2007 മെയ് 24നാണ് ബഹു. എപി മുഹമ്മദ് മുസ്‌ലിയാർ മർകസിൽ മുദരിസായി സേവനമാരംഭിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടർന്ന് മർഹൂം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദിന്റെ ക്ലാസുകൾ മുടങ്ങിപ്പോകുന്ന സന്ദർഭത്തിൽ അത് പരിഹരിക്കുന്നതിനായാണ് കാന്തപുരം അസീസിയ്യ അറബിക് കോളേജിന്റെ ചുമതലയുള്ള ചെറിയ എപി ഉസ്താദിനെ മർകസിലേക്ക് ക്ഷണിക്കുന്നത്. ആദ്യഘട്ടത്തിൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. പിറ്റേ വർഷം ആഴ്ചയിൽ നാലു ദിവസമാക്കി വർധിപ്പിച്ചു. തൊട്ടടുത്ത വർഷം മുഴുസമയ അധ്യാപകനായി ചുമതലയേൽക്കുകയും കാന്തപുരത്തെ ദർസ് അവസാനിപ്പിച്ച് ആഴ്ചയിൽ ആറുദിവസവും മർകസിൽ സജീവമാവുകയും ചെയ്തു.
വിദ്യാർത്ഥികൾക്ക് വളരെയധികം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകൾ. ഈ ഇഷ്ടത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. ശൈഖുന കാന്തപുരം ഉസ്താദിന്റെ ശൈലി പിന്തുടരുന്നു എന്നതാണ് അതിൽ പ്രധാനം. ഏത് വിഷയത്തിലും തന്റെ ഗുരുവായ ശൈഖുനയുടെ തഹ്ഖീഖുകളും നിലപാടുകളുമാണ് അദ്ദേഹം പിന്തുടർന്നത്. സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകം മികവ് തെളിയിച്ച വ്യക്തിയായതിനാൽ തന്നെ അതു സംബന്ധമായ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തെളിവുകളും വസ്തുതകളും സഹിതം തൃപ്തികരമായ മറുപടി നൽകുന്നതും അദ്ദേഹത്തിന്റെ കീർത്തി വർധിപ്പിച്ചു. പ്രധാനപ്പെട്ടവ രണ്ടും മൂന്നും തവണ ആർത്തിക്കുന്നതിനാൽ ക്ലാസുകൾ മനസ്സിലാകാത്തവരായി ആരുമുണ്ടാവില്ല. യാതൊരു വ്യക്തതക്കുറവുമില്ലാതെ എല്ലാവർക്കും ആസ്വദിക്കാനും വേണ്ടത് ചോദിക്കാനും സാധിച്ചിരുന്നതിനാൽ ഓരോ ക്ലാസും കുട്ടികൾക്ക് ആവേശമായിരുന്നു. ചോദിച്ച് പഠിക്കുന്നവർക്ക് അതിനനുസരിച്ചുള്ള ഉത്തരവും തർക്കിക്കുന്നവർക്ക് അതേ രൂപത്തിലുള്ള മറുപടിയും ഉസ്താദ് നൽകി. രണ്ടും അദ്ദേഹത്തിന് പരിചിതമായിരുന്നു.
ഇത്രയും നാളത്തെ സേവനത്തിനിടയിൽ തനിക്ക് നിർണയിക്കപ്പെട്ട ഒരു ക്ലാസും അദ്ദേഹം മുടക്കിയില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതു വലിയ സൗഭാഗ്യമാണല്ലോ. പ്രമേഹവും മറ്റും ഉണ്ടായിരുന്നിട്ടും അവയെല്ലാം അവഗണിച്ച് ക്ലാസിന് കൃത്യസമയത്ത് എത്തുകയും പൂർണമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറി എന്ന നിലയിൽ ഏറെ കാലം സംഘടനയിൽ പ്രവർത്തിച്ചു പരിചയിച്ചതിനാൽ അദ്ദേഹത്തിന്റെ ക്ലാസുകളിൽ സംഘടിക്കുന്നതിന്റെ പ്രസക്തി വിവരിക്കുമായിരുന്നു.
ഒരു മഹല്ലിൽ എങ്ങനെ പ്രവർത്തിക്കണമെന്നതും രമ്യതയോടെ വിഷയങ്ങളിൽ ഏതു വിധം ഇടപെടണമെന്നതും ഉദാഹരണ സഹിതം ബോധ്യപ്പെടുത്തും. കാരപ്പറമ്പ്, കരുവമ്പൊയിൽ, പുള്ളന്നൂർ തുടങ്ങി ധാരാളം സ്ഥലങ്ങളിൽ അദ്ദേഹം മരണം വരെ ഖാളിസ്ഥാനം ഭംഗിയായി നിർവഹിച്ചിരുന്നല്ലോ. എല്ലാ വിഭാഗം ജനങ്ങളുമുള്ള ഈ നാടുകളിൽ ആർക്കും എതിരഭിപ്രായമുണ്ടാവാത്ത രീതിയിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കി അദ്ദേഹം പ്രവർത്തിച്ചു. ദീനീ വിഷയങ്ങളിലും ആദർശത്തിലും ഒട്ടും സന്ധിചെയ്യാതെതന്നെ ഗൗരവം വേണ്ടിടത്ത് അങ്ങനെയും സൗമ്യമായി ഉണർത്തിയും രമ്യതയോടെ പെരുമാറിയും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിന്നു. നമ്മുടെ ആദർശത്തിന് മുൻതൂക്കം നൽകിതന്നെ മഹല്ലുകളിൽ എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിക്കാനുള്ള വഴികൾ ക്ലാസിൽ പങ്കുവെക്കുമായിരുന്നു. ഫസ്ഖ്, ഖുൽഅ്, ത്വലാഖ് തുടങ്ങിയ സങ്കീർണ വിഷയങ്ങളിൽ ഖാളി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കാൻ സമയം കണ്ടെത്തി. പഠനം കഴിഞ്ഞ് വിവിധ മഹല്ലുകളിലേക്ക് സേവനത്തിനിറങ്ങുന്ന യുവപണ്ഡിതർക്ക് ഇത്തരം പങ്കുവെക്കലുകൾ വളരെയധികം ഗുണംചെയ്യും.
ഉറുദു ഭാഷയിൽ പരിജ്ഞാനം കുറവായതുകൊണ്ട് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് തൃപ്തികരമായ രൂപത്തിൽ ക്ലാസെടുക്കാൻ കഴിയുന്നില്ലല്ലോ എന്നൊരു പരിഭവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം പരിഹരിക്കുന്ന വിധത്തിലുള്ള പാണ്ഡിത്യവും ഫത്‌വ നൽകാനുള്ള കഴിവും ഉസ്താദിൽ മികച്ചുനിന്നു.
മർകസിൽ സേവനം ചെയ്യുമ്പോൾ എല്ലാ ചൊവ്വാഴ്ചയും ഉച്ചക്കുശേഷം പരിസര മഹല്ലുകളിൽ നിന്നുള്ള ഖാളിമാർക്കും ഖതീബുമാർക്കും ഫത്ഹുൽ മുഈൻ കർമശാസ്ത്ര ക്ലാസ് മരണം വരെ നടത്തിയിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ തെളിവുകൾ ഉദ്ധരിച്ച് യുക്തിക്ക് നിരക്കുന്ന രൂപത്തിൽ ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തുന്നതിലും ദർസ് സജീവമാക്കുന്നതിലും അദ്ദേഹം കൈവരിച്ച വിജയം എടുത്തുപറയേണ്ടതാണ്.
ഏറ്റവും പ്രധാനമായി ശൈഖുനയെ ഇഷ്ടപ്പെടുക, പ്രിയംവെക്കുക, പിന്തുടരുക എന്ന വലിയ ആശയമാണ് ചെറിയ എപി ഉസ്താദ് സദാ നമ്മോട് പങ്കുവെച്ചത്. സ്വന്തം ജീവിതത്തുടനീളം അത് കാണിച്ചുതന്നു. ഇത്രയും വലിയൊരു സ്ഥാപനവും പ്രസ്ഥാനവും കേരളത്തിലും ഇന്ത്യയിലും ലോകത്ത് മലയാളികളുള്ള മുഴുവൻ സ്ഥലത്തും പ്രചരിപ്പിക്കാൻ ഭാഗ്യമുണ്ടായ ആ മഹാഗുരുവിന്റെ ശിഷ്യന്മാരാവുക എന്നതിനേക്കാൾ വലിയ സന്തോഷമെന്താണുള്ളതെന്ന് ക്ലാസുകളിലും പ്രഭാഷണങ്ങളിലും പലപ്പോഴും ചോദിക്കുമായിരുന്നു. മർകസിൽവെച്ചുള്ള വിവിധ ചടങ്ങുകളിൽ ഏത് വിഷയം പ്രസംഗിക്കുമ്പോഴും അതിന്റെ പകുതിഭാഗവും ശൈഖുനയെ കുറിച്ചുള്ള വിശേഷങ്ങളാവും. ഏതു സദസ്സാണെങ്കിലും തന്റെ ഗുരു കടന്നുവരാത്ത സംസാരങ്ങൾ കുറവായിരിക്കും. കാന്തപുരം ഉസ്താദ് ഉണ്ടാക്കിയ വിപ്ലവങ്ങളും പരിവർത്തനങ്ങളും അതുൾക്കൊണ്ട് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും ഊന്നിയൂന്നി പറഞ്ഞു.
മർകസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കുകയും ഇടപെടേണ്ട അവസരങ്ങളിൽ ഉത്സാഹത്തോടെ പങ്കുചേരുകയും ചെയ്തു. വളരെ ലളിതമായ പെരുമാറ്റമായതിനാൽ സ്റ്റാഫ് അംഗങ്ങൾക്കും സഹാധ്യാപകർക്കും അദ്ദേഹത്തോട് വളരെ ഇഷ്ടവും ഇണക്കവുമായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തികളും പണ്ഡിതരും ധാരാളം. യാതൊരു ജാഡയുമില്ലാത്ത ജീവിതം നയിച്ചതിനാൽ തയ്യാറെടുപ്പുകൾക്കും ഒരുക്കങ്ങൾക്കും സമയമെടുത്തിരുന്നില്ല.
കാന്തപുരം ഉസ്താദിന് രോഗം വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായത് അറിഞ്ഞതു മുതൽ അദ്ദേഹം വളരെയധികം ദുഃഖിതനായിരുന്നുവെന്നത് പലപ്പോഴും അനുഭവപ്പെട്ടു. മരണത്തിലേക്കു നയിച്ച രോഗം സങ്കീർണമാവാനുള്ള ഹേതു ശൈഖുനയോടുള്ള അതിരറ്റ സ്‌നേഹവും ഉസ്താദിന്റെ അസാന്നിധ്യമോർത്ത് ഉണ്ടായ ദുഃഖവുമാണെന്നാണ് എന്റെ വിശ്വാസം. തിരുനബി(സ്വ)യുടെ വിയോഗം മൂലമുള്ള ദുഃഖത്തെ തുടർന്ന് അബൂബക്കർ സിദ്ദീഖ്(റ)വിന് മനഃക്ലേശമുണ്ടായെന്നും അക്കാരണത്താലാണ് അദ്ദേഹം വഫാത്തായതെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
ശൈഖുനയുടെ രോഗശാന്തിക്കായി മർകസിലെ മുതഅല്ലിംകളോടൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവംബർ 09 ബുധൻ രാത്രി എട്ടിന് മടവൂർ മഖാമിലെത്തി റബ്ബിനോട് പ്രാർത്ഥിച്ചപ്പോൾ ഈ ലേഖകനും കൂടെയുണ്ടായിരുന്നു. ശൈഖുനക്ക് എന്റെ വയസ്സിൽ നിന്ന് എടുത്തുകൊടുത്ത് നീ ദീർഘായുസ്സും ശിഫയും നൽകേണമേ എന്നുതന്നെ പ്രാർത്ഥിച്ചു. കണ്ഠമിടറിക്കൊണ്ട് നടത്തിയ ആ പ്രാർത്ഥന പോലെ തന്നെ സംഭവിച്ചു. പ്രായത്തിൽ കുറവുള്ള ചെറിയ എപി ഉസ്താദ് കൃത്യം 11 ദിവസം കഴിഞ്ഞ് 2022 നവംബർ 20 ഞായറാഴ്ച കാലത്ത് റബ്ബിന്റെ സവിധത്തിലേക്ക് യാത്രയായി. ഗുരുമുഖത്ത് നിന്ന് അറിഞ്ഞ യഥാർത്ഥ ദീൻ ജീവിതത്തിലുടനീളം ശീലിക്കുകയും പ്രചരിപ്പിക്കുയും ചെയ്ത ചെറിയ എപി ഉസ്താദെന്ന വലിയ മനുഷ്യന്റെ സേവനങ്ങൾ അല്ലാഹു സ്വീകരിക്കുകയും പരലോക ജീവിതത്തിൽ വലിയ ദറജ നൽകുകയും ചെയ്യട്ടെ.

 

സി മുഹമ്മദ് ഫൈസി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ