേടിയാൽ അതിന്റെ അടയാളം നിങ്ങളിൽ കാണണം. അതിന്റെ ഗാംഭീര്യവും ശാന്തതയും സമാധാനവും പ്രതിഫലനവും ഉണ്ടായിരിക്കണം. നബി(സ്വ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്; പണ്ഡിതർ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. ഉമർ(റ) പറഞ്ഞു; നിങ്ങൾ ഇൽമ് പഠിക്കുക. ഗാംഭീര്യത്തെയും ശാന്തതയെയും അതിന്റെ അടയാളമാക്കുക. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനോട് വിനയം കാണിക്കലും സ്വന്തത്തിൽ അരുതായ്മകൾ സൂക്ഷിക്കലും തനിക്ക് അവ്യക്തമായതിലും സംശയമുള്ളതിലും അഭിപ്രായ പ്രകടനം നടത്താതിരിക്കലും പണ്ഡിതരുടെ ബാധ്യതയാണെന്ന് പൂർവ പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
രണ്ട്: പൂർവികർ ഇൽമിനെ സംരക്ഷിച്ചതുപോലെ ഇൽമിനെ സംരക്ഷിക്കൽ. അല്ലാഹു ഇൽമിന് നൽകിയിട്ടുള്ള ശ്രേഷ്ഠതയും പ്രതാപവും പരിഗണിച്ച് അതിനെ സമീപിക്കണം. അവശ്യഘട്ടങ്ങളിലും അതുമായി ബന്ധപ്പെട്ട ആവശ്യത്തിനുമല്ലാതെ പണ്ഡിതർ ഭൗതികതയുടെ ആളുകളുടെ അടുത്തേക്ക് പോയി ഇൽമിനെ നിസ്സാരപ്പെടുത്തരുത്. അതുപോലെ അവരിൽനിന്ന് അറിയേണ്ട വല്ലകാര്യത്തിനുമല്ലാതെയും അവരുടെ അടുത്ത് പോകരുത്. ഭൗതികരുടെ മുമ്പിൽ ആലിം പോകുന്നതിന് തക്കതായ കാരണം വേണം. അത് അത്യാവശ്യങ്ങൾ നിറവേറ്റലാവാം. കാര്യങ്ങൽ ധരിപ്പിക്കലാവാം. വല്ലതും ഇങ്ങോട്ട് അറിയലുമാവാം. ഇൽമിനും ആലിമിനും അർഹിക്കുന്ന പരിഗണന ലഭ്യമാവാത്തിടത്ത് പോകരുതെന്നർത്ഥം.
വിദ്യാർത്ഥിയുടെ വീട്ടിൽചെന്ന് പഠിപ്പിക്കുന്നത് തന്നെ നിന്ദ്യതയാണെന്ന് ഇമാം സുഹ്‌രി(റ) പറഞ്ഞിട്ടുണ്ട്. പൂർവികരിൽനിന്ന് ഇതുസംബന്ധമായി ധാരാളം പ്രസ്താവനകൾ ഉദ്ധരിക്കപ്പെട്ടത് കാണാം. ഖാളീ അബൂ ശുജാഇൽ ജൂർജാനി(റ)യുടെ ഒരു കവിതയുടെ ആശയം ഇങ്ങനെ: കണ്ടവർക്കൊക്കെ ഖിദ്മത്ത് ചെയ്യാനല്ല ഞാൻ കഷ്ടപ്പെട്ട് ഇൽമ് നേടിയത്. മറിച്ച് ഞാൻ സേവിക്കപ്പെടുന്നതിനാണ്. തന്റെ അടുത്തുള്ള ഇൽമിന് തന്നെ സമീപിക്കണം. ഞാൻ ചെറുപ്പത്തിൽ കഷ്ടപ്പെട്ട് ഇൽമ് സമ്പാദിച്ചിട്ട് ഇപ്പോൾ നിന്ദ്യതയാണോ ഫലമായി ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അജ്ഞതയെ പിന്തുടരലാണ് ഏറ്റവും മെച്ചം. കഷ്ടപ്പെട്ട് നേടിയ വിജ്ഞാനം കൊണ്ട് പ്രതാപം നഷ്ടപ്പെടുത്തി നിന്ദ്യത സ്വീകരിക്കുന്നതിലൂം ഭേദം അജ്ഞതതന്നെയാണ്. ഇൽമുള്ളവർ അതിനെ സംരക്ഷിക്കുന്നുവെങ്കിൽ ഇൽമ് അവരെയും സംരക്ഷിക്കും. ഇൽമിന്റെ മഹത്ത്വം അവരംഗീകരിച്ചാൽ അവർക്കും മഹത്ത്വം ലഭിക്കും. അർഹിക്കുന്ന ആദരവും സംരക്ഷണവും അതിന് നൽകുന്നവർക്ക് ഇൽമ് തിരിച്ചും സംരക്ഷണവും ആദരവും നൽകും’.
ഇമാം ജുർജാനി(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിൽ വഫാത്തായ കർമശാസ്ത്ര പണ്ഡിതനും കവിയും സാഹിത്യകാരനുമാണ്. ഇൽമിന്റെ മഹത്ത്വം വിവരിക്കുന്ന തന്റെ യഖൂലൂന ഫീകൻഖിബാളുൻ എന്ന കവിതയിൽനിന്നുള്ളതാണിത്. തന്റെ നിലാപടുകളെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണിത്. ഈ കവിതയിൽ ഇൽമിന്റെയും ആലിമിന്റെയും മഹത്ത്വവും അത് പരിരക്ഷിക്കുന്നതിനുള്ള രീതികളും കൃത്യമായി വിവരിക്കുന്നുണ്ട്.
സുനനുദ്ദാരിമിയിൽ അലിയ്യുബ്‌നു അബീത്വാലിബ്(റ)വിന്റെ ഒരു വചനമുണ്ട്. അതിങ്ങനെയാണ്: ‘ഇൽമിന്റെ വാഹകരേ, നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കണം. കാരണം ആലിമെന്നാൽ യഥാർത്ഥത്തിൽ അറിവിനനുസരിച്ച് അമൽ ചെയ്യുന്നവനാണ്. അവന്റെ അമലുകളും ഇൽമും തമ്മിൽ യോജിപ്പുണ്ടാവും. എന്നാൽ ശേഷകാലത്ത് ചില ഇൽമിന്റെ വാഹകർ രംഗത്തുവരും. അവരുടെ ഇൽമ് തൊണ്ടയുടെ താഴേക്ക് വിട്ടുകടന്നിട്ടുണ്ടാവില്ല. അവരുടെ ഇൽമും അമലും തമ്മിൽ പൊരുത്തമുണ്ടാവില്ല. അവരുടെ രഹസ്യവും പരസ്യവും വ്യത്യസ്തമായിരിക്കും. ചിലർ മറ്റു ചിലരോട് പെരുമയും മേൽക്കോയ്മയും നടിച്ചും പറഞ്ഞും അത്തരക്കാർ കൂട്ടമാവും. എത്രത്തോളമെന്നാൽ ഒരാളുടെ കൂടെനിന്ന് മാറി മറ്റൊരാളുടെ അടുത്തൊരാൾ പോയാൽ അവർ കോപിക്കും. അവനെ അവർ ബഹിഷ്‌കരിക്കും. എന്നാൽ അറിയുക, അവരുടെ പ്രവർത്തനങ്ങൾ എത്ര നന്നായിരുന്നാലും ആ സദസ്സിൽനിന്ന് അല്ലാഹുവിലേക്കുയരുകയില്ല’ (ദാരിമി).
ഇൽമിന്റെ ഫലമായുണ്ടാവേണ്ട സൽഗുണമാണ് ഗുണകാംക്ഷയും സഹതാപവും. എന്നാൽ വിരോധവും ഈർഷ്യതയുമായി മാറുന്നത് ഇൽമിന്റെ ഗുണം ലഭിക്കാത്തതിനാലാണ്. ഇൽമിന്റെ സംസ്‌കാരം സംസ്‌കരണത്തിന്റെ സംസ്‌കാരമാണ്. അതിനാൽ ആലിം സഹജീവികളിലും സഹപ്രവർത്തകരിലും ശോഷിച്ചില്ലാതാവുന്ന സംസ്‌കാരത്തെയും സ്വത്വത്തെയും സംരക്ഷിക്കാനാണ് പരിശ്രമിക്കേണ്ടത്. അങ്ങനെയാണ് തന്റെ ഇൽമിനെ സംസ്‌കരിക്കാനാവുക. മറ്റൊരാളുടെ അടുത്തേക്ക് പോകൽ അനിവാര്യമായിത്തീരുകയോ അങ്ങനെ പോകുന്നതുകൊണ്ടുണ്ടാകുന്ന നാശത്തേക്കാൾ വലിയ ഗുണം മതപരമായി ഉണ്ടാവുകയോ ചെയ്താൽ നല്ല നിയ്യത്തോടുകൂടി പോകുന്നതിൽ വിരോധമില്ല. ഇമാം സുഹ്‌രി(റ), ഇമാം ശാഫിഈ(റ) തുടങ്ങിയ പണ്ഡിതർ ഭരണാധികാരികളെ സമീപിച്ചത് ഈ ഗണത്തിലാണുൾപ്പെടുത്തേണ്ടത്.
സമീപിക്കപ്പെടുന്ന ആൾ ഇൽമിലും ഭൗതിക പരിത്യാഗത്തിലും ഉയർന്ന പദവിയുള്ള ആളാണെങ്കിൽ, അവരിൽനിന്ന് ആത്മീയത നേടിയെടുക്കുന്നതിന് വേണ്ടി ആവർത്തിച്ച് തന്നെ പോകാവുന്നതാണ്. മഹാനായ സുഫ്‌യാനുസ്സൗരി(റ) ഇബ്‌റാഹീമുബ്‌നു അദ്ഹമിന്റെ അടുത്തുപോകാറുണ്ടായിരുന്നു. സുഫ്‌യാനുസ്സൗരി(റ) സാഗരസമാനമായ പണ്ഡിതനായിരുന്നു. ഇബ്‌റാഹീമുബ്‌നു അദ്ഹം മഹാസാത്വികനും. രണ്ടുപേർക്കും അവർ തമ്മിൽ ഒരുമിക്കലിൽ ആത്മീയമായ ഗുണമാണ് ലക്ഷ്യമായി ഉണ്ടായിരുന്നത്.
അബൂ ഉബൈദുൽ ഖാസി മുബ്‌നു സല്ലാമിൽ ഹറവീ(റ) പ്രസിദ്ധ ഹദീസ് നിരൂപണവിജ്ഞാന വിശാരദനും ഭാഷാ പണ്ഡിതനുമായിരുന്നു. അദ്ദേഹം അലിയ്യുബ്‌നുൽ മദീനിയുടെ അടുത്തേക്ക് പോവാറുണ്ടായിരുന്നു. അദ്ദേഹവും ഹദീസ് വിജ്ഞാനീയത്തിൽ ഉയർന്നവരായിരുന്നു എന്നതാണു കാരണം. അനേകം ശിഷ്യന്മാരദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയവും വൈജ്ഞാനികവുമായ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഇത്തരം സഞ്ചാരം ആലിമിനെ സംബന്ധിച്ച് കുറവല്ല.
മൂന്ന്: സുഹ്ദ് എന്ന ആത്മീയ ഗുണം സ്വീകരിക്കുന്നവനായിരിക്കണം. പണ്ഡിതർക്ക് ഐഹികമായതിൽ വിരക്തിയുണ്ടാവണം. തന്റെ ശരീരത്തിനും ആശ്രിതർക്കും പ്രയാസകരമാകാത്ത വിധത്തിൽ ഐഹികമായതിൽ കുറവ് വരുത്തണം. അവർക്കാവശ്യമായ ഭൗതിക വിഭവ സൗകര്യങ്ങൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും ആത്മീയതക്കും ഭൗതിക വിരക്തിക്കും എതിരല്ല. അത് അത്യാവശ്യമായതിനെ അവലംബിക്കുന്നതിന്റെ പരിധിയിലാണുൾപ്പെടുക.
പണ്ഡിതൻ ദുൻയാവിന്റെ നിസ്സാരതയും അതിന്റെ കുഴപ്പങ്ങളും ക്ഷണികതവും അത് നേടിയെടുക്കുന്നതിനായി കൂടുതൽ പ്രയാസങ്ങളും ത്യാഗങ്ങളും വേണ്ടെന്നും നന്നായി അറിയുന്നവനാണ്. അതിനാൽതന്നെ ഐഹികമായതിനോട് കെട്ട്പിണയുന്നതിനെ മോശമായിക്കാണാനാവുക എന്നത് പണ്ഡിതരുടെ പദവികളിൽ ഏറ്റവും ചെറുതാണ്. അതിന്റെ ചിന്തകളിൽ വ്യാപൃതനാവുന്നതും അതിലേക്ക് മുഴുനായിത്തിരിയുന്നതും ഒഴിവാക്കാൻ ഏറ്റവും ബന്ധപ്പെട്ടവരും പണ്ഡിതർ തന്നെയാണ്.
ഇമാം ശാഫിഈ(റ)വിൽനിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ‘ഒരാൾ ജനങ്ങളിൽ ഏറ്റവും ബുദ്ധിയുള്ളവർക്ക് വല്ലതും വസ്വിയ്യത്ത് ചെയ്താൽ അത് സാഹിദീങ്ങൾ(ഭൗതികതയിൽ അഭിരമിക്കാത്തവർ)ക്ക് നൽകേണ്ടതാണ്. എന്നാൽ ആലിമുകളേക്കാൾ ബുദ്ധികൂടുതലും പൂർണതയും കൊണ്ട് ബന്ധപ്പെട്ടവരാരാണുള്ളതെന്നെനിക്കറിയില്ല.’
യഹ്‌യ ബ്‌നു മുആദിർറാസി(റ) പറയുന്നു: ഈ ഭൗതികമായത് നശിച്ചില്ലാതാവുന്ന സ്വർണവും പാരത്രികമായത്‌നശിക്കാത്ത കളിമണ്ണുമാണെങ്കിൽ ബുദ്ധിയുള്ളവൻ നശിക്കുന്ന സ്വർണത്തെ വിട്ട് നശിക്കാത്ത മണ്ണിനെയാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ദുനിയാവ് നശിക്കുന്ന മണ്ണും ആഖിറം നശിക്കാത്ത സ്വർണവുമാണല്ലോ. അപ്പോൾ ആഖിറത്തിനെയല്ലേ തിരഞ്ഞെടുക്കേണ്ടത്.
നാല്: സ്ഥാനം, സമ്പത്ത്, പ്രശസ്തി, പ്രചാരം, സേവിക്കപ്പെടൽ, സമകാലികരിൽ മുന്നിലാവൽ തുടങ്ങി ഭൗതികമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു മാർഗമാക്കാതെ ഇൽമിന്റെ പരിശുദ്ധിയെ സംരക്ഷിക്കൽ. ഇമാം ശാഫിഈ(റ)പറയുന്നു: ജനങ്ങളെല്ലാം ഈ ഇൽമിനെ എന്നിൽനിന്ന് പഠിക്കുകയും അതിൽ ഒരക്ഷരംപോലും എന്നോട് ചേർത്തിപ്പറയാതിരിക്കലുമാണെനിക്കിഷ്ടം.
തന്റെ വിദ്യാർത്ഥികളിൽനിന്ന് സമ്പത്തോ ഖിദ്മത്തോ മറ്റുവല്ലതുമോ ലഭിക്കണമെന്നോ അവർ തന്റെ കാര്യത്തിൽ ഏർപ്പെടുകയോ ഇടക്കിടെ വന്നുപോയ്‌ക്കൊണ്ടിരിക്കുകയോ വേണമെന്നോ ആഗ്രഹിക്കുന്നതിൽനിന്നും ഇൽമിനെ പരിശുദ്ധമാക്കണം. മൻസ്വൂറുബ്‌നുൽ മുഅ്തമിറുസ്സലമീ(റ) കൂഫക്കാരനായ താബിഈ പണ്ഡിതനായിരുന്നു. തന്നെ സമീപിക്കുന്ന ശിഷ്യൻമാരിൽനിന്നും അദ്ദേഹം ഒരു സഹായവും സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.
പ്രമുഖ ഹദീസ് പണ്ഡിതൻ സുഫ്‌യാനുബ്‌നു ഉയൈന(റ) പറയുന്നു: ‘എനിക്ക് വിശുദ്ധ ഖുർആന്റെ ആശയസാഗരം ഗ്രഹിക്കാൻ ശേഷി നൽകപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഖലീഫ അബൂജഅ്ഫറിൽ മൻസ്വൂരിൽനിന്ന് ഒരു നാണയക്കിഴി സ്വീകരിച്ചു. അതോടെ എന്റെ ആ ശേഷി നഷ്ടമായി. അല്ലാഹുവിനോട് ഞാൻ മാപ്പ് തേടുന്നു.’
ഇൽമിനെ ഉപാധിയാക്കി ഭൗതികം തേടാതിരിക്കണം. ഇൽമിന്റെ ഫലമായി ഉണ്ടായിത്തീരുന്ന ഭൗതിക ഗുണങ്ങൾ ഇൽമിനെ തിരിഞ്ഞ് കുത്തുന്ന വിധത്തിലാകാതെ നോക്കുകയും വേണം. ഐഹിക കാര്യങ്ങൾക്കുള്ള ഉപാധിയല്ല ഇൽമ്. അത് പാരത്രിക നേട്ടങ്ങൾക്കുള്ള ഉപാധിയാണ്. എന്നാൽ അതിന്റെയും ഉപാധിയായിവരുന്ന ഭൗതികാവശ്യങ്ങൾ ആക്ഷേപിക്കപ്പെട്ടതല്ല. ഇൽമിന്റെ മഹത്ത്വത്തിനു യാതൊരു ന്യൂനതയും വരുത്തരുതെന്നു ചുരുക്കം.
അഞ്ച്: പ്രകൃത്യാതന്നെ താഴ്ന്നതും മോശപ്പെട്ടതുമായ ജോലികളുണ്ട്. അത്തരം ജോലികൾ പണ്ഡിതർ സ്വീകരിക്കാതിരിക്കണം. അത്തരം ജോലിക്കാരോട് പൊതുസമൂഹത്തിൽ ചിലരുടെ സമീപനം അത്ര ശുഭകരമായിരിക്കില്ല. അതിനാൽ പണ്ഡിന് തന്റെ ദൗത്യ നിർവഹണത്തിൽ വിജയിക്കാൻ കഴിയാതെവരും. ജനങ്ങൾക്കിടയിൽ ഇസ്സത്തുള്ള ജോലിയാകുമ്പോൾ എല്ലാവർക്കും സ്വീകാര്യവുമായിരിക്കും.
തെറ്റിദ്ധാരണക്കിടവരുത്തുന്ന സ്ഥല, സാഹചര്യങ്ങളെ വർജ്ജിക്കണം. സാധാരണ ജനങ്ങളുടെ ദൃഷ്ടിയിൽ പെടാത്തവിധം അകന്ന സ്ഥലത്തായാൽപോലും അതുപേക്ഷിക്കേണ്ടതാണ്. മുറുവ്വത്തിന് അഥവാ ശുദ്ധ വ്യക്തിത്വത്തിന് ന്യൂനത വരുത്തുന്നതോ, അനുവദനീയമാണെങ്കിൽതന്നെയും പ്രത്യക്ഷത്തിൽ വെറുക്കപ്പെടുന്നതോ ആയ കാര്യങ്ങൾ ചെയ്യരുത്. കാരണം തന്നെ തെറ്റിദ്ധരിക്കാനും മോശമായത് പറഞ്ഞുപരത്താനും ജനങ്ങളുടെ വെറുപ്പുളവാക്കുന്ന ധാരണകളിൽ അകപ്പെടുത്താനും അത് കാരണമാവും. യാദൃച്ഛികമായി വല്ല ആവശ്യവുമായി ബന്ധപ്പെട്ട് അങ്ങനെ സംഭവിച്ചാൽ അത് കാണാനിടയായവരെ അതിന്റെ വിധിയും കാരണവും തന്റെ ഉദ്ദേശ്യവും അറിയിക്കണം. എങ്കിലേ അവർക്ക് അതുകാരണം കുറ്റത്തിലകപ്പെടാതിരിക്കാനും തന്നിൽനിന്ന് അകലാതിരിക്കാനും അവസരമുണ്ടാവൂ. അല്ലാത്തപക്ഷം തന്റെ ഇൽമ് ഉപകാരപ്പെടാതെപോവുകയും അറിവില്ലാത്തവർ അത് ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥവരും.
നബി(സ്വ) ഒരിക്കൽ രാത്രിസമയത്തു ഭാര്യ സ്വഫിയ്യ(റ)യുടെ കൂടെ പോകുമ്പോൾ രണ്ട് അൻസ്വാരി സ്വഹാബികൾ നബി(സ്വ)യോട് സലാം പറഞ്ഞുവന്നു. നബി(സ്വ) അവരോട് പറഞ്ഞു. ‘പോയ്‌ക്കോളിൻ സ്വഫിയ്യയാണിത്.’ ഇതുകേട്ട സ്വഹാബികൾ അത്ഭുതം കൂറിയപ്പോൾ നബി(സ്വ) പറഞ്ഞു: ‘പിശാച് മനുഷ്യന്റെ രക്തധമനികളിലൂടെ വരെ സഞ്ചരിക്കും. അതിനാൽ അവൻ നിങ്ങളുടെ മനസ്സിൽ വല്ല ദുശ്ചിന്തയും ഇട്ടുതന്നാലോ എന്ന് ഞാൻ ഭയക്കുന്നു.’ തെറ്റിദ്ധാരണാജനകമായ സാഹചര്യത്തെ വർജിക്കുക എന്നത് പണ്ഡിതർ മാത്രമല്ല, എല്ലാവരും അനുവർത്തിക്കേണ്ട അച്ചടക്കമാണ്.
ആറ്: ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ സൂക്ഷിച്ച് ജീവിക്കുക, ജമാഅത്തായി പള്ളിയിൽവെച്ച് നിസ്‌കരിക്കുക, സലാം പറയുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയ പ്രത്യക്ഷ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുക, വിഷമങ്ങളുണ്ടായാൽ ക്ഷമിക്കുക, ദീൻകാര്യങ്ങൾ നടപ്പാക്കുന്നതിൽ ആക്ഷേപം ഭയപ്പെടാതിരിക്കുക, സത്യം ഭരണാധികാരിയുടെ മുമ്പിലും തുറന്നുപറയുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പ്രബോധന വിഷയത്തിൽ വിഷമം നേരിട്ടപ്പോൾ ക്ഷമകൈകൊള്ളാൻ നബി(സ്വ)യോട് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഈ നിർദേശവും നബി(സ്വ)യും മറ്റ് അമ്പിയാക്കളും കൈക്കൊണ്ട ക്ഷമയെയും ഓർത്തുകൊണ്ട് പ്രചോദിതരാവണം. സഹന സമീപനംകൊണ്ട് അവർക്ക് അന്തിമവിജയം ഉണ്ടായി എന്നതും ഓർക്കുക.
സുന്നത്തുകൾ പ്രത്യക്ഷപ്പെടുത്തുക, ബിദ്അത്തുകൾ കെടുത്തിക്കളയുക, മതകാര്യങ്ങളിൽ അല്ലാഹുവിന് വേണ്ടി നിലകൊള്ളുക, മുസ്‌ലിംകൾക്ക് പൊതുവായി ഗുണകരമായ കാര്യങ്ങൾ പ്രവർത്തിക്കുക, അതിന് അനുവദനീയ മാർഗങ്ങളവലംബിക്കുക, അനുയോജ്യവും പ്രകൃതിപരവുമായ രീതിയിലായിരിക്കുക, തന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്തമമായതിനെ പൂർണമായും സ്വീകരിക്കുക, കാരണം, പണ്ഡിതന്മാർ മാതൃകകളാണ്. അവരെ നോക്കിയാണ് മതനിയമങ്ങൾ മനസ്സിലാക്കുക. അവർ സാധാരണക്കാർക്ക് അല്ലാഹുവിന്റെ മുമ്പിൽ പ്രമാണങ്ങളാണ്. പണ്ഡിതരെ നിരീക്ഷിച്ചാണ് അവർ മതനിയമം സ്വീകരിക്കുന്നത്.
ഈ പറഞ്ഞ കാര്യങ്ങളൊക്കെയും ഒരു പണ്ഡിതനെ സംബന്ധിച്ച് അവന്റെ വ്യക്തിജീവിതത്തിന്റെ കൃത്യതയുടെ ഭാഗമാണ്. അതുപാലിക്കുന്നതിലൂടെ ഇൽമിന്റെ ഉപകാരം തനിക്ക് തന്നെ ലഭ്യമാകുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് ഉപകാരമുണ്ടാകുക എന്നത് അസ്വാഭാവികമാണ്. മനഃപാഠമാക്കിയതല്ല, ഉപകാരപ്രദമായതാണ് ഇൽമ് എന്ന് ഇമാം ശാഫിഈ(റ)യുടെ പരാമർശം ഇവിടെ സ്മരണീയം. അതുകൊണ്ട് തന്നെ പണ്ഡിതന്റെ വഴിവിട്ട പ്രവർത്തനം വളരെ ഗുരുതരമാണ്. കാരണം അത് ജനങ്ങൾ പിന്തുടരുന്നു. അത് മുഖേന ധാരാളം അഹിതങ്ങളുണ്ടായിത്തീരുകയും ചെയ്യും.