ജനമാനസങ്ങളിൽ തിരുനബിയറിവിന്റെയും സ്നേഹത്തിന്റെയും അടിവേരുറപ്പിച്ച മഹാഗുരുവാണ് ഇമാം ഖാളീ ഇയാള്(റ). നബി(സ്വ) യോടുള്ള സ്നേഹാദരങ്ങളുടെ അനിവാര്യതയും പ്രാധാന്യങ്ങളും വളരെ മനോഹരമായി അടുക്കിവെച്ച കിതാബുശ്ശിഫായുടെ രചയിതാവാണദ്ദേഹം. ചരിത്രത്തിൽ അദ്ദേഹത്തിന്റെ അനിതര വ്യക്തിത്വത്തെ ജ്വലിപ്പിച്ചു നിർത്തിയ ഗ്രന്ഥമാണ് കിതാബുശ്ശിഫാ എന്ന അശ്ശിഫാ ബിതഅ്രീഫി ഹുഖൂഖിൽ മുസ്വ്ത്വഫാ(സ്വ). നബിസ്നേഹം ജ്വലിച്ച് നിൽക്കുന്ന മറ്റു രചനകളും ഇമാമിനുണ്ട്. നബിവർണനയും ഇടതേട്ടവും ഉൾക്കൊള്ളുന്ന മനോഹരവും സാഹിതീ കൗതുകവുമായ പദ്യഗദ്യങ്ങൾ ശ്രദ്ധേയങ്ങളാണ്. ഇലർറൗളത്തിശ്ശരീഫ അലാ സാകിനിഹാ അഫ്ളലുസ്സ്വലാത്തി വസ്സലാം ഉദാഹരണം. ആദർശധീരതയുടെ പേരിൽ ജീവത്യാഗം ചെയ്ത രക്തസാക്ഷി കൂടിയാണ് മഹാൻ.
കുടുംബം, ജനനം
സ്പെയ്നിൽ നിന്ന് മൊറോക്കോയിലേക്ക് കുടിയേറിയ കുടുംബത്തിൽ ഹിജ്റ 476 ൽ ശഅ്ബാൻ മാസത്തിന്റെ മധ്യത്തിലായിരുന്നു ജനനം. ഇമാം മാലിക്(റ)വിന്റെ കുടുംബ പരമ്പരയിൽ പെട്ടതാണ് കുടുംബം. അബുൽഫള്ൽ ഇയാള്ബ്നു മൂസബ്നി ഇയാളിബ്നി അംറൂൻ അൽയഹ്സ്വുബീ എന്നാണ് മുഴുവൻ പേരായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പേരിൽ ലഭിച്ചതാണ് ഖാളീ എന്ന വിശേഷണം.
സ്പെയ്നിലെ ഗ്രാനഡയിൽ നിന്ന് അൽപം അകലെ ബസ്ത്വ എന്ന പ്രദേശത്തായിരുന്നു മഹാന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീട് ഫാസിലേക്കും അവിടെ നിന്ന് സബ്തിലേക്കും താമസം മാറി. ഇമാമിന്റെ പിതാമഹൻമാരിൽ പെട്ട അംറൂൻ പ്രസിദ്ധ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ ഇയാള്(റ)യുടെ പുത്രൻ മൂസ(റ)യുടെ പുത്രനാണ് ഖാളീ ഇയാള്(റ).
സബ്ത എന്ന പ്രദേശത്തിനും ചരിത്ര പ്രാധാന്യമുണ്ട്. മനോഹരമായ വർണനകൾ ചരിത്രകാരൻമാർ സബ്തയെ കുറിച്ച് നടത്തിയതായി കാണാം. മഹാപണ്ഡിതൻമാർ ജീവിക്കുകയും അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു ഇവിടെ. അൽകവാകിബുൽ വഖ്ഖാദ, ബുൽഗതുൽ ഉംനിയ്യ, ഇഖ്ത്വിസ്വാറുൽ അഖ്യാർ തുടങ്ങിയ ഗ്രന്ഥങ്ങൾ സബ്തയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ ചരിത്രം രേഖപ്പെടുത്തിയവയാണ്.
പരമ്പരാഗതമായി മതചിട്ടയും വിജ്ഞാനവുമുള്ള കുടുംബാന്തരീക്ഷത്തിലും സാമൂഹ്യ സാഹചര്യത്തിലുമാണ് ഇമാം വളർന്നത്. ഖാളി ഇയാള്(റ)യുടെ പുത്രൻ എഴുതുന്നു: മൂസബ്നു ഇയാള്(റ)യുടെ പുത്രനായി ജനിച്ച ഇയാള് (രണ്ടാമൻ) പരിശുദ്ധിയിലും നല്ല ശിക്ഷണത്തിലും വളർന്നു. പ്രശംസനീയമായ വാക്കും പ്രവർത്തിയുമുള്ളയാളായിരുന്നു. ബുദ്ധിമാനും പ്രബുദ്ധനും നിപുണനും വിജ്ഞാന ദാഹിയും പരിശ്രമശാലിയുമായ വിദ്യാർത്ഥിയായി മാറി. ജ്ഞാനസാഗരങ്ങളായ ഗുരുനാഥൻമാർ പോലും അദ്ദേഹത്തെ ആദരിച്ചിരുന്നു (അത്ത അ്രീഫു ബിൽഖഖാള്വീഇയാള്). തന്റെ ഗുരുനാഥൻമാരെ വിവരിക്കുന്ന ഗ്രന്ഥത്തിൽ നിന്ന് സ്വദേശം വിടുന്നതിന് മുമ്പ് അദ്ദേഹം നേടിയ വിജ്ഞാനങ്ങളെക്കുറിച്ച് ഗ്രഹിക്കാം. ഖാളീ ഇയാള്(റ) ഏറെക്കുറെ പൂർണമായി വിദ്യാഭ്യാസം നേടിയത് സ്വന്തം നാട്ടിൽ നിന്ന് തന്നെയാണ്. സ്പെയ്നിൽ നിന്ന് മഹാഗുരുക്കൻമാരുമായുള്ള സഹവാസമാണ് പ്രധാനമായും സമ്പാദിച്ചത്. ഒരു വർഷം മാത്രമായിരുന്നു സ്പെയിനിൽ കഴിഞ്ഞത്. കിതാബുത്തഅ്രീഫു ബിൽഖാള്വീ ഇയാളിൽ പറയുന്നതനുസരിച്ച് ഹിജ്റ 507 ജുമാദൽ ഉഖ്റാ ആദ്യത്തിലാണ് ഇമാം കോർഡോവയിലെത്തിയത്. പിറ്റേ വർഷം ജുമാദൽ ഉഖ്റാ ആറാം രാവിൽ സബ്തയിൽ തിരിച്ചെത്തിയിട്ടുമുണ്ട്.
വിജ്ഞാനം തേടി
പ്രാഥമിക വിജ്ഞാനവും ഖുർആൻ പാരായണവും മതചിട്ടകളും പരിശീലനവും കുടുംബത്തിൽ നിന്നും നാട്ടിലെ ഗുരുവര്യരിൽ നിന്നും ആർജിച്ചു. അതുകൊണ്ടു തന്നെ അച്ചടക്കത്തിലും ഇസ്ലാമിക ചിട്ടയിലും ആത്മീയമായ അന്തരീക്ഷത്തിലും ചെറുപ്പം മുതലേ വളരാൻ സാഹചര്യമുണ്ടായി. വ്യക്തിജീവിതത്തിലും സഹജീവികളോടുള്ള സമ്പർക്കത്തിലും സാമൂഹിക സമീപനങ്ങളിലും മാതൃകാ യോഗ്യമായ വ്യക്തിത്വം രൂപപ്പെട്ടു.
സബ്തയിലെ പണ്ഡിതൻമാരായ ഖാളീ അബൂഅബ്ദില്ലാ, അബുൽ ഖാസിമിൽ ഖത്വീബ്, അബൂഇസ്ഹാഖൽ ഫഖീഹ് തുടങ്ങിയവരാണ് നാട്ടിലെ ഉസ്താദുമാർ. ഇമാം രേഖപ്പെടുത്തി: നാട്ടിൽ എന്റെ ഗുരുനാഥന്മാരിൽ ഏറെ ആദരണീയൻ അൽഫഖീഹുൽ ഖാള്വീ അബൂഅബ്ദില്ലാഹി മുഹമ്മദ് അത്തമീമി(റ)യാണ്. സബ്തയിലെ കർമശാസ്ത്ര പണ്ഡിതരിൽ ഒന്നാമനാണദ്ദേഹം. അക്കാലഘട്ടത്തിലെ ശ്രേഷ്ഠനും പ്രസിദ്ധനും സാധാരണക്കാർക്കിടയിലും ഉലമാക്കൾക്കിടയിലും പേരും പെരുമയുമുള്ളയാളുമായിരുന്നു അദ്ദേഹം (അൽഗുൻയത്ത്). മുവത്വ, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം, സുനനു അബീദാവൂദ് തുടങ്ങി, തഫ്സീർ, ഇൽമുൽ ഖിറാഅ, ഭാഷ, വ്യാകരണം, ഇൽമുൽ കലാം തുടങ്ങിയവയും സബ്തയിൽ നിന്ന് അഭ്യസിച്ചു.
പഠന യാത്രകൾ
ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാകാനും വളർച്ചയുടെ പടവുകൾ താണ്ടുന്നതിനും യാത്രകൾ സഹായകമാണ്. ഹിജ്റ 507 ൽ ഇമാം അയൽ രാജ്യമായ സ്പെയിനിലേക്ക് പോയി. വിവിധ സ്ഥലങ്ങൾ സഞ്ചരിച്ച് ഗുരുക്കളിൽ നിന്ന് അറിവും അനുഗ്രഹവും ഇജാസത്തും സമ്പാദിച്ചു. ഖാളീ ഇയാള്(റ)യുടെ മകൻ തയ്യാറാക്കിയ ചരിത്രകൃതിയിൽ അഞ്ച് സ്ഥലങ്ങളിലെത്തി അറിവ് നുകർന്നത് പരാമർശിച്ചിട്ടുണ്ട്. ഇത് ഇമാമിന്റെ ഗ്രന്ഥങ്ങളായ അൽഗുൻയത്ത്, മശാരിഖുൽ അൻവാർ എന്നിവയിൽ സൂചിപ്പിച്ചതു കാണാം. സബ്തക്കഭിമുഖമായി സ്പെയിനിൽ സ്ഥിതി ചെയ്യുന്ന അൽജസീറതുൽ ഖള്റാഅ (അൽജെസിറാസ്), ഇശ്ബീലിയ(സെവില്ല), ഖുർത്വുബ(കോർഡോവ), മുർസിയ, ഗുർനാത്വ(ഗ്രാനഡ) എന്നിവയാണ് അവ. ഖാളീ അബ്ബാസ് അൽമറാകിശിയുടെ അൽഇഅ്ലാമു ബിമൻ ഹല്ലൽമറാകിശ് എന്ന ഗ്രന്ഥത്തിൽ ഒരു സ്ഥലം കൂടി കാണാം. അൽമുറ(അൽമേറിയ) യിലെ ഖാളീ അബൂജഅ്ഫർ ബിൻ മള്ളാഅ് ആണ് ഇതു പ്രകാരം ആറാമത്തെ ജ്ഞാന കേന്ദ്രം. കൂടുതൽ വിഷയങ്ങളിലും ഗ്രന്ഥങ്ങളിലും സനദും ഇജാസത്തും സമ്പാദിക്കാനുള്ള പ്രയാണം എന്ന നിലയിൽ പ്രാധാന്യമുള്ള യാത്രയായിരുന്നു സ്പെയിനിൽ ഇമാം നടത്തിയത്.
ഖാളി ഇയാള്(റ)വിന് വിജ്ഞാനം പകരുന്നതിൽ ഒരു ഗുരു കാണിച്ച താൽപര്യം ഉദ്ധരിക്കപ്പെട്ടതിങ്ങനെ: സ്പെയിനിലെ സഞ്ചാരത്തിനിടയിൽ ഹാഫിള് അബൂഅലി അൽഹുസൈൻ അസ്സ്വദഫീ(റ)യെ കാണുന്നതിനും ശിഷ്യത്വം നേടുന്നതിനും അദ്ദേഹം മുർസിയിലെത്തി. സർക്കാറുദ്യോഗത്തിൽ നിന്ന് രക്ഷപ്പെടാനായി അവിടെ ഒളിവിൽ കഴിയുകയായിരുന്നു ശൈഖ്. അതിനാൽ ഖാളി ഇയാള്(റ)വിന് അദ്ദേഹത്തെ കാണാനായില്ല. രണ്ട് മാസത്തോളം ഗുരുവിന്റെ ഗ്രന്ഥങ്ങൾ പഠിച്ചും പാരായണം ചെയ്തും അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഖാളീ ഇയാള്(റ)യെ ആദരിക്കുന്ന അബൂമുഹമ്മദ് ബ്നു മൻസ്വൂറിൽ നിന്ന് ഒരെഴുത്ത് ഖാളി ഇയാള്(റ)ക്ക് ലഭിച്ചു. ഖാളീ ഇയാള്(റ) മുർസിയിലെത്തിയത് അദ്ദേഹത്തിനറിയാമായിരുന്നു. ശൈഖ് ഹാഫിള് അബൂഅലി(റ)യെ ഉദ്യോഗമേൽക്കാനുള്ള നിർബന്ധത്തിൽ നിന്ന് ഒഴിവാക്കിയ വിവരമായിരുന്നു അതിൽ. അങ്ങനെ അദ്ദേഹം ദർസാരംഭിച്ചു. അപ്പോൾ ഖാള്വീ ഇയാള്(റ) ആ സദസ്സിലെത്തി. ശൈഖ് ഹാഫിള് അബൂഅലി(റ), ഖാള്വീ ഇയാള്(റ)യെ നന്നായി പരിഗണിക്കുകയുണ്ടായി. കുറഞ്ഞ കാലം കൊണ്ട് തന്നെ ധാരാളം വിജ്ഞാനങ്ങളാർജിച്ചു. ഗുരുവിനും സന്തോഷമായി. അദ്ദേഹം ഒരിക്കൽ ശിഷ്യനോട് പറഞ്ഞു: ഒളിവിൽ നിന്ന് എനിക്ക് പുറത്തിറങ്ങാനായിരുന്നില്ലെങ്കിൽ ഞാൻ ഒരു തീരുമാനത്തിലെത്തിയിരുന്നു. എനിക്ക് പ്രയാസമില്ലാത്ത ഒരു സ്ഥലത്ത്, അത് സ്പെയിനിൽ എവിടെയാണെങ്കിലും അവിടെയെത്തി അക്കാര്യം നിങ്ങളെ അറിയിക്കുക, നിങ്ങൾ അവിടെ വന്നുചേർന്നാൽ താങ്കൾക്ക് വിജ്ഞാനം പകർന്നു തരിക എന്നായിരുന്നു തീരുമാനം. കാരണം നിങ്ങൾ എന്നെ തേടി ഇവിടെ വന്ന് നിരാശനായി തിരിച്ചു പോകുന്നതിൽ എനിക്ക് വിഷമമുണ്ട് (അത്തഅ്രീഫു ബിൽഖാള്വീ ഇയാള്).
അധ്യാപനം. ശിഷ്യൻമാർ
ഹി. 508 ൽ സബ്തയിൽ തിരിച്ചെത്തിയ ശേഷം ഖാളീ ഇയാള്(റ)ദർസാരംഭിച്ചു. വേറെയും വലിയ പണ്ഡിതന്മാരുണ്ടായിരുന്നെങ്കിലും മാലികി മദ്ഹബിലെ പ്രധാന ഗ്രന്ഥമായ അൽമുദവ്വന ക്ലാസെടുക്കാൻ നിശ്ചയിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. സ്വന്തം നാട്ടിൽ അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തിനും ആദരവിനും തെളിവായി ഇതിനെ കാണാവുന്നതാണ്. സബ്തയിയിലെ പള്ളി കേന്ദ്രീകരിച്ച് ഹദീസ് ക്ലാസും കർമശാസ്ത്ര ദർസും നടത്തി. നാട്ടിൽ രാഷ്ട്രീയ കുഴപ്പം രൂക്ഷമായ കാലത്തും അധ്യാപനം മുടക്കിയില്ല. ഹി. 515 ൽ സബ്തയിൽ ഖാളിയായി അവരോധിക്കപ്പെട്ടു. അപ്പോഴും സമയവും സൗകര്യവും പരിഗണിച്ച് ദർസ് നടത്തിക്കൊണ്ടിരുന്നു. ഹി. 531 ൽ ഗ്രാനഡയിൽ ഖാളിയായി നിയമിതനായി. അവിടെയും ദർസ് തുടർന്നു. ഹദീസ് ക്ലാസിന് പുറമെ തന്റെ ഗ്രന്ഥങ്ങളും ഓതിക്കൊടുത്തു. സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിജ്ഞാനദാഹികളെത്തിച്ചേരുന്ന ദർസായി അത് മാറി. ഉന്നത വ്യക്തികളും പ്രമാണിമാരും അവിടെ പഠിതാക്കളായി. ഖാളീ ഇയാള്(റ)യെ ഗുരുവായി ലഭിച്ചതിൽ സന്തോഷിച്ച അവർ ഗുരുവിന്റെ സദസ്സിലെ വിശേഷങ്ങൾ കൈമാറി. അബ്ദുർറഹ്മാനിൽ ഗുർനാത്വീയെ ഖാള്വീ അബ്ബാസുൽ മഗ്രിബീ ഉദ്ധരിക്കുന്നു: ഖാളീ ഇയാള് ഗ്രാനഡയിലേക്ക് വന്നപ്പോൾ ജനങ്ങൾ അദ്ദേഹത്തെ കാണാനായി പുറത്തിറങ്ങി. ഒരു അമീറിനെക്കാണാനും അങ്ങനെ ജനങ്ങളിറങ്ങിയിട്ടില്ല. പ്രമുഖരായ ആളുകൾ തന്നെ ഇരുന്നൂറിലധികം വാഹനങ്ങളിലെത്തിയത് ഞാൻ കണക്കെടുത്തു. സാധാരണക്കാരുടെ എണ്ണം തിട്ടപ്പെടുത്താനായില്ല. ഞാൻ എന്റെ പിതാവിന്റെ കൂടെയാണ് പോയത്. അദ്ദേഹം ഇവിടെ സ്ഥിരവാസമായപ്പോൾ ഞങ്ങൾക്കത് കൂടുതൽ മധുരാനുഭവമായി. തെളിഞ്ഞ ഭാഷയിലായിരുന്നു മഹാന്റെ സംസാരം. ശ്രോതാക്കളെ ആകർഷിക്കുകയും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുകയും ചെയ്യുന്ന സംസാരം. നല്ല ഉദാരനായിരുന്നു. നിസ്കാരത്തിൽ വലിയ ഭയഭക്തിയുള്ളവരും (അൽഇഅ്ലാമു ബിമൻഹല്ലൽ മറാകിശ്). മൊറോക്കൊയിലും സ്പെയിനിലും അദ്ദേഹത്തിന് ഗുരുനാഥന്മാരും ശിഷ്യന്മാരുമുണ്ട്. പ്രഗത്ഭരും പ്രശസ്തരും പ്രഭാഷകരും മുദരിസുമാരും ഗ്രന്ഥകർത്താക്കളും സാഹിത്യകാരൻമാരും അവരിലുണ്ട്.
ഗ്രന്ഥങ്ങൾ
ഖാളീ ഇയാള്(റ)യെക്കാൾ ഗ്രന്ഥരചന നടത്തിയവർ അക്കാലത്തുണ്ടായിരുന്നില്ല. ഹദീസ്, ഹദീസ് വിജ്ഞാനീയം, ഫിഖ്ഹ്, താരീഖ്, ഭാഷ തുടങ്ങി വിവിധ വിജ്ഞാന ശാഖകളിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ രചനകളുണ്ട്. പ്രഭാഷണങ്ങളും കവിതകളും സമാഹരിക്കപ്പെട്ടിട്ടുണ്ട്. മശാരിഖുൽ അൻവാർ അലാ സ്വിഹാഹിൽ ആസാർ ഹദീസ് വിജ്ഞാനീയത്തിൽ ശ്രദ്ധേയ രചനയാണ്. സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം, മുവത്വ എന്നീ പ്രധാന ഹദീസ് ഗ്രന്ഥങ്ങൾക്കുള്ള മൂല്യമേറിയ ഒരു സേവനമാണിത്. ഇവയിൽ വന്ന സമാന പദങ്ങളുമായി ബന്ധപ്പെട്ട ക്ലിപ്തത വരുത്തൽ, സുവ്യക്തമാക്കൽ, ആശയ വ്യക്തത വരുത്തൽ തുടങ്ങിയവയാണിതിന്റെ പ്രതിപാദ്യം. പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന രചനാ ക്രമീകരണങ്ങളാണതിൽ സ്വീകരിച്ചിരിക്കുന്നത്. പിൽക്കാലത്ത് രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളിൽ ഇതിന്റെ സ്വാധീനം കാണാം.
ഇക്മാലുൽ മുഅ്ലിമി ബിഫവാഇദി മുസ്ലിം എന്ന ഗ്രന്ഥം ഇമാം മാസിരീ(റ)യുടെ ശിഷ്യൻമാർ ഗുരുവിന്റെ സ്വഹീഹ് മുസ്ലിം ക്ലാസിലെ വിവരണങ്ങൾ ശേഖരിച്ചതാണ്. അതിന്റെ പൂർത്തീകരണമായാണ് ഖാളീ ഇയാള്(റ) അൽഇക്മാൽ രചിച്ചത്. ശിഷ്യൻമാരുടെ അഭ്യർത്ഥന പ്രകാരമാണിത് രചിച്ചത്. ഇമാം മാസിരി(റ)യോട് സമ്മതം തേടിയായിരുന്നു രചന. ഇമാം നവവി(റ) ശറഹ് മുസ്ലിമിൽ ഇതിൽ നിന്ന് ഉദ്ധരിച്ചത് കാണാം.
ബുഗ്യതുർറാഇദ് ഹദീസ് വിഷയത്തിലെ മറ്റൊരു രചനയാണ്. കിതാബുശ്ശിഫയിൽ ഹദീസുകളും അസറുകളും അവയുടെ ആശയപ്രകാശനവുമാണ് ഉൾക്കൊള്ളുന്നത്. അതിനാൽ ഹദീസ് ഗ്രന്ഥം എന്ന ഗണത്തിലും അതിനെ ഉൾപ്പെടുത്താറുണ്ട്. ഹദീസ് വിജ്ഞാനീയത്തിലെ രചനയാണ് കിതാബുൽ ഇൽമാഅ്.
കിതാബുശ്ശിഫാ
ഖാള്വീ ഇയാള്(റ)യുടെ മാസ്റ്റർ പീസായി കിതാബുശ്ശിഫായെ കണക്കാക്കാം. പ്രവാചക സ്നേഹികൾക്കിടയിൽ വലിയ പ്രചാരവും സ്വീകാര്യതയും ഇതു നേടി. പ്രശസ്ത പണ്ഡിതൻമാർ അതിന് വ്യാഖ്യാനങ്ങളെഴുതി. വിശ്വാസികൾക്ക് നബി(സ്വ)യോടുള്ള ബാധ്യതകളുടെ ബഹുമുഖ തലങ്ങൾ വളരെ വ്യക്തമായി ഇതിൽ വിവരിക്കുന്നു. കർമശാസ്ത്ര വിധികളും വിശ്വാസ കാര്യങ്ങളും സന്ദർഭോചിതം പരാമർശിക്കുന്നുമുണ്ട്.
ഖാളീ ഇയാള്(റ)യുടെ വഫാതിന് ശേഷം ഒരു മഹാൻ അദ്ദേഹത്തെ സ്വപ്നം കാണുകയുണ്ടായി. ഒരു ഗംഭീര കൊട്ടാരത്തിൽ സ്വർണക്കട്ടിലിലിരിക്കുകയാണ് ഇമാം. കിതാബുശ്ശിഫയിൽ താങ്കൾ ഇങ്ങനെ വിവരിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഖാളീ ഇയാള്(റ) ചോദിച്ചു: നിങ്ങളുടെയടുത്ത് ആ കിതാബുണ്ടോ? അതേ എന്ന് മറുപടി പറഞ്ഞപ്പോൾ എങ്കിൽ അത് മുറുകെ പിടിച്ചോളൂ, അത് കാരണം എനിക്ക് അല്ലാഹു ഉപകാരം ചെയ്തിട്ടുണ്ട്. നിങ്ങളീ കാണുന്നതെല്ലാം അതു മൂലം അവനെനിക്കു തന്ന അനുഗ്രഹങ്ങളാണ് (അന്നജ്മുസ്സാഖിബ്).
ഖാളി സേവനം
മൂസബ്നു ഇയാള്, ഖാള്വീ ഇയാള് എന്നറിയപ്പെട്ടത് സർക്കാറിന്റെ ഔദ്യോഗിക ഖാളിയായി സേവനമനുഷ്ഠിച്ചത് കൊണ്ടാണ്. രണ്ട് പ്രാവശ്യം സ്വന്തം നാടായ സബ്തയിലും ഓരോ പ്രാവശ്യം ഗ്രാനഡയിലും ദായ് എന്ന മൊറോക്കൻ പ്രദേശത്തുമായി ജഡ്ജിയായി നിയമിതനായി. സ്പെയിനിലും മൊറോക്കോയിലും ഭരണം നടത്തിയിരുന്ന മുറാബിത്വീൻ ഭരണാധികാരികളാണ് സബ്തയിലും ഗ്രാനഡയിലും അദ്ദേഹത്തെ നിയമിച്ചത്. മുറാബിത്വീൻ ഭരണകൂടം വിധികളിൽ നീതി പുലർത്തുന്നവരും വിശ്വാസ കാര്യങ്ങളിൽ അഹ്ലുസ്സുന്നയുടെ മാർഗം അവലംബിക്കുന്നവരുമായിരുന്നു. ഇത്തരം നന്മകൾ മൂലം ഖാളീ ഇയാള്(റ) അവരെ പിന്തുണച്ചിരുന്നു. ഇമാമിനെ അവർ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു. സ്പെയിൻ യാത്രയിൽ അവർ വലിയ പിന്തുണ നൽകി. യൂസുഫ് ബിൻതാശീൻ എന്ന ഭരണാധികാരി ഇമാമിന്റെ വരവറിയിച്ച് കോർഡോവയിലെ ഖാളിക്ക് സന്ദേശമയച്ചത് മഹാന് സഹായകമായി. സ്പെയിനിൽ നിന്ന് തിരിച്ചെത്തി ഏഴ് വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ സബ്തയിലെ ജഡ്ജിയായി നിയമിച്ചത്. പതിനാറ് വർഷക്കാലം സേവനം തുടർന്നു. ഈ നിയമനത്തെ ഇലാഹീ പരീക്ഷണമായി കണ്ട് വിജയം വരിക്കാനാണദ്ദേഹം ശ്രമിച്ചത്. നീതിപൂർവകവും ഭൗതിക താൽപര്യങ്ങൾ ഏതുമില്ലാതെയും ധീരതയോടെയും സൂക്ഷ്മതയോടെയും ഉത്തരവാദിത്വം നിർവഹിക്കാനദ്ദേഹത്തിന് സാധിച്ചു. പക്ഷപാതമോ സ്വാർത്ഥതാൽപര്യങ്ങളോ സ്വാധീനിക്കാത്ത തീർപ്പുകൾ പുറപ്പെടുവിച്ചു. താനുമായി അടുത്ത ബന്ധമുള്ള ആളുകൾ, അവർ എത്ര ഉന്നതരായാലും കുറ്റവാളികളായി തന്റെ കോടതിയിലെത്തിയാൽ അർഹമായ ശിക്ഷ ലഭിച്ചിരിക്കും. ഒരിക്കൽ തന്റെ സുഹൃദ് വലയത്തിലുള്ള ഫത്ഹ് ബ്ൻഖാകാൻ എന്ന പ്രഗത്ഭനായ സാഹിത്യകാരൻ മദ്യപിച്ചത് തെളിയിക്കപ്പെട്ടപ്പോൾ കൃത്യമായ ശിക്ഷ നടപ്പാക്കി (അത്തഅ്രീഫു ബിൽഖാളീ ഇയാള്).
ഹി. 531 ൽ കൊർഡോവയിൽ ഖാളിയായി നിയമിക്കപ്പെട്ടു. ഗ്രാനഡക്കാർ വലിയ സന്തോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സബ്തയിലെ പോലെ നീതിപൂർവകവും കണിശവുമായ നടപടികളുമായി മുന്നോട്ട് പോയി. സമയവും സൗകര്യവും ലഭിക്കുമ്പോഴൊക്കെ ദർസ് നടത്തി. നീതിനിഷ്ഠവും സത്യസന്ധവുമായ ചുമതല നിർവഹണം പക്ഷേ, ചിലർക്ക് പിടിച്ചില്ല. ഭരണാധികാരിയുടെ സിൽബന്ധികൾക്ക് സ്വാതന്ത്ര്യം നഷ്ടമായപ്പോൾ അവർ അമീറിനെ സ്വാധീനിച്ചു. രണ്ട് വർഷം മാത്രമേ ഗ്രാനഡയിൽ സേവനം ചെയ്തുള്ളൂ.
അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്ന് ആറ് വർഷക്കാലം സബ്തയിൽ ദർസും രചനയുമായിക്കഴിഞ്ഞു. ഇടക്ക് ഗ്രാനഡയിൽ ചെന്ന് അവിടത്തെ വിജ്ഞാനദാഹികൾക്ക് വിദ്യ പകർന്നു. അങ്ങനെയിരിക്കെ ഇബ്റാഹീമുബ്നു താശ്ഫിന്റെ കാലത്ത് വീണ്ടും സബ്തയിൽ ഖാളിയായി നിയമിതനായി. ഹി. 539 അവസാനത്തിലായിരുന്നു ഇത്. പണ്ഡിതനും നീതിമാനും സത്യസന്ധനുമായ ഖാളി ഇയാള്(റ)യുടെ പുനർ നിയമനത്തിൽ സബ്ത നിവാസികൾ സന്തുഷ്ടരായി.
പിന്നീട് ഇബ്നു തൂമർത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാപത്തിലൂടെ മുവഹ്ഹിദുകൾ മൊറോക്കൊയുടെ വിവിധ പ്രദേശങ്ങൾ കയ്യടക്കി. താശ്ഫീൻ ബിൻ അലിയെ അട്ടിമറിക്കുകയും വധിക്കുകയും ചെയ്തു. സബ്തയിലും മുവഹ്ഹിദുകൾ പിടിമുറുക്കിയപ്പോൾ കലാപവും നാശനഷ്ടങ്ങളും ഒഴിവാക്കാനും നാട്ടുകാരുടെ രക്ഷക്കു വേണ്ടിയും പ്രത്യക്ഷത്തിൽ അവരെ അംഗീകരിച്ചു. ഇതല്ലാതെ മാർഗമുണ്ടായിരുന്നില്ല. അവരുടെ നിർദേശ പ്രകാരം ദായ് എന്ന സ്ഥലത്തെ ഖാളിയായും സേവനുഷ്ഠിച്ചു. സബ്തയിലെ ശിഷ്യന്മാരിൽ നിന്നും അനുയായികളിൽ നിന്നും അദ്ദേഹത്തെ അകറ്റുക എന്നതായിരുന്നു ഈ നിയമനത്തിന്റെ പ്രധാന ലക്ഷ്യം. അതു ബോധ്യപ്പെട്ടെങ്കിലും മഹാന് വേറെ നിർവാഹമുണ്ടായിരുന്നില്ല. കലങ്ങിയ അന്തരീക്ഷത്തിലും ആ ദൗത്യം മൂന്ന് വർഷക്കാലം നിർവഹിച്ചു. തന്റെ ആത്മീയ പരിചരണ പ്രവർത്തനങ്ങളും ഗ്രന്ഥരചനയും അവിടെയും തുടർന്നു.
നിലപാടും രക്തസാക്ഷിത്വവും
ഖാളീ ഇയാള്(റ) അഖീദയിൽ അശ്അരീ സരണിയും കർമശാസ്ത്രത്തിൽ മാലികീ സരണിയുമാണ് സ്വീകരിച്ചിരുന്നത്. മുറാബിത്വീങ്ങൾക്ക് ശേഷം വന്ന മുവഹ്ഹിദുകളിലെ പുത്തൻവാദികൾ അഹ്ലുസ്സുന്നയോട് കടുത്ത എതിർപ്പുള്ളവരായിരുന്നു. സുന്നീ ആദർശധീരനായ ഖാളീ ഇയാള്(റ)യുടെ ജനസ്വാധീനത്തെ അവർ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ സ്വീകാര്യതയും മഹത്ത്വവും ഭാവിയിൽ തങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതിയ അവർ അദ്ദേഹത്തെ വധിക്കാൻ തന്ത്രം മെനഞ്ഞു. ഖാളീ ഇയാള്(റ) ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളത് ചെയ്യാൻ ആവശ്യപ്പെടുക, നിരസിക്കുമ്പോൾ ഭരണകൂടത്തോടുള്ള ധിക്കാരത്തിന്റെ പേരിൽ വധിക്കുക എന്നതായിരുന്നു പദ്ധതി. ഇബ്നു തോമർത്തിന്റെ മഹ്ദീ വാദം അംഗീകരിക്കാനും അദ്ദേഹത്തിന്റെ ഇസ്വ്മത്ത്(പാപ സുരക്ഷിതത്വം) പ്രഖ്യാപിക്കാനും അവർ അദ്ദേഹത്തെ നിർബന്ധിച്ചു. അതിനായി ഗ്രന്ഥം രചിക്കാനും സമ്മർദം ചെലുത്തി. എന്നാൽ ഖാളീ ഇയാള്(റ) രാഷ്ട്രീയക്കാരുടെ ഈ ആവശ്യം നിരസിച്ചു. ഇതു മൂലം വലിയ ആദർശ വിപത്ത് ഉണ്ടാകുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അദ്ദേഹം പ്രഖ്യാപിച്ചു: ഇബ്നു തോമർത്തിന് ഇസ്വ്മത്തില്ല, അദ്ദേഹം മഹ്ദിയുമല്ല. അഖീദയിലും വാക്കുകളിലും പ്രവർത്തനങ്ങളിലും അവനൊരു വ്യാജവാദിയും വഴിപിഴച്ചവനുമാണ്. നിരപരാധികളായ ആയിരങ്ങളെ വകവരുത്തിയതിന്റെ പാപഭാരം അവന്റെ പിരടിയിലുണ്ട്. അന്ത്യനാളിൽ അതിനെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും.
ഖാള്വീ ഇയാള്(റ)യുടെ ധീരമായ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു, പരോക്ഷമായി സന്തോഷിക്കുകയും ചെയ്തു. കാരണം, ഇമാമിനോട് ചെയ്യാൻ പോകുന്ന ക്രൂരതക്കൊരു ന്യായീകരണം ലഭിച്ചിരിക്കുകയാണല്ലോ. അങ്ങനെ അവർ അദ്ദേഹത്തെ ക്രൂരമായി വധിച്ചു. മൃതശരീരം തുണ്ടം തുണ്ടമാക്കി. അന്ത്യ നിമിഷത്തിലും ആ ആദർശധീരനിൽ ഒരു ചാഞ്ചല്യവുമുണ്ടായില്ല. നിലപാട് മാറ്റിയില്ല. ഒരു മുസ്ലിമെന്ന പരിഗണന പോലും നൽകാതെ, കുളിപ്പിക്കാതെ, മയ്യിത്ത് നിസ്കരിക്കാതെ അദ്ദേഹത്തിന്റെ ശരീരം മുസ്ലിംകൾക്ക് ലഭിക്കാത്ത വിധം മറവുചെയ്തു. എന്നിട്ട് ആ പ്രദേശം ക്രിസ്ത്യാനികൾക്ക് സമ്മാനിച്ചു. അവർ അവിടെയൊരു ദേവാലയം നിർമിച്ചു. ഹിജ്റ 544 ജുമാദൽ ഉഖ്റായിലായിരുന്നു ഇത്.
പക്ഷേ, മാനവ-വൈജ്ഞാനിക ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ പറിച്ചെറിയാൻ ആർക്കുമാവില്ലല്ലോ. കാലം മാറി. മറിനിയൻ ഭരണ കൂടം അധികാരത്തിലേറിയപ്പോൾ അബൂയഅ്ഖൂബിൽ മറീനിയുടെ കാലത്ത് ഖാളീ ഇയാള്(റ)യുടെ ഖബ്ർ കണ്ടെത്തുകയുണ്ടായി. മുസ്ലിംകൾക്ക് വലിയ സന്തോഷമേകി അത്. ഖുർആൻ പാരായണവും സിയാറതുമായി അവർ അവിടം സജീവമാക്കി. ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം ഭരണകൂടം ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുത്തു. ഖബ്റിന് മീതെ ഖുബ്ബ നിർമിച്ചു. മൊറോക്കൊയിലെ പ്രധാന സിയാറത് കേന്ദ്രമായി വൈകാതെ അത് മാറി.
അവലംബം
അത്തഅ്രീഫു ബിൽഖാള്വീ ഇയാള്: മുഹമ്മദ് ബ്നുൽ ഖാളീ ഇയാള്.
അൽഗുൻയത്ത്: ഖാളീ ഇയാള്.
ശവാരിഖുൽ അൻവാർ: ഖാളി ഇയാള്.
അൽഇഅ്ലാമു ബിമൻ ഹല്ല മറാകിശ്: അബ്ബാസുത്തൽമസാനി ഖാളി മറാകിശ്.
അന്നജ്മുസ്സാഖിബ്: അല്ലാമ മുഹമ്മദുത്തൽമസാനീ.
തർവിളുൽമിഹൻ: ദാറുസ്സ്വഫ്വ.
അദ്ദീബാജുൽ മുദഹ്ഹബ്: ഇബ്നു ഫർഹൂൻ.
സിയറു അഅ്ലാമിന്നുബലാഅ്: ദഹബി.
വഫയാതുൽ അഅ്യാൻ: ഇബ്നു ഖല്ലികാൻ.
അലവിക്കുട്ടി ഫൈസി എടക്കര