സ്രഷ്ടാവിനെ ആരാധിക്കുക, സൃഷ്ടികളെ ആരാധിക്കരുത്. സ്രഷ്ടാവ് ഏകനാണ്, അതിനാല്‍ ആരാധ്യനും ഏകനാണ്. സൃഷ്ടിക്കല്‍, പരിപാലിക്കല്‍, സംരക്ഷിക്കല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലായി മനുഷ്യന് അനുഭവിക്കുന്ന അനന്തകോടി അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയാണ് ആരാധനാ കര്‍മങ്ങള്‍. തന്നിമിത്തം സ്രഷ്ടാവോ അനുഗ്രഹങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥനോ അല്ലാതെ ആരാധന അര്‍ഹിക്കുന്നില്ല എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്തമ ദര്‍ശനം.
മനുഷ്യനായി ജനിച്ചവനെയും ജനിക്കാനിരിക്കുന്നവനെയും തന്നെപ്പോലെ ഒരു മനുഷ്യനായി കാണുക. ശരീരം, ബുദ്ധി, മാനം, സ്വത്ത് എന്നീ കാര്യങ്ങള്‍ തന്റേത് സംരക്ഷിക്കും പ്രകാരം അവരുടേതും സംരക്ഷിക്കുക, മാനുഷിക മൂല്യങ്ങളും താല്പര്യങ്ങളും ഹനിക്കാതിരിക്കുക എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന മാനവികത, അഥവാ ഹ്യൂമനിസത്തിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങള്‍ക്കും അര്‍ഹമായ പരിഗണന കൊടുത്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ആത്യന്തിക ദര്‍ശനം മനുഷ്യവര്‍ഗത്തോട് ഉറക്കെ വിളിച്ചുപറഞ്ഞത്.
മനുഷ്യനായി പിറന്നവന്റെയും പിറക്കാനിരിക്കുന്നവന്റെയും ഭൗതിക പാരത്രിക വിജയം, ക്ഷേമം, ഐശ്വര്യം, ആനന്ദം, സുഖം, സന്തോഷം എന്നിവ മത, രാഷ്ട്ര, വര്‍ഗ, വര്‍ണങ്ങള്‍ക്കതീതമായി തന്നെ വിശുദ്ധ ഖുര്‍ആന്‍ ലക്ഷ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ലക്ഷ്യസാക്ഷാത്കാരത്തിന്റെ വഴിയില്‍ അഹിംസ, സാഹോദര്യം, സഹകരണം, സഹായം, നീതി, കരുണ, പരസ്പര സഹിഷ്ണുത തുടങ്ങിയ മാനവികതയുടെ പ്രകടമായ അടയാളങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അനീതി, അക്രമം, അരാജകത്വം, പ്രകോപനം, പരിഹാസം, അവമതിക്കല്‍ തുടങ്ങിയ മാനവിക വിരുദ്ധതകള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചിട്ടുമുണ്ട്. വര്‍ഗം, വര്‍ണം, ലിംഗം, രാഷ്ട്രം, രാഷ്ട്രീയം, സംസ്കാരം, ചിന്ത, ഭാഷ, വേഷം, പ്രായം, ആരോഗ്യം, സമ്പത്ത്, വിജ്ഞാനം, തൊഴില്‍, ധൈര്യം, സ്ഥൈര്യം തുടങ്ങി മര്‍ത്യനെ ഇനം തിരിക്കുന്ന നിഖില മാനദണ്ഡങ്ങള്‍ക്കും അതീതമായി മനുഷ്യന് ഒന്ന് എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ മാനവികതയുടെ സാരാംശം. അതുകൊണ്ട് തന്നെ ദര്‍ശനം, ലക്ഷ്യം, മാര്‍ഗം, സുവിശേഷം, താക്കീത് തുടങ്ങി വിശുദ്ധ ഖുര്‍ആന്‍ പറയാനുള്ളതൊക്കെ എല്ലാവരോടുമാണ്, എല്ലാവരെക്കുറിച്ചുമാണ്.
മനുഷ്യവംശത്തിന്റെ സൃഷ്ടിപ്പ് പരാമര്ശിക്കുന്നവിവിധ സൂക്തങ്ങളില്‍ ‘ഓ മനുഷ്യരേ’ എന്ന് പ്രത്യേകം അഭിസംബോധന ചെയ്തത് ശ്രദ്ധേയമാണ്. ഓ മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിച്ചു. ആ ശരീരത്തില്‍ നിന്ന് അതിന്റെ ഇണയെ സൃഷ്ടിച്ചു. അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ച് ഭൂമിയില്‍ വ്യാപിപ്പിച്ചു’ (4:1). ‘ഓ മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു (49:13). മനുഷ്യരൊക്കെ ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രസ്താവനകള്‍ മനുഷ്യ മക്കള്‍ക്കിടയില്‍ മാനവികതകളുടെ എല്ലാ മാനദണ്ഡങ്ങളും അരക്കിട്ടുറപ്പിക്കാനുള്ള അടിസ്ഥാന സാഹോദര്യ ബോധത്തിലേക്ക് അവനെ കൈപിടിച്ച് നടത്തുകയാണ്.
പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും മാനവിക സന്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്കി പ്രവാചകന്മാരെ നിയോഗിച്ചതും അവര്‍ക്കൊപ്പം വേദഗ്രന്ഥങ്ങളും സന്തുലിതയില്‍ അധിഷ്ഠിതമായ മതനിയമങ്ങളും ഇറക്കിയതും മനുഷ്യര്‍ നീതി പുലര്‍ത്തുന്നതിനാണ്’ (57:25). ഇവിടെ മനുഷ്യര്‍ എന്ന പ്രസ്താവനയും പരിഗണനയും പ്രാധാന്യമര്‍ഹിക്കുന്നു. ‘സുവിശേഷകരും താക്കീത് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്കൊപ്പം സത്യസന്ധമായ വേദഗ്രന്ഥങ്ങളും ഇറക്കി. തര്‍ക്കമുണ്ടാകുന്ന വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിധി പറയുന്നതിനാണിത്’ (2:213). ‘നിങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ രമ്യതയുണ്ടാക്കണം’ (2:224). ഇങ്ങനെ പ്രവാചക നിയോഗത്തിന്റെയും വേദഗ്രന്ഥാവതരണത്തിന്റെയും പിന്നില്‍ വിശുദ്ധ ഖുര്‍ആന്‍ നല്കുന്ന മാനവിക പരിഗണനക്ക് ധാരാളം ഉദാഹരണങ്ങള്‍ വായിക്കാന്‍ കഴിയും.
ഒരേ മാതാപിതാക്കളില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞ് സാഹോദര്യം പഠിപ്പിച്ച ഖുര്‍ആന്‍ മനുഷ്യര്‍ക്കു ലഭ്യമായ അനുഗ്രഹങ്ങളെല്ലാം ഒരേ ഉടമസ്ഥനില്‍ നിന്നാണെന്നു പ്രസ്താവിക്കുന്നു: തീര്‍ച്ച, അല്ലാഹു മനുഷ്യര്‍ക്കുള്ള അനുഗ്രഹങ്ങളുടെ ഉടയവനാണ് (2:243). ഒരേ ഉടമസ്ഥന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുക എന്നത് മാനവിക സാഹോദര്യ ബോധം ഉണര്‍ത്താനുള്ള വിശുദ്ധ വേദത്തിന്റെ മറ്റൊരു വഴിയാണ്. അനുഗ്രഹങ്ങള്‍ക്ക് പുറമേ മനുഷ്യകുലത്തിന്റെ സംരക്ഷണവും മറ്റൊരു വാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലര്‍ക്ക് പ്രതിരോധമായി വെച്ചിട്ടില്ലായിരുന്നെങ്കില് ഭൂമി തന്നെ നാമാവശേഷമാകുമായിരുന്നു. സ്വത്ത് അപഹരിക്കരുത് എന്ന പ്രസ്താവനയിലും മാനവിക പരിഗണന ഖുര്‍ആന്‍ നല്‍കുന്നുണ്ട്: അനര്‍ഹമായി അന്യന്റെ സ്വത്ത് നിങ്ങള്‍ ഭക്ഷിക്കരുത്. കുറ്റകരമായി ജനങ്ങളുടെ സ്വത്തിന്റെ അംശം ഭക്ഷിക്കുന്നതിനായി നിങ്ങള്‍ കേസ് കൂടുകയും ചെയ്യരുത്’ (2:188).
അല്ലാഹുവും അവന്റെ പ്രവാചകരും വേദഗ്രന്ഥങ്ങളും മാനവന്റെ നന്മയും ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി നിലകൊള്ളുമ്പോള്‍ ശത്രുപക്ഷത്ത് പിശാച് മനുഷ്യവര്‍ഗത്തിന്റെ പതനവും പരാജയവുമാണ് ലക്ഷ്യമാക്കുന്നതെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്: ‘പിശാചുക്കള്‍ സത്യനിഷേധികളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണവിദ്യ പഠിപ്പിക്കുകയും ചെയ്യുന്നു’ (2:102). ‘ജനങ്ങളേ, ഭൂമിയില്‍ വിളയുന്നതില്‍ നിന്ന് ഉപകാരമുള്ളതും അനുവദനീയമായതും നിങ്ങള്‍ ആഹരിക്കുക. പിശാചിന്റെ കാല്പാടുകള് നിങ്ങള്‍ പിന്‍പറ്റരുത്. തീര്‍ച്ച, അവന് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്’ (2: 168). അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം, ഹവ്വ, പിശാച് എന്നിവരോട് ഭൂമിയിലേക്ക് ഇറങ്ങാനുള്ള കല്പന നല്കിയ ശേഷം അല്ലാഹു പറഞ്ഞു: ‘നിങ്ങളില്‍ ചിലര്‍ (പിശാച്)ക്ക് ചിലര്‍ക്ക് (മനുഷ്യന്) ശത്രുവാണ് (2:36). ചുരുക്കത്തില്‍, മാനവികതയുടെ ജന്മശത്രുവാണ് പിശാചെന്നാണ് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം.
ഖുര്‍ആന്‍ എണ്ണിപ്പറയുന്ന അനുഗ്രഹങ്ങളിലെല്ലാം മാനവിക പരിഗണനകള്‍ സ്പഷ്ടമാണ്. ‘തീര്‍ച്ച, അല്ലാഹു ജനങ്ങളോട് കൃപയും കരുണയുമുള്ളവനാണ്’ (2:143). ‘ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ (2:164). ‘ചന്ദ്രപ്പിറവികളെക്കുറിച്ച് അവര്‍ അങ്ങയോട് അന്വേഷിക്കും. ജനങ്ങള്‍ക്ക് സമയം കണക്കാക്കാനുള്ള മാനദണ്ഡമാണെന്ന് അങ്ങ് പറയുക’ (2:189).
വിശുദ്ധ ഖുര്‍ആന്റെ കല്പ്പനകളിലും മാനവിക പരിഗണന ധാരാളമുണ്ട്: എന്റെ സമുദായമേ, നിങ്ങള്‍ അളവും തൂക്കവും കൃത്യമായും നീതിയോടെയും നിര്‍വഹിക്കണം. ജനങ്ങളുടെ വസ്തുവഹകളില്‍ കുറവ് വരുത്തുകയോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയോ ചെയ്യരുത് (11:85). ‘ജനങ്ങളോട് സഹിഷ്ണുത കാണിക്കുന്നവരും വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കുന്നവരും സന്തോഷ-സന്താപ വേളകളില്‍ നന്മയില് സ്വത്ത് ചിലവഴിക്കുന്നവരുമാണ് സജ്ജനങ്ങള്‍’ (3:134). ‘ജനങ്ങളില്‍ നിന്ന് ഇങ്ങോട്ട് അളന്ന് വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കി എടുക്കുകയും അവര്‍ക്ക് അങ്ങോട്ട് അളന്നുകൊടുക്കുമ്പോള്‍ കുറവ് വരുത്തുകയും ചെയ്യുന്നവര്‍ക്ക് നാശമാണ്’ (83:1-3). ‘(നിയമജ്ഞന്റെ അനുമതിയോടുകൂടി) പ്രതികാരമെന്ന നിലക്കോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ ശിക്ഷ ആയിട്ടോ അല്ലാതെ ഒരു മനുഷ്യനെ ആരെങ്കിലും വധിച്ചാല്‍ മനുഷ്യ വര്‍ഗത്തെ ആകമാനം വധിക്കുന്നതിന് തുല്യമാണ്. ഒരു മനുഷ്യനെ ആരെങ്കിലും സംരക്ഷിച്ചാല്‍ മനുഷ്യവര്‍ഗത്തെ ആകമാനം സംരക്ഷിച്ചതിന് തുല്യമാണ്’ (5:32). അകാരണമായി തന്നെ കൊല്ലാന്‍ വന്ന സഹോദരനോട് ആദം(അ)ന്റെ പുത്രന് ഹാബീല്‍ പറഞ്ഞ മറുപടി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ‘എന്നെ വധിക്കാനായി നിന്റെ കൈ എനിക്ക് നേരെ ഉയര്‍ത്തിയാലും നിന്നെ കൊല്ലാനായി എന്റെ കൈ നിനക്ക് നേരെ ഞാന്‍ ഉയര്‍ത്തുകയില്ല’ (5:27). ഇങ്ങനെ മാനവികതയുടെ നിസ്തുലമായ പരിഗണനകള്‍ ഖുര്‍ആനില്‍ ഇനിയും ധാരാളമുണ്ട്.
‘മനുഷ്യര്‍ക്കാകമാനം സന്മാര്ഗദര്ശനമായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത്’ (2:195). ‘അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് വിശദീകരിക്കുന്നത്’ (2:187). പള്ളികള്‍ മാനവിക സന്ദേശത്തിന്റെ കേന്ദ്രങ്ങളാണെന്ന പ്രസ്താവന ഖുര്‍ആനില്‍ പലയിടത്തായി ആവര്‍ത്തിക്കുന്നുണ്ട്. പ്രഥമ പള്ളിയായ മസ്ജിദുല്‍ ഹറാമിനെക്കുറിച്ച് പറയുന്നു: ‘ജനങ്ങള്‍ക്കായി സ്ഥാപിച്ച പ്രഥമ ഗേഹം അനുഗ്രഹീത മക്കയിലെ ഭവനമാണ്’ (3:96). ‘വിശുദ്ധ ഭവനമാകുന്ന കഅ്ബയെ അല്ലാഹു ജനങ്ങളുടെ നിലനില്പിന്റെ നിദാനമാക്കി’ (5:97) ‘വിശുദ്ധ ഭവനത്തെ നാം ജനങ്ങളുടെ ആശ്രയവും സുരക്ഷയുമാക്കി’ (2:125).
സ്രഷ്ടാവായ അല്ലാഹുവിന്റെ വചനമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതിനാല്‍ സൃഷ്ടികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ ഒരു കാറ്റലോഗ് കൂടിയാണ്. നിര്‍മാതാവ് തന്റെ ഉല്പന്നങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം ഹ്രസ്വമായി അതില്‍ പരാമര്‍ശിക്കും. ഇപ്രകാരം അത്യന്തികമായും ആധികാരികമായും പൂര്ണാര്ത്ഥത്തിലും അന്യൂനമായും നിസ്തുലമായും അര്‍ഹതയോടെ മാനവികത പറയാന്‍ വിശുദ്ധ ഖുര്‍ആനിന് മാത്രമേ കഴിയൂ. അത് വിഭാവനം ചെയ്യുന്നതാണ് ശരിയായ മാനവികതയും മനുഷ്യത്വവും.
ഇതര മതങ്ങളും ദര്‍ശനങ്ങളും പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും തുടങ്ങി മാനവികതക്ക് വേണ്ടി അവകാശവാദമുന്നയിക്കാത്തവരായി ആരുമില്ല. പക്ഷേ, അതെല്ലാം സ്വന്തം ദര്‍ശനത്തിന് പൊതുസ്വീകാര്യത കിട്ടാനും മറ്റുള്ളവനെ അടിച്ചമര്‍ത്താനുമുള്ള കുറുക്ക് വഴിയായിരിക്കും പലപ്പോഴും.
അര്‍ഹമായ മാവികത വിഭാവനം ചെയ്ത ഖുര്‍ആന്‍ അതിന്റെ ആത്യന്തിക ദര്‍ശനം പങ്കുവെച്ചതും മനുഷ്യരോടാകമാനമാണ്: ‘ഓ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കണം. നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ചവന് അവനാണ്. എങ്കില്‍ നിങ്ങള്‍ ഭയഭക്തിയുള്ളവരാകും. അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പ് പോലെയും ആകാശത്തെ മേല്‍ക്കൂര പോലെയും സംവിധാനിച്ചത്. ആകാശത്തില്‍ നിന്ന് മഴ വര്‍ഷിപ്പിച്ചതും അവനത്രെ. അത് നിമിത്തം ഫലങ്ങള്‍ കായ്പ്പിക്കുകയും നിങ്ങള്‍ക്ക് അതിനെ ഭക്ഷണമാക്കുകയും ചെയ്തു. ആയതിനാല്‍ അല്ലാഹുവിന് നിങ്ങള്‍ തുല്യനെ നിശ്ചയിക്കരുത്. നിങ്ങള്‍ക്ക് വസ്തുതകള്‍ അറിയാവുന്നതാണ്’ (2:21,22). ‘മനുഷ്യരേ, ഒരു ശരീരത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ഭയപ്പെടണം’ (4:1). ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള ദൃഷ്ടാന്തം നിങ്ങള്‍ക്ക് വന്നിട്ടുണ്ട്. വ്യക്തമായ പ്രകാശം നാം നിങ്ങളിലേക്ക് ഇറക്കുകയും ചെയ്തിട്ടുണ്ട്’ (4:174). ‘ഓ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് സത്യമതവുമായി തിരുദൂതര്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ വിശ്വാസികളാകുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം’ (4:170).
ഖുര്‍ആന്റെ ദര്‍ശനം സ്വീകരിക്കണമെന്ന് മാനവികമായി തന്നെ മുഴുവന്‍ മനുഷ്യരോടും ആവശ്യപ്പെടുമ്പോഴും അത് സ്വീകരിക്കാതെ മറ്റു ദര്‍ശനങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ഭൗതികമായ സ്വാതന്ത്ര്യം വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ഒപ്പം അത് തെറ്റാണെന്നും പരലോകത്ത് ശിക്ഷയര്‍ഹിക്കുന്നതാണെന്നും പഠിപ്പിക്കുന്നുമുണ്ട്. ‘നിങ്ങള്‍ അവിശ്വാസികളാകുന്നെങ്കില് ആകാശ ഭൂമികളിലുള്ളതൊക്കെ അല്ലാഹുവിന്റേത് മാത്രമാണ്’ (4: 170). ‘തിരുദൂതരേ, അങ്ങ് പറയുക; അവിശ്വാസികളേ, നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനോ ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളോ ആരാധിക്കുകയുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം (109:1-5).
മറ്റു ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ ഭൗതിക സ്വാതന്ത്ര്യം നല്കുന്നതോടു കൂടി വിശ്വാസത്തിലോ കര്‍മത്തിലോ അനുസരണക്കേട് കാണിച്ചവരെ താക്കീത് ചെയ്തപ്പോഴും ഖുര്‍ആന്‍ മാനവികത അവഗണിച്ചില്ല. ‘നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നരകശിക്ഷയെ ഭയപ്പെടുക. അവിടെ അഗ്നിക്കിരയാക്കപ്പെടുന്നത് മനുഷ്യന്മാരും കല്ലുകളുമാണ്. നന്ദികെട്ട സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ടതാണത്’ (2:24). ഇങ്ങനെ അനവധി പ്രസ്താവനകള്‍ ഖുര്‍ആനില്‍ കാണാം.
വിശുദ്ധ വേദത്തിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാത്തവര്‍ അത് ഉള്‍ക്കൊള്ളുന്നവരോട് പല കാരണങ്ങളാലും വിദ്വേഷവും ശത്രുതയും വെക്കാനും അതിന്റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യത ഖുര്‍ആന്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ തകരുന്നത് മാനവിക മൂല്യങ്ങളായതിനാല് പരിഹാരവും ഖുര്‍ആന്‍ തന്നെ നിര്‍ദേശിച്ചു: ശത്രുത വെച്ച് കൊണ്ട് അക്രമം നടത്തുന്നവരെ ഒന്നുകില്‍ പ്രതിരോധിച്ച് കീഴ്പ്പെടുത്തി മാനവികത പുന:സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അവര്‍ സ്വന്തം രാജ്യത്ത് താമസിക്കുന്നവരാണെങ്കില്‍ ഭരണസ്വാധീനം ഉപയോഗിച്ച് നിയമത്തിന് കീഴ്പ്പെടുത്തി മാനവികത സംരക്ഷിക്കുക. അവര്‍ മറ്റൊരു സ്വതന്ത്ര രാജ്യത്തുള്ളവരാണെങ്കില് അവരുമായി നിരായുധ നിരാക്രമണകരാറുണ്ടാക്കി മാനവികത സംരക്ഷിക്കുക എന്നീ വ്യവസ്ഥകള്‍ യഥാക്രമം (9:36, 9:29, 48:18-ന്റെ അനുബന്ധം) എന്നിവയില്‍ പഠിപ്പിച്ചു.
അക്രമികളെ കൈകാര്യം ചെയ്യുന്നതും പ്രതിരോധിക്കുന്നതും മാനവികതക്കെതിരാണെന്ന് ആരും പറയില്ല. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവര്‍, ഭരണഘടനാ ലംഘനം നടത്തുന്നവര്‍, രാജ്യത്തെ ജനങ്ങള്‍ക്കോ സ്വത്തിനോ സ്വസ്ഥതക്കോ ഭീഷണിയാകുന്നവര്‍ പോലുള്ള കുറ്റവാളികളെ ശിക്ഷിക്കാനുള്ള സുരക്ഷാ നിയമങ്ങള്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കുമുണ്ടാകും. അതൊന്നും ആ രാഷ്ട്രങ്ങളും അവയുടെ ഭരണഘടനകളും ഉയര്‍ത്തിപ്പിടിക്കുന്ന ജനക്ഷേമ മൂല്യങ്ങള്‍ക്കു വിരുദ്ധമല്ല. മറിച്ച് അവയെല്ലാം ജന-രാഷ്ട്ര സുരക്ഷിതത്വത്തിനും ക്ഷേമത്തിനും അനിവാര്യമാണ്. ‘അവിശ്വാസികള്‍ നിങ്ങളോട് മൊത്തമായി ഏറ്റുമുട്ടുന്നത് പ്രകാരം അവരോട് നിങ്ങളും ഒന്നിച്ച് ഏറ്റുമുട്ടുക’ (9:36) എന്ന ഗണത്തിലുള്ള ഖുര്‍ആനിക നിര്‍ദേശം മാനവിക സംരക്ഷണത്തിന് അനിവാര്യമാണ്. ഇത്തരം അക്രമികളെ കീഴ്പ്പെടുത്തിയില്ലെങ്കില്‍ അസമാധാനം കൂടുതല്‍ വ്യാപിക്കുകയും ജീവനും സ്വത്തും ധ്വംസിക്കപ്പെടുകയും ചെയ്യുമല്ലോ.
വിശ്വാസികളില്‍ നിന്നുണ്ടാകുന്ന, മാനവകുലത്തിന് അപായകരമായ പല കുറ്റകൃത്യങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ വധശിക്ഷ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കൊലക്കുറ്റത്തിന് പകരമുള്ള വധശിക്ഷ, വിവാഹാനന്തര ലൈംഗിക വേഴ്ചക്ക് ശേഷമുള്ള വ്യഭിചാരത്തിന് വധശിക്ഷ എന്നിവ ഉദാഹരണം. ഇത്തരം കഠിന ശിക്ഷകള്‍ ഇല്ലാതിരുന്നാലുണ്ടാകാവുന്ന പാതകങ്ങളുടെ വ്യാപനവും അതിനെ തുടര്‍ന്ന് മനുഷ്യവര്‍ഗത്തിന് സംഭവിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് ഇസ്ലാം വധശിക്ഷ നിര്‍ദേശിച്ചത്. ഇതും മാനവികതക്ക് വിരുദ്ധമല്ല. മറിച്ച് അതിന്റെ സംരക്ഷണാര്‍ത്ഥമാണ്. 2:179-ല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ ആശയം പ്രസ്താവിച്ചിട്ടുണ്ട്. വ്യഭിചാരം വ്യാപിച്ചാല്‍ മാനവികതയ്ക്കുണ്ടാകുന്ന വലിയ ഭീഷണി ജാരസന്തതികള്‍ വര്‍ധിക്കുമെന്നതാണ്. വൈവാഹിക ബന്ധങ്ങള്‍ക്കതീതമായ ലൈംഗിക വേഴ്ച മൃഗങ്ങളുടെ സ്വഭാവമാണ്. വൈവാഹിക ലൈംഗിക ബന്ധങ്ങളാണ് മാനവികത. ഗുരുതരമായ ലൈംഗിക രോഗങ്ങളുടെ വ്യാപനക്കാലത്ത് ഇതു സംബന്ധമായ ഇസ്ലാമിക ദര്‍ശനം ഏറെ ഫലപ്രദമാണെന്നു പറയേണ്ടതില്ലല്ലോ.
ഖുര്‍ആനിന്റെ അനുയായികളെയോ ഖുര്‍ആന്‍ അടിസ്ഥാനമായി ഭരണം നടക്കുന്ന രാഷ്ട്രത്തെയോ അവിടുത്തെ ജനങ്ങളെയോ ഒറ്റക്കോ കൂട്ടമായോ അക്രമിച്ച ശേഷം വിശുദ്ധ ഖുര്‍ആനിന്റെ ദര്‍ശനം അംഗീകരിക്കുക, അല്ലെങ്കില്‍ ദര്‍ശനം സ്വീകരിക്കാതെ തന്നെ സമാധാനപരമായി നിയമങ്ങള്‍ അനുശാസിക്കും പോലെ ജീവിക്കാം എന്ന് ഏറ്റുപറയുക എന്നിവയിലൊന്ന് ആ അക്രമിയില്‍ നിന്നുണ്ടായാല്‍ പിന്നീട് അവനെ മുന്‍കഴിഞ്ഞ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന നിസ്തുലമായ മാനവിക സന്ദേശം. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യം സ്വന്തം താല്പര്യപ്രകാരം അര്‍ത്ഥമറിഞ്ഞ് ഉരുവിടുന്നതോടെയാണ് ഒരാള്‍ ഖുര്‍ആനിക ദര്‍ശനം അംഗീകരിക്കുന്നത്. നിയമം അനുശാസിക്കും പ്രകാരം കപ്പം നല്കാന് സന്നദ്ധമാകുന്നതാണ് രണ്ടാമത്തേത്. എത്ര വലിയ ക്രൂരകൃത്യം ചെയ്തവനും രാജ്യദ്രോഹ കുറ്റം ചെയ്തവനും വിഘടനവാദ പ്രവര്‍ത്തനങ്ങളിലൂടെ ആയിരങ്ങളെ കൊലപ്പെടുത്തിയവനും ഈ രണ്ടിലൊരു കാര്യം ചെയ്താല്‍ പിന്നീട് അയാളെ ശിക്ഷിക്കാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നില്ല. ലോകത്തെ ഒരു ന്യായവ്യവസ്ഥയിലും ഭരണഘടനയിലും ഇത്തരമൊരു നിയമം കാണാന്‍ കഴിയില്ല. രാജ്യരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങള്‍ ചെയ്തവന് ഇന്ത്യന്‍ സുപ്രീം കോടതി മുമ്പാകെ രാഷ്ട്ര നിയമങ്ങള്‍ അംഗീകരിക്കാമെന്ന് ഏറ്റുപറഞ്ഞത് കൊണ്ടുമാത്രം അവനെ വെറുതെ വിടുകയില്ല. നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ അതിന് ശേഷവും അവന് ബാധ്യസ്ഥനാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ മാനവികത സ്രഷ്ടാവായ അല്ലാഹുവിന്റേതായതിനാല് മനുഷ്യ നിര്‍മിത നിയമങ്ങളെ വെല്ലുന്നതും അതുല്യവുമാണ്.