ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍
അറുപത്തിയേഴ്: സൈനുദ്ദീന്‍ അല്‍ മഖ്ദൂം അല്‍ കബീര്‍ (മരണം ഹി. 928). കേരള മുസ്ലിം നവോത്ഥാന നായകന്. ഹദീസിലും കര്‍മശാസ്ത്രത്തിലും നിപുണനായിരുന്നെങ്കിലും പ്രബോധനത്തിലും വിജ്ഞാന പ്രചാരണത്തിലും ആത്മീയ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലും വിശുദ്ധ സമരങ്ങളിലും സജീവമായി. ശൈഖ് സകരിയ്യല്‍ അന്സ്വാരിയുടെ ശിഷ്യന്. പൊതുജനങ്ങള്‍ക്കുവേണ്ടി മഖ്ദൂമെഴുതിയ മുര്‍ശിദുത്വാലിബിനില്‍ പലയിടങ്ങളിലും ബിഹഖി മുഹമ്മദിന് വ ആലിഹില്‍ അബ്റാര്‍/ബി ഹുര്‍മത്തി ഹാദന്നബിയ്യില്‍ കരീം തുടങ്ങിയ തവസ്സുല്‍ പ്രയോഗങ്ങള്‍ ഇടം തേടിയിട്ടുണ്ട്.
വിശുദ്ധ റമളാനില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ രാത്രികള്‍ സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വരികള്‍ക്കിടയില്‍ മഖ്ദൂം പറഞ്ഞു: ‘പാതിരാത്രിയില്‍ നീ കരയുക, വിനയാന്വിതനായി പ്രാര്‍ത്ഥിക്കുക, നാളെ പാപികള്‍ക്കു ശിപാര്‍ശ ചെയ്യുന്ന ശിപാര്‍ശകന്റെ ജാഹു കൊണ്ട് നീ അഭയം തേടുക’ മഖ്ദൂം കബീറിന്റെ മറ്റൊരു രചനയാണ് സിറാജുല്‍ ഖുലൂബ്. ഗ്രന്ഥത്തില്‍ ‘വന്‍ഫഅ്നാ ബി ബറകതിസ്വാലിഹീന്‍/വനഫഅനാ ബി ബറകതിഹാ’ (പുണ്യാത്മാക്കളെക്കൊണ്ട് ഉപകാരം തരണേ) എന്നു തുടങ്ങിയ സന്ദര്‍ഭോചിത പ്രാര്‍ത്ഥനകള്‍ എമ്പാടുമുണ്ട്. പുറമെ ‘അല്ലാഹുമ്മ സ്വല്ലി അലാ ശാഫിഇല്‍ ഉമ്മതി വ കാശിഫില്‍ ഗുമ്മഃ വിഷമങ്ങളകറ്റുന്ന നബി എന്ന സ്വലാത്ത് കാണാം. ഗ്രന്ഥത്തിന്റെ 267,268 താളുകളില്‍, നന്മക്കു താല്പര്യമില്ലാത്ത നഫ്സിനോട് ചെയ്യുന്ന അര്‍ത്ഥഗര്‍ഭമായ ഉപദേശകാവ്യം കാണാം:
‘വിചാരണയുടെ ഭീകരാന്തരീക്ഷത്തില്‍ നിന്നെ രക്ഷപ്പെടുത്തുവാനാരുണ്ട്? സന്മാര്‍ഗദര്‍ശിയായ അഹ്മദ് നബിയുടെ ശഫാഅത്തല്ലാതെ. അവിടുത്തെ സന്നിധിയില്‍ നിനക്കു മാപ്പ് പ്രതീക്ഷിക്കാം. അവിടുത്തെ ഖബ്റിങ്കലേക്ക് യാത്ര തിരിക്കാന്‍ നീ ശ്രമിക്കൂ. ആ വാതില്ക്കല് നീ നിന്റെ ചെറുപ്പം പ്രകടമാക്കൂ. അവിടുത്തെ സൗന്ദര്യവും സമാഗമവും നീ ആസ്വദിക്കൂ. മനുഷ്യര്‍ക്കിടയില്‍ നീ നഷ്ടപ്പെട്ടവനാകാതിരിക്കാന്‍. ആ വിശുദ്ധ മണ്ണിലെത്തിയാല്‍ അവിടം നീ തഅ്ളീം ചെയ്യുക; ബഹുമാനാദരവുകളോടെ മാത്രം പ്രവേശിക്കുക. നിനക്ക് അത്യുന്നതനായ റബ്ബിങ്കല്‍ നിന്നും വിജയം നേടിയെടുക്കാനായേക്കാം. പാപപ്പിഴവുകള്‍ പൊറുപ്പിക്കപ്പെട്ടു മടങ്ങാം. ആ വിശുദ്ധ ജാറത്തിങ്കല്‍ നിന്നും പ്രകാശ കിരണങ്ങള്‍ പ്രപഞ്ചത്തെ പ്രകാശപൂരിതമാക്കുന്നുവെന്നു നീ സാക്ഷ്യം വഹിക്കുക…’
മഖ്ദൂം കബീര്‍ വീണ്ടും ഹൃദയങ്ങളില്‍ വിളക്കു കൊളുത്തുന്നു: യാ സയ്യിദുല്‍ കൗനൈന്‍ ജിഅ്തുക അശ്തകീ…
‘പ്രപഞ്ചങ്ങളുടെ നേതാവേ, ആവലാതിയുമായി ഇതാ ഞാന്‍ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു. കാലങ്ങളായി ഞാന്‍ ചെയ്തുവരുന്ന അപരാധങ്ങളെക്കുറിച്ചുള്ള ആവലാതി, എനിക്ക് നാളെ വിഷമങ്ങളുണ്ടാക്കുന്ന പാപങ്ങള്‍, ഞാന്‍ അങ്ങയിലേക്കുള്ള യാത്ര തീരുമാനിച്ചു വന്നതാണ്. ഹൃദയം അങ്ങയിലേക്ക് നേരത്തെ തന്നെ പുറപ്പെട്ടിട്ടുണ്ട്. എന്റെ ആയുസ്സ് ധാരാളം പാഴായി….’ ഗ്രന്ഥം അവസാനിക്കുന്നതും തവസ്സുലും ഇസ്തിശ്ഫാഉം ചെയ്തുകൊണ്ടുതന്നെ.
‘നീ അവതരിപ്പിച്ച വിശുദ്ധ വേദത്തിന്റെ ഹഖുകൊണ്ടും അതിലടങ്ങിയ ‘മഹാനാമ’ത്തിന്റെ മഹത്ത്വം കൊണ്ടും… മൂസാ നബിയുടെ തൗറാത്, തൊട്ടിലില്‍ കുഞ്ഞായിരിക്കുമ്പോള്‍ സംസാരിച്ച (ഈസാ) നബിയുടെ ഇഞ്ചീല്‍ എന്നിവയുടെ ഹഖുകൊണ്ടും… പിന്നെ നിന്റെ ഉന്നതമായ നാമങ്ങളുടെയും സകല പ്രവാചകന്മാരുടെയും ഹഖുകൊണ്ടും, അവരുടെ കുടുംബഅനുചരന്മാരുടെയും, ദീനിലെ പ്രമുഖരായ സകലരുടെയും പൂര്‍ണത പ്രാപിച്ച ആത്മീയ ഗുരുക്കന്മാരുടെയും മഹത്ത്വം കൊണ്ടും. അല്ലാഹുവേ, നീ എല്ലാ ഔലിയാഇനെയും മശാഇഖുമാരെയും തൃപ്തിപ്പെടുക; ദീനീ പ്രമുഖന്മാരെയും, അവരെ നീ ഞങ്ങളുടെ ശിപാര്‍ശകരാക്കണേ, നരകത്തില്‍ നിന്നും നീ ഞങ്ങളെ രക്ഷപ്പെടുത്തണേ….’
മന്ഖൂസ് മൗലിദിലെ വരികള്‍ മഖ്ദൂമിന്റെ മേല്‍ ചുമത്തുമ്പോള്‍ ആക്രോശിക്കുന്നവര്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉരുളുന്നതു കാണാന്‍ കൗതുകമായിരിക്കും.
അറുപത്തിയെട്ട്: ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി (ഹി. 974). ശാഫിഈ മദ്ഹബിലെ ‘ഒടുവിലത്തെ ആധികാരിക വക്താവ്’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഒട്ടേറെ ബൃഹദ്ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഹദീസ് പരിജ്ഞാനി. തന്റെ തുഹ്ഫയും സവാജിറും ഫതാവയും അല്‍ജൗഹറും ഇമാം നവവി(റ)യുടെ ഈളാഹിനെഴുതിയ വ്യാഖ്യാനവും ഇമാം ബൂസ്വീരി(റ)യുടെ ഹംസിയ്യ എന്ന കാവ്യരത്നമാലക്കു സമര്‍പ്പിച്ച വ്യാഖ്യാനവും ഹൈതമിയുടെ അവഗാഹമേറിയ ജ്ഞാനത്തിന്റെ നിദര്‍ശനങ്ങളാണ്. പരാമൃഷ്ട കൃതികളിലെല്ലാം തവസ്സുല്‍, ഇസ്തിഗാസ ചെയ്തും സ്ഥാപിച്ചും നിഷേധികളെ ഖണ്ഡിച്ചും കാണാം. തിരുദൂതരെ സിയാറത്ത് ചെയ്യുന്നത് സുന്നത്തായ പുണ്യകര്‍മമാണെന്ന കാര്യം നിഷേധിക്കുന്ന ചില പിഴച്ച ചിന്താഗതിക്കാരെക്കുറിച്ചു വ്യംഗ്യമായി തുഹ്ഫയില്‍ പരാമര്‍ശിച്ചപ്പോള്‍, ശറഹു ഈളാഹില്‍ അവര്‍ ആരാണെന്നു വ്യക്തമാക്കുകയുണ്ടായി.
അല്‍ജൗഹറില്‍ ഹൈതമി പറയുന്നു: ‘തനിക്കുമുമ്പ് മറ്റൊരാളും പറഞ്ഞിട്ടില്ലാത്തതും ഇബ്നു തൈമിയ്യയുടെ ഖുറാഫാതില്‍ പെട്ടതുമാണ്അതുവഴി അദ്ദേഹം മുസ്ലിംകള്ക്കിടയില് ഒരു വിപത്തായിത്തീര്‍ന്നുനബി(സ്വ)യെ ഇസ്തിഗാസയും തവസ്സുലും ചെയ്യുന്നതിനോടുള്ള തന്റെ നിഷേധം. അദ്ദേഹം പറയുന്നപോലെയല്ല സത്യം.’
വിശുദ്ധ ഖുര്‍ആന്‍ 4/64ലെ ആശയം പ്രയോഗവല്‍ക്കരിക്കുന്ന വിവിധ സംഭവങ്ങള്‍ ഇമാം ഹൈതമി വിവിധ ഗ്രന്ഥങ്ങളില്‍ പകര്‍ത്തുന്നു. വിഷമങ്ങളകറ്റാന്‍ തിരുദൂതരെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്ന ഇമാം ബൂസ്വീരിയുടെ വരികള്‍ വിശദീകരിച്ച്, തിരുദൂതരോട് സഹായം തേടുന്നവന് ഹതാശയനാകേണ്ടി വരില്ലെന്ന ഉറപ്പു നല്‍കുകയാണ് വിശ്വപ്രസിദ്ധനായ ഇമാം ഹൈതമി(റ).
അറുപത്തിയൊമ്പത്: ഇമാം അബ്ദുല്‍ വഹാബുശ്ശഅ്റാനി (ഹി. 974). ആധികാരിക സ്വൂഫി ഗ്രന്ഥകാരന്. അഹ്ലുസ്സുന്നത്തിന്റെ അതിരുകള്‍ക്കകത്ത് ഫിഖ്ഹിനെയും തസ്വവ്വുഫിനെയും ഏകോപിപ്പിക്കാന്‍ തൂലിക ചലിപ്പിച്ച അതിപ്രശസ്തന്‍. ബൃഹത്തായ എഴുപതോളം രചനകളുണ്ട് ഇമാം ശഅ്റാനിയുടേതായി. തന്റെ ‘അല്‍ ഉഹൂദില്‍ മുഹമ്മദിയ്യ’ അടക്കമുള്ള ഗ്രന്ഥങ്ങള്‍ ആശയ സമ്പുഷ്ടവും പ്രമാണനിബദ്ധവുമാണ്. തിരുദൂതരുടെ ഓരോ നിര്‍ദേശവും വിലക്കും ഹദീസുകളുദ്ധരിച്ചു സമര്‍ത്ഥിച്ചും അതിന്റെ പൊരുളുകളിലേക്ക് കൊണ്ടുപോകുന്നതുമായ സമാനതകളില്ലാത്ത കൃതിയാണിത്. ഇസ്തിഗാസയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രസ്തുത ഗ്രന്ഥത്തില്‍ ഇമാം ശഅ്റാനി എഴുതുന്നുണ്ട്.
‘പ്രാര്‍ത്ഥിക്കുവീന്‍, ഉത്തരം ചെയ്യാമെന്നാണ് അല്ലാഹു പറഞ്ഞത്. പ്രാര്‍ത്ഥന അതിന്റെ മുഴുവന്‍ നിബന്ധനകളോടെയും ചെയ്യണം. അടിമത്തത്തിന്റെ സകല താഴ്മകളും ഉപയോഗിക്കുന്ന ഭാഷയിലെ മര്യാദകളും ചോദിക്കുന്ന സമയങ്ങളുടെ തെരഞ്ഞെടുപ്പും ചോദിക്കുന്നവനും ചോദിക്കപ്പെടുന്നവനും തമ്മിലുള്ള പൂര്‍വബന്ധമെല്ലാം ഉത്തരം ലഭിക്കാന്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. തന്റെ ഇഷ്ടദാസന്മാര് ചോദിച്ചാല്‍ ഞാന്‍ നല്‍കുക തന്നെ ചെയ്യുമെന്ന് സച്ചരിതരെക്കുറിച്ച് ഹദീസിലും, നിങ്ങളിലാരെപ്പോലെയും ഗണിക്കരുത് പ്രവാചകന്(സ്വ)യുടെ പ്രാര്‍ത്ഥനയെന്ന് വിശുദ്ധ ഖുര്‍ആനിലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അയോഗ്യതകള്‍ മാത്രമുള്ള സ്വയമറിയുന്ന വിനയാന്വിതനായ അടിമ, പ്രാര്‍ത്ഥിക്കാനറിയുന്നവരോട് പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുകയാണ് ഇസ്തിഗാസ. കാരണം, അല്ലാഹു ‘പ്രാര്ത്ഥിക്കുന്നവന്’ ഉത്തരം ചെയ്യും. വലിയ പ്രതീക്ഷയാണ് ഇസ്തിഗാസ ചെയ്യുന്നവനുള്ളതെന്നര്‍ത്ഥം’ഇമാം ശഅ്റാനി തന്റെ ഉഹൂദില്‍ വിവരിക്കുന്നു.
എഴുപത്: അശ്ശൈഖ് അബ്ദുല്‍ അസീസ് അസ്സംസമി (ഹി. 976). മക്കയിലെ പ്രമുഖ പണ്ഡിതന്. രണ്ടു പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിച്ചു. ഒന്ന്: അല്‍ ഫത്ഹുത്താം ഫീ മദ്ഹി ഖൈറില്‍ അനാം, രണ്ട്: അല്‍ഫത്ഹുല്‍ മുബീന് ഫീ മദ്ഹി ഖൈറില്‍ മുര്‍സലീന്‍. സംസമിയെക്കുറിച്ച് അബ്ദുല്‍ ഖാദിറില്‍ ഐദറൂസി (ഹി. 1037) എഴുതുന്നു: ‘അദ്ദേഹം മഹാസാത്വികനായിരുന്നു. തന്റെ മനോഹരകാവ്യത്തില്‍, ആശ്വാസത്തിന്റെ വരികള്‍ കാണാം. അത്യുത്തമ സ്വഭാവത്തിന്റെ ഉടമയായ പ്രവാചകനോടു ഇസ്തിഗാസ ചെയ്യുന്ന വരികള്‍ ധാരാളം. ദൈവദൂതരേ, ആശ്വാസം ഉടനെ തരണേ… വിഷമങ്ങള്‍ ഒന്നൊന്നായ്, പ്രയാസം കഠിനവും. ദൈവദൂതരേ, വഴികളെല്ലാമടഞ്ഞാലും അങ്ങയുടെ മഹത്ത്വത്താലെനിക്ക് വിശാലത ലഭിക്കും. അല്ലാഹു സത്യം, അങ്ങയിലഭയം നേടിയവന് വിഷമങ്ങളകന്ന് ആശ്വാസം കണ്ടിടും’ (അന്നൂറുസ്സാഫിര്‍).