രാജാവിന് അസുഖം ബാധിച്ച ഒരു കഥയുണ്ട്. ഒരുപാട് ഭിഷഗ്വരന്മാർ പരിശോധിച്ചിട്ടും അസുഖം പിടികിട്ടിയില്ല. അവസാനം ഒരാൾ വന്നു പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: രാജാവിന്റെ അസുഖം എനിക്ക് മനസ്സിലായി, അതിന് ഒരേയൊരു പരിഹാരമേയുള്ളൂ. ഈ നാട്ടിലെ ഏറ്റവും സംതൃപ്തനായ, ഒരു മനഃപ്രയാസവുമില്ലാത്ത വ്യക്തിയുടെ കുപ്പായം ധരിക്കുക. ഏറ്റവും സംതൃപ്തനായ വ്യക്തി ആരെന്നറിയാൻ രാജാവ് ഉത്തരവിട്ടു. പരിവാരങ്ങൾ തല പോകുമോ എന്ന് പേടിച്ച് സംതൃപ്തനായ വ്യക്തിയെയും അന്വേഷിച്ച് യാത്ര തുടർന്നു. ആദ്യമവർ ധനികരെയാണ് സമീപിച്ചത്. കാണുന്നവരോടെല്ലാം ജീവിതത്തിൽ വല്ല മനഃപ്രയാസങ്ങളുമുണ്ടോ എന്നവർ അന്വേഷിച്ചു. അവർ പരാതികളുടെ ഭാണ്ഡങ്ങൾ അഴിച്ചുവെക്കാൻ തുടങ്ങി. അവർക്ക് ഒട്ടും സംതൃപ്തിയില്ലായിരുന്നു. ഉള്ള സമ്പത്ത് പെരുപ്പിക്കുന്നതിനെ കുറിച്ച്, അതാരെങ്കിലും കട്ടുകൊണ്ട് പോകുന്നതിനെ കുറിച്ച്, അതിനേക്കാൾ കൂടുതൽ ആരെങ്കിലും സംഭരിക്കുന്നതിനെ കുറിച്ച്… അവരുടെ പ്രയാസങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. പിന്നീടവർ ഇടത്തരക്കാരെ കണ്ടു. അവർക്കും പരാതികളേയുള്ളൂ. ധനികരാകാനുള്ള മാർഗങ്ങളന്വേഷിച്ച് തല പുകഞ്ഞിരിക്കുകയാണവർ. ധനികരുടെ പളപളപ്പ് കാണുമ്പോൾ അവരുടെ മനസ്സ് കരിയുന്നു. പൊങ്ങാത്ത മോഹങ്ങൾ സ്വപ്നം കണ്ട് താങ്ങാനാകാത്ത കടങ്ങൾ പേറി നിൽക്കുകയാണ് പലരും.
മൂന്നാമതായി അവർ ദരിദ്രരെ സമീപിച്ചു. അവർക്കും മനഃപ്രയാസങ്ങൾ മാത്രമേ പങ്കുവെക്കാനുള്ളൂ. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും കുടിക്കാനുമില്ലാത്തതിനെ കുറിച്ചുള്ള അവരുടെ പരാതികൾ പാരാവാരം പോലെ പരന്നുകിടക്കുന്നു. അവർ നിരാശരായി. ഇനി എന്തു ചെയ്യും? പോകുന്ന വഴിയിൽ അവർ ഒരു മനുഷ്യനെ ശ്രദ്ധിച്ചു. അദ്ദേഹം ഒരു വഴിയോരത്ത് കിടന്നുറങ്ങുകയാണ്. കൂട്ടത്തിൽ ഒരാൾ പറഞ്ഞു: നമുക്ക് ഇദ്ദേഹത്തോട് ചോദിച്ചു നോക്കാം.
ഒരു ശരാശരി ദരിദ്രനു പോലും പരാതികളേ പറയാനുള്ളൂ. എന്നിട്ടാണോ വഴിയോരത്ത് കിടക്കുന്ന ഈ വൃത്തികെട്ട മനുഷ്യന് സംതൃപ്തിയും സമാധാനവുമുണ്ടാകുന്നത്?മറ്റൊരാൾ ഇടപെട്ടു. ഏതായാലും, ഉറങ്ങുന്ന ആ മനുഷ്യനെ ഉണർത്തി അവർ ചോദിച്ചു. താങ്കൾക്ക് വല്ല മനഃപ്രയാസങ്ങളുമുണ്ടോ?
അദ്ദേഹം സ്വൽപം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു: ഇല്ല. പരിവാരങ്ങൾക്ക് അത്ഭുതമായി. അവരുടെ കണ്ണുകൾ വിടർന്നു. അവർ വീണ്ടും ചോദിച്ചു: നിങ്ങൾ ജീവിതത്തിൽ പരിപൂർണ സംതൃപ്തനാണോ? അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: അതേ. നിറഞ്ഞ സന്തോഷത്തോടെ അവരദ്ദേഹത്തോട് കുപ്പായം ആവശ്യപ്പെട്ടു. അദ്ദേഹം ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടി നൽകി: എനിക്ക് കുപ്പായമില്ല!
നട്ടുച്ച സമയം. കോൺഗ്രീറ്റു കാടുകൾക്ക് മുകളിലെ ശീതീകരിച്ച റൂമിനുള്ളിൽ ഭക്ഷണശേഷം അയാൾ ഉച്ചമയക്കത്തിനായി കിടന്നു. മുപ്പത് നിലകളുള്ള കെട്ടിടം… നഗരത്തിൽ തന്നേക്കാൾ വലിയ സമ്പന്നരില്ല. എന്നിട്ടും അയാൾക്ക് ഉറക്കം വരുന്നില്ല. അസൂയാലുക്കൾ കെട്ടിടത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇന്നലെ പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ട്. അതിൽ 50 ലക്ഷത്തിന്റെ കമ്മിയുണ്ട്. അത് പെട്ടെന്ന് ഉണ്ടാക്കണം. തൊട്ടടുത്തൊരു കെട്ടിടം ഉയരുന്നുണ്ട്. അത് തന്നെ തോൽപിച്ചു കളയുമോ ആവോ? ഉറക്കം വരാതിരുന്നപ്പോൾ അയാൾ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. താഴോട്ടു നോക്കിയപ്പോൾ ഒരു മനുഷ്യൻ ഭാണ്ഡവുമേറി നടന്നുവരുന്നത് കണ്ടു. തന്റെ കൂറ്റൻ കെട്ടിടത്തിനടുത്തുള്ള മരത്തണലിൽ അദ്ദേഹം ഇരുന്നു. ഭാണ്ഡം തുറന്ന് ബ്രഡും വെള്ളവും കഴിച്ചു. അടുത്തുള്ള അരുവിയിൽനിന്ന് അംഗശുദ്ധി വരുത്തി ഒരു മുസ്വല്ല വിരിച്ച് നിസ്കരിച്ചു. ഭാണ്ഡം തലയിണയായി വെച്ച് അതിൽ കിടന്നു സുഖനിദ്ര പ്രാപിച്ചു.
സംതൃപ്തിയും സമ്പത്തും തമ്മിൽ പറയത്തക്ക ബന്ധങ്ങളൊന്നുമില്ല. പക്ഷേ സമ്പത്ത് കൂടുമ്പോൾ മോഹങ്ങൾ സഫലമാകുമെന്നും മോഹങ്ങൾ സഫലമാകുമ്പോൾ സംതൃപ്തി കൈവരുമെന്നും മനുഷ്യൻ നിനക്കുന്നു. അങ്ങനെ അവൻ സമ്പത്ത് വാരികൂട്ടാനുള്ള ആക്രാന്തത്തിലേക്ക് വഴുതി വീഴുന്നു. ഓരോ നാണയവും അവന് പുതിയ മോഹങ്ങൾ നൽകുന്നു. ഓരോ മോഹത്തിനും നാണയങ്ങളുടെ ഇരട്ടിയിരട്ടി വലുപ്പമാണുള്ളത്. അങ്ങനെ മരീചിക പോലെ സംതൃപ്തി അകന്നകന്നു പോകുന്നു.
തിരുനബി(സ്വ) പറഞ്ഞതെത്ര സത്യം: മനുഷ്യന് സ്വർണത്തിന്റെ രണ്ടു മലഞ്ചെരുവുകൾ ലഭിച്ചാൽ മൂന്നാമതൊന്ന് കൂടി കിട്ടിയിരുന്നെങ്കിലെന്ന് അവനാഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ ആഗ്രഹങ്ങളെ തടഞ്ഞു നിർത്തുകയില്ല (മരണമാണ് മനുഷ്യന്റെ ആഗ്രഹത്തെ മുറിച്ചു കളയുന്നത്). മരിക്കുന്നത് വരെ മനുഷ്യൻ മോഹിച്ചുകൊണ്ടിരിക്കും. നബി(സ്വ) അരുളി: രണ്ട് കാര്യങ്ങളോടുള്ള പ്രണയം വൃദ്ധരുടെ മനസ്സിൽ പോലും യുവത്വമുള്ളതാണ്. സമ്പത്ത് ശേഖരണവും ദീർഘായുസ്സുമത്രെ അവ.
* * *
മരുമകൻ അമ്മായുമ്മയുടെ സമ്പത്തിൽ കണ്ണുനട്ടിരിക്കുകയാണ്. തൊണ്ണൂറ് കഴിഞ്ഞ അവർ മരിച്ചിട്ടു വേണം അവരുടെ ഏക മകളുടെ ഭർത്താവായ തനിക്ക് ആ സ്വത്ത് മുഴുവൻ കൈക്കലാക്കാൻ. അതിന് ജീവിത കാലത്ത് ഭാര്യാ മാതാവിനെ സന്തോഷിപ്പിച്ച് നിർത്തണം. അവർക്ക് ഉണ്ണിയപ്പം വലിയ ഇഷ്ടമാണ്. ഓരോ സന്ദർശനത്തിനും നിറയെ ഉണ്ണിയപ്പവുമായി മരുമകനെത്തും. അമ്മായുമ്മ അതിനു വേണ്ടി മാത്രം മരുമകനെ കാത്തിരിക്കും. ഒരു ദിവസം, നിറകണ്ണുകളുമായി അവർ പറഞ്ഞുവത്രെ:എനിക്കൊരു ബേജാറ്, മോനെങ്ങാനും മരിച്ചാൽ ഇനി ആരാണെനിക്ക് ഉണ്ണിയപ്പം കൊണ്ടുവന്ന് തരിക?
* * *
മരുഭൂമിയിലൊരു മനുഷ്യൻ. തണലില്ല, വെള്ളമില്ല, ഭക്ഷണമില്ല, വസ്ത്രമില്ല. അവൻ ഓടുകയാണ്. അവന്റെ ആഗ്രഹമെന്തായിരിക്കും? ഒരേയൊരാഗ്രഹം മാത്രം, ഒരു ഗ്ലാസ് ജലം! ഒരു ഗ്ലാസ് വെള്ളത്തിൽ ദുൻയാവ് മുഴുവനുണ്ട്. വെള്ളം കിട്ടിയാൽ മാത്രം മതി എന്നവൻ കൊതിക്കുന്നു (ബെന്യാമിൻ എഴുതിയ ആട് ജീവിതം ഓർക്കുക). പക്ഷേ കിട്ടിക്കഴിഞ്ഞാൽ സ്ഥിതി മാറും. അപ്പോൾ അവനു വിശപ്പുണ്ടാകും, പിന്നെ തണൽ വേണ്ടി വരും, ശേഷം വസ്ത്രം, പിന്നെ ജനപ്പരപ്പുള്ള ഒരു ഇടം, പരിചയക്കാർ, നാട്, കുടുംബം, ഭാര്യ, മക്കൾ, ഒരു ചെറ്റപ്പുര, നല്ലൊരു വീട്, വീട്ടിലേക്കു വഴി, സൈക്കിൾ, ബൈക്ക്, കാർ, കാർ പോർച്ച്, എസി, ബിസിനസ്, കോടികൾ… മോഹങ്ങൾ തീരുന്നില്ല. ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല. അതിനു മുമ്പേ മനുഷ്യന്റെ അവധിയെത്തും, അവൻ തീരും.
ലിയോപോൾഡ് വെയ്സിനെ ഇസ്ലാമിലേക്കാകർഷിച്ച ആ ഖുർആനിക അധ്യായം ഇവിടെ പ്രസക്തം: ‘കുഴിമാടങ്ങളിലെത്തുന്നത് വരെ ഭൗതിക ഭ്രമം നിങ്ങളെ അശ്രദ്ധരാക്കുന്നു. തീർച്ച, നിങ്ങളതറിയും. പിന്നീട് നിങ്ങളറിയുക തന്നെ ചെയ്യും. തീർച്ച, നിങ്ങൾ പിന്നീട് ഉറപ്പായും അറിയും (സൂറത്തുത്തക്കാസുർ).
ഒന്നും ആഗ്രഹിക്കരുതോ?
ഒന്നും ആഗ്രഹിക്കരുതെന്നും ഭൗതിക സുഖങ്ങൾ അനുഭവിക്കരുതെന്നുമല്ല പറയുന്നത്. അല്ലാഹു മനുഷ്യർക്കായി സംവിധാനിച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. മനുഷ്യർക്ക് വേണ്ടിയാണ് ഭൂമുഖത്തുള്ളത് മുഴുവനും സൃഷ്ടിച്ചതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. സമ്പത്ത് ശേഖരിക്കണം. ജീവിതത്തിന്റെ നിലനിൽപ്പിന് പണം അനിവാര്യമാണ്. അത് മനുഷ്യൻ അന്വേഷിച്ചു കണ്ടെത്തണം. മതത്തിന്റെ കൂടി കൽപ്പനയാണത്. പക്ഷേ അനുഭൂതികളുടെ പുതിയ ആകാശങ്ങൾ തേടി യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന സുഖത്തിന്റെ മധുരം നമ്മളറിയാതെ പോകുന്നു. തിരുനബി(സ്വ) അരുളി: വിഭവങ്ങളുടെ ആധിക്യമല്ല, മനസ്സിന്റെ നിറവാണ് ഐശ്വര്യം.
തിരുനബി(സ്വ) അരുളി: ‘നേരം പുലർന്നു, ശാരീരികാസ്വസ്ഥതകളില്ല, ഭയപ്പാടുകളില്ല. ഇന്നത്തേക്കുള്ള ഭക്ഷണമുണ്ട്താനും. എങ്കിൽ പ്രപഞ്ചം മുഴുവൻ ലഭിച്ചവനെ പോലയാണ്.’ ഉള്ളതുകൊണ്ട് തൃപ്തിയടയാൻ സാധിക്കുന്നവനേക്കാൾ വലിയ ധനികനില്ല. ആവശ്യക്കാരനാണ് ഫഖീർ (ദരിദ്രൻ). പണമില്ലാത്തവന് ചെറിയ ആവശ്യങ്ങളേ ഉള്ളൂ. പണമുള്ളവന് വലിയ ആവശ്യങ്ങളും. അപ്പോൾ പണമില്ലാത്തവൻ ചെറിയ ഫഖീറും പണമുള്ളവൻ വലിയ ഫഖീറുമായിത്തീരുന്നു.
ഒരു ഹദീസ് ഓർമ വരുന്നു. ആരെങ്കിലും ഒരു കൂട്ടുകാരനെ ഉദ്ദേശിക്കുന്നുവെങ്കിൽ അവന് അല്ലാഹു മതി. ഉപദേഷ്ടാവാണ് വേണ്ടതെങ്കിൽ മരണചിന്ത മതി. നേരം പോക്കിന് ഖുർആൻ മതി. ഐശ്യര്യമാണ് വേണ്ടതെങ്കിൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടൽ ധാരാളം മതി. ഈ നാല് ഉപദേശങ്ങൾ ഒരാൾ ചെവിക്കൊള്ളുന്നില്ലെങ്കിൽ അയാൾക്ക് നരകം മതി!
അതുതന്നെയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം പഠിപ്പിച്ചത്:
‘വഖ്നഅ് ബി തർക്കിൽ മുശ്തഹാ വൽ ഫാഖിരി
മിൻ മത്അമിൻ വ മലാബിസിൻ വ മനാസിലാ…’
(ഭക്ഷണത്തിലും വസ്ത്രത്തിലും വീടിലും ധാരാളിത്തം ഒഴിവാക്കി ഉള്ളതുകൊണ്ട് നീ തൃപ്തിപ്പെടുക).
ശാഫി ഇമാമിന്റെ അധ്യാപനം എത്ര ശ്രദ്ധേയം:
‘ഇദാ മാ കുൻത ദാ ഖൽബിൻ ഖനൂഇ
അൻത വ മാലികു ദ്ദുൻയാ സവാഉ…’
(ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള ഒരു മനസ്സ് നിനക്കുണ്ടെങ്കിൽ ദുൻയാവ് മുഴുവൻ കൈവശമുള്ളവനും നീയും തുല്യനത്രെ).
സംതൃപ്തിയുടെ രാജപാതയാണ് ഖനാഅത്ത്. താഴേക്കിടയിലുള്ളവരിലേക്ക് നോക്കി തനിക്ക് ലഭിച്ച അനുഗ്രഹത്തിൽ സന്തോഷിച്ച് ശുക്ർ നിറഞ്ഞ മനസ്സുമായി രക്ഷിതാവിങ്കലേക്ക് കൈകളുയർത്തിയാൽ അവന് ഇവിടെയും അവിടെയും സംതൃപ്ത ജീവിതമായിരിക്കും. തിരുനബി(സ്വ) പഠിപ്പിച്ചു: നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്, താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക. നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം ചെറുതായി കാണാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും ഫലപ്രദമാണത്.
മണ്ണിന്റെ തറയുള്ള വീടുകളിലേക്ക് നോക്കുക, സഹതപിക്കുക. സിമന്റ് തറയുള്ള തന്റെ വീടിന്റെ മൂല്യം മനസ്സിലാക്കുക, സംതൃപ്തിപ്പെടുക. ശുക്ർ ചെയ്യുക. എങ്കിൽ മാത്രമേ ആ അധ്വാനത്തിന്റെ സുഖം നമുക്ക് ലഭിക്കൂ. സിമന്റ് തറയുള്ളവൻ ടൈൽസ് വീട് നോക്കി തന്റെ ഹതഭാഗ്യമോർത്ത് സ്വയം ശപിച്ചാൽ അധ്വാനഫലം അവന് ആസ്വദിക്കാനാകില്ല. അതോടൊപ്പം മനസ്സിൽ ദുഃഖവും ദുർവാശിയും തളംകെട്ടും. പണമുണ്ടാക്കാൻ കടം വാങ്ങേണ്ടിവരും. അത് കൊടുത്തു വീട്ടാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. മാത്രമല്ല, ടൈൽസ് അവന് സുഖം നൽകില്ല. അപ്പുറത്ത് മാർബിൾ കാണുമ്പോൾ വീണ്ടും മോഹങ്ങൾ പൊറുതി മുട്ടിക്കും. മോഹങ്ങൾ അവസാനിക്കും മുമ്പ് ആയുസ്സും അവസാനിക്കും. അല്ലെങ്കിൽ പലിശയോ കവർച്ചയോ കടക്കെണിയോ മോഹഭംഗമോ അവനെ അവസാനിപ്പിക്കും.
ഹദീസിൽ ഇങ്ങനെ കാണാം: തിരുനബി(സ്വ) പറഞ്ഞു; ‘ജനങ്ങൾക്ക് ഒരു കാലം വരും. അന്ന് മതനിഷ്ഠയനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവന് ഒരു മലമുകളിൽ നിന്ന് മറ്റൊരു മലമുകളിലേക്ക്, ഒരു മാളത്തിൽ നിന്ന് മറ്റൊരു മാളത്തിലേക്ക് തന്റെ മതവുമായി ഓടേണ്ടിവരും. അന്ന് അല്ലാഹു വിലക്കിയ കാര്യങ്ങൾ കലരാതെ ജീവിതം ദുസ്സഹമാകും. അന്ന് വിവാഹം കഴിക്കാതിരിക്കൽ അനുവദനീയമാകും.
സ്വഹാബികൾ ചോദിച്ചു: അങ്ങ് ഞങ്ങളോട് വിവാഹം കഴിക്കാൻ കൽപ്പിക്കുകയാണല്ലോ ചെയ്യുന്നത്.
തിരുനബി(സ്വ)യുടെ പ്രതികരണം: ആ കാലത്ത് ഒരാളുടെ നാശം അയാളുടെ മാതാപിതാക്കളുടെ കൈകൊണ്ടായിരിക്കും, അവരില്ലെങ്കിൽ സ്വന്തം ഭാര്യയുടെ കൈകൊണ്ട്, അല്ലെങ്കിൽ മക്കളുടെ, മക്കളുമില്ലെങ്കിൽ ബന്ധുക്കളുടെ, അയൽവാസികളുടെ.
അവർ ചോദിച്ചു: അതെങ്ങനെ?
റസൂലിന്റെ മറുപടി: ‘തന്റെ ജീവിത നിലവാരം പറഞ്ഞ് അവർ അവനെ വഷളാക്കും. തനിക്ക് സാധിക്കാത്ത കാര്യങ്ങൾ ചെയ്യാൻ അവനെ നിർബന്ധിക്കും. അങ്ങനെ നാശത്തിന്റെ പടുകുഴികളിൽ അവൻ സ്വന്തത്തെ അകപ്പെടുത്തും.’
വർത്തമാന കാലത്തെ പല സംഭവങ്ങളെയും നോക്കി നമുക്ക് നെടുവീർപ്പിടാം: സ്വദഖ്ത യാ റസൂലല്ലാഹ്! ആ പ്രവചനം എത്ര സത്യം, കൃത്യം!!
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി