തിരുവിതാംകൂറിന്റെ തീരദേശങ്ങൾക്കും ആദ്യകാല മുസ്‌ലിം പ്രബോധക സംഘത്തിന്റെ അതിശയ കഥകൾ പറയാനുണ്ട്. വിഴിഞ്ഞം, ബീമാപള്ളി, കണിയാപുരം, കടുവയിൽ പള്ളി തുടങ്ങിയ പൈതൃകദേശങ്ങൾ തിരുവനന്തപുരം ജില്ലയിലെ മുസ്‌ലിം ചരിത്രത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപപ്പെട്ട രാജ്യമായിരുന്നു തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ മിക്ക പ്രദേശങ്ങളും മധ്യകേരളത്തിലെ ചെറിയൊരു ഭാഗവും തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും തിരുനൽവേലി ജില്ലയുടെ ഏതാനും ഭാഗങ്ങളും ചേർന്നതായിരുന്നു തിരുവിതാംകൂർ. തമിഴ് മണ്ണും ഭാഷയുമായി അലിഞ്ഞുചേർന്ന സംസ്‌കാരിക ഭൂമികയാണ് തിരുവിതാംകൂർ.
കൊല്ലം വഴിയാണ് ഇസ്‌ലാം തെക്കൻ കേരളത്തിൽ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു. ദീനാർ സംഘത്തിൽപെട്ട ചിലർ ഇടവായിലും മറ്റും ഇസ്‌ലാമിക പ്രബോധനത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് ഡോ. സികെ കരീം പറയുന്നു. കായൽപട്ടണത്തു നിന്നാണ് തിരുവിതാംകൂറിൽ ഇസ്‌ലാം കടന്നുവന്നതെന്ന അഭിപ്രായവുമുണ്ട്. തക്കലയും തേങ്ങാപട്ടണവുമായി അത്രമേൽ ബന്ധമുണ്ടായിരുന്നു തിരുവനന്തപുരത്തിന്. ലബ്ബമാർക്കും പീറുമാർക്കും തെക്കൻ കേരളത്തിൽ വലിയ സ്വാധീനമാണല്ലോ.

തക്കലയും
തേങ്ങാ പട്ടണവും
കന്യാകുമാരി ജില്ലയിലെ ഒരു പട്ടണമാണ് തക്കല. വേണാടിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതിനാലാകാം ‘തെക്ക് എലൈ’ (ദക്ഷിണാതിർത്തി) എന്ന പേരു വന്നത്. തക്കലയിലെ നൂറുൽ ഇസ്‌ലാം കോളേജ് പ്രസിദ്ധമാണ്. പ്രശസ്ത സൂഫീവര്യൻ പീർ മുഹമ്മദ് വലിയുല്ലാഹിയുടെ ജന്മസ്ഥലമാണ് തക്കല.
കന്യാകുമാരി ജില്ലയിൽ കേരളത്തോട് ചാരി, അറബിക്കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമാണ് തേങ്ങാപട്ടണം. ഹിജ്‌റ ഒന്നാം ശതകത്തിൽ തന്നെ ഇവിടെ ഇസ്‌ലാം എത്തിയിട്ടുണ്ട്. ഇവിടത്തെ പുരാതനപള്ളി ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ പണിതതാണെന്ന് വിശ്വസിക്കപ്പെടുന്നു. തെക്കൻ കേരളത്തിലേക്ക് തേങ്ങാപട്ടണത്തുനിന്നാണ് ഇസ്‌ലാമെത്തിയതെന്ന അനുമാനത്തിന് ഈ ചരിത്രവസ്തുതകൾ ആക്കം കൂടുന്നു.
തേങ്ങാപട്ടണം, ഈളൂർ, കോട്ടോർ, തക്കല എന്നിവിടങ്ങളിലും ആദ്യകാലത്തുതന്നെ മുസ്‌ലിം മതപ്രചാരണം നടത്തിയിരുന്നു. തെങ്കാശിയിൽ നിന്നു പീറുമുഹമ്മദ് എന്ന മുസ്‌ലിം സിദ്ധൻ അവിടെ വന്നു താമസമാക്കി. മിസ്റ്റിക് കവിയായിരുന്ന അദ്ദേഹത്തിനു നാടുവാഴി രണ്ടേക്കറോളം സ്ഥലം കരമൊഴിവാക്കി കൊടുത്തിരുന്നു. തെക്കൻ തിരുവിതാംകൂറിലെ ഇസ്‌ലാം മതപ്രചാരണത്തെ നാടുവാഴികൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് ഇതു തെളിയിക്കുന്നു.
കൊല്ലത്തു നിന്നാണ് ഇസ്‌ലാം മതം തെക്കൻ കേരളത്തിലേക്കു വ്യാപിച്ചതെന്നാണ് കരുതപ്പെടുന്നത്. പക്ഷേ, കുഴിത്തുറ ആറെന്നറിയപ്പെടുന്ന താമ്രപർണിയുടെ തീരപ്രദേശത്തുള്ള തേങ്ങാപട്ടണവും മറ്റുമായി അറബികൾ പണ്ടേ സമ്പർക്കം പുലർത്തിയിരുന്നു. തേക്ക്, ഈട്ടി മുതലായ മരങ്ങൾ ഇവിടെനിന്ന് അറബ് രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ‘അഞ്ചുവണ്ണത്താൻമാരെ’ന്നറിയപ്പെടുന്ന നെയ്ത്തുകാരുടെ പൂർവികന്മാർ അറബ് രാജ്യങ്ങളിൽ നിന്നും വന്നവരാണെന്ന് തമിഴ് ചരിത്രകാരനായ ഗോവിന്ദസ്വാമിപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ പേരിലുള്ള മഹല്ലുകൾ രാമനാട് തിരുനെൽവേലി ജില്ലകളിലുണ്ട്. ആ നിലയിൽ അവർ കേരളത്തിൽ എത്തിയതു തമിഴ്‌നാട്ടിൽ നിന്നാവാനാണ് സാധ്യതയുള്ളത് (മുസ്‌ലിംകളും കേരള സംസ്‌കാരവും, പു. 50).

ജ്ഞാനപ്പുകഴ്ച

തിരുവിതാംകൂറിലെ മുസ്‌ലിംകൾ വിശേഷ ദിനങ്ങളിൽ ആദരപൂർവം ചൊല്ലാറുണ്ടായിരുന്ന അറബിത്തമിഴ് പ്രകീർത്തന കാവ്യമാണ് ജ്ഞാനപ്പുകഴ്ച. കുട്ടികളുടെ സുന്നത്ത് കല്യാണത്തോടനുബന്ധിച്ചാണ് ഇത് കൂടുതൽ നടപ്പുണ്ടായിരുന്നത്. ഇശാ നിസ്‌കാരാനന്തരം ആരംഭിച്ച് സുബ്ഹിക്കു തൊട്ടുമുമ്പ് അവസാനിക്കുന്നതാണ് രീതി. സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ)യുടെ സമകാലികനായിരുന്ന പീർ മുഹമ്മദ് വലിയുല്ലാഹി(റ)യാണ് ഇതിന്റെ രചയിതാവ്. തക്കലയിൽ പ്രതിവർഷം നടന്നുവരുന്ന ആണ്ടിനോടനുബന്ധിച്ച് ഇന്നും ‘ജ്ഞാനപ്പുകഴ്ച’ പുലർകാലം വരെ പാരായണം ചെയ്യുന്നു. തക്കലയിലെ മലയിൽ അദ്ദേഹം ദീർഘകാലം ആരാധനാനിരതനായിരുന്നു. റജബ് 14നാണ് ആണ്ടുനേർച്ച.

വിഴിഞ്ഞത്തെ അതൃപ്പങ്ങൾ

തിരുവനന്തപുരത്തെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. മുസ്‌രിസ് തുറമുഖത്തോളം പഴക്കമുള്ള പുരാതന വാണിജ്യതുറമുഖമായിരുന്നു ഇത്. ആയ്‌രാജാക്കന്മാരുടെ അഭിവൃദ്ധിക്കും ചോളന്മാരുടെ വിളയാട്ടങ്ങൾക്കും സാക്ഷിയാണ് ഈ കടലോര പ്രദേശം. നിർദിഷ്ട അന്താരാഷ്ട്ര തുറമുഖ നിർമാണം ഇപ്പോൾ ഇവിടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
വിഴിഞ്ഞത്തിന്റെ ഇസ്‌ലാം സംസ്‌കൃതിക്ക് സഹസ്രവർഷങ്ങളുടെ പഴക്കമുണ്ട്. സ്വഹാബിയായ ബുറൈദ(റ)യും സംഘവും ഇവിടെ കപ്പലിറങ്ങിയിരുന്നുവെന്ന് വിശ്വാസമുണ്ട്. വിഴിഞ്ഞം സ്വദേശിയും കവിയുമായ സഈദ് മുസ്‌ലിയാർ വിഴിഞ്ഞത്തിന്റെ പാരമ്പര്യം ഇങ്ങനെ കുറിച്ചിടുന്നു:
വിസിഞ്ചം എലത് ബിദീനിഹൽ മുതഅസ്സ്വിലി
ഫീ ശഅ്ബിഹാ മുൻദുസ്സമാനിൽ അജ്മലി
അൽ മുസ്‌ലിമൂന ബി അർളിഹാ ഇസ്തൗത്വനൂ
മുദ് അൽഫി ആമിൻ മയ്യസൂ ബിൽ ആസ്വിലി

വിഴിഞ്ഞത്തിന്റെ ചരിത്രഗരിമ അടയാളപ്പെടുത്തിയിരുന്ന കൽപള്ളി ഇന്നില്ല. തദ്സ്ഥാനത്ത് മുഹ്‌യദ്ദീൻ പള്ളി തലയുയർത്തി നിൽക്കുന്നു. എഡി എട്ടാം ശതകത്തിന്റെ അന്ത്യത്തിലാണ് ‘കൽപള്ളി’ പണിതതെന്ന് കരുതപ്പെടുന്നു. തറയും ചുമരും മേൽക്കൂരയുമെല്ലാം കരിങ്കല്ലിൽ തീർത്ത കൽപള്ളി ഒരു വിസ്മയമായിരുന്നു. തമിഴ്‌നാട്ടിലെ കീളക്കരയിലും കളച്ചലിലും ഇന്നും ഇത്തരം കൽപള്ളികൾ നിലനിൽക്കുന്നു. 1961ലാണ് ഈ കൽപള്ളി പൊളിച്ച് മുഹ്‌യിദ്ദീൻ പള്ളി പണിതത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ രണ്ടു ശിഷ്യന്മാർ പള്ളിയുടെ ചാരത്ത് അന്തിയുറങ്ങുന്നു. ബലന്ദർ വലിയുല്ലാഹ്, അലിഹസൻ വലിയുല്ലാഹ് എന്നീ പേരുകളിൽ ഇവർ അറിയപ്പെടുന്നു. ഈ മഹാന്മാരുടെ സ്മരണാർത്ഥമാണ് ‘മുഹ്‌യദ്ദീൻ പള്ളി’ എന്നു പേരിട്ടത്.
വിഴിഞ്ഞം തുറമുഖത്ത് സ്ഥിതി ചെയ്യുന്ന വലിയ ജുമുഅത്തുപള്ളിക്കും നൂറ്റാണ്ടിന്റെ പോരിശ അയവിറക്കാനുണ്ട്. ഹിജ്‌റ 1339 ജുമാദുൽ ഉഖ്‌റയിലാണ് അത് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. അസ്സയ്യിദ് ഉമറുൽ മിഹ്‌ളാർ ബാഅലവി അൽ ജിഫ്‌രി പൂക്കോയ തങ്ങൾ മമ്പുറം ആയിരുന്നു ഉദ്ഘാടകൻ. പാറയുടെ പാശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന പാറപ്പള്ളി മഖാമും കടലോരത്തെ നൂരി സ്വാഹിബ് മഖാമും വിഴിഞ്ഞത്തിന്റെ ഭൂതകാലത്തെ പ്രകാശിപ്പിക്കുന്ന വിളക്കുമാടങ്ങളാണ്.
ഇസ്സുദ്ദീൻ വലിയുല്ലാഹി(റ)യുടെ ബർത്തരിപ്പത്ത മഖാമും വിഴിഞ്ഞത്തുണ്ട്. ഗർഭകാലത്ത് വറുത്തഅരി (ബർത്തരി) ഈ മഖാമിലേക്ക് നേർച്ചയാക്കുന്ന പതിവുണ്ട്. പ്രസ്തുത പേരിനാധാരം അതാണ്. 12ാം നൂറ്റാണ്ടിലെത്തിയ ഫരീദുദ്ദീൻ ഇബ്‌നു അബ്ദിൽ ഖാദിർ ഖുറാസാനിയും പിന്നീട് മഖ്ദൂമുമാരും കുഞ്ഞാലിമാരും കലന്തന്മാരും എലപ്പമാരും വിഴിഞ്ഞത്തെ ധന്യമാക്കി.
വിഴിഞ്ഞത്തു നിന്ന് ഏറെ അകലെയല്ലാതെ നിലയുറപ്പിച്ച കോവളത്തിന്റെ മണൽതരികൾക്ക് രണവർണമാണ്. കോവളത്തു നിന്ന് മൂന്നു കി.മീ അകലെയായി ‘പനത്തുറ്റ’യിൽ ശഹീദ് വലിയ്യുല്ലാഹി(റ) മഖാം സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന്റെ ആത്മീയപ്രഭാവം നിരവധി പേരെ ഇസ്‌ലാമിലേക്കാനയിച്ചു. ഇത് സഹിക്കാതിരുന്ന ചിലർ ഒരു ഏറ്റുമുട്ടലിലൂടെ മഹാനെ വധിക്കുകയായിരുന്നു.

എലപ്പവിളാകം

ഒരു കാലത്ത് തെക്കൻകേരളത്തിൽ ഇസ്‌ലാമിക പ്രചാരണ പ്രവർത്തനങ്ങൾക്കും മതകർമങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് എലപ്പമാരായിരുന്നു. ഖാളിയും ഖതീബും ഇമാമുമെല്ലാം ഇവരായിരുന്നു. എലപ്പമാരുടെ താമസസ്ഥലമാണ് ‘എലപ്പവിളാകം.’ വിളാകത്തിന് തോട്ടം, പറമ്പ്, രണാങ്കണം എന്നൊക്കെയാണ് അർത്ഥം. ‘ലബ്ബ’ എന്നതിന്റെ പ്രയോഗവ്യതിയാനമാണ് എലപ്പ. ലബ്ബമാരെകുറിച്ച് വിശദമായി പിന്നീട് പറയാം.

പൂവാറിലെ ജ്ഞാനപ്രവാഹം

തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ. വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. കോവളമരം ആറിൽ പൂ ചൊരിഞ്ഞതുകൊണ്ടാണ് പൂവാറായത്. ഏറെക്കാലം പോക്കുമൂസാപുരം എന്നായിരുന്നു പൂവാറിന്റെ പേര്. മാർത്താണ്ഡവർമ രാജാവിനെ എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നു രക്ഷിച്ച വർത്തക പ്രമാണിയായിരുന്നു പോക്കുമൂസാ മരക്കാർ. അദ്ദേഹത്തിന് സ്വന്തമായി കപ്പൽപടയും കരയോദ്ധാക്കളുമുണ്ടായിരുന്നു. അതിനു നന്ദിയായി രാജാവ് പോക്കുമൂസാക്ക് സർവ സ്വാതന്ത്ര്യവും നൽകി പൂവാർ മുതലാളി എന്നു പേരുമിട്ടു. കൊല്ലവർഷം 914ൽ പോർച്ചുഗീസുകാരുമായി നടന്ന കളച്ചൽ യുദ്ധത്തിൽ വിജയം നേടിയത് മരക്കാർ പടയായിരുന്നു. പോക്കുമൂസയെ പരാമർശിക്കാതെ പൂവാറിനെ തൊടാനാകില്ലെന്നു ചുരുക്കം.
‘ദക്ഷിണ കേരളത്തിന്റെ പൊന്നാനി’ എന്നാണ് പൂവാർ അറിയപ്പെടുന്നത്. നിരവധി ജ്ഞാനികൾക്ക് ജന്മം നൽകിയ മണ്ണാണ് പൂവാറിന്റേത്. പ്രഗത്ഭരായ പണ്ഡിതന്മാർ ഇവിടെ ദർസ് നടത്തിയിരുന്നു. നൂഹ് വലിയുല്ലാഹി അൽഖാഹിരി(റ) പൂവാറിലേക്ക് സന്ദർശകരെ ക്ഷണിച്ച് ആത്മീയ വെളിച്ചം പരത്തുന്നു.
പെരിയ നൂഹ് ലബ്ബൈ ആലിം സാഹിബ്(റ) തമിഴ്‌നാട്ടിലെ കായൽപട്ടണത്തു നിന്നാണ് പൂവാറിലെത്തുന്നത്. സിദ്ദീഖ്(റ)ന്റെ വംശാവലിയിലാണ് അദ്ദേഹത്തിന്റെ ജനനം. നാലുനൂറ്റാണ്ടുകൾക്കു മുമ്പായിരുന്നു ജീവിതകാലം. നൂഹ് വലി(റ) എഴുതിയ അറബിത്തമിഴ് കാവ്യമാണ് ‘വേദപുരാണം’ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത് എന്നീ ജ്ഞാനശാഖകൾ വിവരിക്കുന്ന വേദപുരാണത്തിൽ രണ്ടായിരം വരികളുണ്ട്. തൊഴുകൈപടലം, അൽഹംദുപടലം, ഇന്നിശൈപടലം, കുത്ബപടലം, വാങ്ക്പടലം, നോമ്പ്പടലം, ശഫാഅത്ത്പടലം, തൗഹീദ്പടലം… എന്നിങ്ങനെ ഇരുപത് ഖണ്ഡങ്ങളാണ് ഈ കാവ്യത്തിനുള്ളത്. അദ്ദേഹം ഈ വേദപുരാണം ചൊല്ലി പൂവാർ തെരുവിലൂടെ നടക്കുമായിരുന്നു.
പ്രസിദ്ധ പണ്ഡിതനും കവിയുമായിരുന്ന മുഹമ്മദ് നൂഹ് അൽഫുവാരി എന്ന നൂഹ്കണ്ണ് മുസ്‌ലിയാർ പൂവാർ സ്വദേശിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ കേരള മുസ്‌ലിംകൾക്ക് ധൈഷണിക നേതൃത്വം നൽകിയ അസാമാന്യ പ്രതിഭയാണ് നൂഹ് കണ്ണ് മുസ്‌ലിയാർ. ഒരു കാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതിയാണ് അദ്ദേഹത്തിന്റെ അറബിമലയാളത്തിലുള്ള ‘ഫത്ഹുസ്സ്വമദ് ഫീ മഅ്‌രിഫതി ഖൈരിൽ ഉദദ്.’ സ്മര്യപുരുഷന്റെ കവിതാസമാഹാരമാണ് ‘മൻളൂമാതുൽ ഫുവാരി.’ ഹിജ്‌റ 1321ൽ(എഡി 1902) അന്തരിച്ചു. പിതാവ് അഹ്‌മദ് കണ്ണ് മുസ്‌ലിയാർ.

വാലിലൊരു കണ്ണ്

സ്‌നേഹ സൂചകമായി പേരിനോട് ‘കണ്ണ്’ ചേർത്തു വിളിക്കുന്ന ശീലമുണ്ടായിരുന്നു തെക്കൻ കേരളത്തിൽ. അലി, നൂഹ് എന്നീ പേരുകൾക്കു പിറകിലാണ് പൊതുവിൽ അങ്ങനെ പ്രയോഗിച്ചു കാണുന്നതെന്ന് ഡോ. എൻഎം ഇല്യാസ് കുട്ടി (കല്ലൂർവിള നൂഹ് കണ്ണ് ലബ്ബയുടെ പുത്രൻ) പറയുന്നു. ചിലർ ‘കുഞ്ഞ്’ എന്നാണ് ചേർക്കുക. അലിയാർ കുഞ്ഞും അലിയാർ കണ്ണുമൊക്കെ മുൻതലമുറ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഇടവായിലെ
ഇസ്‌ലാമിക സംസ്‌കൃതി

തിരുവനന്തപുരം ജില്ലയുടെ വടക്കു പടിഞ്ഞാറെ അറ്റത്ത് കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇടവാ. പുരാതന ദേശിംഗനാട്ടിനെയും വേണാട്ടിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി. എഡി ഏഴാം ശതകത്തിൽ തന്നെ ഇടവായിൽ മുസ്‌ലിം പ്രബോധകരെത്തിയിട്ടുണ്ടെന്ന് കരുതുന്നു. ദീനാർ സംഘാംഗമായിരുന്ന ശറഫുബ്‌നു മാലിക് തെക്കൻകൊല്ലം കേന്ദ്രീകരിച്ച് ഇസ്‌ലാം മതപ്രബോധനം നടത്തിയിരുന്നുവെന്നത് പരവൂർ, ഇടവാ, ഓടയം തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ആദ്യകാലത്ത് ഇസ്‌ലാം പ്രചരിച്ചിരുന്നു എന്ന നിഗമനത്തിന് ബലം നൽകുന്നു. ഇടവാ ആലംമൂട് വലിയ പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന മഖാം ദീനാർ പരമ്പരയിൽ പെട്ട സൈദ് ശാഹിദ് തങ്ങളുടേതാണെന്ന് ഡോ. സികെ കരീം ‘കേരള മുസ്‌ലിം ചരിത്രം ഡയറക്ടറി’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കണിയാപുരത്തിന്റെ
പ്രഭാകിരണങ്ങൾ

തിരുവനന്തപുരം ജില്ലയിലെ പ്രധാന മുസ്‌ലിം ആവാസ കേന്ദ്രമാണ് കണിയാപുരം. ഈ ചെറിയ പട്ടണം തിരുവനന്തപുരത്തു നിന്ന് 14 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. കണിയാപുരത്തും സമീപ പ്രദേശങ്ങളായ കഴക്കൂട്ടത്തും പള്ളിപ്പുറത്തും ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു.
എറണാകുളം മുടിക്കൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുറസാഖ് മസ്താൻ കണിയാപുരം സ്വദേശിയാണ്. അദ്ദേഹം ഇരുന്ന സ്ഥലം ഇന്നും അവിടെ ആദരപൂർവം സംരക്ഷിച്ചുവരുന്നു. കണിയാപുരത്തുള്ള അബ്ദുൽ ഖാദിർ മസ്താന്റെ മഖ്ബറ ശ്രീനാരായണ ഗുരു സന്ദർശിക്കാറുണ്ടായിരുന്നു. പുകൾപെറ്റ പള്ളി ദർസുകൾ നടന്നിരുന്ന പ്രദേശമാണ് ഇത്. പെരുമാതുറ അലി അഹ്‌മദ് മുസ്‌ലിയാർ, കുഞ്ഞിപ്പക്കി മുസ്‌ലിയാർ, തലശ്ശേരി മൂസ മുസ്‌ലിയാർ, പൂവാർ നൂഹ് കണ്ണ് മുസ്‌ലിയാർ എന്നിവർ അവിടെ ദർസ് നടത്തിയവരാണ്.

പ്രോജ്ജ്വല താരങ്ങൾ

ഓരോ പ്രദേശത്തും അന്തിയുറങ്ങുന്ന പുണ്യപുരുഷന്മാരെ പരാമർശിക്കാതെ അവിടത്തെ മുസ്‌ലിം അധിവാസ ചരിത്രം എഴുതാനാകില്ല. പുണ്യപുരുഷന്മാരുടെ സാന്നിധ്യം കൊണ്ടാണ് മിക്ക മുസ്‌ലിം ചേരികളും രൂപപ്പെട്ടത്. ദക്ഷിണകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സന്ദർശന കേന്ദ്രമാണ് ബീമാപള്ളി. അറേബ്യയിൽ നിന്നുവന്ന ശഹീദ് മാഹിൻ അബൂബക്കർ(റ), മാതാവ് ബീമാബീവി(റ) എന്നിവരാണ് അവിടെ മറപെട്ടു കിടക്കുന്നത്.
ജില്ലയിലെ തോട്ടക്കാട് സ്ഥിതി ചെയ്യുന്ന പുരാതന പള്ളിയാണ് കടുവയിൽ പള്ളി. ഫരീദ് ഔലിയയുടെ സമകാലികനെന്നു കരുതപ്പെടുന്ന ഒരു സൂഫീവര്യന്റെ മഖാമാണ് വിശ്വാസികളെ ഇവിടേക്കാകർഷിക്കുന്നത്. മഖാമും മസ്ജിദും നിൽക്കുന്ന സ്ഥലം ഒരു ബ്രാഹ്‌മണൻ ദാനമായി നൽകിയതാണത്രെ.
തിരുവനന്തപുരം പേട്ടപള്ളിയുടെ ചാരത്തും കഴക്കൂട്ടത്തിനു സമീപം കുളത്തൂരിലും മസാറുകളുണ്ട്. നെടുമങ്ങാട്, പനക്കോട്, കട്ടാക്കട എന്നിവിടങ്ങളിൽ മൂന്നു മഖാമുകളുണ്ട്. പ്രധാന മുസ്‌ലിം കേന്ദ്രമായ കരമനയിൽ പഠാൻ സാഹിബ് വലിയുല്ലാഹി(റ)യുടെ മഖാം സ്ഥിതി ചെയ്യുന്നു. ആലങ്കോട്, ചിന്നോക്കര, പനന്തുറ, നെയ്യാറ്റിൻകര, പാറശ്ശാല, ബാലരാമപുരം, വട്ടിയൂർകാവ്, പാലുംമൂട്, മണക്കാട് എന്നിവിടങ്ങളിലും സാദാത്തുക്കളുടെയും സൂഫിവര്യന്മാരുടെയും മഖ്ബറകളുണ്ട്.

കരുപ്പട്ടിക്കട ജുമാ മസ്ജിദ്

ആസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പഴക്കം ചെന്ന ധാരാളം പള്ളികളുണ്ട്. അതിലൊന്നാണ് കരുപ്പട്ടിക്കട ജുമാ മസ്ജിദ്. തിരുവിതാംകൂർ രാജ്യത്തെ പ്രസിദ്ധ ചന്തയായിരുന്നു ചാലക്കമ്പോളം. ദളവരാജ കേശവദാസാണ് ചാല കമ്പോളത്തിന്റെ സ്ഥാപകൻ. പല പേരുകളിലും ഇവിടെ ശാലകളുണ്ട്. കരുപ്പട്ടിക്കട (പനംചക്കരക്കട) തെരുവിൽ ഉയർന്ന പള്ളിയാണ് കരുപ്പട്ടിക്കട ജുമാ മസ്ജിദ്. മാർത്താണ്ഡവർമ മഹാരാജാവ് തമിഴ്‌നാട്ടിലെ തിരുവിതാകോടു നിന്ന് കൊണ്ടുവന്നു പാർപ്പിച്ച പത്ത് മുസ്‌ലിം വണിക്കുകളാണ് ഇവിടത്തെ ആദിമവാസികൾ. അവർ നിസ്‌കാര സൗകര്യാർഥം മണക്കാട് വലിയ പള്ളിയെ ജമാഅത്താക്കി നിർമിച്ചതാണ് കരുപ്പട്ടിക്കട പള്ളി. കൊട്ടപ്പാട്ട് സാഹിബ് എന്നറിയപ്പെടുന്ന ഗുലാം മുഹ്‌യിദ്ദീൻ പിള്ള മുൻകൈ എടുത്ത് 1928ൽ പണിത ഈ പള്ളി പഴമയുടെ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.

………………………………………………………………..

 

 

ഓരോ പ്രദേശത്തും അന്തിയുറങ്ങുന്ന പുണ്യപുരുഷന്മാരെ പരാമർശിക്കാതെ അവിടത്തെ മുസ്‌ലിം അധിവാസ ചരിത്രം എഴുതാനാകില്ല. പുണ്യപുരുഷന്മാരുടെ സാന്നിധ്യം കൊണ്ടാണ് മിക്ക മുസ്‌ലിം ചേരികളും രൂപപ്പെട്ടത്.

പൂവാറിലെ നൂഹ് വലി(റ) എഴുതിയ അറബിത്തമിഴ് കാവ്യമാണ് ‘വേദപുരാണം’ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത് എന്നീ ജ്ഞാനശാഖകൾ വിവരിക്കുന്ന വേദപുരാണത്തിൽ രണ്ടായിരം വരികളുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരള മുസ്‌ലിംകൾക്ക് ധൈഷണിക നേതൃത്വം നൽകിയ അസാമാന്യ പ്രതിഭയാണ് നൂഹ് കണ്ണ് മുസ്‌ലിയാർ. ഒരു കാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്നത് അറബിമലയാളത്തിലുള്ള അദ്ദേഹത്തിന്റെ ‘ഫത്ഹുസ്സ്വമദ് ഫീ മഅ്‌രിഫതി ഖൈരിൽ ഉദദ് ആണ്.’

തിരുവനന്തപുരം ജില്ലയിലെ പ്രധാന മുസ്‌ലിം ആവാസ കേന്ദ്രമായ കണിയാപുരത്തും സമീപ പ്രദേശങ്ങളായ കഴക്കൂട്ടത്തും പള്ളിപ്പുറത്തും വിശ്രുതരായ ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു.

കൊല്ലം വഴിയാണ് ഇസ്‌ലാം തെക്കൻ കേരളത്തിൽ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു. ദീനാർ സംഘത്തിൽപെട്ട ചിലർ ഇടവായിലും മറ്റും ഇസ്‌ലാമിക പ്രബോധനത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് ഡോ. സികെ കരീം.

* മുസ്‌രിസ് തുറമുഖത്തോളം പഴക്കമുള്ള പുരാതന വാണിജ്യ തുറമുഖമായിരുന്നു വിഴിഞ്ഞം.
* തിരുവിതാംകൂറിൽ വിശേഷ ദിനങ്ങളിൽ ചൊല്ലാറുണ്ടായിരുന്ന അറബിത്തമിഴ് പ്രകീർത്തന കാവ്യമാണ് ജ്ഞാനപ്പുകഴ്ച.
* ‘ദക്ഷിണ കേരളത്തിന്റെ പൊന്നാനി’ എന്നാണ് പൂവാർ അറിയപ്പെടുന്നത്.

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ