അല്ലാഹുവിൽ നിന്ന് അടിമയെ അകറ്റുന്ന മാരക രോഗങ്ങളാണ് ലോകമാന്യവും സ്ഥാനമോഹവുമെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതീവ രഹസ്യമായ മാരക രോഗമെന്നാണ് ലോകമാന്യത്തെ സംബന്ധിച്ച് സൂഫീ പണ്ഡിതർ പറയാറുള്ളത്. കൂരിരുട്ടിൽ കരിമ്പാറയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കട്ടുറുമ്പിന്റെ സാന്നിധ്യത്തെക്കാൾ ഗോപ്യമാണ് ലോകമാന്യമെന്ന ഹൃദയരോഗം. സകല നന്മകളെയും നശിപ്പിക്കുന്ന, ഏറ്റവും അപകടകാരിയായ രിയാഇൽ നിന്ന് ഖൽബിനെ വിമലീകരിച്ചില്ലെങ്കിൽ നാശം ഉറപ്പാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
മതപ്രബോധനത്തിന് വേണ്ടി അല്ലാഹു പ്രസിദ്ധി നൽകുന്നവർക്കല്ലാതെ പ്രശസ്തിയും പ്രശംസയും ആപത്താണ്. പ്രബോധകരാണെങ്കിലും സ്ഥാനമാനങ്ങൾ ആശിക്കാനും മോഹിക്കാനും പാടില്ല. അല്ലാഹുവിന്റെ പ്രത്യേക കാവലില്ലെങ്കിൽ പ്രസിദ്ധിയുള്ളവരെല്ലാം നാശത്തിന്റെ പടുകുഴിയിൽ വീഴുമെന്ന് അനസ്(റ) പറയുന്നുണ്ട്. നമ്മുടെ പേരും പ്രശസ്തിയുമല്ല, കർമവും ഹൃദയശുദ്ധിയുമാണ് അല്ലാഹു പരിഗണിക്കുകയെന്ന് തിരുമൊഴികളിലുണ്ടല്ലോ.
പ്രശസ്തി ആഗ്രഹിക്കുന്നവരും സ്ഥാനമോഹികളും അല്ലാഹുവിലുള്ള വിശ്വാസം പൂർണമാകാത്തവരാണെന്ന് കാണാം. ജനങ്ങൾക്കിടയിൽ പ്രസിദ്ധനാകണമെന്ന് മോഹിക്കുന്നവരുടെ ദീൻ നഷ്ടപ്പെടുമെന്നും എന്നെങ്കിലും അപമാനിതരാകുമെന്നും അവർക്ക് ആത്മീയതയുടെ മധുരം ലഭിക്കുകയില്ലെന്നും ബിശ്‌റുൽ ഹാഫി(റ) പറഞ്ഞിട്ടുണ്ട്.
തിന്മകൾ ചെയ്ത് ഭൂമിയിൽ നാശം വിതക്കുന്നവർക്കും അധികാരമോഹികൾക്കും ഉന്നതമായ സ്വർഗം ലഭിക്കുകയില്ലെന്നാണ് വിശുദ്ധ ഖുർആന്റെ മുന്നറിയിപ്പ്.
ദുൻയാവിലെ ഏറ്റവും വലിയ ആനന്ദം പ്രശസ്തിയാണെന്നും ഖൽബിൽ നിന്ന് സ്ഥാനമോഹം നീക്കംചെയ്താൽ മാത്രമേ ആത്മീയാനന്ദവും പരലോക വിജയവും ലഭിക്കുകയുള്ളൂവെന്നും ആത്മീയ പണ്ഡിതർ ഉണർത്തിയതു കാണാം. ഇടയനില്ലാത്ത ആട്ടിൻകൂട്ടത്തെ വിശന്നുവലഞ്ഞ ചെന്നായ്ക്കൾ നശിപ്പിക്കുന്നതിനെക്കാൾ മാരകമായി ധനമോഹവും സ്ഥാനമോഹവും വിശ്വാസിയുടെ ദീനിനെ തകർക്കുമെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്.
ധനമോഹത്തെക്കാൾ അപകടകാരിയാണ് സ്ഥാനമോഹം. പണം ചെലവഴിച്ച് അധികാരവും സൽപേരും നേടിയെടുക്കാൻ മനുഷ്യർ ശ്രമിക്കുന്നു. അധികാരമോഹവും പ്രശസ്തിയും ഈമാനിന് മാരക പരിക്കേൽപ്പിക്കും. പ്രസിദ്ധി തേടിപ്പോകുന്നവർ അപകടത്തിൽ പെടുമെന്നും ഹൃദയങ്ങൾ ഇരുണ്ടുപോകുമെന്നും സൂഫീ ഗുരുക്കൾ. ദുൻയാവിൽ അധികാരം തേടിപ്പോകുന്നവർ പരലോകത്തിൽ കനത്ത ദുഃഖം അനുഭവിക്കേണ്ടിവരുമെന്നാണ് തിരുമൊഴി.
നേതൃത്വം ആവശ്യപ്പെടാനോ, ആശിക്കാനോ പാടില്ലെന്നാണ് മതനിയമം. ഭരണസാരഥ്യം ആവശ്യപ്പെട്ടവരെ തിരുനബി(സ്വ) താക്കീത് ചെയ്ത് പിന്തിരിപ്പിക്കുകയാണ് ചെയ്തത്. പരലോകത്തെ എല്ലാ വിജയവും നഷ്ടപ്പെടുത്തുന്ന മഹാവിപത്താണ് സ്ഥാനമാനങ്ങൾ ആശിക്കലെന്ന് നാം തിരിച്ചറിയണം. ഇഖ്‌ലാസ് നഷ്ടപ്പെടുമ്പോൾ രിയാഇന്റെ ഇരുട്ട് നമ്മുടെ ഖൽബിന്റെ വെളിച്ചം കെടുത്തും. കർമങ്ങളെല്ലാം സൃഷ്ടികൾക്കായി മാറും. അല്ലാഹുവിൽ നിന്ന് അകലും. ഹൃദയം റബ്ബിൽ നിന്നകന്നു പോകുന്നതിനെക്കാൾ ആപത്കരമായ എന്തു വിപത്താണുള്ളത്?!
ജനങ്ങളിൽ നിന്നുള്ള ആദരവും പ്രശംസയും മോഹിക്കുന്നത് ആത്മീയ വഴിയിലെ ആപത്താണ്. പ്രപഞ്ചനാഥന്റെ ഉടമാധികാരത്തോടുള്ള മത്സരമായാണ് സൂഫികൾ അതിനെ പരിചയപ്പെടുത്തുന്നത്. ഉബൂദിയ്യത്തിന്റെ വെളിച്ചം കെടുത്തുന്ന ഏറ്റവും ഹീനമായ മാലിന്യമാണത്. റബ്ബിനോട് മത്സരിക്കുന്ന ധിക്കാരികളെ അവൻ തരിപ്പണമാക്കുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അല്ലാഹുവിന്റെ മുമ്പിൽ സർവം സമർപ്പിക്കാതെയും പരിപൂർണ വിധേയത്വം കാണിക്കാതെയും സ്വന്തം ഇച്ഛകളെ പൂജിച്ചുനടക്കുന്നവരാണ് ഏറ്റവും വലിയ ദുഷ്ടന്മാർ.
പ്രശസ്തി ആഗ്രഹിക്കുന്നവരും ദേഹേച്ഛകളെ പിന്തുടരുന്നവരും പരാജയപ്പെടുമെന്ന് പ്രമാണങ്ങൾ പറയുന്നു. റസൂൽ(സ്വ) അലി(റ)നോട് പറഞ്ഞു: പ്രശസ്തിമോഹവും ദേഹേച്ഛകളെ പൂജിച്ചതുകൊണ്ടുമാണ് ജനങ്ങളിൽ ഭൂരിഭാഗവും നശിച്ചത്. അത് ഹൃദയത്തിൽ കാപട്യത്തെ മുളപ്പിക്കുമെന്നും സർവനാശത്തിനു കാരണമാകുമെന്നും തിരുവചനങ്ങളിലുണ്ട്.
പ്രസിദ്ധരാകുമെന്ന് ഭയന്ന് ജനദൃഷ്ടിയിൽ നിന്ന് മറഞ്ഞു ജീവിച്ച നിരവധി മഹാന്മാരുണ്ട്. പ്രഭാഷണങ്ങളിലും വൈജ്ഞാനിക സദസ്സുകളിലും ജനങ്ങൾ വർധിച്ചാൽ രിയാഅ് (ലോകമാന്യം) ഭയന്ന് അവർ ഓടിയൊളിച്ചു. ഖൽബിൽ മുഴുവൻ അല്ലാഹുവിന്റെ സ്മരണകൾ നിറഞ്ഞ, ഇഖ്‌ലാസ്വിന്റെ ആനന്ദമറിഞ്ഞ പുണ്യ പുരുഷന്മാർക്ക് മാത്രമേ ഇതിന് കഴിയൂ. പേരും പ്രശസ്തിയുമല്ല, റബ്ബിന്റെ പൊരുത്തവും തൃപ്തിയും മാത്രമാണവരുടെ ലക്ഷ്യം. ധനവും അധികാരവുമല്ല, ആത്മജ്ഞാനത്തിന്റെ പ്രകാശമാണവർ തേടിപ്പോയത്. പുകഴ്ത്തലും ഇകഴ്ത്തലും അവർ ശ്രദ്ധിച്ചില്ല. യജമാനനായ അല്ലാഹുവിനുള്ള ഇബാദത്തിൽ മാത്രം ആഹ്ലാദം കണ്ടെത്തി.
സ്ഥാനമോഹികൾ എല്ലാ കർമങ്ങളിലും ജനങ്ങളെ കാണുന്നു. അവരുടെ പ്രശംസകൾ ആശിക്കുന്നു. വാഴ്ത്തുന്നവരെ ഇഷ്ടപ്പെടുകയും ഇകഴ്ത്തുന്നവരെയും അപമാനിക്കുന്നവരെയും വെറുക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അസൂയ കൊണ്ട് പുളയുന്നു. സ്ഥാനവും നേതൃത്വവും ലഭിക്കുമ്പോൾ ഹൃദയത്തിൽ അഹന്തയും അഹങ്കാരവും നിറയുന്നു. എല്ലാ ഹൃദയ രോഗങ്ങളുടെയും കേന്ദ്രമായി മാറുകയും ചെയ്യുന്നു. ദുൻയാവും ആഖിറവും പരാജയപ്പെടാൻ ഇവ കാരണമാകും.
ജനങ്ങൾ പുകഴ്ത്താൻ വേണ്ടി നന്മകളെ പരസ്യപ്പെടുത്തുന്നവരാണ് വലിയ വിഡ്ഢികൾ. അധ്വാനങ്ങളും ആരാധനകളും പാഴ്‌വേലയാക്കുന്ന വിവരദോഷികളാണവർ. ശിർക്കിന്റെ അംശമുള്ള രിയാഅ് എന്ന മാരകരോഗത്തിലേക്കാണവർ കൂപ്പുകുത്തുന്നത്.
അധികാരഭ്രമം ഒരാളെ സകല തിന്മകളിലേക്കുമെത്തിക്കും. അവരുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും കാപട്യം നിഴലിക്കും. പദവികൾ നേടിയെടുക്കാൻ ഏതു കുടില തന്ത്രവും പ്രയോഗിക്കും. കൊടും പാപങ്ങളിൽ ചെന്നുവീഴും. ഈ മാരക വിഷത്തിൽ നിന്നും രക്ഷപ്പെടാനാണ് സൂഫികൾ ഏകാന്തവാസം പുൽകുന്നത്. ആഴത്തിൽ അറിവ് സമ്പാദിച്ച ശേഷം യോഗ്യനായ ഗുരുവിന്റെ പരിചരണത്തോടെ അവർ ഹൃദയം വിമലീകരിക്കുന്നു.
വിജ്ഞാനം, ഇബാദത്ത് പോലുള്ള നന്മകളെ ഭൗതിക പദവികളും ജനസ്വീകാര്യതയും നേടാനുള്ള മാർഗമാക്കുന്നവരാണ് മഹാപരാജിതർ. അഭിശപ്തരാണവർ. അറിവിനെ ഭൗതിക നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ദുഷിച്ച പണ്ഡിതരെ ഖുർആനും തിരുഹദീസുകളും താക്കീത് ചെയ്തിട്ടുണ്ട്. അത്തരം സ്ഥാനമോഹികൾ നേതൃത്വം നൽകുന്ന സമൂഹം പരാജയപ്പെടുകതന്നെ ചെയ്യും.
ആശിക്കാതെയും മോഹിക്കാതെയും നേതൃപദവിയും പ്രസിദ്ധിയും ലഭിച്ചവർ, അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ഹൃദയം മലിനമാകാതെ സൂക്ഷിക്കുകയും നിരന്തരം ദുആ ചെയ്യുകയും വേണം. ഏൽപ്പിക്കപ്പെട്ട രഉത്തരവാദിത്വം ഇഖ്‌ലാസ്വോടെ പൂർത്തിയാക്കുകയും രിയാഇനെ ജാഗ്രതയോടെ സൂക്ഷിക്കുകയും വേണം.

 

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ