ബുഖാറയിലെ അക്കാലത്തെ ഏറ്റവും വലിയ വിജ്ഞാന സദസ്സ്. വിശ്രുത പണ്ഡിതൻ ഇമാം ദാഖിലി(റ) പതിവുപോലെ ഹദീസ് അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. തലയെടുപ്പുള്ള പണ്ഡിതന്മാർ മുതൽ കുട്ടികൾ വരെയായി ആയിരക്കണക്കിനു ജ്ഞാനതൃഷ്ണർ സദസ്സിലുണ്ട്. എല്ലാവരും കർണപുടങ്ങൾ കൂർപ്പിച്ചിരിപ്പാണ്. ഉസ്താദിന്റെ അധരങ്ങളിൽ നിന്നു പ്രവഹിക്കുന്ന ആരുറപ്പുള്ള വിജ്ഞാനങ്ങളെ ഹൃദയാന്തരങ്ങളിലേക്കും വരികളിലേക്കും പകർത്തുകയാണവർ. ഇടക്ക് ഒരു ഹദീസിന്റെ നിവേദകപരമ്പര (സനദ്) വിവരിക്കുന്നതിൽ അദ്ദേഹത്തിന് ചെറിയൊരു പിശകുപറ്റി. ഇബ്‌റാഹീമിൽ നിന്നും അബൂ സുബൈർ വഴി സുഫ്‌യാന്റെ നിവേദനം എന്നാണ് ഇമാം ദാഖിലി(റ) വിവരിച്ചത്. ഉടനെ സദസ്സിൽ നിന്നും ഒരു ചെറിയ കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു: ‘അബൂസുബൈർ ഇബ്‌റാഹീമിൽ നിന്ന് അങ്ങനെയൊരു ഹദീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.’ ഇത് കേട്ട് ഇമാം ദാഖിലി(റ) അത്ഭുതപരവശനായി. ദീർഘകാലത്തെ അധ്യാപന ജീവിതത്തിനിടയിൽ ഇങ്ങനെയൊരനുഭവം മുമ്പുണ്ടായിട്ടില്ല. താൻ പറഞ്ഞ സനദിൽ അദ്ദേഹം ഉറച്ചുനിന്നു. പക്ഷേ, കുട്ടി വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഒടുവിൽ വിദ്യാർഥിയുടെ നിർബന്ധത്തിനു വഴങ്ങി മൂലഗ്രന്ഥം പരിശോധനക്ക് വിധേയമാക്കിയപ്പോൾ അദ്ദേഹത്തിന് സ്വന്തം വീഴ്ച ബോധ്യമായി. ശരിയായ നിവേദക പരമ്പര സദസ്യരെ വായിച്ചു കേൾപ്പിച്ചു. അബൂസുബൈറിന്റെ സ്ഥാനത്ത് സുബൈറുബ്‌നു അദിയ്യ് എന്നതായിരുന്നു ആ കുട്ടി വിരൽചൂണ്ടിയ തിരുത്ത്. പിൽകാലത്ത് ഹദീസ് വിജ്ഞാന ലോകത്ത് മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉത്തുംഗതയിൽ വിരാജിച്ച ഇമാം ബുഖാരി(റ)യായിരുന്നു ആ ബാലൻ. അന്ന് പ്രായം പതിനൊന്ന് വയസ്സ് മാത്രം!
മതത്തിനകത്ത് പല പേരുകളിലായി ഉരുവംകൊണ്ട അവാന്തര കക്ഷികൾ തങ്ങളുടെ ആശയ വൈകല്യങ്ങളെ സ്ഥാപിച്ചെടുക്കാൻ ഹദീസുകളിൽ വെള്ളം ചേർത്തും മാറ്റത്തിരുത്തലുകൾ വരുത്തിയും ദുർവ്യാഖ്യാനങ്ങൾ മെനഞ്ഞും വലിയ വേലിയേറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങിയ കാലം. പ്രവാചകരിൽ നിന്നു നേരിട്ട് കേട്ടു പഠിച്ച സ്വഹാബത്തിൽ നിന്നും വാമൊഴിയായി താബിഉകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഹദീസുകളുടെ വാചികമായ കൈമാറ്റ പ്രക്രിയയിൽ നുഴഞ്ഞുകയറി വൈകൃതങ്ങൾ സൃഷ്ടിക്കാൻ അവർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. ഇതിനെ ചെറുക്കാനുള്ള ദൗത്യം ഏറ്റെടുത്ത അക്കാലത്തെ വിശ്രുതരായ പണ്ഡിതർ ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കുന്നതിൽ വ്യാപൃതരായി. അവരുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി ഹദീസുകൾ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടു. ഇമാം മാലിക്(റ)വിന്റെ മുവത്വ അടക്കമുള്ള ഗ്രന്ഥങ്ങൾ ഇത്തരുണത്തിൽ വിരചിതമായവയാണ്. അപ്പോഴും പ്രാമാണികമായ (സ്വഹീഹ്) ഹദീസുകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവം നിഴലിച്ചുനിന്നു. ഇമാം ബുഖാരി(റ)യുടെ വരവോടെയാണ് ആ വിടവ് നികത്തപ്പെട്ടത്.
അപാരമായ ഗ്രാഹ്യശക്തിയും കൂർമബുദ്ധിയും ജ്ഞാനതൃഷ്ണയും ചെറുപ്പം മുതലേ കൈമുതലാക്കിയ ബുഖാരി(റ) പത്താം വയസ്സിൽ ഖുർആൻ മുഴുവൻ മന:പാഠമാക്കി. കൗമാരപ്രായത്തിൽ തന്നെ എഴുപതിനായിരം ഹദീസുകളും അവയുടെ നിവേദക പരമ്പരയും സ്വായത്തമാക്കുകയും ലഭ്യമായ മുഴുവൻ ഹദീസ് ഗ്രന്ഥങ്ങളും ഹൃദ്യസ്ഥമാക്കുകയും ചെയ്തു. ചെറുപ്പത്തിൽതന്നെ ഹദീസുകൾ അന്വേഷിച്ചു കണ്ടെത്താനും മന:പാഠമാക്കാനും ആരംഭിച്ച ഇമാം പണ്ഡിത സദസ്സുകൾ ഒന്നുപോലും ഒഴിവാക്കിയില്ല. മുഹമ്മദ് ബ്‌നു സലാമിൽ ബൈക്കന്ദി, മുഹമ്മദ് ബ്‌നു യൂസുഫുൽ ബൈക്കന്ദി, ഇബ്‌റാഹീമുൽ അശ്അശ് തുടങ്ങിയ അഗ്രേസര പണ്ഡിതന്മാരായിരുന്നു ബുഖാറയിൽ അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാർ.
പിന്നീട് ഉമ്മയോടും ജ്യേഷ്ഠസഹോദരൻ അഹ്‌മദിനോടുമൊപ്പം മക്കയിലേക്ക് പോയി. ഹജ്ജ് കഴിഞ്ഞ് ഉമ്മയും സഹോദരനും സ്വദേശത്തേക്ക് തന്നെ മടങ്ങിയെങ്കിലും ഇമാം ബുഖാരി(റ) ജ്ഞാനസപര്യയിലായി അവിടെത്തന്നെ കഴിച്ചുകൂട്ടി. മക്കയിലെ അന്നത്തെ വിശ്രുത പണ്ഡിതരായ ഇമാം അബ്ദുൽ വലീദ്, അഹ്‌മദ് ബ്‌നു ഔറഖ്, അബ്ദുല്ലാഹിബ്‌നു യസീദ്, ഇസ്മാഈലുബ്‌നു സാലിമിസ്സാനിഅ, അല്ലാമാ ഹുമൈദി തുടങ്ങിയവരെ സമീപിച്ച് ഹദീസുകൾ കരസ്ഥമാക്കി.
രണ്ടു വർഷത്തെ മക്ക ജീവിതത്തിനു ശേഷം പതിനെട്ടാം വയസ്സിൽ ഹദീസുകൾ തേടി വിജ്ഞാനത്തിന്റെ നഗരിയായ മദീനയിലേക്ക് തിരിച്ചു. അവിടത്തെ പ്രമുഖ പണ്ഡിതന്മാരായ ഇബ്‌റാഹീമുബ്‌നു മുൻദിർ, മുത്‌റഫ് ബ്‌നു അബ്ദില്ല, ഇബ്‌റാഹീമുബ്‌നു ഹംസ തുടക്കിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇക്കാലത്താണ് ഹദീസ് നിവേദകരെ വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുന്ന താരിഖുൽ കബീറിന്റെ രചന നിർവഹിക്കുന്നത്. നിലാവുള്ള രാത്രികളിൽ റൗളാ ശരീഫിന്റെ ചാരത്തിരുന്നാണ് ഇമാം ബുഖാരി(റ) ആദ്യ ഗ്രന്ഥരചന നടത്തിയത്. ഗവേഷണാഭിമുഖ്യത്തോടെ തയ്യാറാക്കിയ താരിഖുൽ കബീറിനു പുറമേ താരിഖുൽ ഔസത്വ്, താരിഖുസ്സഗീർ എന്നീ ചരിത്രഗ്രന്ഥങ്ങളും ബുഖാരി(റ)ക്കുണ്ട്. ഹിജാസിൽ ആറു വർഷക്കാലം ജ്ഞാനസപര്യയിൽ കഴിഞ്ഞുകൂടിയ ഇമാം പിന്നീട് ഹദീസുകൾ തേടി ബസ്വറ, കൂഫ, ഈജിപ്ത്, ഡമസ്‌കസ് തുടങ്ങിയ ദേശങ്ങളിലേക്കെല്ലാം പലകുറി യാത്ര ചെയ്തു. ‘ഹദീസ് പണ്ഡിതന്മാരോടൊപ്പം ബഗ്ദാദിലേക്കും കൂഫയിലേക്കും ഞാൻ പല തവണ പോയിട്ടുണ്ട്. എത്രയെന്ന് കൃത്യമായി അറിയില്ല.’ ഇമാം ബുഖാരി(റ)യെ തന്റെ എഴുത്തുകാരനായ വർറാഖ് ഉദ്ധരിച്ചതാണിത്.
ഹദീസുകൾ ശേഖരിക്കുന്നത് പോലെ അവകളുടെ പ്രാമാണികത നിർണയിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു ഇമാം ബുഖാരി(റ). ഹദീസുകളുടെ അസ്തിത്വം നിശ്ചയിക്കുന്നതിൽ അവ റിപ്പോർട്ട് ചെയ്യുന്നവരുടെ അവസ്ഥകൾ പ്രധാന ഘടകമാണ്. അതിനാൽ നിവേദക പരമ്പരയിലെ ഓരോ വ്യക്തിയെയും അവിടന്ന് സൂക്ഷ്മമായി പഠനവിധേയമാക്കിയിരുന്നു. ഇത് പിന്നീട് മറ്റൊരു വിജ്ഞാനശാഖയായി രൂപാന്തരം പ്രാപിക്കുകയുണ്ടായി. നിവേദകരുടെ നീതിബോധം, സത്യസന്ധത, ജീവിത രീതി, വിശ്വസ്തത, ഓർമശക്തി, നിവേദക ശ്രേണിയിലെ ചേർച്ച, വിടവ് തുടങ്ങിയ എല്ലാ കാര്യങ്ങളും പഠനവിധേയമാക്കി. അതോടൊപ്പം അവരുടെ ജനനം, മരണം, പ്രധാന ഗുരുനാഥർ, ശിഷ്യർ, നിവേദകർ തമ്മിലുള്ള കണ്ടുമുട്ടൽ, കാണാതിരിക്കൽ തുടങ്ങിയ വിശദ ചരിത്രവും ശേഖരിക്കും. എവിടെയെങ്കിലും ഒരു ഹദീസുണ്ടെന്ന് കേട്ടാൽ അവിടെ ചെന്ന് അത് സ്വീകരിക്കുന്നതോടൊപ്പം അയാളുടെ സമ്പൂർണ ചരിത്രം മനസ്സിലാക്കുകയും നിവേദകപരമ്പരയടക്കം ഹൃദ്യസ്ഥമാക്കുകയും ചെയ്യുന്നതായിരുന്നു മഹാന്റെ പഠന- അന്വേഷണ സവിശേഷത.
ജ്ഞാന സമ്പാദന-ഹദീസ് ശേഖരണ വഴിയിൽ എത്ര വലിയ ത്യാഗവും സഹിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. വിദൂര പ്രദേശത്ത് ഹദീസുണ്ടെന്ന് കേട്ടാലും എന്തു വിലകൊടുത്തും അവിടെ എത്തിപ്പെടും. ഒരൊറ്റ ഹദീസിനു വേണ്ടി മാത്രം രാഷ്ട്രാതിർത്തികൾ ഭേദിച്ചു യാത്ര ചെയ്തിട്ടുണ്ട് മഹാൻ. മാസങ്ങൾ നീണ്ടുനിൽക്കുന്ന സാഹസിക യാത്രകൾ തന്നെയായിരുന്നു അവ. കൈയിലുള്ള പണമെല്ലാം തീർന്നുപോയപ്പോൾ പച്ചപ്പുല്ല് തിന്നു വിശപ്പാറ്റിയിട്ടുണ്ട്. ഉടുവസ്ത്രമൊഴിച്ച് ബാക്കിയുള്ളതെല്ലാം വിൽക്കേണ്ടിവന്നിട്ടുണ്ട്. ജ്ഞാന സമ്പാദന പ്രയാണത്തിൽ ഇമാം താണ്ടിക്കടന്ന ത്യാഗവഴികളെക്കുറിച്ച് ചരിത്രത്തിന് പറയാനേറെയുണ്ട്.
ഹദീസുകൾ സ്വീകരിക്കുന്നതിൽ വലിയ കണിശത പുലർത്തി അദ്ദേഹം. കേട്ടതെല്ലാം സ്വീകരിച്ചില്ല. ഒരിക്കൽ ഹദീസ് ശേഖരണാർഥം ദീർഘദൂരം യാത്ര ചെയ്ത് ഒരാളുടെ അടുത്തെത്തി. ആ സമയത്ത് അദ്ദേഹം ഒരു മൃഗത്തെ കബളിപ്പിക്കുന്ന കാഴ്ചയാണ് കണ്ണിലുടക്കിയത്. ഒരു സാധു മൃഗത്തെ പോലും കബളിപ്പിക്കുന്ന ഇയാൾ ഹദീസിൽ കബളിപ്പിക്കില്ലെന്നതിന് എന്തുറപ്പാണ് എന്ന് സ്വയം ചോദിച്ച് ഒട്ടും സങ്കോചമില്ലാതെ തിരിച്ചുനടന്നു മഹാൻ.
‘ആയിരവും അതിലധികവും പണ്ഡിതന്മാരിൽ നിന്നു ഞാൻ ഹദീസുകൾ സ്വീകരിച്ചിട്ടുണ്ട്. ശരിയായ നിവേദക പരമ്പരയോടു കൂടിയല്ലാതെ ഒരു ഹദീസു പോലും എന്റെ അടുത്തില്ല.’ ഇമാം ബുഖാരി(റ) പറഞ്ഞതായി ജഅ്ഫറു ബ്‌നു മുഹമ്മദിൽ ഖത്വാൻ രേഖപ്പെടുത്തി. നിവേദകരിൽ ഒരാളെ പറ്റി അഭിപ്രായാന്തരമുള്ളതിനാൽ പതിനായിരത്തോളം ഹദീസുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ടെന്ന മഹാന്റെ പ്രസ്താവനയിൽ നിന്ന് തന്നെ അദ്ദേഹം പുലർത്തിയ സൂക്ഷ്മതയുടെയും കണിശതയുടെയും ആഴം വായിച്ചെടുക്കാനാവും.
ഹദീസുകളുടെ മൂലവാക്യത്തിലും (മത്‌ന്) നിവേദക പരമ്പരയിലും (സനദ്) ഇമാം ബുഖാരി(റ)ക്കുള്ള അഗാധ ജ്ഞാനവും തീക്ഷ്ണമായ ഓർമശക്തിയും ആരെയും അതിശയിപ്പിക്കുന്നതാണ്. ഒരിക്കൽ ബഗ്ദാദിൽ വെച്ച് ഒരു കൂട്ടം പണ്ഡിതന്മാർ ചേർന്ന് ഇമാമിനെ പരീക്ഷിക്കാൻ തീരുമാനിച്ചു. അവർ ആറു വീതം ഹദീസുകളെടുത്ത് അവകളുടെ മൂലവാക്യവും നിവേദക പരമ്പരയും കൂട്ടിക്കുഴച്ച് നിജസ്ഥിതി ആരാഞ്ഞു. മഹാനവർകൾ ഒട്ടും ശങ്കയില്ലാതെ എല്ലാ ഹദീസുകളും ശരിയായ രീതിയിൽ പറഞ്ഞുകൊടുത്തു. ഇതുപോലെ സമർഖന്ദിൽ വെച്ച് നാനൂറ് പണ്ഡിതന്മാർ ചേന്ന് പരീക്ഷിക്കുകയുണ്ടായി. അവിടെയും ഇമാം പതറിയില്ല.
പതിനാറ് വർഷക്കാലത്തെ നീണ്ട പ്രയത്‌നത്തിലൂടെയാണ് ബുഖാരി(റ) തന്റെ മാസ്റ്റർപീസായ സ്വഹീഹുൽ ബുഖാരിയുടെ രചന പൂർത്തീകരിച്ചത്. വിശുദ്ധ ഖുർആനിനു ശേഷം മുസ്‌ലിംലോകത്തെ ഏറ്റവും ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന സ്വഹീഹുൽ ബുഖാരി ആറു ലക്ഷം ഹദീസുകളിൽ നിന്ന് തീർത്തും പ്രബലമായ 7275 (നിവേദക ശ്രേണിയുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്) ഹദീസുകൾ മാത്രം ഉൾച്ചേർത്ത് ഗ്രന്ഥരൂപത്തിലാക്കിയതാണ്. സ്വഹീഹായ ഹദീസുകൾ മാത്രം ക്രോഡീകരിക്കാനുള്ള ഗുരു ഇസ്ഹാഖ് ബിൻ റാഹവൈഹിയുടെ അഭ്യർഥനയാണ് ഇതിന് പ്രേരകമായത്.
ഇമാം ബുഖാരി(റ)യുടെ വിജ്ഞാന സദസ്സുകൾ അക്കാലത്തെ അറിവന്വേഷകരുടെ പ്രധാന കേന്ദ്രമായിരുന്നു. അഷ്ട ദിക്കുകളിൽ നിന്നും വിദ്യാർഥികൾ അങ്ങോട്ടൊഴുകി. ബുഖാറ, ബസ്വറ, ബഗ്ദാദ്, സമർഖന്ദ് തുടങ്ങി പലയിടങ്ങളിലും ബുഖാരി(റ)വിന്റെ ദർസുകൾ നടന്നിട്ടുണ്ട്. ശിഷ്യന്മാരുടെ നീണ്ട നിരതന്നെയുണ്ട് മഹാനവർകൾക്ക്. സ്വഹീഹുൽ ബുഖാരി ഗ്രന്ഥകാരനിൽ നിന്നും നേരിട്ട് പതിനായിരം പേർ കേട്ടിട്ടുണ്ടെന്ന് ഇമാം ഫർബരി(റ) പറഞ്ഞത് കാണാം. ഇമാം മുസ്‌ലിം, ഇമാം നസാഇ, ഇമാം അബൂഈസ തുർമുദി, ഇമാം ഫർബരി, ഇമാം ദാരിമി(റ) തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രമുഖരാണ്.
അൽവാരിസ് അബൂബക്കർ മഞ്ഞപ്പറ്റ