ഏറ്റവും വലിയ മഹാപാപം ശിർക്കാണ്. ‘തീർച്ചയായും ശിർക്ക് മഹാപാപം തന്നെയാണ്’ (സൂറത്ത് ലുഖ്മാൻ 13). ശിർക്കിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ്, ഭയാനകവും. ഒരു വ്യക്തി ശിർക്ക് ചെയ്യുമ്പോൾ തന്റെ എല്ലാ സൽകർമങ്ങളും നിഷ്ഫലമായിത്തീരുന്നു, എല്ലാവിധ പുണ്യങ്ങളും നിർവീര്യമാകുന്നു. എക്കാലത്തെയും അടിസ്ഥാന നിയമമാണിത്. ‘താങ്കൾ ശിർക്ക് ചെയ്യുന്നപക്ഷം താങ്കളുടെ മുഴുവൻ കർമങ്ങളും തകർന്നുപോവുകയും താങ്കൾ പരാജിതരിൽ അകപ്പെടുന്നതുമാണെന്നും എനിക്ക് വെളിപാട് ലഭിച്ചിട്ടുണ്ട്, എന്റെ മുൻഗാമികൾക്കും. അതിനാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുക, നന്ദി കാണിക്കുന്നവരിൽ താങ്കൾ അകപ്പെടുക (സൂറത്തുസ്സുമർ 66). മാത്രമല്ല, ശിർക്ക് പൊറുക്കപ്പെടാത്ത പാപം കൂടിയാണ്. ‘തീർച്ച അല്ലാഹുവിനോട് പങ്ക് ചേർക്കുന്നത് അവൻ പൊറുക്കുന്നതല്ല. അതിന് താഴെയുള്ള പാപം അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിനോട് പങ്ക് ചേർത്താൽ മഹാപാപമാണ് മെനയുന്നത് (സൂറത്തുന്നിസാഅ് 48). ശാശ്വത സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്രമായ സ്വർഗത്തിൽ പ്രവേശിക്കാൻ ശിർക്ക് തടസ്സമാണ്. എന്നല്ല, സ്വർഗം നിഷിദ്ധമാക്കിത്തീർക്കുന്ന നീചവൃത്തിയാണ് ശിർക്ക്. ‘ആരെങ്കിലും അല്ലാഹുവിന് പങ്കുകാരെ വിശ്വസിക്കുന്നുവെങ്കിൽ അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കിക്കഴിഞ്ഞു. നരകമാണവന്റെ സങ്കേതം. മഹാപാപികൾക്ക് സഹായികളാരുമുണ്ടാവില്ല (സൂറത്തുൽ മാഇദ 72).
എന്താണ് ശിർക്ക്? അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഒരിക്കൽ നബി(സ്വ)യോട് ചോദിച്ചു: ‘ഏറ്റവും വലിയ പാപം ഏതാണ്? അവിടന്ന് പറഞ്ഞു: ശിർക്ക്. അതായത് നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് തുല്യനെ വിശ്വസിക്കൽ’ (നസാഈ 4025, ബുഖാരി 4477). അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തുടർന്ന് പറയുന്നു: റസൂൽ(സ്വ)യുടെ ഈ മറുപടിയെ സ്ഥിരീകരിച്ചുകൊണ്ട് അപ്പോൾ പരിശുദ്ധ ഖുർആൻ അവതരിച്ചു. അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യനെ ആരാധിക്കാത്തവർ (അവരാണ് യഥാർഥ അടിമകൾ) (സൂറത്തുൽ ഫുർഖാൻ 68). ശിർക്കിൽ നിന്ന് പൂർണ മോചനം നൽകുന്ന മഹാമന്ത്രവും ഏറ്റവും വലിയ സത്യപ്രസ്താവനയുമാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നത്. ഈ മഹത്തായ ആശയം അംഗീകരിക്കുന്ന, പ്രഖ്യാപിക്കുന്ന ഒരു വിശ്വാസിയെ ശിർക്കാരോപിക്കാൻ കഴിയില്ല.
മലക്കുകൾ ആദമിന്റെ മുന്നിൽ സുജൂദിൽ വീണു, എന്നിട്ട് പോലും അത് ശിർക്കായില്ല. കാരണം അവിടെ ലാഇലാഹ ഇല്ലല്ലാഹ് ഉണ്ട്. തൗഹീദ് പഠിപ്പിക്കാൻ നിയുക്തനായ ഇബ്റാഹീം നബി(അ) നക്ഷത്രത്തെ നോക്കി പറഞ്ഞു: ഇതെന്റെ റബ്ബാണ്, പിന്നീട് ചന്ദ്രനെ നോക്കി പറഞ്ഞു: ഇതെന്റെ റബ്ബാണ്. ശേഷം സൂര്യനെ നോക്കി പറഞ്ഞു: ഇതെന്റെ റബ്ബാണ് (അൽഅൻആം 76-78). അതൊന്നും ശിർക്കായില്ല. കാരണം അവിടെയും ലാ ഇലാഹ ഇല്ലല്ലാഹ് സജീവമായി ഉണ്ടായിരുന്നു. ഒരു വിശ്വാസി സന്തോഷാതിരേകത്താൽ പറഞ്ഞുപോകുന്നു: അല്ലാഹ് നീ എന്റെ അടിമയാണ്, ഞാൻ നിന്റെ റബ്ബുമാണ് (സ്വഹീഹ് മുസ്ലിം 2747). അവിടെയും ശിർക്കിനെ ലാ ഇലാഹ ഇല്ലല്ലാഹ് തടഞ്ഞു. ആദരവിന്റെ പേരിൽ, കേവലം സഹായാഭ്യർഥനയുടെ പേരിൽ വിശ്വാസിയിൽ ശിർക്ക് ആരോപിക്കുന്നവർ പ്രമാണങ്ങളെ പൊളിക്കുകയും സ്വയം നാശം വിതയ്ക്കുകയുമാണ് ചെയ്യുന്നത്. ഖുർആൻ അത്തരക്കാരെ പിടികൂടി ശക്തമായി കൈകാര്യം ചെയ്യുന്നുണ്ട്: ‘സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും അവർ ചെയ്തിട്ടില്ലാത്ത പാപമാരോപിക്കുന്നവർ മഹാപാപവും വ്യക്തമായ തിന്മയും ചുമന്നിരിക്കുന്നു’ (സൂറത്തുൽ അഹ്സാബ് 58). സത്യവിശ്വാസികളെ ശിർക്കാരോപിച്ച് അപമാനിക്കുന്ന ഏർപ്പാട് തുടങ്ങിവെച്ചത് ഖവാരിജുകളാണ്. തങ്ങളുടെ പിഴച്ച ആദർശം അംഗീകരിക്കാത്തവരെയെല്ലാം അവർ ശിർക്കാരോപിച്ചു (അൽഫർഖു ബൈനൽ ഫിറഖ്- അബ്ദുൽ ഖാഹിരിൽ ബഗ്ദാദി, മരണം ഹിജ്റ 429, അത്തബ്സ്വീർ- ഇമാം ഇസ്ഫറായിനി, മരണം ഹി. 471).
ശിർക്കിന് സമാനമായ മഹാപാപം തന്നെയാണ് വിശ്വാസിയിൽ ശിർക്ക് ആരോപിക്കുന്നതും. ഹിജ്റ എട്ടാം വർഷം ഹിജാസിലെ ഫദക് എന്ന പ്രദേശത്ത് ഒരു യുദ്ധം നടക്കുകയാണ്. ശത്രുപക്ഷത്തെ ശക്തനായ പോരാളിയാണ് മിർദാസ് ബ്നു നഹീഖ്. അദ്ദേഹം നിരവധി വിശ്വാസികളെ കൊലപ്പെടുത്തി മുന്നേറുകയാണ്. അതിനിടെ പ്രമുഖ സ്വഹാബി ഉസാമത് ബിൻ സൈദ്(റ) അദ്ദേഹത്തെ കീഴ്പ്പെടുത്തി. ഉസാമ(റ) അദ്ദേഹത്തെ വെട്ടാൻ നേരം അയാൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു മൊഴിഞ്ഞു. രക്ഷപ്പെടാനുള്ള തന്ത്രമായിരിക്കുമെന്ന് കരുതി ഉസാമ(റ) അദ്ദേഹത്തെ വധിച്ചു. പക്ഷേ വിവരമറിഞ്ഞ പ്പോൾ നബി(സ്വ) ഉസാമയെ ചോദ്യം ചെയ്തു. ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞ ശേഷം നീ അദ്ദേഹത്തെ കൊലപ്പെടുത്തിയോ?! ഖിയാമത് നാളിൽ ആ ലാ ഇലാഹ ഇല്ലല്ലാഹ് വന്നാൽ നിനക്ക് എന്ത് ചെയ്യാൻ കഴിയും? ഖിയാമത് നാളിൽ ആ ലാ ഇലാഹ ഇല്ലല്ലാഹ് വന്നാൽ നിനക്ക് എന്ത് ചെയ്യാനാവും? നബി(സ്വ) ആ ചോദ്യം പലതവണ ആവർത്തിച്ചുകൊണ്ടേയിരുന്നു (സ്വഹീഹ് മുസ്ലിം 97). മൗലിദിന്റെ പേരിൽ, ഇസ്തിഗാസയുടെ പേരിൽ സത്യവിശ്വാസികളെ മുശ്രിക്കാക്കുന്നവർ ഈ ചോദ്യം നേരിടേണ്ടി വരും. ഖിയാമത് നാളിൽ ആ ലാ ഇലാഹ ഇല്ലല്ലാഹ് വന്നാൽ നിനക്കെന്ത് ചെയ്യാൻ കഴിയും?!
സുലൈമാൻ മദനി ചുണ്ടേൽ