ക്ഷണം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു മര്യാദകളുണ്ട്.
1. ക്ഷണിച്ചയാൾ ദരിദ്രനാണെങ്കിൽ ക്ഷണം സ്വീകരിക്കാതിരിക്കുകയും സമ്പന്നനാണെങ്കിൽ സ്വീകരിക്കുകയും ചെയ്യുന്ന രീതി പാടില്ല. അത് ഇസ്‌ലാം വിരോധിച്ച അഹങ്കാരത്തിന്റെ ലക്ഷണമാണ്. തിരുനബി(സ്വ) അടിമകളുടെയും ദരിദ്രരുടെയും ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നു (ഇബ്‌നുമാജ).
ഒരിക്കൽ നബി(സ്വ)യുടെ പേരമകൻ ഹസൻ(റ) ഒരു സംഘം തെരുവു യാചകരുടെ അരികിലൂടെ വാഹനപ്പുറത്ത് കടന്നുപോയി. യാചകർ അവർക്കു കിട്ടിയ റൊട്ടിക്കഷ്ണങ്ങൾ നിലത്തുവെച്ച് തിന്നുകയാണ്. ഹസൻ(റ) സലാം ചൊല്ലിയപ്പോൾ അവർ പറഞ്ഞു: ‘പ്രവാചക പൗത്രരേ, ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ വന്നാലും.’
മഹാൻ പറഞ്ഞു: ‘തീർച്ചയായും വരാം, അല്ലാഹു അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല.’
അങ്ങനെ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി അദ്ദേഹം അവരുടെ കൂടെ ഭക്ഷണം കഴിച്ചു. സലാം പറഞ്ഞ് പിരിഞ്ഞു പോരുമ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ ക്ഷണം സ്വീകരിച്ചല്ലോ. ഇനി നിങ്ങൾ എന്റെ ക്ഷണവും സ്വീകരിക്കുക.’
അവർ പറഞ്ഞു: ‘തീർച്ചയായും.’
അങ്ങനെ അവർക്ക് പ്രത്യേക സദ്യയൊരുക്കുകയും മുന്തിയ ഭക്ഷണം കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്തു. അവരോടൊപ്പമിരുന്ന് മഹാൻ ഭക്ഷണം കഴിക്കുകയുമുണ്ടായി.
സൽക്കരിക്കാൻ പ്രയാസമുള്ള ഒരാൾ പേരിനും പെരുമക്കും വേണ്ടി നമ്മെ ക്ഷണിച്ചാൽ സ്വീകരിക്കുന്നത് തിരുചര്യയിൽ പെട്ടതല്ല. വല്ല ഒഴികഴിവും പറഞ്ഞു പിന്തിരിയലാണ് നല്ലത്. ന്യായമല്ലാത്ത കാരണങ്ങൾ പറഞ്ഞ് സദ്യ സ്വീകരിക്കാതിരിക്കരുത്. അബൂ തുറാബുന്നഖ്ശബി(റ) പറഞ്ഞു: ‘എന്നെ ഒരാൾ സദ്യക്ക് ക്ഷണിച്ചു. ഞാൻ പോയില്ല. അതിനാൽ അല്ലാഹു എന്നെ പതിനാല് ദിവസം പട്ടിണിക്കിട്ട് പരീക്ഷിച്ചു.
2. ദൂരം കൂടുതലായതുകൊണ്ട് ക്ഷണം സ്വീകരിക്കാതിരിക്കരുത്. സാധാരണയിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിൽ പോവണം.
3. സുന്നത്ത് നോമ്പനുഷ്ഠിക്കുന്ന ദിവസമാണ് നമ്മെ ക്ഷണിച്ചതെങ്കിലും ക്ഷണം സ്വീകരിച്ച് അവിടെ പോവണം. നമ്മൾ നോമ്പ് മുറിക്കുന്നതാണ് ആതിഥേയന് തൃപ്തികരമെങ്കിൽ നോമ്പ് മുറിക്കുകയും അവരുടെ മനസ്സ് സന്തോഷിപ്പിക്കാൻ വേണ്ടി നോമ്പ് മുറിച്ചതിൽ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുക. ആതിഥേയനെ സന്തോഷിപ്പിക്കാൻ വേണ്ടി സുന്നത്ത് നോമ്പ് മുറിച്ചവർക്ക് നോമ്പ് പൂർത്തിയാക്കിയവനെക്കാൾ കൂലി ലഭിക്കുന്നതാണ്. ആതിഥേയന് നമ്മൾ നോമ്പ് മുറിക്കുന്നതാണോ തുടരുന്നതാണോ ഇഷ്ടമെന്ന് അറിയില്ലെ ങ്കിലും നോമ്പ് മുറിക്കുന്നതാണ് നല്ലത്. നമ്മൾ നോമ്പ് പിടിക്കുന്നതാണ് ആതിഥേയന് താൽപര്യമെങ്കിലും ഭക്ഷണം കഴിക്കാൻ പറയുന്നത് മാന്യതക്ക് വേണ്ടി മാത്രമാണെന്ന് മനസ്സിലായാൽ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയലാണ് നല്ലത്.
4. താഴെ പറയുന്ന കാരണങ്ങളുണ്ടെങ്കിൽ ക്ഷണം സ്വീകരിക്കരുത്.
എ. കഴിക്കുന്ന ഭക്ഷണം ഹറാമും ഹലാലും കൂടിക്കലർന്നതാവൽ.
ബി. ക്ഷണിക്കുന്നത് ഹറാമിലൂടെ സമ്പാദിച്ച സ്ഥലത്തേക്കോ വിരിപ്പിലേക്കോ ആണെങ്കിൽ. അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന പാത്രം ഹറാമിലൂടെ സമ്പാദിച്ചതായാൽ.
സി. പട്ടുവസ്ത്രങ്ങൾ വിരിച്ചതോ ജീവികളുടെ രൂപങ്ങളുള്ളതോ സംഗീതം, ഏഷണി, പരദൂഷണം, കളവ് തുടങ്ങിയ തിന്മകൾ അരങ്ങേറുന്നതോ ആയ സ്ഥലത്തേക്ക് ക്ഷണിച്ചാൽ.
ഡി. ക്ഷണിതാവ് അക്രമിയോ പുത്തൻവാദിയോ ദുർനടപ്പുകാരനോ ആളുകളെ ബുദ്ധിമുട്ടിക്കുന്നവനോ പേരിനും പെരുമക്കും വേണ്ടി സദ്യ നടത്തുന്നവനോ ആയാൽ.
5. ക്ഷണം സ്വീകരിക്കുന്നത് വയറു നിറക്കാൻ വേണ്ടിയാണെന്ന് കരുതാതിരിക്കുക. അങ്ങനെ കരുതിയാൽ ആ ക്ഷണം സ്വീകരിക്കുന്നത് കേവലം ഒരു ഐഹിക പ്രവർത്തി മാത്രമായിത്തീരും. മറിച്ച്, നാളെ പരലോകത്ത് പ്രതിഫലം ലഭിക്കാൻ പറ്റിയ രൂപത്തിൽ നല്ല നിയ്യത്തുകൾ വെക്കുക.
നല്ല നിയ്യത്തുകൾക്ക് ചില ഉദാഹരണങ്ങൾ താഴെ ചേർക്കാം:
എ. തിരുനബി(സ്വ)യുടെ സുന്നത്ത് പിൻപറ്റാൻ വേണ്ടി ഞാൻ ക്ഷണം സ്വീകരിക്കുന്നു.
ബി. അല്ലാഹു പറഞ്ഞതിനോട് എതിരാകാതിരിക്കാൻ വേണ്ടി ഞാൻ ക്ഷണം സ്വീകരിക്കുന്നു.
സി. എന്റെ മുഅ്മിനായ സഹോദരനെ മാനിക്കാൻ വേണ്ടി ക്ഷണം സ്വീകരിക്കുന്നു.
ഡി. മുഅ്മിനായ സഹോദരന്റെ മനസ്സ് സന്തോഷിപ്പിക്കാൻ വേണ്ടി ഞാനീ ക്ഷണം സ്വീകരിക്കുന്നു.
ഇ. അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പര സ്‌നേഹമുണ്ടാകാൻ വേണ്ടി മുഅ്മിനായ സഹോദരനെ ഞാൻ സന്ദർശിക്കുന്നു.
എഫ്. ക്ഷണം സ്വീകരിച്ചില്ലെങ്കിൽ എന്നെക്കുറിച്ച് ഉണ്ടാകുന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടി ക്ഷണം സ്വീകരിക്കുന്നു.
ഇതിൽ ഏതെങ്കിലുമൊരു നിയ്യത്ത് വെച്ചാൽ ക്ഷണം സ്വീകരിക്കുന്നതിന് കൂലി ലഭിക്കും. അപ്പോൾ എല്ലാ കാര്യത്തിനും നിയ്യത്തു വെച്ചാൽ എത്ര കൂലിയാണ് ലഭിക്കുക!

ആഗമനം

സൽക്കാരത്തിന് വരുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ:
എ. ക്ഷണിക്കപ്പെട്ടയിടത്തു പ്രവേശിച്ചു കഴിഞ്ഞാൽ പ്രധാനികൾക്ക് വേണ്ടി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരിക്കാതെ വിനയം കാണിക്കുക.
ബി. കൃത്യസമയത്ത് എത്തുക. നമ്മെ പ്രതീക്ഷിച്ച് ആതിഥേയർ കൂടുതൽ സമയം കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്.
സി. ആതിഥേയർ ഒരുങ്ങി തയ്യാറാകുന്നതിന് മുമ്പായി പെടുന്നനെ ധൃതിപിടിച്ച് എത്താതിരിക്കുക.
ഡി. ചടങ്ങിൽ എത്തിച്ചേർന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രൂപത്തിൽ തിരക്കുണ്ടാക്കരുത്.
ഇ. ആതിഥേയൻ കാണിച്ചുതരുന്ന സ്ഥലത്ത് ഇരിക്കുക. അദ്ദേഹം പറയുന്നതിനോട് എതിരു ചെയ്യരുത്. കാരണം, ഓരോ അതിഥിക്കും അദ്ദേഹം പ്രത്യേക ഇരിപ്പിടം തീരുമാനിച്ചിട്ടുണ്ടാകാം.
എഫ്. നമ്മെ ബഹുമാനിച്ച് മറ്റു അതിഥികൾ ഉന്നത സ്ഥാനത്തേക്കിരിക്കാൻ പറഞ്ഞാൽ താഴ്മ കാണിക്കുക.
ജി. സ്ത്രീകളുടെ റൂമിന്റെ വാതിലിനു നേരെയോ അവരുടെ മറയുടെ നേരെയോ ഇരിക്കാതിരിക്കുക (ശർവാനി 7/438).
എച്ച്. ഭക്ഷണം കൊണ്ടുവരുന്ന ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കാതിരിക്കുക (ശർവാനി 7/438). അത് ആർത്തിയുടെ ലക്ഷണമായാണ് ഗണിക്കുക.
ഐ. കൂടെ ഇരിക്കുന്നവരോട് സലാം പറയുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്യുക.
ജെ. പട്ടുവസ്ത്രങ്ങൾ വിരിക്കുക, സ്വർണം-വെള്ളി പാത്രങ്ങൾ ഉപയോഗിക്കുക, ചിത്രങ്ങളുടെ പ്രദർശനം, സംഗീതം, സ്ത്രീകൾ മുഖം തുറന്നിട്ട് അന്യ പുരുഷന്മാരുടെ മുന്നിലൂടെ നടക്കുക തുടങ്ങിയ തെറ്റുകൾ അതിഥി വീട്ടിൽ വന്നതിനുശേഷം കണ്ടാൽ കഴിയുമെങ്കിൽ അവനത് തടയണം. ഇല്ലെങ്കിൽ നാവുകൊണ്ടെങ്കിലും എതിർക്കണം. അതിനു സാധ്യമല്ലെങ്കിൽ അവിടെനിന്ന് എഴുന്നേറ്റ് പോവുക.

അതിഥിയെ സ്വീകരിക്കൽ

1. അതിഥികളെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു വിരുന്നുകാരനെ സൽക്കരിക്കാൻ കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിക്കുക (ശർവാനി 7/438).
2. അതിഥി വീട്ടിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും വീട്ടിലുള്ള സമയത്തും മുഖപ്രസന്നതയോടെ മാത്രം പെരുമാറുകയും നല്ല വിധത്തിൽ സംസാരിക്കുകയും ചെയ്യുക.
3. വീട്ടിൽ താമസിക്കാൻ വന്ന അതിഥിക്ക് വീട്ടുകാരൻ ആദ്യമായി ഇവ കാണിച്ചുകൊടുക്കണം: ഖിബ്‌ല, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം, വുളൂഅ് എടുക്കാനുള്ള സ്ഥലം. ഇമാം ശാഫിഈ(റ) ഇമാം മാലിക്(റ)വിന്റെ വീട്ടി ലേക്കു വന്നപ്പോൾ ഇമാം മാലിക്(റ) ആദ്യമായി ചെയ്തത് ഈ മൂന്ന് കാര്യങ്ങളായിരുന്നു.

ഭക്ഷണം കൊണ്ടുവരൽ

ഭക്ഷണം കൊണ്ടുവരുന്നതിന് ഏഴ് മര്യാദകളുണ്ട്.
1. അതിഥികൾക്ക് പെട്ടെന്നുതന്നെ ഭക്ഷണം കൊടുക്കുക. പറഞ്ഞ സമയത്ത് എത്താതെ നേരം വൈകി വരുന്നവരെ കാത്തുനിന്ന് ആദ്യമെത്തിയ അതിഥികൾക്ക് ഭക്ഷണം കൊടുക്കാൻ താമസിക്കരുത്. എന്നാൽ എത്താനുള്ളത് ഒരു ഫഖീറോ, അല്ലെങ്കിൽ മറ്റുള്ളവർ നേരത്തേ ഭക്ഷണം കഴിച്ചാൽ മനസ്സ് വിഷമിക്കുന്നവരോ ആണെങ്കിൽ അവർക്കു വേണ്ടി കാത്തുനിൽക്കുന്നതിൽ തെറ്റില്ല.
ഹാതിമുൽ അസ്വമ്മ്(റ) പറഞ്ഞു: അഞ്ചു കാര്യങ്ങളിലൊഴികെ ധൃതി പിടിക്കുന്നത് പിശാചിന്റെ സ്വഭാവമാണ്. പ്രസ്തുത അഞ്ചു കാര്യങ്ങളിൽ ധൃതി കാണിക്കുന്നത് തിരുനബി(സ്വ)യുടെ ചര്യയുമാണ്. ഇതാണവ:
എ. അതിഥികൾക്ക് പെട്ടെന്ന് ഭക്ഷണം കൊടുക്കൽ.
ബി. മയ്യിത്തിനെ പെട്ടെന്ന് സംസ്‌കരിക്കുക.
സി. കന്യകയെ വേഗം കല്യാണം കഴിപ്പിക്കുക.
ഡി. കടം പെട്ടെന്നു വീട്ടുക.
ഇ. തെറ്റ് സംഭവിച്ചാൽ പെട്ടെന്ന് തൗബ ചെയ്യുക.

2. ഭക്ഷണം കൊണ്ടുവരുന്നതിൽ ക്രമം പാലിക്കുക.
സദ്യയിൽ പ്രധാന ഭക്ഷണത്തിന് പുറമെ പഴവർഗങ്ങളും പായസം പോലുള്ള മധുരങ്ങളുമുണ്ടെങ്കിൽ അതിഥികൾക്ക് ആദ്യം കൊടുക്കേണ്ടത് പഴങ്ങളാണ്. ശേഷം പ്രധാന ഭക്ഷണം, അതിനു ശേഷം പായസം പോലുള്ള മധുരങ്ങളും. പ്രധാന ഭക്ഷണത്തിൽ ഏറ്റവും നല്ലത് ഇറച്ചിയും പത്തിരിയുമാണ്.
3. സൽക്കാരം നടത്തുമ്പോഴും വിശിഷ്ട ദിവസങ്ങളിൽ തന്റെ കുടുംബത്തിന് കൊടുക്കുമ്പോഴും വിശേഷപ്പെട്ടതും സമൃദ്ധവുമായ ഭക്ഷണമായിരിക്കൽ സുന്നത്തുണ്ട്. അല്ലാത്ത സമയങ്ങളിൽ അങ്ങനെ ചെയ്യേണ്ടതില്ല (തർശീഹ് പേ. 329).
4. വിരുന്നുകാരനെ സൽക്കരിക്കാൻ പലതരം ഭക്ഷണങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാർദവമുള്ള ഭക്ഷണങ്ങളാണ് ആദ്യം കൊടുക്കേണ്ടത്. പിന്നീട് ഘനമുള്ളവ കൊടുക്കുക. മാർദവമില്ലാത്തവ ആദ്യം കൊടുക്കുന്നത് അഹങ്കാരികളുടെ ലക്ഷണമാണ്.
5. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിൽ അതിഥികൾക്കിടയിൽ ചിലർക്ക് മാത്രം പ്രത്യേക ഭക്ഷണം നൽകി വേർതിരിവ് കാണിക്കരുത്. എല്ലാവർക്കും മുന്തിയ ഭക്ഷണം ഒരുപോലെ കൊടുക്കുക (തർശീഹ് 329).
മറ്റുള്ളവർ തിന്നുകൊണ്ടിരിക്കെ ഇവൻ തിന്നാതിരിക്കരുത് (തർശീഹ് 329).
6. ഭക്ഷണം കഴിക്കുന്ന വിരുന്നുകാരന്റെ മുഖത്തേക്ക് വീട്ടുകാരൻ കൂടുതലായി നോക്കരുത് (ഹാശിയതുൽ ജമൽ 4/279).
7. അതിഥി ഭക്ഷണം മതിയാക്കാൻ ഉദ്ദേശിക്കുകയും അതിഥിക്ക് ഭക്ഷണം മതിയായി എന്ന് വീട്ടുകാരന് ബോധ്യപ്പെടുകയും ചെയ്യുമ്പോൾ അതിഥിയോട് ‘കഴിക്കൂ’ എന്ന് വീട്ടുകാരൻ പറയണം. മൂന്ന് പ്രാവശ്യം വരെ ഇങ്ങനെ പറയാവുന്നതാണ് (ശർവാനി 7/438).
8. അതിഥികൾ തീറ്റ മതിയാക്കി പാത്രത്തിൽ നിന്നു കൈ എടുക്കുന്നതിനു മുമ്പ് അവരുടെ മുന്നിലുള്ള ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടുപോകരുത്. കാരണം, ചിലപ്പോൾ അവർ ഇനിയും കഴിക്കാൻ ആഗ്രഹിച്ചേക്കാം.
9. കൂടെ ഭക്ഷണം കഴിക്കുന്ന വീട്ടുകാരൻ അതിഥികൾ മതിയാക്കുന്നതിനു മുമ്പായി പാത്രത്തിൽ നിന്ന് കൈ എടുക്കരുത്. അത് താൻ തീറ്റയിൽ നിന്നു വിരമിച്ചതായി അറിയിക്കലാവും. പിന്നീട് ഭക്ഷണം കഴിക്കാൻ അതിഥികൾ ലജ്ജിക്കും (ഇഹ്‌യാ ഉലൂമിദ്ദീൻ). വീട്ടുകാരനെ പോലെതന്നെ ആ കൂട്ടത്തിലെ പ്രധാനിയായ ആളും ഇങ്ങനെ ചെയ്യാൻ പാടില്ല (ശർവാനി 7/438).
10. അതിഥിക്ക് കഴിക്കാൻ ആവശ്യമുള്ളത്ര ഭക്ഷണം മുന്നിൽ വെച്ചുകൊടുക്കണം. ആവശ്യമുള്ളത്ര കൊടുക്കാതിരിക്കുന്നത് അന്തസ്സ് കേടാണ്. വിരുന്നുകാരന് മതിയായ ശേഷം വീണ്ടും ഇട്ടുകൊടുക്കുന്നത് അഭിനയവും ലോകമാന്യവുമത്രെ. എന്നാൽ, അതിഥി ഇതു മുഴുവൻ കഴിച്ചിരുന്നുവെങ്കിൽ എന്ന ഗുണപരമായ ആഗ്രഹത്തോടെ കൂടുതൽ ഭക്ഷണം മുന്നിൽ വെച്ചുകൊടുക്കുകയും വല്ലതും ബാക്കിയായാൽ മുഅ്മിനായ മനുഷ്യന്റെ ബാക്കി കൊണ്ട് ബറകത്തെടുക്കാമെന്ന് കരുതുകയുമാണെങ്കിൽ അത് നല്ലതാണ്.
11. അതിഥികൾക്ക് കൊടുക്കുന്നതിന് മുമ്പുതന്നെ വീട്ടുകാർക്കുള്ള ഭക്ഷണം മാറ്റിവെക്കേണ്ടതാണ്. അല്ലെങ്കിൽ വീട്ടുകാർക്ക് അത് മന:പ്രയാസമുണ്ടാക്കും. മാത്രമല്ല, അതിഥികൾ മുഴുവൻ കഴിക്കാതിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാനും കാരണമാകും. അതു കാരണമായി വീട്ടുകാർ അതിഥികളെ കുറ്റം പറയുകയും ചെയ്‌തേക്കാം. പുറമെ, ആതിഥേയൻ വെറുപ്പോടെയുള്ള ഭക്ഷണം വിരുന്നുകാരെ കഴിപ്പിച്ചവനായി മാറുകയും ചെയ്യും. അത് അതിഥികളോടുള്ള വഞ്ചനയാണ്.

 

ശറഫുദ്ദീൻ അഹ്‌സനി ഊരകം

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ