ജനാധിപത്യ രാജ്യത്ത് ഏറെ പ്രതീക്ഷക്ക് വകയുള്ള പരമോന്നത നീതിപീഠങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് ആശ്ചര്യപ്പെടുത്തുന്നതാണ് അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വിധിയും. ധാർമികതക്കും സദാചാരമൂല്യങ്ങൾക്കും വിലകൽപ്പിക്കുന്ന പാരമ്പര്യമായിരുന്നു ഈ നാട് സ്വീകരിച്ചിരുന്നത്. വ്യാവസായിക വിപ്ലവങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെ യൂറോപ്പിലും പാശ്ചാത്യൻ നാടുകളിലും ലൈംഗിക അരാജകത്വം വ്യാപകമായി. എങ്ങും മൂല്യനിരാസം പ്രകടമായ സാഹചര്യത്തിലും അരുതായ്മകളെ ചെറുത്തുതോൽപിക്കുകയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യാനാണ് നാം ഭാരതീയർ ശ്രമിച്ചത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. വൃത്തികെട്ട പാശ്ചാത്യൻ സംസ്കാരങ്ങളെ ഒപ്പിയെടുക്കുകയും അനുകരിക്കുകയുമാണ് സമൂഹം ഇന്ന് ചെയ്യുന്നത്. പരിഷ്കരണത്തിന്റെ മാനദണ്ഡമായി ഇതിനെ നോക്കിക്കാണുന്നവരുമുണ്ട്. നീതിപീഠങ്ങളെയും ഇത്തരം മൂല്യച്യുതി സ്വാധീനിക്കുന്നുവെന്നാണ് വിവാഹേതര ലൈംഗിക ബന്ധം തെറ്റല്ലെന്നും കുറ്റകരമല്ലെന്നുമുള്ള വിധി കാണിക്കുന്നത്.
മലയാളിയായ ജോസഫ് ഷെയ്ൻ 2017 ഡിസംബറിൽ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി(Homosexuality) കഴിഞ്ഞ മാസം ആറിനാണ് കോടതി നിയമവിധേയമാക്കിയത്. അതിനു പിന്നാലെ ഇപ്പോൾ വിവാഹേതര ലൈംഗിക ബന്ധവും കുറ്റമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കോടതിക്ക് വിധിക്കാൻ അധികാരമുണ്ട് എന്ന കാര്യം പൂർണമായി അംഗീകരിച്ചുകൊണ്ട് ചില വിയോജിപ്പുകളാണ് ഇവിടെ കുറിക്കുന്നത്.
മതവിശ്വാസത്തിലൂന്നി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇസ്ലാം വ്യഭിചാരത്തിനെതിരെ കർക്കശമായ നിലപാടെടുത്തു. വിശുദ്ധ ഖുർആൻ തന്നെ വിവാഹേതര ലൈംഗിക ബന്ധത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്. അല്ലാഹു പഠിപ്പിക്കുന്നു:’വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുക്കുകപോലുമരുത്. നിശ്ചയം അത് കൊടുംപാതകവും വൃത്തികെട്ട മാർഗവുമാണ് (സൂറതുൽ ഇസ്റാഅ്: 32).
വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ വിധി സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാൻ വഴിയൊരുക്കുമെന്നുറപ്പാണ്. സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇതംഗീകരിക്കാൻ കഴിയില്ല. അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങൾ പവിത്രമായ കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. വിവാഹ സംവിധാനത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാനും കാരണമാകും. മാത്രമല്ല, സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത വൃത്തിഹീനമായ പ്രവൃത്തിയാണിത്. രാജ്യത്ത് ഗർഭഛിദ്രങ്ങൾ അധികരിക്കാനും ഇടവരുത്തും. അവിഹിത ഗർഭത്തിൽ പിറവിയെടുക്കുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആളില്ലാതെ അമ്മത്തൊട്ടിലുകൾ വർധിക്കാനും സാഹചര്യമൊരുങ്ങും.
സ്ത്രീയായാലും പുരുഷനായാലും വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണെന്ന് ഇസ്ലാം. ഇത്തരം ലൈംഗിക ബന്ധത്തിലൂടെ മനുഷ്യൻ മൃഗതുല്യരാവുകയാണ്. മതകൽപനയനുസരിച്ച് ആരോഗ്യകരവും മാതൃകാപരവുമായ കുടുംബ ജീവിതം സാധ്യമാകുന്നത് വിവാഹാനന്തരം ഇണയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയത്രെ.
വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 497-ാം വകുപ്പാണ് (അഡൽറ്ററി നിയമം) സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സുയർത്തി ഏകദേശം 158 വർഷം നിലനിന്ന നിയമമാണ് ഇതോടെ കാലഹരണപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒരേ സ്വരത്തിലാണ് ഈ വകുപ്പ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാൻവിൽക്കർ, ആർഎഫ് നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. വിവാഹേതര ബന്ധം കുറ്റകരമാക്കുന്നത് വിവാഹ ബന്ധങ്ങൾ നിലനിർത്താനുള്ള ഉപാധിയാണെന്നും അതിനാൽ 497-ാം വകുപ്പ് റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ വാദങ്ങൾ തള്ളിയാണ് സുപ്രീംകോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്. ഈ നിയമത്തിന്റെ അനുബന്ധ ഭാഗമായ സെക്ഷൻ 198(2) ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.
വിവാഹം ചെയ്തിട്ടുള്ള സ്ത്രീയുമായി ഭർത്താവിന്റെ സമ്മതമില്ലാതെ ഒരു പരപുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ്. ഈ വകുപ്പനുസരിച്ച് പുരുഷന് മാത്രമാണ് ശിക്ഷയുണ്ടായിരുന്നത്. പുരുഷന് അഞ്ചുവർഷംവരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഭാര്യയുമായുള്ള പരപുരുഷന്റെ ലൈംഗിക ബന്ധത്തിന് ഭർത്താവിന്റെ അനുമതി ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുന്നപക്ഷം 497 വകുപ്പ് പ്രകാരമുള്ള ക്രിമിനൽ കുറ്റം ഇല്ലാതാകുകയും ചെയ്യും.
ഏതെങ്കിലും നിയമമോ വ്യവസ്ഥയോ സ്ത്രീയെ അസമത്വത്തോടെ പരിഗണിക്കുന്നുവെങ്കിൽ അവയൊന്നും ഭരണഘടനാപരമല്ലെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചു തുടങ്ങിയത്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണതെന്നും ഭരണഘടനാ ബെഞ്ച് വിലയിരുത്തി. ഭർത്താവ് ഭാര്യയുടെ ഉടമയല്ലെന്നും അതിനാൽ ഈ വകുപ്പ് ഭരണഘടനാ അനുച്ഛേദം 21-ന്റെ ലംഘനമാണെന്നാണ് ന്യായാധിപന്മാർ നിരീക്ഷിച്ചത്.
വിവാഹേതര ബന്ധത്തെ അനുകൂലിക്കാത്തത് സ്ത്രീയെ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നതു കൊണ്ടാണെന്നും അവർക്ക് മേൽ അധികാരം നൽകുന്നുവെന്നുമാണ് ജസ്റ്റിസ് ആർഎഫ് നരിമാന്റെ നിരീക്ഷണം. സ്ത്രീകളുടെ അഭിമാനത്തെയാണ് 497-ാം വകുപ്പ് ചോദ്യംചെയ്യുന്നതെന്നും പുരുഷാധിപത്യത്തിന് നിയമം സാധുത നൽകുന്നുണ്ടെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ധാർമിക മൂല്യങ്ങളും സദാചാരബോധവും പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഈ രീതിയിൽ വസ്തുതകളെ നിരീക്ഷിക്കാൻ കഴിയുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ നിയമം സ്ത്രീ-പുരുഷ വിവേചനത്തെ സ്ഥാപനവത്കരിക്കുകയാണെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാണിച്ചത്. ഇത്രയും കാലം ഭിന്നലൈംഗിക ബന്ധത്തിന് തടസ്സം സൃഷ്ടിച്ചതിന് മാപ്പുപറയണമെന്നുകൂടി മൽഹോത്ര പറഞ്ഞു. സ്ത്രീകളെ ഭർത്താവിന്റെ സ്വകാര്യ സ്വത്തായാണ് 497-ാം വകുപ്പ് നോക്കിക്കാണുന്നതെന്നും ഇത് വിവേചനപരമാണെന്നുമുള്ള കോടതിയുടെ കണ്ടെത്തൽ കൗതുകകരമാണ്. വൈവാഹിക ബന്ധങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടണമെങ്കിൽ 497-ാം വകുപ്പ് അനിവാര്യമാണ്. ഭർത്താവ് അന്യസ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സാഹചര്യത്തിലും വിവാഹബന്ധത്തിന്റെ പരിശുദ്ധി നഷ്ടപ്പെടും. ഇത് ക്രിമിനൽ കുറ്റമായി വിലയിരുത്താൻ നിയമനിർമാണം നടത്തിയവർ ശ്രമിച്ചില്ലെന്നു കോടതി പറയുകയുണ്ടായി.
കുടുംബ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം കുടുംബബന്ധമാണ്. ഭാര്യക്കും ഭർത്താവിനും മറ്റു ബന്ധങ്ങളാകാമെന്ന് പറയുന്നത് കുടുംബജീവിതം തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. നീതിപീഠങ്ങളിൽ നിന്നു ന്യായവും ആരോഗ്യകരവുമായ വിധികളാണ് രാജ്യവും പൗരസമൂഹവും പ്രതീക്ഷിക്കുന്നത്. ഈ രീതിയിൽ പോയാൽ നീതിപീഠത്തിലുള്ള വിശ്വാസ്യത പൂർണമായി നഷ്ടപ്പെടാൻ കാരണമാകും.
കുടുംബ സംവിധാനത്തിന്റെയും സാമൂഹിക സംസ്കൃതിയുടെയും പവിത്രതയെ സംരക്ഷിക്കുന്ന വിധികളാണ് പരമോന്നത നീതിപീഠത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. മതേതര ബഹുസ്വര രാജ്യത്ത് കുടുംബ സംവിധാനത്തിന് ഏറെ പ്രസക്തിയുണ്ട്. സാമൂഹിക ഭദ്രതക്ക് അനിവാര്യമാണത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് കുടുംബ സംവിധാനം ദൃഢീകരിക്കുകയാണു വേണ്ടത്. മാതൃകാ വ്യക്തിജീവിതം കുടുംബ ബന്ധത്തിലൂടെയാണ് രൂപപ്പെടുക. വൃത്തികെട്ട പാശ്ചാത്യൻ സംസ്കാരങ്ങളെ എല്ലാ അർത്ഥത്തിലും അനുകരിക്കുന്നതിനെ’പരിഷ്കാരം എന്ന വിശേഷിപ്പിച്ചതുകൊണ്ട് പ്രയോജനമില്ല.
ബന്ധങ്ങൾക്ക് വിലയില്ലാത്ത അവസ്ഥയാണ് പാശ്ചാത്യൻ നാടുകളിൽ. ഇത്തരം നിയമങ്ങളിലൂടെ ഇതേ അവസ്ഥ നമ്മുടെ നാടുകളിലും സംജാതമാകും. സമൂഹത്തെ മറച്ചുപിടിച്ച് തെറ്റുചെയ്യേണ്ടതില്ല, നിയമത്തിന്റെ സഹായത്തോടെ എല്ലാമായിക്കോളൂ എന്ന രീതി ഏറെ ദൂഷ്യഫലങ്ങളുള്ളതാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന പേരിൽ സദാചാര ബോധത്തെ കളങ്കപ്പെടുത്താനാവില്ല. നൂറ്റാണ്ടുകളായി രാജ്യവും സമൂഹവും ഒന്നിച്ച് സംരക്ഷിച്ചുവന്ന മഹത്തായ സദാചാര ചിന്തയും ധാർമിക ബോധവുമാണ് തമസ്കരിക്കപ്പെടുന്നത്. മൂല്യങ്ങളെ പണയപ്പെടുത്തിയുള്ള ഇത്തരം തീരുമാനങ്ങൾ വലിയ വിപത്തുകൾ ക്ഷണിച്ചുവരുത്തുമെന്നു പറയാതിരിക്കാൻ നിർവാഹമില്ല.