ഉമ്മു ഹബീബ(റ) ഭർത്താവിനൊപ്പം സുഖനിദ്രയിലാണ്. അബ്സീനിയയിലെ മന്ദമാരുതന്റെ തലോടലേറ്റ് ശാന്തമായി മയങ്ങുന്നതിനിടയിൽ ബീവി ഒരു സ്വപ്നം കണ്ടു: ആഴമേറിയ സമുദ്രത്തിന്റെ ഇരുട്ടിൽ കിടന്ന് തന്റെ ഭർത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശ് പിടയുന്നു. ശക്തമായ പിശാച് ബാധയുമേറ്റിട്ടുണ്ട്. ഭർത്താവിന് വന്നു ഭവിച്ച ദുരന്തം കണ്ട് മഹതി ഞെട്ടിയുണർന്നു. ആശ്വാസം… ഇതൊരു സ്വപ്നമായിരുന്നോ. ബീവി നെടുവീർപ്പിട്ടു. എങ്കിലും മനസ്സിന്റെ കോണുകളിലെവിടെയോ ഒരു ആശങ്ക മൊട്ടിട്ടു.
ഖുറൈശികളുടെ നേതാവ് അബൂസുഫ്യാന്റെ മകളാണ് ഉമ്മു ഹബീബ(റ). യഥാർഥ പേര് റംല. പിതാവ് തിരുനബി(സ്വ)യുടെ കടുത്ത ശത്രുവാണെങ്കിലും മകളും മരുമകനും പ്രവാചകാനുയായികളാണ്. പൂർവപിതാക്കളുടെ പാതയായ ബഹുദൈവാരാധനയിലേക്ക് മകളെ തിരിച്ചുകൊണ്ടുവരാൻ അബൂസുഫ്യാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും റംലയുടെ വിശ്വാസ ദാർഢ്യതക്കു മുമ്പിൽ എല്ലാം പരാജയപ്പെടുകയായിരുന്നു.
പിതാവിനെ പിണക്കിയാൽ നഷ്ടപ്പെടുന്നത് പ്രതാപം നിറഞ്ഞു നിൽക്കുന്ന കുടുംബ സാഹചര്യങ്ങളും സുഖജീവിതവുമാണ്. പക്ഷേ തിരുദൂതർ പരിചയപ്പെടുത്തിയ വിശുദ്ധ സന്ദേശം മുറുകെ പിടിക്കാൻ എന്തു ത്യാഗം ചെയ്യാനും അവരൊരുക്കമായിരുന്നു. മാറാനൊരുക്കമല്ലെന്നറിഞ്ഞതോടെ അക്രമങ്ങളായി. ഗോത്ര പ്രമുഖന്റെ പുത്രിയായിരുന്നിട്ടും പീഡനങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ പലായനം ചെയ്യാൻ തീരുമാനിച്ചു. നബി(സ്വ)യുടെ നിർദേശ പ്രകാരം റംലയും ഭർത്താവും അബ്സീനിയയിലേക്ക് ഹിജ്റ പോകുന്ന മുസ്ലിം സംഘത്തോടൊപ്പം ചേർന്നു.
അബ്സീനിയയിലെ രാജാവ് മക്കയിൽ നിന്നെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഖുറൈശികൾ അവിടേക്ക് ആളുകളെ വിട്ട് രാജാവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. മക്കയിൽ നിന്ന് പോയാലും മുസ്ലിമായി ജീവിക്കാൻ സമ്മതിക്കരുതെന്നായിരുന്നു ഖുറൈശികളുടെ തീരുമാനം. അവരെ രാജാവ് തിരിച്ചയക്കുമെന്ന് കരുതിയവർക്ക് തെറ്റി. വിശുദ്ധ ഖുർആൻ കേട്ട് ഇസ്ലാമിനെ മനസ്സിലാക്കിയ ക്രിസ്ത്യാനിയായ രാജാവ് ഏഷണിക്കാരെ നിരാശരാക്കി മടക്കി. മുസ്ലിം അഭയാർഥികളുടെ സുരക്ഷ ഉറപ്പാക്കി. യാത്രാ സമയത്ത് റംല(റ) ഗർഭിണിയായിരുന്നു. അബ്സീനിയയിൽ വെച്ച് ഒരു പെൺകുട്ടിക്ക് ജന്മം നൽകി- ഹബീബ. അതിനു ശേഷമാണ് അവർ ഉമ്മു ഹബീബ എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്.
ഇനി സമാധാനത്തിന്റെ നാളുകളാണെന്നായിരുന്നു ഉമ്മുഹബീബ(റ) കരുതിയത്. പക്ഷേ മുമ്പ് സൂചിപ്പിച്ച ആ ദു:സ്വപ്നം കണ്ടതു മുതൽ ഉമ്മുഹബീബയുടെ ജീവിതത്തിൽ വീണ്ടും കരിനിഴൽ വീണു തുടങ്ങി. രാത്രി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായ വിവരമാണ് ബീവിയോട് പങ്കുവെച്ചത്. ക്രിസ്തു മതത്തിലേക്ക് കടന്നുവരാൻ ഭർത്താവ് നിർബന്ധിക്കുകയും ചെയ്യുന്നു. മതം മാറിയതിനു പുറകെ കടുത്ത മദ്യപാനിയുമായി അയാൾ. അബ്സീനിയൻ തെരുവുകളിൽ കുടിച്ചു കൂത്താടി നടന്നിരുന്ന ചില നീച കൂട്ടുകെട്ടുകളിൽ പെട്ടു പോയതാണ്. ജീവിതത്തിലേക്ക് ഇനിയും ദുരിതനാളുകൾ കടന്നുവരികയാണോ? ബീവി വ്യാകുലതകൾ മറച്ചുപിടിക്കാൻ ശ്രമിച്ചു. ഒടുവിൽ നിയന്ത്രിക്കാൻ കഴിയാതെ സങ്കടം അണപൊട്ടിയൊഴുകി. ഉപദേശങ്ങൾക്കൊന്നും വഴങ്ങുന്നില്ല. ഭർത്താവ് ദുർമാർഗത്തിൽ തുടരുകയാണ്. മദ്യലഹരിയിൽ അക്രമങ്ങളും നടക്കുന്നുണ്ട്.
ഇക്കാലയളവിൽ ധാരാളം ജീവിതവേദനകളറിയുകയും ക്ഷമ ശീലമാക്കുകയും ചെയ്തു ബീവി. മൂന്ന് വഴികളാണ് അവർക്കു മുന്നിലുള്ളത്. ഒന്നുകിൽ മതം മാറി ഭർത്താവിനൊപ്പം കഴിയണം. അല്ലെങ്കിൽ മക്കയിലുള്ള പിതാവിനടുത്തേക്ക് ചെന്ന് ബഹുദൈവാരാധനയിലായി കഴിയുക. ഈ രണ്ട് വഴികളും മരണത്തേക്കാൾ അസഹ്യമായിരുന്നു ബീവിക്ക്. ജീവനോടെ കത്തിച്ചാലും നബി(സ്വ) പഠിപ്പിച്ചുതന്ന വിശുദ്ധ മതം വിട്ടൊരു ജീവിതമില്ലെന്ന് ബീവി ഉറപ്പിച്ചു. അതിനു വേണ്ടി എത്ര ക്ഷമിക്കാനും അവരൊരുക്കമായിരുന്നു. ബീവി മൂന്നാമത്തെ മാർഗം സ്വീകരിച്ചു. ഭർത്താവിനെയും പിതാവിനെയും ഉപേക്ഷിച്ച് ഏകയായി അബ്സീനിയയിൽ തന്നെ വിശ്വാസിനിയായി തുടരുക.
ഇതിനിടയിൽ ഭർത്താവ് അബ്സീനിയയിൽ വെച്ച് മരണപ്പെട്ടു. ചെറിയ പ്രായത്തിൽ ഉമ്മുഹബീബ(റ) എത്ര കയ്പ്പുനീരാണ് കുടിച്ചു തീർത്തത്! പാരത്രിക വിജയം മാത്രം ലക്ഷ്യംവെച്ച് ക്ഷമയെന്ന വജ്രായുധം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു അവർ. വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ഗോത്രത്തലവനായ പിതാവിനെയും കുടുംബത്തെയും ജന്മനാടിനെയും ഉപേക്ഷിച്ച് പോന്നതാണ്. ഭർത്താവ് കൂടെയുള്ളതായിരുന്നു ഏക ആശ്വാസം. ഇപ്പോഴിതാ വിശ്വാസ സംരക്ഷണത്തിനായി ഭർത്താവിനെയും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. ഉറ്റവരാരുമില്ലാതെ അന്യനാട്ടിൽ കഴിയുന്ന ഒരു സ്ത്രീയുടെ പ്രയാസങ്ങൾ ഒന്നോർത്തു നോക്കൂ. എല്ലാം മഹതി ക്ഷമിച്ചു; വിശ്വാസത്തിന് വേണ്ടി.
ക്ഷമാശീലർക്ക് വലിയ പ്രതിഫലമാണ് ഖുർആൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വർഗീയ പൂവനങ്ങളാണ് ക്ഷമാശീലർക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. നിങ്ങൾ നിസ്കാരവും ക്ഷമയും കൈമുതലാക്കുക. നിശ്ചയം അല്ലാഹു ക്ഷമാശീലർക്കൊപ്പമാണ് (സൂറതുൽ ബഖറ).
നമ്മിൽ ആരാണ് വിജയി എന്നു പരിശോധിക്കുവാൻ അല്ലാഹു സംവിധാനിച്ചതാണ് ഭൗതിക ലോകത്തെ ജീവിതം. നിരവധി പ്രയാസങ്ങൾ നൽകി സ്രഷ്ടാവ് നമ്മെ പരീക്ഷിക്കും. ക്ഷമയും സഹനവും കൈമുതലാക്കി മുന്നോട്ടു പോയാൽ വലിയ വിജയങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അല്ലാഹുവിനോട് കൂടുതൽ അടുത്തു സാർഥക ജീവിതം നയിക്കുന്നവരായിരിക്കും പൊതുവെ കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയരാവുക.
ഉറ്റവരുടെ ആകസ്മിക മരണങ്ങൾ, സാമ്പത്തിക തകർച്ച, ബിസിനസ് പരാജയം, മാരക രോഗങ്ങൾ, കുടുംബ കലഹങ്ങൾ, സ്വഭാവ ദൂഷ്യങ്ങൾ തുടങ്ങി വിവിധ രീതിയിലായിരിക്കും പരീക്ഷണങ്ങൾ. സർവ ശക്തനായ അല്ലാഹുവിനെയും വിശുദ്ധ മതത്തെയും മുറുകെ പിടിച്ചാൽ ഏതു വലിയ കൊടുങ്കാറ്റുകൾക്കു മുന്നിലും അടിപതറാതെ നമുക്ക് നിലയുറപ്പിക്കാനാകും. ഉമ്മുഹബീബ(റ)യെ കണ്ടില്ലേ. അവരുടെ സഹനത്തിന് ദുൻയാവിൽ നിന്ന് തന്നെ പ്രതിഫലം ലഭിച്ച അനുഭവമാണ് പിന്നീട് നാം ചരിത്രത്തിൽ കാണുന്നത്.
ഏകാന്ത തടവുകാരിയെ പോലെ അതീവ ദു:ഖിതയായി അന്യനാട്ടിൽ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം നജ്ജാശി രാജാവിന്റെ ദാസി അബ്റഹ ഒരു സന്തോഷ വാർത്തയുമായി വന്നു. ഉമ്മു ഹബീബയുടെ വിവരങ്ങളെല്ലാമറിഞ്ഞ് വലിയ ദു:ഖത്തിലായ തിരുനബി(സ്വ) അവരെ വിവാഹം ചെയ്യാൻ താൽപര്യം അറിയിച്ചിരിക്കുന്നു. ഉമ്മുഹബീബയോട് സംസാരിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയ കാര്യവും രാജാവ് അറിയിക്കുന്നു.
ബീവിക്കുണ്ടായ സന്തോഷം പറയേണ്ടതില്ലല്ലോ. സുവിശേഷവുമായി വന്ന അബ്റഹക്ക് തന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അപ്പോൾ തന്നെ ഊരി നൽകി. വിവാഹം ചെയ്തുകൊടുക്കാൻ പിതൃവ്യ പുത്രൻ ഖാലിദ് ബിൻ സൈദിന്(റ) ബീവി അധികാരം നൽകി. ഉടനെ ആ വിവാഹം നടന്നു. നബി(സ്വ)ക്ക് വേണ്ടി നാനൂറ് ദിർഹം നജ്ജാശി മഹ്റ് നൽകി. ഹിജ്റ ഏഴ് മുഹർറം മാസത്തിലാണ് ഈ വിവാഹം നടക്കുന്നത്. ഇസ്ലാമിനു വേണ്ടി ചെറുപ്രായത്തിൽ പിതാവിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഏകയായി അന്യ നാട്ടിൽ കഴിയുന്ന ബീവിക്ക് സംരക്ഷണം നൽകുക മാത്രായിരുന്നു നബി(സ്വ)യുടെ ഉദ്ദേശ്യം. നജ്ജാശി രാജാവ് നല്ല സദ്യയൊരുക്കി വിവാഹം കെങ്കേമമാക്കി. ഉടനെ ബീവിയെ മദീനയിലേക്ക് അയച്ചു. കൊട്ടാരത്തിലെ സ്ത്രീകൾ ബീവിക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി യാത്രയാക്കി.
തിരുനബി(സ്വ)യുടെ പത്നീപദത്തെക്കാൾ മഹത്തായ എന്താണ് ഒരു സ്ത്രീക്ക് ലഭിക്കാനുള്ളത്. സഹനവും ക്ഷമയും കൈമുതലാക്കി ഈമാനിക വെളിച്ചം കെടാതെ സൂക്ഷിച്ചതിന് ദുൻയാവിൽ നിന്ന് തന്നെ ലഭിച്ച സമ്മാനമായിരുന്നു ഈ പത്നീപദം. മകളെ തിരുനബി(സ്വ) കല്യാണം കഴിച്ചതറിഞ്ഞ് അബൂസുഫ്യാൻ സന്തുഷ്ടി പ്രകടിപ്പിച്ചു. മകൾ തിരഞ്ഞെടുത്ത മാർഗത്തിന്റെ വിശുദ്ധിയും സത്യസന്ധതയും പിന്നീട് പിതാവിന് ബോധ്യപ്പെട്ടു.
മകളെ തിരിച്ചു ബഹുദൈവാരാധകയാക്കാൻ ശ്രമിച്ച അബൂസുഫ്യാൻ അവസാനം ബഹുദൈവ വിശ്വാസം ഉപേക്ഷിച്ചു. അടുത്ത വർഷം മക്ക ഫത്ഹ് വേളയിൽ അദ്ദേഹം മുസ്ലിമായി. ഹിജ്റ 44ൽ 73ാം വയസ്സിലാണ് ബീവി വഫാത്താകുന്നത്.
നിശാദ് സിദ്ദീഖി രണ്ടത്താണി