ഉസ്മാൻ(റ) വധിക്കപ്പെട്ട അന്നു രാത്രിതന്നെ അടുത്ത ബന്ധുക്കളും നുഅ്മാനു ബ്‌നു ബശീറും(റ) ഖലീഫയുടെ രക്തം പുരണ്ട കുപ്പായവും ഭാര്യ നാഇല(റ)യുടെ അറ്റവിരലുകളും കൈപ്പത്തിയുടെ ഭാഗവും കൊണ്ട് ഡമസ്‌കസിലേക്കു തിരിച്ചു. ഗവർണർ മുആവിയ(റ)യുടെ അടുത്തെത്തിയ നുഅ്മാൻ(റ) രക്തം പുരണ്ട ഖലീഫയുടെ കുപ്പായവയും അതിൽ തുന്നിപ്പിടിപ്പിച്ച സ്ഥിതിയിൽ ഭാര്യയുടെ അറ്റ വിരലുകളും പള്ളിയുടെ മിമ്പറിൽ വെച്ചു. ദിവസങ്ങളോളം അതവിടെ കിടന്നു. ശാമുകാരായ ആയിരങ്ങൾ ഖലീഫക്കു സംഭവിച്ചതോർത്ത് ദു:ഖിതരായി. ഈ കൊലപാതകത്തിനു പ്രതികാരം ചെയ്യണമെന്ന് സ്വഹാബികളും താബിഉകളുമായ നാൽപ്പതിനായിരം യോദ്ധാക്കൾ മുആവിയ(റ)യുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു.
പുതിയ ഖലീഫയെ തീരുമാനിക്കുന്നതിനു മുമ്പ് മുസ്‌ലിം ലോകം ചെയ്യേണ്ടത് മുഴുവൻ ഘാതകരെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുകയാണെന്ന പക്ഷക്കാരായിരുന്നു ശാമുകാർ. അതിന് കുടുംബപരമായി ഏറ്റവും അടുത്ത ബന്ധമുള്ളത് മുആവിയ(റ)വിനാണ്. അദ്ദേഹമതിന് മുൻകൈയെടുത്താൽ ഒപ്പം നിൽക്കാൻ ശാമുകാർ ഒന്നടങ്കം തയ്യാറായിരുന്നു.
പുതിയ ഖലീഫ വരുന്നു
അതേസമയം മദീനയിൽ വിമതർ പുതിയ ഖലീഫയെ പെട്ടെന്നു തീരുമാനിച്ച് മുആവിയ(റ)യുടെ സൈന്യത്തിൽ നിന്നു രക്ഷനേടാനുള്ള തത്രപ്പാടിലായിരുന്നു. ഗ്വാഫിഖിയ്യിന്റെ നേതൃത്വത്തിലുള്ള ഈജിപ്തുകാർ അലി(റ) ഖലീഫയാകണമെന്നാഗ്രഹിച്ചു. അവർ അലി(റ)ന്റെ അടുത്തുചെന്നു പറഞ്ഞു: ‘അങ്ങയെ ഞങ്ങൾ ഖലീഫയായി ബൈഅത്ത് ചെയ്തിരിക്കുന്നു. താങ്കൾ അതംഗീകരിക്കണം.’
അലി(റ) ചോദിച്ചു: ‘അതിന് നിങ്ങൾക്കെന്തവകാശമാണുള്ളത്? മുസ്‌ലിംകളുടെ ഖലീഫയെ തിരഞ്ഞെടുക്കാൻ അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റുന്ന സ്വഹാബത്തുണ്ടിവിടെ. അവർ തീരുമാനിക്കും. അന്യനാട്ടിൽ നിന്നു വന്ന അക്രമികളും തെമ്മാടികളുമായവർ പറയുന്നത് മുസ്‌ലിംലോകം സ്വീകരിക്കുന്നതെങ്ങനെ?’
എന്നാൽ വിമതരിൽ കൂടുതലും ഈജിപ്തുകാരായിരുന്നതിനാൽ മറ്റുള്ളവർക്ക് അവർ പറയുന്നത് അംഗീകരിക്കേണ്ടിവന്നു. അങ്ങനെ കൂഫ, ബസ്വറ എന്നിവിടങ്ങളിൽ നിന്നുള്ള അക്രമികളും ബൈഅത്തിനായി അലി(റ)വിനെ സമീപിച്ചു. പക്ഷേ അദ്ദേഹം തയ്യാറായില്ല.
അലി(റ) ഖിലാഫത്തിന് വഴങ്ങില്ലെന്നു മനസ്സിലാക്കിയ അക്രമികളിലെ കൂഫക്കാർ പറഞ്ഞു: ഖലീഫ ഉമർ(റ) കൂടിയാലോചനാ സമിതിയിലുൾപ്പെടുത്തിയ സ്വഹാബി പ്രമുഖൻ സുബൈറുബ്‌നു അവ്വാം(റ)വിനെ നമുക്ക് ഖലീഫയായി ബൈഅത്തു ചെയ്യാം. കൂഫക്കാരും അതംഗീകരിച്ചു. അക്രമികൾ സുബൈർ(റ)നെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അലി(റ) പറഞ്ഞതു തന്നെയായിരുന്നു അദ്ദേഹത്തിന്റെയും നിലപാട്. തുടർന്ന് ത്വൽഹ(റ)വിനെ ബൈഅത്ത് ചെയ്യാനായി അവർ പുറപ്പെട്ടു. അദ്ദേഹം ഖലീഫയാകണമെന്നാഗ്രഹിച്ച ബസ്വറക്കാരും പിന്തുണച്ചു. പക്ഷേ, അദ്ദേഹം ഇവരുടെ കൺവെട്ടത്തു വരാതെ ഒളിച്ചു. എത്ര നിർബന്ധിച്ചിട്ടും അവരെ അഭിമുഖീകരിക്കാൻ പോലും കൂട്ടാക്കിയില്ല.
പ്രമുഖരെല്ലാം ഖിലാഫത്ത് നിരസിച്ചപ്പോൾ പ്രതിസന്ധിയിലായ അക്രമി സംഘം ഉമർ(റ)വിന്റെയും ഉസ്മാൻ(റ)വിന്റെയും കാലത്ത് ഗവർണർ സ്ഥാനത്തുനിന്ന് തങ്ങളുടെ നിർബന്ധത്താൽ പുറത്താക്കപ്പെട്ട അസ്ഹാബുശ്ശൂറയിൽപെട്ട സഅദ്(റ)നെ വരെ ഗത്യന്തരമില്ലാതെ സമീപിച്ചു. എല്ലാം കേട്ട അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ ഗവർണറായി പോലും അംഗീകരിക്കാത്തവരാണ്. പിന്നെ എങ്ങനെയാണ് ഞാൻ ഖലീഫയായാൽ നിങ്ങൾ അംഗീകരിക്കുക. എനിക്കൊരധികാരവും ആവശ്യമില്ല. അല്ല, ഖലീഫയെ തീരുമാനിക്കാൻ നിങ്ങൾക്ക് എന്തവകാശമാണുള്ളത്?’
അക്രമി സംഘം നിരാശരായി. അസ്ഹാബുശ്ശൂറയിൽ ഇനി ബാക്കിയുള്ളത് അബ്ദുല്ലാഹിബ്‌നു ഉമർ(റ) മാത്രമാണ്. അവർ മഹാനെ സന്ദർശിച്ചു. അദ്ദേഹം പറഞ്ഞു: ‘എനിക്കീ ദുനിയാവിലെ ഒരധികാരവും വേണ്ട. പിന്നെ, നിങ്ങൾ പ്രശ്‌നമുണ്ടാക്കാനായി വന്നവരാണ്. നിങ്ങൾ പറയുന്നത് ഞാനേറ്റെടുക്കുകയുമില്ല.’
സ്വഹാബികൾക്കെതിരെ ഭീഷണി
പ്രമുഖരെല്ലാം കൈയൊഴിഞ്ഞപ്പോൾ അക്രമികൾ തനി സ്വഭാവം പ്രകടിപ്പിച്ചു. മദീനയിലെ മുഴുവൻ സ്വഹാബികളുടെയും വീടുകയറി ഭീഷണി സ്വരത്തിൽ പറഞ്ഞു: ‘നിങ്ങൾക്കു രണ്ടു ദിവസം സമയം തരാം. അതിനുള്ളിൽ സ്വീകാര്യനായ ഒരു ഖലീഫയെ തിരഞ്ഞെടുത്തില്ലെങ്കിൽ അസ്ഹാബുശ്ശൂറയിൽ പെട്ടവരെയും പ്രമുഖരായ ബദ്‌രീങ്ങളെയും കൊലപ്പെടുത്തും.’
ഒരു ഖലീഫയെ എങ്ങനെയെങ്കിലും അവരോധിക്കാനുള്ള അക്രമികളുടെ ഈ തത്രപ്പാട് കൂഫ, ബസ്വറ, ശാം ഗവർണർമാരുടെ സൈന്യം മദീനയിലെത്താനായെന്നറിഞ്ഞായിരുന്നു. അവരെത്തിയാൽ നാലായിരം മാത്രമുള്ള (ഒരഭിപ്രായ പ്രകാരം 2000) അക്രമികൾക്കെതിരെ ശക്തമായ നടപടി ഉറപ്പായിരുന്നു. അതിനു മുമ്പ് ഖലീഫ നിലവിൽ വന്നാൽ അദ്ദേഹത്തെ സ്വാധീനിച്ച് ഗവർണർമാരുടെ സൈന്യങ്ങൾ മദീനയിൽ പ്രവേശിക്കാതെ നോക്കാമെന്നും തങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് തടയാമെന്നും അവർ കണക്കുകൂട്ടി. ആ ഗൂഢലക്ഷ്യത്തിനായിരുന്നു ഈ ഭീഷണി.
അക്രമികളുടേത് ദുരുദ്ദേശ്യമാണെങ്കിലും സൈന്യം മദീനയിലെത്തി ഭരണത്തിലിടപെടുന്ന രീതി ഇസ്‌ലാമിലില്ലെന്നു മാത്രമല്ല, സ്വഹാബത്തിന് അതിഷ്ടവുമായിരുന്നില്ല. പട്ടാളം ഭരണാധികാരിയുടെ കീഴിലാണ് പ്രവർത്തിക്കേണ്ടത്. അതിനാൽ സൈന്യങ്ങൾ മദീനയിലെത്തും മുമ്പേ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സ്വഹാബത്ത് ആഗ്രഹിച്ചു.
അലി(റ) സ്ഥാനമേൽക്കുന്നു
ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അക്രമികളുടെ അന്ത്യശാസന സമയം തീർന്നു. തൊട്ടടുത്ത ദിവസം ത്വൽഹ(റ), സുബൈർ(റ) തുടങ്ങിയ ബദ്‌രീങ്ങളിൽപെട്ട പ്രമുഖരായ ഒരു സംഘം സ്വഹാബികൾ അലി(റ)വിനെ സമീപിച്ച് പറഞ്ഞു: ‘മുസ്‌ലിം സമുദായത്തിന്റെ ഏകോപിത അഭിപ്രായ പ്രകാരം ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഖിലാഫത്തിന് താങ്കളെ പോലെ യോഗ്യനായ മറ്റൊരാളില്ല. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അതിനാൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം. മുസ്‌ലിം ലോകവും പ്രബോധന പ്രവർത്തനങ്ങളും ഇനിയും നിലനിൽക്കണം. അതിനാൽ താങ്കൾ ഖിലാഫത്ത് ഏറ്റെടുത്തേ പറ്റൂ.’
സ്വഹാബത്തിന്റെ നിർബന്ധമേറിയപ്പോൾ അദ്ദേഹം വഴങ്ങി. ആദ്യം ത്വൽഹ(റ)വാണ് ബൈഅത്ത് ചെയ്തത്. ശേഷം സ്വഹാബി പ്രമുഖർ ഓരോരുത്തരായി ബൈഅത്ത് നടത്തി.
എന്നാൽ ലക്ഷണം നോക്കുന്നവർ പറഞ്ഞു: ‘ഈ ഖിലാഫത്ത് പൂർത്തിയാകില്ല. കാരണം, ആദ്യം ബൈഅത്ത് ചെയ്ത ത്വൽഹ(റ)യുടെ വലതു കൈ കുഴഞ്ഞതാണ്.’ ശാരീരികമായി പൂർണനാകണമെന്നായിരുന്നു ലക്ഷണക്കാരുടെ സങ്കൽപം. തിരുനബി(സ്വ)ക്ക് ഉഹുദ് യുദ്ധത്തിൽ സംരക്ഷണമായി നിന്നപ്പോഴാണ് അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റത്. ഖിലാഫത്തിന് വഴങ്ങിയില്ലെങ്കിൽ പ്രമുഖ സ്വഹാബികളെ അശ്തറും ഗ്വാഫിഖും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ അലി(റ) നിർബന്ധിതനാവുകയായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ പക്ഷം.
അടുത്ത ദിവസം സ്വഹാബികളെല്ലാം മദീനാ പള്ളിയിൽ ഒരുമിച്ചുകൂടി. അൻസ്വാറുകൾ മുഴുവനും മുഹാജിറുകളിലെ പ്രമുഖരുമടക്കം ഭൂരിഭാഗവും അലി(റ)യെ ഖലീഫയായി ബൈഅത്ത് ചെയ്തു. വളരെ ചെറിയൊരു ന്യൂനപക്ഷം രണ്ടു പക്ഷത്തും ചേരാതെ നിഷ്പക്ഷരായി നിലകൊണ്ടു.
ഖലീഫയായി. ഇനി പ്രശ്‌നം പരിഹരിക്കണം. മദീനയിലെത്തിയ ഈ നാലായിരം പേർ മാത്രമല്ല വിമതർ. ഈജിപ്ത്, ബസ്വറ, കൂഫ തുടങ്ങിയ അവരുടെ നാടുകളിൽ ഇനിയും ഇതേ ആശയക്കാരായ ധാരാളം പേരുണ്ട്. അറബികളിലെ പ്രധാന രാഷ്ട്രതന്ത്രജ്ഞനായ മുഗീറത്ത് ബ്‌നു ശുഹ്ബ(റ) സ്ഥാനമേറ്റ ഖലീഫ അലി(റ)യോട് പറഞ്ഞു: ‘ഈ പ്രത്യേക സാഹചര്യത്തിൽ ഒരു ഗവർണറെയും പിരിച്ചുവിടരുത്. നിലവിലുള്ള എല്ലാവരെയും തൽസ്ഥാനത്ത് തുടരാനനുവദിക്കുക. വലിയൊരു ജനവിഭാഗത്തിന്റെ ഗവർണറായ മുആവിയ(റ)വിനെ പ്രത്യേകിച്ചും. ഗവർണർമാർക്ക് എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും നൽകുക. അവരെല്ലാം ഖിലാഫത്തംഗീകരിച്ചാൽ പ്രവിശ്യകളെല്ലാം ശാന്തമായിത്തീരും. ഖലീഫയെ അംഗീകരിക്കാത്തവരെ പിന്നീട് മാറ്റാം. അങ്ങനെയല്ലാതെ ഗവർണമാർക്കെതിരെ നടപടിയെടുത്താൽ നാട് വീണ്ടും പ്രശ്‌ന കലുഷിതമാകും. വിമതർക്ക് അവരുടെ തന്ത്രങ്ങൾ എളുപ്പത്തിൽ വിജയിപ്പിക്കാനുള്ള അവസരമൊരുങ്ങുകയും ചെയ്യും.’
അപ്പോൾ അലി(റ) പറഞ്ഞു: ‘ഇസ്‌ലാമിക ഖിലാഫത്തിനെയും അതിന്റെ ഖലീഫയെയും പൂർണമായി അംഗീകരിക്കാത്തവരെ അധികാരത്തിൽ നിലനിർത്തുന്നത് കാപട്യമാണ്. അതൊരു വിശ്വാസിക്ക് ചേർന്നതല്ല. ഖലീഫ മുസ്‌ലിം രാഷ്ട്രത്തിന്റെ പരമാധികാരിയാണ്. ആരാണ് ഗവർണറാകേണ്ടതെന്നു തീരുമാനിക്കേണ്ടതും ഖലീഫയാണ്.’
പിറ്റേന്ന് ഖലീഫയെ സന്ദർശിച്ച് മുഗീറ(റ) പറഞ്ഞു: അങ്ങനെയെങ്കിൽ മുആവിയ(റ)യെ പിരിച്ചുവിട്ടോളൂ.
ഇതുകേട്ട് ഖലീഫയുടെ മുഖ്യഉപദേഷ്ടാവും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായ അബ്ദുല്ലാഹി ബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഇന്നലെ മുഗീറ(റ) പറഞ്ഞതാണ് ശരി. അതാണ് ചെയ്യേണ്ടത്.
അലി(റ) ചോദിച്ചു: ‘അത് കാപട്യമല്ലേ? ഖിലാഫത്തിനെതിരെ കോപ്പുകൂട്ടുന്നവരെ എന്തിന് ഭരണത്തിൽ തുടർത്തണം?’
ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചു: അവരെ തൽസ്ഥാനത്ത് തുടർത്തി അവർക്കു വേണ്ടത് ചെയ്തുകൊടുക്കലാണ് രാഷ്ട്രതന്ത്രം. ഇന്നലെ മുഗീറ(റ) ഉപദേശിച്ചതതാണ്. അത് താങ്കൾ അംഗീകരിക്കാത്തതുകൊണ്ട് നിങ്ങളുടെ ഇഷ്ടം പോലെ ചെയ്‌തോളൂ എന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞതിന്റെ ധ്വനി. അതിനാൽ മുഗീറ ആദ്യം പറഞ്ഞതനുസരിച്ച് പ്രവർത്തിക്കുക.
ഖലീഫ(റ) പറഞ്ഞു: അതു നടക്കില്ല. താങ്കളെ മുആവിയക്കു പകരം ശാമിന്റെ അമീറായി നിയമിച്ചിരിക്കുന്നു.
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘ശാമിന്റെ പുതിയ ഗവർണറെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നാൽ ഉസ്മാൻ(റ)വിനെ വധിച്ചതിനുള്ള പ്രതികാരം അവരെന്റെ മേലിലായിരിക്കും ചാർത്തുക. അല്ലെങ്കിൽ അങ്ങയുടെ കുടുംബക്കാരനായതിന്റെ പേരിൽ അറസ്റ്റുചെയ്യും. വേണമെങ്കിൽ, അദ്ദേഹത്തെ തൽസ്ഥാനത്ത് നിലനിർത്തിയിട്ടുണ്ടെന്നും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുവെന്നും കത്തെഴുതി തന്നാൽ അതുകൊണ്ടുപോയി നൽകാം. അല്ലാതെ, ഗവർണറായി അങ്ങോട്ട് പോകാൻ എനിക്കു വയ്യ. എനിക്ക് അധികാരത്തിന് ഒട്ടും താൽപര്യമില്ല.’
പക്ഷേ, ഖലീഫ അതൊന്നും അംഗീകരിച്ചില്ല. മുആവിയ(റ)യെ പിരിച്ചുവിടുക തന്നെ ചെയ്തു. മക്കക്കാർ നിഷ്പക്ഷരായി നിന്നെങ്കിലും മദീന, യമൻ, ത്വാഇഫ്, കൂഫ, ബസ്വറ, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവർ പുതിയ ഖലീഫയെ അംഗീകരിച്ചു. അവിടങ്ങളിൽ അലി(റ)വിനെ അംഗീകരിക്കുന്ന ഗവർണർമാരെ നിയമിക്കുകയും ചെയ്തു. ഇതോടെ മുസ്‌ലിംകൾക്കിടയിലെ ഇജ്മാഅ് പ്രാബല്യത്തിൽ വന്നു.
അതേസമയം ഉസ്മാൻ(റ)വിന്റെ ഘാതകർക്കെതിരെ പ്രതികാരം ചെയ്യാൻ മുആവിയ(റ)യുടെ 40000 വരുന്ന സൈന്യം മദീന ലക്ഷ്യമാക്കി യാത്ര തുടർന്നു. അവർക്കെതിരെ സൈനിക നീക്കം നടത്താൻ ഖലീഫ തീരുമാനിച്ചു. സത്യത്തിൽ മദീന പിടിച്ചടക്കി ഇസ്‌ലാമിക ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ച വിമതർക്കെതിരെയാണ് മുആവിയ(റ)യുടെ നീക്കമെങ്കിലും പുതിയ ഖലീഫ നിലവിൽ വന്നിരിക്കെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കീഴുദ്യോഗസ്ഥനായ ഗവർണർ നടത്തുന്ന ഈ പ്രവൃത്തി നിയമവിരുദ്ധമാണ്.
ഖിലാഫത്ത് ഏറ്റെടുത്തതിന്റെ പിറ്റേന്ന് ത്വൽഹ(റ), സുബൈർ(റ) എന്നിവർ ഖലീഫയോട് അപേക്ഷിച്ചു: താങ്കൾ ആദ്യം ചെയ്യേണ്ടത് ഉസ്മാൻ(റ)വിന്റെ ഘാതകരെയും അതിനു കൂട്ടുനിന്നവരെയും മാതൃകാപരമായി ശിക്ഷിക്കുകയാണ്.
അലി(റ) പറഞ്ഞു: അതേ. പക്ഷേ, ഇപ്പോൾ അങ്ങനെ ചെയ്താൽ പ്രശ്‌നം ഗുരുതരമാകുകയേയുള്ളൂ. ശാമുൾപ്പടെയുള്ള പ്രദേശങ്ങൾ ഖിലാഫത്തംഗീകരിക്കാതെ മറുഭാഗത്താണ്. അംഗീകരിച്ച നാടുകളിലാകട്ടെ വിമതരുടെആളുകൾ പ്രശ്‌നം സൃഷ്ടിക്കാൻ അവസരം കാത്തിരിക്കുകയും. രാജ്യതലസ്ഥാനമായ മദീനയിലും പ്രശ്‌നം ഗുരുതരമാകും. അതിനാൽ അൽപ്പം കഴിഞ്ഞേ നടപടി എടുക്കാനാവൂ. ആദ്യം ആഭ്യന്തര പ്രശ്‌നങ്ങൾ കെട്ടടങ്ങട്ടെ. എന്നിട്ട് ഓരോ പ്രവിശ്യയിലെയും പ്രശ്‌നക്കാരെ കണ്ടെത്തി ശിക്ഷിക്കാം.
അപ്പോൾ ത്വൽഹ(റ) പറഞ്ഞു: ‘ബസ്വറയിൽ എന്നെ അനുകൂലിക്കുന്ന ധാരാളം മുസ്‌ലിംകളുണ്ട്. വേണമെങ്കിൽ അവിടത്തെ ഗവർണറായി എന്നെ നിയമിച്ചോളൂ. ഞാനവിടെ പോയി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി സൈന്യത്തെ സജ്ജീകരിച്ച് മദീനയിലേക്കയാക്കാം.’
സുബൈർ(റ) പറഞ്ഞു: ‘എന്നെ കൂഫയിലെ ഗവർണറായി നിയമിച്ചോളൂ. അവിടെ നമ്മുടെ ഭരണം അംഗീകരിക്കുന്ന ധാരാളം പേരുണ്ട്. അവരിൽ നിന്ന് രാഷ്ട്രസംരക്ഷണത്തിനായി സൈന്യത്തെ സജ്ജീകരിച്ച് മദീനയിലേക്കയക്കാം. കൂഫ, ബസ്വറ എന്നിവിടങ്ങളിൽ നിന്നുള്ള ശക്തരായ സൈന്യങ്ങൾ മദീനക്കു സംരക്ഷണമൊരുക്കിയാൽ വിമതർക്ക് ഒന്നും ചെയ്യാനാകില്ല. ഖിലാഫത്ത് സ്വസ്ഥമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യാം.
അലി(റ) പറഞ്ഞു : ‘നിങ്ങൾ എന്നെ ഭരണ കാര്യങ്ങളിൽ ഉപദേശിക്കേണ്ടവരാണ്. അതിനു പകരം ഗവർണർമാരായാൽ ആരാണിവിടെ പ്രതിസന്ധി സമയത്ത് ഭരണ വിഷയങ്ങളിൽ സഹായിക്കാനുണ്ടാവുക. നിങ്ങൾ കൂടെയില്ലെങ്കിൽ ഭരണം കാര്യക്ഷമതയോടെ മുന്നോട്ടു നയിക്കാൻ കഴിയില്ല. പ്രമുഖരെല്ലാം വഫാത്തായല്ലോ!’
മുആവിയ(റ)ക്ക് തെറ്റുപറ്റിയോ?
ഖലീഫ നിലവിൽ വന്നിരിക്കെ അദ്ദേഹത്തിന്റെ അധികാരത്തിനു കീഴിലാണ് എല്ലാ മുസ്‌ലിം ഗവർണർമാരും. ഖലീഫയുടെ സമ്മതമില്ലാതെ എതെങ്കിലും പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാൻ സൈന്യത്തെ അയക്കാനോ നടപടിയെടുക്കാനോ ഗവർണർക്ക് ഇസ്‌ലാമിക രാഷ്ട്ര നിയമ പ്രകാരം അധികാരമില്ലെന്നു മാത്രമല്ല ആ പ്രവൃത്തി തെറ്റാണ്.
ഖിലാഫത്ത് ഏറ്റെടുത്ത് അലി(റ) ആദ്യം ആഭ്യന്തര രംഗം ശാന്തമാക്കാനാണ് ശ്രമിച്ചത്. അതിനു ശേഷം ആക്രമികൾക്കെതിരെ നടപടിയെടുക്കാമെന്ന് തീരുമാനിച്ചു. ഇതായിരുന്നു മഹാന്റെ ഇജ്തിഹാദ്. എന്നാൽ മുആവിയ(റ)വിന്റെ ഇജ്തിഹാദ് മറിച്ചായിരുന്നു. മുസ്ലിം രാഷ്ട്രത്തിന്റെ ഖലീഫയെ കൊലപ്പെടുത്തുകയെന്ന വലിയ പാതകം ചെയ്തവർക്കെതിരെ നടപടിയെടുക്കുകയാണ് മറ്റെന്തിനേക്കാളും പ്രധാനം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഖലീഫയുടെ ഘാതകരോട് പ്രതികാരം ചെയ്യാൻ കുടുംബപരമായി ഏറ്റവും ബന്ധപ്പെട്ടത് താനാണെന്നും അദ്ദേഹം വിശ്വസിച്ചു. പക്ഷേ, അതിനായി നടത്തിയ സൈനിക നീക്കം യഥാർത്ഥത്തിൽ അക്രമികൾക്കെതിരെയാണെങ്കിലും പുതിയ ഖലീഫ നിലവിൽ വന്നതിനാൽ, ഫലത്തിൽ അദ്ദേഹത്തിനെതിരെ ആയിട്ടാണ് വിലയിരുത്തപ്പെടുക. ഇത് മുജ്തഹിദ് (ഗവേഷകൻ) പദവിയെത്തിച്ച മുആവിയ(റ)വിന് ഇജ്തിഹാദിൽ വന്ന പിഴവ് എന്നു മാത്രമേ പറയേണ്ടതുള്ളൂ. ഗവേഷണത്തിലെ പിഴവിന്റെ പേരിൽ അദ്ദേഹം കുറ്റക്കാരനല്ല. കാരണം, മറ്റെല്ലാത്തിനും പുറമെ മുആവിയ(റ) റസൂൽ(സ്വ)യുടെ ഇഷ്ട അനുയായിയും ഇമാമും മുജ്തഹിദുമാണ്. ഇതേ നിലപാടുകാരായ വേറെയും പ്രമുഖ സ്വഹാബികളുണ്ടായിരുന്നു. ഇജ്തിഹാദിലൂടെ കണ്ടെത്തിയത് പിഴച്ചാലും അതനുസരിച്ച് പ്രവർത്തിക്കൽ മുജ്തഹിദിന് നിർബന്ധമാണ്. അതിനവർക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അതാണ് മുആവിയ(റ) ചെയ്തത്.
(തുടരും)
സുലൈമാൻ ഫൈസി കിഴിശ്ശേരി