മുന്‍ഗാമിയാവുക, കഴിഞ്ഞു പോവുക, മുമ്പില്‍ കടക്കുക എന്നെല്ലാമാണ് സലഫ എന്ന അറബി പദത്തിന്റെ അര്‍ത്ഥം. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഒരുപാട് സ്ഥലങ്ങളില്‍ ഇതേ അര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിച്ചതു കാണാം. ‘കഴിഞ്ഞുപോയത് അല്ലാഹു മാപ്പ് ചെയ്തിരിക്കുന്നു’ (5/95). ‘കഴിഞ്ഞുപോയ നാളുകളില്‍ മുന്‍കൂട്ടി ചെയ്ത സല്‍കര്‍മങ്ങളുടെ ഫലമായി നിങ്ങള്‍ സന്തോഷപൂര്‍വം തിന്നുകയും കുടിക്കുകയും ചെയ്യുവീന്‍ എന്ന് അവരോട് പറയപ്പെടും’ (69/24). ‘ഏതെങ്കിലും ഒരാള്‍ക്ക് തന്റെ നാഥനില്‍ നിന്നുള്ള സദുപദേശം ലഭിക്കുകയും എന്നിട്ടവന്‍ വിരമിക്കുകയും ചെയ്താല്‍ കഴിഞ്ഞു പോയത് (മുമ്പ് വാങ്ങിയത്) അവനെടുക്കാവുന്നതാണ്’ (2/275). ‘സത്യനിഷേധികളോട് താങ്കള്‍ പറയുക. അവര്‍ തെറ്റില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞു പോയത് അവര്‍ക്ക് പൊറുക്കപ്പെടും’ (8/38). തിരുനബി(സ്വ) മകള്‍ ഫാത്വിമ(റ)യോട് പറയുന്നു: ‘നിനക്കു മുന്‍ഗാമിയായി ഞാന്‍ അവിടെയുണ്ടാകും’ (ബുഖാരി, മുസ്ലിം). നബി(സ്വ) ഹകീം ബ്നു ഹുസാമിനോട് പറഞ്ഞു: ‘നിങ്ങള്‍ മുമ്പു ചെയ്ത അതേ നന്മകളോടെയാണ് മുസ്ലിമായിരിക്കുന്നത്’ (ബുഖാരി, മുസ്ലിം).
സലഫ് എന്നതിന്റെ പദാര്‍ത്ഥം മുന്‍ഗാമി എന്നാണെങ്കിലും അതുകൊണ്ടുദ്ദേശിക്കുന്നത് സ്വഹാബികളാണെന്നാണ് പണ്ഡിതാഭിപ്രായം. അല്ലാമ ശര്‍ഖാവി(റ) രേഖപ്പെടുത്തിയതു കാണുക: ‘സലഫ് എന്നാല്‍ സ്വഹാബത്തും ഖലഫ് എന്നാല്‍ താബിഉകളും താബിഉത്താബിഉകളുമാണ്’ (ഇആനതുത്വാലിബീന്, 2/79). മൂന്നു നൂറ്റാണ്ടു വരെയുള്ളവര്‍ക്ക് സലഫ് എന്നും അതിനു ശേഷമുള്ളവര്‍ക്ക് ഖലഫ് എന്നും പ്രയോഗിക്കാറുണ്ട്. ‘ഏറ്റവും നല്ല നൂറ്റാണ്ട് എന്റെ നൂറ്റാണ്ടാണ്. പിന്നെ അതിനോടടുത്തതും ശേഷം അതി നോടടുത്തതു’മെന്ന ഹദീസാണ് ഇതിനാധാരം.
ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സച്ചരിതരായ പൂര്‍വികരാണ് സലഫെന്നു ചുരുക്കം. പ്രവാചകന്(സ്വ) ഉത്തമ സമൂഹമെന്ന് വിശേഷിപ്പിച്ച ആദ്യത്തെ ഈ മൂന്നു തലമുറയുടെ വിശ്വാസവും കര്‍മവുമാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ സലഫിസം എന്ന ഹിമാലയന്‍ നുണയാണ് വഹാബികള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിന്റെ നേര്സാക്ഷികളായിരുന്ന ആദ്യ മൂന്നു തലമുറയുടെ ഒരു ചര്യയും വഹാബികളിലില്ലെന്നതാണു പരമ സത്യം. ഒരു ഉറുമ്പിനെ പോലും നോവിക്കാതെയും കഠിന ശത്രുവിനോടു പോലും ശത്രുത കാണിക്കാതെയും മതത്തെ സ്നേഹവും സമാധാനവുമായി അവതരിപ്പിച്ച മുന്‍ഗാമികളുടെ അനുഗാമികളെന്നവകാശപ്പെടുന്നവര് തന്നെ മതത്തിനു തീവ്രവാദത്തിന്റെ നിറം നല്‍കുന്നത് അവരുടെ കാപട്യത്തിന്റെ മകുടോദാഹരണമാണ്.
വഹാബി പ്രസ്ഥാനത്തിന്റെ ആഗമനം തന്നെ തീവ്രവും ഭീകരവുമായ നരനായാട്ടു നടത്തിയായിരുന്നു. അതുകൊണ്ട് തന്നെയാണ് പലരും അതിനെ രക്ത പ്രസ്ഥാനമെന്നു പേരു വിളിച്ചതും. പ്രമുഖ പണ്ഡിതനായ അല്‍ഹാജ് മാലിക് ബ്നു ശൈഖ് ദാവൂദ് മാലി എഴുതുന്നത് കാണുക: ‘ചില പണ്ഡിതന്മാര് വഹാബി പ്രസ്ഥാനത്തെ രക്ത പ്രസ്ഥാനമെന്നാണ് വിളിക്കാറുള്ളത്. ആ പ്രസ്ഥാനം ഏതെങ്കിലും ഗോത്രത്തിലോ പട്ടണത്തിലോ പ്രവേശിച്ചാല്‍ പെട്ടെന്ന് ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ന്നുവരികയും വൈകാതെ തന്നെ കടുത്ത അഭിപ്രായ ഭിന്നതകളും തര്‍ക്കവിതര്‍ക്കങ്ങളും രക്തം ചിന്തലും കൊല നടത്തലുമെല്ലാമുണ്ടാകുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ വിളിച്ചത്’ (അല്‍ ഹഖാഇഖുല്‍ ഇസ്ലാമിയ്യ).
പതിനെട്ടാം നൂറ്റാണ്ടില്‍ ഇബ്നു അബ്ദില്‍ വഹാബ് ആലു സഊദ് ഭരണകൂടത്തിന്റെ സഹായ ത്തോടെ കെട്ടിപ്പടുത്ത ഒരു സ്വതന്ത്രചിന്താ പ്രസ്ഥാനമാണ് വഹാബിസം. അധികാരമുപയോഗിച്ചു വക്രമായ ചിന്താഗതിയെ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച പ്രസ്ഥാനമാണത്. അബദ്ധജടിലമായ വാദഗതികളും ബുദ്ധി ശൂന്യമായ നിലപാടുകളും നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ആശയങ്ങളും കൈക്കൊള്ളുന്ന മതത്തിലെ അവാന്തര വിഭാഗങ്ങള്‍ സലഫു സ്വാലിഹുകളുടെ പാരമ്പര്യമവകാശപ്പെടുന്നത് ആടിനെ പട്ടിയാക്കുന്ന ‘രാസവിദ്യ’യാണ്. വഹാബിയന് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി കൊള്ളയും കൊലയും നടത്തിയതു മാത്രമാണ് അവര്‍ക്കു പാരമ്പര്യമായി അവകാശപ്പെടാനുള്ളത്.
മറ്റു മുസ്ലിംകളെല്ലാം മുശ്രിക്കുകളായതു കൊണ്ട് അവരെ കൊന്നൊടുക്കല്‍ അനുവദനീയമാണെന്നും അവരുടെ സ്വത്ത് കവര്‍ന്നെടുക്കുന്നതിനു വിരോധമില്ലെന്നും ഇബ്നു അബ്ദില്‍ വഹാബ് ഫത്വ നല്‍കിയതോടെയാണ് വഹാബിസത്തിന്റെ പേരില്‍ നജ്ദിലും പരിസരപ്രദേശങ്ങളിലും ചോരപ്പുഴ ഒഴുകിയത്. പിന്നീടുണ്ടായ സംഘട്ടനങ്ങളില്‍ ആയിരങ്ങള്‍ മരിച്ചൊടുങ്ങുകയും അസംഖ്യം യുവതികള്‍ വിധവകളാവുകയും നിരവധി കുട്ടികള്‍ യതീമുകളാവുകയും ചെയ്തു. കരുണയുടെയും ദയാദാക്ഷിണ്യത്തിന്റെയും പര്യായമായിരുന്ന സലഫുകളുടെ പേരില്‍ വിരാജിക്കുന്ന തീവ്രവാദികളാണ് നവ വഹാബികളെന്നു ബോധ്യപ്പെടാന്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല.
1800 മുതല്‍ 1810 വരെയുള്ള കാലയളവില്‍ ഹിജാസില്‍ നടന്ന വഹാബിസ പ്രചാരണത്തിന്റെ ഭാഗമായുള്ള രക്തച്ചൊരിച്ചിലുകളില്‍ നൂറുകണക്കിനു നിരപരാധികള്‍ കൊല്ലപ്പെടുകയും ഒട്ടനവധി സ്വഹാബികളുടെയും സലഫുകളുടെയും ഖബറിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. തങ്ങളാണ് കറ കളഞ്ഞ തൗഹീദിന്റെ വക്താക്കളെന്നും അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം ചോദിക്കുന്നവര്‍ സമ്പൂര്‍ണ മുശ്രിക്കുകളാണെന്നും അവരെ കൊന്നൊടുക്കുന്നത് മതപരമായ ബാധ്യതയാണെന്നും അവര്‍ നാടാകെ പ്രചരിപ്പിക്കുകയും അതിനുവേണ്ടി ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ വഞ്ചിക്കുകയുമായിരുന്നു. വഹാബിസത്തോട് സമരസപ്പെട്ടു പോകാതെ മാറി നില്ക്കുന്ന പണ്ഡിതന്മാര്ക്കും മറ്റുള്ളവര്‍ക്കും വധശിക്ഷയായിരുന്നു നല്‍കിയിരുന്നത്. അങ്ങനെയാണ് ചിലര്‍ക്കെങ്കിലും ആ പ്രസ്ഥാനത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കേണ്ടി വന്നത്.
ലോകത്ത് തങ്ങള്‍ മാത്രമേ ശരിയുള്ളൂവെന്നും മറ്റുള്ളവരെല്ലാം നിഷ്കാസനം ചെയ്യപ്പെടേണ്ടവ രാണെന്നുമുള്ള വിശ്വാസമാണ് നവ സലഫികള്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നത്. യമന്റെ വടക്കന്‍ താഴ്വരയായ ദമ്മാജിലേക്ക് യഥാര്‍ത്ഥ വിശ്വാസം തേടി യാത്ര പുറപ്പെടേണ്ടി വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇസ്ലാമിക ധര്‍മസമരത്തെ തെറ്റായി ചിത്രീകരിക്കാനും ഭീകരമായ ചിന്താധാര യുവതയില്‍ നട്ടു വളര്‍ത്താനും മാത്രമാണ് ഇവയെല്ലാം കാരണമാകുന്നത്. വീടും കുടുംബവും വിട്ട് ആടുമേക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഇസ്ലാമിനെ അപമാനിക്കാനും വിശുദ്ധ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയ വിശദീകരണങ്ങള്‍ ശ്രദ്ധിക്കാതെ കേവല മൊഴിമാറ്റം മാത്രം മാനദണ്ഡമാക്കി നിയമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ഇസ്ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ.
സച്ചരിതരായ പൂര്‍വികര്‍ ഉള്‍ക്കൊണ്ടതുപോലെ മതവിശ്വാസത്തെ ഉള്‍ക്കൊള്ളാനും അവര്‍ മനസ്സിലാക്കിയതുപോലെ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കാനും തിരുസുന്നത്തിനെ സ്വഹാബിമാര്‍ പിന്തുടര്ന്നതുപോലെ പകര്‍ത്താനും ദീനിന്റെ പഴയകാല വിശുദ്ധി കാത്തുസൂക്ഷിക്കാനുമാണ് മതം കല്പിക്കുന്നത്. യഥാര്‍ത്ഥ സലഫുകളുമായി നേരിയബന്ധം പോലുമില്ലാത്ത വഹാബികള്‍ ഇതിനു നേര് വിപരീത ദിശയിലാണുള്ളത്. അന്ധമായ തഖ്ലീദിന് പകരം ഇജ്തിഹാദിന്റെ കവാടങ്ങള്‍ തുറന്നുവെക്കണമെന്ന സലഫി ചിന്താധാര വികലമായ ഇജ്തിഹാദിന്റെ അസംബന്ധമായ അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അങ്ങനെയാണ് കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളും ആശയ കാലുഷ്യങ്ങളും വഹാബി പ്രസ്ഥാനത്തില്‍ ഉടലെടുത്തത്. ലോകത്തെ സലഫി അവാന്തര വിഭാഗങ്ങളിലെല്ലാം ഇപ്പോഴും അസ്വസ്ഥതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗവും മറുവിഭാഗത്തെ സലഫി വൃത്തത്തില്‍ നിന്ന് പുറംതള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്.
പ്രമാണങ്ങളെ പൂര്‍വ സൂരികള്‍ കാണിച്ച വഴിയിലൂടെ വായിക്കാന്‍ തയ്യാറാവാത്തതും മുന്‍ഗാമികളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സ്വതന്ത്ര വായന നടത്തുന്നതുമാണ് അവരുടെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം ദുര്‍വ്യാഖ്യാനങ്ങള്‍ കലര്‍ന്നതും തെറ്റിദ്ധാരണകള്‍ നിറഞ്ഞതുമാവാന് കാരണം. സലഫുകളുടെ അഭിപ്രായങ്ങളെ നിര്‍ലജ്ജം തള്ളുകയും അതാണു തങ്ങളുടെ ശൈലിയെന്ന് ധാര്‍ഷ്ഠ്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്ന വഹാബിസത്തിനു സലഫിധാരയവകാശപ്പെടാന് ഒരര് ഹതയുമില്ല തന്നെ.
സ്വഹാബികള്‍ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളും അവര്‍ വെച്ചു പുലര്‍ത്തിയിരുന്ന വിശ്വാസങ്ങളും ഉള്‍കൊള്ളാന്‍ വഹാബികള്‍ക്ക് സാധിച്ചിട്ടില്ലെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. തവസ്സുലും ഇസ്തിഗാസയും ശിര്‍ക്കാണെന്ന വഹാബി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയം തന്നെ സലഫുകളുടെ വിശ്വാസങ്ങള്‍ക്കെതിരാണ്. ഒരിക്കല്‍ അന്ധനായ ഒരാള്‍ നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് ഇങ്ങനെ അഭ്യര്‍ത്ഥിച്ചു: ‘തിരുദൂതരേ, എനിക്ക് കാഴ്ച ലഭിക്കാന്‍ വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും’. ഇതു കേട്ട നബി(സ്വ) പറഞ്ഞു. ‘വേണമെങ്കില്‍ ഞാന്‍ ദുആ ചെയ്യാം. പക്ഷേ വിഷമങ്ങള്‍ സഹിക്കുന്നതാണ് നിനക്ക് ആഖിറത്തിലേക്കു ഗുണകരം’. സ്വഹാബി വീണ്ടും പറഞ്ഞു. ‘അങ്ങ് ദുആ ചെയ്യണമെന്നാണ് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നത്’. അപ്പോള്‍ നബി(സ്വ) അദ്ദേഹത്തോട് പൂര്‍ണമായ വുളൂ എടുത്തുവരാനും രണ്ട് റക്അത്ത് നിസ്കരിക്കാനും ശേഷം ‘അല്ലാഹുവേ, കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകന് മുഹമ്മദ്(സ്വ)യെ മുന്‍നിറുത്തി ഞാനിതാ നിന്നോടു (കാഴ്ച നല്‍കണമെന്ന്) ചോദിക്കുന്നു. മുഹമ്മദ് നബിയേ! എന്റെ ആവശ്യം നിറവേറാന്‍ വേണ്ടി അങ്ങ് മുഖേന ഞാന്‍ എന്റെ രക്ഷിതാവിലേക്കിതാ മുന്നിട്ടിരിക്കുന്നു’ എന്ന അര്‍ത്ഥം വരുന്ന ദുആ നടത്താനും നിര്‍ദേശിച്ചു (മുസ്നദു അഹ്മദ്). തിരുമേനി(സ്വ) നിര്‍ദേശിച്ച ഈ പ്രാര്‍ത്ഥനയില്‍ ആധുനികവഹാബികള്‍ ശക്തമായി എതിര്‍ക്കുന്ന തവസ്സുല്‍, ഇസ്തിഗാസ, ശഫാഅത്ത് തേടല്‍ എന്നീ പ്രധാന കാര്യങ്ങളുള്ക്കൊള്ളുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ. അന്ധനായ സ്വഹാബിക്ക് നബി(സ്വ) പഠിപ്പിച്ചുകൊടുത്ത ഈ പ്രാര്‍ത്ഥനാ വാചകങ്ങള്‍ സ്വഹാബികള്‍ ഓര്‍മയില്‍ സൂക്ഷിക്കുകയും ആവശ്യത്തിനുപയോഗിക്കുകയും ചെയ്തിരു ന്നുവെന്ന് ഹദീസുകളില്‍ കാണാം.
വഫാത്തായ മഹാത്മാക്കളോട് സഹായം അര്‍ത്ഥിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വഹാബികള്‍ പറയുമ്പോള്‍ പ്രശ്ന പരിഹാരത്തിനു വേണ്ടി തിരുനബി(സ്വ)യുടെ ഖബ്റിനരികില്‍ വന്ന് സ്വഹാബികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന രംഗമാണ് ഹദീസുകളിലുള്ളത്. രണ്ടാം ഖലീഫയായ ഉമറുബ്നുല്‍ ഖത്വാബ്(റ) വിന്റെ കാലത്ത് കനത്ത ക്ഷാമം അനുഭവപ്പെട്ടു. മഴയില്ലാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. പ്രശ്ന പരിഹാര ത്തിനായി സ്വഹാബിയായ ബിലാലുബ്നു ഹാരിസ്(റ) നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘തിരുന ബിയേ, അങ്ങയുടെ സമുദായത്തിന് മഴക്ക് ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അപേക്ഷിക്കുക. അവര്‍ നാശമടഞ്ഞു കൊണ്ടിരിക്കുകയാണ്'(മുസ്വന്നഫുബ്നി അബീശൈബ). ഉമറുബ്നുല്‍ ഖത്വാബ്(റ)വിന്റെ ഭരണകാലത്ത് കനത്ത വറുതിയുണ്ടായപ്പോള് ഖലീഫ ഉമര്‍(റ) തന്നെ നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസു ബ്നു അബ്ദില്‍ മുത്തലിബിനെ മുന്‍നിറുത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുകയും മഴ ലഭിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘അല്ലാഹുവേ, നിന്റെ നബി(സ്വ)യെ മുന്‍നിര്‍ത്തി ഞങ്ങള്‍ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നീ മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഞങ്ങള്‍ നിന്റെ നബി(സ്വ)യുടെ പിതൃവ്യനെ മുന്‍നിര്‍ത്തി നിന്നോട് തവസ്സുല്‍ ചെയ്യുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിപ്പിച്ചു തരേണമേ’ എന്നായിരുന്നു ഉമറുബ്നുല്‍ ഖത്താബ്(റ) ദുആ ചെയ്തിരുന്നത്. (സ്വഹീഹുല്‍ ബുഖാരി/ സ്വലാതുല്‍ ഇസ്തിസ്ഖാഅ്)
തറാവീഹ് ഇരുപത് റക്അത്താണെന്ന് സ്വഹാബത്തിന്റെ ഇജ്മാഅടക്കം നിരവധി പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടും എട്ടിലൊതുക്കുന്ന വഹാബികള്‍ ഏത് സലഫിന്റെ പിന്‍ഗാമികളാണെന്നാണ് മനസ്സിലാകാത്തത്. ചില ഹദീസുകള്‍ കാണുക. സാഇബ് ബ്നു യസീദ്(റ)വില്‍ നിന്ന് നിവേദനം. ‘ഉമര്‍(റ)വിന്റെ കാലത്ത് സ്വഹാബികള്‍ റമളാനില്‍ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു’ (ഇമാം ബൈഹഖി/അസ്സുനനുല്‍ കുബ്റ).യസീദു ബ്നു റൂമാന്‍(റ)വില്‍ നിന്നു നിവേദനം: ‘ഉമറുബ്നുല്‍ ഖത്വാബ്(റ)വിന്റെ കാലത്ത് ജനങ്ങള്‍ ഇരുപത്തിമൂന്ന് റക്അത്ത് (വിത്റടക്കം) നിസ്കരിച്ചിരുന്നു’ (ഇമാം മാലിക്/മുവത്വ). അബ്ദുല്‍ അസീസ് ബ്നു റുഫൈഅ്(റ)വില്‍ നിന്ന് നിവേദം. ഉബയ്യു ബ്നു കഅ്ബ്(റ) മദീനയില്‍ വെച്ച് റമളാനില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും’ (മുസ്വന്നഫ് ബ്നു അബീശൈബ).
ഉമര്‍(റ)വിന്റെ കാലത്ത് സ്വഹാബികള്‍ ഇരുപത് റക്അത്താണ് നിസ്കരിച്ചിരുന്നതെന്നും സ്വഹാബികളിലോ താബിഉകളിലോ പെട്ട ആരും അതിനെ എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വഹാബികളും തറാവീഹ് ഇരുപത് തന്നെയായിരുന്നു നിസ്കരിച്ചിരുന്നത്. അബുല്ഹസനാഅ്(റ)വില്‍ നിന്ന് നിവേദനം: ‘അലി(റ) റമളാനില്‍ ഇരുപത് റക്അത്ത് തറാവീഹ് ജമാഅത്തായി നിസ്കരിക്കാന്‍ വേണ്ടി ഒരാളോട് കല്പിച്ചിരുന്നു’ (മുസ്വന്നഫു ബ്നി അബീശൈബ). അഅ്മശ്(റ) പറയുന്നു: ‘ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു’ (ഇമാം മര്‍വസി – റ, ഖിയാമു റമളാന്‍). അബുല്‍ ഹുസൈബ്(റ)വില്‍ നിന്നു നിവേദനം. സുവൈദു ബ്നു ഗഫ്ല(റ) റമളാനില്‍ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു (ബൈഹഖി, സുനനുല്‍ കുബ്റ).
വ്യാജ സലഫികളും സലഫുസ്സ്വാലിഹുകളും തമ്മിലുള്ള അന്തരം ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വിഷയങ്ങളിലൊതുങ്ങുന്നതല്ല. സ്വഹാബികള്‍ നിരാക്ഷേപം നടത്തിവന്ന പല അനുഷ്ഠാനങ്ങളെയും നിര്‍ദാക്ഷിണ്യം തള്ളിയവരാണവര്‍. ജുമുഅയുടെ രണ്ടാം വാങ്കിനെ എതിര്‍ക്കുന്നവര്‍ സ്വഹാബി പ്രമുഖനായ ഉസ്മാന്(റ)വിന്റെ നടപടിയെയാണ് തള്ളുന്നത്. ഉസ്മാന്(റ) നടപ്പില്‍ വരുത്തിയ ഈ വാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടര്‍ന്നുവരികയും ചെയ്തതാണ്. സാഇബു ബ്നു യസീദ്(റ)വില്‍ നിന്ന് നിവേദനം. ‘ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് നബി(സ്വ) അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറില്‍ ഇരിക്കുമ്പോഴാണ് നിര്‍വഹിച്ചിരുന്നത്. ഉസ്മാന്(റ)വിന്റെ ഭരണകാലത്ത് ജനങ്ങള്‍ വര്‍ധിച്ചപ്പോള്‍ മൂന്നാം വാങ്ക് വിളിക്കാന്‍ (ഇഖാമത്ത് ഉള്‍പ്പെടെ) ഉസ്മാന്(റ) കല്പ്പിച്ചു. അങ്ങനെ സൗറാഇല്‍ വെച്ച് വാങ്ക് വിളിക്കുകയും അക്കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു’ (സ്വഹീഹുല്‍ ബുഖാരി).
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകതാ സ്വഭാവങ്ങളെ മുഴുവന്‍ തകര്‍ക്കാനും സാമൂഹിക ഛിദ്രത സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ മാത്രമാണ് വഹാബികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. മതത്തെ ശിഥിലമാക്കാനുള്ള പോംവഴിയായാണ് അവര്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രത്തെ കാണുന്നത്. ഉത്തമ നൂറ്റാണ്ടുകാരുടെ ലേബലില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് അവര്‍ നടത്തുന്നതും. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇവരുടെ കാപട്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ്.