അനസ് നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബി(സ്വ) പറഞ്ഞു: നിങ്ങളുടെ സമയങ്ങളിൽ നന്മകളെ അന്വേഷിക്കുക, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കിരണങ്ങൾ നിങ്ങൾ നേടുക, നിശ്ചയം അല്ലാഹു അവന്റെ കാരുണ്യത്തിന്റെ കിരണങ്ങൾ പ്രസരിപ്പിക്കുന്നുണ്ട്. അവന്റെ ദാസന്മാരിൽ അവനുദ്ദേശിച്ചവർ അത് പ്രാപിക്കും. നിങ്ങളുടെ ന്യൂനതകൾക്ക് മറയിടാനും ഭയാശങ്കകളിൽ നിന്ന് നിർഭയത്വം നൽകാനും നിങ്ങൾ റബ്ബിനോടിരക്കുക (ശർഹുസ്സുന്ന).
കാലമൊരു മഹാപ്രതിഭാസമാണ്. മെഗാ സെക്കന്റുകൾക്കും താഴെ നമുക്കതിനെ അളന്നു തിട്ടപ്പെടുത്താം. പക്ഷേ, പിടിച്ചു നിർത്താനാവില്ല. കാലത്തിന്റെ തുടക്കം മുതൽ നിരന്തര സഞ്ചാരമാണതിന്. കാലം അല്ലാഹുവിന്റെ നിശ്ചയമാണ്. മനുഷ്യന്റെ ഇച്ഛാശക്തിക്കും പ്രവർത്തന സ്വാതന്ത്ര്യത്തിനും ഭംഗപ്പെടുത്താനാവാത്ത ക്രമീകരണം. സെക്കന്റുകളിൽ തുടങ്ങി യുഗങ്ങളായി വരെ അതിനെ ഗണനം ചെയ്യുകയും രാപ്പകലുകളായി അതിനെ നാം അനുഭവിക്കുകയും ചെയ്യുന്നു.
കാലം എന്നും പുതിയതാണ്. കാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന നാം, നമ്മുടെ ജീവിതാന്ത്യത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. കാലത്തിന്റെ മുന്നോട്ടുള്ള സഞ്ചാരം നമ്മെ പിറകോട്ടാണ് നയിക്കുന്നത്. ജന്മം മുതൽ കാലം നമുക്ക് വയസ്സടയാളം നൽകിക്കൊണ്ടിരിക്കുന്നു. ഭൗതികലോകത്തെ ജീവിതകാലയളവിൽ നിന്ന് കഴിഞ്ഞുപോകുന്ന സമയങ്ങളാണ് നമ്മുടെ ആയുസ്സായി മാറുന്നത്. വയസ്സ് കൂടുന്നതിനനുസരിച്ച് ആയുസ്സ് കുറയുകയാണെന്ന യാഥാർഥ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
ഒരോ പുതുവർഷപ്പുലരിയും മറ്റൊന്നിന്റെ അവസാനമാണ്. കലണ്ടർ മാറ്റം നമ്മുടെ ജീവിതയാത്രയിലെ അതിരടയാളങ്ങളും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങൾ ഇവിടെ ഉയർന്ന് വരുന്നുണ്ട്. പോയ വർഷത്തിന്റെ ആത്മീയമായ കണക്കെടുപ്പും വിലയിരുത്തലുമാണ് ഒന്നാമത്തേത്. കുറവിന്റെ പരിഹാര വിചാരവും നേടിയവയുടെ സ്വീകാര്യതക്ക് വേണ്ടിയുള്ള പ്രാർഥനയുമാണ് രണ്ടാമത്തേത്. പുതുവർഷത്തിലേക്കുള്ള നല്ല തീരുമാനങ്ങളും നിശ്ചയങ്ങളും നിയ്യത്തുകളുമാണ് മൂന്നാമത്തേത്. കലണ്ടർ മാറുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല ഇത്. കാലത്തിന്റെ ഒരു ഖണ്ഡത്തിന് പോയത്, പുതിയത് എന്നിങ്ങനെ വിശേഷണം നൽകുന്ന ഒരു സമയ സന്ധിയിൽ കൂടുതൽ പ്രസക്തമാണെന്നു മാത്രം.
കഴിഞ്ഞ ഒരു വർഷം നമ്മുടെ ആത്മീയ വ്യക്തിത്വം കൂടുതൽ തെളിയുകയാണോ മങ്ങുകയാണോ ഉണ്ടായതെന്ന് നിർണയിക്കണം. മങ്ങലേറ്റ ഭാഗങ്ങൾക്ക് തിളക്കം നൽകാനും പ്രത്യാഘാതങ്ങളിൽ നിന്ന് മോചനമുണ്ടാവാനും നിർദേശിച്ച മാർഗങ്ങൾ അവലംബിക്കണം. പുതിയ വർഷം നന്മകളാൽ സമൃദ്ധമാക്കി സ്വന്തമാക്കണം. കഴിഞ്ഞ ഒരു വർഷത്തെ കുറവുകൾ ആവർത്തിക്കില്ലെന്ന് തീരുമാനിച്ച് നല്ല മനസ്സും നല്ല നിയ്യത്തുമായി വേണം പുതുവർഷത്തിലേക്ക് കടക്കാൻ.
കാലത്തെ അല്ലാഹു ഒരു തുറന്ന പുസ്തകമായാണ് നമുക്കനുഭവപ്പെടുത്തിയിരിക്കുന്നത്. അവിടെ നന്മ-തിന്മകളുടെ അവസരങ്ങളും സാധ്യതകളും സൗകര്യങ്ങളും നമുക്ക് വായിക്കാനാവും. ജീവിതയാത്രയുടെ വഴിയും വാഹനവുമാണ് കാലം. സഞ്ചാര വഴിയുടെ ഇരുവശങ്ങളിലും നമുക്കായി ആഹ്വാനങ്ങളും നിർദേശങ്ങളുമുണ്ട്. അനുവർത്തിക്കേണ്ടതും വർജിക്കേണ്ടതും പുണരേണ്ടതും തുരത്തേണ്ടതുമുണ്ട്. വിവേചനപൂർവം അവയെ സമീപിച്ച് സുരക്ഷിതമായി ലക്ഷ്യത്തിലേക്കടുക്കണം.
കാരുണ്യവാനായ അല്ലാഹുവാണ് യാത്രയും ലക്ഷ്യവും നിർണയിച്ചത്. അതുകൊണ്ടു തന്നെ യാത്രയുടെ സ്വഭാവിക ദുരിതങ്ങൾ ഗുണപരമായിട്ടാണ് വിശ്വാസിക്കനുഭവപ്പെടുക. അതോടൊപ്പം ധാരാളം നന്മകളും സുഖസൗകര്യങ്ങളും അവൻ ഒരുക്കിയിട്ടുണ്ട്. ജീവിതത്തെ ആസ്വദിക്കുകയല്ല, അനുഭവിക്കുകയാണ് വേണ്ടത്. ആസ്വാദനങ്ങൾ പലപ്പോഴും നൈമിഷികവും അൽപായുസ്സുള്ളതുമായിരിക്കും. എന്നാൽ അനുഭവങ്ങളും അനുഷ്ഠാനവും ഓർമയിൽ തങ്ങിനിൽക്കും. നാളേക്ക്, ലക്ഷ്യസ്ഥാനത്ത് അത് ഫലപ്രദമാവുകയും ചെയ്യും. അനുഗ്രഹത്തിന്റെ നിരന്തര കടാക്ഷമാണ് അല്ലാഹു നടത്തിക്കൊണ്ടിരിക്കുന്നത്. അവ നമ്മെ തഴുകിത്തലോടണമെങ്കിൽ നാമതിന് പാകപ്പെട്ടവരാകണം. പൊതുവായ ഈ കരുണാ കടാക്ഷം പ്രാപിക്കുന്നതിനും ഏൽക്കുന്നതിനും തടസ്സമാകുന്ന കാര്യങ്ങൾ നാം വർജിക്കേണ്ടതനിവാര്യം. കാലത്തിന്റെ ഏതൊരംശത്തിനും ഈ അനുഗ്രഹ കടാക്ഷ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഒരു നിമിഷവും നിസ്സാരമല്ല. പോയ വർഷവും നിസ്സാരമായിരുന്നില്ല. അതിൽ നമ്മിൽ നിന്നുണ്ടായ ഗുണദോഷങ്ങൾ നമ്മുടെ കണക്കിൽ വന്ന് പോയതാണ്. അതുകൊണ്ടാണ് വിലയിരുത്തൽ വേണ്ടിവരുന്നത്.
സ്വഹാബി പ്രമുഖൻ ഇബ്നു മസ്ഊദ്(റ) ഓരോ പകലിനെയും കുറിച്ചിങ്ങനെയാണ് ആലോചിച്ചത്: സൂര്യാസ്തമന നേരത്ത് ഒരു പകൽ കൂടി കടന്നുപോയല്ലോ എന്നോർത്ത് ഖേദിക്കുന്നത് പോലെ ഒന്നിന്റെ പേരിലും ഞാൻ ദു:ഖിച്ചിട്ടില്ല. എന്റെ ആയുസ്സിൽ നിന്ന് ഒരു പകൽ കുറഞ്ഞിരിക്കുന്നു, എന്നാൽ എന്റെ സൽകർമങ്ങളിൽ വർധനവുണ്ടായിട്ടുമില്ല.’ പോയ സമയങ്ങളെ കുറിച്ച വിചാരം മഹാന്മാരെ അലോസരപ്പെടുത്തിയത് ഈ വിധത്തിലാണ്.
ഭാവികാലവും നിസ്സാരമല്ല, എന്നാലത് അനിശ്ചിതമാണ്. അതിലേതെങ്കിലുമൊരു തിയ്യതി നമ്മുടെ അന്ത്യനിമിഷം കുറിക്കപ്പെട്ടതാണോ എന്നത് നമുക്കജ്ഞാതം. പക്ഷേ, നാളേക്കായി നല്ല തീരുമാനങ്ങളെടുക്കാനും നിയ്യത്ത് വെക്കാനും നമുക്ക് സാധിക്കും. സ്വഹാബികൾ പുതുവർഷാരംഭത്തിലും മാസാരംഭത്തിലും പ്രാർഥിച്ചതും പഠിപ്പിച്ചതുമായ ദുആ ഹദീസിൽ വന്നിട്ടുണ്ട്: അല്ലാഹുവേ, വിശ്വാസം കൊണ്ടും നിർഭയത്വം കൊണ്ടും സമാധാനം കൊണ്ടും ഇസ്ലാം കൊണ്ടും കാരുണ്യവാനായ നാഥന്റെ പൊരുത്തം കൊണ്ടും പിശാചിൽ നിന്നുള്ള സംരക്ഷണം കൊണ്ടും ഈ വർഷത്തെ/ മാസത്തെ ഞങ്ങളിലേക്ക് നീ എത്തിക്കേണമേ (ത്വബ്റാനി).
അലവിക്കുട്ടി ഫൈസി എടക്കര