? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക, കണ്ടിടത്തുവെച്ച് നിങ്ങൾ അവരെ കൊല്ലുക തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം. ഇതൊക്കെ തീവ്രവാദമല്ലേ? എന്താണ് മറുപടി?
? സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിന്റെ പൊതുപ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി വസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം ഒരു സ്‌കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച് ഇയാൾ എന്ത് പ്രാകൃതൻ എന്ന് അലമുറയിടുന്നതിന്റെ സംഗത്യമെന്താണ്?
നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിലുള്ളത്. കണ്ടേടത്തുവെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധസാഹചര്യത്തിലാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിൽ ഏർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്നതുതന്നെ. പുറം ചൊറിഞ്ഞു കൊടുക്കാനല്ലല്ലോ യുദ്ധത്തിൽ ഏർപ്പെടുന്നത്. ശത്രുവിന്റെ വാളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കണ്ടേടത്തുവെച്ച് കൊല്ലേണ്ടി വരും. ഇത് ഖുർആനിൽ മാത്രമുള്ള പരാമർശമൊന്നുമല്ല. എല്ലാ മതഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ കാണാം. യുദ്ധരംഗത്ത് പട്ടാള മേധാവികൾ ഇത്തരം പ്രസ്താവനകൾ നടത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാൽ ‘ശത്രുവിനെ കാണാൻ നിങ്ങൾ കൊതിക്കരുത്’ എന്നും ‘അവർ സന്ധിക്ക് തയ്യാറായാൽ നിങ്ങളും ഒരുങ്ങണമെന്നു'(സൂറത്തുൽ അൻഫാൽ 61)മുള്ള പാഠങ്ങൾ വിസ്മരിക്കപ്പെടുന്നു. ‘മതത്തിൽ ബലാൽക്കാരമില്ല’ (അൽബഖറ 256) എന്ന് പഠിപ്പിച്ച പ്രത്യയ ശാസ്ത്രം എങ്ങനെ തീവ്രവാദപരമാകും?
ഇതര സമുദായങ്ങളോട് അക്രമം പാടില്ലെന്ന് മാത്രമല്ല, അവരോട് നീതിപൂർവകമായി വർത്തിക്കണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ‘നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാത്തവരുമായ ആളുകളോട് ഗുണം ചെയ്യുന്നതും അവരുമായി നീതിപൂർവം പെരുമാറുന്നതും അല്ലാഹു തടയുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാകുന്നു’ (സൂറത്തുൽ മുംതഹിന 8) എന്നാണ് ഖുർആന്റെ പ്രസ്താവന. ‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയോ ആരെയെങ്കിലും വധിക്കുകയോ ചെയ്തതിന്റെ പേരിലല്ലാതെ ഒരാൾ മറ്റൊരാളെ കൊന്നുകളഞ്ഞാൽ അയാൾ മാനവകുലത്തെ ആകമാനം കൊന്നവനെ പോലെയാണ് എന്നും ഖുർആൻ പ്രഖ്യാപിച്ചു (അൽമാഇദ 32).
‘പച്ചക്കരളുള്ള എല്ലാ ജീവികളിലും നമുക്ക് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളുണ്ടെന്നും’ അവയോട് ഏറ്റവും നല്ല രീതിയിൽ പെരുമാറണമെന്നും തിരുനബി(സ്വ) പഠിപ്പിച്ചു. പട്ടിക്ക് വെള്ളം കൊടുത്ത് ദാഹം ശമിപ്പിച്ചതിന്റെ പേരിൽ സ്വർഗസ്ഥയായിത്തീർന്ന സ്ത്രീയെക്കുറിച്ചും പൂച്ചക്ക് അന്നം കൊടുക്കാതെ കെട്ടിയിട്ടതിന്റെ പേരിൽ നരകത്തിൽ കടക്കുന്ന ആളെ കുറിച്ചും നബി(സ്വ) തന്നെയാണ് നമുക്ക് പറഞ്ഞുതന്നത്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വെള്ളം, ചികിത്സ എന്നിവ നൽകൽ അവർ ഏതു മതക്കാരാണെങ്കിലും മുസ്‌ലിം സമുദായത്തിനു മേൽ നിർബന്ധമാണ്.

മൻസൂഖാക്കുന്നത് മന:പൂർവമോ?

? സമാധാനത്തിന്റെ സന്ദേശം തോന്നിപ്പിക്കുന്ന ആയത്തുകൾ വരുമ്പോഴൊക്കെയും അത് മൻസൂഖ് (ദുർബപ്പെടുത്തപ്പെട്ടത്) ആണെന്നാണല്ലോ ചില തഫ്‌സീറുകളിൽ കാണുന്നത്. ഇത്തരം ആയത്തുകൾ ഓതുന്നതിന് തീരെ പ്രസക്തി ഇല്ല, അവ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്നല്ലേ അതിന്റെ താൽപര്യം?

?? അല്ല. അവ മൻസൂഖാണെന്ന് പറയുന്നത് ആ ആയത്തിന്റെ ആശയം ഇപ്പോൾ പ്രസക്തമേ അല്ല എന്ന അർത്ഥത്തില്ല; പ്രത്യുത മുൻസഅ എന്നതിനെ കൂടി ഉൾകൊള്ളുന്ന വിശാലമായ അർത്ഥത്തിലാണ്. ജലാലൈനിയുടെ മുസന്നിഫുമാരിലൊരാളായ ഇമാം സുയൂതി(റ) തന്നെ ഇത്ത്ഖാനിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇമാം സർകശി(റ) തന്റെ ബുർഹാനിലും. യുദ്ധ സാഹചര്യം നിലവിലുണ്ടെങ്കിലും യുദ്ധം ചെയ്യരുതെന്ന് ഈ ആയത്തുകൾ അർത്ഥമാക്കുന്നില്ല എന്നു മാത്രമാണ് മൻസൂഖാണ് എന്നതിന്റെ വിവക്ഷ.
ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇവിടെ ജീവിക്കാൻ ഇന്ത്യക്കാർ ബാധ്യസ്ഥരാണ്. ഏതു മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ പുലർത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ശക്തിയുക്തം എതിർക്കാനാണ് മതം നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തെവിടെയും സമാധാനം നിലനിൽക്കാൻ ആവശ്യമായ സന്ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഏതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിനും അതിന്റേതായ യുദ്ധ നിയമങ്ങളുണ്ട്. ഒരു രാഷ്ട്രം യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തിൽ യുദ്ധം ചെയ്യുന്നതിന് തടസ്സമായി പ്രസ്തുത സൂക്തങ്ങൾ നിലകൊള്ളുന്നില്ല എന്നാണ് അവ മൻസൂഖാണെന്നതിന്റെ വിവക്ഷ.
ഏതൊരു സാഹചര്യത്തിലാണ് ആ സൂക്തം അവതരിപ്പിച്ചിട്ടുള്ളത് ആ സാഹചര്യം നിലനിൽക്കുന്ന കാലത്തും സ്ഥലത്തും ആ ആയത്തുകൾ പ്രസക്തം തന്നെയാണ്. അതുകൊണ്ടുതന്നെ മൻസൂഖായ ആയത്തുകൾ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്ന ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല.
(തുടരും)

 

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ