നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് ഉദ്ധരണം: തിരുനബി(സ്വ) പറയുകയുണ്ടായി; എന്റെ സമുദായത്തിന് അല്ലാഹു ആദ്യം നിര്‍ബന്ധമാക്കിയത് അഞ്ച് നേരത്തെ നിസ്‌കാരങ്ങളാണ്. അവരുടെ കര്‍മങ്ങൡ നിന്ന് ആദ്യം ഉയര്‍ത്തപ്പെടുന്നതും അതു തന്നെ. അവയില്‍ വല്ലതും നഷ്ടപ്പെട്ടാല്‍ അല്ലാഹു ചോദിക്കും: എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ൡനെ സുന്നത്ത് കൊണ്ട് പൂര്‍ത്തിയാക്കുക.’
നിര്‍ബന്ധമല്ലാത്ത നിസ്‌കാരങ്ങള്‍ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. തിരുനബി(സ്വ) പതിവായി അനുഷ്ഠിച്ചിരുന്നതായി ഹദീസുകൡ നിവേദനം ചെയ്യപ്പെട്ടവയാണ് ഒന്ന്. റവാത്തിബ്, ളുഹാ, വിത്‌റ്, തഹജ്ജുദ് പോലുള്ളവ. ഹദീസില്‍ വന്നതാണെങ്കിലും സാധാരണ അനുഷ്ഠിക്കുന്നതായി ഉദ്ധരിക്കപ്പെടാത്തതാണ് രണ്ടാമത്തേത്. ആഴ്ചയിലും പകലിലും രാത്രിയിലുമായി നിര്‍വഹിക്കേണ്ട വിവിധ നിസ്‌കാരങ്ങള്‍, വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും തിരികെയെത്തുമ്പോഴുമുള്ള നിസ്‌കാരം മുതലായവ. ഹദീസില്‍ വന്നിട്ടില്ലെങ്കിലും അല്ലാഹുവുമായുള്ള സംഭാഷണത്തിന് ആഗ്രഹിച്ച് കൊണ്ടുള്ള നിസ്‌കാരങ്ങള്‍. ഇതാണ് മൂന്നാമത്തേത്. നിരുപാധിക നിസ്‌കാരങ്ങള്‍ (സ്വലാത്ത് മുത്വ്‌ലഖ്) എന്ന് ഇതിന് പറയുന്നു. ഇവ മൂന്നിനും പ്രതേ്യക നാമങ്ങള്‍ ഉണ്ടെങ്കിലും ‘നവാഫില്‍’ എന്നാണ് മൊത്തത്തില്‍ കര്‍മ ശാസ്ത്രം പരിചയപ്പെടുത്തുന്നത്. നിര്‍ബന്ധ നിര്‍ദേശത്തിനപ്പുറം അധികമായി ചെയ്യുന്നത് എന്നാണ് നവാഫിലിന്റെ താല്പര്യം. കാരണബന്ധിതവും സമയബന്ധിതവുമായി തരംതിരിക്കപ്പെട്ട സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് വലിയ മഹത്ത്വമാണുള്ളത്. ഇവയില്‍ എല്ലാ ദിവസത്തിലും ആവര്‍ത്തിച്ച് വരുന്നവയുണ്ട്. അഞ്ച് റവാത്തിബുകള്‍, ളുഹാ, ഇശാ-മഗ്‌രിബിനിടയിലെ നിസ്‌കാരം, തഹജ്ജുദ് എന്നിവയാണത്.
റവാത്തിബുകള്‍
സുബ്ഹിയുടെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരത്തിന് അതിമഹത്തായ പ്രതിഫലമാണുള്ളത്. തിരുനബി(സ്വ) പറഞ്ഞു: സുബ്ഹിയുടെ രണ്ട് റക്അത്ത് നിസ്‌കാരം ഭൗതികലോകത്തേക്കാളും അവയിലുള്ളതിനെക്കാളും ഉത്തമമാണ് (മുസ്‌ലിം 725). ഫര്‍ൡന് മുമ്പാണ് ഇൗ സുന്നത്ത് നിര്‍വഹിക്കേണ്ടത്. ഇതില്‍ സൂറത്തുല്‍ കാഫിറൂനയും ഇഖ്‌ലാസും ഒാതണം. ഇമാം മുസ്‌ലിമും(റ) ബൈഹഖി(റ)യും ആഇശാബീവി(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട്. അലം നശ്‌റഹ്, അലംതറ എന്നീ സൂറത്തുകള്‍ സുബഹിയുടെ സുന്നത്തില്‍ പതിവാക്കുന്നവര്‍ക്ക് മൂലക്കുരു രോഗത്തിന് ശമനം ഉണ്ടാകുമെന്ന് മഹാന്‍മാര്‍ പഠിപ്പിക്കുന്നു (ഫത്ഹുല്‍ മുഇൗന്‍). ഇമാം ഗസ്സാലി(റ) പറഞ്ഞു: സുബ്ഹിയുടെ സുന്നത്തില്‍ അലം നശ്‌റഹ്, അലംതറ എന്നീ സൂറത്തുകള്‍ പതിവാക്കുന്നവര്‍ക്ക് ഒരു ശത്രുവിനേയും പേടിക്കേണ്ടതില്ല. നിരവധി അനുഭവങ്ങള്‍ ഇതിന് സാക്ഷ്യമുണ്ട് (ഇആനത്ത്). സൂറത്തുല്‍ ബഖറയുടെ 136, ആലുഇംറാന്‍ 64 വചനങ്ങളും സുബ്ഹിയുടെ സുന്നത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ളുഹ്‌റിന്റെ മുമ്പ് നാലും ശേഷം നാലും റക്അത്തുകള്‍ സുന്നത്താണ്. മുമ്പും ശേഷവും രണ്ട് റക്അത്താണ് ബലമായ സുന്നത്തുള്ളത്. ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം: ‘ളുഹ്‌റിന്റെ മുമ്പ് നാലും ശേഷം നാലും റക്അത്ത് നിസ്‌കാരം പതിവാക്കുന്നവര്‍ക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിട്ടുണ്ട്’ (തുര്‍മുദി, നസാഇൗ, ഇബ്‌നുമാജ). അസ്വറിന് മുമ്പ് നാല് റക്അത്ത് സുന്നത്തുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്ന്: നബി(സ്വ) അരുളി: അസ്വറിന് മുമ്പ് നാല് റക്അത്ത് നിസ്‌കരിക്കുന്നവരെ അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട്(അബൂദാവൂദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍) അസ്വറിന് മുമ്പ് നബി തങ്ങള്‍ രണ്ട് റക്അത്ത് നിസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് അലി(റ)വില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട്. അസ്വറിന്റെ സുന്നത്ത് പ്രബലമായ സുന്നത്തില്‍ എണ്ണപ്പെടുന്നില്ല. മഗ്‌രിബിന്റെ മുമ്പും പിമ്പും രണ്ട് റക്അത്ത് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുമ്പുള്ളത് പ്രബല സുന്നത്തല്ല. അബ്ദുല്ലാഹില്‍ മുസ്‌നിയില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: മഗ്‌രിബിന് മുമ്പ് നിങ്ങള്‍ രണ്ട് റക്അത്ത് നിസ്‌കരിക്കുക. അവിടുന്ന് തുടര്‍ന്ന് പറഞ്ഞു: നിങ്ങൡ ഉദ്ദേശിക്കുന്നവര്‍ മഗ്‌രിബിന് മുമ്പ് രണ്ട് റക്അത്ത് നിസ്‌കരിക്കുക (ബുഖാരി, അബൂദാവൂദ്). മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്ത് പ്രബലമായ സുന്നത്ത് നിസ്‌കാരമാണ്. ഇബ്‌നു അബ്ബാസില്‍ നിന്ന്: മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്‌കാരത്തല്‍ പള്ളിയിലുള്ളവര്‍ പിരിഞ്ഞ് പോകുന്നത് വരെ തിരുനബി ദീര്‍ഘിപ്പിച്ച് ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നു (അബൂദാവൂദ്). വല്ലതും സംസാരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ പ്രസ്തുത രണ്ട് റക്അത്ത് ഇല്ലിയ്യീനില്‍ എഴുതപ്പെടും (റസീല്‍). സൂറത്തുല്‍ കാഫിറൂന്‍, ഇഖ്‌ലാസ് എന്നീ സൂറത്തുകളാണ് മഗ്‌രിബിന്റെ രണ്ട് റക്അത്തില്‍ പാരായണം ചെയ്യേണ്ടത്. ഇശാഇന്റെ മുമ്പും ശേഷവും രണ്ട് റക്അത്ത് വീതമാണ് സുന്നത്തുള്ളത്. ശേഷമുള്ള രണ്ട് റക്അത്ത് പ്രബല സുന്നത്തുണ്ട്. മുഹമ്മദുബ്‌നുല്‍ മുന്‍കദിര്‍(റ) പറയുന്നു: ഞാന്‍ തിരുനബി(സ്വ)യുടെ കൂടെ ഇശാഇന് ശേഷം രണ്ട് റക്അത്ത് നിസ്‌കരിച്ചു (ബുഖാരി, മുസ്‌ലിം). അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ഒാരോ രണ്ട് വാങ്കുകള്‍ക്കുമിടയില്‍ ഒരു നിസ്‌കാരമുണ്ട് (ഇങ്ങനെ അവിടുന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു). മൂന്നാം തവണ ‘ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രം’എന്നും പറഞ്ഞു. (ബുഖാരി, മുസ്‌ലിം). രണ്ട് വാങ്കുകള്‍ എന്നാല്‍ വാങ്കും ഇഖാമത്തുമാണ്. അതിനിടയില്‍ മഗ്‌രിബായാലും ഇശാആയാലും സുന്നത്ത് നിസ്‌കാരമുണ്ടെന്നര്‍ത്ഥം. സുബ്ഹിയുടെയും സുന്നത്തിന്റെയും ഇടയില്‍ ‘യാ ഹയ്യു യാ ഖയ്യൂം ലാ ഇലാഹ ഇല്ലാ അന്‍ത’ എന്ന് നാല്‍പത് പ്രാവശ്യം ചൊല്ലിയാല്‍ ഇൗമാന്‍ പിഴക്കുകയില്ല. ഇത് ആത്മജ്ഞാനികള്‍ക്ക് സ്വപ്‌നത്തിലൂടെ നബി(സ്വ) അറിയിച്ച് കൊടുത്തതും പരീക്ഷണത്തിലൂടെ തെൡയിക്കപ്പെട്ടതുമാണ് (ഇആനത്ത് 247/1). സുബ്ഹിയുടെ സുന്നത്തിന്റെ ശേഷം ചൊല്ലാനുള്ള വേറെയും ദിക്‌റുകളും ദുആകളും നിര്‍ദേശിക്കപ്പെട്ടവയുണ്ട് (ഇഹ്‌യ 322/23/1). റവാത്തിബ് സുന്നത്തുകള്‍ സംബന്ധിയായി വന്ന ഹദീസുകള്‍ ക്രോഡീകരിച്ചുകൊണ്ട് ഫര്‍ളുകളുടെ എണ്ണം പോലെ പതിനേഴാണ് എന്ന് ചില മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.
ളുഹാ
ളുഹാ പതിവാക്കുന്നത് ശ്രേഷ്ഠ കര്‍മമാണ്. മഹാന്‍മാരായ പ്രവാചകന്‍മാരുടെ നിസ്‌കാരമാണത്. നിരവധി ഹദീസുകള്‍ ഇതു സംബന്ധിയായി കാണാന്‍ കഴിയും. അനസ്(റ)വില്‍ നിന്ന്, നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ഒരാള്‍ പന്ത്രണ്ട് റക്അത്ത് ളുഹാ നിസ്‌കരിച്ചാല്‍ സ്വര്‍ഗത്തില്‍ ഒരു സ്വര്‍ണ സൗധം അയാള്‍ക്ക് അല്ലാഹു നിര്‍മിച്ച് നല്‍കും (തുര്‍മുദി, ഇബ്‌നുമാജ) അബൂദര്‍റില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ശരീരത്തിലെ ഒാരോ സന്ധിക്കും വേണ്ടി ദാനം ചെയ്യേണ്ടതുണ്ട്. ഒാരോ തസ്ബീഹും ധര്‍മമാണ്, ഒാരോ ഹംദും ഒാരോ തഹ്‌ലീലും ഒാരോ തക്ബീറും സദുപദേശവും ധര്‍മമാണ്. ഇതിനെല്ലാം കൂടി രണ്ട് റക്അത്ത് ളുഹാ മതിയാകുന്നതാണ് (മുസ്‌ലിം). സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നാല്‍ (സുമാര്‍ ഇരുപത് മിനിറ്റ്) ളുഹായുടെ സമയമായി. ളുഹായും ഇശ്‌റാഖും ഒന്നാണെന്ന് ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇശ്‌റാഖ് ളുഹായല്ലെന്നാണ് ആധികാരികാഭിപ്രായം. ളുഹായില്‍ കുറഞ്ഞത് രണ്ടും കൂടിയത് എട്ടുമാണെന്ന അഭിപ്രായമാണ് ഫുഖഹാഅ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ടാണ് ഏറ്റവും ശ്രേഷ്ഠം. പന്ത്രണ്ട് വരെ വര്‍ധിപ്പിക്കാം (ഫത്ഹുല്‍ മുഇൗന്‍).
ളുഹാ നിസ്‌കാരത്തിന് നിരവധി വാഗ്ദാനം നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി(റ) പറയുന്നു: പകല്‍ പന്ത്രണ്ട് മണിക്കൂറായി കണക്കാക്കിയാല്‍ ഓരോ മൂന്ന് മണിക്കൂറിലും ഓരോ നിസ്‌കാരമുണ്ട്. സൂര്യോദയം കഴിഞ്ഞ് ആദ്യ മൂന്ന് മണിക്കൂറില്‍ ളുഹാ. അത് കഴിഞ്ഞുള്ള മൂന്ന് മണിക്കൂറില്‍ ളുഹ്ര്‍. പിന്നെ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് അസ്വര്‍. ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മഗ്‌രിബ്. അപ്പോള്‍ സൂര്യോദയത്തിന്റെയും മധ്യാഹ്നത്തിന്റെയും ഇടയില്‍ ളുഹാക്ക് മധ്യാഹ്നത്തിന്റെയും അസ്തമയത്തിന്റെയും ഇടയിലെ അസ്വറിന്റെ സ്ഥാനമാണ്. അസ്വര്‍ നിര്‍ബന്ധമാണെന്ന് മാത്രം (ഇഹ്‌യ 207/1). ളുഹായില്‍ ‘വശ്ശംസി, വള്ളുഹാ വല്ലൈലി’ എന്നീ സൂറത്തുകള്‍ ഓതല്‍ സുന്നത്താണ്. ബൈഹഖി(റ) ഇത് സംബന്ധിച്ച ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കാഫിറൂനയും ഇഖ്‌ലാസും ഓതണമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണാം (തുഹ്ഫ 237/1). ളുഹാ നിസ്‌കാരത്തിന് ശേഷം പ്രത്യേക ദുആകളും ദിക്‌റുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് (ശര്‍വാനി 231/1, ജമല്‍ 485/1, ബിഗ്‌യ 55/1).
അവ്വാബീന്‍ നിസ്‌കാരം
ഇശാ-മഗ്‌രിബിനിടയിലാണ് ഇതിന്റെ സമയം. നിരവധി മഹത്ത്വങ്ങളുള്ള പ്രസ്തുത നിസ്‌കാരം ആറ് റക്അത്താണ്. സൂറത്തുസ്സജദയുടെ 16-ാം വചനത്തില്‍ (കിടക്കുന്ന വിരിപ്പുകളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ അകന്നു പോകും) പരാമര്‍ശിച്ചത് അവ്വാബീന്‍ നിസ്‌കാരത്തെ കുറിച്ചാണെന്ന് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്. ഹസന്‍(റ) പറഞ്ഞു: തിരുനബിയോട് ഈ വചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി, അത് ഇശാ-മഗ്‌രിബിനിടയിലെ നിസ്‌കാരമാണെന്നായിരുന്നു. ശേഷം നബി(സ്വ) പറഞ്ഞു: അത് പകലിലെ ദോഷം പൊറുപ്പിക്കുന്നതും അതിന്റെ അന്ത്യത്തെ ശുദ്ധിയാക്കുന്നതുമാണ് (ഇഹ് യ 251/1). ഉമ്മുസലമ(റ)യില്‍ നിന്നും അബൂഹുറൈറ(റ)യില്‍ നിന്നും നിവേദനം. നബി(സ്വ) പറഞ്ഞു: മഗ്‌രിബിന് ശേഷം ഒരാള്‍ ആറ് റക്അത്ത് നിസ്‌കരിച്ചാല്‍ പൂര്‍ണമായ ഒരു വര്‍ഷത്തെ നിസ്‌കാരം പോലെയാണ്. അല്ലെങ്കില്‍ ലൈലത്തുല്‍ ഖദ്‌റില്‍ നിസ്‌കരിച്ചതിന് തുല്യമാണ് (ഇഹ്‌യ 363/1). ശ്രേഷ്ഠവും ഉത്തമവുമായ സമയമാണ് ഇശാ-മഗ്‌രിബിനിടയിലെ സമയം. പ്രസ്തുത സമയം ആരാധന കൊണ്ട് സജീവമാക്കുകയാണ് സ്വലാത്തുല്‍ അവ്വാബീന്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പകലിന്റെ അന്ത്യവും രാത്രിയുടെ തുടക്കവും ആരാധനകളുടെ രാജാവായ നിസ്‌കാരം കൊണ്ട് സജീവമാക്കലും ഇതിന്റെ പ്രധാന ഫലങ്ങളില്‍ പെട്ടതാണ്.
വിത്ര്‍
രാത്രിയിലെ അവസാന നിസ്‌കാരമാണ് വിത്ര്‍. ഇശാഇന് ശേഷമാണ് വിത്‌റിന്റെ സമയം. വിത്ര്‍ ഏറ്റവും കുറഞ്ഞത് ഒരു റക്അത്തും പൂര്‍ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നുമാണ്. അടുത്ത പടിയിലുള്ളത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതുമാണെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തി. സമ്പൂര്‍ണമായ വിത്ര്‍ പതിനൊന്ന് റക്അത്താണ്. പതിനൊന്നില്‍ കൂടുതല്‍ വിത്ര്‍ നിസ്‌കരിക്കാന്‍ പാടില്ല. ഒറ്റയിലാണ് അവസാനിക്കേണ്ടത് (തുഹ്ഫ 225/1). ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ഒരാള്‍ ളുഹാ നിസ്‌കരിക്കുകയും മാസത്തില്‍ ഒരു നോമ്പനുഷ്ഠിക്കുകയും നാട്ടിലോ യാത്രയിലോ വിത്ര്‍ ഒഴിവാക്കാതിരിക്കുകയും ചെയ്താല്‍ രക്തസാക്ഷിയുടെ പ്രതിഫലം എഴുതപ്പെടും (ത്വബ്‌റാനി). മൂന്ന് കൊണ്ട് നിസ്‌കരിക്കുമ്പോള്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ കാഫിറൂനയും മൂന്നാമത്തേതില്‍ ഇഖ്‌ലാസുമായിരുന്നു തിരുനബി(സ്വ) ഓതിയിരുന്നത് (നസാഈ, ഇബ്‌നുമാജ). വിത്ര്‍ നിസ്‌കാരത്തിന് ഹദീസുകളില്‍ നിരവധി മഹത്ത്വങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരു തിരുവചനം ഇങ്ങനെ: പ്രതാപിയും ഉന്നതനുമായ അല്ലാഹു നിങ്ങളെ ഒരു പ്രത്യേക നിസ്‌കാരം കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. അത് നിങ്ങള്‍ക്ക് ചുവന്ന ഒട്ടകത്തേക്കാള്‍ ഉത്തമമാണ്. അതാണ് വിത്ര്‍ നിസ്‌കാരം. ഇശാഇനും പ്രഭാതം വെളിപ്പെടുന്നതിനുമിടയിലുള്ള സമയമാണതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് (തുര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജ). വിത്ര്‍ നിസ്‌കാരം കഴിഞ്ഞാല്‍ ‘സുബ്ഹാന മലിക്കുല്‍ ഖുദ്ദൂസ്’ എന്ന് മൂന്ന് തവണ ചൊല്ലലും മൂന്നാമത്തേതില്‍ അല്‍പം ശബ്ദമുയര്‍ത്തലും സുന്നത്താണ്.
തഹജ്ജുദ്
രാത്രിയിലെ അതിപ്രധാനമായ സുന്നത്ത് നിസ്‌കാരമാണ് തഹജ്ജുദ്. ഖുര്‍ആനിലും സുന്നത്തിലും ഇത് സംബന്ധിയായി ധാരാളം പ്രോത്സാഹന വചനങ്ങളുണ്ട്. രാത്രിയുടെ നിശ്ശബ്ദതയില്‍ മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കപ്പെടുന്ന തഹജ്ജുദിന് വലിയ മഹത്ത്വങ്ങളാണുള്ളത്. ജ്ഞാനികളും അജ്ഞരും തുല്യരാണോ (വി.ഖു 39/9) എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. ഈ ഖുര്‍ആന്‍ വചനത്തെ ഇമാം സുഹ്‌റവര്‍ദി ഇങ്ങനെ വ്യാഖ്യാനിച്ചു: ‘ഇവിടെ അല്ലാഹു ജ്ഞാനികളെന്ന് പറഞ്ഞത് രാത്രിയില്‍ എഴുന്നേറ്റ് നിസ്‌കരിക്കുന്നവരെ കുറിച്ചാണ്. ജ്ഞാനവും ബോധവുമുള്ളതുകൊണ്ടാണ് ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് അടിമയാകാതെ ശയ്യയില്‍ നിന്ന് അവര്‍ ഉയരുന്നത്.’ രാത്രിയില്‍ എണീറ്റ് നിസ്‌കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഐശ്വര്യവും സ്ഥാന മഹിമയും കൂടുതല്‍ ഹദീസുകളില്‍ കാണാം. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: അബ്ദുല്ല നല്ല ആളാണ്. അദ്ദേഹം തഹജ്ജുദ് നിസ്‌കരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. ഇതിന് ശേഷം ഇബ്‌നു ഉമര്‍(റ) രാത്രിയില്‍ അല്‍പം മാത്രമേ ഉറങ്ങിയിരുന്നുള്ളൂ (ബുഖാരി, മുസ്‌ലിം). അബൂഹുറൈറയില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: രാത്രി എഴുന്നേറ്റ് (സുന്നത്ത്) നിസ്‌കരിച്ചവനേയും ഭാര്യയെ വിളിച്ചുണര്‍ത്തി, ഉണരുന്നില്ലെങ്കില്‍ മുഖത്ത് വെള്ളം കുടഞ്ഞ് എഴുന്നേല്‍പിച്ചവനേയും അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട്. അത്‌പോലെ രാത്രി എണീറ്റ് സുന്നത്ത് നിസ്‌കരിച്ച സ്ത്രീയെയും ഭര്‍ത്താവിനെ വിളിച്ചു, ഉണരുന്നില്ലെങ്കില്‍ മുഖത്ത് വെള്ളം കുടഞ്ഞുണര്‍ത്തിയ സ്ത്രീയെയും അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട് (ഇബ്‌നുമാജ, അബൂദാവൂദ്). ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തി: രാത്രി പകുതി ഭാഗം കഴിഞ്ഞ് രാവിന്റെ ആറിലൊന്ന് അവശേഷിക്കുന്ന നേരത്ത് തഹജ്ജുദിന് എഴുന്നേല്‍ക്കുക. രാത്രി ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള നിസ്‌കാരത്തിനേ തഹജ്ജുദ് എന്ന് പറയൂ (ഇഹ്‌യ 356/1).
തസ്ബീഹ് നിസ്‌കാരം
ഏറെ ശ്രേഷ്ഠതയുള്ളതും പ്രത്യേക സമയമില്ലാതെ ജീവിതത്തില്‍ പലപ്പോഴും നിര്‍വഹിക്കേണ്ടതുമായ ഒരു സുന്നത്താണ് തസ്ബീഹ് നിസ്‌കാരം. പല സന്ദര്‍ഭങ്ങളിലായി ചൊല്ലത്തീര്‍ക്കുന്ന മുന്നൂറ് തസ്ബീഹുകളാണ് ഇതിന്റെ സവിശേഷത.
കാരണബന്ധിത സുന്നത്ത് നിസ്‌കാരങ്ങള്‍ ഒമ്പതെണ്ണമുണ്ട്. ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, മഴക്ക് വേണ്ടിയുള്ള നിസ്‌കാരം, പള്ളിയില്‍ പ്രവേശിച്ചാലുള്ള തഹിയ്യത്ത്, വുളൂഇന്റെ രണ്ട് റക്അത്ത്, വാങ്ക്-ഇഖാമത്തിനിടയില്‍ രണ്ട് റക്അത്ത്, വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും വീട്ടില്‍ പ്രവേശിക്കുമ്പോഴും രണ്ട് റക്അത്ത് എന്നിവയാണവ. റമളാന്‍ സ്‌പെഷ്യല്‍ നിസ്‌കാരമായ തറാവീഹ് ഒഴിച്ചാല്‍ മുകളില്‍ പരിചയപ്പെടുത്തിയവയെല്ലാം പരലോക രക്ഷക്കായി മതം പഠിപ്പിച്ചതാണ്. ഇവയത്രയും സമയവും സന്ദര്‍ഭവും ഉണ്ടാക്കിയെടുത്ത് അനുഷ്ഠിക്കാന്‍ വിശ്വാസികള്‍ തയ്യാറാവേണ്ടതുണ്ട്.