അറിവും അനുഭൂതിയും കൊണ്ട് ഒരു ജനസമൂഹത്തെ അനുഗ്രഹിച്ച് കടന്നുപോയ കാലത്തിന്റെ ബാലന്‍സ് ഷീറ്റാണ് പള്ളിദര്സുകള്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കിതാബുകള്‍ക്ക് മുന്നില്‍ ആദരപൂര്‍വം കുനിഞ്ഞിരുന്ന് അറിവിന്റെ ആഴക്കടല്‍ സ്വായത്തമാക്കിയ പണ്ഡിതശ്രേഷ്ഠര്‍ പള്ളിദര്‍സുകളുടെ സംഭാവനകളാണ്. വൈജ്ഞാനിക കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അവരുടെ സ്ഥാനം ആഴത്തില്‍ അടയാളപ്പെട്ട് കിടക്കുന്നു. ശക്തമായ അധ്വാനവും അവിരസമായ ആവര്‍ത്തനവും മടുപ്പില്ലാത്ത മുത്വാലഅയും വഴി അറിവിന്റെ അനര്‍ഘ മുത്തുകള്‍ അകതാരിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു അവര്‍.
അവിടെ സിലബസുകളുടെ ശാഠ്യങ്ങളില്ല. പോഷന്‍ തീര്‍ക്കാനുള്ള വെപ്രാളങ്ങളുമില്ല. കൂട്ടിയും കിഴിച്ചും സന്ദേഹങ്ങളുടെ നൂലാമാലകളഴിച്ച് ശ്രദ്ധയോടെ പഠിച്ചെടുക്കുന്നു. പഠിച്ച പാഠങ്ങളുടെ പരിശീലനത്തിന് ആരെയും കാത്തിരിക്കേണ്ടതില്ല. ആഹാരം കഴിക്കാന്‍ പോകുന്ന ഇടവഴികളിലും വസ്ത്രം അലക്കാന്‍ പോകുന്ന കുളിക്കടവുകളിലും വരികള്‍ക്കിടയിലെ വായനകളുടെ വിശാല ചര്‍ച്ചകള്‍ കടന്നുവരും. ആരും തോല്‍ക്കാനില്ലാത്ത ആ സംവാദങ്ങളില്‍ നിന്ന് പുതിയ വെളിപാട് പോലെ അറിവുകള്‍ അവരിലേക്ക് ഇറങ്ങിവരും.
ഇന്ന് മുസ്ലിം കേരളത്തിന്റെ മതകീയ ശില്പത്തെ മികവുറ്റതാക്കിയ സമസ്തയുടെ മുന്നിരയിലേക്കൊന്ന് നോക്കിയാല്‍ നാം കണ്ട് പിടിച്ച ശാസ്ത്രീയതയെ പ്രായോഗികത കൊണ്ട് വെല്ലുവിളിക്കുന്ന പ്രാചീന രീതിയിലുള്ള ദര്‍സുകളുടെ തുടിക്കുന്ന ചൈതന്യം തൊട്ടനുഭവിക്കാനാകും.
പ്രാരംഭം, പ്രസരണം
മാലിക് ബ്നു ദീനാറിലൂടെയാണ് കേരളത്തില്‍ ഇസ്ലാം എത്തിയതെന്ന സാമാന്യ വായനയുടെ പിന്‍ബലത്തില്‍ അതിനു സമാന്തരമായിട്ടു തന്നെയാണ് പള്ളിദര്സുകള് ആരംഭിച്ചതെന്നും പറയാം. മസ്ജിദുന്നബവിയുടെ അരികിലും വക്കിലും താമസിച്ച് അപാരമായ ആത്മാര്‍ത്ഥതയോടെ തിരുനബിയില്‍ നിന്ന് ജ്ഞാനം നുകര്‍ന്ന അഹ്ലുസ്സുഫ്ഫയുടെ മാതൃകയിലാണ് കേരളത്തിലും പള്ളിദര്സുകള് രൂപീകൃതമായത്. പ്രബോധനാര്‍ത്ഥം കേരളത്തിന്റെ പല ദേശങ്ങളിലൂടെയും പരന്നൊഴുകിയ സംഘം പള്ളികള്‍ സ്ഥാപിച്ച് ദര്സുകള് തുടങ്ങി.
കേരളത്തിന്റെ ഇസ്ലാമിക മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടമായി പൊന്നാനി പ്രഭാവം വാഴ്ത്തപ്പെടാറുണ്ട്. എന്നാല്‍ അതിനു മുമ്പേ ചാലിയം ദേശത്ത് വിപുലമായ പള്ളിദര്സുകള് കഴിഞ്ഞുപോയിട്ടുണ്ട്. ചരിത്രത്തിന്റെ സാക്ഷ്യങ്ങളില്‍ ചാലിയം പ്രതിഷ്ഠിക്കപ്പെടാതെ പോയതെന്തുകൊണ്ട് എന്ന സ്വാഭാവിക ചോദ്യത്തിനുത്തരം തേടുമ്പോള്‍ ചരിത്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവരും. കാരണം, പൗരാണിക രേഖകളില്‍ ചാലിയം കോഴിക്കോടിന്റെ പരിധിയിലായാണ് വിലയിരുത്തപ്പെടുന്നത്.
മാലിക് ദീനാര്‍(റ) കൊടുങ്ങല്ലൂരില്‍ താമസമാക്കിയ കാലത്ത് തന്നെ ചാലിയത്തെത്തിയ സഹോദര പുത്രന് മാലിക്ബ്നു ഹബീബ് അവിടെ പുഴക്കര പള്ളി സ്ഥാപിക്കുകയും പ്രഥമ ഖാളിയായി പുത്രന് ശൈഖ് സൈനുദ്ദീന്‍(റ)നെ നിയമിക്കുകയും ചെയ്തു. ചാലിയം കേന്ദ്രീകരിച്ച് ഖാളിമാരെ നിയമിക്കുന്ന ഈ രീതി കാലങ്ങളോളം തുടര്‍ന്നു. കോഴിക്കോട് ഖാളി എന്നായിരുന്നു അവര്‍ അറിയപ്പെട്ടത്. ഹിജ്റ 850-ല്‍ മരണപ്പെട്ട ഖാളി സൈനുദ്ദീന്‍ റമളാനുശ്ശാലിയാത്തിയും 899-ല്‍ വഫാത്തായ മകന് ഫഖ്റുദ്ദീന്‍ അബൂബക്കര്‍ എന്നിവരും കോഴിക്കോട് മുദാക്കര പള്ളി, കുറ്റിച്ചിറ മിസ്കാല് പള്ളി, കുറ്റിച്ചിറ മുച്ചുന്തി പള്ളി എന്നിവിടങ്ങളിലെല്ലാം വിപുലമായ ദര്സുകള് നടത്തിയിരുന്നു.
പിതാവിന്റെ വിയോഗാനന്തരം പിതൃവ്യന് സൈനുദ്ദീന്‍ ഇബ്റാഹീം മഅ്ബരിയോടൊപ്പം പൊന്നാനിയിലെത്തിയ മഖ്ദൂം ഒന്നാമന് പ്രാഥമിക പഠനാനന്തരം കര്‍മശാസ്ത്രത്തില്‍ പ്രത്യേക താല്പര്യമെടുത്ത് ചാലിയം ഖാളി ഫഖ്റുദ്ദീന്‍ അബൂബക്കര്‍ എന്നവരുടെ ദര്സില് ഏഴ് വര്‍ഷം പഠിക്കുകയുണ്ടായി. അവിടെ നിന്ന് മക്കയിലും ഈജിപ്തിലും ചെന്ന് ഉപരി പഠനം നടത്തി.
ശേഷം നാട്ടില്‍ തിരച്ചെത്തിയ മഖ്ദൂം ഒന്നാമന് ജനകീയ പങ്കാളിത്തത്തോടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപിക്കുകയും ദര്‍സ് തുടങ്ങുകയും ചെയ്തു. കേരളത്തിന്റെ പുറത്തു നിന്ന് സിറിയ, ബാഗ്ദാദ്, യമന്‍, മക്ക, മദീന, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം മുതഅല്ലിമുകള്‍ അറിവ് തേടി പൊന്നാനിയിലെത്തി. മക്കയിലും ഈജിപ്തിലും പരിചയിച്ച സിലബസ് അപ്പടി പകര്‍ത്തുകയല്ല, കേരളീയ സാഹചര്യങ്ങള്‍ക്കനുസൃതമായി പരിഷ്കരിച്ച് നവീന പാഠ്യപദ്ധതി ആവിഷ്കരിക്കുകയായിരുന്നു മഖ്ദൂം. മഖ്ദൂം ഒന്നാമന് ശേഷം പുത്രന് അസീസ് മഖ്ദൂമും ശേഷം മഖ്ദൂം രണ്ടാമനും വലിയ പള്ളിയില്‍ മുദരിസുമാരായി.
മഖ്ദൂം രണ്ടാമന് പൊന്നാനിയുടെ കീര്‍ത്തി വാനോളമുയര്‍ത്തി. പൊന്നാനി കളരിയില്‍ പഠിക്കുന്നതിന് മഖ്ദൂം രണ്ടാമന്റെ ഗുരുവായ ഇബ്നുഹജറുല്‍ ഹൈതമി സമുദ്ര മാര്‍ഗമായിരുന്നു വന്നത്. ആ കല്ലിനു മുകളില്‍ നാല്കാലില് സ്ഥാപിച്ച മരപ്പലകയില്‍ വച്ച തൂക്കുവിളക്കുണ്ട്. അതിന്റെ വെട്ടത്തിരുന്ന് ഓതുന്നതിനാണ് ‘വിളക്കിത്തിരിക്കുക’ എന്ന് പറയുന്നത്. ‘വിളക്കത്തിരുന്ന് പഠിച്ചവര്‍ ‘മുസ്ലിയാര്’ എന്ന് വിളിക്കപ്പെട്ടു. പ്രസിദ്ധ സഞ്ചാരിയും ചരിത്രകാരനും ബ്രിട്ടീഷ് ഗ്രന്ഥകാരനുമായ മേജര്‍ വി ഹോളണ്ട് പ്രയര്‍ പറയുന്നു: ‘പൊന്നാനിയില്‍ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സൈനുദ്ദീന്‍ എന്ന അറബി സ്ഥാപിച്ച മുഹമ്മദന്‍ കലാലയമുണ്ട്. തദ്ദേശീയരാണ് കലാലയ വിദ്യാര്‍ത്ഥികളെ പോറ്റുന്നത്. നാട്ടിലെ ഓരോ വീട്ടിലും രണ്ട് വിദ്ദ്യാര്ത്ഥികളുടേത് വീതം ഭക്ഷണ ചുമതല ഏറ്റെടുക്കണമെന്നാണ് കീഴ്വഴക്കം. ബിരുദമെടുക്കുന്നതിന് മുമ്പ് മുല്ലയെന്നാണ് വിദ്യാര്‍ത്ഥികളെ വിളിക്കുക. ബിരുദമെടുക്കും വരെ പ്രത്യേക പരീക്ഷയോ പരിശീലനമോ ഇല്ല. പരമാവധി പഠിക്കുക എന്നതാണ് ലക്ഷ്യം’ (മാപ്പിളാസ് ഓര് മാപ്പിളാസ്). നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാരുടെ നിഗമന പ്രകാരം പരിഷ്കര്‍ത്താവ് എന്നര്‍ത്ഥം വരുന്ന മുസ്വ്ലിഹ് എന്ന അറബി വാക്കിനോട് പേര്‍ഷ്യന്‍ ഭാഷയില്‍ അഭിവന്ദ്യന്‍ എന്നര്‍ത്ഥം വരുന്ന യാര് ചേര്‍ന്ന് ലോപിച്ചതാണ് മുസ്ലിയാര്.
മഖ്ദൂം രണ്ടാമന്റെ കാലത്ത് പൊന്നാനി പ്രതാപത്തിന്റെ പറുദീസയായിരുന്നു. വിളക്കത്തിരുന്ന പണ്ഡിതരുടെ കീഴില്‍ പലയിടങ്ങളില്‍ പൊന്നാനി മോഡല്‍ ആവര്‍ത്തിക്കപ്പെട്ടു. കൊച്ചി, പള്ളിപ്പുറം, ചാലിയം, എടവനക്കാട്, പറവണ്ണ, കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, തിക്കോടി, എടക്കാട്, വളപ്പട്ടണം, നാദാപുരം, കണ്ണൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, ചെമ്പിട്ടപള്ളി, ചോമ്പാല്‍, വണ്ടൂര്‍, പൂവത്തിക്കല്‍, വാഴക്കാട്, ചാവക്കാട്, മാടായി, ശ്രീകണ്ഠപുരം, തൃക്കരിപ്പൂര്‍, കോട്ടിക്കുളം, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ പള്ളിദര്സുകള് നിലവില്‍ വന്നു. ലക്ഷത്തില്‍പരം മുതഅല്ലിംകള്‍ കേരളത്തെ ശുഭ്ര മയമാക്കി. ഒരേ സമയം പല വലിയ ദര്‍സുകളിലും 10-ലധികം മുദര്രിസുമാര് വരെയുണ്ടായിരുന്നു.
പള്ളിദര്‍സുകളുടെ ഔന്നത്യവും ചുരുങ്ങിയ ചെലവും പുരോഗമനാത്മകമായ വളര്‍ച്ച ത്വരിതപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ക്ലാസും ഹോസ്റ്റലുമെല്ലാം പള്ളിയായിരുന്നു. പള്ളികള്‍ തട്ടുകളായി നിര്‍മിക്കാന്‍ തുടങ്ങിയതും പള്ളിദര്‍സുകളുടെ സൗകര്യത്തിനു വേണ്ടിയായിരുന്നു. ഖത്വീബും ഇമാമും മുദരിസുമായി ഒരേ ഉസ്താദ് തന്നെയാണ് നിയമിക്കപ്പെടുക. ഇതും ചെലവ് ചുരുക്കാന്‍ സഹായകമായി. ദര്‍സുകള്‍ക്ക് മാത്രമായി വഖ്ഫ് ചെയ്യപ്പെട്ട ധാരാളം സ്വത്തുകളുള്ള പള്ളികള്‍ കേരളത്തിന്റെ സവിശേഷത തന്നെയാണ്. പള്ളികള്‍ക്ക് സമ്പത്ത് കിട്ടാന്‍ ദര്സുകള് അവിഭാജ്യ ഘടകമായി. പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ വാക്കുകള്‍: ‘ഹീലി(ഏഴിമല)യിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. പ്രകൃതിമനോഹരമായ പ്രദേശമാണ് ഹീലി. അവിടെയുള്ള പള്ളിക്ക് ധാരാളം സമ്പത്തുണ്ട്. ആ പള്ളിയില്‍ മതാധ്യയനം നടത്തുന്ന ഒരു സംഘം വിദ്യാര്‍ത്ഥികളുണ്ട്. പള്ളിസ്വത്തില്‍ നിന്നാണ് അവരുടെ ചെലവുകള്‍ നടത്തിവരുന്നത്’ (കേരളം 600 കൊല്ലം മുമ്പ്). പള്ളിദര്സുകള് കേരളീയ മുസ്ലിം ജീവിത രീതിയെ വിവിധ കാലങ്ങളില്‍ എങ്ങനെ ചിട്ടപ്പെടുത്തിയെന്ന് ഇതില്‍ നിന്നു ഗ്രഹിക്കാം. മഖ്ദൂമുമാര്‍ക്ക് ശേഷം ശിഷ്യന്മാരിലൂടെ ചലനാത്മകമായ ഒരു സമൂഹം എപ്പോഴും മലബാറില്‍ നിലനിന്നുപോന്നു.
സംസ്കരണത്തിന്റെ വഴികള്‍
മഹിത സംസ്കാരമാണ് കേരളീയ പള്ളിദര്‍സുകളുടേത്. ദേശവും ഭാഷയും ആശയങ്ങളും ചോര്‍ന്നുപോകുമായിരുന്ന സന്ദിഗ്ധതയില്‍ നിന്നാണ് കേരളത്തെ പള്ളിദര്സുകള് ഖൈറുല്ലയിലേക്ക് ഉയര്‍ത്തിയത്. മതവും അറിവും ആത്മീയതയും രാഷ്ട്രീയവും ചേര്‍ന്നൊരുക്കിയ സംസ്കരണത്തിന്റെ ഗതകാല താളുകളാണ് അത് പങ്കുവെക്കുന്നത്.
മലയാളം ഒരു സ്വതന്ത്ര ഭാഷയായി രൂപപ്പെടും മുമ്പ് അറബി മലയാളത്തിലെ മാസ്റ്റര്‍പീസ് രചന പുറത്തിറങ്ങിയെന്നത് ദര്‍സുകളുടെ വലിയ വിപ്ലവമായി കാണാവുന്നതാണ്. ചരിത്രപരമായ അനിവാര്യതകളുടെയും വിശ്വാസപരമായ ഈടുവെപ്പുകളുടെയും പശ്ചാത്തലത്തിലാണ് അറബി-മലയാളം രൂപം കൊള്ളുന്നത്. പുതിയൊരു ഭാഷാ സംവിധാനത്തിന്റെ ആവിഷ്കര്‍ത്താവ് ആരെന്ന് വ്യക്തമല്ലെങ്കിലും ഇസ്ലാമിക പ്രബോധകരാണെന്ന വാദം സംഗതമാണ്. അത് തന്നെ പൊന്നാനി മഖ്ദൂമുമാരെന്നത് ഒന്നുകൂടി പ്രബലവും. തമിഴ് സ്വാധീനമുള്ള ഒരുതരം ദ്രാവിഡ ഭാഷയായിരുന്നു പ്രാചീന കേരളത്തിന്റേത്. രണ്ട് ദേശഭാഷകളുടെ വിനിമയങ്ങള്‍ക്ക് ദുര്‍ഗ്രാഹ്യമായ നിലവിലെ പരിമിതികളില്‍ നിന്ന് അറബ്-മലയാളം കൂടിച്ചേര്‍ന്ന് ഒരു ഭാഷയുണ്ടാവുകയും നാട്ടുഭാഷയുടെ കൃത്യമായ വ്യാകരണ കല്പനകളോടെ എഴുത്തു ലിപി രൂപപ്പെട്ടുവരികയും ചെയ്തു. അറബ്, ഫാരിസി, ഉര്‍ദു, തമിഴ്, കന്നട, തുളു, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലെ ശബ്ദങ്ങള്‍ തനിരൂപത്തിലോ മാറ്റങ്ങളോടെയോ അറബി മലയാളത്തില്‍ കാണാനാവും.
വെള്ളാട്ടി മസ്അല, നിസ്കാരപ്പാട്ട്, ഇശ്റൂന സ്വിഫാത്ത്, വാജിബാത്തുല് മുസ്ലിമീന് തുടങ്ങിയ പൗരാണിക അറബി മലയാള ലിപികള്‍ പരിശോധിച്ചാല്‍ 35 അക്ഷരങ്ങളാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. കാലോചിതമായി ലിപി പരിഷ്കരണങ്ങള്‍ നടന്നിട്ടുണ്ട്. മമ്പുറം തങ്ങള്‍, ഫള്ല് തങ്ങള്‍, എന്നിവരായിരുന്നു ആദ്യകാല പരിഷ്കര്‍ത്താക്കള്‍. തുടര്‍ന്ന് വെളിയങ്കോട് ഉമര്‍ഖാളി, പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്, അബ്ദുറഹ്മാന് മഖ്ദൂം, ശുജായി മൊയ്തു മുസ്ലിയാര് എന്നിവരും കനപ്പെട്ട സംഭാവനകള്‍ നല്കി. ആധുനിക മലയാള ലിപിക്കനുയോജ്യമാംവിധം ലിപി പരിഷ്കാരം നടത്തിയ ചാലിലകത്ത് 1311-ല്‍ തസ്വവീറുല് ഹുറൂഫെന്ന പേരില്‍ ആദ്യ അക്ഷരമാല രചിക്കുകയുണ്ടായി.
ഒരു ഭാഷാഭേദമെന്നതിലുപരി സ്വന്തമായി ലിപിമാലയും ആ ലിപിമാലയില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമുള്ള സ്വതന്ത്ര ഭാഷയായാണ് അറബി മലയാളത്തെ സമീപിക്കേണ്ടത്. അറബി മലയാള സാഹിത്യ വികാസ പരിണാമങ്ങളെ ആഴത്തില്‍ പഠിച്ച ശൂരനാട്ട് കുഞ്ഞന്‍ പിള്ള എഴുതുന്നു: ‘പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിന് ഗദ്യ-പദ്യ പുസ്തകങ്ങള്‍ അറബ്-മലയാളത്തിലുണ്ട്. വടക്കന്‍ കേരള യാത്രക്കിടയില്‍ അവയില്‍ പലതും ഞാന്‍ വായിച്ചുകേട്ടു. എല്ലാ ശാസ്ത്രങ്ങളെ കുറിച്ചുമുള്ള നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥങ്ങളും അതില്‍ പെടുന്നു. കണ്ണൂരിലെ അറക്കല്‍ അലി രാജാവിന്റെ പിന്‍ഗാമികള്‍ കേരളം അടക്കിവാണിരുന്നെങ്കില്‍ മലയാള ഭാഷയുടെ സര്‍വാംഗീകൃത ലിപി തന്നെ അറബ്-മലയാളമാകുമായിരുന്നു ‘(യുവകേരളം, പുസ്തകം 2 ലക്കം 3). ഇസ്ലാമിക വിശ്വാസം, അനുഷ്ഠാനം, തസ്വവ്വുഫ്, ചരിത്രം, കവിത, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി പതിനായിരക്കണക്കിന് ഗ്രന്ഥങ്ങള്‍ അറബിമലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. വൈദ്യം, ജ്യോതിഷം, വേദാന്തം, ഗണിതം, നിഘണ്ടു തുടങ്ങി രചനകളുടെ പ്രൗഢ സാന്നിധ്യം അവിസ്മരണീയം.
അറബി മലയാളത്തിലെ മാസ്റ്റര്‍ പീസ് രചനയാണ് മുഹ്യിദ്ദീന് മാല. തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മ രാമായണം രചിക്കുന്നതിന്റെ 5 വര്‍ഷം മുമ്പാണ് മുഹ്യിദ്ദീന് മാല രചിക്കപ്പെടുന്നത്. മലയാളം അന്നൊരു ഭാഷാ സംസ്കാരമായി രൂപപ്പെട്ടിരുന്നില്ലെന്നോര്ക്കണം. തുടര്‍ന്ന് രിഫാഈ മാല, നഫീസത്ത് മാല, ബദ്ര് മാല, മമ്പുറം മാല, മഞ്ഞക്കുളം മാല തുടങ്ങി വലിയൊരു ശ്രേണിതന്നെ രൂപപ്പെടുകയുണ്ടായി. പോയകാലത്ത് സന്ധ്യാ സന്ധികളില്‍ വീടകങ്ങളെ ഭക്തിസാന്ദ്രമാക്കിയിരുന്ന നഫീസത്ത് മാല നാലകത്തു കുഞ്ഞിമൊയ്തീന്‍ കുട്ടി മുസ്ലിയാര് ഹിജ്റ 1323 റജബ് 10-ന് പൊന്നാനിയില്‍ നിന്ന് സ്വന്തം ചെലവില്‍ പ്രിന്റ് ചെയ്തതാണ്. കോടമ്പിയകത്ത് സീതി തങ്ങള്‍ (ഹി:1274-1339), പൊന്നാനി നഗരം പരി മുസ്ലിയാരകത്ത് ബാവ മുസ്ലിയാരും നഫീസത്ത് മാലകളെഴുതിയിട്ടുണ്ട്.
ഇവക്ക് സമാന്തരമായി മൗലിദ് സാഹിത്യവും വളര്‍ന്നുവന്നു. മഖ്ദൂം ഒന്നാമന്റെ മന്ഖൂസ് മൗലിദ്, അക്കാലത്ത് പടര്‍ന്നുപിടിച്ച മാറാവ്യാധിക്കു മറുമരുന്നായാണ് രൂപപ്പെട്ടത്. മന്ഖൂസ് മൗലിദിനെ തുടര്‍ന്ന് പൊന്നാനി പള്ളിദര്സിനോട് ചാരിയും ചേര്‍ന്നും ഒരുപാട് മൗലിദുകള്‍ രചിക്കപ്പെട്ടു.
അറബി മലയാളത്തിനു ലഭിച്ച ഈ സമ്മതി കാരണം ക്രിസ്ത്യന്‍ മിഷനറിമാരായ യൂറോപ്യന്‍ പാതിരിമാര്‍ അറബി മലയാള ബൈബിള്‍ പ്രസിദ്ധീകരിച്ചതും കേരളത്തിലെ സസ്യലതാദികളെ പഠിച്ച് ഡച്ചുകാര്‍ പുറത്തിക്കിയ ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ ഓരോ ഇനങ്ങളുടേയും പേരുവിവരങ്ങള്‍ അറബി മലയാളത്തില്‍ കൂടി അച്ചടിച്ചതും ഈ ഭാഷയുടേയും അതുവഴി രൂപപ്പെടുന്ന സംവേദന ക്ഷമതയുടേയും സാധ്യതകള്‍ ഉദ്ഘോഷിക്കുന്നുണ്ട്.
വൈജ്ഞാനികം
പള്ളിദര്‍സുകളാണ് കേരളത്തെ വൈജ്ഞാനിക ഭൂമികയാക്കിയതെന്ന് പറഞ്ഞല്ലോ. അതിന് മുന്നില്‍ നിന്നത് പൊന്നാനിയും. വിദേശത്തു നിന്ന് പര്‍വതസമാനരായ പണ്ഡിത പ്രതിഭകളില്‍ നിന്ന് ജ്ഞാനമാര്ജിച്ചെടുത്ത മഖ്ദൂം ഒന്നാമന് സമുദായ നേതാക്കളുടെ സഹകരണത്തോടെ പൊന്നാനിയില്‍ വിപുലമായ സൗകര്യങ്ങളോട് കൂടിയ പള്ളി നിര്‍മിച്ചു. ഈജിപ്തിലെ ഖാളി ശൈഖ് അബ്ദുഹ്മാനുല് അദവിയുടെ ശിഷ്യനായി അഞ്ചു കൊല്ലം പഠിച്ച രീതിയില്‍ കേരളത്തിലും വൈജ്ഞാനിക വിസ്ഫോടനങ്ങള്‍ തീര്‍ത്ത് മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നേതൃപാടവമുള്ള ധൈഷണിക പണ്ഡിത ശൃംഖലകള്‍ വാര്‍ത്തെടുക്കുക കൂടിയായിരുന്നു അദ്ദേഹം പള്ളി നിര്‍മാണം കൊണ്ട് ലക്ഷ്യമിട്ടത്. അതു കൊണ്ടുതന്നെ ഈജിപ്ഷ്യന്‍ സിലബസ് അപ്പടി പകര്‍ത്താതെ കേരളീയ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ സമൂല പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചു. പേര്‍ഷ്യന്‍ ഭാഷയും പേര്‍ഷ്യന്‍ കിതാബുകളും ഐച്ഛികവും നിര്‍ബന്ധിതവുമായി പള്ളിദര്സുകളില് ഉള്‍പ്പെടുത്തി. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ആഗോള നിലവാരത്തോടൊത്തു നില്ക്കാന് കേരളത്തെ പാകപ്പെടുത്തുകയായിരുന്നു മഖ്ദൂമുമാര്‍.
ആത്മീയം
മഖ്ദൂമുമാരുടെ പഠന-പ്രബോധന മേഖലയില്‍ തസ്വവ്വുഫിന് വലിയ സ്വാധീനമുണ്ടായിരുന്നു. ശൈഖ് ഖുതുബുദ്ദീന്‍ ചിശ്തിയില്‍ നിന്നാണ് മഖ്ദൂം ഒന്നാമന് ഖാദിരിയ്യ, ചിശ്തിയ്യ ത്വരീഖത്തുകള്‍ സ്വീകരിക്കുന്നത്. ശൈഖ് സാബിത് ബ്നു സാഹിദില്‍ നിന്ന് ശത്വാരിയ്യ ത്വരീഖത്തും സ്വീകരിച്ചു. ശൈഖ് അബുല്‍ ഹസന് ബകരിയില്‍ നിന്നാണ് മഖ്ദൂം രണ്ടാമന് ത്വരീഖത്ത് വാങ്ങിയത്. നേടിയെടുത്ത ആത്മീയ വെളിച്ചം മങ്ങലേല്ക്കാതെ കൈമാറുന്നതില്‍ മഖ്ദൂമുമാര്‍ ബദ്ധശ്രദ്ധരായി. പാപക്കറ വീണ് തുടങ്ങും മുമ്പെ കുഞ്ഞുമനസ്സിലേക്ക് ആത്മീയതയുടെ അലൗകിക പ്രഭാവം സന്നിവേശിപ്പിക്കാന്‍ മഖ്ദൂം ഒന്നാമന് അദ്കിയാഉം മുര്ശിദുത്തുല്ലാബും രണ്ടാമന് ഇര്‍ശാദുല്‍ ഇബാദും രചിച്ചു. അറബ് നാടുകളില്‍ വ്യാപക പ്രചാരം ലഭിച്ച ഇവ പോയകാലത്തിന്റെ ആത്മീയഗതി നിര്‍ണയിച്ച ഗ്രന്ഥങ്ങളത്രെ. കൂടാതെ ഇമാം നവവി(റ)യുടെ രിയാളു സ്വാലിഹീന്, അല്‍അദ്കാര്‍, ഇമാം സുഹ്റവര്‍ദി(റ)യുടെ അവാരിഫുല്‍ മആരിഫ്, ഇമാം ഗസ്സാലി(റ)യുടെ ഇഹ്യാഉലൂമുദ്ദീന് എന്നിവയും പൊന്നാനി കളരിയില്‍ നിന്ന് ആത്മീയതയുടെ ആനന്ദപൂര്ണിമയിലേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തി.
ആഴത്തിലുള്ള മതപഠനം ലക്ഷ്യമില്ലാത്ത സാധാരണക്കാരും മഖ്ദൂമുമാരെ തേടിയെത്തിയിരുന്നു. അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ ശിഷ്യനായ ഖാളി മുഹമ്മദിന്റെ മുഹ്യിദ്ദീന് മാല കീഴാള മുസ്ലിംകളിലേക്ക് ഇറങ്ങിവന്ന് ഖാദിരിയ്യത്തിന്റെ വ്യാപനം സുഗമമാക്കി. പറങ്കികള്‍ക്കെതിരെ മഖ്ദൂമുമാരുടെ നിഴലു പറ്റി നിന്ന കുഞ്ഞാലിമാര്‍ ഖാദിരിയ്യ ആത്മീയ ധാരയിലൂടെ കലന്തര്‍ എന്ന പേര് സ്വീകരിച്ചു. സൂഫിസം പൗരാണിക മാപ്പിള ജീവിതത്തില്‍ ഇങ്ങനെയെല്ലാം ഇടപെട്ടു.
പട്ടാള ചിട്ടകളല്ല, ദര്‍സുകളിലെ ഗുരു-ശിഷ്യ ബന്ധത്തിന്റെ സ്നേഹഭാവങ്ങളാണ് ആത്മീയത തഴച്ചുവളരാന്‍ വഴിയും വെളിച്ചവുമായത്. അത് ജീവിതത്തിന്റെ തുടിപ്പിലും മിടിപ്പിലും നിഴലിച്ചുനിന്നു. പ്രാര്‍ത്ഥനകളില്‍ അവര്‍ ഒരു വാക്ക് പ്രത്യേകം കാത്തുവച്ചു. ‘വലി അസാതീദിനാ വലി തലാമീദിനാ…’ ഓരോ സന്ധ്യാ നിസ്കാരങ്ങള്‍ക്കു ശേഷവും പള്ളിമുകളില്‍ മുതഅല്ലിമുകള്‍ ഹല്ഖയായിരുന്ന് ഗുരു വര്യര്ക്കുവേണ്ടി പ്രാര്ത്ഥനാപദ്യം നീട്ടി ചൊല്ലുമ്പോള്‍ താഴെ പള്ളി മിഹ്റാബിന്റെ മുമ്പിലിരുന്ന് ശിഷ്യഗണങ്ങള്ക്കുവേണ്ടി ഉസ്താദും കേണു. ആത്മീയമായ പാരസ്പര്യത്തിന്റെ ചന്തവും ചാരിതാര്‍ത്ഥ്യവും വിളിച്ചോതുന്നതായിരുന്നു ഇതെല്ലാം.
1454-ല്‍ പോപ്പ് നല്കിയ നിര്‍ദേശമനുസരിച്ച് പോര്‍ച്ചുഗീസ് രാജാവിന്റെ പ്രതിനിധിയായി 1498-ല്‍ കാപ്പാട് കപ്പലിറങ്ങിയ ഗാമയുടെ ക്രൂരലക്ഷ്യങ്ങളെ കുറിച്ച് ആദ്യം വിളിച്ചുപറഞ്ഞത് മഖ്ദൂമുമാരായിരുന്നു. ഉള്ള് കറുത്ത വെള്ളക്കാരന്റെ കച്ചവട നാട്യങ്ങള്‍ക്ക് ഇടയില്‍ പതിയിരിക്കുന്ന സാമ്രാജ്യത്വ ധാര്‍ഷ്ഠ്യങ്ങള്‍ തിരിച്ചറിയാനാകാതെ സ്വീകരിച്ചാനയിച്ച സാമൂതിരിക്ക് കാലിടറിത്തുടങ്ങിയപ്പോഴാണ് പൊന്നാനിയില്‍ നിന്ന് മുഴങ്ങിക്കേട്ട സമരകാഹളത്തിന്റെ ഊക്കും ആക്കവും ബോധ്യപ്പെടുന്നത്.
വൈദേശികാധിപത്യത്തിനെതിരെയുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ ആദ്യ രണ്ട് പ്രകടന പത്രികകളെന്ന നിലയില്‍ (എംജിഎസ് നാരായണനോട് കടപ്പാട്) തുഹ്ഫയും തഹ്രീളും മുന്നില്‍ വച്ച് അനുമാനിക്കാവുന്ന ഒന്നുണ്ട്. പൗരാണിക കേരളീയ സാംസ്കാരിക സമ്പന്നതയെ ചടുലമാക്കിയ പള്ളിദര്‍സുകളിലെ പെരുമാറ്റചട്ടങ്ങള്‍, സ്വന്തം കാലത്തോടും സാഹചര്യങ്ങളോടും സക്രിയമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കൂടി അടയാളപ്പെടുത്തിയിരുന്നു.
വൈദേശികരോട് യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യകതയും മതനിലപാടും ബോധ്യപ്പെടുത്തി ധീരരായ യോദ്ധാക്കള്‍ക്കും രക്തസാക്ഷികള്‍ക്കുമുള്ള പവിത്രതകള്‍ വരച്ചുകാട്ടി പിന്തിരിഞ്ഞോടുന്നവര്ക്കും അകലം നില്‍ക്കുന്നവര്‍ക്കുമുള്ള നിന്ദ്യതയും നിസ്സാരതയും വിവരിക്കുന്ന 177 വരികളുള്ള തീഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദതി സ്വുല്‍ബാന്‍ അല്മര്ഗബതു ഫില്‍ ജിനാന്‍ അല്മുന്ഖിദതു മിനന്നീറാന്‍ എന്ന കാവ്യം മെയ്യും കരുത്തുമുള്ള മാപ്പിള പോരാളികളെ ത്രസിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇംഗ്ലീഷ്, ലത്തീന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക്, മലയാളം, ഉറുദു തുടങ്ങിയ ഭാഷകളില്‍ പല പതിപ്പുകളായി പുറത്തിറങ്ങിയ ‘തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ബഅ്സി അഖ്ബാരില്‍ ബുര്തുഗാലീയ്യീന്’ അധിനിവേശാനന്തര കേരളത്തിന്റെ പകര്‍പ്പെഴുത്താണ്.
വിദേശികളുടെ ക്രൂരതകള്‍ തുറന്ന്കാട്ടി ദേശസ്നേഹാര്പ്പണത്തിന്റെ വഴിയിലേക്ക് ജനമനസ്സുകളെ സജ്ജമാക്കാനാണ് ഇതെഴുതിയതെന്ന് രചയിതാവ് തന്നെ ആണയിടുന്നുണ്ട്. ഇവക്കു പുറമെ ചാലിയം കോട്ട കീഴടക്കിയത് ഇതിവൃത്തമാക്കി 1578-79ല്‍ ഖാളി മുഹ്യിദ്ദീനുബ്നു അബ്ദുല്‍ അസീസ് 537 വരികളില്‍ അല്‍ഫത്ഹുല്‍ മുബീന് എന്ന പദ്യവും രചിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ സജീവമായ പണ്ഡിത നേതൃത്വത്തെയാണ് ഇവ അര്‍ത്ഥമാക്കുന്നത്.
പൗരാണിക കാലം തൊട്ട് ദര്‍സീ സമ്പ്രദായങ്ങളുള്ള ചില പള്ളികളില്‍ അപൂര്‍വ രചനകളുടെ ശേഖരം തന്നെയുണ്ടായിരുന്നു. താനൂര്‍ പള്ളിയില്‍ നിരവധി കൈയെഴുത്ത് പ്രതികളുള്ളതായി മര്‍ഹൂം നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശാലിയാത്തിയുടെ പുസ്തകവീട് ഇതിനോടനുബന്ധമായി വായിക്കണം. ബട്ക്കലില്‍ നിന്ന് രോഗാതുരനായി നാട്ടിലെത്തിയപ്പോഴാണ് ഇത്തരം ഒരു സംവിധാനത്തിലേക്ക് ആലോചനകള്‍ നീളുന്നത്. ഹാജി കുഞ്ഞഹമ്മദ് കുട്ടി നഹയുടെ പരിശ്രമാര്‍ത്ഥം ഹിജ്റ 1366-ല്‍ വീടിനു സമീപം തന്നെ ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യ ലൈബ്രറി ഉയര്‍ന്നു. അപൂര്‍വമായ വിഭവങ്ങള്‍ കൊണ്ട് ഇന്നും ഈ ലൈബ്രറി അതിഥികളെ വിരുന്നൂട്ടുന്നു. ഹീബ്രു ഭാഷയില്‍ എഴുതിയ തൗറാത്ത്- ഇഞ്ചീല്‍ പ്രതികള്‍, ഉപനിഷത്തുകള്‍, മഹാഭാരതം, രാമായണം, ഗോള-ജ്യോതി ശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവക്ക് പുറമെ, പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബിറൂനിയുടെ കിതാബുല്‍ ഹിന്ദ്, ക്രിസ്ത്യന്‍ മിഷനറിയായിരുന്ന സെന്റ് തോമസിന്റെ രചനകള്‍, ചൈനീസ് ബുദ്ധമത പണ്ഡിതന് ഹ്യുയാങ് സാങിന്റെ കൃതികള്‍ തുടങ്ങി ഒരുപാട് വിസ്മയങ്ങളുടെ സങ്കേതമാണ് അസ്ഹരിയ്യ ഖുതുബ്ഖാന. ഇബ്നു ഹജര്‍(റ) പൊന്നാനിയിലെത്തിയപ്പോള്‍ സ്വന്തം കൈപ്പടയിലെഴുതിയ ഫത്വ, ഗോളശാസ്ത്രം, തച്ചു ശാസ്ത്രം സംഖ്യാ പഠനം, കാലിഗ്രഫി എന്നിവയിലൊക്കെ ആധികാരിക ശബ്ദമായ ശാലിയാത്തി സ്വയം നിര്‍മിച്ച ഉപകരണങ്ങളും ഇവിടെയുണ്ട്.
ചുരുക്കത്തില്‍ കേരളത്തിന്റെ നവോത്ഥാന രംഗത്ത് പള്ളിദര്സുകള് വഹിച്ച സംഭാവനകള്‍ വലുതാണ്. പൂര്‍വ പണ്ഡിതര്‍ വൈജ്ഞാനികമായി ഉഴുതു പാകപ്പെടുത്തിയ മണ്ണില്‍ വിത്തിറക്കുകയാണ് പില്കാലക്കാര് ചെയ്തത്. ഇന്നു കാണുന്ന ദീനീ മുന്നേറ്റങ്ങളും സാമുദായിക ജാഗരണവും സാമ്രാജ്യത്വ വിരോധവുമെല്ലാം ആ കാലത്തിന്റെ ഈടുവെയ്പുകളാണ്.
കടപ്പാട്
- ഒകെ ഉസ്താദ് സ്മരണിക
- അറബി മലയാള സാഹിത്യം-മുഹമ്മദ് ഖാസിം
- കേരള മുസ്ലിം ചരിത്രം-സൈനുദ്ദീന്‍ മന്ദലാംകുന്ന്
- മഖ്ദൂം കുടുംബം കേരളത്തില്‍-ശമീര്‍ മഹ്ളരി
- പണ്ഡിത കേരളം
- മാപ്പിള മലബാര്‍-ഡോ. ഹുസൈന് രണ്ടത്താണി
- രിസാല വാരിക- 2000 ജനു: 14, 2007ഫെബ്രു: 23, 2015 സപ്ത: 09, 2017 മാര്‍ച്ച്: 01
- ഉറവ മാസിക
- പാദമുദ്രകള്‍-മുള്ഹിറുസ്സുന്ന മുപ്പത്തഞ്ചാം വാര്‍ഷികോപഹാരം
- പ്രാചീന മലബാര്‍-ഡോ. ശംസുല്‍ ഖാദിരി