മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പരാജയപ്പെട്ട മറ്റൊരു പദ്ധതിയാണ് കറന്‍സി പരിഷ്കരണം. വെള്ളി നാണയത്തിന് തങ്ക എന്നാണ് പേര്. ചെമ്പ് നാണയത്തിന് ജീതല് എന്നും. വെള്ളി ലോഹത്തിന് ക്ഷാമം നേരിട്ടപ്പോള്‍ പകരമായി പിച്ചള കൊണ്ട് നാണയമുണ്ടാക്കി അതിനെ തങ്കക്ക് തുല്യമാക്കി. ആധുനിക ടോക്കന്‍ കറന്‍സി പോലെ. നാം കടലാസു കൊണ്ടുള്ള കറന്‍സിക്ക് മൂല്യം നല്കുന്ന പോലെ. ഈ നാണയത്തില്‍ ചില പേര്‍ഷ്യന്‍ വാക്കുകള്‍ ഉള്ക്കെള്ളിച്ചിരുന്നു എന്നതൊഴിച്ചാല്‍ വെള്ളി നാണയത്തില്‍ നിന്ന് ഒരു മാറ്റവും പിച്ചള നാണയത്തിനുണ്ടായിരുന്നില്ല. പിച്ചള നാണയത്തിന് തങ്ക എന്ന പേരും നല്കി. മൂല്യം വെള്ളിയുടേതാണ് എന്ന പ്രഖ്യാപനവും. നാണയം യഥാര്‍ഥമാണോ എന്ന് തിരിച്ചറിയുന്നതിന് കറന്‍സികളില്‍ കാണുന്ന പോലെ പ്രത്യേകമായ അടയാളങ്ങളൊന്നും വച്ചിരുന്നില്ല. കള്ള നാണയമടിക്കുന്നവര്ക്ക് കനത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നുമില്ല. ജനങ്ങള്‍ക്കാണെങ്കില്‍ ടോക്കന്‍ കറന്‍സിയുടെ വിദ്യ മനസ്സിലായതുമില്ല. വിദേശ വ്യാപാരത്തിന് ടോക്കന്‍ കറന്‍സി സ്വീകരിക്കപ്പെട്ടില്ല. വെള്ളി നാണയങ്ങളുള്ളവര് അത് സൂക്ഷിച്ച് വച്ച് പകരം പിച്ചള നാണയങ്ങള്‍ ഉപയോഗിച്ചു. അതോടൊപ്പം സ്വര്‍ണപ്പണിക്കാര്‍ കള്ളനാണയങ്ങളുണ്ടാക്കി പണപ്പെരുപ്പമുണ്ടാക്കി. വെള്ളിലോഹത്തിന് ക്ഷാമം നേരിട്ടപ്പോള്‍ സുല്താന് കണ്ടു പിടിച്ച മാര്‍ഗം നല്ലതായിരുന്നു. പക്ഷേ പുതിയ പദ്ധതി ഉള്‍ക്കൊള്ളാന്‍ മാത്രം രാജ്യം വിദ്യാഭ്യാസം നേടിയിരുന്നില്ല. പിച്ചള തങ്കയുടെ രഹസ്യം സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചില്ല. കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള സൂത്രങ്ങളുമുണ്ടായില്ല. വിവരമില്ലാത്തവര്‍ ആകെ കുഴങ്ങി. അവര്‍ക്ക് ഒന്നും മനസ്സിലായില്ല. കൗശലക്കാര്‍ അവസരം മുതലാക്കി കള്ള നാണയങ്ങളുമായി വന്ന് സമ്പത്ത് വാരിക്കൂട്ടി.
ടോക്കന്‍ കറന്‍സി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ മാത്രം കണ്ടു പിടിത്തമാണെന്നും പറഞ്ഞു കൂടാ. ചൈനയിലെ കുബ്ലൈഖാനും പേര്‍ഷ്യയിലെ കൈഷാത്തൂഖാനും ഇത് പരീക്ഷിച്ചതാണ്. ചൈനയിലേത് നല്ല ആസൂത്രണം മൂലം വിജയം കണ്ടു. അവിടെ രണ്ടു രീതികളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ടോക്കന്‍ കറന്‍സിക്കായി ഒരു പ്രത്യേക കടലാസും മഷിയുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പേര്‍ഷ്യയിലെ ശ്രമം ആസൂത്രിതമല്ലാത്തത് കൊണ്ട് പരാജയപ്പെട്ടു. ഇതേ ഗതിയാണ് മുഹമ്മദ് ബിന്‍ തുഗ്ലക്കിനുമുണ്ടായത്. പദ്ധതി പരാജയപ്പെട്ടപ്പോള്‍ ടോക്കന്‍ കറന്‍സി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സുല്താന് ഖേദിക്കുകയും പഴയ സമ്പ്രദായം തന്നെ തിരിച്ചു കൊണ്ട് വരാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന് വേണ്ടി അമിത വില കൊടുത്ത് വെള്ളി വാങ്ങി നാണയങ്ങള്‍ അടിച്ചറക്കി. പിച്ചള നാണയല്ങ്ങള്ക്ക് പകരം എല്ലാവര്ക്കും വെള്ളി നാണയം കൊടുക്കാന്‍ തീരുമാനിച്ചു. അത് കൂടുതല്‍ വിനയായി. ഇതറിഞ്ഞ സൂത്ര ശാലികള്‍ വ്യാപകമായി കള്ള പിച്ചള നാണയങ്ങള്‍ അടിച്ച് അവയുമായി കൊട്ടാരത്തില്‍ എത്തി പകരം വെള്ളി നാണയങ്ങള്‍ സമ്പാദിച്ചു. കള്ളനാണയം തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. അതിനാല്‍ കള്ളനാണയത്തിനും പകരമായി വെള്ളി നാണയം തന്നെ കൊടുക്കേണ്ടി വന്നു. ഖജനാവ് കൂടുതല്‍ കാലിയായി. സുല്താന് വീണ്ടും പേരു ദോഷം വന്നു. അവസാന കാലത്തെയുദ്ധങ്ങള്ക്കും ഇതേ ഗതിയായി. കലാപങ്ങളൊതുക്കാനും കഴിഞ്ഞില്ല. രാജ്യം അതി ശീഘ്രം ശിഥിലമായിക്കൊണ്ടിരുന്നു.
ഭ്രാന്തനല്ല തുഗ്ലക്ക്
സുല്താന് മുഹമ്മദ് ബിന്‍ തുഗ്ലക്ക് മറ്റുള്ളവരുടെ ആദര്‍ശങ്ങളെ ആശ്രയിക്കുന്നയാളായിരുന്നില്ല. പാരമ്പര്യമായ രീതിശാസ്ത്രങ്ങളിലും വിശ്വാസമുണ്ടായില്ല. ഇന്ത്യയുടെ അതിര്‍ത്തികള്‍ പരമാവധി വിശാലമാക്കണമെന്നും തെക്കും വടക്കും തമ്മിലുള്ള സാംസ്കാരിക അന്തരം ഇല്ലാതാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. തലസ്ഥാനമാറ്റത്തിന് പിന്നില്‍ ഇങ്ങനെയൊരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഭരണത്തിലേറുമ്പോള്‍ മധ്യേഷ്യയില്‍ അധികാര ശൂന്യത നില നിന്നിരുന്നു. ഇല്‍ഖാന്‍മാരുടെ പതന ശേഷം മധ്യേഷ്യക്ക് നേതൃത്വമുണ്ടായിരുന്നില്ല. ഈ ശൂന്യത നികത്താന്‍ സുല്താന് ആഗ്രഹിച്ചു. അതിന്റെ ഭാഗമായിരുന്നു ഖുറാസാന്‍ പടയോട്ടവും അനുബന്ധ പരിപാടികളും. അലക്സാണ്ടറെപ്പോലെ ലോക ജേതാവാകാനല്ല സുല്താന് ലക്ഷ്യമിട്ടത്; മറിച്ച് മനുഷ്യരുടേയും ജിന്നു വര്‍ഗത്തിന്റേയും അധീശത്വമായിരുന്നു.
പുറം ലോകവുമായി നയ തന്ത്ര ബന്ധം സ്ഥാപിക്കാനും സുല്താന് ശ്രമിച്ചു. ഇറാഖ്, സിറിയ, ഖുറാസാന്‍, ഇറാന്, ഖ്വാരിസം, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെത്തി. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം നിറുത്തല്‍ ചെയ്തു. ഇതോടെ വിദേശികള്‍ രാജ്യത്തേക്കൊഴുകി. വ്യാപാരം അഭിവൃദ്ധിപ്പെടുകയും ചെയ്തു. അക്ബര്‍ ചക്രവര്‍ത്തിയെപ്പോലെ മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും തന്റേതായ നിഗമനങ്ങള്‍ സുല്താന് സ്വീകരിച്ചു. ഇത്തരം ചിന്തകള്‍ സുല്‍താനെ വഴി തെറ്റിച്ചുവെന്നാണ് ബറനി പറയുന്നത്. അങ്ങനെയല്ല എന്ന് പറയുന്നവരുമുണ്ട്. ഉലമാ സൂഫീ വിഭാഗങ്ങളെ ആദരിക്കാനൊന്നും അദ്ദേഹം മിനക്കെട്ടില്ല. വൃത്തികെട്ട തന്റെ സാമ്രാജ്യത്വ പോളിസിയുമായി ഒത്തു പോകാത്ത ഖുര്‍ആനിലെ പല പരാമര്‍ശങ്ങളേയും അദ്ദേഹം ചോദ്യം ചെയ്തു. നബി വചനങ്ങള്‍ പലതിനേയും നിരാകരിച്ചു. പ്രവാചകത്വം അവസാനിച്ചു എന്ന ഇസ്ലാമിക വിശ്വാസം അംഗീകരിച്ചതുമില്ല. അലാഉദ്ദീന്‍ ഖല്ജിയെപ്പോലെ ഒരു പ്രവാചകനാവണമെന്ന ചിന്ത സുല്താനെയും പിടി കൂടിയിരുന്നത്രേ. അതേ സമയം ആരാധന കര്‍മങ്ങളില്‍ അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തി. നിസ്കാരം നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്നത് നിയമമാക്കി. അത് നിര്‍വഹിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്തു. പ്രഭാത നിസ്കാരശേഷം തത്ത്വ ചിന്താ പരമായ ചര്‍ച്ചകളില്‍ സുല്താന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമേതര മത പണ്ഡിതന്മാരും കൊട്ടാരത്തിലുണ്ടായിരുന്നു. കൊട്ടാരത്തിലെ ജൈന പണ്ഡിതരായ രാജ ശേഖര, ജിന പ്രഭാ സൂരി എന്നിവരെ കുറിച്ച് ജൈന ഗ്രന്ഥങ്ങളില്‍ പറയുന്നു. രാജ ശേഖരന് ആയിരം പശുക്കളെ അടക്കം നിരവധി സമ്മാനങ്ങള്‍ സുല്താന് നല്‍കിയതായും പറയുന്നു. എല്ലാ മതക്കാരെയും അദ്ദേഹം ആദരിച്ചു. അവരുടെ ആഘോഷങ്ങളില്‍ പങ്കു കൊണ്ടു. പല ക്ഷേത്രങ്ങളും സന്ദര്‍ശിക്കുകയും സമ്മാനം നല്‍കുകയും ചെയ്തു. കൊട്ടാരത്തില്‍ യോഗികളുമുണ്ടായിരുന്നു. പല യോഗികള്‍ക്കും മുസ്ലിം ശിഷ്യന്മാരും ഉണ്ടായിരുന്നു. സന്യാസിമാര്‍ക്ക് വേണ്ടി സത്രങ്ങള്‍ (ബസ്തി ഉപശ്രയ) പണിയാന്‍ ഒരു വിളംബരത്തിലൂടെ അദ്ദേഹം കല്പിച്ചു.
ഇബ്നുതൈമിയ, സൂഫീ ബന്ധം
ഇന്ത്യയില്‍ സൂഫി പ്രസ്ഥാനം ശക്തിപ്പെട്ട കാലമായിരുന്നു സുല്താന്റേത്. അക്കാലത്താണ് അറബി പണ്ഡിതന് ശൈഖ് ഇബ്നു തൈമിയ(1263-1328) സൂഫി പ്രസ്ഥാനങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. പടയോട്ടക്കാലത്ത് സൂഫികള്‍ സ്വീകരിച്ച സമാധാന നിലപാടിനോട് സുല്‍താനും യോജിച്ചില്ല. ഇബ്നു തീമിയയുടെ ശിഷ്യന് അബ്ദുല്‍ അസീസ് അര്‍ദബീലി ഇന്ത്യയിലെത്തിയപ്പോള്‍ സുല്താന് ഹാര്‍ദമായി സ്വീകരിച്ചു. അദ്ദേഹവുമായി സംവാദം നടത്തി. സുല്താന് അദ്ദേത്തിന്റെ നിലപാടുകള്‍ നന്നേ ബോധിച്ചു. അര്ദബീലിയെ ആദരിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍ സുല്താന് ചുംബിക്കുകയും ചെയ്തെന്ന് ഇബ്നുബത്തൂത്ത എഴുതുന്നു. എന്നാല്‍ ഇബ്നുതീമിയയുടെ ആശയങ്ങളോട് സുല്താന് യോജിച്ചുവെന്ന് പറായാനാവില്ല. സൂഫിസത്തില്‍ സുല്താന് ആകൃഷ്ടനായിരുന്നു. അതേ സമയം സൂഫികള്‍ ഭരണ കാര്യങ്ങളില്‍ ഇടപെടുന്നത് സഹിച്ചില്ല. മതവും രാഷ്ട്രവും രണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതേ സമയം ഭരണത്തെ മതത്തില്‍ നിന്ന് ഏറെ അകലെ നിറുത്താനും തയാറായില്ല. നാണയങ്ങളില്‍ അന്ത്യ പ്രവാചകന്റെ ചര്യയെ സജീവമാക്കുന്നവന്‍ (മുഹ്യിസുന്നയേ ഖാതിമന്നബി) എന്നാണ് സുല്താന് സ്വയം വിശേഷിപ്പിച്ചത്. സൂഫീ ഗുരു ശൈഖ് ഫരീദുദ്ദീന്റെ ശിഷ്യന് അലാഉദ്ദീന്റെ ആത്മീയ ശിഷ്യത്വം സുല്താന് സ്വീകരിച്ചിരുന്നു. ഗുരു ശൈഖ് ശറഫുദ്ദീന്‍ യഹ്യ മനേരിയോട് തനിക്കായി ഒരു സൂഫീ കൃതി രചിക്കാന്‍ സുല്താന് ആവശ്യപ്പെട്ടതായും കാണുന്നു. മുള്‍ത്താനിലെ കലാപം അടിച്ചമര്‍ത്തിയപ്പോള്‍ അവിത്തെ സൂഫീ ഗുരു റുക്നുദ്ദീന് മുള്‍ത്താനിയുടെ പാദങ്ങളില്‍ നമസ്കരിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തുവത്രേ. അജ്മീറിലെ മുഈനുദ്ദീന് ചിശ്തിയുടെ ദര്‍ഗയും ബഹ്റൈച്ചിലെ സാലാര്‍ മസൂദിന്റെ ദര്‍ഗയും സന്ദര്‍ശിച്ച് സുല്താന് പ്രാര്‍ഥന നടത്തിയിരുന്നു. ഈ ദര്‍ഗകളിലേക്ക് കണക്കറ്റ സമ്മാനങ്ങളും നല്കി. ഒരിക്കല്‍ സുല്താന് ‘സുല്‍താനേ ആദില്‍’ (നീതിമാനായ സുല്താന്) എന്ന അപരനാമം സ്വീകരിച്ചപ്പോള്‍ സൂഫികളില്‍ ചിലര്‍ അദ്ദേത്തെ എതിര്‍ത്തു. സുല്താന് നീതിമാനല്ല എന്ന് ശൈഖ് റുക്നുദ്ദീന് പരസ്യമായി പറഞ്ഞു. ഇതില്‍ കുപിതനായ സുല്താന് സൂഫിയെ കൊട്ടാരത്തിന്റെ മുകളിലേക്ക് കൊണ്ട് പോയി താഴേക്കെറിഞ്ഞ് കൊന്നുവത്രേ. സൂഫികള്‍ സുല്താന്റ ദര്‍ബാറുകളില്‍ സന്നിഹിതരായിരുന്നു. മീര്‍ മുല്ഹിം ബദയൂനി, നിസാമുദ്ദീന്‍ അവ്ലിയ, അലാഉദ്ദീന്‍ അജോധനി, ശൈഖ് റുക്നുദ്ദീന് മുള്‍ത്താനി എന്നിവരുടെ മഖ്ബറകള്‍ ഭംഗിയാക്കിയതും സുല്താന് തന്നെ.
മത നിരപേക്ഷകന്
തുര്‍ക്കി സുല്താന്മാര് പെതുവേ വര്‍ഗ ചിന്തയില്‍ വിശ്വസിക്കുന്നവരായിരുന്നു. ബാല്‍ബന്‍ താണ ജാതിക്കാരെയും ഇന്ത്യക്കാരായ മുസ്ലിംകളെയും ജോലിയില്‍ നിന്നൊഴിവാക്കി. നേരെ മറിച്ചായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലക്ക്. അതൊന്നും പല കൊട്ടാര പണ്ഡിതന്മാര്ക്കും രുചിച്ചില്ല. ചെറുപ്പം മുതലേ ഇന്ത്യക്കാരെ കണ്ടു കൂടാതിരുന്ന കൊട്ടാര പണ്ഡിതന് സിയാഉദ്ദീന്‍ ബറനി ഇക്കാര്യം തെല്ലൊരു പരുഷത്തോടെ തന്നെ രേഖപ്പെടുത്തി. താണ ജാതിക്കാരെയും ഇന്ത്യന്‍ മുസ്ലിംകളെയും പ്രഭുക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന സുല്‍താന്റെ നയത്തെ അദ്ദേഹം വിമര്‍ശിക്കുക തന്നെ ചെയ്തു. സുല്താന് എല്ലാ ജാതിക്കാര്‍ക്കും കഴിവ് നോക്കി ഉദ്യോഗം നല്കി. അവരില്‍ ചെരുപ്പ് കുത്തികളും നെയ്ത്തുകാരും തൂപ്പു ജോലിക്കാരും ക്ഷുരകന്മാരുമൊക്കെ ഉണ്ടായിരുന്നു. ഇവര്ക്കിടക്ക് ഒരു വിവേചനവും അദ്ദേഹം കാണിച്ചില്ല. ഇവരില്‍ മിക്കവരും പ്രഭുക്കന്മാരുടെ സ്ഥാനത്തേക്ക് ഉയര്‍ന്നു. അവരുടെ ജാതിയോ മതമോ നോക്കിയതുമില്ല. ഉദാഹരണത്തിന് താണ ജാതിക്കാരനായ നജീബിനെ ഗുജറാത്ത,് മുല്താന്, ബദയൂന്‍ എന്നീ പ്രവിശ്യകളുടെ പ്രഭുവാക്കി. മദ്യം വിളമ്പുകാരനായ അസീസ്, മസ്ഊദ് എന്നിവര്‍ക്കും, ക്ഷുരകനായ ഫിറോസ്, പാചകക്കാരനായ മന്‍ക, തോട്ടക്കാരനായ ലദ്ദൂ തുടങ്ങിവര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ നല്കി. തോട്ടക്കാരനായ പേരാ മലിയെ റവന്യൂ മന്ത്രിയാക്കി. നെയ്ത്തുകാരന് നായ്ക്കിന്റെ മകന് ബാബീവിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്താക്കി. അവധിന്റെ മേധാവിയാക്കി നിശ്ചയിച്ചത് കിഷന് (കൃഷ്ണ) ബസ്റാ ഇന്ദ്രിയെയാണ്. മാലിക് അയാസിന്റെ അടിമയായ മുഖ്ബിലിനെ ഗുജറാത്തിന്റെ ഗവര്‍ണറാക്കി. തീരെ കാണാന്‍ കൊള്ളാത്ത അധഃകൃതന് എന്നാണ് ബറനി അദ്ദേഹത്തെ മുദ്രയടിക്കുന്നത്. വിദ്യാഭ്യാസം നേടിയത് കൊണ്ടാണ് ഹീന വര്‍ഗക്കാര്‍ വലിയ പദവിയിലെത്തിയതെന്നും അതിനാല്‍ അധഃകൃതര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്നും ബറനി അഭ്യര്‍ഥിക്കുന്നുണ്ട്. സുല്‍താന്റെ ഈ പ്രവൃത്തിയെ പ്രഭുക്കന്മാര്ര് പലരും ചോദ്യം ചെയ്തു. സുല്താന്മാരില് ഈ നിലപാട് സ്വീകരിച്ചത് മുഹമ്മദ് ബിന്‍ തുഗ്ലക്ക് മാത്രമായിരുന്നു. സുല്‍താന്റെ ഈ നിലപാടുകളാണ് സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായതെന്ന് വരെ കൊട്ടാര പണ്ഡിതന്മാര് എഴുതിക്കൂട്ടി. കൊട്ടാരത്തിലെ കവികളിലും സാഹിത്യകാരന്മാരിലും എല്ലാ മതക്കാരും ഉണ്ടായിരുന്നു. മതപരമായ ഒരു വിവേചനവും സുല്താന് കാണിച്ചിരുന്നില്ലെന്ന് ശൈഖ് ഉമരി സാക്ഷ്യപ്പെടുത്തുന്നു (മസാലികുല്‍ അബ്സാര്‍).
ഖുറാസാന്‍ പദ്ധതി
ഖുറാസാന്‍ പിടിച്ചടക്കി അവിടെ നിന്ന് മംഗോളിയരെ അവസാനമായി തുരത്തണമെന്ന് സുല്താന് ആഗ്രഹിച്ചു. ഒരു വലിയ പദ്ധതിയായത് കൊണ്ട് നാല് ലഷത്തോളം പട്ടാളത്തെ നിയമിച്ചു തുടങ്ങി. അതിനിടക്ക് ദൈവ സഹായമുറപ്പിക്കാന്‍ സൂഫികളുടെയും പ്രധാനികളുടേയും സമ്മേളനം വിളിച്ചു. ഒരു വലിയ തമ്പു കെട്ടി അതിനകത്ത് ഒരു പ്രസംഗ പീഠമുണ്ടാക്കി അതിലിരുന്ന് സദസ്സിനോട് ഖുറാസാന്‍ ജിഹാദിന്റെ അനിവാര്യതയെ കുറിച്ച് സുല്താന് സംസാരിച്ചു തുടങ്ങി. മൗലാന ഫഖ്റുദ്ദീന്‍ സര്റാദി, ഷംസുദ്ദീന് യഹ്യ, നാസിറുദ്ദീന്‍ ചിറാഗ് തുടങ്ങിയ പണ്ഡിതന്മാരും സൂഫികളും സദസ്സിലുണ്ട്. നിസാമുദ്ദീന്‍ അവ്ലിയയുടെ ശിഷ്യന് ഖുതുബുദ്ദീന്‍ ദാബിറിനേയും ക്ഷണിച്ചതാണ്. പക്ഷേ സുല്‍താന്റെ മുന്നിലേക്ക് വരാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ ചെരിപ്പുകള്‍ തൊക്കില് വച്ച് കൊണ്ടാണ് ശൈഖ് ഹാജരായത്. ഇത് തന്നെ പരിഹസിക്കാനാണ് എന്ന് സുല്താന് അിറഞ്ഞുവെങ്കിലും മിണ്ടിയില്ല. ഖുറാസാന്‍ പിടിച്ചടക്കാനുദ്ദേശിക്കുന്നതായി പറഞ്ഞപ്പോള്‍ ശൈഖ് ദാബിര്‍ ഇന്‍ശാഅല്ലാഹ് (ദൈവം ഉദ്ദേശിച്ചെങ്കില്‍) എന്ന് സാധാരണ മട്ടില്‍ പറഞ്ഞു. യുദ്ധം വേണമെന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍’ അല്ല, പിന്നെയാവട്ടെ എന്നാണ്’ എന്ന് സൂഫിയുടെ മറുപടി കേട്ടപ്പോള്‍ സുല്താന് വീണ്ടും ദേഷ്യം. ഇക്കാര്യത്തില്‍ ഒരു തീരുമാനം പറയൂ എന്ന് സുല്താന് നിര്‍ബന്ധിച്ചപ്പോള്‍, ‘ആ ദേഷ്യമൊന്ന് നിറുത്തൂ’ എന്ന് ദാബിര്‍ ഉറക്കെ പറഞ്ഞു. ‘ഏത് ദേഷ്യം?’ ‘കരടിയുടെ ദേഷ്യമുണ്ടല്ലോ, അത്.’ സൂഫിയുടെ മറുപടി ഒട്ടും സഹിച്ചില്ലെങ്കിലും ഒരു നല്ല കാര്യത്തിന് പുറപ്പെടുമ്പോള്‍ അവിവേകം പ്രവര്‍ത്തിച്ചു കൂടല്ലോ എന്ന് കരുതി ഒരു വിധം ശൈഖിനെ പറഞ്ഞയച്ചു. യുദ്ധ പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും തന്റെ സ്നേഹിതരായ വിദേശി രാജാക്കന്മാരുടെ അനൈക്യം മൂലം പദ്ധതി വേണ്ടെന്ന് വച്ചു. വലിയൊരു തുക ഇപ്പേരില്‍ ചെലവാക്കി. ഖജനാവ് അങ്ങനേയും കാലിയായി.
ഇത് പോലെ ചൈനക്കാരുടെ ഭീഷണി ഇല്ലാതാക്കാനും ചില രജപുത്രന്മാരുടെ കലാപം ഒതുക്കാനും വേണ്ടി ഹിമാലയന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ തീരുമാനിച്ചു. അതിനായി ഡല്‍ഹിയില്‍ നിന്ന് പത്ത് ദിവസം യാത്ര ചെയ്താലെത്താവുന്ന ഹിമാലയത്തിലെ ഖറാച്ചില് തിരഞ്ഞെടുത്തു. അവിടേക്ക് തന്റെ സഹോദരീ പുത്രനായ ഖുസ്രൂ മാലികിന്റെ കീഴില്‍ പതിനായിരം പേരുള്ള സൈന്യത്തെ അയച്ചു. നല്ല തണുപ്പും മഞ്ഞു വീഴ്ചയുമുണ്ടെങ്കിലും ജിദ്യ എന്ന പ്രദേശം ഒരു വിധം പിടിച്ചടക്കി. ഇനി മുന്നോട്ട് പോകരുതെന്ന് സുല്താന് നിര്‍ദേശിച്ചുവെങ്കിലും അത് വക വെക്കാതെ ഖുസ്രൂ മുന്നോട്ട് നീങ്ങി തിബത്ത് വരെ എത്തി. അപ്പോഴേക്കും കനത്ത മഴ തുടങ്ങി. ഒപ്പം മല വര്‍ഗക്കാര്‍ ഇറങ്ങി വന്ന് സൈന്യത്തിന് പെരുത്ത നാശം വരുത്തി. സൈന്യത്തെ എറിഞ്ഞും അടിച്ചും അവര്‍ കൊന്നൊടുക്കി. പുറമേ പ്ലേഗ് രോഗവും. പട്ടാളം കൂട്ട മരണം പുല്കി. പത്ത് പേര് മാത്രമാണ് ബാക്കിയായത്. സുല്‍താന്റെ ആ സ്വപ്നവും പൊളിഞ്ഞു. എന്തായാലും മല വര്‍ഗക്കാരുമായി ഒത്തു തീര്‍പുണ്ടാക്കി തന്റെ അധീശത്വം അവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സുല്താന് കഴിഞ്ഞു.
അപ്പോഴേക്കും രാജ്യത്തിന്റെ പല ഭാഗത്തും കലാപങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. തന്റെ ഗവര്‍ണര്‍മാര്‍ തന്നെയാണ് മുന്നില്‍. പിന്നെ രജപുതന്്രമാര്. എല്ലാവരെയും സുല്താന് പരലോകത്തേക്കയച്ചു. ഇനി തെക്കോട്ടേക്ക്. മധുരയിലും മഅ്ബറിലും പലരും കലാപം തുടങ്ങുന്നുവെന്ന് കേട്ടപ്പോഴാണ് യാത്ര. ഗുജറാത്ത് സേനാപതിയായിരുന്ന അയാസ് ഖാനെ ഡല്‍ഹിയില്‍ നിറുത്തി സുല്താന് സൈന്യ സമേതം മധുരയിലെത്തി. അപ്പോഴേക്കും മധുരയിലാകെ പ്ലേഗ്. ജനങ്ങള്‍ തുടരെ തുടരെ മരിച്ചു കൊണ്ടിരുന്നു. സൈന്യം ഏതാണ്ട് നാമാവശേഷമായി കഴിഞ്ഞു. സുല്‍താനും രോഗം പിടിച്ചുവെങ്കിലും ഭാഗ്യത്തിന് മാറിക്കിട്ടി. പിന്നെ വാറങ്കലിലും ദേവഗിരിയിലും ചെന്ന് കാര്യങ്ങള്‍ ശരിയാക്കി ഗവര്‍ണര്‍മാരെ നിയമിച്ച് കലഹങ്ങളൊതുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടക്ക് സുല്താന് രോഗം കലാശലാണെന്ന വിവരം ദേവഗിരിയില്‍ വച്ച് നാടു നീളെ പരന്നു. അവസരം മുതലെടുത്ത് പലരും സ്വതന്ത്രരാവാന്‍ തുടങ്ങി. സുല്താന് ക്ഷീണം അവഗണിച്ച് ഡല്‍ഹിയിലേക്ക് പോവാന്‍ തന്നെ തീരുമാനിച്ചു. രണ്ടര വര്‍ഷമായി ഡള്‍ഹി വിട്ടിട്ട്. അവിടെയാകെ ക്ഷാമമാണെന്നറിഞ്ഞപ്പോള് യമുനാ തീരത്തുള്ള ഖുദ് എന്ന ഗ്രാമത്തില്‍ തമ്പടിച്ചു. അവിടെ ക്ഷാമമുണ്ടായിരുന്നില്ല. ഡല്‍ഹിയുടെ കര്‍ഷക ഭൂമിയായ ദുവാബില്‍ മഴയില്ലാതെ കൃഷി ഭൂമികള്‍ വറ്റി വരണ്ടിരുന്നു. അവധില്‍ മാത്രമാണ് മഴയുള്ളത്. ജനങ്ങളോട് അങ്ങോട്ട് കുടിയേറാന്‍ സുല്താന് നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ ക്ഷാമം അതി രൂക്ഷമായിരുന്നു. പഞ്ചാബ്, ഡല്‍ഹി, ബദയൂന്‍, മാള്‍വ എന്നിവിടങ്ങളിലൊക്കെ വരള്‍ച്ച പടര്‍ന്നിരിക്കുന്നു. ജനങ്ങളാകെ ദുരിതത്തില്‍. വെള്ളവും ഭക്ഷണവുമില്ല. ഭരണമാകെ താറുമാറായിരിക്കുന്നു. പട്ടാളവും നാമാവശേഷമായി. സുല്താന് രണ്ടര വര്‍ഷത്തോളം യമുുനാ തീരത്ത് തന്നെ തങ്ങി. അങ്ങനെ അഞ്ചുവര്‍ഷത്തേക്ക് അദ്ദേഹം സിംഹാസനം കാണാതെ കഴിഞ്ഞു. രണ്ടര വര്‍ഷം ഡക്കാനിലും രണ്ടര വര്‍ഷം യമുനാ തീരത്തെ ഖുദിലും.
തന്റെ തുടരെത്തുടരെയുള്ള പരാജയങ്ങള്‍ക്ക് ദൈവീകമായ വല്ല വിരോധവുമുണ്ടോ എന്നറിയാനുള്ള ആകാംക്ഷയില്‍ ഗുരുവായ ഖുതുലുഗ് ഖാന്റെ ഉപദേശം തേടി. സുല്താന് എന്ന പദവിക്ക് ഖലീഫയുടെ അംഗീകരാമില്ലാത്തതാണ് പ്രശ്നമെന്ന് കണ്ടെത്തി. അങ്ങനെ ഖലീഫയെ അന്വേഷിച്ച് സ്വന്തക്കാര് പുറപ്പൈട്ടു. അപ്പോഴാണ് അബ്ബാസി ഖലീഫ ബാഗ്ദാദില്‍ ഇല്ലെന്നും ഈജിപ്തിലാണെന്നും അറിഞ്ഞത്. തന്നെക്കാള്‍ ദുര്‍ബലനാണെങ്കിലും ഖിലാഫത്തിന്റെ അംഗീകാരം വാങ്ങാന്‍ സുല്താന് തീരുമാനിച്ചു. ഖലീഫയില്‍ നിന്ന് അനുമതി പത്രം (മന്‍ശൂര്‍) ലഭിച്ചത് ശത്രുക്കളെയൊക്കെ അങ്കലാപ്പിലാക്കി. കലാപങ്ങള്‍ തെല്ലൊന്നമര്ന്നു. അനുമതി പത്രം കൈയിലെത്തുന്നത് വരെ വെള്ളിയാഴ്ച പ്രാര്‍ഥനയും ഈദ് പ്രാര്‍ഥനയും സുല്താന് വേണ്ടെന്ന് വച്ചു. നാണയങ്ങളില്‍ അബ്ബാസി ഖലീഫ മുസ്തഖ്ഫി ബില്ലാഹിയുടെ നാമം കൊത്തി വച്ചു. 1343ലാണ് അംഗീകാര പത്രം എത്തിയത്. അംഗീകാര പത്രം ലഭിച്ചത് കൊട്ടാരത്തില്‍ അതി കേമമായി തന്നെ ആഘോഷിച്ചു. ഖലീഫയുടെ പ്രതിനിധികള്‍ക്ക് സമുചിതമായ സ്വീകാരം നല്കി. പിന്നീട് ഓരോ വര്‍ഷവും അനുമതി പത്രം ലഭിച്ചു തുടങ്ങി.
കാര്‍ഷിക വികസനം
കടുത്ത ക്ഷാമത്തിനും വരള്‍ച്ചക്കും പരിഹാരമെന്നോണം ജല സേചന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിച്ച് കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് തീരുമാനിച്ചു. ഡള്‍ഹിയിലെ കൃഷിയിടങ്ങളില്‍ കിണര്‍ കുഴിക്കാനും കൃഷിക്കാവശ്യമായ കാളകളേയും കലപ്പകളും വാങ്ങാനും പണം നല്കി. ആവശ്യമായ വിത്തിനങ്ങളും നല്കി. ഇത് കൊണ്ടൊന്നും കാര്യമായ നേട്ടമുണ്ടായില്ല. കൃഷിക്ക് വേണ്ടി ദിവാനേ അമീറേ കോഹ് എന്ന പേരില്‍ ഒരു മന്ത്രാലയം തന്നെ ഉണ്ടാക്കി. കൃഷിയിടങ്ങളെ നാലായി തരം തിരിച്ച് ഏതൊക്കെ ഇനങ്ങളാണ് കൃഷി ചെയ്യേണ്ടതെന്ന് നിര്‍ദേശങ്ങളും വച്ചു. ഒരു തുണ്ട് കൃഷി ഭൂമിയും വെറുതെ ഇടരുതെന്ന് കല്പിച്ചു. കൃഷി ചെയ്യാന്‍ തയാറാകുന്നവര്‍ക്ക് സമ്മാനങ്ങളും സഹായങ്ങളും നല്കി. ഇത് നല്ല ഫലം ചെയ്തു. നിരവധി ആളുകള്‍ കര്‍ഷകരായി. അവര്‍ക്ക് വേണ്ട പരിശീലനവും നല്കി. എന്നാല്‍ തരിശു ഭൂമി കൃഷിക്കുപയുക്തമാക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിന് വേണ്ടി കര്‍ഷകര്‍ക്ക് വലിയൊരു തുക കടമായി നല്കി. പലരം കടം കിട്ടാന്‍ വേണ്ടി കര്‍ഷകന്റെ കുപ്പായമണിഞ്ഞു. അവരൊട്ട് വിജയിച്ചതുമില്ല. ആ പണമെക്കെ അങ്ങനെ നഷ്ടത്തിലായി.
ബഹ്മനി വിജയ നഗര സാമ്രാജ്യങ്ങള്‍
പ്രദേശങ്ങള്‍ ഓന്നൊന്നായി സുല്‍താനെ കൈവിട്ടു. ബംഗാള്‍ നഷ്ടപ്പെട്ടു. അവിടെ ഷംസുദ്ദീന് സുല്‍താനായി. ദക്കാനിലും തുടങ്ങി കലാപം. 1336ല്‍ ഹരി ഹര ,ബുക്ക എന്നീ സേഹാദരന്മാര് കൃഷ്ണാ നദിയുടെ തെക്ക് ഭാഗത്ത് വിജയ നഗര സാമ്രാജ്യം സ്ഥാപിച്ചു. ഇതേ വര്‍ഷം തന്നെ വാറങ്കലില്‍ കഞ്ഞ്യ നായിക് ഭരണം തുടങ്ങി. അവിടത്തെ ഗവര്‍ണര്‍ മാലിക് മഖ്ബൂല്‍ ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടു. താമസിയാതെ കമ്പിലാ പ്രദേശവും നഷ്ടമായി. നാടിന്റെ പല ഭാഗങ്ങളിലും ഓരോരുത്തരായി കലാപം തുടങ്ങി. പലതും വളരേ പണി പെട്ട് ഒതുക്കി. അപ്പോഴേക്കും മറ്റു ഭാഗങ്ങളില്‍ കലാപങ്ങള്‍ വ്യാപിച്ചു.
തെക്ക് കാംബെ മുതല്‍ ദൗലത്താബാദ് വരെ പ്രഭുക്കള്‍ (അമീറാനേ സാദാ) കലാപം തുടങ്ങി. അവിടെ ഗവര്‍ണരായിരുന്ന ഖുത്ലുഗ് ഖാനും അമീറുമാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് അമീറുമാരുടെ കലാപത്തിന് വഴി മരുന്നിട്ടത്. സുല്താന് ഖുത്ലുഗിനെ തിരിച്ച് വിളിച്ച് മാള്‍വ ഗവര്‍ണര്‍ അസീസ് ഖമ്മാറിനെ ദക്കാനിലേക്കയച്ചു. സാദാ എന്ന പേരിലറിയപ്പെട്ട പ്രഭു വിഭാഗത്തെ തിരഞ്ഞു പിടിച്ച് കൊല്ലുകയായിരുന്നു അസീസ്. എണ്‍പത് പേരെ ഒരേ സമയം വധിച്ചുവെന്ന വാര്‍ത്ത അമീറുമാരില്‍ ഭീതി പരത്തി. സുല്താന്, അസീസ് ഖമ്മാറിനെ അനുമോദിച്ചു. സാദാ വിഭാഗത്തിന്റെ സ്വാധീനം ഇല്ലാതാക്കുകയായിരുന്നു സുല്താന്റേയും ലഷ്യം. അപ്പോഴേക്കും ഗുജറാത്തില്‍ അഫ്ഗാന് പ്രഭുക്കള്‍ കലാപം തുടങ്ങി. അവിടെ സുല്‍താന്റെ നിര്‍ദേശമനുസരിച്ച് അമീര്‍ മുഖ്ബില്‍ അഫ്ഗാന് പ്രഭുക്കളെ തമസ്ക്കരിക്കുന്നു എന്നതായിരുന്നു പ്രശ്നം. ഇവരും സാദാ വിഭാഗത്തില്‍ പെട്ടവരാണ്. ദഭോയ്, ബറോഡ എന്നിവിടങ്ങളില്‍ നിന്ന് ഈ അമീറുമാര്‍ ഖജനാവ് കൊള്ളയടിക്കുകയും കലാപവുമായി കാംബെയിലേക്ക് നീങ്ങുകയും ചെയ്തു. ജുറംബല്, ഖാസി ജലാല്‍, ജലാല്‍ ബിന്‍ ലാല, ജല്ലു എന്നീ നാലു അമീറുമാരാണ് കലാപത്തിന് നേതൃത്വം നല്‍കിയത്. ഈ സംഘം കാംബെയിലെ ഏറ്റു മുട്ടലില്‍ ഗവര്‍ണര്‍ അസീസിനെ വധിച്ചു. സുല്താന് നേരിട്ട് ദേവ ഗിരിയിലെത്തിയെങ്കിലും കലാപം ഒതുക്കാന്‍ കഴിഞ്ഞില്ല. നിരവധി പേരുടെ തല പോയെങ്കിലും സാദാ അമീറുമാര്‍ ഭരണം കൈക്കലാക്കി. അവര്‍ ദേവഗിരിയിലെ സമ്പന്നമായ ഖജനാവ് സ്വന്തമാക്കി. ഹസന് ഗഞ്ചു എന്ന പ്രഭുവിനെ സുല്‍താനാക്കി. അദ്ദേഹം സുല്താന് നൂറുദ്ദീന്‍ എന്ന അപര നാമം സ്വീകരിച്ചു. അങ്ങനെ 1347ല്‍ ബഹ്മനി സാമ്രാജ്യം പിറന്നു. കലാപകാരികളെ നിരന്തരമായ കൊല ചെയ്തത് സുല്‍താനെ അസ്വസ്ഥനാക്കിയിരുന്നു. ഒരിടത്ത് കലാപം അമര്‍ത്തുമ്പോള്‍ മറു ഭാഗത്ത് തുടങ്ങുന്നു. അസ്വസ്ഥനായി സുല്താന് കൊട്ടാര ചരിത്രകാരന് ബറനിയെ വിളിച്ച് അഭിപ്രായമാരാഞ്ഞു. സ്ഥാന ത്യാഗം ചെയ്യലാണ് നല്ലതെന്ന് അദ്ദേഹം വ്യംഗ്യേന ഉപദേശിച്ചു. ഭരണം തന്റെ വിശ്വസ്തരെ ഏല്പിച്ച് മക്കത്തേക്ക് പോകുന്നതിനെ കുറിച്ചും ഒരു നിമിഷം ചിന്തിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സൂഫികളെ ഏര്‍പ്പാട് ചെയ്തു. പ്രസിദ്ധനായ ശൈഖ് ശറഫുദ്ദീന്‍ യഹ്യ മനേരി എന്ന മഹാഗുരുവിന്റെ അനുഗ്രഹം വാങ്ങി.
അവസാനമായി സുല്താന് നേരിട്ടത് താഗി എന്നൊരു അമീറിന്റെ കലാപത്തെയായിരുന്നു. അതിനിടക്ക് സാമ്രാജ്യം ഒരു വിധം ശാന്തമായി. പല ഭാഗത്തും ഭരണം ക്രമപ്പെടുത്തിയും ഗവര്‍ണര്‍മാര്‍ക്ക് ഉപദേശം നല്‍കിയും സുല്താന് കര്‍മ നിരതനായി. വീണ്ടും പനി പിടിച്ചെങ്കിലും വിശ്രമിച്ചില്ല. കത്തിയ വാറിലെ ഗോണ്ടല്‍ എന്ന സ്ഥലത്ത് താമസിക്കുമ്പോഴാണ് രോഗം മൂര്‍ച്ഛിച്ചത്. അവിടെ ഒരു ചെറിയ ഗ്രാമത്തില്‍ വച്ചാണ് അന്ത്യം. (20 മാര്‍ച്ച് 1351)
ക്രൂരമായ നിലപാടുകളാണ് സുല്‍താനെ മോശമാക്കിയത്. ആരുടേയും ഉപദേശവും സ്വീകരിച്ചതുമില്ല. പല സൂഫികളെയും സുല്താന് വെറുക്കുകയും വധിക്കുകയും ചെയ്തു. മത പണ്ഡിതന്മാരോടും ദാക്ഷിണ്യമൊന്നും കാണിച്ചില്ല. എന്നാല്‍ പലപ്പോഴും അവരെ വിളിച്ചു വരുത്തി അനുഗ്രഹം വാങ്ങുകയും ചെയ്തു. സുല്‍താനും ഒരു പണ്ഡിതനായിരുന്നു. ഖുര്‍ആന്‍ ഏറെക്കുറെ മനഃ പാഠമായിരുന്നു. ഹിദായ എന്ന കര്‍മ കാണ്ഡവും ഹൃദിസ്ഥാമാക്കി. നല്ല ആരോഗ്യവാനാണ്. പ്രഭാഷണം ഗംഭീരമായിരുന്നു. വാക്കുകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല. മികച്ച പട്ടങ്ങളക്കാരനുമാണ്. വിശ്രമം എന്നൊന്ന് ജീവിതത്തിലുണ്ടായില്ല. പുഴയില്‍ തോണിയിലൂടെ ശത്രുവിനെ പിന്തുടരുമ്പോഴാണ് മരണം കീഴടക്കിയത്. ആഫ്രിക്കയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടു. പണ്ഡിതന്മാരേയം സൂഫികളേയും രാജ്യത്തേക്ക് ക്ഷണിച്ചു. സാംസ്കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തി. ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു സുല്താന്റേത്. ഹിമാലയം മുതല്‍ തെക്ക് ദ്വാര സമുദ്രം വരെ. ലക്നൗ മുതല്‍ താഥ ഷരെ. മഅ്ബറും വാറങ്കലും അടങ്ങുന്ന ദക്കാന്‍. അറബിക്കടല്‍ തീരത്തെ സന്താപൂര്‍, ഹിനൗര്‍, മഞ്ചറൂര്‍, ജുറഫ്ത്തന്, ദഹ്ഫത്തന്‍, ബുഹ്ഫന്, ഫന്തരീന, കാലികൂത്ത് തുടങ്ങിയ കൊച്ചു രാജ്യങ്ങളും സുതാനെ അംഗീകരിച്ചു. ഈ മഹാരാജ്യത്തിന് തൊണ്ണൂറ് തുറമുഖങ്ങളുണ്ടായിരുന്നു. നാനാ ഭാഗത്ത് നിന്നും സമ്പത്ത് ഡള്‍ഹിയിലേക്ക് ഒഴുകി. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരവും ജോറ്. പ്രവിശ്യകള്‍ ഇരുപത്തി മൂന്ന്. ഇത്ര വലിയൊരു സാമ്രാജ്യം അത് വരെ ഉണ്ടായിട്ടില്ല. ഭരണം വികേന്ദ്രീകൃതമല്ലാത്തതിനാല് ഒന്നിച്ചു കൊണ്ടു പോവാന്‍ സുല്താന് പാട് പെടേണ്ടി വന്നു. തനിക്ക് ആണ് മക്കളില്ലാത്തതിനാല്‍ ശരിയാം വിധം ഒരു പിന്‍ഗാമിയില്ലാതെ വന്നു. അത് കൊണ്ടാണ് ഇഷ്ടക്കാരിലൊരാളായ ഫിറോഗ് ഷാ തുഗ്ലക്കിന് അധികാരം കൈമാറിയത്. മരിക്കുമ്പോള്‍ ഫിറോസ് ഒപ്പമുണ്ടായിരുന്നു. വിദേശ പണ്ഡിതരായ ശിഹാബുദ്ദീന് ഉമരി, അല്‍ ഖല്ഖശന്തി, ശിഹാബുദ്ദീന് സഫാദി തുടങ്ങിയ പണ്ഡിതന്മാരാല് അലംകൃതമായിരുന്നു കൊട്ടാരം. അവരൊക്കെ സുല്‍താനെ കുറിച്ച് നല്ലതേ എഴുതിയിട്ടുള്ളു. ഇബ്നു ബത്തൂത്തയും സുല്‍താന്റെ ഔദാര്യത്തെ വാഴ്ത്തുന്നു. എന്നാല്‍ ഇസാമി, സിയാഉദ്ദീന്‍ ബറനി എന്നിവര്‍ക്ക് സുല്‍താനെ അത്രയങ്ങ് ബോധിക്കുന്നില്ല. ഇസാമിക്ക് സുല്താന് കിങ്കരനും അക്രമിയുമാണ്. തലസ്ഥാനമാറ്റ വേളയില്‍ ഇസാമിയുടെ കുടുംബത്തിന് ഡള്‍ഹി വിടേണ്ടി വന്നതില്‍ നല്ല അതൃപ്തിയുണ്ടായിരുന്നു. മാത്രവുമല്ല, ഇസാമിയുടെ പിതാവ് യാത്രാ മദ്ധ്യേ മരിക്കുകയും ചെയ്തു. ബറനിക്കാവട്ടെ, സുല്താന് താണ വിഭാഗങ്ങളോട് ഔദാര്യം കാണിക്കുന്നുവെന്നതായിരുന്നു പ്രശ്നം. പതിനേഴ് വര്‍ഷം ബറനി സുല്താനേടൊപ്പമുണ്ടായിരുന്നു. വൈരുദ്ധ്യങ്ങളുടെ സുല്താനായാണ് അദ്ദേഹം മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ അവതരിപ്പിച്ചത്. സത്യത്തില്‍ ബറനിയാണ് വൈരുദ്ധ്യങ്ങള്‍ സൃഷ്ടിച്ചതെന്നും സുല്താന് ദീര്‍ഘ ദൃഷ്ടിയുള്ള സുല്താനായിരുന്നുവെന്നും ആധുനിക പണ്ഡിതന് കെ.എ. നിസാമി പറയുന്നുണ്ട്.