പുരുഷന്‍ നേരം പുലരുന്നതു മുതല്‍ സദാ തിരക്കിലാണ്. ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയാണ് അവന്‍റെത്. അതിനിടയിലെ കളിതമാശകള്‍ ഒഴിച്ചാല്‍ അവന്‍ തെറ്റുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷിതനാണ്. തെറ്റിന് സമയം കിട്ടാതിരിക്കുന്നതു എന്നാല്‍ സ്ത്രീകളുടെ കാര്യം മറിച്ചാണ്. തെറ്റുകളുടെ ലോകത്ത് അവളൊരിക്കലും സുരക്ഷിതയല്ല. വീട്ടിലെ നിശ്ചിത സമയത്തുള്ള തിരക്കുകളൊഴിഞ്ഞാല്‍ അവള്‍ പലപ്പോഴും തെറ്റുകളില്‍ വ്യാപൃതരാകുന്ന അവസ്ഥയാണ് വീടുകളിലുള്ളത്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടെത്തലും ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചുമാണ് പല സ്ത്രീകളും ഒഴിവു സമയങ്ങളെ പലപ്പോഴും ഉന്തിത്തള്ളുന്നത്. ഇത്തരം ചെയ്തികള്‍ പതിവാക്കുന്ന സ്ത്രീക്ക് അവളുടെ ഭര്‍ത്താവിനോട് പങ്കുവെക്കാനുള്ളതും ഇങ്ങനെയുള്ള കുറ്റവും കുറവുമായിരിക്കും. സ്വാഭാവികമായും ക്ഷീണിച്ചു വരുന്ന ഭര്‍ത്താവിന് താല്‍പര്യമുള്ളത് കേള്‍ക്കാതിരിക്കുകയും എന്നാല്‍ ഒരിക്കലും കേള്‍ക്കാന്‍ മോഹിക്കാത്തത് കേള്‍ക്കേണ്ടിവരുന്നതിനാലും ഭാര്യയോട് അനിഷ്ടം ഉണ്ടാകുന്നു. ഭര്‍ത്താവിന്‍റെ തൃപ്തി കരസ്ഥമാക്കുന്നിടത്ത് സ്ത്രീ പരാജയപ്പെടുമ്പോള്‍ സ്വര്‍ഗ പ്രവേശനത്തിലും സന്തോഷത്തിന്‍റെ ലോകത്തും അവള്‍ പരാജിതയാകുന്നു.
ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും സന്തോഷമാകട്ടേയെന്നും അവരെ സേവിക്കല്‍ പുണ്യമുള്ള കാര്യമാണെന്നുമുള്ള നിയ്യത്തോട് കൂടി ഒരു ഭാര്യ വീട്ടിലെ പണികള്‍ ചെയ്യുകയും അത് കഴിഞ്ഞുള്ള സമയങ്ങളില്‍ വീട്ടിലുള്ളവരെ സ്നേഹിച്ചും സേവിച്ചും ഒഴിവു സമയങ്ങളെ നീക്കുകയും ചെയ്യുമ്പോള്‍ തെറ്റുകളില്‍ വ്യാപൃതരാകുന്നതില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നു. ഇത്തരം ഒഴിവു സമയങ്ങള്‍ നല്ല രീതിയില്‍ ചെലവഴിക്കുന്ന സ്ത്രീക്ക് ഭര്‍തൃ സാന്നിദ്ധ്യത്തില്‍ മാനസികമായും ശാരീരികമായും അവനെ തൃപ്തിപ്പെടുത്താനാകും. ഇതിലൂടെ അവന്‍റെ പരിപൂര്‍ണ്ണ പൊരുത്തം കരസ്ഥമാകുകയും അവളുടെ സ്വര്‍ഗ പ്രവേശന സാധ്യത കൂടുകയും അവളില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ(റ)വില്‍ നിന്നും റിപ്പോര്‍ട്ട്: അല്ലാഹുവിന്‍റെ റസൂല്‍(സ്വ)യോട് ചോദിക്കപ്പെട്ടു, സ്ത്രീകളില്‍ വെച്ച് ഏറ്റവും ഉത്തമ ആരാണ് നബി(സ്വ) പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍, ഭര്‍ത്താവിന് സന്തോഷം നല്കുന്ന, ഭര്‍ത്താവ് ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന വിധം ശരീരത്തിലും സമ്പത്തിലും വിക്രയം ചെയ്യാത്ത സ്ത്രീ’ (സുനനുല്‍ കുബ്റ; ഹദീസ് :5324).
ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ മുമ്പില്‍ വിജയിയാകുന്നുവെങ്കില്‍ ജീവിതം എപ്പോഴും സന്തോഷമുള്ളതാക്കാന്‍ അവള്‍ക്കാകും. അത് സന്തോഷത്തിന്‍റെ പാരമ്യമായ സ്വര്‍ഗം പുണരാന്‍ കാരണമാകും. മറിച്ചാണെങ്കില്‍ നരകമായിരിക്കും വാസ സ്ഥലം.
ഒഴിവു സമയം കൂടുതല്‍ കിട്ടുമ്പോള്‍ ഇതെല്ലാത്ത തെറ്റുകള്‍ക്കും സാധ്യതകൂടും. സിനിമ, സീരിയല്‍, അന്യരുമായി നേരിട്ടും ഫോണ്‍വഴിയുമുള്ള സമ്പര്‍ക്കും, ചാറ്റിംഗ്, വൃത്തികെട്ട സീനുകളും ആപ്പുകളും സൈറ്റുകളും കാണല്‍ പോലുള്ളവക്കൊക്കെയും ഒറ്റക്കിരിക്കുമ്പോള്‍ കടുത്ത പ്രേരണയുണ്ടാകും. ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ ഓര്‍ത്ത് ജീവിക്കാനാവണം. ഓരോ നിമിഷവും പരലോകത്ത് ഗുണപ്രദമായത് പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ വലിയ പുണ്യം നേടാനാവും.
ഭാര്യമാരുടെ ശ്രേഷ്ഠത
പത്രങ്ങളില്‍ കാണുന്ന ഒരു പരസ്യവാചകമുണ്ട്. ‘പെങ്ങളേ, ഇനി വീട്ടിലിരുന്നും പണം സമ്പാദിക്കാം, കോടിപതിയാവാം എന്നൊക്കെ. പല തട്ടിപ്പു തരികിടകളും ചിലപ്പോഴതിനകത്ത് ഒളിഞ്ഞിരിപ്പുണ്ടാവും. എന്നാല്‍ ഒരു കളങ്കവും പുരളാതെ കൃത്യമായി ഓരോ വിശ്വാസിക്കും കോടികളെക്കാള്‍ വിലമതിക്കുന്ന അമൂല്യ സൗഭാഗ്യങ്ങള്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ ലളിതമായി നേടാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ പ്രവാചകര്‍, മഹിളാ രത്നങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇത് നമ്മളെത്ര പേര്‍ കൃത്യമായി അറിഞ്ഞുകാണും.
ഇമാം ബൈഹഖി(റ) അസ്മാഅ്(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തു: നബി(സ്വ) സ്വഹാബികളുടെ അരികില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തിരുദൂതരുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി അങ്ങയിലേക്ക് വന്നതാണ്. ഇതു കേള്‍ക്കുന്ന കിഴക്കിലും പടിഞ്ഞാറിലുമുള്ള ഏതു പെണ്ണിനും എന്‍റെ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുക. നബിയേ, അങ്ങയെ അല്ലാഹു സ്ത്രീകളിലേക്കു കൂടിയാണ് അയച്ചിട്ടുള്ളത്. അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ അയച്ച റബ്ബിനെ കൊണ്ടും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ വീടകങ്ങളില്‍ അടച്ചിടപ്പെട്ടവരാണ്. ഞങ്ങള്‍ വീടുകളുടെ അടിത്തറകളാണ്, ആശകള്‍ വീട്ടാനുള്ള കേന്ദ്രമാണ് ഞങ്ങള്‍, കുട്ടികളെ ഗര്‍ഭം ചുമക്കുന്നവരാണ് ഞങ്ങള്‍.
എന്നാല്‍ പുരുഷന്മാര്‍ക്ക് ഞങ്ങളെക്കാളും ശ്രേഷ്ഠത ലഭിക്കുന്നുണ്ട്. ജുമുഅ, ജമാഅത്ത്, രോഗ സന്ദര്‍ശനങ്ങള്‍, ജനാസയോട് കൂടെ പങ്കെടുക്കുക, സുന്നത്തായ ഹജ്ജ് ചെയ്യുക ഇതുപോലോത്ത കാര്യങ്ങളാല്‍ ഞങ്ങളേക്കാളും വലിയ ശ്രേഷ്ഠതകള്‍ അവര്‍ക്ക് നേടാനാവുന്നു. പുരുഷന്മാര്‍ ഹജ്ജിനോ ഉംറക്കോ പുറപ്പെടുമ്പോള്‍ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നത് ഞങ്ങളാണ്. വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നവര്‍ ഞങ്ങളാണ്. കുട്ടികളെ പോറ്റി വളര്‍ത്തുന്നതും ഞങ്ങള്‍ തന്നെയാണ്. പിന്നെയെങ്ങനെയാണ് നബിയേ, കൂലിയില്‍ പുരുഷന്മാരോട് ഞങ്ങള്‍ തുല്യരാവുന്നത്’ ഈ ചോദ്യം കേട്ടപ്പോള്‍ നബി(സ്വ) സ്വഹാബത്തിലേക്ക് തിരിഞ്ഞു ചോദിച്ചു: ‘ഈ പെണ്ണ് ദീനിനു വേണ്ടി സംസാരിച്ചത് പോലെ മറ്റൊരു പെണ്ണ് സംസാരിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ടോ’ സ്വഹാബത്ത് ഒന്നടങ്കം പറഞ്ഞു: ‘ഇതുപോലെ ചോദിക്കുന്ന മറ്റൊരു പെണ്ണിനെ ഞങ്ങള്‍ക്കറിയില്ല’. നബി(സ്വ) സ്ത്രീക്കു നേരെ തിരിഞ്ഞു പറഞ്ഞു: ‘നീ പിരിഞ്ഞു പോയ്ക്കോ, എന്നിട്ട് നീയുമായി ബന്ധപ്പെട്ട സ്ത്രീകളോടൊക്കെ പറയൂ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ പൊരുത്തം തേടി നല്ല നിലക്ക് അദ്ദേഹത്തിന് വഴിപ്പെടുകയും നല്ല കാര്യങ്ങളില്‍ ഭര്‍ത്താവിനെ പിന്‍പറ്റുകയും ചെയ്യുന്നത് പുരുഷന്മാര്‍ക്ക് റബ്ബ് കൊടുത്ത നേട്ടങ്ങളോട് കിടപിടിക്കുന്നതാണ് എന്ന്’. ഇത് കേട്ടപ്പോള്‍ അവര്‍ സന്തോഷത്തോടെ തക്ബീറും തഹ്ലീലും ചൊല്ലി അവിടുന്ന് പിരിഞ്ഞു പോയി. (ശുഅബുല്‍ ഈമാന്‍, 11/ 77).
പുരുഷന് പുരുഷന്‍റേതായ ശ്രേഷ്ഠതകള്‍ ലഭിക്കുന്നതിന് പ്രയാസകരമായ വ്യത്യസ്ത കര്‍മങ്ങളില്‍ വ്യാപൃതനാകണം. എന്നാല്‍ അതേ ശ്രേഷ്ഠത സ്ത്രീകള്‍ക്ക് ലഭിക്കണമെങ്കില്‍ അത് വീടകങ്ങളില്‍ മേല്‍ പരാമര്‍ശിച്ചപോലെ ഒതുങ്ങിയിരുന്നാല്‍ തന്നെ മതി.
അല്ലാഹുവിനോടുള്ള ബാധ്യത
വെളുവെളുത്ത തുമ്പപ്പൂ പോലോത്ത തുണിയുമുടുത്താണ് അതിരാവിലെ ഭര്‍ത്താവ് പണിക്കുപോയത്. ഭര്‍ത്താവ് തിരിച്ചെത്തി വസ്ത്രം നോക്കിയപ്പോഴോ ചളിപുരണ്ട് ചുവന്നിരിക്കുന്നു. ഉടനെ ഭാര്യ ഒന്നും നോക്കിയില്ല. അതിന്‍റെ ചേറൊക്കെ ഇളക്കിക്കഴുകി ഉണക്കിയെടുത്ത് ഇസ്തിരിയിട്ടപ്പോള്‍ അവളുടെ മനസ്സിലൊരു തോന്നല്‍!. ഞാനെന്തിന് ഇത്രയൊക്കെ ഇദ്ദേഹത്തിനായി അസ്ഥിയുരുക്കണം. ഒരു ഭര്‍ത്താവിനോട് ഒരു ഭാര്യ ഇത്രയൊക്കെ ചെയ്യേണ്ടതുണ്ടോ.
അഹ്മദ് ബ്നു ഹമ്പല്‍(റ), അബ്ദുല്ലാഹി ബ്നു അബീ ഔഫ് എന്നവരെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: മുആദ് (റ) യമനിലേക്ക് വന്നപ്പോള്‍ (ശാമിലേക്കാണെന്നും അഭിപ്രായമുണ്ട്) ക്രൈസ്തവ സമൂഹം തങ്ങളുടെ പുരോഹതിന്മാര്‍ക്ക് സുജൂദ് ചെയ്യുന്നതായി കണ്ടു. മുആദ്(റ) ചിന്തിച്ചു: ‘നബി തങ്ങളാണല്ലോ ഏറ്റവും ആദരിക്കപ്പെടാന്‍ അര്‍ഹര്‍’. പിന്നീട് മുആദ്(റ) നബി(സ്വ)യുടെ അടുക്കലേക്ക് ചെന്ന് വിഷയം പറഞ്ഞു.അവര്‍ സുജൂദ് ചെയ്യുന്നത് കണ്ടപ്പോള്‍ തനിക്ക് വന്ന ചിന്തയെയും പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞാന്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യുവാന്‍ കല്‍പ്പിക്കുമായിരുന്നു. ഭര്‍ത്താവിന് ചെയ്ത് കൊടുക്കേണ്ട ബാധ്യതകള്‍ നിറവേറ്റി കൊടുത്തിട്ടല്ലാതെ ഒരു ഭാര്യക്കും അല്ലാഹുവിനോടുള്ള ബാധ്യത വീടുകയില്ല… (മുസ്നദ് അഹ്മദ്: ഹദീസ്: 19403).
തന്‍റെ ഭര്‍ത്താവിന് വഴിപ്പെടലാണ് അല്ലാഹുവിനോട് ചെയ്യേണ്ട ബാധ്യതകളില്‍ പ്രധാനം എന്ന് ഓരോ ഭാര്യയും മനസ്സിലാക്കുക.
വിധിയില്‍ ക്ഷമിക്കുക, ഭര്‍ത്താവിനെ സമാധാനിപ്പിക്കുക
ജീവിതത്തിന്‍റെ പ്രാരാംബ്ധങ്ങള്‍ക്കിടയിലും ഹൃദയ സാഫല്യം തേടിയാണ് ഓരോ ഭര്‍ത്താവും വീടണയാറുള്ളത്. പ്രിയതമയായ ഭാര്യയില്‍ നിന്ന്, മക്കളില്‍ നിന്ന് സന്തോഷം നിറഞ്ഞ സ്വീകരണമായിരിക്കും അവര്‍ ആശിക്കുക. പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ പ്രയാസങ്ങളും പ്രതിസന്ധികളും പറഞ്ഞ് അവരുടെ മനസ്സിനെ വീണ്ടും വിഷാദരാക്കുന്ന ഭാര്യമാരുണ്ട്. അവരുടെ പരാതിപ്പെട്ടി അടക്കാറില്ല. അമ്മായിമ്മയുടെയും നാതൂന്മാരുടെയും കുറ്റവും കുറവും കേള്‍ക്കാത്ത ദിനങ്ങളുണ്ടാകാറില്ല. ഭര്‍ത്താവ് വാങ്ങി കൊണ്ട് വന്ന സാധനത്തിന് സൈസ് ഒക്കാറില്ല, കളര്‍ മേച്ചാകാറില്ല.. ഇങ്ങനെ തുടങ്ങി ‘മുട്ട് സൂചി വളഞ്ഞതിന്’ വരെ പരാതി ബോധിപ്പിക്കുന്നവരുണ്ട്. എല്ലാ വേദനകളും കടിച്ച് പിടിച്ച് ഒന്നും പറയാതിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഭാര്യമാരുടെ എല്ലാ പരാതികളും സമര്‍പ്പിക്കേണ്ട കോടതി ഭര്‍ത്താവ് തന്നെയാണ്. പരാതി സമര്‍പ്പണങ്ങള്‍ക്ക് അതിന്‍റേതായ രീതിയിലാകണം എന്നേ ഒള്ളൂ. ഒരു ചരിത്രം പറയാം, അനസ്(റ)ല്‍ നിന്ന് നിവേദനം:
അനസ്(റ)ന്‍റെ ഉമ്മയായ ഉമ്മുസുലൈമക്ക് അബൂത്വല്‍ഹ എന്നവരില്‍ നിന്നുണ്ടായ മകന്‍ രോഗിയായി മരണപ്പെട്ടു. ആ സമയം അബൂത്വല്‍ഹ അവിടെയുണ്ടായിരുന്നില്ല. മഹതി വീട്ടുകാരോട് ഇക്കാര്യം തന്‍റെ ഭര്‍ത്താവിനെ അറിയിക്കരുതെന്നും ഞാന്‍ അറിയിച്ചു കൊള്ളാം എന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഉമ്മുസുലൈം അദ്ദേഹത്തിനുള്ള രാത്രി ഭക്ഷണം വിളമ്പി. അദ്ദേഹം സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ശേഷം മഹതി സാധാരണയില്‍ വിപരീതമായി ഭര്‍ത്താവിനു വേണ്ടി ചമഞ്ഞൊരുങ്ങി. ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധത്തിനു ശേഷം അദ്ദേഹത്തിന്‍റെ മനസ് ശാന്തമായെന്ന് ബോധ്യപ്പെട്ടപ്പോള്‍ മഹതി ചോദിച്ചു: ‘കുറച്ച് ആളുകള്‍ അവരുടെ സ്വത്തുക്കള്‍ മറ്റു ചിലര്‍ക്ക് വായ്പ്പ കൊടുത്തു. ആ വായ്പ്പ തിരിച്ചു ചോദിക്കുമ്പോള്‍ അത് തടയാന്‍ വല്ല അവകാശവുമുണ്ടോ’ അബൂത്വല്‍ഹ(റ) പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ ഭാര്യ പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ മകന്‍റെ കൂലി ആവശ്യപ്പെട്ടോളൂ. നിങ്ങളുടെ മകന്‍ മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ കുട്ടിയെ വായ്പ്പ നല്‍കിയതായിരുന്നു. അത് തിരിച്ചു ചോദിച്ചു.’ ഇതു കേട്ടപ്പോള്‍ അബൂത്വല്‍ഹ(റ) ദേഷ്യം വന്നു. മഹാനവര്‍കള്‍ പറഞ്ഞു: ‘ഞാന്‍ അശുദ്ധിക്കാരനാകുന്നത് വരെ നീ മകനെ കുറിച്ച് പറഞ്ഞില്ലല്ലോ?’ പിറ്റേന്ന് രാവിലെ അബൂത്വല്‍ഹ(റ) റസൂലുല്ലാഹി(സ്വ)യുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു. റസൂല്‍(സ്വ) പറഞ്ഞു: ‘നിങ്ങളുടെ ഈ രാത്രിയില്‍ രണ്ട് പേര്‍ക്കും ബറകത്ത് ചെയ്യട്ടേ.’ അങ്ങനെ മഹതി ഗര്‍ഭിണിയായി. പിന്നീടൊരിക്കല്‍ നബിയോട് കൂടെ മദീനയിലേക്കുള്ള ഒരു യാത്രയില്‍ മഹതിയും അബൂത്വല്‍ഹയും കൂടെയുണ്ടായിരുന്നു (ഉമ്മു സുലൈം നബി(സ്വ)യുടെ മാതൃസഹോദരിയാണ്). മദീനയുടെ അടുത്തെത്താറായപ്പോള്‍ മഹതിക്ക് പ്രസവ വേദനയുണ്ടായി. അബൂ ത്വല്‍ഹയോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ട് നബി(സ്വ)യും സംഘവും വീണ്ടും യാത്രയായി. അബൂത്വല്‍ഹ(റ)ക്ക് സങ്കടം തോന്നി. അദ്ദേഹം മനസ്സുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു: ‘പടച്ചവനേ നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ, റസൂല്‍ എവിടേക്ക് പോകുമ്പോഴും ഞാന്‍ പോകാറുണ്ട്. അവിടുന്ന് മദീനയില്‍ പ്രവേശിക്കുമ്പോള്‍ കൂടെ പ്രവേശിക്കാനാണെനിക്ക് ആഗ്രഹം. നീ ഇപ്പോള്‍ എന്‍റെ അവസ്ഥ കാണുന്നില്ലേ.’ അല്ലാഹു ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. മഹതിക്ക് മുമ്പുണ്ടായിരുന്ന പ്രസവേദന കുറഞ്ഞില്ലാതെയായി. അങ്ങനെ അവര്‍ വീണ്ടും നബി(സ്വ)യുടെ സംഘത്തില്‍ അണി ചേര്‍ന്നു. മദീനയണഞ്ഞപ്പോള്‍ മഹതി പ്രസവിച്ചു. ഉമ്മയുടെ നിര്‍ദ്ദേശ പ്രകാരം അനസ്(റ) കുട്ടിയുമായി നബി(സ്വ)യുടെ അരികില്‍ ചെന്നു. നബി(സ്വ) കുട്ടിയെ മടിയില്‍ കിടത്തി അജ്വ ഈത്തപ്പഴം കൊണ്ടു വരാന്‍ കല്‍പ്പിച്ചു. അങ്ങനെ നബി(സ്വ) അത് വായിലിട്ട് നേര്‍പ്പിച്ച് കുട്ടിയുടെ വായില്‍ വെച്ച് കൊടുത്തു. അതിന്‍റെ മധുരം കുട്ടി നുണയാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: ‘കണ്ടോ നിങ്ങള്‍, അന്‍സ്വാരികള്‍ക്ക് ഈത്തപ്പഴത്തോടുള്ള പ്രേമം..’ അങ്ങനെ നബി(സ്വ) കുട്ടിയുടെ മുഖമൊന്നു തടവി. അബ്ദുല്ലാ എന്ന പേരിട്ടു. (ബുഖാരി, മുസ്ലിം, ഹദീസ്: 2144).
ആ മഹതിയുടെ അങ്ങെ അറ്റത്തെ ക്ഷമ ഓരോ സ്ത്രീകള്‍ക്കും പാഠമാണ്. അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തിയടഞ്ഞ്, ഭര്‍ത്താവിന്‍റെ വിഷമത്തിന് ആക്കം കൂട്ടാതെ വളരെ ബുദ്ധി പരമായി കുട്ടിയുടെ മരണ വാര്‍ത്ത അറിയിച്ച ആ മഹതിക്ക് പിന്നീട് ലഭിച്ചത് പറഞ്ഞറിയിക്കാനാവാത്ത സൗഭാഗ്യങ്ങളായിരുന്നു. പിന്നീട് അബ്ദുല്ലാ എന്ന മകനില്‍ നിന്ന് ഒരു പണ്ഡിത ശ്രേണി തന്നെ ഉണ്ടായെന്ന് ചരിത്രത്തില്‍ കാണാം. ഇമാം നവവി(റ) തന്‍റെ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ കാണാം. അന്‍സ്വാരികളില്‍പെട്ട ഒരാള്‍ പറയുന്നു: അബ്ദുല്ലാഹ്(റ)ന് ഒമ്പത് മക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ അറിയുന്നവരായിരുന്നു. ചുരുക്കത്തില്‍, ഭര്‍ത്താവിനെ വിഷമിപ്പിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാര്യമാര്‍ക്ക് അല്ലാഹുവിന്‍റെ ഉന്നതമായ അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കപ്പെടും.
(തുടരും)