നവനാസ്തികരായ ഭൗതികവാദികൾ ജ്ഞാന സ്രോതസ്സിനായി സൈന്റിസ-(scientism) ത്തെയാണ് ആശ്രയിക്കുന്നത്.
എന്താണ് സൈന്റിസം
സൈന്റിസത്തെ ശാസ്ത്ര തീവ്രവാദം എന്ന് ലളിതമായി പരിഭാഷപ്പെടുത്താം. ശാസ്ത്രം മാത്രമാണ് ജ്ഞാനസ്രോതസ്സ് എന്ന തീവ്രവാദമാണ് സൈന്റിസത്തിന്റെ കാതൽ. തത്ത്വചിന്തകനായ ടോംസൊറൽ സൈന്റിസത്തെ നിർവചിക്കുന്നതിപ്രകാരമാണ്: പഠനത്തിന്റെയോ സംസ്കാരത്തിന്റെയോ മറ്റു ശാഖകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശാസ്ത്രത്തിന് വളരെ ഉയർന്ന മൂല്യം നൽകുന്നതാണ് സൈന്റിസം.
ജ്ഞാനത്തിന്റെ വിശ്വസനീയമായ ഏക സ്രോതസ്സാണ് ശാസ്ത്രമെന്ന വീക്ഷണമാണ് സൈന്റിസം എന്നാണ് അലക്സാണ്ടർ റോസൻ ബെർഗ് നിർവചിച്ചത്.
സൈന്റിസം എന്ന പദം പ്രചരിപ്പിച്ച ഫ്രഡറിക് ഹൈക് നിർവചിക്കുന്നതിങ്ങനെയാണ്: ശാസ്ത്രത്തിന്റെ രീതിയെയും ഭാഷയെയും പരുഷമായി അവതരിപ്പിക്കലാണ് സൈന്റിസം.
സൈന്റിസത്തിന്റെ അടിവേരന്വേഷിച്ചാൽ 16,17 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉരുത്തിരിഞ്ഞുവന്ന ശാസ്ത്രീയ ചിന്താഗതികളുടെ ഭാഗമായി രൂപം കൊണ്ട ശാസ്ത്രീയ വിപ്ലവ (scientific revolution) ത്തിലേക്കാണെത്തിച്ചേരുക. ശാസ്ത്രീയ വിപ്ലവത്തെ കുറിച്ച് വിശദമായി അമേരിക്കൻ തത്വചിന്തകനായ തോമസ് കുൻ (thomas kuhn) Xsâ the structive of scientific revolution എന്ന പുസ്കതത്തിൽ പരാമർശിക്കുന്നുണ്ട്. ഫ്രാൻസിസ് ബെക്കൻ, റാനെ ഡെക്കാർതതെ, ഗലീലിയോ തുടങ്ങിയ പ്രമുഖർ പുതിയ ജ്ഞാനരീതികൾ ആവിഷ്കരിച്ചത് ഈ കാലഘട്ടത്തിലായിരുന്നു.
പിന്നീട് 17-ാം നൂറ്റാണ്ടിന്റെ അസാനത്തിലും 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി യൂറോപ്പിൽ യുക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് വലിയൊരു സാംസ്കാരിക മുന്നേറ്റം നടക്കുകയുണ്ടായി. ഈ കാലഘട്ടമാണ് ജ്ഞാനോദയകാലം(Age of enlightenment) എന്നറിയപ്പെടുന്നത്. ഇതിനെ യുക്തിചിന്തയുടെ കാലം (Age of reason) എന്നും വിളിക്കാറുണ്ട്. ശാസ്ത്രരീതിയിൽ വൈജ്ഞാനിക മുന്നേറ്റം നടത്തുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. 1789-ലെ ഫ്രഞ്ച് വിപ്ലവം ഫ്രാൻസിന്റെ സാമൂഹിക ഘടനയിൽ വിപ്ലവാത്കമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇതിന്റെ ഫലമായി ധാരാളം ക്രൈസ്തവ, കത്തോലിക്കസഭാ ചർച്ചുകൾ Temple of reason അഥവാ യുക്തിയുടെ ആരാധനാലയങ്ങളായി മാറ്റപ്പെട്ടു.
19-ാം നൂറ്റാണ്ടിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അഗസ്തെ കോംതെ (auguste comte) ആവിഷ്കരിച്ച വാസ്തവികതാ വാദ (Positivism) മാണ് സൈന്റിസത്തിന്റെ യഥാർത്ഥ അടിത്തറ. എല്ലാ സിദ്ധാന്തങ്ങൾക്കും ഒരു ശാസ്ത്രീയാടിത്തറ ഉണ്ടായിരിക്കണമെന്നാണ് കോതെ വാദിച്ചത്. ശാസ്ത്രത്തിന്റേതായ വഴികൾ ഉപയോഗിച്ച് മനുഷ്യ സമൂഹത്തിന്റെ വിവിധ വശങ്ങളെ വിശദീകരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര വിഷയങ്ങളിലേതു പോലെയുള്ള നിരീക്ഷണങ്ങളും പരീക്ഷണങ്ങളും സാമൂഹ്യശാസ്ത്രത്തിൽ അസാധ്യമാണെങ്കിലും നിയന്ത്രിത രീതിയിലുള്ള നിരീക്ഷണങ്ങൾ സാധ്യമാണെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് കോതെ തന്റെ വാസ്തവികതാ വാദം വികസിപ്പിച്ചെടുത്തത്.
1920-കളുടെ അവസാനം ചില തത്ത്വചിന്തകന്മാരും ശാസ്ത്രജ്ഞരും ഗണിത ശാസ്ത്രജ്ഞരും ചേർന്ന് ബെർലിൻ സർക്കിളും വിയന്നാ സർക്കിളും രൂപീകരിക്കാനും തുടർന്ന് ഈ രണ്ടു നഗരങ്ങളിലും ലോജിക്കൽ പോസിറ്റീവിസം (logical positivism) ത്തിന്റെ ആശയങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയോ യുക്തിപരമായ തെളിവിലൂടെയോ മാത്രം പരിശോധിക്കപ്പെടുന്ന സംജ്ഞകൾ മാത്രമേ അർത്ഥപൂർണമാവുകയുള്ളൂ എന്ന ആശയമാണ് ലോജിക്കൽ പോസിറ്റീവിസം അഥവാ യുക്തിപരമായ വാസ്തവികതാ വാദം. ലോജിക്കൽ എമ്പിരിസിസം, നിയോ പോസിറ്റീവിസം, വെരിഫിക്കേഷനിസം എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നു. ലോജിക്കൽ പോസിറ്റീവിസത്തിന്റെ പുത്തൻ പതിപ്പാണ് യഥാർത്ഥത്തിൽ സൈന്റിസം എന്ന ശാസ്ത്ര തീവ്രവാദം.
നവനാസ്തികരുടെ ആഗോള ആചാര്യനായ റിച്ചാർഡ് ഡോക്കിൻസ് മുതൽ കേരളത്തിലെ അവരുടെ ശിങ്കിടിയായ രവിചന്ദ്രൻ വരെ ഈ ശാസ്ത്ര തീവ്രവാദത്തിന്റെ വക്താക്കളും പ്രചാരകരുമാണ്. ജൈവ കൃഷിയെ വിമർശിച്ചുകൊണ്ട് രവിചന്ദ്രൻ എഴുതിയ കാർട്ടറുടെ കഴുകൻ: ജൈവ കൃഷിയുടെ സാധ്യതയും സാധുതയും എന്ന പുസ്തകം വായിച്ചാൽതന്നെ അദ്ദേഹത്തിന്റെ ശാസ്ത്ര തീവ്രവാദം ബോധ്യപ്പെടുന്നതാണ്. കൂടാതെ യൂട്യൂബിൽ ഇദ്ദേഹത്തിന്റെ ധാരാളം ശാസ്ത്ര തീവ്രവാദ പ്രസംഗങ്ങളും ലഭ്യമാണ്.
എന്താണ് ശാസ്ത്രം?
ബാംഗ്ലൂരിലെ National Institute of Advanced Studies പ്രൊഫസറായ സുന്ദർ സറുക്കായ് തന്റെ What is science എന്ന ഗ്രന്ഥത്തിലൂടെ ശാസ്ത്രമെന്താണെന്ന് കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. അറിവ്, ജ്ഞാനം എന്നർത്ഥം വരുന്ന സയന്റിയ (Scientia) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സയൻസ് എന്ന പദം നിഷ്പന്നമാകുന്നത്. 19-ാം നൂറ്റാണ്ടോടെയാണ് Science എന്ന പദം ശാസ്ത്രീയമായ മാർഗങ്ങളുമായി കൂടുതൽ ചേർത്തുപയോഗിക്കാൻ തുടങ്ങിയത്. ഇതേ കാലഘട്ടത്തിലാണ് ശാസ്ത്രജ്ഞനും ആംഗ്ലിക്കൽ പ്രീസ്റ്റുമായ വില്യം വിവെൽ (William Whewell) സൈന്റിസ്റ്റ് അഥവാ ശാസ്ത്രജ്ഞൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ബ്രിട്ടീഷ് സയൻസ് കൗൺസിൽ സയൻസിന് നൽകിയ പുതിയ നിർവചനം ഇങ്ങനെയാണ്: തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു വ്യവസ്ഥാപിത രീതി പിന്തുടരുന്ന സ്വാഭാവികവും സാമൂഹികവുമായ ലോകത്തെക്കുറിച്ചുള്ള അറിവും മനസ്സിലാക്കലുമാണ് ശാസ്ത്രം.
ഓക്സ്ഫോഡ് ഡിക്ഷ്ണറി നൽകുന്ന നിർവചനം ഇപ്രകാരം: നിരീക്ഷണവും പരീക്ഷണവും വഴി ഭൗതികവും സ്വാഭാവികവുമായ ലോകത്തിന്റെ ഘടനയും സ്വഭാവവും സംബന്ധിച്ച വ്യവസ്ഥാപിതമായ പഠനം ഉൾകൊള്ളുന്ന ബൗദ്ധികവും പ്രായോഗികവുമായ പ്രവർത്തനങ്ങളാണ് ശാസ്ത്രം.
ശാസ്ത്രത്തിന്റെ ഉദ്ധൃത നിർവചനങ്ങളും മറ്റേത് വിവക്ഷകളും പരിശോധിച്ചാൽ ഭൗതിക പ്രപഞ്ചത്തെയും അതിലുള്ള മൂർത്ത വസ്തുക്കളെയും കുറിച്ചുള്ള പഠനം മാത്രമാണ് ശാസ്ത്രമെന്ന് യുക്തി പണയം വെക്കാത്ത ഏതൊരാൾക്കും ബോധ്യപ്പെടും. ശാസ്ത്രത്തിന്റെ നിർവചനങ്ങൾ തന്നെ ശാസ്ത്ര തീവ്രവാദികൾക്ക് ചുട്ടമറുപടി നൽകുകയാണ്.
ശാസ്ത്രീയ സമീപനം
ശാസ്ത്രീയ സമീപനത്തിന്റെ പ്രധാന ഘട്ടങ്ങൾ ഇവയാണ്.
1. നിരീക്ഷണം (Observation)
2. പരികൽപന (Hypothesis)
3. പരിശോധന (Experiment)
4. വിവരങ്ങളുടെ അപഗ്രഥനം Analyse the data)
5. പരിസമാപ്തി (Conclusion)
ഈ ഘട്ടങ്ങളിലൂടെ നമുക്ക് കിട്ടുന്ന കാര്യം മറ്റ് മൂന്ന് പ്രത്യേകതകൾ കൂടി അടങ്ങിയതായിരിക്കണം.
1. Verification (പുതിയ പ്രത്യേകതകൾ ഉണ്ടോയെന്ന് കൂടുതൽ നിരീക്ഷണം വഴി ഉറപ്പാക്കുക).
2. Reproducible (പരീക്ഷണ ഫലങ്ങൾ പുനഃസൃഷ്ടിക്കപ്പെടാനാവണം).
3. Falsifiable (വികസിപ്പിച്ചെടുത്ത പരികൽപന തെറ്റെന്ന് തെളിയിക്കപ്പെടാവുന്നതാവണം).
മേൽപറഞ്ഞ കാര്യങ്ങളെല്ലാം മേളിച്ചവ മാത്രമേ ശാസ്ത്രീയമാവുകയുള്ളൂ. ഇതനുസരിച്ച് ശാസ്ത്രം മാത്രമാണ് ജ്ഞാനമാർഗം എന്ന വാദം പോലും ശാസ്ത്രീയമായി തെളിയിക്കാൻ ശാസ്ത്ര തീവ്രവാദികൾക്ക് സാധിക്കുകയില്ലെന്നതാണ് യാഥാർത്ഥ്യം.
ശാസ്ത്രത്തിന്റെ പരിമിധികൾ
Scientic method in brief എന്ന പുസ്തകത്തിൽ Hugh G. Guach ഏൗമരവ ശാസ്ത്രത്തിന്റെ അധികാരത്തെയും പരിധിയെയും കുറിച്ചു വിവരിക്കാൻ ഒരധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. പുസ്തകത്തിന്റെ 6-ാം അധ്യായമായ Science power and limits (ശാസ്ത്രത്തിന്റെ അധികാരവും പരിധിയും) തുടങ്ങുന്നതിപ്രകാരമാണ്: എന്താണ് ശാസ്ത്രത്തിന്റെ അധികാരങ്ങളും പരിധികളും? ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നതും കഴിയാത്തതും തമ്മിൽ വേർതിരിയുന്നത് എവിടെയാണ്? അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ്ഈ (AAAS) വിഷയം ശാസ്ത്ര സാക്ഷരതയുടെ ഒരു നിർണായക ഘടകമായി തിരിച്ചറിഞ്ഞു. ഉദാരമായി വിദ്യാഭ്യാസം നേടുന്നതിന് ശാസ്ത്ര അറിവിന്റെ അധികാരത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ പരിമിതികളെ കുറിച്ചും അവബോധം ആവശ്യമാണ്. ശാസ്ത്രത്തിന്റെ പരിധികൾ പഠിക്കുന്നത് എല്ലാ സയൻസ് കോഴ്സുകളിലെയും ലക്ഷ്യമാവണം (പേ: 96).
ശാസ്ത്രത്തിന് പരിധിയും പരിമിതികളുമുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണിവിടെ. ശാസ്ത്രത്തിന്റെ പരിധി വിവരിച്ചുകൊണ്ട് Peter Medawar എന്ന നോബൽ ജേതാവ് The limits of science എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പരിമിതിയെയും പരിധികളെയും കുറിച്ച് വേറെയും ധാരാളം ഗ്രന്ഥകാരന്മാർ വിവരിച്ചിട്ടുണ്ട്. അതിൽ ചിലത് ഉദ്ധരിക്കാം:
1. ഭൗതിക പ്രപഞ്ചത്തെയും അതിലുള്ള മൂർത്ത വസ്തുക്കളെയും മാത്രമേ ശാസ്ത്രത്തിന് പഠന വിധേയമാക്കാൻ സാധിക്കുകയുള്ളൂ. അഭൗതിക കാര്യങ്ങളെയോ അമൂർത്ത വസ്തുക്കളെയോ ശാസ്ത്രത്തിന് പഠന വിധേയമാക്കാൻ സാധിക്കില്ല.
2. ധാർമിക മൂല്യങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിനു കഴിയില്ല.
3. സ്നേഹം, കോപം, വാത്സല്യം, വിശപ്പ്, ദാഹം തുടങ്ങിയ വികാരങ്ങളെ ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയില്ല.
4. വിശ്വാസത്തെ അളക്കാൻ ശാസ്ത്രത്തിന് സാധ്യമല്ല.
5. ചരിത്രത്തെ ശാസ്ത്രീയ സമീപന രീതിയിലൂടെ കണ്ടെത്താനാവില്ല.
6. ഭൗതിക ശാസ്ത്രത്തിലെ നിയമങ്ങൾ (laws of physics) എന്താണെന്ന് ശാസ്ത്രത്തിന് പറയാൻ സാധിക്കും. എന്നാൽ എന്തുകൊണ്ട് ആ നിയമങ്ങൾ നിലനിൽക്കുന്നു എന്ന് ശാസ്ത്രത്തിന് പറയാൻ സാധ്യമല്ല.
7. പ്രപഞ്ചം എന്തിനാണ് നിലനിൽക്കുന്നതെന്നും ശാസ്ത്രത്തിന് പറയാൻ കഴിയില്ല.
ചുരുക്കത്തിൽ ശാസ്ത്ര തീവ്രവാദികളായ നവനാസ്തികർ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് വ്യക്തം. ശാസ്ത്രം മാത്രമാണ് ജ്ഞാനമാർഗമെന്ന ശാസ്ത്ര തീവ്രവാദം തകർന്നടിയുകയാണിവിടെ.
ജുനൈദ് ഖലീൽ സഖാഫി