ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക സംസ്‌കൃതിയുടെ വേരുകൾ ചെന്നെത്തുന്ന പ്രധാന ഇടങ്ങളിലൊന്നാണ് അജ്മീർ. സുൽത്താനുൽ ഹിന്ദ്, ഗരീബ് നവാസ്, അത്വാഉ റസൂൽ എന്നീ പേരുകളിലെല്ലാം വിശ്രുതനായ ഖാജ മുഈനുദ്ദീൻ ചിശ്തി(റ)വിന് അന്ത്യ വിശ്രമമൊരുക്കിയ മണ്ണ്. പരസഹസ്രം ജനങ്ങൾ ആ സന്നിധിയിൽ അഭയം തേടിയെത്തുന്നത് ഇന്നും നിത്യകാഴ്ചയാണ്. ഖവാലികളിലൂടെയും പ്രകീർത്തനങ്ങളിലൂടെയും ഖാജസ്മൃതികൾ ദേശാന്തരങ്ങൾ കടന്ന് ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇളം മനസ്സുകളിൽ പോലും അജ്മീറിലെ സുൽത്താനായി ഖാജ(റ) പരിലസിക്കുന്നുണ്ട്.
ഇറാനിലെ സജിസ്ഥാൻ എന്ന പ്രദേശത്ത് ഹിജ്‌റ 522 റജബ് പതിനാലിനാണ് (ഹിജ്‌റ 537, 530 എന്നെല്ലാം അഭിപ്രായാന്തരങ്ങളുണ്ട്) സയ്യിദ് മുഈനുദ്ദീൻ ഹസൻ(റ) ജനിക്കുന്നത്. സയ്യിദ് ഗിയാസുദ്ദീൻ(റ), സയ്യിദ ഉമ്മുൽ വറഅ് മാഹിനൂർ എന്നിവരായിരുന്നു മാതാപിതാക്കൾ. ഹുസൈൻ(റ) വഴി തിരുനബി(സ്വ)യിലേക്ക് ചേരുന്ന മഹിതമായ കുടുംബം. സാത്വിക ജീവിതം നയിച്ചിരുന്ന മാതാപിതാക്കൾ ബാല്യകാല ചാപല്യങ്ങളിൽ നിന്ന് മുഈനുദ്ദീ(റ)നെ സംരക്ഷിച്ചു നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.
വഴിത്തിരിവ്
അദ്ദേഹത്തിന് പതിനൊന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ സജിസ്ഥാനിൽ നിന്നും ഇറാഖിലേക്ക് താമസം മാറി. അധികനാൾ കഴിയും മുമ്പേ ഇരുവരും ഇഹലോകവാസം വെടിഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ പിതാവും മാതാവും വേർപിരിഞ്ഞ ക്ലേശകരമായ സമയത്ത് പിതാവിന്റെ അനന്തരമായി ലഭിച്ച തോട്ടം നനച്ചു കൊണ്ടിരിക്കുകയാണ് മുഈനുദ്ദീൻ(റ). തോട്ടത്തിലേക്ക് ഒരാൾ വരുന്നു, ആത്മീയത സ്ഫുരിക്കുന്ന മുഖം. സാത്വികനായ ശൈഖ് ഇബ്‌റാഹീം ഖൻദോസി(റ)യായിരുന്നു ആഗതൻ. ഉപചാരപൂർവം മഹാനെ പഴങ്ങൾ നൽകി സ്വീകരിക്കുകയാണ് ഖാജ. ആഥിത്യമര്യാദയിൽ സന്തുഷ്ടനായ ശൈഖ് ഇബ്‌റാഹീം(റ) തന്റെ സഞ്ചിയിൽ നിന്ന് അൽപം ഭക്ഷണമെടുത്ത് വായിൽ വെച്ച് ചവച്ച് അദ്ദേഹത്തിന് നൽകി. അതുവഴി ആത്മീയതയുടെ ആദ്യാനുഭവങ്ങളിലേക്ക് അദ്ദേഹം പ്രവേശിക്കുകയായിരുന്നു. ശൈഖ് ശിഹാബുദ്ദീൻ ശാലിയാത്തി(ഖ.സി)യുടെ മവാഹിബു റബ്ബിൽ മതീൻ എന്ന ഗ്രന്ഥത്തിൽ ഈ സംഭവം വിവരിക്കുന്നുണ്ട്. ഇതോടെ ജീവിതോപാധിയായിരുന്ന തോട്ടം അശരണർക്ക് ദാനം ചെയ്ത് അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിക്കുകയായിരുന്നു.
അറിവന്വേഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ആത്മീയതയുടെ അകക്കാമ്പ് കണ്ടെത്തേണ്ടത് അറിവനുഭവങ്ങളിലൂടെയാവണമെന്ന് തീർച്ചപ്പെടുത്തുന്നുണ്ട് മുഈനുദ്ദീൻ(റ). ആധ്യാത്മിക ജ്ഞാനം തേടിയുള്ള അലച്ചിലിൽ കാടും കടലും മലയും മരുഭൂമിയും കടന്ന് ബഗ്ദാദ്, ഈജിപ്ത്, കൊർദോവ, സമർഖന്ദ് എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് ബുഖാറയിലെത്തി. ഇതിനിടയിൽ വ്യത്യസ്ത പണ്ഡിതരിൽ നിന്ന് ജ്ഞാനമധു നുകരുകയും വിശുദ്ധ ഖുർആൻ മന:പാഠമാക്കുകയും ചെയ്തു. ബുഖാറയിൽ ഹുസാമുദ്ദീൻ ബുഖാരി(റ)വിന്റെ സന്നിധിയിൽ നിന്ന് ഹദീസ്, തഫ്‌സീർ, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനശാഖകളിൽ വ്യുൽപത്തി നേടി. ശേഷം ഇറാഖിൽ ശൈഖ് ഉസ്മാൻ ഹാറൂനി(റ)വിന്റെ ശിഷ്യത്വത്തിലായി. നീണ്ട ഇരുപത് വർഷക്കാലം ആ അധ്യാത്മിക ഗുരുവിന് കീഴിൽ പാകപ്പെടുകയായിരുന്നു. ആത്മീയ വളർച്ചയുടെ നാളുകളായിരുന്നു പിന്നീട്. ഗുരുവിന്റെ മനം കുളിർപ്പിച്ച ശിഷ്യനായി ഖാജ(റ). ആത്മീയ വഴി പ്രാപിക്കാൻ യോഗ്യനാണ് ശിഷ്യനെന്ന് മഹാ ഗുരുവിന് ബോധ്യപ്പെട്ടു. താൻ തേടിക്കൊണ്ടിരുന്ന ജ്ഞാനപ്രപഞ്ചത്തിലെത്തിയതിന്റെ സായൂജ്യം മുഈനുദ്ദീനി(റ)ലും തെളിഞ്ഞു കണ്ടു. കഠിനമായ ആരാധനാ മുറകളിലൂടെ ശിഷ്യനെ സ്ഫുടം ചെയ്‌തെടുക്കുന്ന ധാരാളം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായി. ഗുരുവിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിർക്ക) സ്വീകരിച്ച് ചിശ്തി മാർഗത്തിൽ പ്രവേശിക്കുകയായിരുന്നു ഖാജ മുഈനുദ്ദീൻ(റ).
ഒരു നാൾ ശൈഖ് ഉസ്മാൻ ഹാറൂനി(റ) ശിഷ്യനെയും കൂട്ടി ഹജ്ജിന് പുറപ്പെട്ടു. ഹജ്ജ് വേളയിൽ ശിഷ്യന്റെ സ്വീകാര്യതക്ക് വേണ്ടി പ്രാർഥിക്കുന്ന സന്ദർഭത്തിൽ ശിഷ്യനെ സ്വീകരിച്ചുവെന്നൊരു അശരീരി കേൾക്കുകയുണ്ടായി. ഗുരുവും ശിഷ്യനും ഉള്ളറിഞ്ഞു സന്തോഷിക്കാൻ ഇതിൽപരം എന്തു വേണം? റൗളക്കരികിൽ ചെന്ന് തിരുനബി(സ്വ)യോട് സലാം പറയാൻ ഗുരു ആവശ്യപ്പെട്ടു. സലാം പറഞ്ഞ നിമിഷം തിരുദൂതർ(സ്വ) സലാം മടക്കുന്നു. സന്തോഷത്തിന് മേൽ സന്തോഷം. ഗുരുവിൽ നിന്ന് ആശീർവാദങ്ങൾ സ്വീകരിച്ച് പ്രബോധന ലോകത്തേക്ക് ഇറങ്ങിത്തിരിക്കുകയാണ് പിന്നീട്.
പല ദേശങ്ങളിലും കടന്നുചെന്ന് ജനങ്ങൾക്ക് നേതൃത്വമേകാൻ ഉതകുന്നവരെ സാരഥ്യമേൽപിച്ചുള്ള മുന്നേറ്റം. റാഫിളിയ്യാക്കളടക്കമുള്ള ആശയവ്യതിയാനക്കാർ ഖാജ(റ)വിന് മുന്നിൽ പത്തി മടക്കിയ അനേകം സംഭവങ്ങൾ ചരിത്രത്തിൽ കാണാം. ആത്മീയദാഹം തീർക്കുവാനുള്ള അലച്ചിലിനിടയിൽ ഖാജ(റ) അനേകം ആത്മജ്ഞാനികളുമായി സന്ധിച്ചു. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദിൽ ഖാദിർ ജീലാനി, ശൈഖ് ളിയാഉദ്ദീൻ, ശൈഖ് ശിഹാബുദ്ദീൻ സുഹ്‌റവർദി, ശൈഖ് യൂസുഫുൽ ഹമദാനി, ശൈഖ് ജലാലുദ്ദീൻ തിബ്‌രീസി(റ) തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രമുഖരാണ്.
നിയോഗം
പ്രബോധനാവശ്യാർഥം വിവിധ ദേശങ്ങൾ താണ്ടിയുളള യാത്രക്കിടയിൽ റൗളാ ശരീഫിലെത്തി നിൽക്കവെയാണ് ഇന്ത്യയിൽ പോയി ജനങ്ങളെ സത്യദീനിലേക്ക് ക്ഷണിക്കാൻ പ്രവാചകർ(സ്വ) ദർശനം നൽകുന്നത്. അവിടന്നു തന്നെ പ്രബോധനത്തിന് പറ്റിയ ഇടവും നിശ്ചയിച്ച് നൽകി, അജ്മീർ കാണിച്ചു കൊടുത്തുവെന്ന് ചരിത്ര സാക്ഷ്യം. തിരുദൂതരുടെ നിർദേശമനുസരിച്ച് നാൽപത് ശിഷ്യന്മാരോടൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു മുഈനുദ്ദീൻ(റ). നീണ്ട വഴിദൂരം, ദുർഘട പാതകൾ, തീർത്തും ദുഷ്‌കരമായൊരു യാത്ര. അല്ലാഹുവിലേക്ക് ഇറങ്ങിത്തിരിച്ചവരെ, മുത്തു നബി വെളിച്ചം കൊളുത്തി നൽകിയവരെ ഈ പ്രതിബന്ധങ്ങളൊന്നും പിന്മാറ്റിയില്ല.
രജപുത്ര ഭരണകാലത്താണ് ഖാജ(റ) ഉത്തരേന്ത്യയിലെത്തുന്നത്. അദ്ദേഹത്തിൽ പലരും ആകൃഷ്ടരായിത്തുടങ്ങിയത് ചില കേന്ദ്രങ്ങളിൽ അസ്വസ്ഥത പടർത്തി. തങ്ങളുടെ കുലദൈവങ്ങളെയും പരദേവതകളെയും ഉപദ്രവിക്കുമെന്ന ന്യായം നിരത്തി ഉപരോധിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. ശിഷ്യൻ കുതുബുദ്ദീൻ ബക്തിയാർ കാക്കി(റ)വിനെ ഡൽഹിയിലെ ഇസ്‌ലാമിക പ്രബോധന ചുമതലയേൽപ്പിച്ച് ഖാജ(റ) അജ്മീറിലേക്ക് പുറപ്പെട്ടു.
ഹിജ്‌റ 561ൽ അജ്മീറിലെത്തിയ സംഘം വിജനമായൊരു സ്ഥലത്ത് തമ്പടിച്ച് താമസം തുടങ്ങി. രാജാവിന്റെ ഒട്ടകങ്ങൾക്ക് വിശ്രമത്തിനായി നിശ്ചയിച്ച സ്ഥലമായിരുന്നു അത്. ഒഴിഞ്ഞുപോകണമെന്ന രാജകൽപന വന്നപ്പോൾ ഖാജ(റ) പറഞ്ഞു: ഞങ്ങൾ മാറിക്കൊള്ളാം. ഒട്ടകങ്ങൾ ഇവിടെ തന്നെ കിടക്കട്ടെ. അനാസാഗർ തടാകത്തിന്റെ തീരത്തേക്കാണ് സംഘം മാറി താമസിച്ചത്. അടുത്ത ദിവസം എത്ര ശ്രമിച്ചിട്ടും ഒട്ടകങ്ങൾ അനങ്ങുന്നില്ല. അവയുടെ താഴ്ഭാഗം ഭൂമി പിടിച്ചുവെച്ചതു പോലെ പരിപാലകർക്കനുഭവപ്പെട്ടു.
വിവരമറിഞ്ഞ് രാജാവായ പൃഥ്വിരാജിന്റെ ഹൃത്തടത്തിൽ മിന്നൽ പിണർ പാഞ്ഞു. ജ്യോതിർഗണിത ശാസ്ത്രത്തിൽ പ്രാവീണ്യം സിദ്ധിച്ചവർ വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രവചനത്തിന്റെ പുലർച്ചയാണോ? തന്റെ രാജാധികാരം നഷ്ടപ്പെടാനുള്ള നിമിഷങ്ങളടുത്തിരിക്കുന്നുവോ. അജ്മീറിലെത്തുന്ന മുസ്‌ലിം ഫഖീറിനെ സ്വീകരിക്കാതെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യാധികാരവും പ്രതാപവും നഷ്ടപ്പെടുമെന്നായിരുന്നു പ്രവചനം. ശാന്തഭാവം നടിച്ച് രാജാവ് പറഞ്ഞു: നിങ്ങൾ പോയി ഫഖീറിനോട് മാപ്പ് പറയുക. ഒട്ടകങ്ങൾ നടന്നു കൊള്ളും. അവർ മാപ്പ് പറയേണ്ട താമസം, ഒട്ടകങ്ങൾ സഞ്ചരിക്കാൻ തുടങ്ങി.
അനാസാഗറിൽ നിന്നായിരുന്നു ഖാജയും സംഘവും വെള്ളമെടുത്തിരുന്നത്. തങ്ങൾ പുണ്യം കൽപിച്ച വെള്ളം മുസ്‌ലിംകൾ എടുക്കുന്നത് തടയണമെന്ന് ചിലർ രാജാവിനോട് ബോധിപ്പിച്ചു. ഫഖീറും സംഘവും അനാസാഗറിലെ വെള്ളമെടുക്കരുതെന്ന രാജകൽപന വന്നു. വിവരമറിഞ്ഞ ഖാജ(റ) ശിഷ്യനെ വിളിച്ച് അനാസാഗറിൽ നിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവരാൻ കൽപിച്ചു. അതോടെ അനാസാഗർ വറ്റിവരണ്ടു. ഇതുകണ്ട് രാജാവും അനുയായികളും നടുങ്ങി. ജനങ്ങൾ വെള്ളം ലഭിക്കാതെ പ്രയാസത്തിലായി. ഖാജയുടെ മുമ്പിലെത്തി വിനയാന്വിതരായി ആവലാതി പറഞ്ഞു. അനുകമ്പ തോന്നിയ ഖാജ(റ) ശിഷ്യനോട് പാത്രത്തിലെ വെള്ളം തടാകത്തിലേക്ക് തിരികെ ഒഴിക്കാൻ കൽപ്പിച്ചതോടെ അനാസാഗർ പൂർവസ്ഥിതിയിലായി.
ഖാജ(റ)വിന് പ്രത്യേക ആത്മീയ സിദ്ധിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും രാജാവ് വഴങ്ങിയില്ല. ശൈഖിനെ എതിർക്കാൻ തന്നെയായിരുന്നു തീരുമാനം. വെള്ളമെടുക്കുന്നത് തടയാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് നേരെ ഖാജ(റ) ഒരു പിടി മണ്ണ് വാരിയെറിഞ്ഞു. അത് കൊണ്ടവർ ഭ്രാന്തന്മാരായി തിരിഞ്ഞോടുകയും ചിലർ ഓടിയൊളിക്കുകയും മറ്റു ചിലർ ഒന്നുമറിയാതെ സ്തംഭിച്ചു നിൽക്കുകയും ചെയ്തു. രക്ഷപ്പെട്ടവർ രാജസന്നിധിയിൽ ചെന്ന് വിവരം ധരിപ്പിച്ചു. പ്രതികാര നടപടിയുടെ ആവശ്യകതയും ബോധിപ്പിച്ചു. ചിലർ പേരുകേട്ട ജ്യോതിഷിയും ദർബാറിൽ സ്വാധീനമുള്ള ആളുമായ ശാന്തീദേവിനെ സമീപിച്ച് പരിഹാരം ആവശ്യപ്പെട്ടു. ഖാജ(റ) തന്റെ മുന്നിലെത്തിയ ശാന്തിദേവിനെ പുഞ്ചിരിയോടെ നോക്കേണ്ട താമസം അയാളിൽ അത്ഭുതകരമായ പരിവർത്തനമുണ്ടായി. അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. ശാന്തിദേവിന്റെ മതപരിവർത്തനത്തിൽ പലരും അത്ഭുതം കൂറി. ഫഖീറിലെ അത്ഭുത സിദ്ധി തിരിച്ചറിഞ്ഞ് ചിലരെല്ലാം സത്യമാർഗത്തിൽ പ്രവേശിച്ചു.
എന്നാൽ രാജാവിലും അടുത്ത അനുയായികളിലും ഇത് കടുത്ത രോഷമുണ്ടാക്കി. അവർ അജയ്പാൽ മഹായോഗിയെ സമീപിച്ചു. ശിഷ്യരുമൊത്ത് കാട്ടിൽ ധ്യാനിച്ചിരിക്കുന്ന സമകാലികരിലെ ഉന്നത പൂജാരിയായിരുന്നു അദ്ദേഹം. തന്റെ ഔന്നത്യത്തിന് പിന്നിലെ ശക്തികേന്ദ്രം അജയ്പാലാണെന്നായിരുന്നു രാജാവിന്റെ വിശ്വാസം. തന്റെ മാന്ത്രിക സിദ്ധിയെ കുറിച്ചും വ്യക്തിമഹാത്മ്യത്തെക്കുറിച്ചും വാചാലനായ അജയ്പാൽ ഖാജ(റ)വിനോട് സ്ഥലം വിടണമെന്നും അല്ലെങ്കിൽ നശിപ്പിച്ച് കളയുമെന്നും ഭീഷണിപ്പെടുത്തി. ഇതൊന്നും ഗൗനിക്കാതെ ഖാജ(റ) തന്റെ സംഘത്തിനു ചുറ്റും വലിയൊരു വൃത്തം വരച്ചു. താങ്കൾ ഉദ്ദേശിക്കുന്നതെന്തും ചെയ്‌തോളൂ എന്നായിരുന്നു അജയ്പാലിന് നൽകിയ മറുപടി.
വൃത്തത്തിനകത്ത് ശാന്തിദേവിനെ കണ്ട് അവരുടെ കോപം ഇരട്ടിച്ചു. പൂജാരി തന്റെ മാരണശക്തികൊണ്ട് പരിസര പ്രദേശത്തെ പാമ്പുകളെയും തേളുകളെയും ഖാജ(റ)വിന് നേരെ തിരിച്ചുവിട്ടു. പക്ഷേ, വലയത്തിനടുത്തെത്തുമ്പോഴേക്ക് അവ പിടഞ്ഞ് ചാവാൻ തുടങ്ങി. അങ്ങനെ ചത്തുവീണ പാമ്പുകളുടെ വലയം രൂപപ്പെട്ടു. ഖാജ(റ) തന്റെ ശിഷ്യരോട് ആ ജീവികളെ എടുത്ത് എറിയാൻ നിർദേശിച്ചു. അവ ചെന്നുവീഴുന്നിടത്തെല്ലാം തണൽ മരങ്ങൾ മുളച്ചുപൊന്തി. ഖാജ(റ) ഒരു തേളിനെയെടുത്ത് മണ്ണിൽ അടക്കം ചെയ്തു. അവിടെ വിഷഹാരിയായ സസ്യം മുളച്ചു. ഇതെല്ലാം കണ്ട് അജയ്പാലിനൊപ്പമുള്ളവർ പരിഭ്രാന്തരായി. പലരും ഭയപ്പെട്ട് ഉൾവലിഞ്ഞു.
മാരണ വിദ്യകളൊട്ടും ഫലിക്കാതെ വന്നതിൽ നിരാശ പൂണ്ട് അജയ്പാൽ പറഞ്ഞു: താങ്കൾ തികഞ്ഞ ഫഖീറാണെന്ന് ഞാൻ സമ്മതിക്കാം. പക്ഷേ എന്റെ മാഹാത്മ്യം നിങ്ങൾക്കില്ലെന്നുറപ്പാണ്. എനിക്ക് പറക്കാൻ കഴിയും, നിങ്ങൾക്കതിന് സാധിക്കുമോ? വെല്ലുവിളി നടത്തി യോഗി പറന്നുയരാൻ തുടങ്ങിയതോടെ ഖാജ(റ) തന്റെ മെതിയടിയോട് പറക്കാൻ ആംഗ്യം കാണിച്ചു. അതിവേഗം പറന്ന് യോഗിയുടെ ഗമനത്തെ അത് തടഞ്ഞുനിർത്തി. പൊതിരെ തല്ലാനും തുടങ്ങി. യോഗിക്ക് പറക്കാൻ കഴിയാതെ വന്നു. അവസാനം ഖാജ(റ)വിന്റെ കാൽക്കൽ വീണ് മാപ്പിരന്ന് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
മൂസാ നബി(അ)മിന് മുന്നിൽ മാരണക്കാരെ അവതരിപ്പിച്ച് പരാജയപ്പെട്ട ഫിർഔനിന്റെ ചരിത്രത്തിന് സമാനമാണിത്. ഖാജ(റ)വിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമായതായും അതുവഴി അനേകം പേർ ഇസ്‌ലാം പുൽകിയതായും ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അശരണർക്കും അഗതികൾക്കും അഭയമായിരുന്നു ഖാജ(റ). ആവശ്യം ചോദിച്ചെത്തിയവരെ തെല്ലും നിരാശപ്പെടുത്തിയില്ല. അവ പൂർത്തീകരിച്ചു നൽകുന്നതിനായിരുന്നു മുന്തിയ പരിഗണന. ദിവസവും നൂറുകണക്കിന് പേരുടെ വിശപ്പകറ്റി. ഇതിനാവശ്യമായ വരുമാനം പ്രത്യക്ഷത്തിൽ ഒന്നുമില്ലായിരുന്നു. സഹജീവി സ്‌നേഹത്തിന്റെ മാതൃകകൾ പകർന്ന ധന്യാത്മക ജീവിതമാണ് ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടാൻ കാരണമായിത്തീർന്നത്.
തികഞ്ഞ പരിത്യാഗിയുടെ ജീവിതമായിരുന്നു ഖാജ(റ) നയിച്ചത്. ഇന്ത്യയിൽ വിശുദ്ധ ഇസ്‌ലാം വേരൂന്നിയതിൽ അദ്ദേഹമടക്കമുള്ള ചിശ്തി ആത്മീയധാര വഹിച്ച പങ്കിനെ കുറിച്ച് ശൈഖ് ഗുലാം അലി ആസാദ് ബൽഗറാമി മആസിറുൽ കിറാം എന്ന ഗ്രന്ഥത്തിൽ വാചാലനാകുന്നുണ്ട്. സിയറുൽ അഖ്ത്വാബ്, സിയറുൽ ഔലിയാഅ്, ഖസീനതുൽ അസ്ഫിയാഅ്, ആഈൻ കുബ്‌റാ തുടങ്ങിയ ഗ്രന്ഥങ്ങളിലും ഖാജ(റ) തീർത്ത ഇസ്‌ലാമിക നവോത്ഥാനം അടയാളപ്പെടുത്തിയത് കാണാം. സയ്യിദ് വജീഹുദ്ദീൻ(റ)വിന്റെ മകൾ ബീവി ഇസ്മത് എന്ന ഭാര്യയിൽ സയ്യിദ് അബൂസഈദ്, സയ്യിദ് ഫഖ്‌റുദ്ദീൻ ബാവ സൽവാർ, സയ്യിദ് ഹുസാമുദ്ദീൻ(റ) എന്നീ സന്താനങ്ങളും ബീവി അമതില്ലാഹ് എന്ന ഭാര്യയിൽ ഹാഫിള ജമാൽ എന്ന പെൺകുഞ്ഞും ഖാജ(റ)വിന് പിറന്നു.
വഫാത്ത്
ഹിജ്‌റ 633 റജബ് ആറിനാണ് മഹാൻ വഫാത്താകുന്നത്. ആ ദിവസം മുഴുവൻ റൂമിൽ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. വാതിലിന് സമീപം കാത്തിരുന്ന ഇഷ്ടജനങ്ങൾ റൂമിനകത്ത് പലരുടെയും ശബ്ദങ്ങൾ കേട്ടു വാതിൽ തുറന്നു നോക്കിയപ്പോൾ പാരത്രിക ലോകത്തേക്ക് ശൈഖ് മടങ്ങിക്കഴിഞ്ഞിരുന്നു. നെറ്റിത്തടത്തിൽ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു).
അജ്മീർ
പല മതത്തിലും ജാതിയിലും പെട്ടവർ ആശയ വ്യത്യാസങ്ങളുടെ അതിരു ഭേദിച്ച് സുൽത്താനുൽ ഹിന്ദിന് മുന്നിൽ അനുഗ്രഹം തേടിയെത്തുന്ന മനോഹര കാഴ്ചയാണ് എന്നും അജ്മീറിൽ കാണാൻ സാധിക്കുക. ഇന്ത്യൻ ബഹുസ്വരതയുടെ, വൈവിധ്യങ്ങളുടെ, പാരസ്പര്യത്തിന്റെ പരിച്ഛേദമായി അജ്മീർ ലോകത്തിന് മുന്നിൽ നിലകൊള്ളുന്നു.
മുഗളന്മാരുടെയും മറാത്തകളുടെയും ആധിപത്യത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെയും ചരിത്രം പേറുന്ന മണ്ണ് ലോക ശ്രദ്ധയാകർഷിക്കുന്നത് മുഈനുദ്ദീൻ ചിശ്തി(റ)വിന്റെ മഹത് സാന്നിധ്യത്താലാണ്. പേർഷ്യൻ വാസ്തുവിദ്യയുടെ മനോഹാരിത പകരുന്ന നിർമിതികളാൽ സമ്പന്നമാണിവിടം. അജ്മീർ ദർഗക്ക് സേവനം ചെയ്യുന്നതിൽ മുഗൾ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ഷാജഹാൻ, ജഹാംഗീർ, അക്ബർ ചക്രവർത്തിമാർ നിർമിച്ച പള്ളികൾ, അക്ബർ സ്ഥാപിച്ച മിനാറുകൾ, അജ്മീർ ചെമ്പ് തുടങ്ങി ഖാജയോടുള്ള മുഗൾ രാജാക്കന്മാരുടെ അടുപ്പം കാണിക്കുന്ന ഒട്ടേറെ സ്മാരകങ്ങൾ ഇന്നും ശേഷിക്കുന്നുണ്ട്. ചരിത്ര ബോധ്യങ്ങളെ വളച്ചൊടിച്ചുള്ള ഹീന നീക്കങ്ങൾ അജ്മീറിലേക്കും ചിലർ പടർത്തുന്നത് ഖേദകരമാണ്. ഖാജ(റ)വിന്റെ സ്‌നേഹമസൃണമായ പെരുമാറ്റ ശാസ്ത്രത്തെ നിർബന്ധിത മതപരിവർത്തനത്തിന്റെയും മതവെറിയുടെയും വക്രീകരണ കൗശലംകൊണ്ട് അളക്കാനാണ് ഇസ്‌ലാമിക് ജിഹാദ് എ ലെഗസി ഓഫ് ഫോർസ്ഡ് കൺവേർഷ്യൻ, ഇംപീരിയലിസം ആന്റ് സ്ലേവറി എന്ന പുസ്തകത്തിലൂടെ എംഎ ഖാൻ ശ്രമിക്കുന്നത്. ചരിത്ര സത്യങ്ങളെ അവഗണിച്ച് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർ ഖാജ(റ)വിന്റെ പിന്മുറക്കാരായ ബക്തിയാർ കാക്കി(റ), ശൈഖ് ഹമീദുദ്ദീൻ നാഗൂരി(റ), ശൈഖ് ളിയാഉദ്ദീൻ ഹകീം(റ), അഹ്‌മദ് ചിശ്തി(റ), ഖാജ ഫഖ്‌റുദ്ദീൻ(റ) തുടങ്ങിയവർ പ്രകാശിപ്പിച്ച യഥാർഥ ഇസ്‌ലാമിനെയും അതുവഴി പ്രോജ്ജ്വലിപ്പിച്ച ഇന്ത്യൻ സൂഫിസത്തെയും പഠനവിധേയമാക്കേണ്ടതുണ്ട്.
യഥാർഥത്തിൽ ഇന്ത്യ ഭരിക്കുന്നത് അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖാജയാണെന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി കഴ്‌സൺ പ്രഭു മേലധികാരികൾക്ക് എഴുതിയത് തിരിച്ചറിവിൽ നിന്നുള്ള ബഹിർസ്ഫുരണമാണ്. ഇന്നും അജ്മീറിലേക്കൊഴുകുന്ന ജനലക്ഷങ്ങൾ ശൈഖ് സാധ്യമാക്കിയ സാമൂഹിക നവോത്ഥാനത്തെ സാക്ഷ്യപ്പെടുത്തുന്നു.
മുഹമ്മദ് ഇർശാദ് എൻ