ihthikaf-malayalam

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പള്ളികള്‍. മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത ആദരവ് പള്ളികള്‍ക്കുണ്ട്. അതിന് ഉചിതമായ നിദര്‍ശനമാണ് ഇഅ്തികാഫ്. ‘നിയ്യത്തോടെ പള്ളിയിലോ പള്ളിയോടനുബന്ധിച്ച് പിന്നീട് നിര്‍മിക്കപ്പെട്ടതും പള്ളിയല്ലാത്തതാണെന്ന് വ്യക്തമാകാത്തതുമായ പൂമുഖത്തോ താമസിക്കലാണ് ഇഅ്തികാഫ്’ (തുഹ്ഫ: 3/467). നിസ്‌കാരത്തില്‍ നിര്‍ബന്ധമായ അടക്കത്തിനാവശ്യമായതിനേക്കാള്‍ (തുമഅ്‌നീനത്ത്) കൂടുതല്‍ സമയം ഇഅ്തികാഫിന്റെ നിയ്യത്തുവെച്ച് പള്ളിയില്‍ ചെലവിടുന്നതിനാണ് സാങ്കേതികമായി ഇഅ്തികാഫ് എന്നു പറയുക.

പള്ളിയില്‍ മാത്രമേ ഇഅ്തികാഫ് പറ്റുകയുള്ളൂ എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ് (ഫത്ഹുല്‍ ബാരി: 4/272). ഇമാം ഗസ്സാലി(റ) പറയുന്നു: ഇഅ്തികാഫിരിക്കല്‍ സല്‍കര്‍മമാണ്. അത് ഭക്തന്മാരുടെ ഉത്തമ പ്രവര്‍ത്തനങ്ങളില്‍ പെട്ടതുമാണ്. ഇലാഹീ പ്രീതി കരസ്ഥമാക്കുന്നതുള്‍പ്പെടെ പല നന്മകളും ഇതിലൂടെ ലഭ്യമാകും. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് അല്ലാഹുവിന്റെ ഭവനമാണെന്നും ഇതില്‍ പ്രവേശിക്കുന്നവന്‍ അല്ലാഹുവിന്റെ അതിഥിയാണെന്നും കരുതണം (ഇഹ്‌യ: 4/359).

എല്ലായ്‌പ്പോഴും ഇഅ്തികാഫ് സുന്നത്താണ്. റമളാനില്‍ ഇഅ്തികാഫ് ശക്തിയായ സുന്നത്തുണ്ട്. അതിന്റെ അവസാന പത്തില്‍ അതിശക്തിയായ സുന്നത്തും. അവസാന പത്തില്‍ തിരുനബി(സ്വ) ഇഅ്തികാഫിനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് ഹദീസില്‍ കാണാം. അതീവ പവിത്രതയുള്ള ലൈലത്തുല്‍ ഖദ്‌റിനെ സ്വീകരിക്കാനാണ് പ്രവാചകര്‍ ഇങ്ങനെ ചെയ്തിരുന്നത്. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: നബി(സ്വ) റമളാന്‍ അവസാന പത്തില്‍ പതിവായി ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു (സ്വഹീഹുല്‍ ബുഖാരി). അലിയ്യുബ്‌നു ഹസന്‍(റ) പറയുകയുണ്ടായി: റമളാന്‍ മാസത്തില്‍ പത്തു ദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ടു ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് (ബൈഹിഖി).

അനസ്(റ) പറഞ്ഞു: നബി(സ്വ) റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഈ പതിവു മുടങ്ങി. അടുത്ത വര്‍ഷം അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫിരുന്നു (തുര്‍

മുദി, അബൂദാവൂദ്, ഇബ്‌നുമാജ, മിശ്ഖാത്ത്, മിര്‍ഖാത്ത്: 4/329).

അബൂഹുറൈറ(റ) വിവരിക്കുന്നു: നബി(സ്വ) എല്ലാ റമളാനിലും പത്തു ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാതായ വര്‍ഷത്തെ റമളാനില്‍ അവിടുന്ന് ഇരുപതു ദിവസം ഇഅ്തികാഫിലായിരുന്നു (സ്വഹീഹുല്‍ ബുഖാരി, ഫത്ഹുല്‍ബാരി: 4/284).

റമളാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് സുന്നത്തു തന്നെയാണ്. അതിനനവധി പുണ്യങ്ങളുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരെങ്കിലും ഒരു ദിവസം ഇഅ്തികാഫിരുന്നാല്‍ അവന്റെയും നരകത്തിന്റെയും ഇടയില്‍ അല്ലാഹു പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ളത്ര അകലമുള്ള മൂന്നു കിടങ്ങുകള്‍ സംവിധാനിക്കുന്നതാണ് (ത്വബ്‌റാനി, ബൈഹഖി, ഹാകിം).

നോമ്പുകാരനാണെങ്കിലും അല്ലെങ്കിലും രാത്രിയിലും പകലിലും ഇഅ്തികാഫിരിക്കുമ്പോള്‍ ദിക്ര്‍, ദുആ, ഖുര്‍ആന്‍ പാരായണം, വിജ്ഞാന സദസ്സുകള്‍ എന്നിവ കൊണ്ട് ഈ നേരങ്ങള്‍ ധന്യമാക്കണം. പള്ളിയില്‍ പ്രവേശിക്കുമ്പോഴെല്ലാം ഇഅ്തികാഫിന്റെ നിയ്യത്ത് വെക്കല്‍ സുന്നത്താണ്. ഇഅ്തികാഫ് നേര്‍ച്ചയാക്കല്‍ അനുവദനീയവും പുണ്യകര്‍മവുമാണ് (തുഹ്ഫ 3/419). നേര്‍ച്ചയാക്കിയ ഇഅ്തികാഫിന്, അല്ലാത്ത ഇഅ്തികാഫിനേക്കാള്‍ കൂടുതല്‍ പുണ്യവും മഹത്ത്വവുമുണ്ട്. പള്ളിയില്‍ നിന്ന് ഇറങ്ങുന്നത് വരെ അല്ലാഹുവിന് വേണ്ടി ഈ പള്ളിയില്‍ ഞാന്‍ ഇഅ്തികാഫ് നേര്‍ച്ചയാക്കി എന്നു കരുതി പറയല്‍ ഏറ്റവും നല്ല മാര്‍ഗമാണെന്ന് ബുശ്‌റുല്‍ കരീമില്‍ കാണാം.

സഈദ്ബ്‌നു ജുബൈര്‍(റ) സൗബാന്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: ഇശാ-മഗ്‌രിബിനിടയില്‍ നിസ്‌കാരവും ഖുര്‍ആന്‍ പാരായണവുമായി ഇതര സംസാരങ്ങളിലൊന്നുമേര്‍പ്പെടാതെ ആരെങ്കിലും പള്ളിയില്‍ ഇഅ്തികാഫിരുന്നാല്‍ അവന് അല്ലാഹു സ്വര്‍ഗത്തില്‍ രണ്ടു കൊട്ടാരങ്ങള്‍ നിര്‍മിക്കുന്നതാണ്. ഓരോ കൊട്ടാരത്തിന്റെയും വിശാലത ശതവര്‍ഷയാത്രാ ദൂരമായിരിക്കും. രണ്ടു കൊട്ടാരങ്ങള്‍ക്കുമിടയില്‍ അല്ലാഹു അവനായി ധാരാളം മരങ്ങള്‍ വളര്‍ത്തും. ഇഹലോകത്തുള്ളവര്‍ക്കു മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ മാത്രം വിശാലമായിരിക്കും ആ കൊട്ടാരങ്ങള്‍ (ഇഹ്‌യ: 1/363).

 

ഇഅ്തികാഫ് ആര്‍ക്ക്?

ഇസ്‌ലാം, ബുദ്ധി, സ്വബോധം എന്നിവയുള്ള വലിയ അശുദ്ധിയില്ലാത്ത ആര്‍ക്കും ഇഅ്തികാഫിരിക്കാവുന്നതാണ്. വീട്ടില്‍ ഒരു നിശ്ചിത സ്ഥലം പള്ളിയായി വഖ്ഫ് ചെയ്ത് അവിടെ സ്ത്രീകള്‍ക്കും ഇഅ്തികാഫിരിക്കാം. അതേസമയം, വീട്ടില്‍ നിസ്‌കരിക്കാനായി മാറ്റിവെച്ച പള്ളിയായി വഖ്ഫ് ചെയ്യാത്ത റൂമില്‍ സ്ത്രീ ഇഅ്തികാഫിരുന്നാല്‍ പരിഗണിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ(റ)ന്റെ ജദീദായ അഭിപ്രായം. ഖദീമായ അഭിപ്രായം അതു പറ്റുമെന്നുമാണ്. കാരണം, പള്ളി പുരുഷന്മാര്‍ക്ക് നിസ്‌കരിക്കാനുള്ള സ്ഥലമായതു പോലെ വീട് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള സ്ഥലമാണ് (ശര്‍വാനി: 3/466).

ഇമാം കുര്‍ദി(റ)യെ ഉദ്ധരിച്ച് ഇമാം ശര്‍വാനി(റ) എഴുതി: പള്ളിയില്‍ ഇഅ്തികാഫിരിക്കല്‍ യുവതിക്ക് നിരുപാധികം കറാഹത്താണ്. യുവതിയല്ലാത്തവര്‍ ഭംഗിയുള്ളവരും, അണിഞ്ഞൊരുങ്ങിയവരുമാണെങ്കിലും കറാഹത്താകുന്നു. എന്നാല്‍ നാശമുണ്ടാകുമെന്ന് ഭയമുള്ളപ്പോള്‍ അവര്‍ക്ക് ഹറാമാണ് (ശര്‍വാനി: 3/466).

അന്യപുരുഷന്മാരുടെ ദര്‍ശനം, അവരുമായി കൂടിക്കലരല്‍ എന്നിവയുണ്ടാകുന്നിടത്ത് സ്ത്രീകള്‍ ഇഅ്തികാഫിരിക്കല്‍ ഹറാമാണെന്നതില്‍ പണ്ഡിതര്‍ക്കിടയിലഭിപ്രായ വ്യത്യാസമേയില്ല. നബി(സ്വ)യുടെ ഭാര്യമാര്‍ ഇഅ്തികാഫിരുന്നതായ ഹദീസ് ദുര്‍വ്യാഖ്യാനിച്ച് പുത്തന്‍ വാദികള്‍ സ്ത്രീകളുടെ പള്ളിപ്രവേശം ന്യായീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഹദീസും അതിന്റെ കൃത്യമായ മറുപടിയും വിവരണങ്ങളും ശ്രദ്ധിച്ചാല്‍ ആരോപണം അസ്ഥാനത്താണെന്നു ബോധ്യമാകും. ആഇശ(റ)യില്‍ നിന്നു റിപ്പോര്‍ട്ട്: റമളാനിലെ അവസാന പത്തില്‍ നബി(സ്വ) ഇഅ്തികാഫിരിക്കുമായിരുന്നു. ഞാന്‍ പ്രവാചകര്‍ക്ക് പള്ളിയില്‍ ഒരു ടെന്റ് നിര്‍മിച്ചുകൊടുക്കും. സുബ്ഹ് നിസ്‌കാരാനന്തരം അവിടുന്ന് ആ ടെന്റില്‍ പ്രവേശിക്കും. മഹതിയായ ഹഫ്‌സ്വ(റ) ഒരു ടെന്റ് സ്ഥാപിക്കാന്‍ ആഇശ(റ)യോട് അനുവാദം ചോദിച്ചു. അനുമതി കിട്ടിയപ്പോള്‍ അവരും ഒരു ടെന്റ് സ്ഥാപിക്കുകയുണ്ടായി. ഇതു കണ്ട് ജഹ്ശിന്റെ പുത്രി സൈനബ്(റ) മറ്റൊരു ടെന്റ് കെട്ടി. റസൂല്‍(സ്വ) പ്രഭാതത്തില്‍ വന്നപ്പോള്‍ നാല് ടെന്റുകള്‍ കണ്ടു (ഒന്ന് നബിതങ്ങളുടേത്, രണ്ട് ആഇശ ബീവിയുടേത്, മൂന്ന് ഹഫ്‌സ്വ ബീവിയുടേത്, നാല് സൈനബ ബീവിയുടേത്). അവിടുന്ന് ചോദിച്ചു: ഇതെന്താണ്? മറുപടി ലഭിച്ചപ്പോള്‍ തിരുദൂതര്‍ (നീരസത്തോടെ) ഇങ്ങനെ പ്രതികരിച്ചു: ഇവരില്‍ നിങ്ങള്‍ ഗുണമാണോ വിചാരിക്കുന്നത്?! തുടര്‍ന്ന് ആ മാസത്തെ ഇഅ്തികാഫ് നബി(സ്വ) നിറുത്തിവെച്ചു. ശവ്വാലില്‍ നിന്നു പത്തു ദിവസം ഇഅ്തികാഫിരിക്കുകയും ചെയ്തു (ബുഖാരി: 1892).

ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നു ഹജര്‍(റ) കുറിച്ചു: പള്ളിയില്‍ ടെന്റുകള്‍ നിര്‍മിക്കാം. പൊതുപള്ളിയില്‍ ഇഅ്തികാഫിരിക്കാതിരിക്കലാണ് സ്ത്രീകള്‍ക്കുത്തമം. അവള്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കുകയാണെങ്കില്‍ മറയുണ്ടാക്കല്‍ സുന്നത്താണ്. നിസ്‌കരിക്കാന്‍ വരുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന സ്ഥലത്ത് ഇരിക്കരുത്. ഇഅ്തികാഫിന് പള്ളി നിബന്ധനയാണ്. വീട്ടില്‍ മറഞ്ഞിരിക്കാന്‍ കല്‍പിക്കപ്പെട്ടവരാണല്ലോ സ്ത്രീകള്‍. ഇഅ്തികാഫിരിക്കാന്‍ പള്ളിയാവണമെന്ന ഉപാധിയില്ലെങ്കില്‍ ഹദീസില്‍ പറഞ്ഞ അനുവാദം വാങ്ങലും തടയലും ഉണ്ടാവുമായിരുന്നില്ല. സ്ത്രീകള്‍ക്ക് അവരുടെ നിസ്‌കാര റൂമുകളില്‍ ഇഅ്തികാഫിരുന്നാല്‍ മതിയാകുമായിരുന്നല്ലോ (ഫത്ഹുല്‍ബാരി: 6/323).

തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാര്‍ ഇഅ്തികാഫിരുന്നത് പള്ളിയായി വഖ്ഫ് ചെയ്ത അവരുടെ റൂമുകളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുല്‍ ഖാരി(റ) രേഖപ്പെടുത്തി: ‘നബി(സ്വ)യുടെ ഭാര്യമാര്‍ ഇഅ്തികാഫിരുന്നു’ എന്നത്, അവിടുത്തെ ഭാര്യമാരുടെ അന്നത്തെ പ്രവര്‍ത്തനം (ടെന്റ് കെട്ടിയത്) റസൂല്‍(സ്വ) ഇഷ്ടപ്പെട്ടില്ലെന്ന് മുമ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, പ്രവാചക വഫാത്തിന് ശേഷം അവര്‍ ഇഅ്തികാഫിരുന്നത് സ്വന്തം വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതുകൊണ്ടാണ് അവരുടെ (നിസ്‌കാര) സ്ഥലത്ത് ഇഅ്തികാഫിരിക്കലാണ് സുന്നത്തെന്നു കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞത് (മിര്‍ഖാത്ത്, കിതാബുല്‍ ഇഅ്തികാഫ്).

 

രീതിയും ചിട്ടയും

പള്ളിയില്‍ കയറിയാല്‍ ‘അല്ലാഹുവിന് വേണ്ടി ഈ പള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ ഞാന്‍ കരുതി’ എന്ന നിയ്യത്ത് വെക്കല്‍ സുന്നത്താണ്. ഇമാം നവവി(റ) എഴുതി: പള്ളിയിലൂടെ നടന്നുപോകുന്നവനും ഇഅ്തികാഫിനെ കരുതേണ്ടതാണ്. കാരണം പള്ളിയിലൂടെ നടന്നുപോയാലും ഇഅ്തികാഫ് ശരിയാകുമെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും കുറച്ചു സമയം നിന്നതിനു ശേഷം നടന്നുപോകുന്നതാണ് ഉത്തമം (ഇഅ്‌ലാമുസ്സാജിദ്: 349).

ഇമാം ഗസ്സാലി(റ)യുടെ വാക്കുകള്‍ ഇങ്ങനെ: ളുഹ്ര്‍ നിസ്‌കാരവും അതിന്റെ സുന്നത്തും നിര്‍വഹിച്ചു കഴിഞ്ഞാല്‍ അസ്വര്‍ വരെ ദിക്ര്‍, സ്വലാത്ത് തുടങ്ങിയ പുണ്യകര്‍മങ്ങളില്‍ മുഴുകി പള്ളിയില്‍ ഇഅ്തികാഫിരിക്കല്‍ സുന്നത്താണ്. നിസ്‌കാരത്തിന്  ജമാഅത്ത് പ്രതീക്ഷിക്കുന്നതും ഇഅ്തികാഫിലായിരിക്കണം. ഒരു നിസ്‌കാരത്തിനു ശേഷം അടുത്ത നിസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നത് പുണ്യകര്‍മങ്ങളില്‍ പെട്ടതാണ്. അത് പൂര്‍വികരുടെ ശൈലിയുമാണ് (ഇഹ്‌യ: 1/349, മിര്‍ഖാത്ത്: 2/197).

 

ഇഅ്തികാഫ് നഷ്ടപ്പെടാതിരിക്കാന്‍

നിശ്ചിത സമയം നിര്‍ണയിക്കാതെ ഇഅ്തികാഫ് നേര്‍ച്ചയാക്കിയവനും സുന്നത്തായ ഇഅ്തികാഫിരിക്കുന്നവനും തിരിച്ചുവരുമെന്നു മനസ്സിലുറപ്പിക്കാതെ പള്ളിയില്‍ നിന്നു പുറത്തുപോയാല്‍ (മല മൂത്ര വിസര്‍ജനത്തിനായാലും) പിന്നെ പള്ളിയിലെത്തിയ ശേഷം വീണ്ടും ഇഅ്തികാഫിന്റെ നിയ്യത്തുവെക്കണം. എന്നാല്‍ നിശ്ചിത സമയം ഇഅ്തികാഫിന് നിയ്യത്തു ചെയ്തവന്‍ വിസര്‍ജനത്തിനൊഴികെ ഏതു കാര്യത്തിനു പുറത്തുപോയി തിരിച്ചുവന്നാലും വീണ്ടും നിയ്യത്തുവെക്കണം. അതേസമയം തിരിച്ചുവരുമെന്ന് ഉറപ്പിച്ചാണ് പോയതെങ്കില്‍ വീണ്ടും നിയ്യത്ത് വേണ്ടതില്ല.

നിശ്ചിത സമയം ഇഅ്തികാഫ് ഉദ്ദേശിച്ചവന്‍ (തുടര്‍ച്ചയായി ഒരാഴ്ചയെന്നോ മാസമെന്നോ) മലമൂത്ര വിസര്‍ജനത്തിന് (അത്യാവശ്യമില്ലെങ്കില്‍ പോലും) പുറത്തുപോകുന്നതിനു വിരോധമില്ല. പള്ളിക്കകത്തു തന്നെ സൗകര്യമുണ്ടെങ്കിലും നിര്‍ബന്ധ കുളി നിര്‍വഹിക്കാനും നജസ് നീക്കാനും ആഹാരം കഴിക്കാനും പുറത്തുപോകുന്നതിനു കുഴപ്പമില്ല. കാരണം ഇതെല്ലാം പുറത്തുവെച്ചു നിര്‍വഹിക്കുന്നതാണ് പള്ളിയുടെ മഹത്ത്വം കാത്തുസൂക്ഷിക്കാന്‍ കൂടുതല്‍ സഹായകവും മാന്യതയും (തുഹ്ഫ, ഫത്ഹുല്‍ മുഈന്‍: 201). എന്നാല്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ഭാര്യയുമായി സല്ലപിച്ച് സ്ഖലനമുണ്ടായാലും ഇഅ്തികാഫ് ബാത്വിലാകും (തുഹ്ഫ: 3/468, ഫത്ഹുല്‍ബാരി: 4/276).

പള്ളിയുടെ അടുത്ത് വിസര്‍ജന സൗകര്യമുണ്ടായിരിക്കെ അകലേക്കു പോയാല്‍ ഇഅ്തികാഫിന്റെ തുടര്‍ച്ച (മുവാലാത്ത്) മുറിയും. പള്ളിയുടെ പുറത്തുപോകുമ്പോള്‍ അസാധാരണമായ ധൃതി ആവശ്യമില്ല. സാന്ദര്‍ഭികമായി മയ്യിത്തു നിസ്‌കാരത്തില്‍ പങ്കെടുക്കാം. അതിനായി കാത്തു നില്‍ക്കരുത് (തുഹ്ഫ: 3/481). വിസര്‍ജനത്തിനു പുറത്തുപോയാല്‍ വുളൂ എടുക്കാന്‍ സമയം ചെലവിടുന്നത് കൊണ്ട് ഇഅ്തികാഫ് മുറിയുകയില്ല. പക്ഷേ, വുളൂ എടുക്കാന്‍ മാത്രമോ സുന്നത്തു കുളിക്കു വേണ്ടി മാത്രമോ പുറത്തുപോയാല്‍ ഇഅ്തികാഫ് മുറിയും (തുഹ്ഫ: 3/480).

തുടര്‍ച്ചയായ ഇഅ്തികാഫ് നേര്‍ച്ചയാക്കിയപ്പോള്‍ ‘നിശ്ചിത കാര്യങ്ങള്‍ക്കുള്ള സമയമൊഴികെ’ എന്നു കരുതിയിട്ടുണ്ടെങ്കില്‍ ഐഹിക കാര്യങ്ങള്‍ക്കു പുറത്തുപോകാം. വുളൂ, സുന്നത്തു കുളി, രോഗീ സന്ദര്‍ശനം, ആപത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കല്‍, യാത്ര കഴിഞ്ഞെത്തിയവരെ സന്ദര്‍ശിക്കല്‍ മുതലായ പാരത്രിക കാര്യങ്ങള്‍ക്കും പുറത്തുപോകാവുന്നതാണ് (തുഹ്ഫ: 3/479). അനാവശ്യം, അശ്ലീലം, അസഭ്യം, പരദൂഷണം, ഏഷണി, നിഷിദ്ധ കാര്യങ്ങള്‍ ചെയ്യല്‍, ഹറാം ഭക്ഷിക്കല്‍ തുടങ്ങിയകൊണ്ടെല്ലാം ഇഅ്തികാഫിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ് (തുഹ്ഫ: 3/468).

 

ഇഅ്തികാഫ് എവിടെ?

പള്ളിയില്‍ മാത്രമേ ഇഅ്തികാഫ് പറ്റൂ എന്നു പറഞ്ഞല്ലോ. മൂന്ന് പള്ളികളൊഴികെ എല്ലാ പള്ളികള്‍ക്കും ഒരേ മഹത്ത്വമാണ്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വ എന്നിവക്ക് ക്രമപ്രകാരം തന്നെ പുണ്യം കൂടുതലുണ്ട്. നേര്‍ച്ചയാക്കുമ്പോള്‍ ഇതു ശ്രദ്ധിക്കണം. അതായത്, മസ്ജിദുല്‍ ഹറാമില്‍ ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ അവിടെ തന്നെ ഇരിക്കണം. മറ്റെവിടെയും പറ്റില്ല. മസ്ജിദുന്നബവിയില്‍ നേര്‍ച്ചയാക്കിയാല്‍ ഹറമിലും നബവിയിലും പറ്റും. മറ്റെവിടെയും പറ്റില്ല. അഖ്വ്‌സ്വയില്‍ നേര്‍ച്ചയാക്കിയാല്‍ മസ്ജിദുല്‍ ഹറമിലോ നബവിയിലോ അഖ്‌സ്വയിലോ നിര്‍വഹിക്കണം. വേറെ പള്ളിയില്‍ പറ്റില്ല. മറ്റേതു പള്ളിയില്‍ നേര്‍ച്ചയാക്കിയാലും സൗകര്യപ്രദമായ ഏതു പള്ളിയിലും ഇഅ്തികാഫിരിക്കാം നേര്‍ച്ച വീടും. എങ്കിലും എടുത്തുപറഞ്ഞ പള്ളിയില്‍ തന്നെയാവലാണ് മറ്റുള്ളതിനേക്കാള്‍ ഉത്തമം (ശര്‍വാനി, ഇബ്‌നുഖാസിം: 3/467).

ജുമുഅത്ത് പള്ളിയാണ് ഇഅ്തികാഫിന് ഉത്തമം. അവിടെയാണല്ലോ വലിയ ജമാഅത്തുകള്‍ നടക്കുക. ജുമുഅക്കായി പുറത്തുപോകേണ്ട ആവശ്യവുമില്ല. ഇഅ്തികാഫിന് ജുമാമസ്ജിദ് തന്നെ വേണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. ഇഅ്തികാഫ് മഹത്തായ പുണ്യകര്‍മമാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ അവനുവേണ്ടിയുള്ള കാത്തിരിപ്പാണത്. പരലോകത്തേക്കുള്ള സമ്പാദ്യമാണതിന്റെ ഗുണഫലം. ജീവിതത്തിരക്കുകളില്‍ നിന്ന്, ദൈനംദിന ചുറ്റുപാടുകളില്‍ നിന്ന് മനസ്സും ശരീരവും സ്രഷ്ടാവിനുവേണ്ടി ഇച്ഛാപൂര്‍വം ഒതുങ്ങിക്കൂടലാണത്. റമളാന്റെ പുണ്യസമയങ്ങളില്‍ പള്ളിയിലെത്താനും ഇഅ്തികാഫ് നിര്‍വഹിക്കാനും ആരും അശ്രദ്ധരാകാതിരിക്കുക. വിശുദ്ധ ഖുര്‍ആനില്‍ (സൂറത്തുല്‍ ബഖറ 125, 186) ഭജനമിരിക്കുന്നവരെ പ്രത്യേകം പരാമര്‍ശിച്ചത് അതിനു പ്രോത്സാഹനമാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ