നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് നടത്തിയ ട്വീറ്റിന്റെ ഒടുവിൽ ‘സാൽ മുബാറക്’ എന്നൊരു പ്രയോഗമുണ്ട്. വെളിച്ചത്തിന്റെ ഉത്സവത്തിൽ സമൃദ്ധിയുടെ ദിനരാത്രങ്ങൾ എന്നൊക്കെ പറഞ്ഞിട്ടാണ് അദ്ദേഹം സാൽ മുബാറക് ആശംസിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. ഇയാൾ നമ്മുടെ ട്രംപിനെപ്പോലെയല്ല, മുസ്ലിംകളുടെ ആളാണെന്ന് തോന്നുന്നുവെന്ന് സംഘ് അനുകൂലികൾ ആക്ഷേപിച്ചു. ഉള്ളിൽ സംഘിക്കാവിയും പുറത്ത് ഖാദിത്തൂവെള്ളയുമായ ചിലർ ചോദിച്ചത് ‘ഹൈന്ദവ ഉത്സവമായ ദീപാവലിയെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുസ്ലിം പ്രയോഗം ഉപയോഗിക്കുന്നത്?’ എന്നാണ്. എന്താണ് കുഴപ്പം, ഇന്ത്യൻ ബഹുസ്വര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയല്ലേ അദ്ദേഹം ചെയ്തതെന്ന് മറ്റു ചിലർ ചോദിച്ചു. ആകെ ബഹളമയം.
സത്യത്തിൽ ഈ ആശംസക്ക് മുസ്ലിംകളുമായി ഒരു ബന്ധവുമില്ല. ഗുജറാത്തികൾ ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന ആശംസയാണിത്. ബൈഡന് മേൽ വന്നുചേരുന്ന പ്രതിച്ഛായയുടെ ഏകദേശ ചിത്രം വ്യക്തമാക്കുന്നുണ്ട് സാൽ മുബാറക് വിവാദം. ട്രംപ് മുസ്ലിം വിരുദ്ധനാണെങ്കിൽ ബൈഡൻ മുസ്ലിം പക്ഷപാതിയായിരിക്കും. ട്രംപ് കുടിയേറ്റവിരുദ്ധനാണെങ്കിൽ ബൈഡൻ അഭയാർത്ഥികൾക്കായി അതിർത്തി തുറന്നിടുന്ന മനുഷ്യസ്നേഹിയായിരിക്കും. അദ്ദേഹം ട്രംപിന്റെ എല്ലാ തിൻമകളും തുടച്ചുനീക്കുന്ന മാന്ത്രികനായിരിക്കും- വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത അപദാനം മാത്രമാണിവ. ബൈഡൻ അമേരിക്കൻ പ്രസിഡന്റാണെന്നോർക്കണം. അമേരിക്കയുടെ അടിസ്ഥാന മുൻഗണനകളെ ഒരു നിലക്കും പരുക്കേൽപ്പിക്കാൻ ബൈഡനെന്നല്ല ഒരു പ്രസിഡന്റിനും സാധിക്കില്ല. ഇതിനേക്കാൾ വലിയ പ്രതീക്ഷാഭാരവുമായി പ്രസിഡന്റായ ഒബാമക്ക് എവിടെ വരെ പോകാനായി എന്ന് കണ്ടതാണല്ലോ. അതിനപ്പുറമുള്ള വിപ്ലവമൊന്നും ബൈഡനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ജോ ബൈഡൻ എന്ന കുടുംബസ്ഥൻ, മുൻ സെനറ്റർ, മുൻ വൈസ് പ്രസിഡന്റ്, ആത്യന്തികമായി രാഷ്ട്രീയക്കാരൻ പ്രസിഡന്റാകുന്നു എന്നതിൽ ലോകത്തിന് ആശ്വസിക്കാവുന്നതാണ്. ഡൊണാൾഡ് ട്രംപ് ഇതൊന്നുമായിരുന്നില്ലല്ലോ. അദ്ദേഹം പക്കാ ബിസിനസുകാരനായിരുന്നു. അവ്യവസ്ഥയുടെ ആൾരൂപമായിരുന്നു.
അമേരിക്കൻ വ്യവസ്ഥക്ക് എന്തെല്ലാം ആന്തരിക വൈകല്യങ്ങളുണ്ടെങ്കിലും ട്രംപിനെപ്പോലെ ഒരാളെ പ്രസിഡന്റാക്കാൻ മാത്രം ആ ജനാധിപത്യ വ്യവസ്ഥ അധഃപതിച്ചുവെന്നത് 2016-ൽ രാഷ്ട്രീയ നിരീക്ഷകരെ ഒന്നാകെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം ട്രംപിനെതിരായ സമീപനമായിരുന്നു എടുത്തിരുന്നത്. പല പത്രങ്ങളും അദ്ദേഹത്തിനെതിരെ എഡിറ്റോറിയൽ വരെ എഴുതി. അന്ന് യുഎസിൽ ഉയർന്നുവന്ന ഒരു ഹാഷ്ടാഗ് ‘യു എയിന്റ് നോ അമേരിക്കൻ, ബ്രോ (ബ്രോ, താങ്കൾ അമേരിക്കക്കാരനല്ല)’ എന്നായിരുന്നു. 2015-ലായിരുന്നു അത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികൾ നടക്കുന്ന സമയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പട്ടികയിലെ പലരിൽ ഒളായിരുന്നു അന്ന് ഡൊണാൾഡ് ജെ ട്രംപ് എന്ന കോടീശ്വരൻ. സാമ്പത്തികമായും സൈനികമായും സാംസ്കാരികമായി പോലും ലോകത്തിന്റെ നേതൃസ്ഥാനം കൈയടക്കിവെച്ച അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് കേൾക്കാവുന്ന ഏറ്റവും മനോഹരമായ വാചകമായിരുന്നു ‘യു എയിന്റ് നോ അമേരിക്കൻ, ബ്രോ’. ട്രംപിനെ നോക്കിയാണ് അമേരിക്കയിലെ ബൗദ്ധിക സമൂഹവും ആക്ടിവിസ്റ്റുകളും ജനാധിപത്യവാദികളും ഈ ഹാഷ്ടാഗ് പങ്കുവെച്ചത്. ലക്ഷക്കണക്കിനാളുകൾ ഈ ഹാഷ്ടാഗിന് ചുവട്ടിൽ അണിനിരന്നു. വംശീയതയും സ്ത്രീവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയും വാരിവിതറി അമേരിക്കൻ ചരിത്രത്തിലെന്നല്ല ആഗോളതലത്തിൽ തന്നെ ഏറ്റവും മലിനമായ ഒരു പ്രചാരണ കാലത്തിനാണ് ട്രംപും കൂട്ടരും അന്ന് തുനിഞ്ഞത്. അക്കൂട്ടത്തിൽ ട്രംപ് നടത്തിയ ഒരു പ്രയോഗമാണ് ‘യു എയിന്റ് നോ അമേരിക്കൻ’ ഹാഷ്ടാഗിന് കാരണമായത്. ട്രംപ് പറഞ്ഞതിതായിരുന്നു: മുസ്ലിംകൾ അമേരിക്കൻ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദർശനത്തിനെത്തുന്നവരെ പോലും വിലക്കണം. രാജ്യത്ത് മുസ്ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്ലിംകൾ’. യോർക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം.
ജോ ബൈഡൻ വിജയിച്ചതിൽ എന്തുകൊണ്ട് മുസ്ലിം ലോകം ആശ്വസിക്കുന്നു എന്നതിനുള്ള ഉത്തരം ഈ ആക്രോശത്തിലും അതിനോടുള്ള പ്രതികരണമായി വന്ന ഹാഷ്ടാഗിലിമുണ്ട്. അമേരിക്കയിലെ പ്രബുദ്ധ സമൂഹം തള്ളിക്കളഞ്ഞ ഒരാൾ വൈകാരികത കത്തിച്ചും വർഗീയതയും ഇടുങ്ങിയ ദേശീയതയും മിഥ്യാഭിമാനവും ഇളക്കിവിട്ടും ജയിച്ചുകയറിയെന്നത് ജനാധിപത്യവിരുദ്ധമായ പ്രതിഭാസമായിരുന്നു. ട്രംപിന് രണ്ടാമൂഴം നൽകാതെ അമേരിക്കൻ ജനത ആ തെറ്റ് തിരുത്തിയെന്നത് ജനാധിപത്യത്തിന്റെ മനോഹാരിതയല്ലാതെ മറ്റെന്താണ്? ഇതേ പാതയിലൂടെ സഞ്ചരിക്കുകയും ട്രംപിന്റെ സുഹൃത്താണെന്ന് അഭിമാനപൂർവം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഴുവൻ പേർക്കും നൽകുന്ന സന്ദേശമാണത്. ആ അർത്ഥത്തിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അതിന്റെ ആധുനിക പ്രഭവ കേന്ദ്രത്തിൽ നിന്ന് തന്നെ പ്രഹരമേൽക്കുന്നത് എന്തുകൊണ്ടും സന്തോഷകരമാണ്. അതിനപ്പുറം അമേരിക്കൻ പ്രസിഡന്റ് സീറ്റിൽ ആര് ഇരിക്കുന്നുവെന്നത് അത്രയൊന്നും പ്രസക്തമായ കാര്യമല്ല. കാരണം, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ വലിയ നയവ്യത്യാസം ഒന്നുമില്ല എന്നതു തന്നെ. അടിസ്ഥാനപരമായി അമേരിക്കൻ മുൻഗണനകളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഇസ്റാഈൽ തലസ്ഥാനമായി ജറൂസലം പ്രഖ്യാപിച്ചത് മാറ്റാൻ ബൈഡൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. ജൂതരാഷ്ട്രത്തിന്റെ ഫലസ്തീൻ അധിനിവേശത്തിനുള്ള പിന്തുണ പിൻവലിക്കാനും അദ്ദേഹം മെനക്കെടില്ല. ശിയാ-സുന്നി ഭിന്നത മൂർഛിപ്പിച്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ശൈഥില്യം സൃഷ്ടിക്കുകയെന്ന നയത്തിലും വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഇറാനുമായി ബരാക് ഒബാമ ഒപ്പുവെക്കുകയും ട്രംപ് കീറിയെറിയുകയും ചെയ്ത ആണവ കരാർ തിരികെ പ്രാബല്യത്തിലാക്കാൻ ബൈഡൻ സന്നദ്ധനാകുമോ? കാലാവസ്ഥാ വ്യതിയാനമടക്കം അരഡസനോളം നിർണായക അന്താരാഷ്ട്ര കരാറുകളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ട്രംപ് ഭരണകൂടം പിൻവാങ്ങിയിട്ടുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരാൻ ബൈഡന് സാധിക്കുമോ?
ചില നയം മാറ്റങ്ങൾ ബൈഡനുമായി അടുപ്പമുള്ളവർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടവയാണ്. ബൈഡനെ ജയിപ്പിച്ചത് ഒരർത്ഥത്തിൽ കോവിഡ് ആയിരുന്നുവല്ലോ. മനുഷ്യൻ നിസ്സഹായനായിരിക്കുമ്പോൾ ഒരു ഭരണാധികാരി എങ്ങനെയായിരിക്കരുത് എന്നതിന്റെ എക്കാലത്തേക്കുമുള്ള പാഠപുസ്തകമാണ് ട്രംപ്. അദ്ദേഹത്തിന്റെ വിഡ്ഢിത്തങ്ങൾ കൊണ്ട് മലിനമാണ് ഈ കോവിഡ് കാലം. ആദ്യം അദ്ദേഹം പറഞ്ഞു, ഇത് ചൈനീസ് വൈറസാണ്. അമേരിക്കയെ ഒരു ചുക്കും ചെയ്യില്ല. എന്തും നേരിടാൻ ഞങ്ങൾ സജ്ജരാണ്. പിന്നെ മാറ്റിപ്പറയാൻ അദ്ദേഹം നിർബന്ധിതനായി. രണ്ട് ലക്ഷം പേർ മരിക്കും. ഒരു ലക്ഷമാക്കി ചുരുക്കിയാൽ അത് എന്റെ വിജയമാണ്. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ മാത്രം മതി ഈ രോഗത്തെ പിടിച്ചുകെട്ടാനെന്നായി പിന്നീട്. ഏറ്റവും ഒടുവിൽ അദ്ദേഹം പറഞ്ഞത് അണുനാശിനി കുത്തിവെച്ചും അൾട്രാ വയലറ്റ് രശ്മി കടത്തിവിട്ടും വൈറസിനെ കൊല്ലാമെന്നാണ്. അതിനിടക്ക് കുടിയേറ്റം പൂർണമായി നിരോധിക്കുമെന്ന രാഷ്ട്രീയ പ്രഖ്യാപനവും അദ്ദേഹം നടത്തി. അമേരിക്ക അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം കുടിയേറ്റക്കാരാണെന്ന ധ്വനി പടർത്താനാണ് ശ്രമിച്ചത്. എന്നാൽ ന്യൂയോർക്കിലെ ഹാർട്ട് ദ്വീപിൽ നിന്നുള്ള ഒറ്റച്ചിത്രം മതിയായിരുന്നു ട്രംപിന്റെ എല്ലാ കൗശലങ്ങളും പൊളിച്ചടുക്കാൻ. ഹാർട്ട് ഐലൻഡിൽ കരാർ തൊഴിലാളികൾ ഒരുക്കിയ കൂട്ടക്കുഴിമാടത്തിന്റെ ചിത്രം. നീളത്തിൽ കിടങ്ങ് കുഴിച്ചിരിക്കുന്നു. ശവപ്പെട്ടികൾ അതിലേക്ക് തള്ളുന്നു. പ്രാർത്ഥനാ നിർഭരമായി വിലപിക്കാൻ മരിച്ചവർക്ക് ചുറ്റും ആരുമില്ല. ആരും പൂക്കളർപ്പിക്കാനില്ല. അവസാന മൊഴിയേകാനില്ല. മനുഷ്യൻ തിരസ്കൃതനായി, അസ്പൃശ്യനായി ഒടുങ്ങുന്നു. എത്ര ഹൃദയഭേദകമാണ് ആ ചിത്രം. ഒരു കാലത്തും കണ്ണിൽ നിന്ന് മായാത്ത ചിത്രം.
ജനുവരിയിൽ തന്നെ യുഎസ് ഇന്റലിജൻസ് വിഭാഗം മഹാമാരിയുടെ ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതാണ്. ഇല്ലാത്ത ഇന്റലിജൻസ് ഔട്ട്പുട്ടുകൾ വെച്ച് മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെടുന്ന അമേരിക്കൻ ഭരണകൂടം പക്ഷേ, ഈ മുന്നറിയിപ്പ് അവഗണിച്ചു. തുടക്കത്തിൽ ഡൊണാൾഡ് ട്രംപ് ചെവികൊടുത്തതേയില്ല. മാധ്യമങ്ങൾ നിരന്തരം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് അമേരിക്ക സജ്ജമാണ്, പകർച്ചവ്യാധിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ്. ആരോഗ്യരക്ഷാ സംവിധാനങ്ങളിൽ നിന്ന് സർക്കാർ പൂർണമായി പിൻവാങ്ങി സ്വകാര്യ മേഖലക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ലാഭം കൊയ്യാൻ ഈ രംഗം വിട്ടുകൊടുത്തതാണ് അടിസ്ഥാന പ്രശ്നമായത്. ബരാക് ഒബാമ പ്രസിഡന്റായ കാലത്ത് ഈ സ്ഥിതിയിൽ ചില മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് വെന്റിലേറ്ററുകളുടെ നിർമാണത്തിന് നേരത്തേ തന്നെ ഒരു കമ്പനിക്ക് അദ്ദേഹം കരാർ നൽകി. ട്രംപ് വന്നപ്പോൾ ചെയ്തത് ഈ കരാർ റദ്ദാക്കുകയായിരുന്നു. ബിസിനസുകാരനായ ട്രംപിനെ ബിസിനസ് പ്രമുഖരാണ് നിയന്ത്രിച്ചത്. കൊവിഡിയൻ എന്ന വൻകിട കമ്പനിക്ക് കരാർ മറിച്ചു നൽകുകയായിരുന്നു അദ്ദേഹം. ചെറു കമ്പനി ചെലവ് കുറച്ച് വെന്റിലേറ്റർ നിർമിക്കുമ്പോൾ ഉയർന്ന വിലയീടാക്കാനുള്ള സാധ്യതയാണല്ലോ അടയുന്നത്. അതുകൊണ്ട് കൊവിഡിയൻ എന്ന വൻസ്രാവ് ചെറുകമ്പനിയെ വിഴുങ്ങി. അടുത്ത ഘട്ടത്തിൽ വെന്റിലേറ്റർ നിർമാണ കരാറിൽ നിന്ന് അവർ പിൻവാങ്ങുകയും ചെയ്തു. ഇത്തരം ദീർഘകാല നിക്ഷേപങ്ങൾ ലാഭകരമല്ലെന്നാണ് അവർ പറഞ്ഞ ന്യായം. മരുന്ന് ഗവേഷണത്തിലും വാക്സിൻ വികസിപ്പിക്കുന്നതിലുമെല്ലാം ഇത്തരം ലാഭക്കണ്ണ് പ്രവർത്തിക്കുമ്പോൾ സർക്കാറാണ് ഇടപെടേണ്ടത്. അതുണ്ടായില്ല. വികസ്വര രാജ്യങ്ങൾ പലതും കോവിഡിന് മുന്നിൽ പിടിച്ചുനിന്നപ്പോൾ വികസിത അഹങ്കാരം പേറി നടക്കുന്ന അമേരിക്കയെപ്പോലുള്ളവർ മൂക്കുംകുത്തി വീണു. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്! കോവിഡ് പ്രതിസന്ധിയെ നിസ്സാരവത്കരിക്കുകയാണ് ട്രംപ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാസ്ക് ജനങ്ങൾക്കിടയിലേക്ക് വലിച്ചറിഞ്ഞ ട്രംപിന്റെ കോമാളിത്തം അസഹനീയമായിരുന്നു.
ഈ അനുഭവങ്ങൾ മുഴുവൻ മുന്നിൽ വെച്ചുള്ള നയം മാറ്റത്തിനാണ് ടീം ബൈഡൻ തയ്യാറെടുക്കുന്നത്. അധികാരമേൽക്കുന്ന അടുത്ത നിമിഷത്തിൽ അമേരിക്കൻ ജനത ബൈഡനിൽ പ്രതീക്ഷിക്കുന്നത് പുതിയ കോവിഡ് നയമായിരിക്കും. രാജ്യവ്യാപകമായി മാസ്ക് നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കാനാണ് ആലോചിക്കുന്നത്. കോവിഡ് പരിശോധന, ചികിത്സ, വാക്സിൻ എന്നിവ എല്ലാവർക്കും സൗജന്യമായിരിക്കുമെന്നാണ് ബൈഡന്റെ വാഗ്ദാനം. അതിനായി ഇൻഷ്വറൻസ് കമ്പനികളുമായി ഭരണകൂടം കരാറുണ്ടാക്കും. പഴയ ഒബാമ കെയർ പദ്ധതി പുനഃസ്ഥാപിക്കാനിടയുണ്ട്. ഓരോ സ്റ്റേറ്റിലും 10 പുതിയ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ തുടങ്ങും. വെന്റിലേറ്റർ നിർമാണം വേഗത്തിലാക്കും. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ നികുതിയിളവുകൾ റദ്ദാക്കും. കോവിഡിനെ തുടർന്ന് സമ്പദ്രംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസ് നിർമിത ചരക്കുകളും സേവനങ്ങളും ഉപയോഗപ്പെടുത്താൻ സർക്കാർ ഏജൻസികളെ പ്രോത്സാഹിപ്പിക്കും. സർക്കാർ ചെലവ് കൂട്ടുകയെന്ന ലഫ്റ്റിസ്റ്റ് നയത്തിലേക്ക് തത്കാലം ബൈഡൻ മാറും. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിംഗ് തുടരും. ചൈനീസ് വൈറസെന്ന് കോവിഡിനെ വിളിക്കാൻ കൂട്ടാക്കാത്തതിൽ ചൊടിച്ച് ഫണ്ട് റദ്ദാക്കുകയായിരുന്നു ട്രംപ് ചെയ്തത്.
മുസ്ലിം വിലക്ക് നീങ്ങും
ബ്ലാക്ക് മാറ്റർ ലൈവ്സ് പ്രക്ഷോഭങ്ങളുടെ ചൂട് അമേരിക്കയിൽ അടങ്ങിയിട്ടില്ല. ട്രംപിന്റെ വംശീയ നയങ്ങളിൽ നിന്ന് വ്യക്തമായ മാറ്റം കൊണ്ടുവരാതെ ബൈഡന് മുന്നോട്ടു പോകാനാകില്ല. അതുകൊണ്ട് നൂറ് ദിവസത്തിനുള്ളിൽ തുല്യതാ നിയമം കൊണ്ടുവരാനായിരിക്കും ബൈഡന്റെ ശ്രമം. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ആയുധ ഇറക്കുമതി നിരോധിക്കും. ശക്തിപ്പെട്ടുവരുന്ന വൈറ്റ് സൂപ്രമസി വികാരം സൃഷ്ടിക്കുന്ന പൊതുബോധത്തിന് ബൈഡനും കീഴ്പ്പെടുമെങ്കിലും കറുത്തവരുടെയും ന്യൂനപക്ഷങ്ങളുടെയും തുല്യനീതിക്കായി എന്തെങ്കിലും ചെയ്തുവെന്ന് വരുത്താൻ അദ്ദേഹം തയ്യാറായേക്കും. പോലീസിംഗിൽ പ്രത്യേകിച്ച് ആഫ്രോ-ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കാര്യമായ മാറ്റത്തിന് ബൈഡൻ ശ്രമിച്ചേക്കും. കമ്യൂണിറ്റി പോലീസിംഗിന് പ്രാധാന്യം നൽകും. പലപ്പോഴും കുടിയേറ്റക്കാരോട് ശത്രുതാപരമായ സമീപനമാണ് വെള്ളക്കാരായ പോലീസുകാർ സ്വീകരിക്കുന്നത്. ഇതിൽ മാറ്റത്തിന് ശ്രമിക്കും. വർണവിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘനകളുടെ പ്രതിനിധികളെ കമ്യൂണിറ്റി പോലീസിംഗിന്റെ ഭാഗമാക്കും.
മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടെ പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്ക് ബൈഡൻ പിൻവലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ ഏറ്റവും വലിയ പോളിസി ഷിഫ്റ്റായിരിക്കും അത്. യാത്രാവിലക്ക് ഏർപ്പെടുത്തിയവയിൽ ഭൂരിഭാഗവും അറബ്, ആഫ്രിക്കൻ രാഷ്ട്രങ്ങളാണ്. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ മതപരമായ വിവേചനം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കുട്ടികളായിരിക്കെ രാജ്യത്തെത്തി അനധികൃതമായി താമസിക്കുന്നവർക്കെതിരെ ഉടൻ നടപടി വേണ്ടതില്ലെന്ന നയം പുനഃസ്ഥാപിക്കും. ഇത്തരക്കാരെ നാടുകടത്തുന്ന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്.
മെക്സിക്കൻ അതിർത്തിവഴി യുഎസിലെത്തുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളിൽ നിന്ന് കുട്ടികളെ വേർപ്പെടുത്തി താമസിപ്പിക്കുന്ന നയം പുനഃപരിശോധിക്കും. ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ച അഞ്ഞൂറിലധികം കുട്ടികളെ അവരുടെ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതിനായി പ്രത്യേക ദൗത്യസേന രൂപവത്കരിക്കാനും സാധ്യതയുണ്ട്.
അന്താരാഷ്ട്ര ബന്ധം
ഇസ്റാഈലിന്റെ അധിനിവേശ യുദ്ധോത്സുക നയങ്ങൾക്കുള്ള പിന്തുണ ബൈഡൻ ഭരണകൂടവും തുടരാൻ തന്നെയാണ് സാധ്യത. ജ്യൂയുഷ് ലോബി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബൈഡനെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇറാനുമായും അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റത്തിന് ശ്രമിച്ചേക്കും. ഒബാമയുടെ മുൻകൈയിൽ ഒപ്പുവെച്ച ഇറാൻ ആണവ കരാർ പുതിയ രൂപത്തിൽ പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിൽ തിരിച്ചടി മുൻകൂട്ടി കണ്ട് ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ച് കാര്യങ്ങൾ തന്റെ വരുതിയിലാക്കാൻ നീക്കം നടത്തിയിരുന്നുവെന്ന വസ്തുത ഇപ്പോൾ വെളിച്ചത്ത് വന്നിട്ടുണ്ട്. ഇറാഖിൽ വെച്ച് യുഎസ് ആക്രമണത്തിൽ മേജർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോൾ തന്നെ ഇറാൻ-യുഎസ് യുദ്ധം മണത്തതാണ്. ഇറാന്റെ സംയമനമാണ് ആ ദുരന്തം ഒഴിവാക്കിയത്. ഇറാനെ ആക്രമിച്ച് അറബ് രാജ്യങ്ങളെയും ഇസ്റാഈലിനെയും ഒരുപോലെ സന്തോഷിപ്പിക്കുകയും ശക്തനായ പ്രസിഡന്റെന്ന ഖ്യാതി സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. ഈ നീക്കങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങളെ മറികടക്കുകയെന്നത് ബൈഡന്റെ മുൻഗണനയായിരിക്കും. ആദ്യത്തെ രണ്ട് വർഷമെങ്കിലും അദ്ദേഹം ഇറാനുമായി വിട്ടുവീഴ്ചാ മനോഭാവം സൂക്ഷിക്കും.
എച്ച് 1ബി വിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയ നയം ബൈഡൻ തിരുത്തുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ നിന്നടക്കം കൂടുതൽ പ്രൊഫഷണലുകളെ സ്വീകരിക്കാനാകും അദ്ദേഹം ശ്രമിക്കുക. അത് ഇന്ത്യക്കാരെ സ്നേഹിക്കുന്നത് കൊണ്ടൊന്നുമല്ല, മറിച്ച് യുഎസ് സമ്പദ്വ്യവസ്ഥയിൽ ഉണർവുണ്ടാക്കാൻ വേണ്ടിയാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ യുഎസ് വീണ്ടും പങ്കാളിയാകും. ഒബാമയുടെ കാലത്തുണ്ടായിരുന്ന പരിസ്ഥിതി നയങ്ങളിലേക്ക് യുഎസ് തിരിച്ചുനടക്കും.
ഇസ്ലാം പേടി എന്ന നുണ
ഇത്തവണത്തെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ആദ്യം ശ്രദ്ധയിൽ വരേണ്ടത് ആ രാജ്യത്തിന്റെ വോട്ടെടുപ്പ് പ്രക്രിയയുടെ സങ്കീർണത തന്നെയാണ്. പരാജിത രാഷ്ട്രങ്ങളെന്ന് അമേരിക്ക മുദ്രകുത്തുന്ന ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ കുറിച്ചുള്ള ആക്ഷേപം അവിടെയൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കലാപമുണ്ടാകുമെന്നാണല്ലോ. എന്താണ് അമേരിക്കയിൽ ഇപ്പോൾ നടക്കുന്നത്? ട്രംപ് സ്ഥാനമൊഴിയാൻ തയ്യാറല്ല. ഞാൻ ജയിച്ചുവെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. കൃത്രിമം ആരോപിച്ച് കോടതിയിൽ പോയിരിക്കുന്നു. അനുയായികൾ തെരുവിൽ സംഘർഷമുണ്ടാക്കുന്നു. കഷ്ടം. ഓരോ സ്റ്റേറ്റിനും ഓരോ തെരഞ്ഞെടുപ്പ് നയമാണ്. വോട്ടെടുപ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ബാലറ്റ് പേപ്പർ തയ്യാറാക്കുന്നതുമെല്ലാം സ്റ്റേറ്റുകൾ തനതായി തന്നെ. ഏതെങ്കിലും ഒരു സ്റ്റേറ്റിലെ കോടതി വിചാരിച്ചാൽ മൊത്തം പ്രക്രിയ തന്നെ അട്ടമറിക്കാനാകും. ജോർജ് ഡബ്ലിയു ബുഷ് ജയിച്ചത് അങ്ങനെയാണ്. അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയുടെ പോരിശയൊക്കെ മുട്ടൻ നുണയാണെന്ന് ചുരുക്കം.
അമേരിക്കയിലും യൂറോപ്പിലും ഇസ്ലാം പേടി ശക്തമാണെന്നത് മറ്റൊരു നുണ. മുസ്ലിംകളെ സംശയത്തോടെയാണ് അവിടങ്ങളിലെ ഇതര മതസ്ഥർ കാണുന്നതെന്നും മുസ്ലിംകളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നും വലിയ പ്രചാരണം അഴിച്ചുവിടുകയാണല്ലോ. എന്നാൽ ഈ പ്രൊപ്പാഗാണ്ടയിൽ ഏർപ്പെട്ട മുഴുവൻ പേരെയും നിരാശരാക്കുന്ന ഫലമാണ് യുഎസിൽ ഉണ്ടായിരിക്കുന്നത്. സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും വിവിധ സ്റ്റേറ്റിലേക്കുമായി 110 മുസ്ലിംകൾ മത്സരിച്ചപ്പോൾ 57 പേരും ജയിച്ചുവെന്നത് ചെറിയ കാര്യമല്ല. ഈ പറഞ്ഞ ഇസ്ലാം പേടിയുണ്ടായിരുന്നെങ്കിൽ ഇവരൊക്കെ തെരഞ്ഞെടുക്കപ്പെടുമായിരുന്നോ? പാശ്ചാത്യ നാടുകളിലൊന്നാകെ ഇസ്ലാമോഫോബിക് പ്രചാരണങ്ങളെ തകർക്കാൻ പോന്ന വിജയമാണിതെന്ന് ദി കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (കെയർ) വിലയിരുത്തുന്നു.
നാല് ഊഴം അമേരിക്കൻ പ്രസിഡന്റായി ചരിത്രം കുറിച്ച ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് 1938-ൽ ഇങ്ങനെ പറഞ്ഞു: ‘ജീവസ്സുറ്റ ശക്തിയായി അമേരിക്കൻ ജനാധിപത്യം മുന്നോട്ട് പോകുന്നത് അവസാനിക്കുകയും പൗരൻമാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലയിൽ സമാധാനപരമായ മാർഗങ്ങൾ അത് ആരായാതിരിക്കുകയും ചെയ്യുമ്പോൾ ഈ മണ്ണിൽ ഫാസിസം ശക്തിയാർജിക്കും’. ഡെമോക്രാറ്റിക് പാർട്ടി നേതാവായ റൂസ്വെൽറ്റിന്റെ കാലത്താണ് അമേരിക്ക ഏറ്റവും അക്രമാസക്തമായ യുദ്ധങ്ങളിൽ അഭിരമിച്ചതെന്നതും അക്കാലത്താണ് ജപ്പാനിൽ അണുബോംബ് വർഷിച്ചതെന്നതും അദ്ദേഹത്തിന്റെ ഈ വാക്കുകളെ അപ്രസക്തമാക്കുന്നില്ല. ബൈഡൻ മനസ്സിരുത്തേണ്ട വാക്യമാണ് ഇത്. മുസ്ലിംകളോ കുടിയേറ്റക്കാരോ അല്ല അമേരിക്കക്ക് ഭീഷണി. നാസി ബോധം ഉള്ളിൽ സൂക്ഷിക്കുന്ന വെള്ളമേധാവിത്വവാദികളാണ്. ബൈഡന്റെ മുന്നിലുള്ള യഥാർഥ വെല്ലുവിളി ട്രംപിസത്തിന്റെ തണലിൽ തഴച്ചുവളർന്ന വൈറ്റ് സൂപ്രമാസിസ്റ്റുകളെ നേരിടുകയെന്നതായിരിക്കും.
മുസ്തഫ പി എറയ്ക്കൽ