light of prophet (S)-malayalam

നാം മറ്റുള്ളവരോട് വിനയത്തിൽ പെരുമാറണം. അഹങ്കാരം കാണിക്കരുത്. അഹങ്കാരികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടില്ല. റസൂൽ(സ്വ) പറഞ്ഞു: എനിക്ക് അല്ലാഹു നൽകിയ വഹ്‌യിൽ പ്രധാനമായ ഒന്നിതാണ്: നിങ്ങൾ വിനയം കാണിക്കുക. ആരും ആരോടും അഹങ്കാരം കാണിക്കരുത് (അബൂദാവുദ്, ഇബ്‌നുമാജ).
നമ്മോട് ആരെങ്കിലും അഹന്ത കാണിച്ചാൽ അത് ക്ഷമിക്കാനുള്ള പക്വത നാം കാണിക്കണം. അല്ലാഹു പറഞ്ഞു: വിട്ടുവീഴ്ച ചെയ്യുക, നന്മ കൽപിക്കുക, വിഡ്ഢികളിൽ നിന്ന് ഒഴിഞ്ഞുമാറുക (അൽഅഅ്‌റാഫ് 199).
ഇബ്‌നു അബീ ഔഫാ പറയുന്നു: തിരുനബി(സ്വ) എല്ലാവരോടും തികഞ്ഞ വിനയം കാണിച്ചിരുന്നു. ഒരിക്കലും അഹന്ത കാട്ടിയില്ല. പാവങ്ങൾക്കും വിധവകൾക്കും അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചു നൽകുന്നതിന് അവിടന്ന് ഒരിക്കലും അഹങ്കാരപ്പെട്ട് വിമുഖനായില്ല (നസാഈ, ഹക്കിം).
പരസ്പരം ഏഷണി കൂട്ടുന്നവിധം സംസാരിക്കാതിരിക്കുകയും അത്തരം സംസാരങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുകയും വേണം. നബി(സ്വ) പറഞ്ഞു: ഏഷണിക്കാർ സ്വർഗത്തിൽ കടക്കുന്നതല്ല (ബുഖാരി, മുസ്‌ലിം).
ഖലീലുബ്‌നു അഹ്‌മദ് പറഞ്ഞു: നിന്നോട് ഏഷണി പറയുന്നവൻ നിന്നെപ്പറ്റിയും ഏഷണി പറയും. നിന്നോട് അപരനെപ്പറ്റി പറയുന്നവൻ നിന്നെപ്പറ്റിയും അപരനോട് പറയാതിരിക്കില്ല.
മൂന്ന് ദിവസത്തിനപ്പുറം മുസ്‌ലിം സഹോദരരുമായി പിണങ്ങി നിൽക്കരുത്. അബൂഅയ്യൂബുൽ അൻസ്വാരി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ഒരു മുസ്‌ലിമും തന്റെ സുഹൃത്തിനെ മൂന്ന് ദിവസത്തിലധികം വെടിഞ്ഞു നിൽക്കരുത്. അഥവാ പരസ്പരം കണ്ടുമുട്ടിയിട്ട് പിന്തിരിഞ്ഞ് കളയരുത്. ആരാണോ അവരിൽ സലാം കൊണ്ട് തുടങ്ങുന്നത് അവനാകുന്നു കൂട്ടത്തിൽ ഉത്തമൻ (ബുഖാരി മുസ്‌ലിം).
തിരുനബി(സ്വ) പറയുകയുണ്ടായി: ഒരു മുസ്‌ലിം സഹോദരന്റെ വീഴ്ച മാപ്പാക്കിയാൽ അയാളുടെ വീഴ്ച അന്ത്യദിനത്തിൽ അല്ലാഹു മാപ്പാക്കുന്നതാണ് (അബൂദാവൂദ്, ഹാകിം).
ഇക്‌രിമ(റ) പറഞ്ഞു. അല്ലാഹു യൂസുഫ് നബി(അ)യോടിങ്ങനെ അരുളി: താങ്കൾ സ്വന്തം സഹോദരങ്ങൾക്ക് മാപ്പ് നൽകിയതിനാൽ ഇരു ലോകത്തും നിങ്ങളുടെ സ്മരണ നാം ഉയർത്തുന്നുണ്ട്.
ആയിശാ ബീവി(റ) പറഞ്ഞു: തിരുനബി(സ്വ) ഒരിക്കലും തന്റെ കാര്യത്തിൽ ആരെയും ശിക്ഷിച്ച അനുഭവമില്ല. അല്ലാഹുവിന്റെ പേരിൽ അവന് വേണ്ടി മാത്രമേ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നുള്ളൂ (ബുഖാരി, മുസ്‌ലിം). ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: മാപ്പ് നൽകുന്ന ഏതൊരാളും ആഭിജാത്യം വർധിച്ചവനാകാതിരിക്കില്ല. റസൂൽ(സ്വ) പറഞ്ഞു: സ്വദഖ കൊണ്ട് സമ്പത്ത് കുറയില്ല. വിട്ടുവീഴ്ച കൊണ്ട് അന്തസ്സല്ലാതെ അല്ലാഹു ഒരാൾക്കും വർധിപ്പിക്കില്ല. വിനയമുള്ളവനെ അല്ലാഹു ഉയർത്താതിരിക്കില്ല (മുസ്‌ലിം).

വിവേചനരഹിത നന്മ

കഴിവിന്റെ പരമാവധി നാം സർവരോടും നന്മ കാണിക്കണം. അതിൽ സ്വന്തക്കാരും അല്ലാത്തവരും എന്ന വ്യത്യാസമരുത്. നബി(സ്വ) പറഞ്ഞു: നീ കുടുംബത്തിലും കുടുംബമല്ലാത്തവരിലും നന്മ മാത്രം ചെയ്യുക. നിന്റെ നന്മ ഒന്നുകിൽ അർഹർക്കായിരിക്കുമെത്തുക. ഇനി അനർഹർക്കാണെന്ന് വന്നാൽ തന്നെ നീ അർഹമായത് ചെയ്തു എന്ന് കരുതിയാൽ മതി (ദാറുഖുത്്വനി).
മറ്റൊരു വചനമിങ്ങനെ: ദീൻ കഴിഞ്ഞാൽ വിവേകത്തിന്റെ കാതൽ ജനങ്ങളോട് സ്‌നേഹം കാണിക്കലും എല്ലാ നല്ലവർക്കും മോശപ്പെട്ടവർക്കും നന്മ ചെയ്യലുമാകുന്നു (ത്വബ്‌റാനി). അബൂഹുറൈറ(റ) പറയുന്നു: തിരുനബി(സ്വ) ഒരാളുടെ കരം ഗ്രഹിക്കുകയാണെങ്കിൽ അയാൾ വിട്ടുപോകാതെ കൈ വിടുമായിരുന്നില്ല. തന്റെ ഒപ്പമിരിക്കുന്ന ഒരാളുടെ ദിശയിൽ നിന്ന് പുറത്തേക്ക് തള്ളി ഒരിക്കലും നബി(സ്വ) കാൽമുട്ട് വെക്കാറുണ്ടായിരുന്നില്ല. ആരുമായെങ്കിലും സംസാരിക്കുകയാണെങ്കിൽ മുഖത്തിനഭിമുഖമായി മാത്രമേ സംസാരിക്കൂ. സംസാരം കഴിയാതെ ഒരിക്കലും മുഖം തിരിക്കുകയുമില്ല (ത്വബ്‌റാനി).
പരസ്പരം പാലിക്കേണ്ട മര്യാദകളിൽ പെട്ടതാണ് അനുവാദമില്ലാതെ ആരുടെയും അരികിലേക്ക് കടന്ന് ചെല്ലാതിരിക്കുകയെന്നത്. മൂന്ന് തവണ അനുവാദം ചോദിച്ചിട്ടും പ്രതികരണമില്ലെങ്കിൽ മടങ്ങിപ്പോരുകയാണ് ചെയ്യേണ്ടത്. അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരണം. റസൂൽ(സ്വ) പറഞ്ഞു: മൂന്നു തവണ സമ്മതം ചോദിക്കണം. ഒന്നാം തവണ അവർ മൗനികളാകാൻ, രണ്ടാം തവണ അവർ സജ്ജരാവാൻ, മൂന്നാമത്തേത് അവർ അനുവാദം തരാൻ. അല്ലെങ്കിൽ മടക്കിവിടാൻ (ദാറുഖുത്വനി).
എല്ലാവരോടും നല്ല രീതിയിൽ പെരുമാറൽ പ്രധാനമാണ്. ഓരോരുത്തരുടെയും വിലയും നിലയും മനസ്സിലാക്കി വേണം ഇടപഴകാൻ. വിവരമില്ലാത്തവനെ വിദ്യ കൊണ്ടും നിരക്ഷരനെ ഫിഖ്ഹ് കൊണ്ടും സംസാര പ്രശ്‌നമുള്ളവനെ സംസാര വൈഭവം കൊണ്ടും സമീപിക്കുന്നത് സാമാന്യമായി പറഞ്ഞാൽ തന്നെയും അവനെയും ബുദ്ധിമുട്ടാക്കലാണ്.

വലിയവരോടും ചെറിയവരോടും

മുതിർന്നവരെ ആദരിക്കുക, ചെറിയവരെ സ്‌നേഹിക്കുക എന്ന സാമൂഹിക പെരുമാറ്റങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാകുന്നു. നബി(സ്വ) അരുളി: മുതിർന്നവരെ ബഹുമാനിക്കാത്തവനും കുട്ടികളോട് ദയ കാണിക്കാത്തവനും നമ്മുടെ ചര്യ സ്വീകരിച്ചവനല്ല (ത്വബ്‌റാനി). മറ്റൊരു വചനമിങ്ങനെ: നരബാധിച്ച മുസ്‌ലിമിനെ മാനിക്കുക എന്നത് അല്ലാഹുവിനെ ആദരിക്കലിൽപെട്ടതാകുന്നു (അബൂദാവൂദ്). ആദരണീയർക്ക് മുമ്പിൽ അവരുടെ അനുവാദമില്ലാതെ ഒന്നും ഉരിയാടാതിരിക്കുന്നത് ബഹുമാനത്തിന്റെ പൂർത്തീകരണത്തിൽപെട്ടതത്രെ.
ജാബിർ(റ) ഓർക്കുന്നു: ജുഹയ്‌ന ഗോത്രക്കാർ തിരുനബിക്ക് മുമ്പിൽ നിവേദനവുമായി വന്ന സന്ദർഭത്തിൽ ഒരു കൗമാരക്കാരൻ എണീറ്റ് സംസാരിക്കാൻ തുടങ്ങി. ഉടനെ തിരുനബി(സ്വ)യുടെ ചോദ്യം: നിങ്ങളിലെ കാരണവന്മാരെവിടെ? (ഹാകിം).
ഹദീസിൽ ഇങ്ങനെ കാണാം: ഒരു യുവാവ് നരബാധിതനെ ബഹുമാനിച്ചാൽ അവൻ വൃദ്ധനാകുമ്പോൾ ബഹുമാനിക്കാൻ അല്ലാഹു മറ്റുള്ളവരെ നിശ്ചയിക്കും (തിർമുദി). ഈ വചനത്തിൽ അവന്റെ ആയുസ്സ് വർധിക്കുമെന്നതിന് സൂചനയുണ്ടെന്ന് പണ്ഡിതർ. ദീർഘായുസ്സ് അല്ലാഹു വിധിച്ചവനല്ലാതെ മുതിരുമ്പോൾ മറ്റുള്ളവരുടെ ആദരവേറ്റുവാങ്ങാൻ സൗഭാഗ്യം കൈവരില്ലല്ലോ.
നബി(സ്വ) പറഞ്ഞു: മക്കൾ കോപഹേതുകങ്ങളും മഴ ശുഷ്‌കവുമാകാതെ അന്ത്യദിനം സംഭവിക്കില്ല. അതുപോലെ തന്നെ ഗുണം കെട്ടവരുടെ പ്രവാഹവും മഹാന്മാരുടെ നിർഗമനവും ഇല്ലാതെയും ലോകാവസാനം സംഭവിക്കില്ല. അങ്ങനെ ചെറിയവർ വലിയവർക്കെതിരെയും നിന്ദ്യൻ മാന്യന്മാർക്കെതിരെയും നീങ്ങാൻ ധൈര്യം കാണിക്കുന്ന സ്ഥിതി വരും (ഹദീസ്).
കുട്ടികളോട് സ്‌നേഹം പങ്കിടുന്നത് പ്രവാചക ശീലങ്ങളിൽ പെട്ടതാണ് (ബസ്സാർ). തിരുനബി(സ്വ) യാത്ര കഴിഞ്ഞെത്തിയാൽ ആദ്യമായി സ്വീകരിക്കാനെത്തുന്നത് കുട്ടികളായിരിക്കും. നബി(സ്വ) അവർക്കായി സ്വൽപം കാത്തുനിൽക്കും. നബിതങ്ങൾക്ക് ചുറ്റും അവർ അണിനിരക്കും. നന്നെ ചെറിയ കുട്ടികളെ പൊക്കിയെടുക്കാൻ അവിടന്ന് സ്വഹാബത്തിനോട് കൽപ്പിക്കുമായിരുന്നു (മുസ്‌ലിം).
ഇതിനെ ചൊല്ലി കുട്ടികൾ പിന്നീട് പരസ്പരം അഭിമാനം പറയും. എന്നെ റസൂലുല്ലാഹി മുന്നിലാണ് നടത്തിയത്. നീ പിന്നിലായിരുന്നില്ലേ. ചില കുട്ടികൾ പറയും, നിന്നെ സ്വഹാബത്തിന്റെ പിന്നിലായി ചുമന്ന് കൊണ്ട് വരാനല്ലേ തിരുനബി കൽപ്പിച്ചത്!
ദുആ ചെയ്യിക്കുന്നതിനും നാമകരണത്തിനും ബറകത്തിനുമൊക്കെയായി തിരുനബിക്കരികിൽ ചെറിയ കുഞ്ഞുങ്ങളെ കൊണ്ടുവരുമായിരുന്നു. ശിശുക്കളെ മടിയിലിരുത്തുമ്പോൾ ചിലപ്പോൾ അവർ മൂത്രിച്ചെന്നിരിക്കും. ഇതു കണ്ട് ആരെങ്കിലും ഒച്ചവെച്ചാൽ നബി(സ്വ) പറയും: നിങ്ങൾ കുട്ടിക്ക് മൂത്രിക്കാൻ തടസ്സമുണ്ടാക്കാതിരിക്കുക. അങ്ങനെ കുട്ടി മൂത്രിച്ചു തീരുന്നത് വരെ പ്രവാചകർ സൗകര്യം ചെയ്തുകൊടുക്കും. പിന്നെ പ്രാർത്ഥനയും പേരിടലുമൊക്കെ നിർവഹിക്കും. മുഖത്ത് നിറഞ്ഞ സന്തോഷത്തിലാകും എല്ലാം ചെയ്യുന്നത്. കുട്ടി നബിയുടെ മടിയിൽ മൂത്രമൊഴിച്ചതിൽ ബന്ധുക്കൾക്ക് ഒരുവിധ മനപ്രയാസവും തോന്നരുതെന്ന് അവിടത്തേക്ക് നിർബന്ധമുണ്ടായിരുന്നു. അവർ കുഞ്ഞുമായി പോയാൽ തിരുനബി(സ്വ) വസ്ത്രം കഴുകും (മുസ്‌ലിം).

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ