സവിശേഷ സൃഷ്ടികളാണ് മലക്കുകളെയാണ് ലോക കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു ചുമതലപ്പെടുത്തിയിരിക്കുന്നത്. ‘ലോക കാര്യങ്ങൾ നിയന്ത്രിക്കുന്നത് നാലു പ്രധാന മലക്കുകളാണ്. ജിബ്രീൽ, മീകാഈൽ, മലകുൽ മൗത്ത്, ഇസ്റാഫീൽ(അ) എന്നിവർ. ജിബ്രീൽ(അ) അലൗകിക സേനകളെയും മീകാഈൽ(അ) മഴ ജലം മുതലായവയും അസ്റാഈൽ(അ) ആത്മാവ് പിടിക്കലും ഇസ്റാഫീൽ(അ) മറ്റു വലിയ കാര്യങ്ങളും നിയന്ത്രിക്കുന്നു (തഫ്സീർ ഖുർത്വുബി, സൂറത്തുസ്സജദ, ശുഅബുൽ ഈമാൻ ബൈഹഖി).
മലക്കുകൾ അസംഖ്യമാണ്. ഭൂവാനങ്ങളിലായി അനേക കോടി സൃഷ്ടികളുണ്ട്. എന്നാൽ ഇവയെല്ലാം കൂടിയാലും മലക്കുകളുടെ പത്ത് ശതമാനമേ വരൂ. അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു: അല്ലാഹുവിന്റെ സൃഷ്ടികൾ പത്ത് ഭാഗങ്ങളാണ്. അതിൽ ഒമ്പത് ഭാഗവും മലക്കുകളാണ്. ഒരു ഭാഗം മാത്രമാണ് മറ്റു സൃഷ്ടികൾ (8507 മുസ്തദ്റക്, ഇബ്നു അസാകിർ, ഇബ്നു ജരീർ). ഖുർആൻ പറഞ്ഞു: താങ്കളുടെ നാഥന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുന്നതല്ല (സൂറത്തുൽ മുദ്ദസിർ 31).
മലക്കുകൾ അനേകം വിഭാഗങ്ങളുണ്ട്. അവരിൽ ചിലരെ കുറിച്ച് പറയാം: 1. അർശ് വാഹകർ. ‘അന്ന് താങ്കളുടെ നാഥന്റെ അർശ് എട്ടു പേർ വഹിക്കുന്നതാണ്’ (സൂറത്തുൽ ഹാഖ്ഖ 17).
2. അർശിനെ വലംവെക്കുന്നവർ. ‘തങ്ങളുടെ റബ്ബിനെ പ്രകീർത്തിച്ചുകൊണ്ട് അർശിന് ചുറ്റും വലംവെക്കുന്ന മലക്കുകളെ താങ്കൾക്ക് കാണാം’ (സൂറത്തുസ്സുമർ 75).
അർശിനെ വഹിക്കുന്നവരും അതിന് ചുറ്റുമുള്ളവരും തങ്ങളുടെ റബ്ബിനെ വാഴ്ത്തിക്കൊണ്ട് പ്രകീർത്തിക്കുന്നു, അവനിൽ വിശ്വസിക്കുന്നു, സത്യവിശ്വാസികൾക്ക് വേണ്ടി അവർ പ്രാർഥിക്കുന്നു. ഞങ്ങളുടെ നാഥാ, നീ എല്ലാ കാര്യങ്ങളിലും നിന്റെ അറിവും കാരുണ്യവും കൊണ്ട് വിശാലനാണല്ലോ. അതിനാൽ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുക്കേണമേ. അവരെ നരക ശിക്ഷയിൽ നിന്ന് കാക്കേണമേ (സൂറത്തുൽ ഗാഫിർ 7). അലൗകികമായ അതിഗംഭീര സൃഷ്ടിയാണ് അർശ്. ഖുർആനും സുന്നത്തും സ്ഥിരീകരിച്ചതാണത്.
3. സ്വർഗത്തിന്റെ ഉത്തരവാദിത്വമുള്ള മലക്കുകൾ. ഖുർആൻ പറയുന്നു: തങ്ങളുടെ നാഥനെ കരുതി ജീവിച്ചർ സംഘങ്ങളായി സ്വർഗത്തിലേക്ക് ആനയിക്കപ്പെട്ടു. അങ്ങനെ അവർ അതിനടുത്തെത്തുകയും അതിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും ‘നിങ്ങൾക്ക് സലാം, നിങ്ങൾ കൃതാർഥരായിരിക്കുന്നു. നിങ്ങൾ ശാശ്വതരായി അവിടേക്ക് പ്രവേശിച്ചോളൂ’ എന്ന് അതിന്റെ കാവൽക്കാർ ആശംസിക്കുകയും ചെയ്യുമ്പോൾ (സൂറത്തുസ്സുമർ 73). ഈ വാക്യത്തിൽ സ്വർഗം കാക്കുന്ന മലക്കുകളെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. മറ്റൊരിടത്ത് ഖുർആൻ പറഞ്ഞു: എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരെ സമീപിക്കുന്നു. ക്ഷമ പാലിച്ചതിനാൽ നിങ്ങൾക്ക് സുരക്ഷിതത്വമുണ്ട്. അത് വളരെ നല്ല സങ്കേതമാണ് (സൂറത്തുർറഅ്ദ് 23, 24).
4. നരകത്തിന്റെ ഉത്തരവാദിത്വമുള്ള മലക്കുകൾ. ‘അവിടെ പത്തൊമ്പത് മലക്കുകളുണ്ട്’ (സൂറത്തുൽ മുദ്ദസിർ 30). 19 മലക്കുകൾ നരകത്തിന്റെ നിയന്ത്രണം നിർവഹിക്കുന്നുവെന്ന വിവരമറിഞ്ഞപ്പോൾ മക്കയിലെ അബൂജഹ്ലിനും കൂട്ടാളികൾക്കും അതൊരു തമാശയായി. ആ മലക്കുകളെ അവർ നേരിടുമെന്ന് അവർ വീമ്പിളക്കി. ഈ പശ്ചാത്തലത്തിൽ ഖുർആൻ അവതരിച്ചു: നാം നരകത്തിന്റെ ഉത്തരവാദിത്വം മലക്കുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അവരുടെ എണ്ണം നാം സത്യനിഷേധികൾക്ക് പരീക്ഷണമാക്കിയിരിക്കുന്നു (സൂറത്തുൽ മുദ്ദസിർ 30). ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്തവരും കഠിന സ്വഭാവികളുമാണവരെന്ന് ഖുർആൻ: അവിടെ ചില മലക്കുകളുണ്ട്. അവർ കഠിനരും രൗദ്രരുമാണ്. അവർ അല്ലാഹുവിനെ ധിക്കരിക്കുന്നതല്ല. കൽപിക്കപ്പെടുന്നതെന്തും അവർ പ്രാവർത്തികമാക്കുന്നതുമാണ് (സൂറത്തുത്തഹ്രീം 6).
5. മനുഷ്യർക്ക് അടിസ്ഥാനപരമായ സംരക്ഷണം നൽകുന്നവർ. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് ഇമാം മുജാഹിദ്(റ) പറയുന്നു: എല്ലാ മനുഷ്യർക്കും ഉണർവിലും ഉറക്കത്തിലും മനുഷ്യ-ഭൂത-ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽ നിന്ന് കാക്കുന്ന മലക്കുകളുണ്ട് (തഫ്സീർ ത്വബരി). സമാനമായ ആശയം അലി(റ), അബൂഉമാമ(റ) മുതലായവരും പ്രസ്താവിച്ചിട്ടുണ്ട്. ഖുർആൻ പറയുന്നതിങ്ങനെ: അവൻ തന്റെ അടിമകളെ അടക്കി ഭരിക്കുന്നവനാണ്. നിങ്ങളിലേക്ക് സംരക്ഷകരെ നിയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളിലൊരാൾക്ക് മരണമെത്തിയാൽ അവനെ നമ്മുടെ ദൂതന്മാർ മരിപ്പിക്കുന്നു. അവർ ഒരു വീഴ്ചയും വരുത്തുന്നതല്ല (സൂറത്തുൽ അൻആം 61). മറ്റൊരു വാക്യത്തിൽ ഇങ്ങനെ: അവന് തന്റെ മുന്നിലൂടെയും പിറകിലൂടെയും ഊഴ പ്രകാരം വരുന്ന മലക്കുകളുണ്ട്. അവർ അവനെ അല്ലാഹുവിന്റെ കൽപന പ്രകാരം സംരക്ഷിക്കുന്നു (സൂറത്തുർറഅ്ദ് 11).
6. കർമങ്ങൾ രേഖപ്പെടുത്തുന്നവർ. ഖുർആൻ പറയുന്നു: തീർച്ചയായും നിങ്ങൾക്കു മേൽ നിരീക്ഷകരുണ്ട്. ആദരണീയ എഴുത്തുകാർ, നിങ്ങളുടെ പ്രവർത്തനങ്ങൾ അവരറിയുന്നുണ്ട് (സൂറത്തുൽ ഇൻഫിത്വാർ 10-12). റഖീബ്-അതീദ് എന്നീ മലക്കുകളുടെ സാന്നിധ്യത്തിലല്ലാതെ ഒരു വാക്കും സംസാരിക്കുന്നതല്ല (സൂറത്തുൽ ഖാഫ് 18). മനുഷ്യന്റെ ഏതൊരു കർമവും നിശ്ചിത മലക്കുകൾ രേഖപ്പെടുത്തുന്നുണ്ട്.
7. പ്രാപഞ്ചിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നവർ. സൂറത്തുദ്ദാരിയാത്തിലെ കാറ്റു പറത്തുന്നവർ, മേഘത്തെ വഹിക്കുന്നവർ (സൂറത്തുദ്ദാരിയാത് 1, 2) എന്നീ വാക്യങ്ങളുടെ വിവക്ഷ അതാണെന്ന് ഇമാം റാസി(റ) തഫ്സീറിൽ രേഖപ്പെടുത്തുന്നു. ഈ രംഗത്തെ മലക്കുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കാൻ സന്നദ്ധരാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. തിരുനബി(സ്വ) പറഞ്ഞു: വിജനമായ സ്ഥലത്തുവെച്ച് നിങ്ങളുടെ മൃഗം ഓടിപ്പോയാൽ ഇങ്ങനെ സഹായാപേക്ഷ നടത്തിക്കൊള്ളുക. അല്ലാഹുവിന്റെ അടിമകളേ തടഞ്ഞുവെക്കൂ. എന്നാൽ തീർച്ചയായും ഭൂമിയിൽ അല്ലാഹുവിൽ നിന്നുള്ള സന്നദ്ധരുണ്ട്. അവരതിനെ തടഞ്ഞുവെച്ചു തരുന്നതാണ് (ത്വബ്റാനി, അബൂയഅ് ല, ഇബ്നുസ്സുന്നി). ഇതിനു പുറമെ വാനലോകത്തെ വാസക്കാർ, ആരാധനാ നിരതർ, റൂഹ് ഊതുന്നവർ, നബി(സ്വ)യിലേക്ക് സ്വലാത്ത്-സലാം എത്തിക്കുന്നവർ, ഖബ്റിൽ ചോദ്യംചെയ്യുന്നവർ, ശിക്ഷ നടപ്പാക്കുന്നവർ, പർവതങ്ങൾ, സമുദ്രങ്ങൾ, മേഘം, മഴ, കാറ്റ്, ഗോളങ്ങൾ മുതലായവയുടെ കർത്തവ്യം നിർവഹിക്കുന്നവർ, വിശുദ്ധ സദസ്സുകൾക്ക് സാക്ഷിയാകുന്നവർ തുടങ്ങി അനേകം വിഭാഗങ്ങൾ മലക്കുകളിലുണ്ട്.
സുലൈമാൻ മദനി ചുണ്ടേൽ