ഈയടുത്താണ് ഫെവിക്കോള്‍ ചില പ്രത്യേക രൂപത്തില്‍ ലഹരിക്കായി കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചെറുപ്പ കാലം തൊട്ട് ഫെവിക്കോളും പശകളും കാണുന്നവരാണ് നാം. പണ്ട് കല്യാണ വീടുകളില്‍ റൂം അലങ്കരിക്കാന്‍ തെര്‍മോകോള്‍ കൊണ്ട് ചില കലാപരിപാടികളുണ്ടായിരുന്നു. സ്‌കൂളില്‍ ചാര്‍ട്ട് ഒട്ടിക്കാനും മറ്റും ഫെവിക്കോള്‍ ഉപയോഗിച്ചിട്ടുണ്ട്. വീട്ടില്‍ ആശാരിപ്പണി നടക്കുമ്പോള്‍ മരമൊട്ടിക്കുന്ന ഫെവിക്കോളും കണ്ടു. പെയിന്റടിക്കാരന്‍ കലക്കുന്ന ഫെവിക്കോളും ഓര്‍മയുണ്ട്. അങ്ങനെ ഭിന്നിച്ച് നില്‍ക്കുന്നതിനെ ഒട്ടിച്ചു നിര്‍ത്തുന്ന ഐക്യമത്യത്തിന്റെ ഒരു സങ്കല്‍പ്പമായിരുന്നു ഫെവിക്കോള്‍.
ഏപ്രില്‍ ആദ്യവാരം മലപ്പുറത്തെ മഅ്ദിന്‍ ഡി അഡിഷന്‍ സെന്ററിലെത്തിയപ്പോഴാണ് എന്റെയുള്ളിലെ പാവത്താനായ, ഐക്യമത്യത്തിന്റെ പ്രതിരൂപമായ ഫെവിക്കോള്‍ കൊടും ഭീകരനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ലഹരിമുക്തിക്കായി അവിവിടെയെത്തിയവരില്‍ ഒരാള്‍ പശകൊണ്ട് ജീവിതം തുലച്ചവനാണ്. അദ്ദേഹം സ്വന്തംകഥ പറയാന്‍ തുടങ്ങി: ഡിഗ്രി പഠനത്തിന് വേണ്ടിയാണ് കക്ഷി കോയമ്പത്തൂര്‍ക്ക് ട്രെയിന്‍ കയറിയത്. ഇന്നവന്‍ തീരാദുരിതങ്ങളുടെ ആഴക്കടലിലാണ്. മാരകമായ മയക്കുമരുന്നുകളുടെ അടിമയായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട്, ആരോഗ്യം ശുഷ്‌കിച്ച്, ആന്തരിക അവയവങ്ങളില്‍ ഓട്ടവീണ്, ജീവിതം തീര്‍ത്തും ദുസ്സഹമായിരിക്കുകയാണ്. ആ വിദ്യാര്‍ത്ഥി ഇടറുന്ന വാക്കുകളോടും ഈറനണിയുന്ന നയനങ്ങളോടെയുമാണ് സ്വാനുഭവങ്ങള്‍ പങ്കുവെച്ചത്. പത്താം ക്ലാസിലും പ്ലസ്ടുവിലുമൊക്കെ നന്നായി പഠിച്ചിരുന്ന അവന്‍ നാടും വീടും വിട്ട് കോയമ്പത്തൂരിലെത്തി. സീനിയേഴ്‌സ് പരിചയപ്പെടുത്തിയ ഫെവിക്കോള്‍ ലഹരി കൗതുകത്തിനാണ് ആദ്യം പരീക്ഷിച്ച് നോക്കിയത്. ആദ്യമൊക്കെ കുറച്ച് പ്രയാസം നേരിട്ടെങ്കിലും പിന്നീടത് ചില ആനന്ദങ്ങള്‍ പകര്‍ന്നു. ഒരു രസത്തിന് തുടങ്ങിയ ആ പരീക്ഷണം അവന്റെ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു. ആരും കാണാതെ ഒഴിഞ്ഞ സ്ഥലങ്ങളിലും സ്വകാര്യ മുറിയിലും വെച്ചു പശ ഇടക്കിടെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. അവസാനം അത് ഒഴിച്ചുകൂടാന്‍ പറ്റാതായി. പശക്ക് ലഹരി പോരെന്നായപ്പോള്‍ കഞ്ചാവിലേക്കും കൊക്കെയ്‌നിലേക്കും ബ്രൗണ്‍ ഷുഗറിലേക്കുമെല്ലാം ചെന്നെത്തി. ആസക്തി കത്തിപ്പടര്‍ന്ന് പഠനവും ജീവിതവും കുളംതോണ്ടി. അവസാനം ശരീരം ശക്തമായി പ്രതികരിച്ചപ്പോഴാണ് ആരുടെയോ പ്രേരണയാല്‍ ലഹരി ചികിത്സാ കേന്ദ്രത്തിലെത്തുന്നത്. പതിയെ സാധാരണ ജീവിതത്തിലേക്ക് കടന്നുവരാനുള്ള തീവ്രശ്രമത്തിലാണ് അവനിപ്പോള്‍.
ആ കുട്ടിയോട് ഇടപഴകിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. വരുംവരായ്കകള്‍ ചിന്തിക്കാതെ കെണിയിലകപ്പെട്ട് ജീവിതം ഹോമിക്കുന്ന ആയിരക്കണക്കിന് കൗമാരക്കാരില്‍ ഒരാള്‍ മാത്രമാണവന്‍. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കും എന്താണ് സംഭവിക്കുന്നത്? എവിടേക്കാണ് ഈ കുത്തൊഴുക്ക്?
ഈറനണിയിക്കുന്ന, ഒപ്പം ഞെട്ടിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ പിന്നെയും കേട്ടു, കണ്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം തുലച്ച ഒരുപാട് ജന്മങ്ങള്‍. തിരിച്ചറിവ് ലഭിച്ചപ്പോഴേക്ക് ലഹരി അവരുടെ ജീവിതത്തിന്റെ സര്‍വതും കവര്‍ന്നെടുത്തിരുന്നു. ജീവിതം തിരിച്ച് പിടിക്കാനുള്ള വ്യഗ്രതയിലാണവര്‍ ഇവരില്‍ പലരുമിപ്പോള്‍. ലഹരി മുക്ത കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തുന്നവരുടെ കഥകള്‍ ഏറെയും ഇങ്ങനെയൊക്കെ തന്നെയാണ്. ചില കൗതുകങ്ങളില്‍ തുടങ്ങുന്ന ശീലങ്ങള്‍ ജീവിതം കുട്ടിച്ചോറാക്കുന്നു.
നിങ്ങളും മണക്കുന്നുണ്ട് ആ രൂക്ഷഗന്ധങ്ങള്‍
മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണവും നിര്‍മാര്‍ജ്ജന പ്രയത്‌നങ്ങളും പല വിദ്യാര്‍ത്ഥികളെയും കൗമാരക്കാരെയും അതില്‍ നിന്നകറ്റിയിട്ടുണ്ട്. പക്ഷേ ഭീകരമായൊരു സത്യം മദ്യത്തെക്കാള്‍ മാരകമായ പല ലഹരികള്‍ക്കും നമ്മുടെ കൗമാരക്കാരും വിദ്യാര്‍ത്ഥികളും അടിമപ്പെടുന്നു എന്നതാണ്. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ആശാവഹമല്ല. മയക്കുമരുന്ന്, കഞ്ചാവ് എന്നൊക്കെ ഗൂഗിള്‍ ചെയ്താല്‍ ലഭിക്കുക വിദ്യാര്‍ത്ഥികളും കൗമാരക്കാരും യുവാക്കളും നിറഞ്ഞുനില്‍ക്കുന്ന ലഹരി കടത്തലിന്റെയും മയക്കുമരുന്ന് ശൃംഖലകളുടെയും വാര്‍ത്തകളും ചിത്രങ്ങളുമാണ്. പത്രത്താളുകളില്‍ മിക്കപ്പോഴും കഞ്ചാവ് വേട്ടയും മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടവുമെല്ലാം മഷിപുരളുന്നുണ്ട്. ലഹരി ഉല്‍പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചാനലുകളില്‍ എമ്പാടും നിറയുന്നു. ഭീകരവും സാര്‍വത്രികവുമായ വിപത്തായിരിക്കുകയാണ് ലഹരി-മയക്കുമരുന്ന് വ്യാപാരത്തിന്റെ കാണാച്ചരടുകള്‍.
കരുതിയിരിക്കാം ജാഗ്രതയോടെ
നമ്മുടെ മക്കള്‍ നമ്മുടേതല്ലാതാവുന്നുവോ? ഒന്നും തിരിച്ചുനല്‍കാത്ത ബൊമ്മകളെയാണോ നമ്മള്‍ പാലൂട്ടി പോറ്റുന്നത്. ആശങ്ക അസ്ഥാനത്തല്ല. അതിനാല്‍ നിതാന്ത ജാഗ്രതവേണം. കുട്ടികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കണം. ഒരുവട്ടം പരീക്ഷിച്ച് ഉന്മാദത്തിന് കീഴ്‌പ്പെട്ടാല്‍ ഒഴിയാബാധയായി ജീവിതത്തെതന്നെ കാര്‍ന്നു തിന്നുന്ന ഭീകരസത്വമാണ് സര്‍വ ലഹരികളുമെന്ന് ഓരോ വിദ്യാര്‍ത്ഥിയുടെയും ഹൃദയത്തില്‍ കൊത്തിവെക്കണം. അത്തരമൊരു ബോധത്തില്‍ നിന്നാകണം അവരുടെ പ്രതികരണങ്ങള്‍ വരേണ്ടത്.
മദ്യം, ലഹരി, മയക്കുമരുന്നുകള്‍ ദുരന്ത പ്രതീകങ്ങളായ ഫുക്കുഷിമയോ ചെര്‍ണോബോ നാഗസാക്കിയോ ഒക്കെയായി കുട്ടികള്‍ക്ക് തോന്നണം. അതിന്റെ ഉപയോഗം മലഭോജനത്തേക്കാള്‍ മോശമാണെന്നും കാളകൂടവിഷമാണെന്നും അവര്‍ ഉള്‍ക്കൊള്ളണം. മയക്കുമരുന്നുകളുടെ വലക്കണ്ണികളെ കുറിച്ച് അവര്‍ ബോധവാന്മാരാകണം. അതിന്റെ ഭീകരത ഓരോ രക്ഷിതാവും മക്കളെ പറഞ്ഞു പഠിപ്പിക്കണം. ഒരു കാരണവശാലും മക്കള്‍ ആ കണ്ണികളില്‍ പെട്ടുപോകരുതെന്ന നിര്‍ബന്ധബുദ്ധി രക്ഷിതാക്കള്‍ക്ക് വേണം. സഹോദരന്മാര്‍ക്കും അധ്യാപകര്‍ക്കുമുണ്ടായിരിക്കണം ഈ ജാഗ്രത. സന്നിഗ്ധ ഘട്ടങ്ങളില്‍ അധ്യാപകര്‍ പകച്ചു നില്‍ക്കരുത്. ബാല്യകൗമാരങ്ങളുടെ ലീലാവിലാസങ്ങള്‍ തിരിച്ചറിഞ്ഞ് സൗമ്യനായ തിരുത്തല്‍ ശക്തിയായി അധ്യാപകന്‍ മാറണം. സദാചാരപോലീസിങ്ങും ഗുണ്ടായിസവുമൊന്നും ഇക്കാലത്ത് വിദ്യാര്‍ത്ഥികളുടെയടുത്ത് ചെലവാകില്ല എന്ന് മാത്രമല്ല അത് ഭീകരമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും ചെയ്യും.
രക്ഷിതാക്കളോളം തന്നെ അധ്യാപകര്‍ക്കും കുട്ടികളെ നേര്‍വഴിക്കാക്കുന്നതില്‍ പങ്കുണ്ട്. അധ്യാപകരുടെ ശിക്ഷണപരമായ ഇടപെടലിനെ സദാചാര പോലീസിങ്ങും അവകാശ ലംഘനവുമൊക്കെയാക്കി തീര്‍ത്തത് ചില രക്ഷിതാക്കള്‍ തന്നെയാണ്. മക്കളുടെ ദുഷ് ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കളുടെ ഈ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ല. അത്തരം കൈപ്പേറിയ അനുഭവങ്ങളുണ്ടാകുമ്പോഴേക്ക് അധ്യാപകരെല്ലാം മാളത്തില്‍ പോയി ഒളിച്ചാല്‍ ആ നിസ്സംഗത, സ്വന്തം ഭാവിയോര്‍ത്തുള്ള ആ ഉള്‍വലിയല്‍ ഒരു തലമുറയുടെ തന്നെ സര്‍വനാശത്തിലായിരിക്കും കലാശിക്കുക. കുട്ടികളുടെ സംരക്ഷണത്തിന് രൂപം നല്‍കിയ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ അവധാനതാപൂര്‍വം ചിന്തിച്ചു മാത്രം തീരുമാനമെടുക്കുകയും വേണം. അധ്യാപകര്‍ കുട്ടികളെ ഗുണദോഷിക്കുന്നതു പോലും അനുവദിക്കാതെയല്ല കുട്ടികളുടെ അവകാശ സംരക്ഷണം നടത്തേണ്ടത്.
കറുത്ത കരങ്ങള്‍ നിങ്ങള്‍ക്ക് നേരെയും
വിദ്യാര്‍ത്ഥികളെയും കൗമാരക്കാരെയും കെണിയിലകപ്പെടുത്താന്‍ വജ്രായുധങ്ങളുമായി മയക്കുമരുന്നിന്റെ കറുത്ത കരങ്ങള്‍ വിദ്യാലയങ്ങളിലും കവലകളിലും ഗ്രാമപ്രദേശങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലുമെല്ലാം പതിയിരിപ്പുണ്ട്. മയക്കുമരുന്നിന്റെ ശൃംഖല അത്രത്തോളം വിശാലമാണ്.
കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 3000-ത്തിലധികം മയക്കുമരുന്ന് ഡീലര്‍മാരുണ്ടെന്നാണ് ജില്ലയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്റെ സാക്ഷ്യം. ഇവരുടെ വ്യാപാര ശൃംഖല എത്രമാത്രം വിശാലമായിരിക്കും? നിഷ്‌കളങ്കമായ എത്ര ജീവിതങ്ങളായിരിക്കും ഈ നിലയില്ലാ കയത്തില്‍ വീണ് ഉഴറുന്നുണ്ടാവുക? നിതാന്ത ജാഗ്രത മാത്രമേ നിവൃത്തിയുള്ളൂ.
ആഗോള ഭീകരത
നിയമങ്ങളിലെ പഴുതുകളും നടപ്പിലാക്കുന്നിടത്തെ പാളിച്ചകളുമാണ് ലഹരി മാഫിയകളെ ഇത്രമേല്‍ തടിച്ച് കൊഴുപ്പിച്ചത്. ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് കൈവശം വെച്ചാല്‍ നിഷ്പ്രയാസം കേസുകളില്‍ നിന്നും ഊരിപ്പോരാം. എല്ലാ കേസുകളും ഒതുക്കി തീര്‍ക്കാന്‍ മാഫിയകള്‍ക്ക് സാധിക്കുന്നു. രാജ്യാന്തര വേരുകളുള്ള റാക്കറ്റിനെ ലോക്കല്‍ പോലീസിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഒരു ഇടനിലക്കാരന്‍ കുടുങ്ങിയാല്‍ ബാക്കി ആയിരക്കണക്കിന് ഡീലര്‍മാര്‍ അഞ്ഞൂറോ ആയിരമോ വീതം എടുത്ത് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയാണ് കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നത്. കാസര്‍ഗോഡ് കളനാട്ടിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
കഞ്ചാവ്, ഘഇഉ, കൊക്കെയ്ന്‍, മാജിക് കൂണ്‍, സ്റ്റാമ്പുകള്‍ തുടങ്ങി വൈവിധ്യമേറിയ മയക്കുമരുന്നുകള്‍ ഇന്ന് സുലഭമാണ്. ഇവയുടെ വിതരണത്തിനായി നൂറുകണക്കിന് കണ്ണികള്‍ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍,കോളേജുകളാണ് ഇവരുടെ സുപ്രധാന മാര്‍ക്കറ്റ്.
അന്താരാഷ്ട്ര കണ്ണികള്‍ നമ്മുടെ നാട്ടിലും വലവിരിക്കുന്നുവെന്നാണ് സൂചനകള്‍. മെക്‌സിക്കോയാണ് ലഹരി ഉത്പന്നങ്ങളുടെ കുപ്രസിദ്ധ പറുദീസ. ഗവണ്‍മെന്റിനെയും സൈന്യത്തെയുമൊക്കെ വിറപ്പിച്ചു നിര്‍ത്താന്‍ മാത്രം ശക്തമാണ് അവിടെ ലഹരി മാഫിയ. സാമ്പത്തികമായും സായുധമായും മെക്‌സിക്കന്‍ ലഹരി മാഫിയ വളരെ ശക്തമാണ്. ഈ സംഘങ്ങള്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഇടനിലക്കാര്‍ കൊല്ലാനും ചാകാനും തയ്യാറായി ഉണ്ട്. മെക്‌സിക്കോയിലെ വരക്രൂസ് സ്‌റ്റേറ്റിലെ ബൊക്കെ ദേറിയോ പട്ടണമാണ് മയക്കുമരുന്നുകളുടെ സുപ്രധാന താവളം. പോലീസും പട്ടാളവുമൊന്നും മാഫിയക്ക് പ്രശ്‌നമല്ല. മാഫിയ സംഘങ്ങള്‍ തമ്മില്‍ നിരന്തരം കൊലപാതകങ്ങളും അക്രമങ്ങളും വെട്ടിപ്പിടിത്തങ്ങളും അരങ്ങേറുന്നു. അവര്‍ പരസ്പരം കൊന്നുതീര്‍ക്കട്ടെ എന്ന നിലപാടാണ് ഭരണകര്‍ത്താക്കള്‍ക്കും നിയമപാലകര്‍ക്കും.
അന്താരാഷ്ട്ര തലത്തിലും ഇവരുടെ നെറ്റ്‌വര്‍ക്ക് വളരെ സുശക്തം. ഇവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകളുടെ കുത്തൊഴുക്ക് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. മയക്കുമരുന്നു വ്യാപാരത്തിലൂടെ ഇവര്‍ നേടുന്ന ബില്യണുകള്‍ സര്‍ക്കാര്‍ ഖജനാവുകളെപ്പോലും അപ്രസക്തമാക്കുന്നു. മാഫിയ സമാന്തര സര്‍ക്കാരായി ഓരോ പ്രദേശവും നിയന്ത്രണത്തിലാക്കുകയാണ്. പിന്നെയവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണല്ലോ. ‘എല്‍. ചാവോ ഗസ്മാന്‍’ ഇടയ്ക്കിടെ മീഡിയകളില്‍ നിറയുന്ന പേരാണ്. മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകളുടെ ദാദ, അധോലോക ഡോണ്‍. മെക്‌സിക്കോയില്‍ നിന്ന് കരയും കടലും കടന്ന് മയക്കുമരുന്നുകള്‍ വിവിധ രാജ്യങ്ങളിലേക്ക് ഒഴുക്കുന്ന ഗസ്മാന്‍ മെക്‌സിക്കന്‍ സര്‍ക്കാരിന് എന്നും തലവേദനയായിരുന്നു. അമേരിക്കയുടെ സമ്മര്‍ദഫലമായി മെക്‌സിക്കോയ്ക്ക് അവസാനം ഗസ്മാനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ തന്ത്രപരമായി അയാള്‍ ജയില്‍ ചാടിക്കൊണ്ടേയിരുന്നു. ഇന്നും നിരവധി ഗസ്മാന്‍മാര്‍ പല സര്‍ക്കാറുകള്‍ക്കും തീരാ തലവേദനകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മെക്‌സിക്കോ മാത്രമല്ല മറ്റുപല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും മയക്കുമരുന്നു താവളങ്ങളാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗ് ലോകത്ത് എണ്ണപ്പെടുന്ന ആധുനിക സിറ്റികളിലൊന്നാണ്. എന്നാല്‍ ഇവിടുത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം നാല്‍പത്തിയേഴ് മാത്രമാണെന്നാണ് കണക്ക്. ഇതിന്റെ കാരണം മയക്കുമരുന്നു കള്ളക്കടത്തും മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൂട്ടക്കുരുതികളുമൊക്കെയാണ്.
ഏഷ്യയില്‍ അഫ്ഗാനിസ്ഥാനാണ് മയക്കുമരുന്നുകളുടെ തറവാട്. പാക്കിസ്ഥാന്‍, ഇന്ത്യ, നേപ്പാള്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ് ഇവിടങ്ങളിലേക്കൊക്കൊ കൊക്കെയ്‌നും ബ്രൗണ്‍ഷുഗറും കറുപ്പുമെല്ലാം എത്തുന്നതില്‍ അഫ്ഗാനിസ്ഥാന്റെ കറുത്ത കരങ്ങളുണ്ട്. കള്ളപ്പണം, ഭീകര പ്രവര്‍ത്തനങ്ങള്‍, രാജ്യത്തെ അസ്ഥിരമാക്കല്‍, കൂട്ടക്കുരുതികള്‍ എല്ലാത്തിനും ഹേതുവാകുന്നത് മയക്കുമരുന്നു കടത്തിലൂടെ ലഭിക്കുന്ന ബില്യണുകളാണ്. വലിയ അരക്ഷിതാവസ്ഥയാണ് മയക്കുമരുന്നു മാഫിയകള്‍ ലോകത്തെല്ലായിടത്തും സൃഷ്ടിക്കുന്നതെന്ന് ചുരുക്കം.
മയക്കുമരുന്നുകളുടെ ഇന്ത്യനനുഭവങ്ങള്‍
ഗോവയാണ് ഇന്ത്യയിലെ ലഹരി ഉത്പന്നങ്ങളുടെ ഈറ്റില്ലം. ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന ചൂതാട്ടവും നിശാപാര്‍ട്ടികളും കാസിനോവകളുമെല്ലാം മയക്കുമരുന്നുകളുടെ കുത്തൊഴുക്കിന് ആക്കം കൂട്ടുന്നു. ഗോവയില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്കടക്കം എല്ലാ തരം മയക്കുമരുന്നുകളും എത്തുന്നത്. ലഹരി ഗുളികകള്‍, ഘഇഉ സ്റ്റാമ്പുകള്‍, കൊക്കെയ്ന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങി സര്‍വ ജനുസ്സുകളും ഗോവയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഒഴുകുന്നു. കേരളത്തില്‍ പിടിയിലാകുന്ന അധികപേരും ഗോവയാണ് ഉറവിടമെന്നാണ് വെളിപ്പെടുത്താറുള്ളത്. ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ആന്ധ്ര തുടങ്ങിയ ഇടങ്ങളില്‍ നിന്നൊക്കെയും ലഹരികള്‍ കേരളത്തിലെത്തുന്നുണ്ട്. പക്ഷേ എല്ലാം ‘ഗോവ’യാക്കുമ്പോള്‍ രക്ഷപ്പെടുന്നത് വമ്പന്‍ സ്രാവുകളാണ്.
കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. കടല്‍ മാര്‍ഗവും വായുമാര്‍ഗവുമെല്ലാം എല്ലാ തരം ലഹരികളും കൊച്ചിയില്‍ കുന്നുകൂടുന്നുണ്ട്. അവ ഇടനിലക്കാര്‍ മുഖേനെ നമ്മുടെ കുഗ്രാമങ്ങളില്‍ വരെ എത്തുന്നു. വലിയൊരു നെറ്റ്‌വര്‍ക്ക് തന്നെയാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്.
ജാഗ്രത അനിവാര്യം
മയക്കുമരുന്നുകളുടെ മായികലോകം നമ്മുടെയൊന്നും സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് ബോധ്യപ്പെട്ടല്ലോ. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് മാഫിയകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളെയും കൗമാരക്കാരെയുമാണ് ഇവര്‍ പ്രധാനമായും നോട്ടമിടുന്നത്. ആദ്യമൊക്കെ സൗജന്യമായി സാമ്പിളുകള്‍ നല്‍കുന്നു. പതുക്കെ ലഹരികള്‍ക്ക് അടിമപ്പെടുമ്പോള്‍ ചെറിയ വില ഈടാക്കുന്നു. ഒരാള്‍ ഈ കെണിയില്‍പെട്ടു എന്ന് മനസ്സിലായാല്‍ മാഫിയക്കാരന്‍ വില കുത്തനെ കൂട്ടുന്നു. വാങ്ങാന്‍ പണമില്ലാതെയാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവിന്റെയും മറ്റും വിതരണക്കാരാകും. 100 പൊതികള്‍ വിറ്റാല്‍ സ്വന്തം ഉപയോഗത്തിനുള്ള പൊതികള്‍ ലഭിക്കുന്നു. ക്രമേണ മയക്കുമരുന്ന് കടത്തുകാരും കച്ചവടക്കാരും സാമൂഹ്യ വിരുദ്ധരുമൊക്കെയായി നമ്മുടെ മക്കള്‍ മാറുന്നു. അനവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കരുത് എന്ന ബോര്‍ഡുകള്‍ കടകളിലെല്ലാം കാണാം. നിയപ്രകാരമുള്ള മുന്നറിയിപ്പ്. എന്തൊരു പ്രഹസനമാണിത്! കുട്ടികള്‍ പിടുത്തംവിട്ടതും മയക്കുമരുന്നുകളുടെ ഉപാസകരായതൊന്നും ഭരണകര്‍ത്താക്കള്‍ കാണുന്നില്ലേ?
ഈ ദുരന്തങ്ങള്‍ക്കെല്ലാം പരിഹാരമായി നാം ചിലതു ചെയ്‌തേ പറ്റൂ. സേഫ് ക്യാമ്പസ് പദ്ധതി വളരെ ശക്തമായി നടപ്പിലാക്കണം. സര്‍വരും ഇതില്‍ അണിചേരണം. ലഹരി മാഫിയകളെ തുരത്തിയോടിക്കണം. മയക്കുമരുന്നുകളുടെ കെണിയില്‍പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. മന:ശാസ്ത്ര സമീപനങ്ങളാണ് ഇതിന് വേണ്ടത്. വൈദ്യസഹായങ്ങള്‍ ആവശ്യമായ സമയത്ത് നല്‍കേണ്ടതുണ്ട്. കൗണ്‍സലിങ്ങ് സെന്ററുകളും ഡീ അഡിക്ഷന്‍ സെന്ററുകളും സ്ഥാപിക്കണം. ഗവണ്‍മെന്റ് തലത്തില്‍ തന്നെ കൃത്യമായ ആസൂത്രണത്തോടെ ഇത് നടപ്പിലാക്കണം. സാമൂഹ്യ സംഘടനകളും മതസംഘടനകളുമെല്ലാം ഓരോ ഗ്രാമത്തിലും മയക്കുമരുന്നുകളുടെ ഭീകരതകളെക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നടത്തണം.
മയക്കുമരുന്നകള്‍ക്ക് അടിമപ്പെട്ട് ജീവിതം താറുമാറായ കൗമാരങ്ങളെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കണം. ലഹരികളില്ലാത്ത ജീവിതത്തിലേക്ക് അവരെ ആനയിക്കണം. കുറ്റപ്പെടുത്തി, ഒറ്റപ്പെടുത്തി സാമൂഹ്യ വിരുദ്ധരും മാനസിക രോഗികളുമായി അവരെ മാറ്റരുത്. മയക്കുമരുന്നുകളുടെ മായാലോകത്തു നിന്ന് കൗമാരത്തെയും യുവത്വത്തെയും മോചിപ്പിക്കാതെ നല്ലൊരു ഇന്ത്യയെ, ക്രിയാത്മകമായ ഒരു യുവ തലമുറയെ നമുക്ക് സ്വപ്നം കാണാന്‍ കൂടി കഴിയില്ല. ഗ്രാമങ്ങളില്‍ യുവ കൂട്ടായ്മകളും നാട്ടുകൂട്ടങ്ങളും വളര്‍ത്തിയെടുത്ത് നമ്മുടെ പിഞ്ചോമനകളെ സാധാരണ ജീവിതത്തിലേക്ക് നമുക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും. അതിനുള്ളതാകട്ടെ നമ്മുടെ ഇടപെടലുകള്‍.