അനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഖുറാസാന്‍. ജൈഹൂന് നദി കിഴക്ക് ഭാഗത്തും ഖറാറിസ് പീഠഭൂമി തെക്ക് ഭാഗത്തും ഖസ്റ് തടാകം പടിഞ്ഞാറ് ഭാഗത്തും അതിരിടുന്ന പുരാതന ഖുറാസാന്‍ ഇന്ന് ഉസ്ബക്കിസ്ഥാന് എന്നറിയപ്പെടുന്നു. തുര്‍ക്കുമനിസ്ഥാന്‍, താജികിസ്ഥാന്‍, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന വിശാലമായ പ്രദേശമാണിത്. ലോക പ്രശസ്ത പണ്ഡിതന്മാരുടെ ജനനം കൊണ്ടും ഈ പ്രദേശം പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ), ഇമാം മുസ്ലിം(റ), ഇമാം ഫഖ്റുദ്ദീനുറാസി(റ), ഇമാം തുര്‍മുദി(റ), ഇമാം തഫ്താസാനി(റ) തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
ഇസ്ലാമിക നാഗരികതയാല്‍ പ്രശോഭിതമായ ഉസ്ബക്കിസ്ഥാനിലെ സമര്ഖന്ദിനടുത്തുള്ള ബുഖാറയില്‍ ഹിജ്റ 194 ശവ്വാല്‍ പതിമൂന്നിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് അബൂഅബ്ദുല്ല മുഹമ്മദ് ബ്നു ഇസ്മാഈല്‍ ബുഖാരി(റ)വിന്റെ ജനനം. അബാസിയ്യ ഖലീഫമാരില്‍ പ്രമുഖരായ ഹാറൂന്‍ റഷീദിന്റെ മകന് അമീനാണ് അന്നത്തെ ഖലീഫ. സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു മഹാരഥന്റെ ജീവിതം. അബുല്‍ ഹസന് ഇസ്മാഈലുബ്നു ഇബ്റാഹീം ആണ് പിതാവ്. വലിയൊരു വ്യാപാര ശൃംഖലയുടെ ഉടമയായിരുന്ന അദ്ദേഹം കച്ചവടാവശ്യത്തിനായി നടത്തിയ യാത്രകള്‍ വിജ്ഞാന സമ്പാദനത്തിനായും ഉപയോഗിച്ചു. ഒരിക്കല്‍ ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട അദ്ദേഹം മാലികി കര്‍മശാസ്ത്ര സ്ഥാപകനായ ഇമാം മാലിക് ബ്നു അനസ്(റ)ന്റെ ശിഷ്യത്വം സ്വീകരിച്ചു. അബ്ദുല്ലാഹിബ്നു മുബാറക് (റ)വിനോടും മഹാന് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി മഹത്ത്വങ്ങള്ക്കുടമയായ ഉപ്പ ഇസ്മാഈല്‍(റ), ബുഖാരി(റ)വിന്റെ ചെറുപ്രായത്തില്‍ തന്നെ പരലോകം പുല്‍കുകയുണ്ടായി. ശേഷം ഉമ്മയുടെ സംരക്ഷണത്തിലായിരുന്നു ജീവിതം. അനാഥനായിത്തീര്ന്നെങ്കിലും അതിന്റെ ഒരു കുറവും അറിയിക്കാതിരിക്കാന്‍ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഇതിനിടക്ക് ഇമാം ബുഖാരി(റ)വിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മകന്റെ അന്ധതയില്‍ അതീവ ദുഃഖിതയായ ഉമ്മക്ക് ഒരു ദിവസം പോലും സന്തോഷത്തോടെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം പടച്ച റബ്ബിന്റെ വിധിയാണെന്ന് കരുതി സമാശ്വസിച്ചു. തപിക്കുന്ന മനസ്സോടെയും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയും നിരവധി തവണ ഉമ്മ അല്ലാഹുവിലേക്ക് കൈയുയര്‍ത്തി തന്റെ വേദനകള്‍ നിരത്തി. അതിനു ഉത്തരമെന്നോണം ഒരു രാത്രി മഹതി ഉറങ്ങുന്നതിനിടയില്‍ ഖലീലുല്ലാഹി ഇബ്റാഹീം നബി അ)നെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകളുടെ ഫലമായി മകന്റെ കാഴ്ച്ച തിരിച്ചു നല്കിയിരിക്കുന്നു.’ ഏറെ കാലത്തിനു ശേഷം ആ മുഖത്ത് സന്തോഷം കളിയാടിയത് അന്നായിരുന്നു. പ്രഭാതത്തില്‍ ഉമ്മക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു കണ്ണിന്റെയും കാഴ്ച്ച തിരിച്ചുകിട്ടിയ പൊന്നുമോനെ.
വിജ്ഞാന രംഗത്തേക്ക്
നന്നേ ചെറുപ്പത്തില്‍ തന്നെ ബുഖാരി(റ) വിജ്ഞാനത്തോട് അതിയായ താല്പര്യം കാണിച്ചു. അസാധാരണ ബുദ്ധിശക്തിയും ഗ്രാഹ്യശക്തിയും എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനും സഹായിച്ചു. കുടുംബത്തിന്റെ ആത്മീയത മുറ്റിയ പശ്ചാത്തലവും നാടിന്റെ പാരമ്പര്യവും പഠനത്തില്‍ സ്വാധീനം ചെലുത്തി.
ഹിജ്റ 205-ലാണ് വിജ്ഞാന രംഗത്തേക്ക് അദ്ദേഹം കാലെടുത്തുവെക്കുന്നത്. പ്രാഥമിക പാഠശാലയില്‍ വെച്ചുതന്നെ ഇബ്നുല്‍ മുബാറക്(റ)ന്റെ ഹദീസ് ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കി. മഹാന്റെ കുടുംബവുമായി ബന്ധമുള്ളവരും ബുഖാറ അമീറിന്റെ പൗത്രനുമായ അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ മുസ്നദി(റ), ശൈഖ് മുഹമ്മദുബ്നു സലാം(റ), ഹാറൂനുബ്നു അശ്അസ്(റ), മുഹമ്മദ്ബ്നു യൂസുഫ്(റ) തുടങ്ങിയ അഗ്രേസരരായ പണ്ഡിത ജ്യോതിസ്സുകളാണ് പ്രാഥമിക തലത്തിലെ ഗുരുനാഥന്മാര്. 10-ാം വയസ്സില്‍ വഖീഅ്(റ)വിന്റെ ഗ്രന്ഥങ്ങളും മന:പാഠമാക്കി. അതേ സമയത്തു തന്നെ ഖുര്‍ആനും ഹൃദിസ്ഥമാക്കിയിരുന്നു.
ഹിജ്റ 210-ല്‍ ഉമ്മയോടും സഹോദരന് അഹ്മദിനോടുമൊപ്പം മക്കയിലേക്കു പോയി. തീര്‍ത്ഥാടനത്തോടൊപ്പം അറിവ് ശേഖരണത്തിനുള്ള യാത്ര കൂടിയായിരുന്നു ഇത്. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം സഹോദരനും ഉമ്മയും സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ബുഖാരി(റ) മക്കയില്‍ തന്നെ താമസിച്ചു. അബുല്‍ വലീദ് അഹ്മദ്ബ്നു മുഹമ്മദ് അല്‍ അര്സഖി(റ), അബൂബക്കര്‍ അബ്ദില്ലാഹിബ്നു സുബൈര്‍ അല്‍ ഹുദൈദി(റ), അബ്ദില്ലാഹിബ്നു യസീദ് അല്‍ മുഖ്രിഅ്(റ) തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മക്കയില്‍ നിന്നും മടങ്ങിയ ഇമാം ഉപരിപഠനത്തിനായി ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ വിജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും കേന്ദ്രങ്ങൡലേക്ക് യാത്രതിരിച്ചു. ഈജിപ്ത്, സിറിയ (ശാം) എന്നിവിടങ്ങളിലെ പാഠശാലകളിലേക്ക് രണ്ടു പ്രാവശ്യവും ബസ്വറയിലേക്ക് നാലു പ്രാവശ്യവും യാത്ര ചെയ്തു. ഹിജാസില്‍ ജ്ഞാന സമ്പാദത്തിനായി ആറു വര്‍ഷക്കാലം താമസിച്ചു. ഇമാം പറയുന്നു: എത്ര പ്രാവശ്യമണ് കൂഫയിലേക്കും ബഗ്ദാദിലേക്കും അറിവ് ശേഖരിക്കാന്‍ വേണ്ടി യാത്ര ചെയ്തതെന്ന് എനിക്ക് ക്ലിപ്തപ്പെടുത്താനാവില്ല (സിയറു അഅ്ലാമിന്നുബലാഅ്).
ഈ കാലങ്ങളില്‍ സമയത്തിന്റെ സിംഹഭാഗവും ഹദീസ് പഠനത്തിനാണു മാറ്റിവെച്ചത്. പഠനത്തിന് മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമായ ശൈലിയും സ്വീകരിച്ചിരുന്നു. ഹദീസുകള്‍ അവ ആരിലൂടെയൊക്കെയാണ് പ്രവാചകരില്‍ നിന്നും കൈമാറിപ്പോന്നതെന്നും (സനദ്) റിപ്പോര്‍ട്ടര്‍മാരുടെ വിശ്വാസ്യത, ജന്മസ്ഥലം, ഗുരുനാഥന്മാര്, ശിഷ്യഗണങ്ങള്‍, അധ്യാപന രീതികള്‍ തുടങ്ങിയവ വ്യക്തതയോടെയും സൂക്ഷ്മതയോടെയും മനസ്സിലാക്കുന്നതായിരുന്നു ഇമാമിന്റെ ശൈലി. ഹദീസുകളുടെ സ്വീകാര്യത സൂക്ഷ്മമായി അന്വേഷിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഈ രീതി പില്കാലത്ത് ബുഖാരിയന്‍ ശൈലി എന്ന പേരില്‍ പ്രസിദ്ധമായി. ബുഖാരി(റ) പറയുന്നു: ‘ഒരു ലക്ഷം സ്വഹീഹായതും രണ്ടു ലക്ഷം സ്വഹീഹല്ലാത്തതുമായ ഹദീസുകള്‍ ഞാന്‍ മന:പാഠമാക്കിയിട്ടുണ്ട്.’
ഓര്‍മശക്തി
ഇമാം ബുഖാരി(റ)ന്റെ ഓര്മ ശക്തി പ്രസിദ്ധമാണ്. ഒറ്റത്തവണ വായിച്ചതത്രയും മനസ്സില്‍ പതിയുമായിരുന്നു. ഇതു കണ്ട ജനങ്ങള്‍ അത്ഭുതത്തോടെ, ഇമാം പ്രത്യേക മരുന്ന് കഴിക്കുന്നതു കാരണമാണ് ഓര്മ ശക്തി കൂടിയത് എന്നു പറയുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സന്തത സഹചാരി വര്റാഖുല് ബുഖാരി(റ) ചോദിച്ചു: നിങ്ങള്‍ ഓര്മ ശക്തി വര്ധിക്കാനെന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ?’ അവിടുന്ന് പറഞ്ഞു: ഇല്ല. ശേഷം തുടര്‍ന്നു: ‘ഇല്‍മീ വിഷയങ്ങളുമായി സംവദിക്കുക, ഏകാഗ്രതയോടെ നല്ല കാര്യങ്ങള്‍ ചിന്തിക്കുക എന്നിവയാണ് ഓര്മ ശക്തിക്കുള്ള മരുന്നുകള്‍.’
മുഹമ്മദ്ബ്നു അസ്ഹര്‍ അല്‍ സിജസ്ഥാനി കുറിച്ചു: ഇമാം ബുഖാരി(റ)ന്റെ ബസ്വറയിലെ ഗുരുവര്യന്മാരിലൊരാളായ സുലൈമാനുബ്നു ഹര്‍ബിന്റെ സദസ്സിലായിരുന്നു ഞാന്‍. ഞങ്ങള്‍ക്കൊപ്പം ഹദീസ് ശ്രവിക്കാനായി ബുഖാരി(റ)യുമുണ്ട്. കേട്ടുകൊണ്ടിരിക്കുന്ന ഹദീസുകളൊന്നും അദ്ദേഹം എഴുതിവെക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഗുരുവിനോടു ബോധിപ്പിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ബുഖാരി(റ) ജന്മനാടായ ബുഖാറയിലെത്തിയാല് ഓര്‍മയില്‍ നിന്നെടുത്ത് കുറിച്ച് വെക്കും’. മഹാന് ബസ്വറയില്‍ നിന്നു ശ്രവിച്ച ഹദീസുകള്‍ ശാമില്‍ വെച്ചും ശാമില്‍ നിന്നു കേട്ട ഹദീസുകള്‍ ഈജിപ്തില്‍ വെച്ചുമായിരുന്നു എഴുതി സൂക്ഷിച്ചിരുന്നത് (താരീഖു ബഗ്ദാദ്). ഇതെല്ലാം മഹാന്റെ സവിശേഷമായ ഓര്‍മശക്തിയുടെ അപാരത വ്യക്തമാക്കുന്നു.
ഗുരുനാഥന്മാര്
നേരത്തെ പറഞ്ഞ ഗുരുനാഥന്മാര്ക്കു പുറമെ അഹ്മദ് ഇശ്കാബ്(റ), മുഹമ്മദ് ബ്നു യൂസുഫ് അല്‍ ഫിര്‍യാബി(റ), അബ്ദുന്നസ്ര് ഇസ്ഹാഖ്ബ്നു ഇബ്റാഹീം(റ), സഈദുബ്നു അബൂമര്യം(റ), അബ്ദുല്ലാഹിബ്നു യൂസുഫ്(റ), മുഹമ്മദ്ബ്നു ഈസ അത്വബാഅ്(റ), സരീജുബ്നു നുഅ്മാന് (റ) തുടങ്ങി ആയിരത്തോളം ശൈഖുമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഹന്ബലി മദ്ഹബിന്റെ സ്ഥാപകന്‍ അഹ്മദ് ബ്നു ഹമ്പല്‍ (റ)വിന്റെ ശിഷ്യത്വം ബഗ്ദാദില്‍ വെച്ചാണ് ഇമാം ബുഖാരി(റ)സ്വീകരിക്കുന്നത്.
അധ്യാപനം
ജ്ഞാനാന്വേഷണ യാത്രകള്‍ക്കു വിരാമമിട്ടു കൊണ്ട് അധ്യാപന മേഖലയിലേക്ക് തിരിഞ്ഞ ഇമാം ബസ്വറ, ശാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ദര്‍സ് നടത്താനായി സഞ്ചരിച്ചു. താന്‍ രചിച്ച സ്വഹീഹുല്‍ ബുഖാരിയും മറ്റും ഈ കാലയളവില്‍ ശിഷ്യന്മാര്ക്ക് ഓതിക്കൊടുക്കുകയും സാധാരണക്കാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഇമാം നവവി(റ) പറയുന്നു: ഇമാം ബുഖാരി(റ)വില്‍ നിന്നും എഴുപതിനായിരം ആളുകള്‍ സ്വഹീഹുല്‍ ബുഖാരി ശ്രവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ഹദീസ് ശേഖരിക്കുന്നവരായി ഇരുപതിനായിരത്തിലധികം ആളുകളുണ്ടായിരുന്നു. അവരില്‍ പ്രധാനികളാണ് ഇമാം മുസ്ലിം(റ), ഇമാം തുര്‍മുദി(റ), ഇമാം നസാഈ(റ), അബൂ സുര്അത്ത അര്റാസിയാനി(റ), അബൂഇസ്ഹാഖുബ്നു ഇബ്റാഹീം(റ) തുടങ്ങിയവര്‍.
ചെറുപ്രായത്തില്‍ തന്നെ സ്വന്തം ഉസ്താദുമാരുടെ ഉസ്താദാകാന്‍ കഴിഞ്ഞ നിരവധി സംഭവങ്ങള്‍ ചരിത്രം രേഖപ്പെടുത്തുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉസ്താദ് ഹദീസിന്റെ സനദ് പറയുന്നതിനിടയില്‍ ചെറിയൊരു പിഴവ് സംഭവിച്ചപ്പോള്‍ ഉടനെ ബുഖാരി ഇമാം അത് വ്യക്തമാക്കി കൊടുക്കുകയുണ്ടായി.
ശിഷ്യന്മാര്
ബുഖാരി(റ)വിന് ഉന്നത ശീര്‍ഷരായ നിരവധി ശിഷ്യന്മാരുണ്ട്. ഹദീസ് രംഗത്ത് സ്വഹീഹുല്‍ ബുഖാരി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ഗ്രന്ഥമായ സ്വഹീഹു മുസ്ലിമിന്റെ കര്‍ത്താവ് മുസ്ലിമുബ്നു ഹുജ്ജാജ്(റ), സ്വിഹാഹുസ്സിത്തയിലെ പ്രധാന ഗ്രന്ഥമായ തുര്‍മുദിയുടെ രചയിതാവ് മുഹമ്മദ്ബ്നു ഈസ അത്തുര്‍മുദി(റ), അബൂഹാതം(റ), ഇബ്നു അബിദ്ദുന്യാ(റ), ഇബ്റാഹീമുല്‍ ഹര്‍ബി(റ), ഇബ്നു ഖുസൈമ(റ) തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ് (സിയറു അഅ്ലാമിന്നുബാലഅ്).
അല്‍ ഖത്വീബ്(റ) ഉദ്ധരിക്കുന്നു: ഇമാം ബുഖാരി(റ)വില്‍ നിന്നും തൊണ്ണൂറായിരം ആളുകള്‍ സ്വഹീഹുല്‍ ബുഖാരി കേട്ടിട്ടുണ്ട് (താരീഖുല്‍ ഇസ്ലാം).
ഗ്രന്ഥരചന
ഇമാം ബുഖാരി(റ) ചെറുപ്രായത്തിലേ രചനാ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. പതിനെട്ടാം വയസ്സിലാണ് ആദ്യ ഗ്രന്ഥം രചിക്കുന്നത്. ബുഖാരി(റ) പറയുന്നു: എനിക്ക് പതിനെട്ടു വയസ്സായ സമയത്താണ് ‘ഖളായ സ്വഹാബത്തി വത്താബിഈന്‍’ എന്ന ഗ്രന്ഥം രചിക്കുന്നത്. പിന്നീട് പരിശുദ്ധ പ്രവാചകര്‍(സ്വ)യുടെ പാദസ്പര്ശത്താല് പുളകമണിഞ്ഞ മദീന മുനവ്വറയിലെ പവിത്രമായ നിലത്തിരുന്ന് നിലാവുള്ള രാത്രിയില്‍ താരീഖുല്‍ കബീര്‍ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചു.’ ഇതിന്റെ മുഖദ്ദിമയില്‍ ഇങ്ങനെ കാണാം: ‘എല്ലാവരുടെയും ചരിത്രം വിശദീകരിച്ച് പറഞ്ഞാല്‍ ഗ്രന്ഥം ബ്രഹത്താവുമെന്ന ഭയം എന്നെ ചുരുക്കാന്‍ നിര്‍ബന്ധിച്ചു.’ നാല് വാള്യങ്ങളുണ്ടിതിന്. അതിന്റെ രചനയും പതിനെട്ടാം വയസ്സിലായിരുന്നു.
മുബാറക്ഫൂരി എഴുതുന്നു: ഇമാം ബുഖാരി(റ)യുടെ ഇരുപത്തിയഞ്ച് ഗ്രന്ഥങ്ങളാണ് എനിക്ക് ലഭിച്ചത്.’ പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ ഏതൊക്കെയെന്നു അസ്ഖലാനി(റ) സ്വഹീഹുല്‍ ബുഖാരിക്ക് ‘ഹദ്യുസ്സാരി’ എന്ന പേരില്‍ രചിച്ച കിതാബിന്റെ മുഖദ്ദിമയില്‍ കൂട്ടിച്ചേര്‍ത്തു: ‘അല്‍ ജാമിഉ സ്വഹീഹ്, അദബുല്‍ മുഫ്റദ്, ബിര്‍റുല്‍ വാലിദൈന്‍, ജാമിഉല്‍ കബീര്‍, മുസ്നദുല്‍ കബീര്‍, തഫ്സീറുല്‍ കബീര്‍ തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്.’
ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വീകാര്യ പ്രമാണമായ സ്വഹീഹുല്‍ ബുഖാരിയാണ് പ്രധാന രചന. ഇത് രചിക്കാനുള്ള കാരണമായി ഇമാം പറയുന്ന സംഭവമിങ്ങനെ: ഒരിക്കല്‍ ഞാന്‍ ഇസ്ഹാഖ്ബ്നു റാഹവൈഹി(റ)യോട് സംഭാഷണത്തിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലരെന്നോട് അപേക്ഷാ സ്വരത്തില്‍ പറഞ്ഞു: നിങ്ങള്‍ക്ക് നബിതങ്ങളുടെ പരിശുദ്ധ ഹദീസുകള്‍ ക്രോഡീകരിച്ചൊരു ഗ്രന്ഥമാക്കിക്കൂടേ? ആ സമയത്ത് എന്റെ മനസ്സില്‍ അതുമായി ബന്ധപ്പെട്ട ഗൗരവ ചിന്തകള്‍ ഉടലെടുത്തു. തുടര്‍ന്ന്, സ്വഹീഹായ ഹദീസുകള്‍ ഒരുമിച്ച് കൂട്ടി ഗ്രന്ഥമാക്കാന്‍ തീരുമാനിച്ചു (സിയറു അഅ്ലാമിന്നുബലാഅ്).
ഇമാം പറയുന്നു: ഒരിക്കല്‍ ഞാന്‍ നബി(സ്വ)യുടെ അടുത്ത് നില്ക്കുന്നതായി സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ എന്റെ കയ്യില്‍ ഒരു വിശറിയുണ്ടായിരുന്നു. അതുപയോഗിച്ച് പ്രവാചകരെ തൊട്ട് ഞാനെന്തൊക്കെയോ തടുത്തുകൊണ്ടിരുന്നു. ഈ സ്വപ്നത്തെ കുറിച്ച് സ്വപ്നവ്യാഖ്യാതാക്കളോട് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: താങ്കള്‍ നബി(സ്വ)യെ കുറിച്ചുള്ള കളവുകള്‍ തടഞ്ഞുവെക്കുന്നവരായി മാറും.’ ഇതും സ്വഹീഹുല്‍ ബുഖാരിയുടെ രചനക്ക് പ്രേരകമായതായി സുബുകി(റ) ത്വബഖാത്തുസ്സുബുകിയില് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വഹീഹുല്‍ ബുഖാരിയുടെ യഥാര്‍ത്ഥ പേര് ‘അല്‍ ജാമിഉല്‍ മുസ്നദ് അസ്വഹീഹുല് മുഖ്തസര്‍ മിന് ഉമൂരി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം വ സുനനുഹു വ അയ്യാമുഹു’ എന്നാണ് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്). മസ്ജിദുല്‍ ഹറാമില്‍ വെച്ചാണ് രചന നിര്‍വഹിച്ചത്. 16 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു. 6 ലക്ഷം ഹദീസുകളില്‍ നിന്നും സ്വഹീഹായി സ്ഥിരപ്പെട്ടതും ദീര്ഘമല്ലാത്തതുമായ ഏഴായിരത്തി ഇരുന്നൂറ്റി എഴുപത്തി അഞ്ച് ഹദീസുകളാണ് ബുഖാരിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചില ഹദീസുകള്‍ ആവര്‍ത്തിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ആവര്‍ത്തനമില്ലാതെ നാലായിരം ഹദീസുകളാണുള്ളത്. ബുഖാരി(റ) മറ്റു ഗ്രന്ഥങ്ങളേക്കാളും പ്രാധാന്യത്തോടെയും ആദരവോടെയുമാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. ഇമാം തന്നെ പറയുന്നതായി കാണാം: സ്വഹീഹില്‍ ഹദീസുകളെഴുതുന്നതിന് മുമ്പ് കുളിക്കുകയും ശേഷം രണ്ടു റക്അത്ത് നിസ്കരിക്കുകയും ചെയ്യുമായിരുന്നു.’ രചിച്ച എല്ലാ ഗ്രന്ഥങ്ങളും മൂന്ന് പ്രാവശ്യമെങ്കിലും അദ്ദേഹം തന്നെ പകര്‍ത്തി എഴുതിയിട്ടുണ്ട്.
സഹനം, ത്യാഗം
ഉമറുബ്നുല്‍ ഹഫ്സ് അല്‍ അശ്ഖര്‍(റ) പറയുന്നു: ഞങ്ങള്‍ ബുഖാരി(റ)വിന്റെ കൂടെ ബസ്വറയില്‍ വെച്ച് ഹദീസുകള്‍ എഴുതിയെടുക്കുകയായിരുന്നു. അതിനിടയില്‍ കുറച്ചു ദിവസം മഹാനെ കാണാതായി. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ അദ്ദേഹത്തെ വീട്ടില്‍വെച്ചു കണ്ടെത്തി. ആ സമയത്ത് അദ്ദേഹത്തിന് ധരിക്കാന്‍ വസ്ത്രമൊന്നുമില്ലായിരുന്നു. എല്ലാം ഹദീസ് എഴുതാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ കുറച്ച് ദിര്ഹമുകള് ശേഖരിച്ച് വസ്ത്രം വാങ്ങിക്കൊടുത്തു (താരീഖു ബഗ്ദാദ്).
ബുഖാരി(റ) പറയുന്നു: ഞാന്‍ ആദമുബ്നു ഇയാസ് എന്നവരുടെ അടുത്തേക്ക് ഇല്മ് പഠിക്കാന്‍ പോയി. അന്നേരം എന്റെ പക്കല്‍ ഭക്ഷണം കഴിക്കാനും മറ്റുമായി കാശൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ അല്പം പുല്ല് തിന്ന് വിശപ്പടക്കി. അങ്ങനെ മൂന്നുനാള്‍ ജീവിച്ചു. മൂന്നാം ദിവസം എന്റെയടുത്ത് ഒരാള്‍ വന്ന് ദീനാറിന്റെ കിഴി ഏല്‍പ്പിച്ചു. എന്നിട്ടു പറഞ്ഞു: ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്.’ മഹാന് തുടരുന്നു: ‘എനിക്ക് എല്ലാ മാസവും 500 ദിര്‍ഹം ഇങ്ങനെ ലഭിക്കുമായിരുന്നു. അവ മറ്റാവശ്യങ്ങള്‍ക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ഇല്മുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമായി ചെലവഴിച്ചു.’
ഒരിക്കല്‍ മഹാനവര്കള് നിസ്കരിക്കുന്ന സമയത്ത് 17 തവണ കടന്നലിന്റെ കുത്തേറ്റു. എങ്കിലും ശ്രദ്ധതെറ്റുകയോ നിസ്കാരം മുറിക്കാന്‍ തുനിയുകയോ ചെയ്തില്ല. ശക്തമായ വേദന അനുഭവപ്പെട്ടെങ്കിലും അത് പ്രകടിപ്പിച്ചില്ല. നിസ്കാരം കഴിഞ്ഞ ശേഷം ഖമീസിന്റെ അറ്റമുയര്ത്തിയപ്പോള് അടുത്തുണ്ടായിരുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത് കടന്നല് കുത്തിന്റെ പതിനേഴു പാടുകള്‍.
ജീവിത രീതി
ബുഖാരി(റ)വിന്റെ ജീവിതം മാതൃകയാണ്. തിരു നബി(സ്വ)യുടെ ഹദീസുകള്‍ ശേഖരിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് സഞ്ചരിച്ച മഹാന് ഈ വൈജ്ഞാനികാനുഭവങ്ങളുടെ തലക്കനം ജീവിതത്തില്‍ പുലര്‍ത്തിയിരുന്നില്ല. തീര്‍ത്തും വിനയാന്വിതനായി മറ്റുള്ളവരോട് പെരുമാറി. ജീവിത രീതി പണ്ഡിതര്‍ രേഖപ്പെടുത്തിയതിങ്ങനെ: അത്താഴ സമയത്തെ പതിമൂന്ന് റക്അത്ത് സുന്നത്ത് നിസ്കാരത്തോടെയാണ് ദിവസത്തിന്റെ തുടക്കം. നിത്യവും പകലില്‍ ഒരു ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്യും.അത്താഴ സമയത്ത് മൂന്നില്‍ ഒന്നും. മൊത്തം, ഒരു ഖത്മും മറ്റൊരു ഖത്മിന്റെ മൂന്നില്‍ ഒന്നും ദിവസവും പാരായണം ചെയ്യും (ത്വബഖാത്തുസ്സുബുകി). ഇങ്ങനെ മൂന്ന് ദിവസം കൂടുമ്പോള്‍ നാലു ഖതം ഓതിത്തീര്‍ക്കുന്ന മഹാന് റമളാന്‍ മാസം പകലില്‍ ഒരു ഖതം പൂര്‍ത്തീകരിക്കും. തറാവീഹിനു ശേഷം മറ്റൊരു ഖതമിന്റെ മൂന്നില്‍ ഒരു ഭാഗവും പാരായണം ചെയ്യും. ബുഖാരി(റ) പറയുന്നു: ഞാന്‍ ദുനിയാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അല്ലാഹുവിന് സ്തുതിയും നന്ദിയും പറയും.
ശ്രേഷ്ഠരുടെ വാക്കുകള്‍
ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) പറയുന്നു: ഖുറാസാനില്‍ ബുഖാരി(റ)വിനെ പോലെ വിജ്ഞാന രംഗത്ത് ഉയര്ന്നവരെ എനിക്ക് കണ്ടെത്താനായിട്ടില്ല.’ ബുന്ദാര്(റ) കുറിച്ചു: ദുന്യാവില് ഹദീസ് രംഗത്തെ ഹാഫിളീങ്ങളായി എണ്ണുന്നത് നാലാളുകളെയാണ്. അബൂസുര്‍അ(റ), അദ്ദാരിമി(റ), ബുഖാരി(റ), മുസ്ലിം(റ) എന്നിവരാണവര്‍.’
അബ്ദുല്ലാഹിബ്നു സഈദ്(റ) പറഞ്ഞു: വിജ്ഞാന രംഗത്ത് പ്രശോഭിച്ച പണ്ഡിതന്മാര് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഇമാം ബുഖാരി(റ) ഇസ്ഹാഖ്ബ്നു റാഹവൈഹി(റ)വിനേക്കാള്‍ വലിയ ഹദീസ് നിപുണനാണ്.’
ശിഷ്യന് തുര്‍മുദി(റ) രേഖപ്പെടുത്തുന്നു: ബുഖാരി(റ)നേക്കാളും ഹദീസുകളുടെ സനദുകളും അവ സ്വഹീഹാണോ, ആണെങ്കില്‍ അതിനുള്ള കാരണങ്ങളും അറിയുന്നവരായി എനിക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല (താരീഖു ബഗ്ദാദ്).
അലിയ്യുബ്നു ഹുജ്ര്(റ) പറയുന്നു: ഞാന്‍ ഹദീസ് പഠിക്കാനായി ഖുറാസാനിലേക്ക് പോയ സമയത്ത് ബുഖാരി(റ), അബൂസുര്‍അ(റ), അദ്ദാരിമി അബ്ദുല്ല(റ) എന്നിവരുടെ അടുക്കലേക്ക് ചെന്നു. അവരില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഉള്ക്കാഴ്ച്ചയുള്ളതും ഏറ്റവും കൂടുതല്‍ അറിവുള്ളതും ഹദീസില്‍ നിപുണനും ഇമാം ബുഖാരി(റ)യായിരുന്നു (താരീഖുല്‍ ഇസ്ലാം).
ഇബ്നു ഖുസൈമ(റ) പറയുന്നു: ഭൂമിയില്‍ ഇമാം ബുഖാരി(റ)വിനേക്കാള്‍ ഹദീസറിയുന്നവരായൊരാളുമില്ല.’ ഒട്ടനവധി മഹത്ത്വങ്ങള്‍ മഹാനവര്‍കളെ കുറിച്ചും ഗ്രന്ഥങ്ങളെ പ്രതിയും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
കറാമത്തുകള്‍
ധാരാളം കറാമത്തുകള്‍ ഇമാം ബുഖാരി(റ)വില്‍ നിന്നുണ്ടായിട്ടുണ്ട്. വര്‍റാഖ്(റ) പറയുന്നു: ബുഖാറക്കടുത്ത് ഒരു സത്രത്തിന്റെ പണി ഇമാം കഴിപ്പിച്ചുകൊണ്ടിരിക്കുമ്പോള് നിരവധി ആളുകള്‍ സഹായിച്ചു കൊണ്ടിരുന്നു. പണിക്ക് ഞാനുമുണ്ടായിരുന്നു. ഇമാം ഇഷ്ടിക ചുമന്ന് ക്ഷീണിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അബ്ദുല്ലാ, എന്തിനാണ് നിങ്ങളിങ്ങനെ ക്ലേശിക്കുന്നത്. ധാരാളം പണിക്കാരുണ്ടല്ലോ. നിങ്ങളൊന്ന് വിശ്രമിക്കൂ’. അപ്പോള്‍ അദ്ദേഹം പറയുകയാണ്: ‘വര്റാഖേ, ഇത് വലിയ പ്രതിഫലം ലഭിക്കുന്നൊരു പ്രവര്‍ത്തനമാണ്.’ ശേഷം ഒരു മൃഗത്തെ അറുത്തു വേവിച്ചു. മൂന്ന് ദിര്‍ഹമിന് കുറച്ച് റൊട്ടിയും വാങ്ങി. ഭക്ഷണം പാകമായപ്പോള്‍ എല്ലാവരെയും വിളിച്ചു. മൊത്തം നൂറിലധികമാളുകളുണ്ടായിരുന്നു പണിക്കാരായി. റൊട്ടി ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തിവെച്ചു. എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞിട്ടും ഒരു റൊട്ടി മുഴുവനായി ബാക്കിയുണ്ടായിരുന്നു.’
അബുല്‍ ഫതഹ് നസ്റുബ്നുല് ഹസന് അസ്സമര്‍ഖന്ദി(റ) ഉദ്ധരിക്കുന്നു: ഞങ്ങളുടെ നാട്ടില്‍ ഇടക്കിടക്ക് വരള്‍ച്ച അനുഭവപ്പെടുമായിരുന്നു. അപ്പോഴൊക്കെ നിരവധിയാളുകള്‍ മഴക്കായി തേടിക്കൊണ്ടിരുന്നെങ്കിലും മഴ ലഭിച്ചില്ല. ഒരു ദിവസം സ്വാലിഹായ ഒരാള്‍ സമര്‍ഖന്ദിലെ ഖാളിയെ കാണാനായി വന്നു. അദ്ദേഹം പറഞ്ഞു: ‘ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ട്. അത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരട്ടേ’. ഖാളി ചോദിച്ചു: ‘എന്തായിരുന്നു സ്വപ്നം’. ആഗതന് പറഞ്ഞു: നിങ്ങളും ഇവിടുത്തെ ജനങ്ങളും മുഹമ്മദ്ബ്നു ഇസ്മാഈല്‍ ബുഖാരി(റ)വിന്റെ മഖ്ബറയിലേക്ക് പുറപ്പെടുന്നതാണ് ഞാന്‍ കണ്ട സ്വപ്നം. അദ്ദേഹത്തിന്റെ ഖബ്ര്‍ ഖറന്ദകയിലാണ്. നമ്മള് അവിടെ വെച്ച് റബ്ബിനോട് മഴയെ തേടുന്നു. ഇതു കേട്ട ഖാളി ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ഖറന്ദകയിലേക്ക് പുറപ്പെട്ടു. മൂന്ന് മൈല്‍ ദൂരമുണ്ട് അവിടേക്ക്. ബുഖാരി(റ)വിന്റെ മഖ്ബറയില് വെച്ച് ഖാളിയോടൊപ്പം സമര്‍ഖന്ദുകാര്‍ മഴക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പെട്ടെന്നു തന്നെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുകയും കോരിച്ചൊരിയുന്ന മഴ വര്‍ഷിക്കുകയും ചെയ്തു. ശക്തമായ മഴ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ അവര്‍ ഏഴു ദിവസം അവിടെ തങ്ങി. ഏറെ കാലത്തിനു ശേഷം ലഭിക്കുന്ന ശക്തമായ മഴ കാരണമായി അവരുടെ ഹൃദയങ്ങള്‍ പുളകമണിഞ്ഞു.’ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കാണാം.
പരീക്ഷണങ്ങള്‍
ലോകമറിയപ്പെട്ട പണ്ഡിത വരേണ്യരായിരുന്നു ഇമാം ബുഖാരി(റ)വെങ്കിലും അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ക്കോ യാതനകള്‍ക്കോ കുറവുണ്ടായിരുന്നില്ല. ബകറുബ്നു മുനീര്‍(റ) രേഖപ്പെടുത്തി: ബുഖാറയുടെ അമീര്‍ ഖാലിദുബ്നു അഹ്മദ് അസ്സുഹലി, ഇമാമിനെ സ്വഹീഹുല്‍ ബുഖാരിയുടെയും താരീഖിന്റെയും ക്ലാസ്സുകള്‍ എടുക്കാനായി ക്ഷണിച്ചു കൊണ്ട് ഒരു ദൂതനെ അയച്ചു. അവിടുന്ന് ദൂതനോട് പറഞ്ഞയച്ചു: നീ ഗവര്‍ണ്ണറോട് പറയുക: ‘ഞാന്‍ അറിവിനെ അശുദ്ധമാക്കുന്നവനോ കൊട്ടാരത്തില്‍ പോയി പഠിപ്പിക്കുന്നവനോ അല്ല. ആര്‍ക്കെങ്കിലും വിജ്ഞാനം കരസ്ഥമാക്കാന്‍ താല്പര്യമുണ്ടെങ്കില് എന്റെ പള്ളിയിലേക്കോ വീട്ടിലേക്കോ വരിക. അതിനു കഴിയില്ലെങ്കില്‍ എന്നെ ഒഴിവാക്കിത്തരൂ. താങ്കള്‍ക്ക് വിജ്ഞാനത്തോട് ബഹുമാനമോ ആദരവോ തോന്നുന്നില്ലെങ്കില്‍ എന്റെ ജ്ഞാനസദസ്സുകള്‍ നിരോധിക്കാം. നീ ഇവിടുത്തെ ഭരണാധികാരിയാണ്. ഞാന്‍ മറ്റുള്ളവര്‍ക്ക് ഇല്മ് എന്തുകൊണ്ട് പകര്‍ന്നു നല്‍കിയില്ല എന്ന് അല്ലാഹു അന്ത്യനാളില്‍ ചോദിക്കുമ്പോള്‍ നീ തടഞ്ഞത് കൊണ്ടെന്നു കാരണം പറയാമല്ലോ.’
പിന്നീട് ഗവര്‍ണര്‍ ഖാലിദ്ബ്നു അഹ്മദ് ചോദിച്ചു: നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്കു വന്നു മക്കള്‍ക്ക് അല്‍ജാമിഉ സ്വഹീഹും താരീഖും ദര്‍സ് നടത്താമോ? ക്ഷണം തിരസ്കരിച്ചു കൊണ്ട് ഇമാം പറഞ്ഞു: ‘ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തേക്കാള്‍ ഹദീസ് പറഞ്ഞു കൊടുക്കാന്‍ പ്രത്യേക പരിഗണന നല്കാനെനിക്കാവില്ല’. ഇതു കേട്ട് കുപിതനായ ഗവര്‍ണ്ണര്‍ തന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഫത്വ നല്കുന്ന കൊട്ടാര പണ്ഡിതനായ ഹുറൈസ്ബ്നു അബില്‍ വറഖാത്തില് നിന്നും ഫത്വ സംഘടിപ്പിച്ച് ഇമാം ബുഖാരി(റ)വിനെ നാടുകടത്താന്‍ തീരുമാനിച്ചു.
ജന്മനാട്ടില് നിന്നും നാടുകടത്തപ്പെട്ട ഇമാം സമര്‍ഖന്ദിലെ ബീകന്ദി ഗ്രാമത്തില്‍ ചെന്നിറങ്ങി. അവിടെയുള്ള കൂട്ടുകാരന്റെ വീട്ടില്‍ താമസമാക്കി. നിരപരാധിയായ തന്നെ അവ്വിധം ഉപദ്രവിച്ച ഗവര്‍ണര്‍ക്കും കൊട്ടാര പണ്ഡിതനുമെതിരെ ഇമാം അവിടെ വെച്ച് പ്രാര്‍ത്ഥന നടത്തി. ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും ഖലീഫ ഗവര്‍ണറെ സ്ഥാനഭൃഷ്ടനാക്കുകയും ജീവപര്യന്തം കല്‍ത്തുറുങ്കിലടക്കുകയും ചെയ്തു. അയാളെ സഹായിക്കാന്‍ തുനിഞ്ഞവര്‍ക്കും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. കൊട്ടാര പണ്ഡിതനും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനായി (ഹദ്യുസ്സാരി).
വഫാത്ത്
പിന്നീട് ബുഖാറയിലേക്ക് തിരിച്ചു വന്നെങ്കിലും അല്‍പ്പ കാലത്തിനു ശേഷം ഇമാം ഖറന്ദഖിലേക്ക് പുറപ്പെട്ടു. അവിടെയുണ്ടായിരുന്ന കുടുംബക്കാരുടെ ഗൃഹത്തിലായിരുന്നു പിന്നീടുള്ള താമസം. രാത്രികളിലെ നിസ്കാരങ്ങള്‍ക്കു ശേഷം തന്നെ നാഥനിലേക്കു തിരിച്ചുവിളിക്കാനായി മഹാന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ത്ഥന സ്വീകരിച്ചു. ഖറന്ദഖിലെത്തി ഒരു മാസം കഴിഞ്ഞപ്പോഴേക്ക് ഇമാം പരലോകം പുല്കി. ഹി. 256 ശവ്വാല്‍ ഒന്നിന്റെ രാത്രിയില്‍ ഇശാഅ് നിസ്കാര സമയത്തായിരുന്നു വഫാത്ത്. 62 വയസ്സ് തികയാന്‍ 12 ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു വിയോഗം. പെരുന്നാള്‍ ദിവസം ഞാറാഴ്ച്ച ഖറന്ദഖില് ബുഖാരി(റ)നെ മറവ് ചെയ്തു. മഹാന്റെ ജന്മസ്ഥലത്തിനും മറമാടപ്പെട്ട സ്ഥലത്തിനുമിടയില്‍ എട്ടു ദിവസത്തെ യാത്രാദൂരമുണ്ട്.
അബ്ദുല്‍ വാഹിദ് ബ്നു ആദം അത്വവാവീസി(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബിതങ്ങള് ഒരിടത്തു നില്ക്കുന്നതായി സ്വപ്നത്തില്‍ ദര്‍ശിച്ചു. പ്രവാചകരുടെ കൂടെ അനുചരന്മാരുമുണ്ടായിരുന്നു. നബി(സ്വ)യോട് ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്താണിവിടെ നില്‍ക്കുന്നത്? അവിടുന്നു പറഞ്ഞു: ഞാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ കാത്തുനില്‍ക്കുകയാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബുഖാരി ഇമാമിന്റെ മരണവൃത്താന്തം ഞാന്‍ അറിഞ്ഞു. ആ ദിവസത്തെ സ്വപ്നം കണ്ട ദിവസവുമായി ബന്ധിപ്പിച്ചു നോക്കിയപ്പോള്‍ അതേ സമയത്തായിരുന്നു ബുഖാരി(റ)വിന്റെ വഫാത്തെന്ന് എനിക്കു ബോധ്യമായി.’
ഇമാം ബുഖാരി(റ) മരണാസന്നനായി കിടക്കുമ്പോള്‍ വെളുത്ത മൂന്ന് തുണിയില്‍ തന്നെ കഫന്‍ ചെയ്യണമെന്ന് വസിയ്യത്ത് ചെയ്തിരുന്നു. നിര്‍ദേശിച്ച പ്രകാരം കഫന്‍ ചെയ്ത് മറവു ചെയ്തപ്പോള്‍ ഖബറില്‍ നിന്ന് കസ്തൂരിയേക്കാള്‍ നല്ല ഒരു സുഗന്ധം പുറത്തേക്ക് അടിച്ചുവീശാനാരംഭിച്ചു. കാലങ്ങളോളം ആ സുഗന്ധം ആസ്വദിക്കാനായി. ഖബറില്‍ നിന്നും വെള്ളസ്തൂപം പോലുള്ള ഒരു വര്‍ണ്ണരാജി ആകാശത്തേക്ക് നീണ്ടുകിടക്കുന്നത് കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു. ഖബറില്‍ നിന്നും അടിച്ചുവീശുന്ന സുഗന്ധം വിദൂര നാടുകളിലും ചര്‍ച്ചാ വിഷയമായി. എതിരാളികളില്‍ പലരും അദ്ദേഹത്തിന്റെ മഖ്ബറക്കടുത്ത് വന്ന് ഖേദം പ്രകടിപ്പിച്ച് മാപ്പിരന്നു. വൈകിയാണല്ലോ പലര്‍ക്കും പണ്ഡിതന്മാരുടെ മഹത്ത്വം ബോധ്യമാവുക. അല്ലാഹു മഹാന്റെ ദറജ വര്‍ധിപ്പിക്കുകയും ഇമാമിന്റെ ബറകത്ത് കൊണ്ട് നമ്മെ ഇരുവീട്ടിലും വിജയിപ്പിക്കുകയും ചെയ്യട്ടെ.