മകൻ അബൂബക്കറിന് ശക്തമായ പനി ബാധിച്ചു. കൂടെ ശ്വാസംമുട്ടും നീർക്കെട്ടും. പിതാവായ നാലകത്ത് കുഞ്ഞിമൊയ്തീൻ സാഹിബ്(ന:മ) രോഗശമനത്തിന് തിരഞ്ഞെടുത്ത ആത്മീയ ഔഷധമാണ് നഫീസത്ത് മാലയായി ആസ്വാദന ലോകത്തിന് ലഭിച്ചത്. ഇക്കാര്യം നഫീസത്ത് മാലയുടെ വരികൾക്കിടയിൽ ചരിത്രകാരനും ബഹുഭാഷ പണ്ഡിതനും കവിയുമായ രചയിതാവ് തന്നെ വ്യക്തമാക്കുന്നുണ്ട്.

താരുളർ ബീവിന്റെ മേൽ ഇമ്മാലയെ ഞാനുത്തേ..
സബബെനയ് മകൻ അബൂബക്കറിനിൽ ഫനിത്തെ..
ആരിടം ഫിൻബായ് മുട്ടും നീരതും തുടിത്തെ…
അന്ത രോഗം ഒക്കയും ഈ ബീവിയാൽ ശമിത്തെ…
( 111, 112 വരികൾ)

പൂർവികരിൽ നിന്ന് നമുക്ക് കൈമാറിക്കിട്ടിയ നിരവധി ബൈത്തുകളിലും മാലകളിലും മൗലിദുകളിലും റാത്തീബുകളിലും ഇത്തരം ആത്മീയമോ ഭൗതികമോ ആയ പ്രശ്‌നങ്ങളെ അതിജയിച്ച അത്ഭുതങ്ങൾ കാണാനാകും.
മൻഖൂസ് മൗലിദ് പകർച്ച വ്യാധികളെ നേരിടാനും ബുർദ പക്ഷാഘാതത്തിൽ നിന്നുള്ള മോചനത്തിനുമായിരുന്നു. കടായിക്കൽ മൊയ്തീൻ ഹാജി ‘ജന്നാത്തുൽ ഫിർദൗസിൽ’ എന്ന ഈരടികൾ രചിച്ചത് അന്യായമായ ജയിൽ മോചനത്തിനായിരുന്നു. എന്നാൽ പുത്തൻവാദികളുടെ ശല്യത്തിൽ നിന്ന് വിശ്വാസികളുടെ ഈമാൻ സംരക്ഷിക്കാനായാണ് ഹദീസുകൾ ശേഖരിച്ച് ഹദ്ദാദ് റാത്തീബ് ക്രമപ്പെടുത്തിയത്.
ഇമാം ബുഖാരി(റ) 4001ാമത്തെ ഹദീസായി ഉദ്ധരിച്ച മദീനയിലെ കല്യാണ പന്തലിൽ തിരുനബി(സ്വ) വരുമ്പോൾ ചൊല്ലിയിരുന്ന ബൈത്തുകൾ ബദ്ർ ശുഹദാക്കളെ അനുസ്മരിക്കുന്ന ഗീതങ്ങളായിരുന്നു. നാം പാടിപ്പറയുന്ന കീർത്തനങ്ങൾക്കു പിന്നിൽ ഇത്തരം വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ടെന്ന് കാണിക്കാൻ ചില ഉദാഹരണങ്ങൾ സൂചിപ്പി ച്ചെന്നു മാത്രം.

മാലമൗലിദുകൾ നൽകിയ
ആത്മീയോർജം

മഹാരഥന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള ഇത്തരം മാലമൗലിദുകൾ ഭൂമി മലയാളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ബോധമണ്ഡലത്തെ ചെറുതായല്ല സ്വാധീനിച്ചത്. പട്ടിണി പരിവട്ടത്തിൽ നിന്നുള്ള അതിജീവനത്തിനായി പൊരുതുന്നതിനിടയിൽ കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ പകർച്ചവ്യാധികൾ നാടിനെ നക്കിത്തുടച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമേകുന്നതിൽ മാല മൗലിദുകൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മാല വിരോധികൾ പോലും അംഗീകരിക്കുന്നതാണ്.
കാലിലുണ്ടായ അസ്വസ്ഥത മാറിക്കിട്ടാൻ സ്വഹാബിയും മുത്തബിഉസ്സുന്നയുമായ അബ്ദുല്ലാഹിബ്‌നു ഉമർ(റ) പ്രയോഗിച്ചത് ഏറ്റവും ഇഷ്ടപ്പെട്ടവരായ നബി(സ്വ)യുടെ പേരിന്റെ ബറകത്തായിരുന്നു. ഈ മാതൃക റിപ്പോർട്ട് ചെയ്തതാവട്ടെ ഹദീസ് ലോകത്തെ കുലപതി ഇമാം ബുഖാരി(റ)വും. വിശ്രുതമായ അദ്ദേഹത്തിന്റെ അദബുൽ മുഫ്‌റദിൽ ഇതു കാണാം (1/ 536)
വൈദേശികാധിപത്യത്തിനെതിരെയുള്ള കേരള മുസ്‌ലിംകളുടെ ചെറുത്തുനിൽപ്പിന് ശക്തിപകർന്നതും ഇത്തരം മാലകളും കാവ്യങ്ങളുമാണ്. പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് മഹത്തുക്കളുടെ അപദാന രേഖകൾ പുറത്തെടുത്തത് ചരിത്രകാരന്മാർ പരാമർശിക്കുന്നു.
ഗർഭകാലത്തെ പ്രയാസങ്ങൾക്കും പ്രസവസമയത്തെ അപകടങ്ങൾക്കും പരിഹാരത്തിനായി നഫീസത്ത് മാല ചൊല്ലുന്നതും ചൊല്ലിപ്പിക്കുന്നതും കേരളീയ മുസ്‌ലിംകൾ ഫലപ്രദമായി കണ്ടിരുന്നു. കാരണം നഫീസ(റ)യുടെ പേരിൽ നേർച്ചയാക്കിയ ഉടൻ സുഖപ്രസവം നടന്നത് ഈ മാലയിൽ കവി വിവരിക്കുന്നു:

നിചമേ ഫേറ്റിൻ നോവതിയിൽ കുട്ടി തല അടിത്തെ…
നത്തെ ദുഃഖം പുക്ക് രണ്ട് നാണിയം എടുത്തെ…

നഫീസത്ത് ബീവി(റ)യുടെ ഇത്തരം കറാമത്തുകൾ കുഞ്ഞിമൊയ്തീൻ സാഹിബ് മാലയിൽ പലയിടത്തും പ്രതിപാദിക്കുന്നുണ്ട്.
പൊന്നാനിയിലെ നാലകത്ത് തറവാട്ടിലെ കുഞ്ഞിമൊയ്തീൻ സാഹിബിന് നഫീസത്ത് മാലക്ക് പുറമേ മറ്റു പല കൃതികളുമുണ്ട്. സിഎൻ അഹ്‌മദ് മൗലവിയും കെ കെ മുഹമ്മദ് അബ്ദുൽ കരീമും ചേർന്നെഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന പുസ്തകത്തിൽ കുറിക്കുന്നത് കാണുക: നാലകത്ത് കുഞ്ഞിമൊയ്തീൻ സാഹിബ്; പൊന്നാനി സ്വദേശി നാലകത്ത് അഹമ്മദ് സാഹിബിന്റെ പുത്രൻ. കൊങ്കണം വീട്ടിൽ മർഹൂം സൈനുദ്ദീൻ മുസ്‌ലിയാരാണ് പ്രധാന ഗുരു. ഖാസിയാരകത്ത് കുഞ്ഞാപ്പ സാഹിബിന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിൽ നിന്ന് മാപ്പിളപ്പാട്ട് എഴുതാൻ പരിശീലനം നേടി. പാർസി, തമിഴ് പരിജ്ഞാനി, നഫീസത്ത് മാലയടക്കം നിരവധി സാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവായ നാലകത്ത് കുഞ്ഞിമൊയ്തീൻ കുട്ടി സാഹിബ്. മഹാനായ ആ സാഹിത്യകാരൻ ഹിജ്‌റ 1338ൽ നിര്യാതനായി (പേ. 444, 445).

നഫീസത്ത് മാലയുടെ ഉള്ളടക്കം

ഏറ്റവും പ്രധാനമായും കൂടുതലായും മാലമൗലിദുകളിലുള്ളത് പുണ്യാത്മാക്കളെ അനുസ്മരിക്കലും പ്രകീർത്തിക്കലുമാണ്. അതിനാൽ ശാന്തിയും സമാധാനവും കൈവരുമെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്: മുൻകഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്ര വർത്തമാനങ്ങളിൽ നിന്ന് അവിടത്തെ മനസ്സിന് സ്ഥൈര്യം നൽകുന്നതെല്ലാം അവിടത്തേക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാർഥ വിവരവും സത്യവിശ്വാസികൾക്ക് വേണ്ട സദുപദേശവും ഉദ്‌ബോധനവും അങ്ങേക്ക് കിട്ടിയിരിക്കുകയാണ് (ഹൂദ് 120).
ഖുർആനിൽ അമ്പിയാക്കളും ഔലിയാക്കളുമായ പുണ്യാത്മാക്കളുടെ പ്രകീർത്തനങ്ങൾ ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്. അവ വിശ്വാസികൾക്ക് ആശ്വാസവും ഉത്തമ മാതൃകയുമായതാണ് കാരണം. സൂറത്ത് മർയം 16, 41, 16, 51, 54, 56, 58 സൂറത്തു ആലുഇംറാൻ 42 എന്നിവയെല്ലാം സ്ത്രീകളും പുരുഷന്മാരുമായ പുണ്യാത്മാക്കളെ ഖുർആൻ പ്രകീർത്തിക്കുന്ന ചില ഭാഗങ്ങളാണ്. ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ പദ്യമായും ഗദ്യമായും നിരവധി പ്രകീർത്തനങ്ങൾ കാണാം (ബുഖാരി 1155 നോക്കുക).
മാത്രമല്ല, റസൂൽ(സ്വ)യെ പുകഴ്ത്തിപ്പാടുന്ന ഹസ്സാനുബ്‌നു സാബിത്തി(റ)നോട് അബൂബക്കർ സിദ്ദീഖ്(റ)വിനെ കുറിച്ച് വല്ലതും പ്രകീർത്തിക്കാമോയെന്ന് തിരുനബി(സ്വ) ആവശ്യപ്പെട്ടതും സിദ്ദീഖ്(റ)വിന്റെ ഗാർസൗറിലെ ദിനരാത്രങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഹസ്സാൻ(റ) നബി (സ്വ)ക്ക് പാടിക്കൊടുത്തതും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട് (ത്വാബഖാത്ത്-ഇബ്‌നു സഅദ് 3/121).
നിങ്ങളിൽ നിന്ന് മരിച്ചുപോയവരുടെ ഗുണഗണങ്ങൾ പറയുകയെന്ന ഇമാം ത്വബ്‌റാനി(റ)യുടെ ഹദീസ് (12/335) കൂടി ചേർത്തുവായിച്ചാൽ പുണ്യാത്മാക്കളുടെ പ്രകീർത്തനങ്ങളടങ്ങിയ മാല മൗലിദുകൾ പ്രതിഫലാർഹമായ കർമമാണെന്ന് ബോധ്യപ്പെടും.
നഫീസത്ത് മാലയിൽ എന്തെല്ലാം പരാമർശ വിധേയമാണെന്ന് നമുക്കൊന്നു പരിശോധിക്കാം. ആദ്യ വരിയിൽ ബിസ്മി, ഹംദ്, സ്വലാത്ത് എന്നിവയാണ്. ഇവ പ്രതിഫലം ലഭിക്കുന്ന കർമമാണെന്നത് അവിതർക്കിതമാണല്ലോ? തുടർന്നുള്ള അഞ്ച് വരികൾ നബി(സ്വ)യുടെ വ്യത്യസ്തങ്ങളായ വർണനകളും പ്രകീർത്തനങ്ങളുമാണ്. ഇതും സുകൃതമാണെന്ന് ഏത് വിശ്വാസിയും സമ്മതിക്കും. ഏഴാമത്തെ വരിയിൽ പ്രവാചകർ(സ്വ)യുടെ പേരിലുള്ള സ്വലാത്തും സലാമുമാണ്. ഇതും തെളിവ് ആവശ്യമില്ലാത്ത വിധം പുണ്യകരമാണ്. എട്ടാമത്തെ വരി അല്ലാഹുവിനോട് നബി(സ്വ)യെ തവസ്സുൽ ചെയ്ത് നാഥനോട് സഹായം ചോദിക്കുകയാണ്.
ഒരു ഡസൻ വരുന്ന പണ്ഡിതന്മാർ ഉദ്ധരിച്ച കണ്ണു കാണാത്ത സ്വഹാബിയുമായി ബന്ധപ്പെട്ട ഉസ്മാനുബ്‌നു ഹുനൈഫ്(റ) മുഖേനയുള്ള ഹദീസിന്റെ അസ്സൽ ആശയപ്പകർപ്പാണിത്. കണ്ണിന് കാഴ്ചശക്തിയില്ലാത്തത് നബി(സ്വ)യോട് സങ്കടം ബോധിപ്പിച്ച സ്വഹാബിക്ക് അവിടന്ന് പഠിപ്പിച്ചു നൽകിയത് നബി(സ്വ) മുഖേന തവസ്സുൽ ചെയ്ത് അല്ലാഹുവിനോട് ദുആ ചെയ്യുന്ന പ്രാർഥനാ ശകലമാണ്. ഇതുപോലൊരു പ്രാർഥനയാണ് നഫീസത്ത് മാലയിൽ കവി നടത്തിയതും.
പുതിയ അപ്‌ഡേഷനുകൾ നടന്നുകൊണ്ടിരിക്കുന്ന പുത്തൻവാദികളുടെ തൗഹീദ് പ്രകാരം ചിലർക്ക് ഈ സഹായതേട്ടം ബഹുദൈവാരാധനയും അതു ചെയ്തവർ മുശ്‌രിക്കുകളുമാണ്. തൗഹീദിന്റെ അടുത്ത വേർഷനിൽ മാറ്റമുണ്ടായെന്നും വന്നേക്കാം.
മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് അർഥിക്കുന്നതും മഹത്തുക്കളുടെ ഇത്തരം കീർത്തനങ്ങൾ ആലപിക്കുന്നതും പുത്തനാശയക്കാർ അംഗീകരിക്കുന്നില്ല. കാരണം അവർക്കുള്ള യഥാർഥ വിയോജിപ്പ് മഹത്തുക്കളോടുള്ള സ്‌നേഹത്തെ പുതുക്കുന്ന നിലപാടുകളോടാണ്. മാലകളിൽ ശിർക്കൻ വരികൾ ഉണ്ടെന്നാരോപിക്കുന്ന നവീനവാദി പക്ഷേ, അത്തരം വരി ഇല്ലാത്തതോ നീക്കം ചെയ്തതോ ആയ കാവ്യം ആലപിക്കുമോ? ഇല്ല. അതിനാൽ മാല മൗലിദുകളിലെ വരികളല്ല, അടിസ്ഥാനപരമാണ് പ്രശ്‌നമെന്ന് മനസ്സിലാക്കാം. മാലമൗലിദുകളുടെ ശൈലികളോ അതിലെ മരണപ്പെട്ടവരുടെ മദ്ഹുകൾ പറയുക എന്ന രീതിയോടോ അവർക്ക് എതിർപ്പുണ്ടെങ്കിൽ സ്വന്തം നേതാക്കളെ പറ്റിയും സംഘടനകളെ സംബന്ധിച്ചും ഇത്തരം വഴികൾ ഉപയോഗപ്പെടുത്തി അവർ മദ്ഹ് പറയില്ലായിരുന്നു. പക്ഷേ അവരങ്ങനെ ചെയ്തിട്ടുണ്ട്. അതിനാൽ മഹാത്മാക്കളോട് സ്‌നേഹം പുലർത്തുന്നതാണ് അവരുടെ മൗലിക പ്രശ്‌നം. എന്നാൽ അതുതന്നെയാണ് നമ്മുടെ ആദർശവും. നഫീസത്ത് മാലയിലെ 9 മുതൽ 12 വരെയുള്ള നാലു വരികൾ നാല് ഖലീഫമാരുടെ മദ്ഹുകളും അവരെ തവസ്സു ലാക്കി റബ്ബിനോടുള്ള പ്രാർഥനയുമാണ്. തുടർന്നുള്ള മൂന്ന് ഈരടികൾ നബി(സ്വ)യിലേക്ക് ചെന്നെത്തുന്ന നഫീസ ബീവി(റ)യുടെ കുടുംബ പരമ്പര വിശദീകരിക്കുകയാണ്. 16ാം വരിയിൽ ഹിജ്‌റ 154ലെ ജനനവും പരിശുദ്ധ മക്കയെന്ന ജനന സ്ഥലവും ലളിതവും ഹൃദ്യവുമായ ശൈലിയിൽ അവതരിപ്പിക്കുന്നു.
ചെല്ലുവാൻ സനത്തിനാൽ നൂറും ചതുർഫത്തെ
ജപതനിൽ ഫക്കായ മക്ക ദിക്കതിൽ ഉദിത്തെ
നൂറും നാൽപതും (ചതുർ പത്തെ) അങ്ങനെ 140 ആയി. അഞ്ച് എന്ന സംഖ്യക്ക് അറബി അക്ഷരമാലയിലെ ജീം, ബാഅ് എന്നീ അക്ഷരങ്ങളാണ്. പ്രസ്തുത അക്ഷരങ്ങൾ അബ്ജദ് അക്ഷര ക്രമത്തിലെ സംഖ്യാ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി ജീം മൂന്നും ബാഅ് രണ്ടുമാണ്. അതു പ്രകാരം ‘ജബ’ എന്നത് അഞ്ചായി. 17 മുതൽ 24 വരെയുള്ള എട്ട് വരികളിൽ ബീവി എടുത്ത നോമ്പും രാത്രി ഉറക്കമൊഴിഞ്ഞ് നിർവഹിച്ച നിസ്‌കാരവും അവർ ചെയ്ത 30 ഹജ്ജും തുടങ്ങി ആരാധനാ മുറകളും മഹതി കൈവരിച്ച ഉന്നത സ്ഥാനവും വിശദീകരിക്കുന്നു. 25ാമത്തെ വരിയിൽ ഇസ്ഹാഖുൽ മുഅ്തമിൻ(റ) മഹതിയെ വിവാഹം കഴിച്ചതും ഈജിപ്തിൽ താമസമാക്കിയതുമാണ് വിശദീകരിക്കുന്നത്. 26 മുതൽ 64 വരെയുള്ള വരികളിൽ മഹതിയുടെ കറാമത്തുകളെ വശ്യമായി അവതരിപ്പിക്കുകയാണ് കവി. നൈൽ നദിയുടെ ഒഴുക്ക് നിലച്ചപ്പോൾ ആവലാതിപ്പെട്ട ജനങ്ങളോട് തന്റെ മുഖമക്കന നദിയിൽ എറിയാൻ നിർദേശിച്ച് നൈലിനെ ഒഴുക്കിയ കറാമത്താണ് (നൂറുൽ അബ്‌സാർ പേ. 210) കവി ആദ്യം വിവരിച്ചത്. സമാനമായ ഒഴുക്കു നിലക്കൽ ഉമർ(റ)ന്റെ ഭരണ കാലത്തുമുണ്ടായിരുന്നു. അന്ന് ഉമർ(റ) എഴുതിയ കത്ത് നൈലിലെറിഞ്ഞപ്പോഴാണ് അതൊഴുകിയത് (അൽബിദായ വന്നിഹായ 7/115). അത് കഴിഞ്ഞ് കവി പ്രവേശിക്കുന്നത് ഇമാം ശാഫിഈ(റ)ന് നഫീസ(റ) അറിവും പ്രാർഥനയും പിന്തുണയും നൽകുന്ന അസുലഭ ചരിത്ര മുഹൂർത്തത്തിലേക്കാണ്. അതിന് കവി ഉപയോഗിച്ചത് പത്ത് വരികളാണ്.
തുടർന്ന് 99ാമത്തെ വരി വരെ മഹതിയുടെ രോഗവും ഹിജ്‌റ 208 റമളാനിലെ വെള്ളിയാഴ്ച രാവിലുള്ള അവരുടെ വഫാത്തും ജനാസ സംസ്‌കരണവും ഖബറും അടങ്ങിയ വിശാലമായ ചരിത്രമാണ്. 100ാമത്തെ വരിയിൽ ഇബ്‌നു ഹജർ(റ)നെ പ്രത്യേകം പരാമർശിക്കുന്നു. ഇബ്‌നു ഹജർ(റ) ബീവിയുടെ ചരിത്രം വിശദമാക്കിയതാണ് പ്രേരകം.

ഉദിമതി പ്രകാശ ബീവിന്റെ ആദര ഗുണത്തെ
എന്നി ഇബ്‌നു ഹജർ അത് എന്നവർ പിറിത്തെ

100ാമത്തെ വരിക്ക് ശേഷം കവി ബീവിയുടെ വഫാത്തിന്റെ ശേഷവും നേർച്ചകൾക്കുണ്ടായ ഫലങ്ങളും മറ്റ് ആദരവുകളും വിശദീകരിച്ച് മാല കൊണ്ട് കവിയുടെ ഉദ്ദേശ്യവും കാവ്യം രചിക്കാനുണ്ടായ കാരണവും വ്യക്തമാക്കി. പ്രാർഥനയും സ്വലാത്തും സലാമും നടത്തി 124ാമത്തെ വരിയോടെ മാല അവസാനിപ്പിക്കുന്നു. ഇത്രയും വ്യക്തവും പരിപാവനവുമായ ഈ പദ്യ കോർവയെ ഉപയോഗപ്പെടുത്തി അനേകായിരങ്ങൾ പുണ്യങ്ങൾ സമ്പാദിച്ചിട്ടുണ്ട്, ആവശ്യങ്ങൾ നിറവേറ്റിയിട്ടുണ്ട്.

അബ്ദുല്ല അമാനി പെരുമുഖം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ