പതിവിന് വിപരീതമായി തിരുനബി(സ്വ) ഭയം കലർന്ന മുഖത്തോടെ വീട്ടിലേക്ക് ഓടിവരുന്നതു കണ്ട് ബീവി ഖദീജ(റ) പരിഭ്രമിച്ചു. എന്നെ പുതപ്പിക്കൂ എന്ന് പറഞ്ഞുകൊണ്ട് അവിടന്ന് വീട്ടിലേക്ക് കയറി. ഖദീജ(റ) ഭർത്താവിനെ അണച്ചുപിടിച്ചു. നല്ല ചൂട്. ശക്തമായി പനിക്കുന്നുണ്ട്. പുതപ്പിച്ചു കൊടുത്ത് ബീവി തിരുദൂതരെ സമാധാനിപ്പിച്ചു. സംഭവിച്ചതെല്ലാം പ്രവാചകർ(സ്വ) ബീവിക്ക് പറഞ്ഞുകൊടുത്തു. ഹിറാ ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുകയായിരുന്നു നബി(സ്വ). അത് കുറച്ചു ദിവസമായുള്ള ശീലമാണ്. ഏകാന്തതയോട് വല്ലാത്ത പ്രിയം തോന്നി അവിടെ പോയിരിക്കുകയാണ്. ഇന്ന് അസാധാരണമായ രൂപത്തിൽ ഒരാൾ വന്ന് നബിയോട് വായിക്കാൻ ആവശ്യപ്പെട്ടു. തനിക്ക് വായിക്കാനറിയില്ലെന്ന് മറുപടി നൽകിയപ്പോൾ ആഗതൻ ശക്തമായി അണച്ചുപിടിച്ചു, പിന്നെ വിട്ടു. രണ്ടാമതും മൂന്നാമതും ചോദ്യവും മറുപടിയും ആലിംഗനവും ആവർത്തിച്ചു. പിന്നീട് സൂറത്തുൽ അലഖിലെ ആദ്യ പഞ്ചസൂക്തങ്ങൾ ആഗതൻ ഓതിക്കേൾപ്പിച്ചു. എന്നിട്ട് അപ്രത്യക്ഷനായി. അസാധാരണമായ ഈ അനുഭവത്തിൽ പരിഭ്രമിച്ച് ഓടിവന്നതാണ് ഭർത്താവ്. തനിക്കെന്തോ സംഭവിക്കാൻ പോകുന്നുവെന്നാണ് വേവലാതി.
ബീവി കൂടുതലായൊന്നും ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. പേടിയേറ്റുന്ന വാക്കുകൾ പറഞ്ഞ് സാഹചര്യം വഷളാക്കിയതുമില്ല. തിരുശരീരത്തിൽ ആശ്വാസ തലോടലുകളേകി മഹതി പറഞ്ഞു: അങ്ങ് സന്തോഷവാനായി ഇരിക്കുക. ഒട്ടും ഭയക്കേണ്ടതില്ല. അല്ലാഹു താങ്കളെ ഒരിക്കലും ഉപേക്ഷിക്കില്ല. കാരണം അങ്ങ് സത്യസന്ധമായ ജീവിതം നയിക്കുന്നു. കുടുംബബന്ധം ചേർക്കുന്നു. മറ്റുള്ളവരുടെ പ്രയാസം സ്വന്തം ചുമലിലേറ്റുന്നു. അഗതികൾക്കു വേണ്ടി ഓടിനടക്കുന്നു. അതിഥിയെ സൽകരിക്കുന്നു. സത്യത്തിന് വേണ്ടി ത്യാഗം ചെയ്യുന്നു. ഏറെ പരിഭ്രമിച്ചുപോയ ഘട്ടത്തിൽ പത്നിയിൽ നിന്ന് ലഭിച്ച സാന്ത്വനവാക്കുകൾ തെല്ലൊന്നുമല്ല തിരുനബിക്ക് ആശ്വാസം പകർന്നത്.
അധികം വൈകാതെ തിരുനബിയെയും കൂട്ടി ഖദീജ(റ) തന്റെ പിതൃസഹോദരപുത്രനായ വറഖതുബിൻ നൗഫലിനെ പോയി കണ്ടു. വിവരണങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. മക്കക്കാർ അൽഅമീൻ എന്ന് വിളിച്ച് വളരെ സ്നേഹത്തോടെ കണ്ടുവരുന്ന മുഹമ്മദ് നബി(സ്വ)യിൽ നാൽപത് വയസ്സാകാനടുത്ത സമയത്ത് പല മാറ്റങ്ങളും സംഭവിച്ചു. ഉറക്കത്തിൽ വിശേഷ സ്വപ്നങ്ങൾ കാണുന്നു. കിനാവിൽ കാണുന്നതെല്ലാം പ്രഭാതം പുലരുന്ന പോലെ യാഥാർഥ്യങ്ങളായി ഭവിക്കുന്നു. വഴിയരികിലെ മരങ്ങളും കല്ലുകളും അല്ലാഹുവിന്റെ റസൂലേ എന്ന് സംബോധന ചെയ്ത് സലാം പറയുന്നു. പ്രപഞ്ചസ്രഷ്ടാവിനെ കുറിച്ചുള്ള ആലോചനകൾ തികട്ടിവരുന്നു. ഏകാന്തനായി ചിന്തയിലാണ്ടിരിക്കുന്നത് ഈ സമയത്ത് കൂടുതൽ പ്രിയതരമായിരിക്കുന്നു. വിവരണങ്ങളെല്ലാം കേട്ട് വറഖത്ത് പറഞ്ഞു: ഇത് മൂസാനബിയെ തേടിവന്ന രഹസ്യസൂക്ഷിപ്പുകാരനാണ്. താങ്കൾക്ക് അല്ലാഹു പ്രവാചകത്വമെന്ന വലിയ പദവി നൽകിയിരിക്കുന്നു. താങ്കളുടെ പ്രബോധന ഘട്ടത്തിൽ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ സ്വന്തം ജനത അങ്ങയെ പുറത്താക്കുമ്പോൾ ഞാൻ സഹായിക്കുമായിരുന്നു. വറഖത്തിന്റെ ആ പരാമർശം തിരുദൂതർക്ക് അവിശ്വസനീയമായി തോന്നി. മക്കക്കാർ എന്നെ പുറത്താക്കുമെന്നോ- അവിടന്ന് ആശ്ചര്യപ്പെട്ടു. അത് സംഭവിക്കുമെന്ന് വറഖത്ത് തറപ്പിച്ചു പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷവും ഉത്തരവാദിത്തത്തിന്റെ ഭാരം ഉണ്ടാക്കുന്ന ആശങ്കകളും കാരണം സന്തോഷവും ആശങ്കയും സമ്മിശ്രമായ വികാരങ്ങളോടെ നബി(സ്വ) ഖദീജയുടെ കരം പിടിച്ച് വീട്ടിലേക്ക് മടങ്ങി.
തിരുനബി(സ്വ)യുടെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യ ഭാര്യയാണ് ഖദീജ(റ). ഇബ്റാഹീം ഒഴികെ പ്രവാചകരുടെ എല്ലാ മക്കളുടെയും മാതാവ് അവരാണ്. വിവാഹ സമയത്ത് നബിയേക്കാൾ പതിനഞ്ച് വയസ്സ് അധികമുണ്ടായിരുന്നു ബീവിക്ക്. വിശുദ്ധ ഇസ്ലാം പുൽകിയ ആദ്യത്തെ വനിത എന്ന മഹത്ത്വം ഖദീജ(റ)ക്കു സ്വന്തം.
ഭാര്യ-ഭർത്താക്കന്മാരുടെ പാരസ്പര്യവും കൂട്ടുജീവിതവും എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു ഇരുവരുടേതും. കായികവും മാനസികവുമായി കൂടുതൽ കരുത്തനായ പുരുഷൻ കുടുംബത്തിന്റെ നിത്യവൃത്തിക്കായി പുറത്തുപോയി അധ്വാനിക്കുന്നു. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് വീട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഭാര്യമാർ ചെയ്തുവരുന്നത്. അവർക്ക് ഏറെ സൗകര്യപ്രദവും ആശ്വാസകരവുമാണ് ഈ രീതി. എന്നാൽ ഭർത്താക്കന്മാരെ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് ഭാര്യമാരും നിർവഹിക്കേണ്ടത്. ക്ഷീണിച്ചവശരായി വരുന്ന ഭർത്താവിന് മുന്നിൽ പരിഭവങ്ങളുടെ ഭാണ്ഡമഴിച്ചു വെക്കുന്നവരുണ്ട്. ഓഫീസിലെ ജോലിഭാരം തീർത്ത മാനസിക പിരിമുറുക്കത്തോടെ കടന്നുവരുന്ന ഭർത്താവിനോടും ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസി ഭർത്താക്കന്മാരോടുമെല്ലാം ഭാര്യമാർ എങ്ങനെയാണ് പെരുമാറുന്നത്? സ്വർഗീയ വനിതകളുടെ നേതാക്കളിൽപെടുന്ന ബീവി ഖദീജ(റ)യിൽ നമുക്കേറെ മാതൃകയുണ്ട്. പ്രവാചകത്വലബ്ധിയുടെ വലിയ ഉത്തരവാദിത്വം ഏറ്റുവാങ്ങി വന്ന തിരുനബി(സ്വ)യെ മഹതി എങ്ങനെയാണ് പരിചരിച്ചതെന്ന് നാം വായിച്ചല്ലോ. ബീവിയുടെ കാൽപാടുകൾ പിന്തുടരാൻ നമുക്ക് സാധിക്കണം.
ഭർത്താവിന് പിന്തുണയും ആശീർവാദങ്ങളും നൽകി ഖദീജ(റ) കൂടെ നിന്നു. വിശുദ്ധ ഇസ്ലാം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യമായി ഇസ്ലാമിലേക്കു വന്നതും മഹതിതന്നെ. ഭർത്താവിനോടുള്ള സമർപ്പണത്താൽ തന്റെ സമ്പത്തും പ്രതാപങ്ങളും പൂർണമായും അവർ ഇസ്ലാമിന് നൽകി. ശിഅ്ബു അബീത്വാലിബിൽ ഖുറൈശികൾ നബിയെയും അനുയായികളെയും ഉപരോധമേർപ്പെടുത്തി പീഡിപ്പിച്ച ഘട്ടത്തിൽ ഖദീജ(റ)യുടെ സ്വത്തുക്കൾ കൊണ്ട് മുസ്ലിംകൾ കഴിഞ്ഞുകൂടി. മക്കയിലെ കോടീശ്വരിയായ മഹതി അക്കാലത്ത് ഇസ്ലാമിനു വേണ്ടി വല്ലാതെ പട്ടിണികിടന്നു. പച്ചിലകൾപോലും തിന്ന് വിശപ്പടക്കേണ്ടിവന്നു. ഉപരോധം തീർന്നപ്പോഴേക്കും ഖദീജ(റ)യുടെ സമ്പത്ത് ഇല്ലാതായിക്കഴിഞ്ഞിരുന്നു. കച്ചവടം തകർന്നു. അവർ രോഗിയായി. റസൂലിന്റെ പിതൃവ്യൻ അബൂത്വാലിബും ഈ സമയം മരണക്കിടക്കയിലാണ്.
അബൂത്വാലിബിന്റെ വിയോഗം കഴിഞ്ഞ് രണ്ടുമൂന്നു ദിവസം ആവുന്നതേയുള്ളു. ഖദീജ(റ)യുടെ രോഗം മൂർച്ഛിച്ചിരിക്കുന്നു. രോഗാവസ്ഥക്കിടയിലും തിരുപ്രവാചകർക്ക് സേവനം ചെയ്യാനായിരുന്നു അവരുടെ താൽപര്യം. പക്ഷേ അധികം നീണ്ടുപോയില്ല. മഹതി കിടപ്പിലായി. ഇടക്കിടെ കണ്ണുതുറക്കുമ്പോഴെല്ലാം ബീവി കാണുന്നത് തന്നെ തലോടിയും പരിചരിച്ചും സമാശ്വസിപ്പിച്ചും അടുത്തിരിക്കുന്ന തിരുമേനിയെയാണ്. അവർക്ക് വലിയ ആശ്വാസമനുഭവപ്പെട്ടു. ഫാത്വിമതുൽ ബതൂൽ(റ) മാറിനിന്ന് കണ്ണീരൊഴുക്കുന്നു. മാതാവിനെ സന്ദർശിക്കാൻ വരുന്നവരെ കാണുമ്പോൾ ഫാത്വിമ(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മുത്ത്നബിയുടെ സാന്നിധ്യത്തിൽ കിടന്ന് ഖദീജ ബീവി(റ) മരണത്തെ സ്വീകരിക്കാനൊരുങ്ങുകയാണ്. ജിബ്രീൽ(അ) ഇറങ്ങിവന്ന് ഖദീജ സ്വർഗത്തിലാണെന്ന സുവിശേഷം അറിയിച്ചു. നബിയും മൂന്നു പെൺമക്കളും നോക്കിയിരിക്കെ ആ ഉത്തമ വനിത ഇലാഹീ സവിധത്തിലേക്കുയർന്നു! വാർത്ത മക്കയിൽ പടർന്നു. എല്ലാവർക്കും നല്ലതു മാത്രം പറയാനുള്ള മഹതിയുടെ വിയോഗ വൃത്താന്തം ഹൃദയ വേദനയോടെ അവർ കൈമാറി. ആലംബമായിരുന്ന അബൂത്വാലിബിന്റെ വിയോഗം കഴിഞ്ഞ് ദിവസങ്ങൾക്കകം ജീവിതപാതി കൂടി നഷ്ടപ്പെട്ടപ്പോൾ തിരുനബി(സ്വ) ഏറെ വ്യസനിച്ചു.
തന്റെ മരണം വരെ ഖദീജ(റ)യെ പ്രവാചകർ ഓർത്തിരുന്നു. അവരുടെ ആണ്ടു ദിവസം അറവു നടത്തി മാംസം ബീവിയുടെ കൂട്ടുകാരികൾക്ക് കൊടുത്തയച്ചിരുന്നു. പിന്നീട് ആഇശ(റ)യുൾപ്പെടെ പലരെയും കല്യാണം കഴിച്ചെങ്കിലും പലപ്പോഴും ഖദീജ(റ)യെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. അപദാനങ്ങൾ വാഴ്ത്തും. ചില സമയങ്ങളിൽ ആഇശ(റ) ചോദിക്കുകപോലും ചെയ്തു: ‘അങ്ങേക്കെപ്പോഴും അവരെക്കുറിച്ച് തന്നെയേ പറയാനുള്ളൂ?’
‘നിങ്ങൾ എത്ര പേർ ചേർന്നാലും എന്റെ ഖദീജയുടെ അരികിലെത്തില്ല’ എന്നായിരുന്നു മറുപടി. ജീവിത കാലത്ത് ഖദീജ(റ) നടത്തിയ ആത്മസമർപ്പണത്തിന്റെ പ്രതിഫലനമായിരുന്നു ഇത്.
നിശാദ് സിദ്ദീഖി രണ്ടത്താണി