ഇമാമിനൊപ്പം ചില റക്അത്തുകൾ നഷ്ടപ്പെട്ടയാൾ തനിക്കു നഷ്ടപ്പെട്ട ഭാഗം പരിഹരിക്കുന്ന വേളയിൽ സൂറത്ത് ഓതേണ്ട സാഹചര്യങ്ങൾ മുമ്പു വിശദീകരിച്ചല്ലോ. എന്നാൽ പ്രത്യേക സൂറത്തുകൾ സുന്നത്തുള്ള നിസ്‌കാരങ്ങളിൽ വൈകി വന്നയാൾ സൂറത്ത് ഓതുമ്പോൾ പ്രത്യേകം നിശ്ചയിച്ചവ തന്നെ ഓതണം. അപ്പോൾ വെള്ളിയാഴ്ച സ്വുബ്ഹിൽ ഒരു റക്അത്ത് നഷ്ടപ്പെട്ടയാൾ ഇമാം സലാം ചൊല്ലിപ്പിരിഞ്ഞതിനു ശേഷം നഷ്ടപ്പെട്ടവ നിർവഹിക്കുമ്പോൾ ഏതു സൂറത്താണ് ഓതേണ്ടത്? ഇമാമിനൊപ്പം രണ്ടാം റക്അത്തിൽ സന്ധിച്ചപ്പോൾ ‘ഹൽ അതാ’ കേട്ടിരുന്നതിനാൽ തന്റെ പരിഹാര നിറുത്തത്തിൽ ഫാത്തിഹക്കു ശേഷം ‘അലിഫ് ലാം സജദ’ ഓതണമെന്നാണു ഇമാം കമാലു റദ്ദാദ്(വഫാത്ത് ഹിജ്‌റ 923)നെ ഉദ്ധരിച്ച് ഫത്ഹുൽ മുഈൻ (തർശീഹ് സഹിതം പേ. 63) പറയുന്നത്.
എന്നാൽ ഇബ്‌നു ഹജർ(റ) തുഹ്ഫ(2/463)യിൽ പ്രബലപ്പെടുത്തുന്നത്, ജുമുഅ നിസ്‌കാരത്തിന്റെ രണ്ടാം റക്അത്തിൽ ഇമാമിനൊപ്പം കൂടുകയും ‘മുനാഫിഖൂന’ സൂറത്ത് ശ്രവിക്കുകയും ചെയ്ത മസ്ബൂഖ് തന്റെ രണ്ടാം റക്അത്തിൽ ‘മുനാഫിഖൂന’ തന്നെയാണ് ഓതേണ്ടതെന്നാണ്.
ഇമാം ഒന്നാം റക്അത്തിൽ ആ റക്അത്തിലെ നിർണിത സൂറത്തുതന്നെ ഓതിയെങ്കിൽ മസ്ബൂഖ് തന്റെ അവസാന റക്അത്തിൽ ആദ്യ റക്അത്തിലെ നിർണിത സൂറത്താണ് ഓതേണ്ടതെന്നും ഇമാം നിർണിത സൂറത്ത് ഒഴിവാക്കിയതായി ബോധ്യപ്പെട്ടാൽ തന്റെ റക്അത്തിൽ ഒന്നും രണ്ടും റക്അത്തിലെ നിർണിത സൂറത്തുകൾ യഥാക്രമം ഓതണമെന്നും ഫതാവൽ കുബ്‌റ(1/157)യിൽ വിശദീകരിക്കുന്നുണ്ട്.
ഒന്നാം റക്അത്തിൽ നിർണിത സൂറത്ത് ബോധപൂർവമോ അല്ലാതെയോ ഒഴിവാക്കിയാൽ രണ്ടാം റക്അത്തിൽ രണ്ടും ചേർത്ത് ഓതണമെന്ന നിയമത്തോടു സമീകരിച്ചാണ് ഉപര്യുക്ത നിയമം ഇബ്‌നു ഹജർ(റ) നിർധാരണം ചെയ്യുന്നത്. ഫതാവൽ കുബ്‌റ പരാമർശിച്ച ശേഷം മഖ്ദൂം(റ) ശർഹുൽ മൻഹജി(തുഹ്ഫ)ന്റെ ധ്വനി ഫതാവയുടെ മൊഴിക്കെതിരായി, മസ്ബൂഖ് രണ്ടാം റക്അത്തിലെ നിർണിത സൂറത്താണ് (ഉദാ. മുനാഫിഖൂന) ഓതേണ്ടതെന്നും ഫത്ഹുൽ മുഈനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു വിശദീകരിച്ച് ദിംയാത്വീ(റ) ഇആനത്തി(1/179)ലും അല്ലാമതു സഖാഫ് തർശീഹി(പേ. 63)ലും പൊതുനിസ്‌കാരങ്ങളിലെ സൂറത്തുമായി ബന്ധപ്പെട്ട തുഹ്ഫയിലെ ചർച്ചയിലെ (2/56) ഒരു പരാമർശമാണ് ഉദ്ധരിക്കുന്നത്. തുടർന്നു തർശീഹ്(പേ. 63) മഖ്ദൂമിന്റെ നിരീക്ഷണം തുഹ്ഫയുടെ മൊഴിയോടു നിരക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ കൈവശമുള്ള തുഹ്ഫയുടെ പ്രതി പറ്റേ ബാലിശമായതു കാരണമാകാം മേൽ അബദ്ധം പറ്റിയതെന്നും അഭിപ്രായപ്പെടുന്നുണ്ട്!
സത്യത്തിൽ തുഹ്ഫയിൽ ജുമുഅയുടെ അധ്യായത്തിൽ (2/463) വൈകി തുടർന്നയാളുടെ പ്രശ്നം വേറിട്ടുതന്നെ തീർപ്പാക്കിയിട്ടുണ്ട്. അത് ഫതാവൽ കുബ്‌റയുടെ സമീകരണ നിരീക്ഷണത്തിനു നേരെ വിരുദ്ധമാണ്. അതാകണം ഫത്ഹുൽ മുഈൻ സൂചിപ്പിച്ച ഭാഗം. എന്നാൽ തുഹ്ഫയുടെ മൊഴിയുടെ താൽപര്യം മാത്രമാണ് (അസന്നിഗ്ധ പ്രസ്താവനയല്ല) ഉപര്യുക്ത ആശയമെന്ന പ്രയോഗമാകാം ഇരു ഹാശിയകളെയും കുഴക്കിയതെന്ന് അനുമാനിക്കാം.

ജുമുഅ ഖുത്വ്ബയും
സൂറത്തുൽ ഖാഫും

ജുമുഅയുടെ ഒന്നാം ഖുത്വ്ബയിൽ എല്ലാ ആഴ്ചയും ‘ഖാഫ്’ സൂറത്ത് പൂർണമായും ഓതൽ സുന്നത്തുണ്ട്. സ്വഹീഹ് മുസ്‌ലിം (873) ഉദ്ധരിക്കുന്ന ഹദീസിൽ റസൂൽ(സ്വ) സ്ഥിരമായി ഈ സൂറത്ത് ജുമുഅ ഖുത്വ്ബയിൽ ഓതിയിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ശ്രോതാക്കളുടെ അപ്രീതി അവഗണിച്ചു പോലും ഖത്വീബുമാർ ഈ തിരുചര്യ നിലനിറുത്തണമെന്നാണ് ഇമാമുകളുടെ നിലപാട് (അസ്‌നൽ മത്വാലിബ് 1/257, നിഹായ 2/315, മുഗ്‌നി 1/551 കാണുക). പൂർണമായി ഓതുന്നതാണ് പുണ്യകരമെങ്കിലും ഭാഗികമായി ഓതിയാലും അടിസ്ഥാന പ്രതിഫലം ലഭിക്കും (തുഹ്ഫ 2/447). പള്ളി മിമ്പറുകൾക്ക് അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ഈ തിരുസുന്നത്ത് തിരിച്ചുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
‘ഖാഫ്’ സൂറത്ത് ഭാഗികമായെങ്കിലും ഓതാൻ കൂട്ടാക്കാത്തവർക്ക് സൂറത്തുൽ അഹ്‌സാബിലെ 71-72 സൂക്തങ്ങൾ ഓതൽ സുന്നത്തുണ്ട് (മുഗ്‌നി1/551).

ജുമുഅ ഖുത്വ്ബയും
ഒടുവിലെ ആയത്തും

ജുമുഅ ഖുത്വ്ബ സൂറത്തുന്നഹ്‌ലിലെ തൊണ്ണൂറാം വചനംകൊണ്ട് അവസാനിപ്പിക്കുന്ന രീതി നമ്മുടെ നാടുകളിൽ പണ്ടുമുതലേ കണ്ടുവരുന്നതാണ്. എന്നാൽ ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് പ്രത്യേക പുണ്യം കൽപ്പിക്കപ്പെടേണ്ട സുന്നത്തായി പരിചയപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടിട്ടില്ല. പകരം ‘അസ്തഗ്ഫിറുല്ലാഹ ലീ വലകും’ എന്നു ഒരു തവണ ചൊല്ലി രണ്ടാം ഖുത്വ്ബ അവസാനിപ്പിക്കാനാണു നമ്മുടെ മദ്ഹബിന്റെ ഇമാമുമാർ നിർദേശിച്ചതായി കാണുന്നത് (നിഹായ 2/327, മുഗ്‌നി1/557).
മാലികീ ധാരയിലെ പലരും ഇതു സുന്നത്തില്ലെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഖുത്ബ ‘യഗ്ഫിറുല്ലാഹു ലനാ വലകും’ എന്നോ ‘ഉദ്കുറുല്ലാഹ യദ്കുറുകും’ എന്നോ ചൊല്ലി അവസാനിപ്പിക്കലാണ് സുന്നത്തെന്നും അവർ പ്രസ്താവിക്കുന്നു (ശർഹുൽ ഖറശീ ലിൽ മുഖ്തസ്വർ 2/83, ഹാശിയതുദ്ദസൂഖീ അലാ ശർഹിൽ കബീർ 1/382).
അതേസമയം, നമ്മുടെ മദ്ഹബിൽ അത് സുന്നത്താണെന്നതിനു വ്യക്തമായ രേഖ ലഭിച്ചില്ലെങ്കിലും വിശ്വാസികളിൽ നീതിബോധം ഉറപ്പിക്കാനും വൃത്തികേടുകളും അരുതായ്മകളും ഉപേക്ഷിക്കാൻ അവരെ പ്രാപ്തരാക്കാനും പ്രചോദനമുള്ളൊരു ദിവ്യ വചനമായത് കൊണ്ടുതന്നെ പൗരാണിക കാലം മുതൽ ഖത്വീബുമാർ ഈ രീതി അനുവർത്തിച്ചിരുന്നതായി വ്യക്തമായ രേഖകളുണ്ട്. ഉമറുബ്നു അബ്ദുൽ അസീസ്(റ)വാണ് ഈ രീതിയുടെ സൂത്രധാരൻ. രാഷ്ട്രീയ വിരോധത്താൽ ‘ബനൂ ഉമയ്യത്ത്’ ഖത്വീബുമാർ ഹിജ്‌റാബ്ദം 41ൽ തുടങ്ങിവെച്ച, പവിത്രമായ ജുമുഅ ഖുത്വുബയുടെ അവസാനം സാത്വികനും നാലാം ഖലീഫയുമായ അലിയ്യുബ്‌നു അബീത്വാലിബി(റ)നെതിരെ ശാപ പ്രാർത്ഥന നടത്തുന്ന തെറ്റായ രീതി ഉമറുബ്‌നു അബ്ദിൽ അസീസ്(റ)വാണ് അവസാനിപ്പിച്ചത്. ഹിജ്‌റാബ്ദം 99ലായിരുന്നു ഇത്.
അലി(റ)നെതിരായ ശാപവാക്കിനു പകരം ഉദ്ധൃത സൂക്തം നടപ്പിൽവരുത്താൻ ഖത്വീബുമാർക്ക് അദ്ദേഹം നിർദേശം നൽകി. ഇബ്‌നു ത്വഖ്ത്വഖീ (മരണം ഹി. 703) അൽഫഖ്‌രിയ്യു ഫിൽ ആദാബിസ്സുൽത്വാനിയ്യ (പേ. 129)യിലും അബുൽ ഫിദാ (ഹി. 732) അൽമുഖ്തസർ ഫീ അഖ്ബാരിൽ ബശർ (1/201)ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈദും സൂറത്തുകളും

ചെറിയ-വലിയ പെരുന്നാൾ നിസ്‌കാരങ്ങളിൽ സൂറത്തുൽ ഖാഫ് (അധ്യായം 50), സൂറത്തുൽ ഖമർ (അധ്യായം 54) എന്നിവ യഥാക്രമം ഒന്നും രണ്ടും റക്അത്തുകളിൽ ഓതൽ സുന്നത്തുണ്ട്. ‘സബ്ബിഹിസ്മ’, ‘അൽഗാശിയ’ സൂറത്തുകൾ ഓതിയാലും സുന്നത്ത് ലഭിക്കുമെങ്കിലും ആദ്യം പറഞ്ഞവയാണ് അഭികാമ്യം. ഇതിനും മഅ്മൂമൂകളുടെ അനുമതി ആവശ്യമില്ല (തുഹ്ഫ 3/45, നിഹായ 2/391).

സൂറത്തുകളും
സാന്ദർഭിക പ്രാർത്ഥനകളും

നിസ്‌കാരത്തിനകത്തും പുറത്തും ഓതുന്ന സൂക്തങ്ങളുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും പ്രതികരണങ്ങളും ഓരോ സാഹചര്യത്തിനും യോജിച്ച തരത്തിൽ നിർവഹിക്കൽ സുന്നത്തുണ്ട്. തിരുനബി(സ്വ)യുടെ ഖുർആൻ പാരായണ രീതി ഇങ്ങനെയായിരുന്നുവെന്ന് സ്വഹീഹ് മുസ്‌ലിം (772) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. ഓതിയവർക്കും കേട്ടവർക്കും നിർബന്ധ-ഐച്ഛിക നിസ്‌കാരങ്ങൾക്കകത്തും പുറത്തും ഒരുപോലെ ഇത് സുന്നത്തുണ്ടെന്ന് ഇമാം നവവി (ശർഹുൽ മുഹദ്ദബ് 4/66) വിശദീകരിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ കാരുണ്യം പരാമർശിക്കുന്ന സൂക്തങ്ങൾ ഓതുമ്പോൾ ഇമാമും കേട്ട മഅ്മൂമും رب اغفر وارحم എന്നു കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം.
നരക ശിക്ഷ വിളംബരം ചെയ്യുന്ന ആയത്തുകൾ പാരായണം ചെയ്താൽ رب أعذني من عذابك എന്നു പ്രാർത്ഥിക്കണം.
തസ്ബീസിന്റെ സൂക്തങ്ങളുടെ സാഹചര്യങ്ങളിൽ سبحان ربي العظيم എന്നു പ്രതികരിക്കണം.
സൂറത്തുത്തീനിനു ശേഷം بلى وأنا على ذلك من الشاهدين എന്നു സാക്ഷ്യം പറയണം.
ചിന്തോദ്ദീപകമായ സൂക്തങ്ങൾക്കു ശേഷം ഖുർആൻ തുറന്നിട്ട ധൈഷണിക ലോകത്തേക്ക് അൽപം ചിന്ത പായിക്കണം. (റൗളതു ത്വാലിബീൻ 1/249, അസ്‌നൽ മത്വാലിബ് 1/156, നിഹായ 1/547, മുഗ്‌നി 1/390).
ശബ്ദം ഉയർത്തി ഓതൽ സുന്നത്തുള്ള നിസ്‌കാരങ്ങളിൽ ഒറ്റക്കു നിസ്‌കരിക്കുന്നവരും സംഘടിത നിസ്‌കാരങ്ങളിൽ ഇമാമും മഅ്മൂമുമെല്ലാം മേൽ പരാമർശിച്ച പ്രാർത്ഥന ഉറക്കെതന്നെ നിർവഹിക്കണം (നിഹായ 1/507, ശർഹു ബാഫള്ൽ മൗഹിബ സഹിതം 2/221-222).

സൂറത്തു ളുഹാ മുതൽ തക്ബീർ

ളുഹാ മുതൽ കീഴ്‌പോട്ടുള്ള സൂറത്തുകൾ പാരായണം ചെയ്താൽ ഉടൻ തക്ബീർ ചൊല്ലുന്നത് പലരും അശ്രദ്ധരായ മറ്റൊരു സുന്നത്താണ്. ശാഫിഈ മദ്ഹബിലെ പ്രബലരായ ഇമാം സർകശി (അൽബുർഹാൻ 1/472-474) ഇബ്നു ഹജർ (അൽഫതാവൽ ഹദീസിയ്യ പേ. 165, ഫതാവൽ കുബ്‌റ 1/52) തുടർന്ന് അല്ലാമതു ജർഹസി (ഹാശിയതുൽ ജർഹസീ അലാ ശർഹി ബാഫള്ൽ പേ. 258), ഇമാം കുർദി (അൽമവാഹിബുൽ മദനിയ്യ 2/221) എന്നിവരും ഈ പ്രബല സുന്നത്തിന്റെ പ്രചാരകരായവരാണ്.
നിസ്‌കാരത്തിനകത്തും അല്ലാതെയും ഖുർആൻ ആദ്യം മുതൽ ഖത്മ് ഉദ്ദേശിച്ച് ഓതിയെത്തിയവരും അല്ലാത്തവരുമെന്ന വിവേചനം ഇല്ലാതെ തന്നെ ഈ സുന്നത്തുണ്ടെന്ന് ഇബ്‌നു ഹജർ(റ) ഫതാവൽ കുബ്‌റ(1/52)യിൽ പ്രബലപ്പെടുത്തുന്നു.
ഓരോ സൂറത്തും ഓതിക്കഴിഞ്ഞ ഉടനെ ഒന്നു നിർത്തി ശ്വാസമെടുത്ത ശേഷമാണ് തക്ബീർ ചൊല്ലേണ്ടത്. ‘അല്ലാഹു അക്ബർ’ എന്നു മാത്രമാണോ, അതല്ല ‘ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ’ എന്നാണോ അഭികാമ്യമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട് (ഫതാവൽ ഹദീസിയ്യ പേ. 165 കാണുക).
വിശുദ്ധ റമളാനിൽ മഖാമു ഇബ്‌റാഹീമിനു പിന്നിലായി ഇമാം അബുൽ ഹസനുൽ ഖുറശീ(റ) തറാവീഹിൽ ഖത്മു രാവിൽ സൂറത്തു ളുഹാ മുതൽ തക്ബീറുകൾ ചൊല്ലി ഓതുകയും നിസ്‌കാരാനന്തരം ഇമാം ശാഫിഈ(റ) പിറകിൽ മഅ്മൂമായി നിസ്‌കരിച്ചതു കാണുകയും തന്റെ ചെയ്തിയെ, ‘നിങ്ങൾ സുകൃതം ചെയ്തു, തിരുചര്യ പിന്തുടർന്നു’ എന്ന് ആശീർവദിച്ചതായി ഇബ്‌നു കസീർ (തഫ്സീർ 8/423) ഇമാം അബൂശാമ (ഇബ്‌റാസുൽ മആനീ പേ. 736)യെ ഉദ്ധരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനബി(സ്വ) വരെ എത്തുന്ന മുസൽസലായ ഒരു ഹദീസ് ഇവ്വിഷയകമായി ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇമാം അബൂശാമ (വഫാത്ത് ഹി. 665) ശർഹു ശാത്വബിയ്യ (അൽമആനിൽ മിൻ ഹിർസിൽ മആനി പേ. 734-736, 738-740 കാണുക)യിൽ അത് വിശദീകരിച്ചിട്ടുണ്ട്. ഖുർറാഉകളായ അനേകം ഇമാമുമാർ ഈ മര്യാദ പഠിപ്പിക്കുന്നവരാണ് (അൽബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ 1/472-473, ഹാശിയതു തർമസി 2/844). ഇമാം ശാഫിഈ(റ)യുടെ ഉദ്ധൃത അംഗീകാരം ഇവ്വിഷയകമായി ഉദ്ധരിക്കപ്പെടുന്ന ഹദീസിന്റെ സ്വീകാര്യതയുടെ ആധാരമാക്കാമെന്നു ഇബ്‌നു കസീർ (തഫ്സീറു ഇബ്നി കസീർ 8/423) അഭിപ്രായപ്പെടുന്നുണ്ട്.
ഖത്മ് ചെയ്യുന്ന വേളയിൽ ഇങ്ങനെ തക്ബീർ ചൊല്ലുന്നത് സുന്നത്താണെന്ന് ഹമ്പലികളും (ശർഹുൽ മുൻതഹാ 1/255 കാണുക) പ്രബലപ്പെടുത്തിയതു കാണാം. ഈ തക്ബീർ ഉറക്കെയാണു നിർവഹിക്കേണ്ടതെന്ന് ഇബ്‌നു ഹജർ(റ) ഫതാവയിൽ തന്നെ മറ്റൊരിടത്ത് (1/158) ഇമാം സർക്കശി(റ)യെ ഉദ്ധരിച്ചു സൂചിപ്പിച്ചിട്ടുണ്ട്.
നബി(സ്വ)ക്ക് ദീർഘകാലം ദിവ്യ വെളിപാടുകൾ നിലയ്ക്കുകയും അവിശ്വാസികൾ തിരുദൂതരെ പരിഹസിക്കുകയും ചെയ്യുമ്പോൾ അവിടന്ന് വിഷണ്ണനായി കഴിച്ചുകൂട്ടിയ കഥന കാലത്തിനറുതിയായാണ് സൂറത്തു ളുഹാ അവതരിക്കുന്നത്. ആശ്വാസത്തിന്റെ ആത്മീയ വചനങ്ങളുമായി ജിബ്‌രീൽ(അ) വന്നണഞ്ഞപ്പോൾ റസൂൽ(സ്വ) ‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞ് എതിരേറ്റതാകാം ളുഹാ സൂറത്ത് മുതലിങ്ങോട്ട് ഓതുന്നവരെല്ലാം തക്ബീർ മുഴക്കുന്നതിന്റെ യുക്തിയെന്ന് ഇമാം സർക്കശി (അൽബുർഹാൻ 1/473) രേഖപ്പെടുത്തുന്നു.
നിർണിത സൂറത്ത് മറന്നോ അല്ലാതെയോ മറ്റൊരു സൂറത്ത് ഓതാൻ തുടങ്ങിയാൽ അതൊഴിവാക്കി നിർണിത സൂറത്ത് ഓതുന്നത് പുണ്യകരമാണ്. പ്രത്യേകം പുണ്യമുള്ള സൂറത്തിന്റെ കാര്യം രണ്ടാം റക്അത്തിൽ മാത്രം ഓർമയായാൽ നിർണിത സൂറത്തുകൾ രണ്ടും യഥാക്രമം രണ്ടാം റക്അത്തിൽ ഓതൽ സുന്നത്തുണ്ട്.
രണ്ടാമത്തേതിൽ ഓതേണ്ടത് ഒന്നാം റക്അത്തിൽ ഓതിപ്പോയാൽ ഒന്നാമത്തേതിലെ നിർണിത സൂറത്ത് രണ്ടാം റക്അത്തിൽ ഓതണമെന്ന് തുഹ്ഫ(2/56)യിൽ പരാമർശമുണ്ട്. എന്നാൽ രണ്ടാമത്തേതിൽ രണ്ടും (ഒന്നും രണ്ടും റക്അത്തിലെ നിർണിത സൂറത്തുകൾ) ഓതലായിരിക്കും അഭികാമ്യമെന്ന് ഇമാം ബസ്വരി (ഹാശിയതുൽ ബസ്വരി 1/148) അഭിപ്രായപ്പെടുന്നുണ്ട്.

യാത്രയിലെ സൂറത്തുകൾ

ദീർഘ യാത്രക്കാരുടെ നിസ്‌കാരങ്ങളിൽ റക്അത്തുകളിലുള്ള ചുരുക്കം പോലെ സൂറത്തുകളിലുമുണ്ട്. അതിനാൽ യാത്രയിലെ സ്വുബ്ഹ് നിസ്‌കാരങ്ങളിൽ (വെള്ളിയാഴ്ചയും മറ്റു ദിവസങ്ങളിലും) കാഫിറൂന-ഇഖ്‌ലാസ്വ് ജോഡികളോ ഫലഖ്-നാസുകളോ ആണ് അഭികാമ്യം. രണ്ടാമതു പറഞ്ഞതാണ് കൂടുതൽ പുണ്യകരമെന്നു ഇബ്‌നു ഹജർ (തുഹ്ഫ 2/56) സൂചിപ്പിക്കുന്നുണ്ട്. ദീർഘ-ഹ്രസ്വ യാത്രയിലെ എല്ലാ നിസ്‌കാരങ്ങളിലും ഉപര്യുക്ത സൂറത്തുകളാണ് ഉത്തമമെന്നു ഇംദാദി(2/313)ൽ പ്രസ്താവിച്ചിട്ടുണ്ട്.
നടേ പറഞ്ഞതിനു പുറമേ സ്വുബ്ഹിന്റെ സുന്നത്തു നിസ്‌കാരം, മഗ്‌രിബിന് ശേഷമുള്ള ശ്രേഷ്ഠ റവാത്തിബ്, ത്വവാഫാനന്തര രണ്ടു റക്അത്ത്, ഇഹ്റാമിനു മുന്നോടിയായുള്ള ഐച്ഛിക നിസ്‌കാരം, ഇസ്തിഖാറത്ത്, യാത്ര്ക്കു തൊട്ടുമുമ്പ് നിർവഹിക്കുന്ന സുന്നത്ത് നിസ്‌കാരം എന്നിവയിലും കാഫിറൂന-ഇഖ്‌ലാസ്വ് സൂറത്തുകൾ യഥാക്രമം ഒന്നും രണ്ടും റക്അത്തുകളിൽ ഓതൽ പ്രത്യേക സുന്നത്തുണ്ട് (അൽഈളാഹ് പേ. 47, 60-61, 130, അൽമവാഹിബുൽ മദനിയ്യ ശർഹു ബാഫള്ൽ സഹിതം 2/220-221 കാണുക).
മറ്റേതെങ്കിലും പ്രത്യേക സൂറത്തുകൾ ഹദീസുകളിൽ ഉദ്ധരിക്കപ്പെടാത്ത എല്ലാ ഐച്ഛിക നിസ്‌കാരങ്ങളിലും കാഫിറൂനയും ഇഖ്‌ലാസ്വും തന്നെയാണ് അത്യുത്തതമെന്ന് ഇബ്നു ഹജർ(റ) തുഹ്ഫ(2/221)യിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ