ഇനിയിപ്പോൾ, വാദപ്രതിവാദം തന്നെ വേണ്ടെന്ന് വെച്ചപോലെ പത്രസമ്മേളനത്തിനും ആവതില്ലെന്ന് തീരുമാനിക്കുമോ മുജാഹിദുകൾ!? അമ്മാതിരി ചോദ്യങ്ങളാണ് വാർത്താ സമ്മേളനങ്ങളിൽ ഉയർന്നുവരുന്നത്. പണ്ടൊക്കെ, ഞങ്ങൾ പുരോഗമനവാദികളാണ്; മറ്റേ കൂട്ടർ യാഥാസ്ഥിതികരാണ് എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവുകയായിരുന്നു പതിവ്. ഇപ്പോൾ മറുചോദ്യങ്ങളുയർന്നു തുടങ്ങിയിരിക്കുന്നു. പുറത്തുള്ള ആളുകൾക്ക് പോലും സമുദായത്തിനുള്ളിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ചും അതിലെ തന്നെ വിവിധ അടരുകളെ പറ്റിയും സാമാന്യധാരണ കൈവന്നതാണ് ആകെ എടങ്ങേറുണ്ടാക്കുന്നത്.

2022 നവംബർ 5
കോഴിക്കോട് മലബാർ പാലസിൽ ടിപി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ തുടങ്ങിയ മുജാഹിദ് സംസ്ഥാന നേതാക്കൾ പത്രസമ്മേളനം നടത്തുന്നു. ‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തെപ്പറ്റി പറഞ്ഞുതുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും ചോദ്യശരമുയർന്നു. ‘ഇന്ത്യൻ മതേതരത്വം അഭിമാനമാണെന്ന് ഗൾഫ് സലഫികളെക്കൊണ്ട് പറയിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ?’ യുഎഇയിൽ അങ്ങനെയല്ലേ എന്നൊക്കെ ഡോ. ഹുസൈൻ മടവൂർ പറഞ്ഞുനോക്കിയെങ്കിലും ‘അവിടെ സലഫീ ഭരണമല്ലല്ലോ’ എന്ന പത്രക്കാരുടെ പ്രതികരണത്തിനു മുമ്പിൽ നിസ്സഹായതയായിരുന്നു മറുപടി.
‘കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ സിഹ്‌റിന് പ്രതിഫലനമുണ്ടാകാമെന്ന’ വിശ്വാസത്തെ കുറിച്ച് മാധ്യമ പ്രവർത്തകരിൽ നിന്ന് ചോദ്യമുണ്ടായാൽ ഏതു മൗലവിയാണ് പകച്ചുപോകാതിരിക്കുക? അതാണ് പത്രസമ്മേളനത്തിൽ ടിപി അബ്ദുല്ലക്കോയ മദനിയെ ചകിതനാക്കിയത്? അങ്ങനെയാണ് സിഹ്‌റിന് പ്രതിഫലനുണ്ടാകുമോ എന്നറിയില്ലെന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നത്. ‘അന്ധവിശ്വാസ നിരോധന നിയമത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’ എന്ന് പ്രഖ്യാപിച്ചതാണ് അബദ്ധമായത്. അപ്പോഴേക്കും മറുചോദ്യമുയർന്നു. സിഹ്‌റ് (മാരണം) അന്ധവിശ്വാസമാണോ? സിഹ്‌റ് മഹാപാപമാണെന്നും അത് ചെയ്യുന്നത് വൻപാപങ്ങളിൽ പെട്ടതാണെന്നുമൊക്കെ ടിപി പറഞ്ഞുനോക്കി. അതൊക്കെ വേറെ കാര്യം. സിഹ്‌റ് ഫലിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യമെന്ന് പറഞ്ഞപ്പോൾ മൂപ്പർ നിസ്സഹായനായി.
മുജാഹിദ് പ്രസ്ഥാനത്തിൽ രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായ പിളർപ്പിനെക്കാൾ, അവർക്കെതിരെ കുറച്ചു മുമ്പ് ഉയർന്നുവന്ന തീവ്രവാദ ആരോപണങ്ങളും പിറകെയുണ്ടായ അന്വേഷണ ഏജൻസികളുടെ നടപടികളുമാണ് കേരളത്തിലെ മുസ്‌ലിം അവാന്തര വിഭാഗങ്ങളെക്കുറിച്ച് സാമാന്യമായും, സലഫി ഗ്രൂപ്പുകളെ കുറിച്ച് വിശേഷിച്ചും പഠിക്കുന്നതിലേക്ക് മാധ്യമ പ്രവർത്തകരെയും പൊതുസമൂഹത്തെയും എത്തിച്ചത്. സലഫീ ഗ്രൂപ്പുകളിലെ വളരെ മൈന്യൂട്ടായ ആശയ ചർച്ചകളെ പോലും പിന്തുടരുന്നവരും അവയെക്കുറിച്ച് ആഴത്തിൽ അറിവുള്ളവരുമായ നിരവധി മാധ്യമ പ്രവർത്തകർ കേരളത്തിലുണ്ട്.

2016 ഡിസംബർ 5
ഒന്നരപ്പതിറ്റാണ്ട് കാലത്തെ പിളർപ്പിന് പരിസമാപ്തിയായി ഐക്യപ്പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ച ഇരുവിഭാഗം മുജാഹിദുകളും ഒരുമിച്ച് പത്രസമ്മേളനം നടത്തുകയാണ്. ലയനത്തിന്റെ ആഹ്ലാദത്തിൽ അർമാദിക്കുന്ന നേതാക്കൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ആ ചോദ്യം പൊട്ടിവീണത്. ‘ഹുസൈൻ മടവൂർ ബഹുദൈവ വിശ്വാസത്തിൽ നിന്ന് പിൻവാങ്ങിയതാണോ അതല്ല, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിങ്ങൾ ഏകപക്ഷീയമായി പിൻവലിച്ചതാണോ?’ അതിന് മറുപടിയുണ്ടായിരുന്നില്ല നേതാക്കൾക്ക്. കുതർക്കങ്ങളുടെ കുപ്പിച്ചില്ലായ ഉമർ സുല്ലമി പോലും സുല്ല് പറഞ്ഞുപോയി അന്ന് പത്രക്കാർക്കു മുമ്പിൽ. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് മടവൂർ മൗലവി തന്നെ ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെ എഴുതിയിട്ടുണ്ടല്ലോ എന്നായി മാധ്യമ പ്രവർത്തകർ. ഹുസൈൻ മടവൂർ ശിർക്കിന്റെ പ്രചാരകനാണെന്ന് മറുപക്ഷം പ്രചരിപ്പിച്ചതിനെക്കുറിച്ച് മടവൂർ തന്നെ എഴുതിയത് പത്രക്കാർ എടുത്തുദ്ധരിച്ചു. ചോദ്യങ്ങൾ പിന്നെയുമുയർന്നു. ഒത്തുതീർപ്പുകൾ എന്തൊക്കെയാണ്? ഏത് ഗ്രൂപ്പിന്റെ ആശയമാണ് ഇപ്പോൾ സ്വീകാര്യം? ഏതൊക്കെ തിരസ്‌കരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ‘അണികളോട് പറയാം, പൊതുസമ്മേളനത്തിൽ കടപ്പുറത്ത് പറയാം’ എന്ന് നേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നു.
തീവ്രവാദ ആരോപണത്തെ തുടർന്നു പ്രതിരോധത്തിലായ അന്തരീക്ഷം മറികടക്കാനാണ് പെട്ടെന്നുള്ള ഐക്യനീക്കമെന്ന് അന്നുതന്നെ പലരും നിരീക്ഷിച്ചതാണ്. തുടരെത്തുടരെയായിരുന്നല്ലോ അന്ന് ആക്ഷേപങ്ങൾ. പീസ് സ്‌കൂൾ, എംഎം അക്ബർ, വിദ്വേഷ പ്രസംഗങ്ങൾ, യുവാക്കളുടെ തിരോധാനം തുടങ്ങി ആരോപണങ്ങൾ മലവെള്ളപ്പാച്ചിലായി വന്നപ്പോൾ പകച്ചുപോയ സംഘടന വിവാദ വിഷയങ്ങളിൽ ധാരണയിലെത്താതെ ലയിക്കുകയായിരുന്നല്ലോ.
കൂരിയാട്ടെ സംസ്ഥാന സമ്മേളത്തിന്റെ സുവനീറിൽ എ അസ്ഗറലി തന്നെ അക്കാര്യം തുറന്നെഴുതുന്നുണ്ട്. സംഘടനാപരവും നയപരവുമായ വിഷയങ്ങളിലും ആദർശപരമായ നിലപാടുകളിലെ വിശദാംശങ്ങളിലും ഇനിയും ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട് എന്നാണ് അസ്ഗറലി പറഞ്ഞത്. അതിനൊന്നും ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലെ ടിപി മദനിയുടെ വിശദീകരണം വ്യക്തമാക്കുന്നു. ആശയപരമായ വ്യക്തതവരാതെ ഐക്യപ്പെട്ടതുകൊണ്ടാണ് ചോദ്യങ്ങൾക്ക് മുമ്പിൽ അബ്ദുല്ലക്കോയ മദനി പോലും ചൂളിപ്പോകുന്നത്. ടിപിയുടെ പക്ഷത്തെ ഒരു വിഭാഗം സിഹ്‌റിൽ വിശ്വാസമില്ലാത്തവരാണ്. മറ്റേ കൂട്ടർ സിഹ്‌റ് ബാധിക്കുമെന്ന് വിശ്വസിക്കുന്നവരും. ഇതിന്റെ ബാധയേറ്റ് കഷ്ടപ്പെടുകയാണ് ടിപിയെ പോലുള്ളവർ.
മുജാഹിദ് നേതാക്കളുടെ കഷ്ടകാലം നോക്കണം! സംഘടനയിലും യോഗത്തിലും മാത്രമല്ല, പത്രസമ്മേളനം വിളിച്ചാൽ പോലും ചർച്ച ജിന്നും കൂടോത്രവും. അല്ലെങ്കിൽ തങ്ങളുടെ തീവ്രവാദ ബന്ധം. മുജാഹിദ് പ്രസ്ഥാനത്തെ ഈ പ്രതിസന്ധിയിലാക്കിയത് എംഐ മുഹമ്മദ് സുല്ലമിയാണെന്ന് എം അബ്ദുർറഹ്‌മാൻ സലഫി ഒരു പ്രസംഗത്തിൽ പറയുന്നുണ്ട്. ഒരു നിലക്ക് പറയുമ്പോൾ അത് സത്യവുമാണ്. പിളർപ്പിന്റെ ആവേശത്തിൽ മൂപ്പരാണ് വിവാദ പുസ്തകം എഴുതിയത്. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ആ പുസ്തകം വായിച്ചാണ് പലരും ഇങ്ങനെ കുഴപ്പത്തിലായത്. സിഹ്‌റിന് സലഫികൾ നിർദേശിക്കുന്ന ചികിത്സകൾ അദ്ദേഹം ആ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണേറ് ബാധയേറ്റാലുള്ള ചികിത്സകളും ഇലന്തമരത്തിന്റെ ഇല അരച്ച് കലക്കിക്കുടിക്കുന്നതും മന്ത്രിക്കുന്നതും തുടങ്ങി ഒരുപാട് ചികിത്സാ മുറകൾ!!
ഇതൊക്കെ എന്തിന് പറയുന്നു. നമ്മുടെ ‘നവോത്ഥാന’ നായകൻ വക്കം മൗലവിയില്ലേ, അദ്ദേഹത്തിന്റെ കഥയെന്താണ്? ‘കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോൾ സ്വദേശികളും അയൽദേശവാസികളുമായി നാനാജാതി മതസ്ഥർ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്തുനിൽപ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവർ. അവർക്കെല്ലാം ഗ്ലാസിൽ ശുദ്ധജലം ‘ഓതിക്കൊടുക്കുക’ അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്.’ മൗലവിയുടെ പ്രഥമ ജീവചരിത്രകാരനും സഹപ്രവർത്തകനുമായ ഹാജി എം മുഹമ്മദ് കണ്ണ് എഴുതിയ ‘വക്കം മൗലവിയും നവോത്ഥാന നായകന്മാരും’ എന്ന പുസ്തകത്തിൽ ‘വക്കം മൗലവിയുടെ ഒരു ദിവസം’ വിവരിക്കുന്നത് ഇങ്ങനെയാണ്.
വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെക്കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോവുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുന്നു’ എന്ന് എഴുതിയിട്ടുണ്ട് കെഎം സീതി സാഹിബ്.
ഏതായാലും വല്ലാത്തൊരു ബാധയിലാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. പ്രബോധന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലോ സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലോ ഇത്തരം അഭിപ്രായങ്ങൾ എഴുതിയോ പ്രസംഗിച്ചോ പ്രചരിപ്പിക്കാൻ പാടില്ലെന്ന് എത്ര സർക്കുലർ ഇറക്കിയതാണ്? ചർച്ച ചെയ്യരുതെന്ന് പറഞ്ഞാൽ അതിനെക്കുറിച്ചായി പിന്നെ ചർച്ച. സിഹ്‌റ് വന്നാൽ പിറകെ കണ്ണേറ് വരും. പിന്നെ മന്ത്രം വരും. എന്തു ചെയ്യാൻ!
എന്തൊക്കെയായിരുന്നു പണ്ടത്തെ വീമ്പുകൾ? അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും ഇരുട്ടിൽ അകപ്പെട്ട സമുദായത്തിന് വെളിച്ചം പകർന്നവരാണ്, നവോത്ഥാന പ്രസ്ഥാനമാണ്, വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്നവരാണ് അങ്ങനെയങ്ങനെ എന്തൊക്കെ അവകാശവാദങ്ങൾ!? ഇപ്പോഴോ, മുജാഹിദ്, സലഫിസം, മുസ്‌ലിം പരിഷ്‌കരണം തുടങ്ങിയവയെ കുറിച്ചുള്ള ഏതൊരു സംസാരവും ചെന്നവസാനിക്കുന്നത് ജിന്നിലും സിഹ്‌റിലും കണ്ണേറിലും കൂടോത്രത്തിലും. സത്യത്തിൽ സലഫിസം നവോത്ഥാനമാണെന്ന വിശ്വാസമല്ലേ ഏറ്റവും വലിയ അന്ധവിശ്വാസം?

 

പികെഎം അബ്ദുർറഹ്‌മാൻ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ